Monday, October 2, 2017

മലബാർ

ചരിത്രപരമായ കാരണങ്ങളാൽ കേരളത്തിലെ മറ്റു രണ്ടു ഭൂവിഭാഗങ്ങളായ കൊച്ചിയും തിരുവിതാംകൂറിലും നിന്ന് ചില വ്യത്യസ്തതകൾ പുലർത്തുന്ന മേഖലയാണ് മലബാർ. മലകളുടെ നാട് എന്ന അർത്ഥത്തിൽ അറബി വർത്തകർ ചെല്ലപ്പേരിട്ടുവിളിച്ച നാടിന്റെ തനിമ വിളിച്ചറിയിക്കാനുള്ള ഉദ്യമമാണീ പുസ്തകം. കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന ഡോ. പി. ബി. സലിം, പ്രമുഖ സാഹിത്യകാരനായ എൻ. പി. ഹാഫിസ് മുഹമ്മദ്, ചരിത്രാദ്ധ്യാപകനായ എം. സി. വസിഷ്ഠ് എന്നിവർ എഡിറ്റർമാരായി ശേഖരിച്ചെടുത്ത 81 പ്രൗഢലേഖനങ്ങൾ മലബാറിന്റെ പൈതൃകവും പ്രതാപവും നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നു. സ്നേഹസംഗമഭൂമി, ചരിത്രം, ദേശം, ദേശികർ, മതനിരപേക്ഷത, സാംസ്കാരികം എന്നീ ആറു തലക്കെട്ടുകളിലായി വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരുടെ കരവിരുത് ലേഖനങ്ങളിൽ കാണാവുന്നതാണ്.

ഒട്ടനവധി പുതിയ അറിവുകൾ ഈ കൃതി നമുക്കു നൽകുന്നു. കേരളത്തിലെ ജാതിവ്യവസ്ഥയുടെ ഉച്ചിയിൽ നിലകൊണ്ടിരുന്ന നമ്പൂതിരിമാർക്കിടയിലെ ഉച്ചനീചത്വങ്ങൾ ഡോ. എം. ആർ. മന്മഥൻ ചർച്ച ചെയ്യുന്നു. ആഢ്യൻമാർ - ആസ്യന്മാർ, ഓത്തുള്ളവർ - ഓത്തില്ലാത്തവർ എന്നിങ്ങനെ വിവാഹബന്ധമോ പന്തിഭോജനം പോലുമോ നിഷിദ്ധമായ അവാന്തരവിഭാഗങ്ങൾ നമ്പൂതിരി സമുദായത്തിലുണ്ടായിരുന്നു. മരുമക്കത്തായികളായിരുന്ന പയ്യന്നൂർ നമ്പൂതിരിമാർക്കാകട്ടെ പതിത്വത്തിന്റെ പേരിൽ മുറജപത്തിന് ക്ഷണമില്ലായിരുന്നു. അവരുടെ ക്ഷേത്രങ്ങളിൽ പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് മറ്റു നമ്പൂതിരിമാരും. മാപ്പിളത്തമാശകളെക്കുറിച്ച് എം. എൻ. കാരശ്ശേരി വിവരിക്കുന്ന ഭാഗം നർമ്മരസവും വിജ്ഞാനവും സമാസമം പങ്കുവെക്കുന്നു. രാഷ്ട്രീയം ഒരു ലേഖനത്തിലും കടന്നുവന്നിട്ടില്ല എന്നത് നമ്മെ ആഹ്ലാദിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. മദനന്റെ ചിത്രങ്ങൾ വാക്കുകളുടെ സമൃദ്ധിയെ വരയുടെ നിറവിനാൽ പൂർണ്ണതയിലെത്തിക്കുന്നു. സംഖ്യകൾ കൈകാര്യം ചെയ്യുന്നതിലെ ചില ശ്രദ്ധക്കുറവുകൾ ഒഴിവാക്കേണ്ടതായിരുന്നു. വർഷങ്ങൾ, കണക്കുകൾ എന്നിവയിൽ ചിലേടത്തൊക്കെ ഗുരുതരമായ പിഴവുകൾ കടന്നുവന്നിട്ടുണ്ട്.

