Showing posts with label കമ്മ്യൂണിസം. Show all posts
Showing posts with label കമ്മ്യൂണിസം. Show all posts

Saturday, September 27, 2025

പുന്നപ്ര വയലാർ ചരിത്രരേഖകൾ

പുന്നപ്ര-വയലാർ സമരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ മുൻപിവിടെ പരിശോധിച്ചിട്ടുള്ളതിനാൽ അതിന്റെ ചരിത്രവസ്തുതകളെ ഒഴിച്ചുനിർത്തി ഈ കൃതി മറ്റുള്ളവയിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നുമാത്രമേ ഇപ്പോൾ കൈകാര്യം ചെയ്യുന്നുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവിർഭാവവും തൊഴിലാളിവർഗത്തിനുമേൽ അതിനുണ്ടെന്നു ഭാവിക്കുന്ന 'ജന്മാവകാശവും' കൃത്യമായി സ്ഥാപിച്ചെടുക്കുവാനുള്ള ഒരു രാഷ്ട്രീയ പരീക്ഷണശാലയായിരുന്നു വയലാർ. പുന്നപ്രയിലെ സമരത്തിന് രാഷ്ട്രീയത്തിനുമപ്പുറം ചില വ്യക്തിപരമായ മാനങ്ങളുമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. മൂർച്ചയുള്ള പ്രത്യയശാസ്‌ത്രമാനങ്ങളുള്ള ഈ സായുധസമരം കർഷക-തൊഴിലാളി വർഗ്ഗം അതിന്റെ വർഗ്ഗശത്രുക്കളായ മൂലധനശക്തികളേയും അതിന്റെ പിണിയാളുകളായ ഭരണകൂടവർഗ്ഗത്തിനുമെതിരെ നടത്തിയ ഒന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് വാഴ്ച്ച അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിൽ പുന്നപ്ര-വയലാർ ഉറപ്പായും ആ ഗണത്തിൽ പെടുന്നില്ല. തന്നെയുമല്ല, ഈ സായുധസമരം തിരുവിതാംകൂറിൽ നടമാടുമ്പോൾ ദില്ലിയിൽ ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാലമന്ത്രിസഭ അധികാരമേറ്റിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ടിരുന്നു. ഈ സമരത്തെ കേന്ദ്രസർക്കാർ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായി അംഗീകരിച്ചിരുന്നുമില്ല. 1998-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CPI) പിന്തുണയോടെ അധികാരത്തിലിരുന്ന ദേവഗൗഡ സർക്കാരാണ് പുന്നപ്ര-വയലാറും കയ്യൂർ, മൊറാഴ, കാവുമ്പായി മുതലായ പാർട്ടിസമരങ്ങളേയുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി ഉത്തരവിറക്കിയത്. സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്തയുടെ മന്ത്രിപദത്തിനുകീഴിലുള്ള ആഭ്യന്തരമന്ത്രാലയമാണ് ഇതിന്റെ കടലാസുകൾ നീക്കിയത്. ഈ പുസ്തകം നക്സൽ കാഴ്ചപ്പാടിലുള്ളതാണ്. മാർക്സിന്റെ സിദ്ധാന്തങ്ങളിൽ ഒട്ടും വെള്ളം ചേർക്കാത്ത, തീപ്പെട്ടിയുരച്ചാൽ കത്തുന്ന സാധനമാണ് ഈ പേജുകളിൽ. ഗ്രന്ഥകാരനായ ആർ. കെ. ബിജുരാജ് കേരളത്തിലെ അറിയപ്പെടുന്ന ഒരു മാദ്ധ്യമപ്രവർത്തകനാണ്.
 
ഈ പുസ്തകം മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന സൂചനകൾ തുടക്കം മുതലേ നൽകുന്നു. ഈ തികഞ്ഞ ഇടതുപക്ഷരചന അതിന്റെ എല്ലാ പ്രത്യയശാസ്ത്രകെട്ടുപാടുകൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ചരിത്രത്തെ നിർദ്ധാരണം ചെയ്യുന്നത്. ചരിത്രത്തിൽ നിഷ്പക്ഷ രചനയെന്നൊന്നില്ല എന്ന തെമ്മാടിത്തരത്തോടെയാണ് ഈ കൃതി തുടങ്ങുന്നത്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള രാജൻ ഗുരുക്കളുടെ 'മിത്ത്, ചരിത്രം, സമൂഹം' എന്ന പുസ്തകത്തിൽ പറയുന്നത് "ചരിത്രരചനയിലുള്ള നിഷ്പക്ഷത യാന്ത്രികമായ ഒരു രീതിശാസ്ത്ര നിഷ്കർഷ എന്നതിൽ കവിഞ്ഞ ഒന്നുമല്ല" എന്നാണ്. തുടർന്നദ്ദേഹം പറയുന്നു: "ചരിത്രപണ്ഡിതർ നിഷ്പക്ഷത പാലിക്കണമെന്നു പറയും. അത് വെറുതെയാണ്. നിഷ്പക്ഷത ഒരുടഞ്ഞ താർക്കികസംജ്ഞയാണ്" (റിവ്യൂ ഇവിടെ വായിക്കുക). അതായത് ചരിത്രപരമായ സത്യസന്ധത എന്നൊന്ന് ഞങ്ങൾ പാലിക്കില്ലെന്ന് ഇടതുചരിത്രകാരന്മാർ ആവർത്തിച്ചു പ്രസ്താവിക്കുകയാണ്. ഇത് മറുപക്ഷമാണ് ചെയ്യുന്നതെങ്കിൽ അത് ലോകത്തിലെ ഏറ്റവും വലിയ  പാതകമായി ഇവറ്റകൾ വ്യാഖ്യാനിക്കുകയും ചെയ്യും. മലബാർ കലാപം ഒരു കാർഷികകലാപമാണെന്ന ഓർമ്മപ്പെടുത്തൽ രണ്ടാം പേജിൽത്തന്നെ വരുന്നു. എന്നാൽ വയലാറിനെക്കുറിച്ചാണെങ്കിൽ 'രാഷ്ട്രീയാധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഹിന്ദു രാജ്യത്തുനടന്ന സായുധ ഉയിർത്തെഴുന്നേൽപ്പാണിത്' എന്ന് പച്ചയായി പറയുന്നു. മലബാർ കലാപത്തിലെ മാപ്പിള എന്ന അംശം ഒളിച്ചുവെക്കുകയും 'ഹിന്ദുരാജ്യത്തെ' പൊക്കിക്കൊണ്ടുവരുന്നതും ശ്രദ്ധിക്കുക. പുന്നപ്ര-വയലാറിനെക്കുറിച്ചുള്ള വിവിധ ചരിത്രരചനകൾ തികഞ്ഞ അബദ്ധമാണെന്നാണ് ഇവിടെ കണ്ടെത്തുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വർഗ്ഗ-ജാതി വിഭാഗങ്ങളുമാണെന്ന് അവർ മറന്നുപോയി (പേജ് 19). ഇത് ശുദ്ധവങ്കത്തമാണ്. ആശയപരമായി സുശിക്ഷിതവും പ്രായോഗികമായി പ്രകടനപരതയുള്ളതുമായ ഒരു നേതൃത്വത്തിനുകീഴിൽ മാത്രമേ ഈവിധ വർഗ്ഗങ്ങൾ പൊരുതുകയുള്ളൂ. തിരുവിതാംകൂറിലേതുപോലെ അവരെ യുദ്ധമുഖത്തേക്ക് പറഞ്ഞയച്ചതിനുശേഷം നേതൃത്വം അപ്രത്യക്ഷമായാൽ അതിന്റെ പരിണതി വിനാശം തന്നെയായിരിക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയിലാണ് പുന്നപ്ര-വയലാർ സംഭവിക്കുന്നത് എന്നാണ് ബിജുരാജിന്റെ മറ്റൊരു വാദം. എന്നാൽ ഈ സമരം നടക്കുമ്പോൾ നെഹ്‌റു ഇടക്കാല മന്ത്രിസഭയെ നയിക്കുകയായിരുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം ബഹുജനപ്രക്ഷോഭങ്ങളൊന്നും സ്വാതന്ത്ര്യം വരെ നടന്നിരുന്നില്ല. അന്ന് പങ്കെടുക്കാതിരുന്ന ചില സംഘടനകൾ പിന്നീട് അക്രമാസക്തമായ ചില നടപടികൾ എടുത്തത് 1946-ലാണെന്നുമാത്രം - മുസ്ലിം ലീഗിന്റെ Direct Action Day, കമ്യൂണിസ്റ്റുകളുടെ തെലങ്കാന കലാപം എന്നിവ.
 
