Showing posts with label ജീവചരിത്രം. Show all posts
Showing posts with label ജീവചരിത്രം. Show all posts

Wednesday, July 29, 2026

ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം

യൂറോപ്പിലെ ജ്ഞാനോദയം (Enlightenment) സാഹിത്യത്തിൽ അടിയാളവർഗ്ഗത്തിന്റെ താല്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് വഴിമരുന്നിട്ടു. അതിന്റെ ചുവടുപിടിച്ച് ലോകമെങ്ങും സാഹിത്യം സാധാരണജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രസ്ഥാനങ്ങൾ രൂപമെടുത്തു. തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനം ജ്ഞാനോദയത്തിന് സമകാലികമായിരുന്നെങ്കിലും അതിൽ നിന്നുള്ള പ്രചോദനങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം സാർവത്രികമായതോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നവീനമായ സാഹിത്യപ്രസ്ഥാനങ്ങൾ ഭാരതീയഭാഷകളിൽ പിടിമുറുക്കി. മലയാളത്തിൽ അത് ദൃശ്യമായത് മുഖ്യമായും ചങ്ങമ്പുഴയുടെ കവിതകളിലൂടെയാണ്. ലളിതവും താളാത്മകവുമായ പദങ്ങളും ഹൃദ്യമായ ഈണവും ഇവയെ ഉറക്കെച്ചൊല്ലുവാൻ സഹൃദയരെ പ്രേരിപ്പിച്ചു. വിദ്യാഭ്യാസപരമായ നവോത്ഥാനം കേരളക്കരയെ സ്പർശിച്ച സമയമായതിനാൽ അനുവാചകരുടെ എണ്ണത്തിലും ഈ പുതിയ പ്രസ്ഥാനം 'ശ്ലോകമുത്തശ്ശിയെ' കടത്തിവെട്ടി. ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലിരിക്കുന്ന ചലച്ചിത്രഗാനപ്രസ്ഥാനവും ചങ്ങമ്പുഴ തുടങ്ങി വെച്ച പന്ഥാവിലൂടെയാണ് മുന്നോട്ടു നീങ്ങിയതെന്ന് കാണാൻ കഴിയും. ഇതിനെല്ലാം കാരണഭൂതനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രമാണ് ഈ കൃതി. എല്ലാ അർത്ഥത്തിലും കുത്തഴിഞ്ഞ ജീവിതം നയിച്ച ചങ്ങമ്പുഴയുടെ ആയുസ്സ് 36 വയസ്സിൽ ഒടുങ്ങിയതിന് ഒരാൾ മാത്രമേ ഉത്തരവാദിയായുള്ളൂ - ചങ്ങമ്പുഴ തന്നെ! കവിയുടെ സർഗപ്രപഞ്ചത്തേക്കാളുപരി അദ്ദേഹത്തിന്റെ വ്യക്തിജീവിതവും അതിലെ സദാചാരവിരുദ്ധമായ കൂർത്ത മുള്ളുകളിലുമാണ് ഈ ഗ്രന്ഥം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 
പൊതുവിൽ മറ്റു കവികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് ചങ്ങമ്പുഴയുടെ കാവ്യസപര്യയെ പൂർണ്ണമായും സ്വാധീനിച്ചിരുന്നത് എന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടിയ കൗമാരത്തിൽ സ്വഭാവത്തിലെ അഭിമാനബോധവും ജീവിതക്ലേശങ്ങളും എപ്പോഴും വിഷാദത്തിന് കാരണമായി. വികാരപരതയും ദുശ്ശാഠ്യവും നിരന്തരമായ അസ്വാസ്ഥ്യത്തിന് വഴിതെളിച്ചു. ചങ്ങമ്പുഴയുടെ വീക്ഷണത്തെ എക്കാലവും നയിച്ചത് വിചാരത്തിനേക്കാളുപരി വികാരമായിരുന്നു. ആ വികാരം തന്നിൽ മാത്രം സദാ കേന്ദ്രീകൃതമായിരുന്നുതാനും. ഏതെങ്കിലും ആശയവ്യവസ്ഥയോട് ബൗദ്ധികമായ സമരസപ്പെടൽ പരന്ന വായന ശീലമാക്കിയിരുന്ന കവി ഇടയ്ക്കിടെ നടത്തിയിരുന്നു. എന്നാൽ ആ പ്രസ്ഥാനത്തിലെ ചില വ്യക്തികളോട് പിന്നീടുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ആ പ്രസ്ഥാനങ്ങളെത്തന്നെ തള്ളിപ്പറയാൻ ചങ്ങമ്പുഴയെ പ്രേരിപ്പിച്ചു. കമ്യൂണിസ്റ്റ്, ആർഷഭാരത പ്രസ്ഥാനങ്ങളോട് തുടക്കത്തിൽ അനുഭാവം പുലർത്തിയ കവി പിന്നീടവയുടെ ബദ്ധശത്രുവായി മാറിയതിന്റെ പിന്നിലെ രഹസ്യം ഇതാണ്. ആശയപരമായ ഈ ഉപരിപ്ലവത ചങ്ങമ്പുഴയുടെ കാവ്യപ്രപഞ്ചത്തിന്റെ ശാപമായിരുന്നു. ഒട്ടേറെ വിമർശനങ്ങൾ ഇതിന്റെ പേരിൽ അദ്ദേഹം വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.
 
ചങ്ങമ്പുഴയുടെ കവിതകളുടെ ഒരു സാമാന്യ അവലോകനം ഭാഷാപണ്ഡിതൻ കൂടിയായ സാനു ഈ കൃതിയിലൂടെ നൽകുന്നു. കാവ്യരചനയെ സംബന്ധിച്ച കാല്പനികാദർശം (Romanticism) അതിന്റെ ശരിയായ രൂപത്തിൽ മലയാളത്തിൽ അവതരിപ്പിച്ചത് ചങ്ങമ്പുഴയായിരുന്നു. ആശാനിലും അതു പ്രകടമായിരുന്നെങ്കിലും അത് ക്ലാസിക്കൽ ശിക്ഷണത്താൽ നിയന്ത്രിതമായിരുന്നു എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. എന്നാൽ ആശാനിൽ നിന്ന് തികച്ചും വിഭിന്നമായി ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിൽ എന്നും സജീവഘടകമായി വർത്തിച്ചത് ആത്മരതി (narcissism) ആയിരുന്നു. 'ഞാൻ', 'എന്നെ', 'എനിക്ക്', 'എന്റെ' എന്നെല്ലാമുള്ള വാക്കുകൾ ഇത്രയധികം പ്രയോഗിച്ചിട്ടുള്ള മറ്റൊരു കവി മലയാളത്തിലില്ല. കവിതയിലെ വിഷാദഭാവം പലപ്പോഴും ജീവിതത്തിലുണ്ടായിരുന്നില്ല, പ്രത്യേകിച്ചും പ്രശസ്തനായിരുന്നപ്പോൾ. 'പാട്ടിൽ കരഞ്ഞ ഞാൻ ജീവിതപ്പൂമര/ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു' എന്ന് അദ്ദേഹം തന്നെ ഒരു കവിതയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. കവിയുടെ ഏറ്റവും വിഖ്യാതരചനയായ 'രമണന്റെ' തുടക്കം പ്രോത്സാഹജനകമായിരുന്നില്ല എന്ന അത്ഭുതപ്പെടുത്തുന്ന സത്യം ഈ കൃതി കാട്ടിത്തരുന്നു. ആരണ്യകവിലാപകാവ്യം (pastoral elegy) എന്ന കാവ്യരൂപത്തിലെ കൃതിയായിരുന്നു രമണൻ. എന്നാൽ അത് പ്രകാശിപ്പിക്കുവാൻ പ്രസാധകരാരും തയ്യാറായില്ല. ഒടുവിൽ എറണാകുളത്തെ ഏ.കെ. ഹമീദ് എന്നൊരു സഹൃദയൻ സ്വന്തം ചെലവിൽ അച്ചടിച്ച് പുറത്തിറക്കുകയാണുണ്ടായത്. തുടക്കത്തിൽ വില്പന തീരെ കുറവായിരുന്നു; ചങ്ങമ്പുഴ തന്നെ കോപ്പികൾ കൊണ്ടുനടന്നു വിറ്റു. മൂന്നുവർഷത്തിനു ശേഷമാണ് രണ്ടാം പതിപ്പിറങ്ങിയത്. എന്നാൽ അതിനുശേഷം അത്ഭുതപൂർവ്വമായ വളർച്ചയായിരുന്നു പ്രചാരത്തിൽ അത് സ്വന്തമാക്കിയത്. പക്ഷേ രമണന്റെ യഥാർത്ഥരൂപമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുമായി ചങ്ങമ്പുഴക്ക് കാര്യമായ ഹൃദയബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പകരം ഉണ്ടായിരുന്നത് ലേശം അസൂയയിലൂന്നിയ കിടമത്സരമായിരുന്നുവെന്നുമുള്ള നിരീക്ഷണം വായനക്കാരെ ഞെട്ടിക്കുന്നു.
 