ആകെയുള്ള 81 ലേഖനങ്ങളിൽ ഏതാണ്ട് പകുതിയിലധികത്തിലും കടന്നുവരുന്ന ഒരു ആഖ്യാനവിശേഷമാണ് മതനിരപേക്ഷത. എന്തിനിത് ഇത്രയധികം പറയുന്നു എന്ന് വായനക്കാർക്ക് ആശ്ചര്യം തോന്നിയേക്കാം. ജീവിതത്തിലെ മതനിരപേക്ഷമായ ഓരോ കൊച്ചുകൊച്ചു സന്ധികളിലും മതതത്വങ്ങൾ പ്രമാണമാക്കി ജീവിക്കുന്നവർക്ക് അങ്ങനെയല്ലാത്തവർ അനുവദിച്ചുകൊടുക്കുന്ന സൗജന്യങ്ങളുടെ ഒരു അനന്തശ്രേണിയാണെന്നു തോന്നിപ്പിക്കുന്നു മലബാറിലെ മതേതരത്വം. കേരളം കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ വർഗ്ഗീയ കലാപങ്ങൾ മലബാറിലാണ് നടന്നിട്ടുള്ളതെന്ന് മറക്കാതിരിക്കുക. 1921-ലെ വർഗ്ഗീയലഹള മുതൽ മാറാട് കലാപം വരെ എത്രയെത്ര കൊലകളും കൊള്ളിവെപ്പുകളും നിർബന്ധിതമതപരിവർത്തനങ്ങളുമാണ് മലബാറിൽ അരങ്ങേറിയത്! 32 ചെറിയ കലാപങ്ങളുടെ തുടർച്ചയായി പൊട്ടിവീണ 1921-ലെ കലാപത്തിന് ബ്രിട്ടീഷുകാരാണ് വഴിവെച്ചതെന്നു വാദിക്കുന്ന എം. ഗംഗാധരനോട് സഹതപിക്കാനേ നമുക്കു നിവൃത്തിയുള്ളൂ. ഇസ്‌ലാമിൽ പ്രായോഗികമായ ആശയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പരിഹാസ്യമായ വാദം ചുമക്കുന്ന എം. വിജയലക്ഷ്മി (പേജ് 98) 'മുഅത്ത' എന്ന താൽക്കാലിക അറബിക്കല്യാണങ്ങളെപ്പോലും വിമർശിക്കാൻ ഭയക്കുന്നു. മലബാർ കലാപം ജന്മിത്വവിരുദ്ധ, കൊളോണിയൽ വിരുദ്ധ പ്രക്ഷോഭമായിരുന്നെന്ന് വീമ്പടിക്കുന്ന കെ. എൻ. പണിക്കർ 678 മാപ്പിളമാരെയാണ് നിർബന്ധിതമതപരിവർത്തനത്തിന് ശ്രമിച്ചതിന്റെ പേരിൽ കുറ്റക്കാരാക്കപ്പെട്ടതെന്ന് വിമ്മിഷ്ടത്തോടെയെങ്കിലും പറഞ്ഞുവെക്കുന്നു. മതനിരപേക്ഷതക്കുവേണ്ടി സാമൂതിരിയും മറ്റു മലബാർ നാട്ടരചന്മാരും അനുഷ്ഠിച്ച കൃത്യങ്ങൾ പെരുമ്പറയടിക്കുമ്പോൾ അതിന്റെ സുഖഭോഗങ്ങൾ മാത്രം ഏറ്റുവാങ്ങി ഒരു വിഭാഗം കൂടുതൽ കൂടുതലായി മതാഭിമുഖ്യമുള്ളവരാകുകയായിരുന്നു. മലബാറിൽ ജീവിച്ചിരുന്ന ഷൈഖ് സൈനുദ്ദീൻ മഖ്ദൂം 1583-ൽ രചിച്ച ചരിത്രകാവ്യമായ തുഹ്ഫത്തുൽ മുജാഹിദീൻ സമർപ്പിച്ചിരിക്കുന്നത് 'മതനിരപേക്ഷതയുടെ കാവൽമാലാഖയായ' സാമൂതിരിക്കല്ല, മറിച്ച് ബീജാപ്പൂരിലെ ആദിൽ ഷാ സുൽത്താനാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കവേ ജോർജ് രാജാവിന്റെ പേരുവരുന്ന 'മംഗളഗാനം' പാടുമ്പോൾ ആ പേരിന്റെ സ്ഥാനത്ത് തുർക്കി സുൽത്താൻ എന്നു പാടിയ ടി. ഉബൈദിനെ വിശേഷിപ്പിക്കുന്നത് 'ദേശീയബോധം' പ്രകടിപ്പിച്ച യുവാവ് എന്നാണ് (പേജ് 595). ഇത്തരം ആത്മവഞ്ചനകൾ നാം എന്നാണ് നിർത്താൻ പോകുന്നത്? മതേതരത്വത്തിന്റെ പേരിൽ മതഭ്രാന്തരായ ഉലമാക്കളുടെ ജല്പനങ്ങൾക്കു ചൂട്ടുപിടിച്ചുകൊടുക്കുന്ന പുരോഗമനചിന്തയുടെ അടുത്ത കീഴടങ്ങൽ നാം കാണുന്നത് നാടകാവതരണരംഗത്താണ്. പുരുഷന്മാർ സ്ത്രീവേഷം കെട്ടുന്ന നാടകമാണെങ്കിലും സ്ത്രീകഥാപാത്രങ്ങൾ പർദ്ദ ധരിച്ചുവേണം വേദിയിൽ പ്രത്യക്ഷപ്പെടാൻ എന്ന കൽപ്പന പോലും ശിരസാ വഹിക്കുന്ന കാഴ്ച ഇതിൽ വിസ്തരിക്കുന്നുണ്ട് (പേജ് 533). ഇത്തരം മതാധിപത്യത്തെയാണ് മതനിരപേക്ഷതയുടെ ഗുണഫലമായി വാഴ്ത്തുന്നത്! ബ്രിട്ടീഷുകാർ നാടുകടത്തിയ മമ്പുറത്തെ സയ്യിദ് ഫസൽ തങ്ങളുടെ കഥ ബുദ്ധിപൂർവം ഒഴിവാക്കിയിട്ടുമുണ്ട്.

കോഴിക്കോട് നഗരത്തിന്റെ സർവാധിപത്യം പുസ്തകത്തിലുടനീളം കാണാം. വടക്കൻ മലബാറിൽ നിന്ന് തീർത്തും വ്യതിരിക്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പാലക്കാടിന് അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ല. മലബാറെന്നാൽ കോഴിക്കോട് നഗരം  മാത്രമാണെന്ന ചിന്ത മാറ്റിനിർത്തിയാൽത്തന്നെ ആവർത്തനവിരസതയുളവാക്കുന്ന നിരവധി ലേഖനങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. മലബാറിന്റെ വ്യവസായമുഖം എങ്ങും പരാമർശിച്ചിട്ടില്ല.

സാമാന്യം ദീർഘമെങ്കിലും (611 പേജ്) സുഗമമായി വായിച്ചുപോകാവുന്ന ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Malabar - Paithrukavum Prathapavum', edited by Dr. P B Salim, N P Hafiz Mohammed and M C Vasisht
ISBN: 9788182652040

No comments:

Post a Comment