വ്യാവസായികരംഗം പൂർണ്ണവളർച്ചയെത്താതിരുന്ന തിരുവിതാംകൂറിൽ തൊഴിലുടമ-തൊഴിലാളി ബന്ധം പല ഘട്ടങ്ങളിലും ഉലയുന്നത് സ്വാഭാവികമായിരുന്നു. കൂലിയെച്ചൊല്ലിയുള്ള തർക്കം എക്കാലവും പ്രസക്തമായിരുന്നു. തൊഴിലിടങ്ങളിലെ സൗകര്യങ്ങളും ശുദ്ധിയും തുല്യപ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു. പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങളിലെ തൊഴിൽസമയത്തിന്റെ കാര്യത്തിലും തർക്കമുണ്ടാകാവുന്നതാണ്. ഇതിനെല്ലാം പുറമേ പഴയകാല ചലച്ചിത്രങ്ങളുടെ ഒരിഷ്ടവിഷയമായിരുന്ന സ്ത്രീതൊഴിലാളികളുടെ മേൽ കടന്നുകയറ്റം നടത്തുന്ന മുതലാളിയും ഒരു പ്രശ്നം തന്നെയായിരുന്നു. എന്നാൽ ഈ ആവശ്യങ്ങളുടെ പേരിലായിരുന്നോ തിരുവിതാംകൂറിൽ തൊഴിലാളികൾ പണിമുടക്കം നടത്തിയതും അക്രമപാത സ്വീകരിച്ചതും? അല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന ഉത്തരം. 1938-ലെ കയർ തൊഴിലാളി പണിമുടക്കിന്റെ പ്രധാന ആവശ്യം വേതനവർദ്ധനവോ മറ്റ് സാമ്പത്തിക ആവശ്യങ്ങളോ ഒന്നുമായിരുന്നില്ല, മറിച്ച് രാജ്യത്ത് പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ ഉത്തരവാദഭരണം സ്ഥാപിക്കുക, ക്രിമിനൽ ഭേദഗതി നിയമം പിൻവലിക്കുക, സ്റ്റേറ്റ് കോൺഗ്രസ്-യൂത്ത് ലീഗ് നിരോധനം പിൻവലിക്കുക, രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക, കയർ ഫാക്ടറി തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 30 രൂപയായി നിജപ്പെടുത്തുക എന്നിവയായിരുന്നു. 1938-ൽ ഒരു പവൻ സ്വർണത്തിന് 24 രൂപയായിരുന്നു വില (നെറ്റിൽ നിന്ന്) എന്നും ഓർക്കാം. എങ്കിലും നേതാക്കൾ പറഞ്ഞത് "നാം ആവശ്യപ്പെടുന്ന എല്ലാ സാമ്പത്തികആവശ്യങ്ങളും അനുവദിച്ചുതന്നാൽക്കൂടി പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ പരിപൂർണ ഉത്തരവാദഭരണം സ്ഥാപിച്ചുകിട്ടിയാലല്ലാതെ പണിമുടക്ക് നാം നിർത്തുകയില്ല" എന്നാണ് (പേജ് 100). ഇത്തരത്തിലൊരു രാഷ്ട്രീയസമരം നടത്തിയാൽ ഒരു സർക്കാരും അതനുവദിച്ചുകൊടുക്കാൻ പോകുന്നില്ല. തൊഴിലാളി മാർക്സിയൻ വർഗ്ഗമായി മാറുന്ന കാഴ്ചയാണിത്. സമരം അക്രമാസക്തമായി; പോലീസ് വെടിവെച്ചു; അഞ്ച് രക്തസാക്ഷികളുണ്ടായി! തിരുവിതാംകൂറിലെ തൊഴിലാളികൾ നിലവിലെ ഉത്പാദനബന്ധങ്ങളെ തകർത്തെറിയുവാനും രാഷ്ട്രീയഭാഗധേയത്വം സ്വയം നിർണ്ണയിക്കാൻ കഴിവുള്ളതുമായ വിപ്ലവവർഗ്ഗമായിരുന്നു (പേജ് 78) എന്ന് ഗ്രന്ഥകാരൻ രോമാഞ്ചത്തോടെ രേഖപ്പെടുത്തുന്നു.
 
രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ രൂക്ഷമായ വിലക്കയറ്റവും സൈനികസേവനം അവസാനിപ്പിച്ചുവന്ന യുവാക്കളുടെ തൊഴിലില്ലായ്മയും കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ വളർച്ചയ്ക്ക് എങ്ങിനെ സമർത്ഥമായി മുതലെടുത്തു എന്ന് ഈ കൃതി ശ്രദ്ധാപൂർവം വായിച്ചാൽ മനസ്സിലാകും. രൂക്ഷമായ ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും, തുണി മുതലായ വസ്തുക്കളുടെ അഭാവവും ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. സംഘടിക്കപ്പെട്ടിരുന്ന തൊഴിലാളികൾ 1946 ആഗസ്റ്റിൽ മൂന്നു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. സർക്കാർ അവരുടെ ആവശ്യങ്ങൾക്ക് പൂർണ്ണമായും വഴങ്ങി. ഈ വിജയം കൂടുതൽ സംഘടിതരാകാൻ തൊഴിലാളികളെ പ്രേരിപ്പിച്ചു (പേജ് 153). സെപ്റ്റംബർ 5-ന് വീണ്ടും പണിമുടക്ക് പ്രഖ്യാപിക്കപ്പെടുന്നു. തിരുവിതാംകൂറിന്റെ ഭാവിഭരണഘടനയുടെ രൂപം നിശ്ചയിക്കുന്നതിന് ജനപ്രതിനിധികളെ വിളിച്ചുകൂട്ടണം, ദിവാൻ ഭരണം അവസാനിപ്പിക്കണം, രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണം എന്നൊക്കെയായിരുന്നു ആവശ്യങ്ങൾ. ഇതിന്റെ തുടർച്ചയായി ഒക്ടോബർ 22-ന് തുടങ്ങിയ അനിശ്ചിതകാല പണിമുടക്കാണ് പുന്നപ്ര-വയലാർ സംഘട്ടനത്തിലേക്ക് നയിച്ചത്. ഇത്രയും രൂക്ഷമായ സമരത്തിലേക്ക് സർക്കാരിനെതിരെ സ്വന്തം അണികളെ അവരുടെ മരണത്തിലേക്ക് പറഞ്ഞയച്ച നേതാക്കൾ സ്വയം എങ്ങനെയാണ് സർ. സി.പിയെ നേരിട്ടത് എന്നു പരിശോധിക്കുന്നത് കൗതുകകരമാണ്. രണ്ടാം ലോകയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാരിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെ അതിന്റെ നിരോധനം 1943-ൽ പിൻവലിക്കപ്പെട്ടു. അതിനുശേഷം തിരുവനന്തപുരം പുത്തൻചന്തയിൽ പാർട്ടി കേന്ദ്ര ഓഫീസ് തുറന്നു. കെ. സി. ജോർജ് ആയിരുന്നു നേതാവ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ കമ്മറ്റി എന്ന വലിയ ബോർഡ് കെട്ടിടത്തിനു മുകളിലുണ്ടായിരുന്നു. അന്നുതന്നെ ദിവാൻ സർ. സി.പി തന്റെ താമസസ്ഥലത്തേക്ക് ജോർജിനെ ആളയച്ചുവിളിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നുള്ള യാതൊരു ഇടപെടലും അനുവദിക്കില്ലെന്നും തിരുവിതാംകൂറിൽ സ്വതന്ത്രഘടകമായി പ്രവർത്തിച്ചില്ലെങ്കിൽ നടപടി വരുമെന്നും ദിവാൻ പറഞ്ഞു. ഈ ഭീഷണിയോട് പാർട്ടി എങ്ങനെ പ്രതികരിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്? തൊട്ടടുത്ത ദിവസം തന്നെ ബോർഡ് തിരുത്തിയെഴുതി 'തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ്' എന്നാക്കി! കുനിയാൻ ആവശ്യപ്പെട്ടപ്പോൾ മുട്ടിലിഴഞ്ഞു എന്ന് അടിയന്തരാവസ്ഥക്കാലത്തെ പത്രമാദ്ധ്യമങ്ങളെക്കുറിച്ച് പറയാറുണ്ടല്ലോ. അത്തരത്തിലായിരുന്നു പിന്നീടുള്ള നടപടികൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് സ്വതന്ത്രമാണെന്നു തോന്നിപ്പിക്കാൻ പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത 'പ്രസിഡന്റ്' എന്ന പദവി സൃഷ്ടിച്ചുകൊണ്ട് ജോർജ് സ്വയം പ്രസിഡന്റായി, പി. ടി. പുന്നൂസ് സെക്രട്ടറിയും (പേജ് 112). നേതാക്കളുടെ ശൗര്യം ഇത്രയേയുള്ളൂ. പക്ഷേ അടിയുടെ-ഇടിയുടെ-വെടിയുടെ മുന്നിൽ പതറാതെ നിൽക്കണമെന്ന് സ്വന്തം അണികളെ ഉത്ബോധനം ചെയ്യാൻ അവർക്ക് യാതൊരു സങ്കോചവുമുണ്ടായില്ല. വയലാറിലെ കൂട്ടക്കൊലയ്ക്കുശേഷവും ഈ അഴകൊഴമ്പൻ നയം പാർട്ടി പിന്തുടർന്നു. അനിശ്ചിതകാല പണിമുടക്ക് ഉടനെ പിൻവലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നേരിട്ട് ബന്ധം തോന്നാത്തതും എന്നാൽ പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ളതുമായ തൊഴിലാളിക്കമ്മറ്റികൾ സ്ഥാപിക്കപ്പെട്ടു (പേജ് 286). ജയിൽ മോചിതനായ ആർ. സുഗതൻ ആലപ്പുഴയിൽ എത്തി രക്തസാക്ഷികൾക്കുവേണ്ടി സഹായസമിതി രൂപീകരിക്കുന്നത് 'അമ്പലപ്പുഴ-ചേർത്തല റിലീഫ് കമ്മറ്റി' എന്ന പേരിലാണ്. പുന്നപ്ര-വയലാർ എന്ന പേരുപോലും സി.പി.യുടെ മുന്നിൽവെച്ച് ഉച്ചരിക്കാൻ നേതൃത്വം ധൈര്യപ്പെട്ടില്ല.
 