മറ്റു ജീവചരിത്രങ്ങളിൽ നിന്ന് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത് അതിലെ മൂർച്ച നഷ്ടപ്പെടാത്ത വിമർശനശരങ്ങളാണ്, അത് സാഹിത്യപരമായാലും വ്യക്തിപരമായാലും. ആ കവിതകളുടെ അദ്വിതീയത അംഗീകരിച്ചുകൊണ്ടുതന്നെ സാനു അതിലെ പുഴുക്കുത്തുകളേയും തുറന്നുകാണിക്കുന്നു. അഞ്ഞൂറോളം ലഘുകവിതകളുള്ളതിൽ പൊതുജീവിതസ്പർശിയായ പ്രമേയങ്ങളെ അധികരിച്ചെഴുതിയവ പത്തു ശതമാനത്തോളമേ വരൂ. 'വാഴക്കുല'യാണ് ഈ വകുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രചന. എന്നിരുന്നാലും ഉപരിതലസ്പർശിയായ ആദർശസ്നേഹമായി മാത്രമേ അദ്ദേഹത്തിന്റെ പൊതുപ്രമേയപരാമർശങ്ങൾ കാണാൻ കഴിയുന്നുള്ളു. വ്യക്തിപരമായ കവിതകൾ നൂറുകണക്കിന് രചിച്ചിട്ടുണ്ടെങ്കിലും അവ ആഴമില്ലാത്തവയാണെന്ന ആരോപണം ശക്തമായിരുന്നു. പേന കയ്യിലെടുത്താൽ ഉടനെ കവിത വരികയായി, എന്നാൽ ഭാവകേന്ദ്രത്തിന് തീവ്രതയരുളുന്ന വാഗ്മിതയ്ക്കുവേണ്ടി സാധനയനുഷ്ഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് സാനു വിലയിരുത്തുന്നു. വേണ്ടത്ര ഗഹനതയില്ലാത്തതിനാൽ അത്രമാത്രം പ്രചാരം നേടിയിട്ടും ചങ്ങമ്പുഴക്കവിതയുടെ നേർക്ക് പ്രൗഢമാനസരായ വിമർശകർ പൊതുവിൽ അലംഭാവം കാട്ടി. വിഖ്യാത ഹാസ്യസാഹിത്യകാരനായ സഞ്ജയൻ 'കോരപ്പുഴ'യെന്ന പേരിൽ ചങ്ങമ്പുഴയുടെ കൃതികളെ നിശിതമായി പൊളിച്ചടുക്കി. സഞ്ജയന്റെ കുറ്റപ്പെടുത്തലുകൾ നിരവധിയായിരുന്നു. ചിന്തയുടെ ആഴമില്ലായ്മ, ബുദ്ധിയുടെയും വിവേചനാശക്തിയുടെയും അഭാവം, വെറും വികാരപരത, ഒരിക്കൽ പറഞ്ഞതുതന്നെ പിന്നെയും പിന്നെയും ആവർത്തിക്കൽ, പുതുതായി ഒന്നും പറയാനില്ലായ്മ - ഇവയെല്ലാമായിരുന്നു വെണ്മണി-ശീവൊള്ളിക്കവിതകളുടെയെന്നപോലെ ചങ്ങമ്പുഴക്കവിതകളുടെയും മൗലികമായ സ്വഭാവം. 1940-ൽ തൃപ്പൂണിത്തുറയിലെ മഹാത്മാ വായനശാലക്കാർ ചങ്ങമ്പുഴക്കവിത മനുഷ്യരെ അധഃപതിപ്പിക്കുമെന്നും അതിനാൽ അദ്ദേഹം കവിതയെഴുത്തു നിർത്തണമെന്നും പ്രമേയം പാസ്സാക്കി.
 
ചങ്ങമ്പുഴയുടെ വ്യക്തിജീവിതത്തിലെ ചില പൊരുത്തക്കേടുകൾ തുറന്നുതന്നെ പ്രസ്താവിച്ചിരിക്കുന്നതിനാൽ ഈ പുസ്തകം സവിശേഷശ്രദ്ധയാകർഷിക്കുന്നു. കവിയുടെ മരണത്തിനു ശേഷം 40 വർഷങ്ങൾ കൂടി കഴിഞ്ഞാണ് ഈ പുസ്തകം പുറത്തുവരുന്നതെന്നതിനാൽ കുറച്ചൊക്കെ സ്വാതന്ത്ര്യം ഗ്രന്ഥകാരനുണ്ട്. മനുഷ്യനിർമ്മിതമായ സദാചാരമൂല്യങ്ങളെ തൃണവൽഗണിച്ചിരുന്ന ചങ്ങമ്പുഴ സ്വന്തം വിക്രിയകളാൽ കുഴപ്പങ്ങളിൽ ചെന്നുചാടിയപ്പോൾ സമുദായത്തെ ഒന്നടങ്കം ചീത്തവിളിച്ചു. നശ്വരവും അസ്ഥിരവുമായ ലോകത്തിൽ അനശ്വരവും സ്ഥിരവുമായ വികാരലഹരിയാർന്ന പ്രേമം നേടുക എന്നതായിരുന്ന ചങ്ങമ്പുഴയുടെ സ്വഭാവം. സ്വാഭാവികമായും ഇത് ഒന്ന് നേടിക്കഴിഞ്ഞതിനു ശേഷം അടുത്തതിലേക്ക് തൃപ്തി വരാതെ ചാടുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. സ്ത്രീവിഷയത്തിലുള്ള തന്റെ 'വിജയങ്ങൾ' കൂട്ടുകാരോട് പറഞ്ഞു ചിരിക്കുന്ന അത്ര നല്ലതല്ലാത്ത സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയറിയിലെ ഒരു പേജ് ഉദ്ധരിച്ചിരിക്കുന്നത് രസകരമാണ് - "വൈകുന്നേരം ക്ഷേത്രത്തിൽ പോയി. ധാരാളം സ്ത്രീകൾ ദർശനത്തിനു വന്നിരുന്നു" എന്നായിരുന്നു അത്! പല ജീവിതാനുഭവങ്ങളെയും മുൻനിർത്തി രചിച്ച കവിതാഭാഗങ്ങൾ ക്രമം തെറ്റാതെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരം വെച്ചാണ് ഏതു സംഭവമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയുന്നത്. തികഞ്ഞ ഈശ്വരവിശ്വാസിയും അവസാനകാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയും ആയിരുന്നതിനാൽ ഇടതുസാഹിത്യകാരന്മാർക്ക് അദ്ദേഹത്തെ അത്ര പഥ്യമല്ല. ചങ്ങമ്പുഴയുടെ ചില അപൂർവ മുൻകാല ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ ആകർഷകമാണ്. 
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Changampuzha Krishnapilla - Nakshathrangalude Snehabhajanam'
Author: M K Sanoo
Publisher: DC Books, 2025 (First published 1988)
ISBN: 9788126409389
Pages: 224
 
 