സോവിയറ്റ് മാതൃകയിലുള്ള വർഗ-സമഗ്രാധിപത്യം തന്നെയാണ് പാർട്ടി ലക്‌ഷ്യം വെച്ചിരുന്നതെന്ന് വയലാറിലേക്കുള്ള നാൾവഴികൾ കാണിച്ചുതരുന്നു.അത് അങ്ങനെതന്നെയായിരുന്നുവെന്ന് ബിജുരാജ് ആത്മഹർഷത്തോടെ പ്രഖ്യാപിക്കുന്നുമുണ്ട്. ജന്മി-നാടുവാഴി വർഗ്ഗങ്ങളും അതിന്റെ സംരക്ഷകരായ തിരുവിതാംകൂർ രാജഭരണകൂടവും കൊളോണിയൽ ശക്തികളും ഒരുഭാഗത്തും അടിസ്ഥാനവർഗ്ഗ-ജാതി വിഭാഗങ്ങളും അവരുടെ മുന്നണിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറുഭാഗത്തുമുള്ള വൈരുദ്ധ്യം മൂർച്ഛിച്ച് ഒരു പോർമുഖം രൂപംകൊണ്ടു (പേജ് 198). ശരിയായ സൈനികലൈൻ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലായിരുന്നു എന്നവകാശപ്പെടുന്നു. എന്നാൽ 1943-ലെ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.സി.ജോർജിനും കെ.വി.പത്രോസിനും മുംബൈയിൽ സായുധസൈനികപരിശീലനം പാർട്ടി നൽകിയിരുന്നു (പേജ് 181). ഒരു യഥാർത്ഥ സൈനികനടപടിയിലൂടെ ഭാരതത്തിൽ അധികാരം പിടിക്കാൻ തന്നെയാണ് പാർട്ടി ഒരുങ്ങിയിരുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. 1946 ഒക്ടോബർ 7, 8 തീയതികളിൽ മുതലാളിമാരും തൊഴിലാളിനേതാക്കളും സർക്കാരുമടങ്ങിയ ത്രികക്ഷി ഒത്തുതീർപ്പുചർച്ച അരങ്ങേറി. ഈ ചടങ്ങിൽ നാലുശതമാനം ബോണസ് തൊഴിലാളികൾക്കു നൽകണമെന്ന് സി. പി. ഏകപക്ഷീയമായി മുതലാളിമാരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങി. എന്നാൽ രാഷ്ട്രീയമായ ആവശ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന മുൻനിലപാടിൽ ഭരണകൂടം ഉറച്ചുനിന്നു. തൊഴിലാളികളും ആ വിഷയത്തിൽ നീക്കുപോക്കിന് തയ്യാറായില്ല. അങ്ങനെയാണ് ഒക്ടോബർ 22-ന് അനിശ്ചിതകാലപണിമുടക്കിനും തുടർന്ന് പുന്നപ്ര-വയലാർ സംഘർഷങ്ങൾക്കും വഴിമരുന്നിടുന്നത്. സ്റ്റേറ്റ് കോൺഗ്രസ്സും എൻ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള കൊല്ലത്തെ സോഷ്യലിസ്റ്റുകളും കശുവണ്ടിത്തൊഴിലാളികളും സ്ഫോടകാവസ്ഥ മനസ്സിലാക്കി സമരത്തിൽനിന്നു പിന്മാറി. അവർ കൂടി ഉറച്ചുനിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ വിപ്ലവം വിജയിക്കുകയും ഒരു തീവ്രഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തേനെ. എന്നാൽ പിന്നീടവർക്ക് സോവിയറ്റ് യൂണിയനിലെ മെൻഷെവിക്കുകളുടെ സ്ഥിതി വന്നുഭവിക്കുകയും ചെയ്യുമായിരുന്നു. ശ്രീകണ്ഠൻ നായർ പ്രത്യക്ഷസമരത്തിൽനിന്ന് പിൻവലിഞ്ഞുവെങ്കിലും സി.പിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ സൂത്രധാരൻ അദ്ദേഹമായിരുന്നു. 
 
1946 ഒക്ടോ 27-ന് വയലാർ, ഒളതല, മേനാശ്ശേരി എന്നിവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകൾ പട്ടാളം കടന്നാക്രമിച്ച് നൂറുകണക്കിനാളുകളെ വധിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ തൊഴിലാളി യൂണിയൻ നേതാവായിരുന്ന ടി. വി. തോമസ് ഏകപക്ഷീയമായി അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. എങ്കിലും നേതാക്കൾ വയലാർ സഖാക്കളെ വഞ്ചിച്ചു എന്ന ആരോപണം ഗ്രന്ഥകർത്താവ് ശക്തിയായി നിഷേധിക്കുന്നു. വിവിധ കേസുകളിൽപ്പെട്ട് മുൻപേതന്നെ ഒളിവിലായിരുന്നതുകൊണ്ടാണ് നേതാക്കൾ സംഘട്ടനത്തിൽ പങ്കെടുക്കാതിരുന്നതെന്ന വാദം പക്ഷേ ബാലിശമാണ് (പേജ് 267). വെടിവെപ്പ് നടന്ന ഉടൻതന്നെ നേതൃത്വം പലായനത്തിനാണ് ശ്രമിച്ചത് (പേജ് 243). ക്യാമ്പുകൾ പിരിച്ചുവിടാൻ വേഗത്തിൽ തീരുമാനമെടുത്തു. കലാപത്തിൽ പങ്കെടുത്തവരുടെ ലക്‌ഷ്യം ത്രിവർണ ഇന്ത്യയല്ല, മറിച്ച് ചുവന്ന ഇന്ത്യയായിരുന്നു (പേജ് 274) എന്ന് രേഖപ്പെടുത്തുമ്പോഴും സ്റ്റേറ്റ് കോൺഗ്രസ്സും സോഷ്യലിസ്റ്റുകളും സമരത്തെ വഞ്ചിച്ചു എന്നു കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണ്. പൊതുജനപിന്തുണയുടെ കാര്യത്തിലും പാർട്ടിയുടെ സ്ഥിതി അക്കാലത്ത് പരിതാപകരമായിരുന്നു എന്നു കാണാൻ കഴിയും. 1948-ൽ പ്രായപൂർത്തി വോട്ടവകാശത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 120-ൽ 97 സീറ്റിലും സ്റ്റേറ്റ് കോൺഗ്രസ് ജയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നിലും ജയിക്കാനായില്ല. ടി. വി. തോമസ് ആലപ്പുഴയിൽത്തന്നെ തോറ്റു, കെട്ടിവെച്ച കാശ് തിരിച്ചുകിട്ടി എന്നു മാത്രം. 1952-ലെ രണ്ടാം തെരഞ്ഞെടുപ്പിൽ പ്രവർത്തകർ സ്വതന്ത്രരായി മത്സരിച്ചുജയിച്ച് മറ്റു പാർട്ടികൾക്കൊപ്പം മുന്നണിയുണ്ടാക്കി രണ്ടാമത്തെ വലിയ കക്ഷിയായി മാറി. 
 
കേരളത്തിലെ ഒരു വിരോധാഭാസം വിപ്ലവകാരികൾ മുതലാളിത്തത്തിന്റെ ചെല്ലും ചെലവും വാങ്ങിയാണ് തങ്ങളുടെ പ്രചാരവേല നടത്തുന്നത് എന്നതാണ്. പ്രധാനമായും ഒരു മുതലാളിയോ അല്ലെങ്കിൽ മതസ്ഥാപനമോ നടത്തുന്ന ദിനപത്രത്തിലോ, ആനുകാലികത്തിലോ, ദൃശ്യമാധ്യമത്തിലോ ഉള്ള ജോലിയും വെച്ചാണ് ഇക്കൂട്ടർ ഇതിനെയെല്ലാം തകിടം മറിക്കാൻ കെല്പുള്ള ആശയങ്ങൾ വെച്ചുനിരത്തുന്നത്. എങ്കിലും മുതലാളിവർഗ്ഗത്തിന് അവരെ തരിമ്പും ഭയമില്ല. കാര്യത്തോടടുക്കുമ്പോൾ ഈ ചാരുകസേര-വിപ്ലവകാരികളെല്ലാം കാറ്റുപോയ ബലൂണാകുമെന്നും മുൻകാല അനുഭവങ്ങളിലൂടെ അവർ മനസ്സിലാക്കുന്നുണ്ടാവാം. അത്തരത്തിലെ ഒരു നക്സലാണ് ഈ ഗ്രന്ഥകാരനും. മാർക്സിന്റെ ആശയങ്ങൾ നിത്യസത്യങ്ങളായതിനാൽ അവ സ്വയം വിശദീകരിക്കുന്നവയാണ് എന്ന മട്ടിൽ വാശിയോടെ മുന്നോട്ടു നീങ്ങുന്നതുകാണുമ്പോൾ സഹതാപമേ നമുക്കു തോന്നാനിടയുള്ളൂ. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന സൂപ്പർഹിറ്റ് ചലച്ചിത്രത്തിലൂടെ പണം വാരിയത് കുഞ്ചാക്കോ മുതലാളിയാണെന്ന് വിസ്മരിച്ചുകൂടാ. രൂക്ഷവിമർശനമാണ് ബിജുരാജിന്റെ മുഖമുദ്ര. ഇന്നു നിലവിലിരിക്കുന്ന നവോത്ഥാനമൂല്യങ്ങൾ പണ്ടുകാലത്ത് പാലിച്ചിരുന്നില്ല എന്നതിന്റെപേരിൽ തിരുവിതാംകൂർ രാജാക്കന്മാരെ കണക്കിന് അധിക്ഷേപിക്കുന്നുണ്ട്. ജ്യോതിഷത്തിന്റെ തടവുകാർ, ജാതിബോധത്തിന്റെ നടത്തിപ്പുകാർ എന്നുപോലും പരിഹസിക്കുന്നു. ചരിത്രബോധമില്ലായ്മ തന്നെയാണ് ഇത്തരം പുലഭ്യത്തിലൂടെ വെളിവാകുന്നത്. ഒരു ജേർണലിസ്റ്റായ ഗ്രന്ഥകർത്താവ് തനി 'മാപ്ര'യായി രൂപാന്തരപ്പെടുന്ന നിമിഷങ്ങൾ! വയലാർ-പുന്നപ്ര സമരസേനാനികളുടെ അനന്തരചരിത്രം ഒരദ്ധ്യായമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ആലപ്പുഴയുടെ വ്യവസായരംഗം തകർന്നു തരിപ്പണമായതിന്റേയും കേരളം മൊത്തത്തിൽത്തന്നെ വ്യവസായത്തിന്റെ ശവപ്പറമ്പായി മാറിയതിന്റേയും കാരണങ്ങൾ പരിശോധിക്കാൻ മിനക്കെടുന്നില്ല. ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയതുമില്ല എന്നു പറഞ്ഞതുപോലെ വർഗ്ഗസമരത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയ തൊഴിലാളിവർഗ്ഗം വിപ്ലവത്തിന്റെ ചുവന്ന പുലരിയിൽ ഇനിയും എത്തിച്ചേർന്നിട്ടില്ല എന്നതാകുമോ അതിന്റെ കാരണം?