Thursday, June 19, 2025

കേരളത്തിന്റെ ദാരാ ഷുക്കോ

ഇസ്ലാമികചരിത്രത്തിലെ ഒരു തിളങ്ങുന്ന അദ്ധ്യായമാണ് സലാഹുദീൻ അയൂബി എന്ന ഈജിപ്ഷ്യൻ ചക്രവർത്തിയുടെ ഭരണകാലം. മദ്ധ്യകാലഘട്ടത്തിൽ അപൂർവമായ സഹാനുഭൂതിയും കരുണയും സലാഹുദീനെ വ്യത്യസ്തനാക്കി. ഈജിപ്തിൽ നിലവിലിരുന്ന ഫാത്തിമിയ രാജവംശത്തെ പുറത്താക്കി തന്റെ അയൂബി വംശത്തിന്റെ ആധിപത്യം സ്ഥാപിച്ച ഇദ്ദേഹത്തിന്റെ തുടർന്നുള്ള ഒരു പ്രവൃത്തി ശ്രദ്ധേയമാണ്. ഗംഭീരമായ ഒരു പുസ്തകശാല ഫാത്തിമിയകൾക്ക് സ്വന്തമായിരുന്നു. ഉടമസ്ഥർ കീഴടങ്ങിയതിനുശേഷം അതെന്തു ചെയ്യണം എന്ന് സലാഹുദീനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: "ഈ പുസ്തകങ്ങളിലെ അറിവ് വിശുദ്ധ ഖുർആന്റെ സന്ദേശത്തിനു വിരുദ്ധമാണെങ്കിൽ അവ നശിപ്പിച്ചു കളയുക. മറിച്ചാണെങ്കിൽ നമുക്ക് ഈ ഗ്രന്ഥങ്ങളുടെ ആവശ്യമേയില്ലല്ലോ"! ആ ഗ്രന്ഥങ്ങളെല്ലാം പൊട്ടവിലയ്ക്ക് തൂക്കിവിറ്റു എന്നാണ് ഫലശ്രുതി. ഇസ്ലാമികലോകത്തിലെ ഏറ്റവും സംസ്കാരസമ്പന്നനായ ഒരു ഭരണാധികാരിയുടെ സഹിഷ്ണുതയാണ് ഈ വാക്കുകളിൽ വെളിവാകുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ഷാജഹാൻ ചക്രവർത്തിയുടെ മകനായി ദാരാ ഷുക്കോ എന്നൊരു രാജകുമാരൻ ഭൂജാതനായി. മുഗൾ വംശം അടിമകളെപ്പോലെ ചവിട്ടിത്തേച്ചുകൊണ്ടിരുന്ന ഹിന്ദു സമൂഹത്തിനും പുണ്യഗ്രന്ഥങ്ങളുണ്ടെന്നും അവയിലെ വിജ്ഞാനം ലോകശ്രദ്ധയ്ക്ക് പാത്രമാക്കേണ്ടതാണെന്നും അദ്ദേഹത്തിനുതോന്നി. ഭഗവദ് ഗീത ഉൾപ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങൾ ഈ കുമാരന്റെ പ്രേരണയിൽ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയും ഹിന്ദു പണ്ഡിതരെ ആശയവിനിമയത്തിൽ പങ്കാളികളാക്കുകയും ചെയ്തു. എന്നാൽ അധികാരമത്സരത്തിൽ സഹോദരനായ ഔറംഗസീബിനോട് തോറ്റുപോയ ദാരയുടെ ശിരസ്സ് വെട്ടിയെടുത്ത് പ്രഭാതഭക്ഷണത്തിനിരുന്ന ഔറംഗസീബിന്റെ തീൻമേശയിൽ ഒരു വെള്ളിപ്പാത്രത്തിൽ നിരത്തി എന്നാണ് പറയപ്പെടുന്നത്. സഹിഷ്ണുതയുടെ കാര്യത്തിൽ ഇസ്ലാമികസമൂഹത്തിന്റെ മുൻകാലപ്രവൃത്തികൾ ഇങ്ങനെയായിരിക്കേ അന്യമതദർശനങ്ങളെക്കുറിച്ച് പഠിക്കുവാനുള്ള ആഗ്രഹം പ്രദർശിപ്പിക്കുകയും അവയുടെ പരിഭാഷയും നിർവഹിച്ച കരുനാഗപ്പള്ളി സ്വദേശിയായ വിദ്വാൻ ഏ. ഇസ്‌ഹാഖ് സാഹിബിന്റെ ജീവിതമാണ് ഈ കൃതി നമുക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യാപകനും രാഷ്ട്രീയനേതാവുമായ കെ. ടി. ജലീൽ ആണ് ഇതു രചിച്ചിരിക്കുന്നത്.
 
വിദ്വാൻ ഏ. ഇസ്‌ഹാഖ്‌ സാഹിബ് (1914 - 1998) കരുനാഗപ്പള്ളി സ്വദേശിയാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് വിദ്വാൻ പരീക്ഷ വിജയിച്ചതിനുശേഷം അദ്ദേഹം മലയാളം, സംസ്കൃതം ഭാഷകളുടെ അദ്ധ്യാപകനായി സർക്കാർ സർവീസിൽ നിരവധി വർഷം സേവനമനുഷ്ഠിച്ചു. സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്‌കൂളിൽ എത്തിയതിനുശേഷം അവിടെനിന്ന് വിരമിച്ചു. അലനല്ലൂരിൽ വീടും പറമ്പും വാങ്ങി സ്ഥിരതാമസമാക്കിയതിനുശേഷമാണ് സാഹിബിന്റെ സാഹിത്യരചനാവൈഭവം പൂർണമായി  വെളിവാക്കപ്പെട്ടത്. ഭാഷാദ്ധ്യയനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹം ഭാഷ വ്യക്തവും സ്ഫുടവുമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും പറഞ്ഞുമനസ്സിലാക്കി. 'പശു' എന്ന് ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ തന്നെ പുറത്തിറങ്ങിയാൽ അതിനെ 'പജ്ജ്' എന്നു വിളിക്കുന്നതിനെ നിശിതമായി വിമർശിച്ചു. ഭഗവദ് ഗീത, മനുസ്‌മൃതി, തിരുക്കുറൾ (അപൂർണം), നീതിശതകം എന്നീ കൃതികളുടെ കാവ്യപരിഭാഷയും ലഘുകവിതകളും ലേഖനങ്ങളുമാണ് ഇസ്‌ഹാഖിന്റെ സാഹിത്യസൃഷ്ടികൾ. ഈ മഹാത്മാവിനെ സാഹിത്യകേരളത്തിന് കാര്യമായി പരിചയമില്ല എന്നതിൽ നാം ലജ്ജിക്കേണ്ടതുണ്ടെന്നാണ് പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിരിക്കുന്ന ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ തെളിയിക്കുന്നത്.
 
'പലമതസാരവുമേകം' എന്ന ഗുരുദേവദർശനത്തെ സ്വന്തം ജീവിതത്തിൽ പകർത്തിയ വ്യക്തി എന്നാണ് ഇസ്‌ഹാഖിനെ ജലീൽ വിശേഷിപ്പിക്കുന്നത്. സർവമതധാർമികത എന്നൊക്കെ നമുക്ക് വീമ്പുപറയാൻ കൊള്ളാമെങ്കിലും 'ഞങ്ങളുടെ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല' എന്ന് ദിനംപ്രതി ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നതും അതും എങ്ങനെ ഒത്തുപോകും എന്ന് ന്യായമായും സംശയിക്കാവുന്നതാണല്ലോ. എന്നാൽ സാഹിബിന് ഈ വൈരുദ്ധ്യം ബൗദ്ധികമായ ഒരു തടസ്സമായിരുന്നില്ല. അറിവിന്റെ കൈമാറ്റത്തിലൂടെ ഏകമതദർശനം എന്ന ആദർശം സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനുവേണ്ടി യത്നിക്കുകയും ചെയ്തു. സംസ്കൃതഭാഷയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇസ്‌ഹാഖ്‌ അതിനെ നർമ്മം കലർത്തി നിത്യസംസാരഭാഷയുമായും ബന്ധപ്പെടുത്തി. എന്താണ് ഇലയിൽ പൊതിഞ്ഞുകൊണ്ടുപോകുന്നതെന്ന് വഴിമദ്ധ്യേ ഒരു സ്നേഹിതൻ ആരാഞ്ഞപ്പോൾ 'പത്രേ നിബദ്ധേ പ്രഥമാവതാരം' എന്നാണ് അദ്ദേഹം മറുപടി നൽകിയത്! ഇലയിൽ പൊതിഞ്ഞിരിക്കുന്നത് മഹാവിഷ്ണുവിന്റെ പ്രഥമാവതാരം - അതായത് മത്സ്യം - ആണെന്നാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ചോദ്യകർത്താവിന് ആശയം വ്യക്തമായോ എന്ന് രേഖപ്പെടുത്തിയിട്ടില്ല! ഹൈന്ദവ പ്രഭാഷണങ്ങളും ഇസ്‌ഹാഖ്‌ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരിക്കൽ അലനല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പ്രഭാഷണം നടക്കുമ്പോൾ സാഹിബ് പുറത്തിരുന്ന് കേൾക്കുകയായിരുന്നു. ചില ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാൽ സാഹിബ് പുറത്തുണ്ടെന്നു മനസ്സിലാക്കിയ പ്രഭാഷകൻ അദ്ദേഹത്തെ അകത്തുകടത്തിയാലേ പ്രഭാഷണം തുടരൂ എന്ന് നിർബന്ധം പിടിച്ചു. തുടർന്ന് പ്രവേശനം അനുവദിക്കുകയും പ്രസംഗം മുഴുവനായി ഇസ്‌ഹാഖ്‌ കേൾക്കുകയും ചെയ്തു. 

സാഹിബിന്റെ ഗീതാപരിഭാഷയിലെ രണ്ടദ്ധ്യായങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിനായി അനുബന്ധമായി ചേർത്തിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ പ്രചാരത്തിലിരുന്ന ശൈലിയിൽ മനോഹരമായ വാഗ്ഘടനയോടു കൂടിയ ഒരു പദ്യകൃതി തന്നെയാണിത്. ഗീതക്ക് മുപ്പതോളം മലയാളപരിഭാഷകൾ ഉണ്ടെന്നിരിക്കിലും കൈരളീ ഭഗവദ് ഗീതയെന്ന ഈ രചനക്കും നമ്മുടെ സാഹിത്യനഭസ്സിൽ ഒരു മികച്ച സ്ഥാനം ഉറപ്പാണ്. ഗീത വായിച്ചപ്പോൾ അത് 'ലോകോത്തരവും സാർവജനീനവുമായ തത്വരത്നങ്ങൾ ഉൾക്കൊള്ളുന്ന വിശിഷ്ടഗ്രന്ഥമാണെന്നും എല്ലാ മതസിദ്ധാന്തങ്ങളുടേയും സമാഹൃതസന്ദേശമാണെന്നും' മനസ്സിലായതായി ഗ്രന്ഥകാരൻ രേഖപ്പെടുത്തുമ്പോൾ അത് വിവിധമതങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ സമവാക്യങ്ങൾ കുറച്ചെങ്കിലും നിർദ്ധാരണം ചെയ്യാൻ സഹായിക്കാതിരിക്കില്ല. എന്നാൽ ഇതിലുമപ്പുറമായി ജലീൽ സോഷ്യലിസം, കമ്മൂണിസം തുടങ്ങിയ വർഗ്ഗവിഭാഗങ്ങളുടെ ആദർശങ്ങൾ ഗീതയിൽ കാണാം (പേജ് 57) എന്നു വാദിക്കുന്നത് രാഷ്ട്രീയമായ സ്വന്തം ചായ്‌വുകൾക്കുവേണ്ടിയുള്ള ഒരു താങ്ങായി മാത്രമേ കാണാനാകൂ.
 
ഇതൊരു ജീവചരിത്രമാണെങ്കിലും അത്തരം കൃതികളിൽ അന്തർലീനമായ ഒരു ചൈതന്യം ഈ പുസ്തകത്തിലില്ല. Obituary എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ചരമാനന്തര സ്മരണികയായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഇസ്‌ഹാഖിന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങൾ ഗ്രന്ഥകർത്താവ് പരിശോധിക്കുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുജനങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സഞ്ചയത്തിലേക്ക് ജലീൽ ഇറങ്ങിച്ചെന്നിട്ടില്ല എന്നു കാണാനാകും. ഗീതാ പരിഭാഷയിലെ രണ്ട് അദ്ധ്യായങ്ങൾ കൂടാതെ മനുസ്മൃതി പരിഭാഷയുടേയും രണ്ടദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് പേജ് 63-ൽ പറയുന്നുവെങ്കിലും അതു കാണുന്നില്ല. ഇസ്‌ഹാഖ്‌ സാഹിബിന്റെ ഈ വിധ സാഹിത്യപ്രവൃത്തികൾ ഇസ്ലാമികമൗലികവാദികളിൽനിന്ന് സ്വാഭാവികമായും എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ടാകാമെങ്കിലും അതിനെക്കുറിച്ച് തികഞ്ഞ നിശ്ശബ്ദത ഈ പുസ്തകം പാലിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. അത് യാതൊരെതിർപ്പും ഉണ്ടായില്ല എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമല്ലേ എന്നുകൂടി സംശയിക്കണം. പാലക്കാട്ടെ രമണാശ്രമവുമായുള്ള ബന്ധവും അവിടത്തെ ആചാര്യന്മാരുമായുള്ള ഇസ്‌ഹാഖിന്റെ സഹവാസവും സമൂഹത്തിലെ മതമൗലികവാദികളുടെ കണ്ണിലെ കരടായി മാറി എന്ന് സുഹൃത്തായ പട്ടലൂർ ദാമോദരൻ നമ്പൂതിരി മാഷ് രേഖപ്പെടുത്തുന്നത് പ്രത്യേകം ശ്രദ്ധിക്കണം (പേജ് 17). തന്റെ മതത്തിൽ അചഞ്ചലമായ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെയാണ് സാഹിബ് ഗീതാപഠനവും മറ്റും നടത്തിയതെന്ന സത്യം മൗലികവാദികൾ അതിന്റേതായ വികാരത്തിൽ ഉൾക്കൊണ്ടുവെന്നുവരില്ല. ആ അർത്ഥത്തിൽ ഈ വിഷയം തീർത്തും ഉപേക്ഷിച്ചുകളഞ്ഞത് ഈ പുസ്തകത്തിന്റെ ഗുരുതരമായ ഒരു പോരായ്മ തന്നെയാണ്. താളുകളുടെ എണ്ണം നന്നേ കുറവാണെങ്കിലും സമൂഹത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു സാഹിത്യകാരനെ അവതരിപ്പിക്കുന്നതുവഴി ഈ പുസ്തകം സവിശേഷമായ ശ്രദ്ധക്ക് പാത്രമാകുന്നു.
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Keralathinte Dara Shukkoh'
Author: K T Jaleel
Chintha Publishers, 2024 (First)
ISBN: 9789348009968
Pages: 111
 

Saturday, June 17, 2023

രവിവംശം

പരമ്പരാഗതകലകളുടെ കാര്യത്തിൽ കേരളം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ടെങ്കിലും ആധുനികകലകളിൽ അത്രതന്നെ പ്രാവീണ്യവും വിശ്വപ്രചാരവും ആർജിച്ച കലാകാരന്മാർ നമുക്ക് വളരെ കുറച്ചേയുള്ളൂ. ആധുനിക ചിത്രകലയിൽ അത്തരമൊരു പ്രകാശമാനമായ നക്ഷത്രമാണ് രാജാ രവിവർമ്മ. രാജ്യാധികാരമില്ലാത്ത കിളിമാനൂർ കോവിലകത്തെ രാജകുമാരന് ആദരപൂർവ്വം ജനങ്ങൾ ചാർത്തിക്കൊടുത്ത രാജാ എന്ന പദവി പോലും അക്കാലത്തെ അധികാരകേന്ദ്രങ്ങളെ എപ്രകാരം ചൊടിപ്പിച്ചു എന്നും ചിത്രകാരൻ അതിനെ എങ്ങനെ നേരിട്ടു എന്നുമൊക്കെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. രവിവർമ്മയുടെ കുടുംബത്തിന്റെ ഉത്പത്തി മുതൽ അദ്ദേഹത്തിന്റെ ചിത്രസപര്യയുടെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് ഭാരതീയദർശനങ്ങളേയും സംസ്കൃതിയേയും ഇതിവൃത്തമാക്കി, യൂറോപ്യൻ രീതിയിലുള്ള ആലേഖ്യസമ്പ്രദായത്തിലൂടെ തന്റേതായ രചനാശൈലി രവിവർമ്മ പാകപ്പെടുത്തിയതെങ്ങനെ എന്ന് ലഘുവിവരണങ്ങളിലൂടെ നൽകുകയാണ് ഈ കൃതി ചെയ്യുന്നത്. ശില്പകലയിൽ വിദ്യാഭ്യാസം നേടിയതിനുശേഷം പുരാവസ്തു വകുപ്പിൽ ദീർഘകാലം ജോലി നോക്കിയ എസ്. ഓമനക്കുട്ടൻ തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിൽ രവിവർമ്മച്ചിത്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്.
 