ഒരു പത്രപ്രവർത്തകന്റെ വിരസമായ ശൈലി പുസ്തകത്തിലുടനീളം കാണാമെങ്കിലും പഴയ പത്രമാദ്ധ്യമങ്ങളിലെ കുറെ വിവരങ്ങൾ നല്കുന്നതുകൊണ്ട് ഈ കൃതി ശുപാർശ ചെയ്യുന്നു. 
 
Book review of 'Punnapra Vayalar Charithrarekhakal'
Author: R K Bijuraj
Publisher: Mathrubhumi Books, 2025 (First)
ISBN: 9789359622514
Pages: 434 

Wednesday, October 16, 2024

ഒളിക്യാമറകൾ പറയാത്തത്

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച് 2022-ൽ അന്തരിച്ച ബർലിൻ കുഞ്ഞനന്തൻ നായർ തൊഴിൽപരമായി ഒരു  പത്രപ്രവർത്തകനായിരുന്നു. ബ്ലിറ്റ്സിന്റെ ലേഖകനായി വളരെക്കാലം കിഴക്കൻ ജർമനിയിൽ അദ്ദേഹം കഴിച്ചുകൂട്ടി. സാർവദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയവിനിമയം അദ്ദേഹത്തിലൂടെയാണ് ഇന്ത്യൻ പാർട്ടിയിലെത്തിയിരുന്നത്. ജനമദ്ധ്യത്തിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിലും സമുന്നത നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കിയും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഉന്നതബന്ധങ്ങൾ ലേഖകന് നിലനിർത്താൻ കഴിഞ്ഞു. കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ വളർച്ചയും തളർച്ചയും തകർച്ചയും നേരിൽ കണ്ടുവെങ്കിലും അതിന്റെ സൈദ്ധാന്തികമായി ഉണ്ടെന്നു പറയപ്പെടുന്ന മേന്മയെ പുണരുന്ന സ്വഭാവക്കാരനുമാണ്. മുൻപിവിടെ പരിശോധിച്ചിട്ടുള്ള 'പൊളിച്ചെഴുത്ത്' എന്ന ആത്മകഥയുടെ (നിരൂപണം ഇവിടെ വായിക്കുക) രണ്ടാം ഭാഗമാണ് ഈ പുസ്തകം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാർക്സിസം-ലെനിനിസവും ജനാധിപത്യവും പുനഃസ്ഥാപിക്കുന്നതിനുള്ള സമരത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം എന്നതാണ് അവകാശവാദം. യൂറോപ്പിൽനിന്ന് തിരിച്ചുവന്ന ബർലിൻ കുറേനാൾ സംസ്ഥാനപാർട്ടിയുടെ കേന്ദ്ര ഓഫീസിൽ പണിയെടുത്തുവെങ്കിലും ഉന്നതനേതാക്കൾ തമ്മിലുള്ള ചേരിപ്പോരിൽ പക്ഷം പിടിച്ചതിന്റെ ഫലമായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷം എഴുതിയതാണ് ഈ കൃതി.

ബർലിൻ ഈ പുസ്തകം എഴുതുന്നതിനുള്ള മൂലകാരണം 1990-കളുടെ അവസാനത്തോടെ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായ പിണറായി വിജയനുമായുള്ള വ്യക്തിപരമായ ശത്രുതയാണെന്ന് നിസ്സംശയം കണ്ടെത്താവുന്നതാണ്. വ്യക്തിപരമായ ഭാഗം മറച്ചുവെക്കുന്നതിനായി അദ്ദേഹം താത്വികമായ ചില ന്യായീകരണങ്ങൾ കണ്ടെത്തുന്നുവെന്നുമാത്രം. കേരള സി.പി.എമ്മിൽ കോർപ്പറേറ്റ് കമ്മ്യൂണിസത്തിന് തുടക്കം കുറിക്കുന്നത് പിണറായി സെക്രട്ടറിയാകുന്നതോടെയാണെന്നാണ് ആരോപണം. കേരളത്തിലെ പാർട്ടി കൈരളി ചാനലിന്റെ മൂലധനസ്വരൂപണത്തോടെ പൂർണ്ണമായും നവസമ്പന്നർക്ക് അടിപ്പെട്ടു. പിണറായിയെ ഭാവി മുഖ്യമന്ത്രിയായി അവർ കണ്ടു. അദ്ദേഹവുമായി ചങ്ങാത്തം കൂടാനുള്ള അവസരം പാഴാക്കിയുമില്ല. 1994-ൽ സ്വാശ്രയ കോളേജുകൾക്കെതിരെ ഡി.വൈ.എഫ്.ഐ നയിച്ച ഒരു സമരത്തിനുനേരെ കൂത്തുപറമ്പിൽ വെച്ച് പോലീസ് വെടിവെക്കുകയും അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുകയുമുണ്ടായി. അതിൽ നട്ടെല്ലിന് പരിക്കേറ്റ് മുപ്പതുവർഷം ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പ്രവർത്തകൻ ഈയിടെയാണ് മരണപ്പെട്ടത്. അങ്ങനെയിരിക്കേ, പിണറായിയുടെ മകൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ യാതൊരർഹതയുമില്ലാതെ കോയമ്പത്തൂരിലെ അമൃത സ്ഥാപനത്തിൽ എഞ്ചിനീയറിംഗ് സീറ്റ് വാങ്ങാൻ പിണറായിയോടൊപ്പം നേരിട്ടുപോയ കഥ ബർലിൻ ഈ പുസ്തകത്തിൽ വിവരിക്കുന്നത് പാർട്ടി സഖാക്കളെയെങ്കിലും ഞെട്ടിക്കും.

ജീവിതത്തിന്റെ നല്ലൊരു ഭാഗം ലേഖകൻ കിഴക്കൻ യൂറോപ്പിൽ ചെലവഴിച്ചത് പത്രപ്രവർത്തകനായിട്ടായിരുന്നുവെങ്കിലും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങളെ ഗ്രസിച്ചിരുന്ന അഴിമതി അദ്ദേഹം തുറന്നുകാണിക്കുകയുണ്ടായില്ല. അതിനു ശ്രമിച്ചിരുന്നെങ്കിൽ തലപോയേനെ എന്നതാണ് യാഥാർഥ്യം. അത് അദ്ദേഹത്തിനും നന്നായറിയാം. എന്നാൽ അതെല്ലാം മറച്ചുവെച്ച് കമ്മൂണിസം താത്വികമായി നോക്കിയാൽ എന്തോ മഹത്തായ സാധനമാണെന്നും അത് നടപ്പിലാക്കിയപ്പോൾ വന്നുപോയ ചില പിഴവുകളാണ് പ്രശ്നമായത് എന്ന പഴയ ന്യായീകരണലൈൻ പുറത്തെടുക്കുന്നത് തികഞ്ഞ ആത്മവഞ്ചനയും പാപ്പരത്തവുമാണ്. അക്കാലത്തെ ചില അഴിമതിക്കഥകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണല്ലോ! ഉസ്‌ബെക്കിസ്ഥാൻ പാർട്ടി സെക്രട്ടറിയായിരുന്ന റഷീദോവ് താൻ മരിച്ചാൽ ഖബറടക്കാൻ താഷ്‌ക്കെന്റിന്റെ ഹൃദയഭാഗത്ത് താജ്‌മഹൽ മാതൃകയിൽ ഒരു മുസോളിയം പണികഴിപ്പിച്ചത് ബ്രഷ്നേവിന്റെ കാലത്തായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഴിമതി എല്ലാ തലങ്ങളിലും പടർന്നുപിടിച്ചതും ഈ സമയത്തായിരുന്നുവത്രേ. തുടർന്നുവന്ന ആന്ത്രോപ്പോവ് നല്ല ആരോഗ്യത്തോടെ കുറേവർഷം അധികാരത്തിലിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകരുമായിരുന്നില്ല എന്ന് ഗ്രന്ഥകാരൻ സങ്കടത്തോടെ നിരീക്ഷിക്കുന്നു (പേജ് 102).

പൊതുവെ നോക്കിയാൽ സൈദ്ധാന്തികവരട്ടുവാദമാണ് ബർലിന്റെ പ്രത്യയശാസ്ത്രപരമായ കൈമുതൽ. ജനകീയാസൂത്രണം പോലും മാർക്സിസ്റ്റ് ആസൂത്രണത്തിനു വിരുദ്ധമായതിനാൽ പാടില്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വെറും മുരട്ടുവാദം. അതിനുപകരം ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് കമ്മൂണിസം, സോഷ്യലിസം, ജനകീയ ജനാധിപത്യവിപ്ലവം, വർഗ്ഗസമരം എന്നിവയൊക്കെയാണ്. അവയെപ്പറ്റിയൊന്നും നമ്മുടെ നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ലെന്നാണ് ബർലിന്റെ ആവലാതി. എന്നാൽ ജനകീയാസൂത്രണത്തിൽ കടന്നുവന്ന അഴിമതിയെക്കുറിച്ച് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതാണ്. ഗ്രാമീണവികസനകാര്യങ്ങളിൽ നിലനിന്നിരുന്ന ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി പാർട്ടിയിലേക്കും ബാധിച്ചതാണ് ജനകീയാസൂത്രണം കൊണ്ടു സംഭവിച്ച ഏറ്റവും വലിയ അപകടം. ടെൻഡർ വിളിച്ച് നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാർക്ക് നൽകുകയെന്നതായിരുന്നു നിലവിലെ രീതി. എന്നാൽ പുതിയ 'ജനകീയ' സമ്പ്രദായത്തിൽ ഇടത്തട്ടുകാരെ ഒഴിവാക്കാനാണെന്ന വ്യാജേന 'ജനകീയകമ്മിറ്റി' പ്രവൃത്തി ഏറ്റെടുക്കും. സാങ്കേതികസൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവർക്കു താല്പര്യമുള്ള കരാറുകാരെ ഏൽപ്പിക്കും. പിന്നീടു നടക്കുന്നത് കരാറുകാരുമായുള്ള പ്രാദേശിക പാർട്ടിനേതൃത്വത്തിന്റെ വീതംവെപ്പാണ് (പേജ് 160).