തിരുവിതാംകൂർ രാജവംശം പതിനാലാം നൂറ്റാണ്ടിൽ സ്ഥാണുരവിയുടെ കാലം മുതൽ മരുമക്കത്തായം സ്വീകരിച്ചിരുന്നവരാണ്. അവിടത്തെ രാജകുമാരിമാരുടെ ഭർത്താക്കന്മാരായി കിളിമാനൂർ, മാവേലിക്കര കോവിലകങ്ങളിലെ പുരുഷന്മാരെയാണ് സ്വീകരിച്ചിരുന്നത്. ഈ ദാമ്പത്യങ്ങളിൽ ജനിക്കുന്ന ആൺകുട്ടികൾ പലരും രാജപദവിയിലെത്തിയിരുന്നുവെങ്കിലും കോയിത്തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന രാജപിതാവിന് അണിയറയിൽത്തന്നെ കഴിയാനായിരുന്നു വിധി. മലബാറിലെ കോലത്തിരി രാജവംശത്തിലെ രണ്ടു താവഴികൾ പല കാരണങ്ങളാൽ നാടുവിട്ട് തിരുവിതാംകൂറിലെത്തി സ്ഥാപിച്ചവയാണ് കിളിമാനൂർ, മാവേലിക്കര കോവിലകങ്ങൾ. അതിനാൽത്തന്നെ വേണാടിന്റെ ചരിത്രത്തിലും തിരുവിതാംകൂറിലേക്കുള്ള വളർച്ചയിലും കോലത്തിരി രാജവംശത്തിന്റെ പങ്ക് നിഷേധാവഹമല്ല. ആ വംശത്തിന്റെ പൂർവ്വചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും സ്പർശിക്കാതെ രവിവർമ്മയുടെ ജീവചരിത്രം പൂർത്തീകരിക്കാനാവില്ല എന്നതിനാൽ ഗ്രന്ഥത്തിന്റെ ആദ്യഭാഗം അതിനായി നീക്കിവെച്ചിരിക്കുന്നു. അതിനായി മലബാറിലെ അവരുടെ മൂലകുടുംബങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗ്രന്ഥകാരൻ അവിടത്തെ ഇപ്പോഴത്തെ നിവാസികളുമായി സംസാരിക്കുന്നുമുണ്ട്. ചരിത്രപരമായ താല്പര്യങ്ങളേക്കാൾ ഒരു യാത്രാബ്ലോഗിന്റെ ഭാവഹാവാദികളാണ് ഇവിടെ കാണാൻ കഴിയുന്നത്. രവിവർമ്മയുടെ പിതാവ് എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിയുടെ തറവാടും ഇത്തരത്തിൽ സന്ദർശിക്കുന്നുണ്ട്.

കിളിമാനൂർ കോവിലകത്ത് ചിത്രകലാവൈദഗ്ധ്യത്തിന്റേതായ ഒരു ജനിതകസവിശേഷത ഉണ്ടായിരുന്നതായി അവിടത്തെ തലമുറകളെ പരിശോധിച്ചാൽ കാണാൻ കഴിയും. രവിവർമ്മയുടെ മുത്തശ്ശി രോഹിണി തിരുനാൾ തമ്പുരാട്ടി കോവിലകത്ത് ഒളിച്ചുതാമസിച്ചിരുന്ന രണ്ടു ചിത്രകാരന്മാരിൽനിന്ന് ചിത്രകല അഭ്യസിച്ചു. പിന്നീടവർ സഹോദരീപുത്രനായ രാജരാജവർമ്മയിലേക്ക് ആ പാടവം കൈമാറി. തഞ്ചാവൂർ, കേരളശൈലികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതി വികസിപ്പിച്ചെടുത്ത അദ്ദേഹം സ്വാതിതിരുനാളിന്റെ ആസ്ഥാനചിത്രകാരനായും പ്രവർത്തിച്ചിട്ടുണ്ട്. രവിവർമ്മയുടെ മാതുലനായിരുന്നു അദ്ദേഹം. കൂടാതെ രവിവർമ്മയുടെ സഹോദരൻ രാജരാജവർമ്മയും അനുഗ്രഹീതനായ ഒരു ചിത്രകാരനായിരുന്നു. രവിവർമ്മയുടെ പുത്രൻ രാമവർമ്മയും ഈ മേഖലയിൽ കഴിവുതെളിയിച്ചിട്ടുള്ളയാളാണ്. എന്നാൽ തുടക്കത്തിൽ ചിത്ര-ശില്പകലകൾ ഒരു മൂന്നാം കിട തൊഴിലായി കരുതിയിരുന്ന സമൂഹം ഒരു ക്ഷത്രിയരാജകുമാരൻ തന്റെ ജീവിതം തന്നെ അതിനായി ഉഴിഞ്ഞുവെക്കുന്നതുകണ്ട് അതിശയിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ സാഹിത്യപരമായ പ്രവർത്തനങ്ങൾ മാന്യമാണെന്നവർ കരുതി. മാവേലിക്കര ശാഖ അതിനാൽ ആ വഴിക്കാണ് പോയത്. കേരളകാളിദാസനും കേരളപാണിനിയുമെല്ലാം ആ ശൃംഖലയിലെ കണ്ണികളാണ്. യൂറോപ്യൻ ആലേഖനരീതിയിൽ പ്രാവീണ്യം നേടിയ രവിവർമ്മ ഭാരതീയദർശനവും സംസ്കൃതിയും മാത്രമല്ല ചിത്രീകരിച്ചിരുന്നത്. ദരിദ്രരായ നാടോടിഗായകരും അവരുടെ സംഗീതത്തിനൊപ്പം നൃത്തമാടുന്ന നർത്തകികളുമെല്ലാം അദ്ദേഹത്തിന്റെ ചിത്രപ്രതലത്തിൽ സന്നിവേശിക്കപ്പെട്ടു.

ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങളാണ് കേരളീയചിത്രകലയുടെ പരമ്പരാഗത മാതൃകകൾ. എന്നാൽ അവയിലെ അതിഭാവുകത്വവും കൃത്രിമത്വവും നിറഞ്ഞ ശൈലി ഒരിക്കലും രവിവർമ്മ സ്വീകരിച്ചില്ല. ദേവീദേവന്മാരുടെ രൂപനിർമ്മിതികളിൽ ഇതിഹാസസമാനമായ അമാനുഷഭാവം സൃഷ്ടിച്ചുമില്ല. ഏതു ദൈവത്തേയും മാനുഷികപരിവേഷത്തോടെ അദ്ദേഹം അവതരിപ്പിച്ചു. അതിന്റെ പേരിലുമുണ്ടായി വേണ്ടുവോളം വിമർശനങ്ങൾ. പരമ്പരാഗത തദ്ദേശീയ അധികാരസ്ഥാനങ്ങൾ രവിവർമ്മയെ അർഹിക്കുന്ന വിധത്തിൽ പ്രോത്സാഹിപ്പിക്കാതിരുന്നതാണ് പുത്തനും കാലികവുമായ വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചിത്രകാരനെ സഹായിച്ച ഒരു ഘടകം എന്ന് അസന്നിഗ്ദ്ധമായി പറയാവുന്നതാണ്. രാജാവായിരുന്ന ആയില്യം തിരുനാളിന്റെ വാത്സല്യഭാജനമായിരുന്നു രവിവർമ്മയെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സ്ഥാനമേറ്റ സഹോദരൻ വിശാഖം തിരുനാളിന് അദ്ദേഹത്തെ ചതുർത്ഥിയായിരുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് സഹോദരിയുടെ വിവാഹാലോചനക്കിടയിൽ നിറം കുറവാണെന്ന കാരണത്താൽ രവിവർമ്മയെ വിശാഖം തിരുനാൾ പരിഗണിക്കാതെ വിട്ടിരുന്നതാണത്രേ. ബ്രിട്ടീഷുകാരുമായുള്ള ചിത്രകാരന്റെ അടുത്ത ഇടപഴകലുകളും രാജാവിനെ അലോസരപ്പെടുത്തി. വെള്ളക്കാരനായ മദ്രാസ് ഗവർണറുമായി ചർച്ച നടത്തിക്കൊണ്ടിരിക്കവേ രവിവർമ്മയെ അകത്തേക്കുവിളിച്ച വേളയിൽ ഗവർണർ എഴുന്നേറ്റുനിന്നപ്പോൾ വിശാഖം തിരുനാളിനും എഴുന്നേൽക്കേണ്ടിവന്നു. തന്റെ ഒരു പ്രജയുടെ മുൻപിൽ എഴുന്നേറ്റുനിൽക്കേണ്ടിവന്നത് രാജാവിന്റെ അഹന്തയെ പ്രകോപിപ്പിച്ചു. തൽഫലമായി രവിവർമ്മ കൊട്ടാരത്തിൽനിന്നും ഏറെ വൈകാതെ തിരുവിതാംകൂറിൽനിന്നും നിഷ്കാസിതനാവുകയും മൈസൂർ, ബറോഡ, ഉദയ്‌പൂർ തുടങ്ങിയ രാജാക്കന്മാരുടെ ക്ഷണപ്രകാരം ഭാരതം ഒട്ടുക്കും സഞ്ചരിച്ച് ചിത്രരചനയിൽ ഏർപ്പെടുകയും ചെയ്തു. സ്വാഭാവികമായും ആധുനികത ആ ശൈലിയിൽ കടന്നുവന്നു.

പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രഭാത് ബുക്ക് ഹൗസ് ആയതിനാൽ രാഷ്ട്രീയഅജണ്ട എവിടെയെങ്കിലും ഒളിഞ്ഞിരിക്കാതെ വയ്യല്ലോ! ഗ്രന്ഥകാരന്റെ ഇടതുചായ്‌വ്‌ പ്രകടമാകുന്നത് ഹൈദരാലിയുടേയും ടിപ്പു സുൽത്താന്റേയും മലബാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ്. കോലത്തിരി കുടുംബക്കാർ മലബാർ വിടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൈസൂരിന്റെ ആക്രമണമായിരുന്നു. ഹൈദരാലിയെ തിരുവിതാംകൂർ രാജാവ് ക്ഷണിച്ചു എന്നാണ് ആരോപണം. 1753-ലെ കരപ്പുറം യുദ്ധത്തിൽ നാട്ടുകാരുടെ എതിർപ്പുണ്ടാവുകയും കലാപം അവസാനിപ്പിക്കുന്നതിനായി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മൈസൂർ സുൽത്താനായ ഹൈദരാലിയുടെ സഹായം ആവശ്യപ്പെടുകയും ചെയ്തു (പേജ് 81). എന്നാൽ 1753-ൽ ഹൈദരാലി മൈസൂരിലെ വോഡയാർ രാജാവിന്റെ ദിണ്ടിഗൽ സേനാദളത്തിന്റെ തലവൻ മാത്രമായിരുന്നു. നാടുവാഴികളുടേയും പ്രഭുക്കന്മാരുടേയും ദുർഭരണത്തിൽ വീർപ്പുമുട്ടിയിരുന്ന ജനതയുടെ മുന്നിൽ ടിപ്പുവിന് ലഭിച്ചത് വീരപരിവേഷമായിരുന്നുവത്രേ. രാജാക്കന്മാർ ചുമത്തിയിരുന്ന നികുതിസമ്പ്രദായങ്ങൾ ലഘൂകരിച്ച് ടിപ്പു ജനങ്ങളുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു (പേജ് 27). മുസ്ലിം ആക്രമണകാരികളെ നാട്ടുരാജാക്കന്മാർ ക്ഷണിച്ചുവരുത്തിയതാണെന്നും ആ ആക്രമണങ്ങൾക്കുപിന്നിൽ മതപരമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സാമ്പത്തികതാല്പര്യങ്ങൾ മാത്രമേയുള്ളൂവെന്നും സ്ഥാപിച്ചെടുക്കാൻ ഇടതു-ഇസ്ലാമിസ്റ്റ് ചരിത്രകാരന്മാർ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു തരികിട മാത്രമാണിത്. നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണപുരോഹിതരും ഇംഗ്ളീഷുകാരോട് കൂറ് പുലർത്തുന്നവരായിട്ടാണ് ടിപ്പു കണ്ടത്. അതിനാൽ അവരോടെല്ലാം കടുത്ത ശത്രുത പുലർത്തുകയും പരമാവധി പ്രതികാരനടപടികൾ സ്വീകരിക്കുകയും ചെയ്തു. അല്ലാതെ മതവിദ്വേഷമൊന്നുമല്ലെന്നാണ് ഓമനക്കുട്ടന്റെ അഭിപ്രായം. 'പാവം ടിപ്പു' എന്ന് വായനക്കാർ അറിയാതെ പറഞ്ഞുപോകില്ലേ? അവിടെയാണ് ഈ കുൽസിതതന്ത്രം വിജയിക്കുന്നത്.

ആഴത്തിലുള്ള ഗവേഷണമൊന്നുമില്ലെങ്കിലും വിരസത കൂടാതെ വായിച്ചുപോകാവുന്നതാണ് ഈ പുസ്തകം. രവിവർമ്മയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ മുൻപിവിടെ നിരൂപണം ചെയ്തിട്ടുണ്ട്. ദീപാഞ്ജനാ പാലിന്റെ The Painter, നേമം പുഷ്പരാജിന്റെ 'രാജാ രവിവർമ്മ: കല, കാലം, ജീവിതം', കിളിമാനൂർ ചന്ദ്രന്റെ 'രാജാ രവിവർമ്മയും ചിത്രകലയും' എന്നിവയിൽനിന്ന് ലഭിച്ചതിൽ കൂടുതലോ അവയിൽനിന്നു കിട്ടാത്ത എന്തെങ്കിലുമോ ഈ പുസ്തകത്തിലില്ല. കോലത്തിരി താവഴികളെക്കുറിച്ചുള്ള അന്വേഷണം പുതിയൊരു ചിന്താധാര എന്ന നിലയിൽ താല്പര്യമുണർത്തുന്നു. പുസ്തകത്തിന്റെ ശീർഷകം 'രവിവംശം' എന്നായതിനാലാകാം രാജവംശങ്ങളിലെ 'രവി' നാമധാരികളെ ക്രോഡീകരിക്കാൻ ഗ്രന്ഥകർത്താവ് ശ്രമിക്കുന്നു. പുരാവസ്തുവകുപ്പിൽ ജോലി ചെയ്തിരുന്ന ഗ്രന്ഥകാരൻ തന്റെ ഔദ്യോഗിക കർത്തവ്യത്തോട് നീതി പുലർത്താത്ത ചില അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്. രവിവർമ്മ രചിച്ച വെള്ളക്കാരായ ചില ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും സർക്കാർ സംരക്ഷിക്കുന്നുണ്ട്. 'പൂച്ചക്കണ്ണന്മാരുടെ അടിമകളായിരുന്നു നാം എന്ന് ഓർമ്മിപ്പിക്കുന്നതിനാൽ ഈ ചിത്രങ്ങൾ സംരക്ഷിക്കുവാനുള്ള ചുമതല ദൗർഭാഗ്യമായി നേരിട്ടു' എന്നാണദ്ദേഹത്തിന്റെ ആത്മഗതം. ആ ചിത്രങ്ങൾ ബ്രിട്ടീഷുകാർ നാടുവിട്ടപ്പോൾ അവരുടെ കയ്യിൽ കൊടുത്തുവിടണമായിരുന്നു എന്നാണോ ഇദ്ദേഹത്തിന്റെ അഭിപ്രായം? ആരുടെ ചിത്രമാണെങ്കിലും അവ വരച്ചത് രവിവർമ്മയല്ലേ? പൂച്ചക്കണ്ണന്മാർ എന്ന വിശേഷണത്തിലെ വംശീയ അധിക്ഷേപം എത്ര നിന്ദ്യമാണ്! മറ്റൊരിടത്ത് ഇങ്ങനെ കാണുന്നു: "ഏറെനാൾ തളർന്നിരിക്കാൻ രവിവർമ്മയിലെ ക്ഷത്രിയരക്തം അനുവദിച്ചില്ല" (പേജ് 162). ക്ഷത്രിയരക്തത്തിന് എന്തോ പ്രത്യേകതയോ മഹത്വമോ ഉണ്ടെന്നാണോ ഇടതുപക്ഷ അനുഭാവിയായ ഈ ഗ്രന്ഥകാരൻ കരുതിവെച്ചിരിക്കുന്നത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ravivamsham - Charithram, Jeevacharithram'
Author: S Omanakkuttan
Publisher: Prabhath Book House, 2020 (First)
ISBN: 9789389903935
Pages: 232

Monday, January 30, 2023

മഹാകവി കുമാരനാശാൻ

ശ്രീ. എം. കെ. സാനു രചിച്ച 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കുമാരനാശാന്റെ ജീവചരിത്രം മുൻപൊരിക്കൽ ഇവിടെ നിരൂപണം ചെയ്തിരുന്നു. വളരെയധികം പുസ്തകങ്ങളും പത്രക്കുറിപ്പുകളും അവലംബമാക്കി തയ്യാറാക്കിയതായിരുന്നെങ്കിലും ആ ഗ്രന്ഥം പൊതുവെ നിർജീവമായിരുന്നു. മഹാകവിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിച്ചു കടന്നുപോയെന്നല്ലാതെ ആ ജീവിതത്തിൽ അവ എന്തു ചലനങ്ങളാണുണ്ടാക്കിയതെന്ന് നിരീക്ഷിക്കാനോ ഒരു വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ വിലയിരുത്താനോ സാനു ശ്രമിച്ചില്ല. കണ്ടെത്തിയ വസ്തുതകൾ യാന്ത്രികമായി വർണ്ണിക്കുന്ന ഒരു പത്രറിപ്പോർട്ടറായാണ് അദ്ദേഹം ആ കൃതിയിൽ പ്രവർത്തിച്ചത്. കവിയുടെ ജീവിതകാലവുമായുള്ള ദീർഘമായ അകലമാണ് അതിനു കാരണമെന്നു കരുതിയാണ് ഈ പുസ്തകം തെരഞ്ഞെടുത്തത്. 1958-ൽ രചിച്ച ഈ ഗ്രന്ഥം പുറത്തിറങ്ങുമ്പോൾ ആശാന്റെ അപകടമരണം കഴിഞ്ഞ് 34 വർഷമേ ആയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന ഒട്ടുവളരെ ആളുകളെ നേരിൽ കാണാനും സംസാരിക്കാനും ഈ ഗ്രന്ഥകാരന് സാധിച്ചിരുന്നു. ആ അവസരം അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണ് തുടർന്നു പറയാൻ പോകുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പ് പുസ്തകത്തിലും ഇന്റർനെറ്റിലും ലഭ്യമല്ല.