മാർക്സിസ്റ്റ് തത്വചിന്തയുമായി വളരെയടുത്ത ആത്മബന്ധം പുലർത്തുന്നു എന്നവകാശപ്പെടുന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ ജീവിതം കീഴേത്തട്ടിലെ പ്രവർത്തകരുമായി ഒരു തരത്തിലും ഒരു കാലത്തും ബന്ധപ്പെട്ടിരുന്നില്ല എന്നു കാണാൻ കഴിയും. പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ പതിമൂന്നാം വയസ്സിൽ ബാലസംഘം പ്രതിനിധിയായി പങ്കെടുത്തിരുന്നു എന്നവകാശപ്പെടുമ്പോഴും അതിനുശേഷം ജനങ്ങളുമായി അദ്ദേഹം എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്നു വ്യക്തമാക്കുന്നില്ല. പാർട്ടിയുടെ കേന്ദ്ര ഓഫീസുകളിൽ ഉന്നതനേതാക്കളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്ത് അവരിൽ സ്വാധീനം ചെലുത്തി കഴിഞ്ഞുകൂടിയ ഒരു ഓർഡർലി മാത്രമായിരുന്നില്ലേ ലേഖകൻ എന്ന് ഇത് വായിക്കുന്ന ആർക്കും സംശയം തോന്നാവുന്നതാണ്. സംസ്ഥാനസെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ഹൃദയശസ്ത്രക്രിയക്കുവേണ്ടി ചെന്നൈയിൽ പോയപ്പോൾ ബർലിനും കൂടെ പോയിരുന്നു. അവിടെ ബ്ലഡ് ബാങ്കിൽ അദ്ദേഹം കാത്തിരുന്നതിന്റെ കാരണം വിവരിക്കുന്നത് വിചിത്രവും പരിഹാസ്യവുമാണ്. അവിടെ ജോലി ചെയ്തിരുന്നത് കുറെ ചെറുപ്പക്കാരികളായിരുന്നതിനാൽ അവർ അണുബാധയില്ലാത്ത രക്തം തന്നെയാണോ ശേഖരിക്കുന്നത് എന്ന് സംശയമുണ്ടായിരുന്നതിനാലാണത്രേ (പേജ് 12). വിരമിച്ചതിനുശേഷം മാർക്സിസ്റ്റ് ക്ലാസ്സിക്കുകളുടെ നിതാന്തമായ പുനർവായനയും പഠനവുമാണ് തന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ആശയപരമായ പ്രതിബദ്ധതയെക്കുറിച്ച് എന്തൊക്കെ ഗീർവാണങ്ങൾ വിളമ്പിയാലും പാർട്ടിയോട് മതവിശ്വാസത്തിനടുത്തുനിൽക്കുന്ന ഒരാത്മബന്ധമാണ് ലേഖകന് ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കുന്ന നിരവധി പരാമർശങ്ങൾ ഈ കൃതിയിലുണ്ട്. 'പരമഭക്തനായ പൂജാരിക്ക് ക്ഷേത്രപരിപാലനത്തിൽ കിട്ടുന്ന സംതൃപ്തിയും ചാരിതാർഥ്യവുമായിരുന്നു' അദ്ദേഹത്തിന് ഏ.കെ.ജി സെന്ററിൽ ജോലിയിലായിരുന്നപ്പോൾ കിട്ടിയത്. മതവിശ്വാസികൾക്ക് ഖുർആനും ബൈബിളും വായിക്കുമ്പോൾ കിട്ടുന്ന സ്വാസ്ഥ്യവും ആശ്വാസവും പ്രതീക്ഷയും ഒരു കമ്മ്യൂണിസ്റ്റുകാരന് മാർക്സിസ്റ്റ് ക്ലാസിക്കുകൾ വായിക്കുമ്പോൾ കിട്ടുമെന്നും വിശ്വാസമാണ് എല്ലാറ്റിന്റേയും ബലമെന്നും അദ്ദേഹം വാദിക്കുന്നു (പേജ് 164).

നവോത്ഥാനത്തെക്കുറിച്ചും ജാതിരഹിതസമൂഹത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുമെങ്കിലും പാർട്ടിയുടെ ഉന്നതനേതാക്കൾ മരണം വരെ ജാതിവാൽ പേരിനൊപ്പം നിലനിർത്തിയിരുന്നത് കുപ്രസിദ്ധമാണല്ലോ. എന്നാൽ ആദ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി എന്നു വെളിപ്പെടുത്തുന്ന ഒരു വസ്തുത ഈ ഗ്രന്ഥത്തിൽ കാണാം. 1938 ഡിസംബർ 28-ന് കല്യാശേരിയിൽ രൂപംകൊണ്ട ചിറക്കൽ താലൂക്ക് ബാലസംഘത്തിന്റെ പ്രസിഡന്റായി ഏറമ്പാല കൃഷ്ണനേയും സെക്രട്ടറിയായി പി. കെ. കുഞ്ഞനന്തനേയും തെരഞ്ഞെടുത്തു എന്ന പഴയ ഒരു റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട് (പേജ് 169). ഇവരാണ് പിന്നീട് ജാതിവാലുകൾ സ്വീകരിച്ച് യഥാക്രമം ഇ. കെ. നായനാരും ബർലിൻ കുഞ്ഞനന്തൻ നായരുമായി മാറിയത്. യാതൊരുവിധ കാലഘടനയും പരിഗണിക്കാതെയാണ് ഇതിലെ അദ്ധ്യായങ്ങൾ നമ്മുടെ മുന്നിലെത്തുന്നത്. പിണറായി വിജയനെ കുറെ ചീത്ത വിളിച്ചുകഴിഞ്ഞിട്ടും സ്ഥലം ബാക്കിവന്നപ്പോൾ പാർട്ടിയുടെ 1980-, 1990-കളിലെ ചരിത്രവും കൂടി പറയാൻ തീരുമാനിച്ചു എന്ന രീതിയിലാണ് വിവിധ അദ്ധ്യായങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

പുസ്തകം കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ തല്പരരായവർക്കുവേണ്ടി മാത്രം ശുപാർശ ചെയ്യുന്നു.

Book review of 'Olicamerakal Parayathathu'
Author: Berlin Kunjananthan Nair
Publisher: Mathrubhumi Books, 2012 (First)
ISBN: 9788182653931
Pages: 200

Thursday, May 25, 2023

മാർക്സിസം - ഉത്ഭവവും വികാസവും പരാജയവും

വിഖ്യാത സാമൂഹ്യ-സാമ്പത്തികശാസ്ത്രപണ്ഡിതനും രാഷ്ട്രീയനിരീക്ഷകനുമായിരുന്ന കാൾ മാർക്സിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യപരവുമായ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ആശയശേഖരത്തെയാണ് മാർക്സിസം എന്ന സംജ്ഞ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ മാർക്സ് ഒരിക്കലും പ്രായോഗികരാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. തൊഴിലാളികളെ നയിക്കാനോ മർദ്ദകരെ ചെറുക്കാനോ ശ്രമിച്ചിരുന്നവരെ ആശയപരമായി പ്രബുദ്ധരാക്കുകയും കൂടുതൽ നല്ല പോരാളികളാക്കിത്തീർക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. 1917-ൽ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ അധികാരത്തിൽ വന്ന ബോൾഷെവിക് വിപ്ലവത്തിലൂടെയാണ് മാർക്സിയൻ ആദർശങ്ങളുടെ പ്രായോഗികരൂപം ലോകം കാണാനിടവന്നത്. എന്നാൽ മാർക്സ് വിഭാവനം ചെയ്ത രീതിശാസ്ത്രപ്രകാരം മുതലാളിത്തം (capitalism) വികാസം പ്രാപിച്ചിട്ടില്ലാത്ത റഷ്യയിൽ വിപ്ലവം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ലെനിന്റെ സൈദ്ധാന്തികമായ ചില മിനുക്കുപണികളാണ് പുതിയ വിപ്ലവത്തിന്റെ ആശയാടിത്തറ ഭദ്രമാക്കിയത്. ഇതേ പ്രശ്നം അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും നേരിട്ടു. മാർക്സിയൻ തത്വചിന്തക്കു വിരുദ്ധമായി വൻതോതിലുള്ള അധികാര കേന്ദ്രീകരണമാണ് ലെനിൻ നടപ്പാക്കിയത്. ഈ വൈരുദ്ധ്യത്തെ പാർട്ടി സഖാക്കൾ വ്യാഖ്യാനിച്ചത് മാർക്സിയൻ നയങ്ങൾ തെറ്റായി നടപ്പിലാക്കിയതുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വേച്ഛാധിപത്യപാത പിന്തുടർന്നതെന്നാണ്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മാർക്സ് സിദ്ധാന്തപരമായിത്തന്നെ തെറ്റാണെന്നു സ്ഥാപിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. നക്സൽ നേതാവും ഒരു പക്ഷേ കേരളത്തിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് പണ്ഡിതനുമായ കെ. വേണു പറയുന്നത് തന്റെ ഗവേഷണത്തിനിടയിൽ മാർക്സ് തെറ്റായിരുന്നു എന്നു കണ്ടെത്തിയ നിമിഷം താൻ കരഞ്ഞുപോയി എന്നാണ്. ഏവരും വായിച്ചിരിക്കേണ്ടതും വിജ്ഞാനപ്രദവുമായ ഈ പുസ്തകം കഥയറിയാതെ കളികാണുന്ന നിരവധിപേരുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാണ്.
 