ആശാന്റെ ബാല്യ-യൗവ്വനകാലങ്ങളും അപ്പോഴത്തെ സാഹിത്യരചനാശ്രമങ്ങളും വളരെ വിശദമായിത്തന്നെ കേശവൻ വിവരിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ചില കവിതകൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. വക്കത്ത് 'വേലായുധൻ നടയിൽ' താമസിച്ച് കുട്ടികളെ സംസ്കൃതം വായിപ്പിക്കുകയും വിശ്രമവേളകളിൽ വന്നുകൂടുന്ന ഭക്തന്മാർക്ക് പുരാണഗ്രന്ഥങ്ങൾ വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നതിനാലാണ് ആശാൻ എന്ന പേര് സ്ഥിരമായി അദ്ദേഹത്തിന് പതിഞ്ഞുകിട്ടിയത്. നിത്യഭജനത്തിനായി അക്കാലത്തുരചിച്ച സുബ്രമണ്യപഞ്ചകം എന്ന പദ്യം വളരെ പ്രസിദ്ധമാണ്. ആശാൻ ചെറുപ്പത്തിൽ ശൃംഗാരകവിതകൾ എഴുതിയിരുന്നു എന്നാണ് കേശവൻ അഭിപ്രായപ്പെടുന്നത്. അത്തരം ചില കവിതകൾ ഇപ്പോഴും ഹൃദിസ്ഥമായ ചില ബാല്യകാലസുഹൃത്തുക്കൾ ഉണ്ടത്രേ! എന്നാൽ സാനു ഇത് ശക്തിയായി നിഷേധിക്കുകയാണ് ചെയ്തിരുന്നത്. നാരായണഗുരു ശൃംഗാരകവിതകൾ എഴുതരുത് എന്ന് ആശാനെ ഉപദേശിച്ചത് ഒരു പൊതുതത്വം എന്ന നിലയ്ക്കുമാത്രമാണെന്നും ആശാന്റെ നിലവിലെ ശൈലി മാറ്റണം എന്ന അർത്ഥത്തിലല്ലെന്നുമാണ് സാനു ആ കൃതിയിൽ വാദിച്ചിരുന്നത്. സാഹചര്യവും സാധ്യതകളും പരിശോധിച്ചാൽ കേശവന്റെ അഭിപ്രായമാണ് ശരിയാകാൻ കൂടുതൽ സാംഗത്യം.

ശ്രീനാരായണ ധർമ്മപരിപാലന യോഗം ഇന്ന് അവസരവാദികളും ആർജ്ജവമില്ലാത്തവരും അഴിമതിയിൽ മുങ്ങിയിരിക്കുന്നവരുമായ നേതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു ജാതിസംഘടനയായി മാറിക്കഴിഞ്ഞു. കേരളീയ സമൂഹത്തിൽ അതിന്റെ ഇടപെടൽ ശേഷി ഇന്ന് പൂജ്യമാണ്. എന്നാൽ ആശാന്റെ നേതൃത്വത്തിനുകീഴിൽ ആ സംഘടന പല മേഖലകളിലും രാജ്യത്തിനാകെ മാർഗ്ഗദർശിത്വമേകുന്ന നയങ്ങൾ പിന്തുടർന്നിരുന്നു. കേരളം മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട യോഗത്തിന്റെ നാലാം വാർഷികം മലബാറിലെ കണ്ണൂരിൽ വെച്ചാണ് നടത്തപ്പെട്ടത്. ഐക്യകേരളസങ്കല്പം അന്നുതന്നെ മനീഷികളുടെ മനസ്സുകളിൽ വിടർന്നിരുന്നു എന്നർത്ഥം. സ്വജനങ്ങളുടെ ഇടയിൽ മാത്രമല്ല, മലയാളക്കരയിലാകെ വ്യവസായാഭിവൃദ്ധിക്കുള്ള കഴിവുകൾ വർദ്ധിപ്പിക്കുക എന്നതും യോഗത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. വ്യവസായവും കൈത്തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിന് യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളോടനുബന്ധിച്ച് വ്യവസായപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറഞ്ഞ കൂലിയുള്ള തൊഴിലുകൾ ഉപേക്ഷിച്ച് തുണിനെയ്ത്ത് മുതലായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ നടന്നു. ഗാന്ധിയുടെ ഖാദി പ്രസ്ഥാനം രൂപം കൊള്ളുന്നതിനും വളരെ മുൻപായിരുന്നു ഇതെന്നോർക്കണം. നാരായണഗുരുവിനെ ഹിന്ദുമതോദ്ധാരകനും, സമുദായപരിഷ്കർത്താവും, ശങ്കരൻ, മാദ്ധ്വൻ, രാമാനുജൻ എന്നിവരുൾക്കൊള്ളുന്ന ആചാര്യശ്രേണിയിലെ ഒരു ആദ്ധ്യാത്മികഗുരുവായും അന്നത്തെ പ്രസ്ഥാനം ഉൾക്കൊണ്ടു.
 
മലയാളഭാഷയുടെ രൂപമാറ്റഘട്ടത്തിലാണ് ആശാന്റെ കൃതികൾ പരിഷ്കാരങ്ങളുടെ ഗതിവേഗം കൂട്ടുന്ന ഉൽപ്രേരകശക്തിയായി മാറിയത്. ഖണ്ഡകാവ്യത്തിന് പ്രസ്ഥാനമെന്ന നിലയിൽ ഭാഷയിൽ വാഴ്ച കിട്ടിയത് ആശാന്റെ കവിതകളിലൂടെയാണ്. അവയെല്ലാം ഖണ്ഡകാവ്യങ്ങളായിരുന്നുവെന്നു മാത്രമല്ല, കാല-ദേശ പരിതസ്ഥിതികൾക്ക് യോജിക്കാത്തവയാണ് മഹാകാവ്യങ്ങൾ എന്നായിരുന്നു ആശാന്റെ ശക്തമായ അഭിപ്രായം. സാഹിത്യത്തിൽ പുതിയ പാതകളും പുതിയ രുചികളും വേരുറപ്പിച്ചുതുടങ്ങിയ നിർണായകഘട്ടത്തെ ഈ പുസ്തകം കാണിച്ചുതരുന്നു. ദ്വിതീയാക്ഷരപ്രാസത്തിന്റെ ആവശ്യകതയെച്ചൊല്ലി സാഹിത്യകാരന്മാർ സംഘം തിരിഞ്ഞ് അങ്കം വെട്ടി. പ്രാസത്തിന്റെ ശബ്ദസൗകുമാര്യത്തെ യാഥാസ്ഥിതികർ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ കൊണ്ടാടിയപ്പോൾ പ്രാസത്തെക്കാൾ പ്രധാനം അർത്ഥസമ്പുഷ്ടിയാണെന്ന് പുരോഗമനവാദികൾ അദ്ദേഹത്തിന്റെ അനന്തിരവൻ ഏ. ആർ. രാജരാജവർമ്മയുടെ കാർമ്മികത്വത്തിൽ വാദിച്ചു. ഒടുവിൽ പ്രാസവിവാദം യാഥാസ്ഥിതികരുടെ മേൽ ഉല്പതിഷ്ണുക്കൾ നേടിയ വിജയമായി വിലയിരുത്തപ്പെട്ടു.
 