മാർക്സിസത്തിന്റെ ആശയപരമായ ഉത്ഭവവും വളർച്ചയും പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിന്റെ രാഷ്ട്രീയസാഹചര്യങ്ങളിൽ എങ്ങനെ വളർന്നുവെന്ന് വേണു കാട്ടിത്തരുന്നു. 1871-ൽ പാരീസിൽ സംഭവിച്ച വിപ്ലവസമാനമായ പാരീസ് കമ്യൂൺ എന്ന ജനമുന്നേറ്റം മാർക്സിന് തന്റെ ആശയങ്ങളുടെ പ്രായോഗികക്ഷമത വിലയിരുത്താൻ ലഭിച്ച സുവർണാവസരമായിരുന്നു. എന്നാൽ അത്തരമൊരു വിപ്ലവസമൂഹത്തിൽ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടണം എന്ന മാർക്സിന്റെ വിലയിരുത്തലുകളും ബോദ്ധ്യങ്ങളും പാടേ പരാജയമായിരുന്നു. മാത്രവുമല്ല, യൂറോപ്യൻ വിപ്ലവാന്തരീക്ഷത്തിൽ മാർക്സോ ഏംഗൽസുമായി ചേർന്നു രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഒരു പങ്കും വഹിക്കുകയുണ്ടായില്ല. വിപ്ലവാശയങ്ങളിൽ അവഗാഹമുള്ള ഒരു ബുദ്ധിജീവിയായി മാത്രമാണ് അവരദ്ദേഹത്തിനെ കണ്ടത്.

തനിക്കു തെറ്റുപറ്റിയതായി മനസ്സിലാക്കുമ്പോൾ യാതൊരു മടിയും കൂടാതെ അതു തിരുത്താൻ തയ്യാറാകുന്ന ബുദ്ധിജീവികൾ കെ. വേണുവിനെപ്പോലെ അധികം പേരുണ്ടാവില്ല. പലരും - പ്രത്യേകിച്ചും പാർട്ടി ചെല്ലും ചെലവും കൊടുത്തുവളർത്തുന്നവർ - പരിഹാസ്യമായ പടുവാദങ്ങളുമായി തങ്ങളുടെ മനക്കോട്ടകൾ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. മാർക്സിന് പിഴച്ചതെവിടെ എന്ന വേണുവിന്റെ അന്വേഷണം ചരിത്രപ്രാധാന്യമുള്ളതാകുന്നത് ഇവിടെയാണ്. വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനം മാത്രമാണ് സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനമെന്നാണ് മാർക്സ് കണ്ടത്. എന്നാൽ ദേശീയത പ്രകടമായും ആ നിർവചനത്തിൽ ഒതുങ്ങുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്ന മുഴുവൻ ജനങ്ങളും തങ്ങൾ ഒരൊറ്റ ഭാഷാദേശീയസമൂഹമാണെന്ന് തിരിച്ചറിയുന്ന സാമൂഹ്യപ്രക്രിയയാണ് ദേശീയസമൂഹരൂപീകരണത്തിൽ സംഭവിക്കുന്നത്. ഇതിൽ വർഗ്ഗങ്ങൾക്കോ വർഗ്ഗവിഭജനത്തിനോ ഒരു പങ്കുമില്ല. മാർക്സിന്റെ വർഗ്ഗവിശകലനരീതിക്ക് അപ്രാപ്യമായ ഒരു പ്രക്രിയയാണത്. വർഗ്ഗപരമല്ലാത്ത പല സാമൂഹ്യപ്രക്രിയകളും മനുഷ്യസമൂഹത്തിന്റെ പരിണാമഘട്ടങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. വംശീയസമൂഹങ്ങൾ, ഭാഷാസമൂഹങ്ങൾ, മത-ജാതി സമൂഹങ്ങൾ, ദേശീയസമൂഹങ്ങൾ എന്നിവ അതിൽ പെടുന്നു. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ മുഴുവൻ വർഗ്ഗസമരത്തിലേക്ക് ഒതുക്കിക്കെട്ടിയതാണ് മാർക്സിസത്തിന്റെ പരാജയത്തിന്റെ മൂലകാരണം. വർഗേതരമായ അനവധി സാമൂഹ്യപ്രക്രിയകൾ ചരിത്രനിർമ്മിതിയിൽ വഹിച്ച പങ്ക് അങ്ങനെ അവഗണിക്കപ്പെട്ടു. ഇത് മനുഷ്യസമൂഹത്തെ സമഗ്രമായി മനസ്സിലാക്കുന്നതിൽ മാർക്സിന്റെ തോൽവിയിലേക്കും നയിച്ചു. മാർക്സിന്റെ സൈദ്ധാന്തിക അടിസ്ഥാനത്തോടൊപ്പം പ്രവചനങ്ങളും പാടേ പാളിപ്പോകുന്നതാണ് നാം കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പല യൂറോപ്യൻ രാജ്യങ്ങളിലും വികസിതമുതലാളിത്തം യാഥാർഥ്യമായെങ്കിലും അതോടൊപ്പം വളർന്നുവരുമെന്ന് മാർക്സ് വിഭാവനം ചെയ്ത വിപ്ലവാന്തരീക്ഷം ഒരിടത്തും നിലവിൽ വന്നില്ല. ആധുനികകാലത്ത് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മുന്നേറ്റം തൊഴിലാളിവർഗ്ഗത്തെ കൂടുതൽ പിന്നോട്ടുതള്ളി.

സിദ്ധാന്തത്തിനുശേഷം അടുത്തതായി ഗ്രന്ഥകാരൻ പരിശോധിക്കുന്നത് മാർക്സിസത്തിന്റെ പ്രായോഗികരൂപമായ ലെനിനിസവും അത് റഷ്യയിൽ പടുത്തുയർത്തിയ രാഷ്ട്രീയഘടനയുമാണ്. വിപ്ലവത്തിന്റെ വിജയത്തിനായി തത്വരഹിതവും ക്രൂരവും ഭീകരവുമായ ഏതു ചെയ്തിയും ന്യായീകരിക്കപ്പെടാം എന്ന ജനാധിപത്യവിരുദ്ധ സമീപനം ആരംഭം മുതൽക്കേ റഷ്യൻ വിപ്ലവത്തിൽ നിലനിന്നുപോന്നു. പാരീസ് കമ്മ്യൂണിനു സമാനമായി വികേന്ദ്രീകൃത അധികാരം സോവിയറ്റുകളിൽ സ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്ത ലെനിൻ പക്ഷേ വിപ്ലവത്തിന്റെ വിജയത്തിനുശേഷം അധികാരം മുഴുവനായിത്തന്നെ പാർട്ടിയിലാണ് കേന്ദ്രീകരിച്ചത്. സോവിയറ്റുകൾ വിപ്ലവത്തിന്റെ പൽച്ചക്രങ്ങൾ മാത്രമാണെന്ന ലെനിന്റെ തത്വദീക്ഷയില്ലാത്ത പിൽക്കാലനിലപാട് വിപ്ലവത്തിനുവേണ്ടി പൊരുതിയ സാധാരണക്കാരുടെ നേരെയുള്ള കൊഞ്ഞനംകുത്തലായിരുന്നു. എല്ലാ സോവിയറ്റുകളിലും കേന്ദ്രനയം നടപ്പിലാക്കാനായി ചോദ്യം ചെയ്യപ്പെടാനാകാത്ത പാർട്ടി ഫ്രാക്ഷനുകൾ നിലവിൽവന്നു. ഇതോടെ ജനങ്ങൾ വീണ്ടും അധികാരത്തിനു പുറത്താവുകയും വെറും കാഴ്ചക്കാരായി മാറുകയും ചെയ്തു. സ്വകാര്യസ്വത്തിന്റെ നിരോധനത്തോടെ കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രാഥമിക പ്രചോദനം സമൂഹത്തിൽനിന്ന് അപ്രത്യക്ഷമായി. സമ്പത്ത് സാമൂഹ്യവൽക്കരിക്കപ്പെട്ടതോടെ അത് കേന്ദ്രീകൃതമാവുകയും തദ്വാരാ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നതിലേക്കു നയിച്ചു. അധികാരം വികേന്ദ്രീകരിക്കപ്പെടാത്തിടത്ത് ജനാധിപത്യം അസാദ്ധ്യമാവുന്നു. മനുഷ്യസമൂഹത്തെ മുഴുവൻ നയിക്കുക എന്ന ചരിത്രനിയോഗം മാർക്സ് തൊഴിലാളിവർഗ്ഗത്തിന് ഏല്പിച്ചുകൊടുത്തു. പക്ഷേ അത്തരമൊരു നിയോഗം ഏറ്റെടുക്കാൻ കഴിയുംവിധം തൊഴിലാളിവർഗ്ഗം ഒരിക്കലും ഒരിടത്തും വളർന്നുവന്നില്ല. പകരം ഉണ്ടായതോ ഇത്തിക്കണ്ണികളായ ട്രേഡ് യൂനിയൻ നേതൃത്വവും!