ആശാന്റെ രചനാലോകത്തെ കേശവൻ ജാഗ്രതയോടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. കൃതികളിൽനിന്ന് ഉദാരമായ ഉദ്ധരണികളും ആ വിശദീകരണങ്ങൾക്ക് അകമ്പടി സേവിക്കുന്നു. ആശാന്റെ അപകടമരണം മലയാളഭാഷയ്ക്ക് വരുത്തിവെച്ച ഏറ്റവും വലിയ നഷ്ടം പൂർത്തിയാക്കാതെപോയ ശ്രീബുദ്ധചരിതം എന്ന ഉത്തമഗ്രന്ഥമാണ്. എഡ്വിൻ ആർനോൾഡിന്റെ The Light of Asia എന്ന മഹദ്‌കൃതിയുടെ സ്വതന്ത്ര തർജ്ജമയായിരുന്നു ഇത്. ആകെയുള്ള എട്ടിൽ അഞ്ചു കാണ്ഡങ്ങളുടെ ഭാഷാന്തരീകരണം പൂർത്തിയാക്കപ്പെട്ടിരുന്നു. അഞ്ചാം കാണ്ഡമാണ് മഹാകവിയുടെ അവസാനത്തെ രചന. അതിന്റെ നനഞ്ഞുകുതിർന്ന കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ മൃതദേഹത്തിനൊപ്പമാണ് കണ്ടുകിട്ടിയത്. ഭാഷയിൽ പുതിയതായി രചിക്കപ്പെടുന്ന മഹാകാവ്യങ്ങളെ ആശാൻ നിശിതമായി വിമർശിച്ചു. ഉത്സവപ്പറമ്പുകളിൽ വളരെ ബുദ്ധിമുട്ടി അരങ്ങേറ്റുന്ന ബ്രഹ്‌മാണ്ഡസമാനമായ കെട്ടുകുതിരയോടാണ് അദ്ദേഹം അവയെ ഉപമിച്ചത്. ചിത്രയോഗമെന്ന മഹാകാവ്യത്തിൽ വള്ളത്തോളിന്റെ ഉദ്യമം വിഫലമെന്ന് ആക്ഷേപിച്ചതുകൂടാതെ അതിന്റെ രചനാശൈലിയേയും പദശുദ്ധിയേയും പോലും മോശമെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. അതിൽ മനോഹരമായ ആശയങ്ങൾ അടങ്ങിയ പദ്യങ്ങളെല്ലാം നേരെ അല്ലെങ്കിൽ വളഞ്ഞ വഴിക്ക് സംസ്കൃതമഹാകവികളുടെ വകയാണെന്നും ആരോപണമുയർത്തുന്നു. വള്ളത്തോൾ ഇതിനോട് പ്രതികരിച്ചതായി സൂചനയില്ല. എങ്കിലും ആശാന്റെ 'പ്രരോദന'ത്തിന് ഒരു ഖണ്ഡനനിരൂപണത്തിലൂടെ വള്ളത്തോൾ മറുപടി പറഞ്ഞതുകാണുമ്പോൾ അദ്ദേഹത്തിന്റെ അതൃപ്തിയും നീരസവും വായനക്കാർക്കു ബോദ്ധ്യമാകും.
 
ആശാന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളും വിശദമായി പരാമർശിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹം അധികാരസ്ഥാനങ്ങളോട് ഒരിക്കലും ഏറ്റുമുട്ടലിന് മുതിർന്നില്ല എന്ന കാര്യവും വ്യക്തമാക്കുന്നു. ദിവാനെ അദ്ദേഹം വിമർശിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം സ്ഥായിയായ താളം അപേക്ഷയുടേയും അഭ്യർത്ഥനയുടേയും നിവേദനത്തിന്റേതുമായിരുന്നു. പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായേ നടപ്പാക്കാനാവൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ടി. കെ. മാധവനെപ്പോലുള്ളവർ ക്ഷേത്രപ്രവേശനം ഉടൻ വേണമെന്നു വാദിച്ചപ്പോൾ 'ക്ഷേത്രങ്ങളുടെ മതിലുകൾക്കു ചുറ്റും നടക്കുന്നതിനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടിയാൽ മതി' എന്ന ആശാന്റെ അഭിപ്രായം കടുത്ത വിമർശനത്തിനു പാത്രമായി. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹം അക്കാലത്ത് ആരും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ് പോലും ബ്രിട്ടീഷ് രാജാവിനുകീഴിൽ ഡൊമിനിയൻ പദവി വേണമെന്നേ വാദിച്ചിരുന്നുള്ളൂ. ഭാരതം സന്ദർശിച്ച ബ്രിട്ടീഷ് കിരീടാവകാശിയിൽനിന്ന് ആശാൻ പട്ടും വളയും സ്വീകരിച്ചത് ഇ.എം.എസ്സിനെപ്പോലുള്ള ആധുനിക ഇടതുപക്ഷക്കാർ ആക്ഷേപകരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തിന് സ്വയംഭരണം വേണമെന്നുള്ള യാതൊരാവശ്യവും അന്ന് തിരുവിതാംകൂറിൽ മുഴങ്ങിയിരുന്നില്ല. മാത്രവുമല്ല, സാമുദായികവും മതപരവും വിദ്യാഭ്യാസപരവുമായ അവശതകൾ അനുഭവിച്ചിരുന്ന ബഹുസഹസ്രം അവശജനങ്ങളുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള നില ആശാനെ അസ്വസ്ഥനാക്കിയിരുന്നു. സർക്കാർ വിദ്യാലയങ്ങളിലോ ഓഫീസുകളിലോ പ്രവേശനം നൽകാതിരിക്കുക, പൊതുവഴികളിലൂടെ നടക്കാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ ജാതീയ അനാചാരങ്ങൾ നാട്ടിൽ കൊടികുത്തിവാഴുമ്പോൾ അധഃകൃതർ തങ്ങളെ അടിച്ചമർത്തിവെച്ചവരുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ? ആശാൻ പാടി,

എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം?

മഹാകവിയുടെ ആദ്യകാലകവിതകൾ കണ്ടെത്താൻ തീവ്രപരിശ്രമം നടത്തുകയും അതിൽ കുറെയൊക്കെ വിജയവും നേടാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ആശാന്റെ വിദ്യാഭ്യാസകാലത്തു രചിച്ച വള്ളീവിവാഹം, സുബ്രഹ്മണ്യശതകം എന്നീ കാവ്യങ്ങളിൽനിന്നുള്ള ഉദ്ധരണികൾ സഹപാഠികളുടെ ഓർമ്മയിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്. എന്നാൽ ഉഷാകല്യാണം എന്ന നാടകത്തിന്റെ കയ്യെഴുത്തുപ്രതി പൂർണമായും നഷ്ടപ്പെട്ടുപോവുകയും ചെയ്തു. ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും നീണ്ട ഉദ്ധരണികൾ ഈ കൃതിയുടെ വായനാക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. അനുമോദനപ്രസംഗങ്ങൾ പോലും അതേപടി ചേർത്തിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ കണ്ണൂർ വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വ്യാവസായികപ്രദർശനത്തിന്റെ സ്റ്റാളുകൾ തോറുമുള്ള ദൃക്‌സാക്ഷിവിവരണം ഈ ഗ്രന്ഥത്തിന്റെ പരാമർശവിഷയവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. ആശാന്റെ വിവാഹത്തെക്കുറിച്ചോ 'ദുരവസ്ഥ' എന്ന കൃതിക്കെതിരെ ഉയർന്ന ഭീഷണികളെക്കുറിച്ചോ ഒരു പരാമർശവുമില്ല. വാമൊഴികളും ഇന്നയാൾ പറഞ്ഞതാണെന്ന സാക്ഷ്യപ്പെടുത്തലോടുകൂടിയ വിവരണവും പലപ്പോഴും പത്രറിപ്പോർട്ടിന്റെ നിലവാരത്തിലേക്കു താഴുന്നു. ശരിയായ ഒരു ഘടനയും ഈ പുസ്തകത്തിനില്ല. ലഭ്യമായ സൂചനകളും ലേഖനങ്ങളും മുറിച്ചും കൂട്ടിച്ചേർത്തുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. എം. കെ. സാനുവിന്റെ ഗ്രന്ഥവും ഏറെക്കുറെ ഈ ശൈലിയിൽത്തന്നെയാണ് നിലനിൽക്കുന്നത്. ആശാന്റെ ലക്ഷണമൊത്ത ഒരു ജീവചരിത്രം എന്നു പുറത്തുവരുമെന്ന് ഭാഷാസ്നേഹികൾ ഇന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതുകൊണ്ടാണ്. യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ആശാനെ നീക്കുന്നതിനായി ഒരു ശക്തമായ വിഭാഗം പ്രവർത്തിച്ചിരുന്നതായി ഗ്രന്ഥത്തിൽ സൂചനയുണ്ടെങ്കിലും അവരുടെ ആരോപണങ്ങൾ എന്തായിരുന്നുവെന്നോ അവയ്ക്ക് ആശാൻ എങ്ങനെ മറുപടി നൽകിയെന്നോ കാണുന്നില്ല. ഈ പുസ്തകം വെറും സ്തുതിവാക്യം (panegyric) ആയിപ്പോകുന്നത് അങ്ങനെയാണ്. മലയാളതീയതികൾ മാത്രം നൽകിയിരിക്കുന്നതും ആധുനികവായനക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നു. കാവ്യങ്ങളിൽ നിന്ന് വളരെയധികം പദ്യങ്ങൾ ചേർത്തിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Mahakavi Kumaranasan' by C. O. Kesavan
Publisher: Kerala Bhasha Institute, 2021 (First Published 1958)
ISBN: 9789390520374
Pages: 521