അടുത്തതായി ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നത് മാർക്സിസത്തിന്റെ ജനാധിപത്യ അവകാശവാദങ്ങളാണ്. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പിലായ ഒരു രാജ്യത്തും ജനാധിപത്യം നടപ്പിൽ വന്നില്ല. ഏകപാർട്ടി സ്വേച്ചാധിപത്യമെന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കുന്ന പ്രഹസനത്തിലേക്ക് അത് സാധാരണ ജനങ്ങളെ തള്ളിവിട്ടു. പാർട്ടി നേതൃത്വത്തെയോ ഭരണവ്യവസ്ഥയെയോ വിമർശിക്കാൻ പോലും താഴേക്കിടയിലെ ഒരാൾക്കും അധികാരമുണ്ടായിരുന്നില്ല. അതിനു ധൈര്യപ്പെടുന്നവരെ മാത്രമല്ല, അവരുടെ കുടുംബങ്ങളേയും ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള തടങ്കൽപ്പാളയങ്ങളിലും തെറ്റുതിരുത്തൽ ശാലകളിലും അയച്ച് തകർത്തുതരിപ്പണമാക്കി. സ്റ്റാലിന്റെ കാലത്ത് നിലവിലിരുന്ന മർദ്ദകവ്യവസ്ഥ ലോകത്തൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിൽ ഭീകരവും കിരാതവുമായിരുന്നു. പാർട്ടിക്കുള്ളിലെ തന്റെ ശത്രുക്കളെപ്പോലും അച്ചടക്കത്തിന്റെ വാൾ വീശി സ്റ്റാലിൻ ഭസ്മമാക്കി. 1934-ലെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും (1996-ൽ 1108 പേർ), കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 139-ൽ 98 പേരും 1939-ലെ അടുത്ത കോൺഗ്രസ് ആകുമ്പോഴേക്കും സ്റ്റാലിന്റെ വധശിക്ഷയ്ക്കു വിധേയരായിക്കഴിഞ്ഞിരുന്നു. അത്തരമൊരു പാർട്ടിയുടെ ജനാധിപത്യസ്വഭാവം എന്താണെന്നൊക്കെ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ഗ്രന്ഥകർത്താവ് പരിഹാസരൂപേണ ചോദിക്കുന്നു. നിസ്സാര കുറ്റങ്ങൾക്കുപോലും കടുത്ത ശിക്ഷകളാണ് നല്കപ്പെട്ടിരുന്നത്. 1953-ൽ സ്റ്റാലിൻ മരിക്കുന്ന സമയത്ത് കൂട്ടുകൃഷിക്കളങ്ങളിലും മറ്റും നിശ്ചിതസമയം മുഴുവൻ ജോലി ചെയ്തില്ലെന്ന് ആരോപിക്കപ്പെട്ട് കൈക്കുഞ്ഞുങ്ങളോടുകൂടിയ ഒന്നരലക്ഷത്തോളം കർഷകസ്ത്രീകൾ സോവിയറ്റ് ജയിലുകളിൽ ഉണ്ടായിരുന്നു.

ഒരുവശത്ത് കാല്പനികമായ മനോഹരസങ്കല്പം, മറുവശത്ത് മനുഷ്യസമൂഹം നാളിതുവരെ കണ്ടിട്ടില്ലാത്തവിധം ക്രൂരവും ഭീകരവുമായ പ്രയോഗരൂപങ്ങൾ - ഇതൊക്കെയാണ് മാർക്സിസം അവശേഷിപ്പിച്ച ബാക്കിപത്രം. അതിൽ അന്തർലീനമായ സൈദ്ധാന്തികവൈരുദ്ധ്യങ്ങളും പാളിച്ചകളും തന്നെയാണ് ഈ വിപര്യയത്തിനു കാരണം. പരാജയകാരണങ്ങൾ തേടേണ്ടതും അവിടെത്തന്നെയാണ് എന്ന മുന്നറിയിപ്പോടെ ഈ കൃതി സമാപിക്കുന്നു. എന്നാൽ തികച്ചും വിഭിന്നമായ രീതിയിൽ ഒരു ആഗോളസമൂഹസൃഷ്ടി സാദ്ധ്യമാണെന്നും ചരിത്രം ആ ദിശയിൽത്തന്നെയാണ് നീങ്ങുന്നതെന്നും വേണു പറഞ്ഞുവെക്കുന്നു. പക്ഷേ അതിൽ തൊഴിലാളിവർഗ്ഗത്തിന് നേതൃപരമായതുപോകട്ടെ എടുത്തുപറയാവുന്ന പങ്കുപോലുമില്ല.

ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അറുപതുകളിൽ പിളർന്നപ്പോൾ നക്സലുകൾ ചൈനയുടെ പാതയാണ് പിന്തുടർന്നത്. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഗ്രന്ഥകാരനിൽ ഉണ്ടോ എന്നു സംശയിക്കണം. ചൈനയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതി വിശദമായി പരിശോധിക്കുന്നതിനിടെ അത് തികഞ്ഞ പരാജയമായിരുന്നു എന്ന് കണ്ടെത്തുമ്പോഴും മാവോ സേതുങ്ങിന്റെ പ്രവർത്തനശൈലിയിൽ ജനാധിപത്യപരമായ ഒരു അടിസ്ഥാനഘടകം ഉണ്ടായിരുന്നു എന്നും പ്രസ്താവിക്കുന്നു. ഗോർബച്ചേവിന്റെ നവീകരണം പാർട്ടിയേയും സോവിയറ്റ് യൂണിയനേയും തകർച്ചയിലേക്കു നയിച്ച 1990-കളുടെ തുടക്കത്തിൽ ലേഖകൻ എഴുതിയ സുദീർഘമായ പഠനങ്ങൾ അനുബന്ധമായി പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ലഘുലേഖയ്ക്കു സമാനമായ അത് കൃതിയുടെ വായനാക്ഷമത കുറയ്ക്കുന്നതോടൊപ്പം ആ ഘട്ടത്തിൽപ്പോലും മാർക്സിസം സൈദ്ധാന്തികമായിത്തന്നെ തെറ്റാണ് എന്ന നിഗമനത്തിൽ വേണു എത്തിച്ചേർന്നിരുന്നില്ല എന്നും തെളിയിക്കുന്നു. ഇന്ത്യയിലെ പാർട്ടിസംവിധാനത്തിന്റെ ഉയർച്ചതാഴ്ചകൾ ഉൾക്കൊള്ളുന്ന ഒരദ്ധ്യായം കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ. പുന്നപ്ര-വയലാർ, തെലങ്കാന കലാപങ്ങളുടെ യഥാർത്ഥ ഉദ്ദേശവും രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഭജനത്തിൽ പാർട്ടിയുടെ നയമെന്തായിരുന്നു എന്നും ഗ്രഹിക്കാൻ അത് സഹായകമായേനെ.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Marxism - Uthbhavavum Vikasavum Parajayavum'
Author: K. Venu
Publisher: Prism Books, 2023 (First)
ISBN: 9789391841195
Pages: 243
 

Sunday, August 28, 2022

ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ

അറുപതുകളുടെ അന്ത്യത്തോടെ കേരളത്തിൽ ഉയർന്നുവന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക ആചാര്യനായിരുന്നു ശ്രീ. കെ. വേണു. ഭരണഘടനയെ വെല്ലുവിളിച്ചു നടത്തപ്പെട്ട അക്രമപ്രവർത്തനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം സ്വന്തം തലയിൽ പേറേണ്ടി വന്നതിനാൽ അദ്ദേഹത്തിന് ദീർഘകാലം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. സ്വതന്ത്രനായപ്പോഴേക്കും ലോകം മാറിക്കഴിഞ്ഞിരുന്നു. സോവിയറ്റ് ചേരിയുടെ അപ്രതീക്ഷിതമായ തകർച്ച ലോക ഇടതുപക്ഷത്തെയെന്നപോലെ വേണുവിനേയും ഞെട്ടിച്ചു. എന്നാൽ അവർക്കില്ലാതിരുന്ന ഒന്ന് അദ്ദേഹത്തിനുണ്ടായിരുന്നു - ബൗദ്ധികമായ സത്യസന്ധത. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എവിടെയാണ് പിഴച്ചത് എന്ന അന്വേഷണം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് മാർക്സിസത്തിന്റെ താത്വികതലത്തിലും പ്രായോഗികതലത്തിലും ഗുരുതരമായ പിഴവുകൾ ആദ്യംമുതലേ ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ്. മാർക്സിനും ലെനിനുമെല്ലാം ഭീമമായ ആശയവങ്കത്തരങ്ങൾ സംഭവിച്ചിരുന്നു എന്നും അദ്ദേഹം മനസ്സിലാക്കി. തന്റെ ഗവേഷണത്തിനൊടുവിൽ ലെനിൻ തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം തൻ കരഞ്ഞുപോയി എന്ന് വേണു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും യഥാർത്ഥ ജനാധിപത്യരീതിയിൽ പ്രവർത്തിക്കാനാവുകയില്ലെന്നും, ഇന്നത്തെ ലോകത്തിന്റെ ജീവവായുവാകേണ്ട ബഹുസ്വര ജനാധിപത്യസംവിധാനത്തിൽ അതിന് യാതൊരു പങ്കും വഹിക്കാനില്ലെന്നുമാണ് നിരവധി ലേഖനങ്ങളുടെ സമാഹാരമായ ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്. മാർക്സിസ്റ്റ് സൈദ്ധാന്തികവിമർശനത്തോടൊപ്പം കേരളത്തിന്റെ വികസനത്തിന് ഇടതുപക്ഷം എങ്ങനെയാണ് വിലങ്ങുതടിയായതെന്നും ലോകപൊലീസായ അമേരിക്ക നേരിടുന്ന ഭീകരവാദ വെല്ലുവിളികൾ പുതിയൊരു ലോകസൃഷ്ടിയിലേക്ക് എങ്ങനെ നയിക്കുമെന്നും 1999 മുതൽ 2002 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട ഈ പത്തുലേഖനങ്ങളിൽ കാണാം.

മാർക്സിസം-ലെനിനിസത്തെ താത്വിക-പ്രായോഗിക തലങ്ങളിൽ എതിർക്കുമ്പോഴും ചരിത്രത്തെ വിശകലനം ചെയ്യാൻ മാർക്സ് സ്വീകരിച്ച വൈരുദ്ധ്യാത്മകരീതി വളരെ ശാസ്ത്രീയവും എല്ലാക്കാലത്തും പ്രസക്തവുമാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. അനന്തമായ സാധ്യതകളുള്ള, എന്നാൽ ശൈശവാവസ്ഥയിൽ മാത്രം എത്തിനിൽക്കുന്ന ഒരു ദാർശനിക പദ്ധതിയാണ് മാർക്സിന്റേത്. അതിന്റെ സാദ്ധ്യതകൾ ഭാവിയിലാണ് കൂടുതൽ ഉപയുക്തമാകാൻ പോകുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 150 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലെഴുതിയ ലേഖനത്തിൽ തന്റെ ഭൂതകാലബോദ്ധ്യങ്ങളെ പൂർണമായും തള്ളിക്കളയാത്ത വേണുവിനെ നമുക്കു കാണാൻ കഴിയും. എന്നാൽ മാർക്സിസത്തെ പരിണാമസിദ്ധാന്തവും ആപേക്ഷികസിദ്ധാന്തവും പോലുള്ള ശാസ്ത്രസങ്കേതങ്ങളോട് തുലനം ചെയ്യുന്നത് ബാലിശമായിപ്പോയി. മാർക്സിസത്തെ എന്തുകൊണ്ട് ഒരു ശാസ്ത്രസിദ്ധാന്തമായി പരിഗണിക്കുന്നുവെന്നും അതിന്റെ ശരിതെറ്റുകൾ പരീക്ഷിക്കാനുള്ള ശാസ്ത്രപരീക്ഷണരീതികൾ മാർക്സിസം എങ്ങനെ നേരിടുമെന്നും ലേഖകൻ വിശദീകരിക്കുന്നുമില്ല.

മാർക്സിസ്റ്റ് ദർശനത്തെക്കുറിച്ച് വേണുവിനോളം ആഴത്തിൽ പഠിച്ചിട്ടുള്ള അധികം വിദഗ്ദ്ധർ കേരളത്തിലില്ല. അതുകൊണ്ടുതന്നെ ആചാര്യന്മാർക്ക് പിഴച്ചതെവിടെയെന്ന് അദ്ദേഹം വിശദീകരിക്കുമ്പോൾ അത് ചരിത്രവിദ്യാർത്ഥികൾ ശ്രദ്ധാപൂർവം മനസ്സിരുത്തേണ്ടതാണ്. വിപ്ലവാദർശങ്ങൾ പൊടുന്നനെ യാഥാർഥ്യമായ 1871-ലെ പാരീസ് കമ്മ്യൂൺ മാർക്സ് നേരിൽ കണ്ടതാണെങ്കിലും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹത്തിനായില്ല. ഏതാനും ആഴ്ചകൾക്കുശേഷം കമ്മ്യൂൺ തകർന്നപ്പോൾ അമിതമായ അധികാരവികേന്ദ്രീകരണമാണ് പരാജയകാരണമെന്ന് മാർക്സ് വിലയിരുത്തി. ലെനിൻ 'എല്ലാ അധികാരവും സോവിയറ്റുകൾക്ക്' എന്ന മുദ്രാവാക്യത്തിലൂടെ വികേന്ദ്രീകരണം വാഗ്ദാനം ചെയ്തുവെങ്കിലും വിപ്ലവം തൊഴിലാക്കിയ പ്രവർത്തകരടങ്ങുന്ന പാർട്ടി സംവിധാനം 'വിപ്ലവത്തിന്റെ മുന്നണിപ്പോരാളികൾ' എന്ന മട്ടിൽ നിലനിർത്തി. എന്നാൽ ഒക്ടോബർ വിപ്ലവത്തിനുശേഷം മുഴുവൻ അധികാരവും കയ്യിലെത്തിയപ്പോൾ ലെനിന്റെ തനിനിറം പുറത്തുവന്നു. സോവിയറ്റുകൾ സോഷ്യലിസ്റ്റ് രാഷ്ട്രീയഘടനയിലെ പൽച്ചക്രങ്ങൾ മാത്രമാണെന്നും ബോൾഷെവിക്കുകളുടെ ഏകപാർട്ടി സ്വേച്ഛാധിപത്യം മാത്രമാണ് ശരിയായ പാതയെന്നും അദ്ദേഹം നിലപാട് മാറ്റി. 1921-ലെ പാർട്ടി കോൺഗ്രസ്സോടെ അന്നത്തെ പ്രതിപക്ഷകക്ഷികളെ മുഴുവൻ ലെനിൻ ഇല്ലായ്മചെയ്തു.  സ്റ്റാലിൻ കൂടുതൽ ഊർജസ്വലതയോടെ ഈ നയങ്ങൾ അതിന്റെ പൂർണതയിലെത്തിച്ചപ്പോൾ എല്ലാ അധികാരവും സമ്പത്തും, ജനസംഖ്യയുടെ മൂന്നോ നാലോ ശതമാനം മാത്രം വരുന്ന പാർട്ടി ഉദ്യോഗസ്ഥവൃന്ദത്തിന്റെ കൈകളിൽ കേന്ദ്രീകരിച്ചു. ഏകപാർട്ടി സ്വേച്ഛാധിപത്യത്തിൽ അധിഷ്ഠിതമായ സർക്കാർ മുതലാളിത്തം മാത്രമാണ് സോഷ്യലിസമെന്ന പേരിൽ അവിടെ നിലനിന്നത്. അത്തരമൊരു സമ്പ്രദായം ഇനി തിരിച്ചുവരിക സാദ്ധ്യമല്ല. ഈയൊരു ഘട്ടത്തിലും ഭാവിയെക്കുറിച്ച് ലേഖകന് ശുഭപ്രതീക്ഷയുണ്ട്. ജനാധിപത്യത്തിന്റെ പാത സ്വീകരിക്കുന്നതും മുതലാളിത്തത്തിന്റെ കഴുത്തറപ്പൻ മത്സരത്തിന് കടിഞ്ഞാണിടാൻ സഹായിക്കുന്നതുമായ സോഷ്യലിസ്റ്റ് ചായ്‌വുള്ള ജനാധിപത്യപ്രസ്ഥാനങ്ങൾ വളർന്നുവന്നേക്കാം എന്നദ്ദേഹം പ്രത്യാശിക്കുന്നു.

കേരളത്തിന്റെ ഉത്പാദനമേഖലയിലെ മുരടിപ്പിനുകാരണമായ തീവ്ര ഇടതുപക്ഷചായ്‌വിനെക്കുറിച്ച് ഗ്രന്ഥകർത്താവിന്റെ മറ്റുപുസ്തകങ്ങളിലും ധാരാളമായി പരാമർശിക്കുന്നതുപോലെ ഇതിലുമുണ്ട്. റഷ്യയിലും ചൈനയിലും വൻകിട ഭൂവുടമകളും വൻകിട വ്യവസായികളും മാത്രമായിരുന്നു വിപ്ലവത്തിന്റെ ശത്രുക്കളെങ്കിൽ കേരളത്തിൽ അത്താഴപ്പട്ടിണിക്കാരായ കുടിൽവ്യവസായികളെപ്പോലും മുതലാളികളായാണ് എണ്ണിയത്. പരമ്പരാഗത വ്യവസായങ്ങളുടേയും കൃഷിയുടേയും ആധുനികവൽക്കരണം കൂടി തടയപ്പെട്ടതോടെ കേരളത്തിന്റെ വികസനസാധ്യതകൾ പൂർണമായി അടഞ്ഞു. ഇവിടത്തെ വലതുപക്ഷം പോലും ആശയപരമായി ഇടതുപക്ഷത്തിനുപുറകേ ഇഴയുകയായിരുന്നു എന്ന സുപ്രധാന നിരീക്ഷണവും വേണു നടത്തുന്നുണ്ട്. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ നിരീക്ഷിച്ചെഴുതിയ ഒരു ലേഖനത്തിൽ ലോകരാഷ്ട്രീയത്തിന്റെ അനിവാര്യമായ ഗതിമാറ്റവും അദ്ദേഹം ചർച്ച ചെയ്യുന്നു. എന്നാൽ അമേരിക്കയോടുള്ള പണ്ടുമുതലുള്ള ആശയപരമായ ശത്രുത ഓരോ വരിയിലും തെളിഞ്ഞുകാണാം. അതിനായി ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശാൻ പോലും ശ്രമിക്കുന്നുമുണ്ട്. സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണം അമേരിക്കയിൽ നടക്കുമ്പോൾ അതിനെ ചെറുക്കാൻ ഭീകരവാദത്തിനുമാത്രമേ കഴിയൂ എന്ന വിചിത്രമായ കണ്ടെത്തൽ പിറവിയെടുക്കുന്നതിന്റെ ബൗദ്ധികപരിസരം ഇതാണ് (പേജ് 116). മുതലാളിത്തം നാളിതുവരെ നേരിട്ടതിൽ വെച്ചേറ്റവും വലിയ പ്രതിസന്ധിയാണിത്. മുതലാളിത്തത്തിന്റെ അനീതിയുടേയും അടിച്ചമർത്തലിന്റേയും ഉപോല്പന്നമാണ് ഭീകരവാദം എന്നു സ്ഥാപിക്കുമ്പോൾ അതിന് മതാന്ധത എങ്ങനെ വളമാകുന്നു എന്ന് ലേഖകൻ പരിശോധിക്കുന്നില്ല.

വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനസമാഹാരമാണീ പുസ്തകം. മലയാളത്തിലെ ആനുകാലികങ്ങളിൽ ലേഖകൻ എഴുതിയതും, അതിനെ വിമർശിച്ചെഴുതിയവർക്കുള്ള മറുപടികളുമാണ് ഇതിൽ കാണുന്നത്. പ്രസിദ്ധീകരിച്ച് ഇരുപതു വർഷത്തിനുശേഷം വായിക്കുമ്പോഴും കമ്യൂണിസത്തിന്റെ ആശയപരമായ ആ വിശകലനങ്ങളുടെ മൂർച്ച കുറഞ്ഞിട്ടില്ലെന്നു ബോദ്ധ്യപ്പെടും. തന്റെ വിമർശകർക്കുനേരെ എയ്യുന്ന കൂരമ്പുകൾ ചിലതെങ്കിലും അതിരുകടക്കുന്നതാണോ എന്ന് വായനക്കാർക്ക് സംശയം തോന്നാം. ചില അഭിപ്രായങ്ങൾ വ്യക്തിപരമായിത്തന്നെ അവരെ മുറിവേൽപ്പിക്കാനും സാധ്യതയുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Oru Janadhipathyavadiyude Veenduvicharangal'
Author: K Venu
Publisher: Haritham Books, 2002 (First)
ISBN: Nil
Pages: 126