Showing posts with label നവോത്ഥാനം. Show all posts
Showing posts with label നവോത്ഥാനം. Show all posts

Wednesday, January 31, 2024

നിവർത്തനം

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ പ്രവിശ്യകളിൽ രാഷ്ട്രീയബോധവും ആധുനിക പൗരബോധവും ഉണർന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉദയത്തോടെയാണ്. എന്നാൽ ആദ്യകാല കോൺഗ്രസ്സിന് പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽ കൂടുതൽ സ്വയംഭരണം എന്നതായിരുന്നു അതിന്റെ ഉന്നം. ഏതാണ്ട് അതേ രീതി തന്നെയാണ് നാട്ടുരാജ്യങ്ങളിലെ പ്രാഥമിക രാഷ്ട്രീയപ്രസ്ഥാനങ്ങളും അവലംബിച്ചിരുന്നത്. 1891-ലെ മലയാളി മെമ്മോറിയലിൽ തുടങ്ങിയ രാഷ്ട്രീയപ്രക്ഷോഭധാര തിരുവിതാംകൂറിൽ ഈഴവ മെമ്മോറിയൽ, പൗരസമത്വവാദം എന്നീ പ്രക്ഷോഭങ്ങളിലൂടെ കരുത്താർജ്ജിച്ചു. സാവധാനത്തിലാണെങ്കിലും ലഭ്യമായിരുന്ന പരിഷ്കരണത്തിന്റെ പ്രയോജനങ്ങൾ നായർ സമുദായത്തിനും മറ്റ് ഉയർന്ന ജാതിക്കാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1932-ൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്‌കാരങ്ങൾ പോലും ഈ പാത പിന്തുടർന്നപ്പോൾ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് തുടർന്നു നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽനിന്ന് നിവർത്തനം (സ്വമേധയാ മാറി നിൽക്കൽ) നടത്താൻ തീരുമാനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്ന നിസ്സഹകരണത്തിൽനിന്ന് ഭിന്നമാണെന്ന് വ്യക്തമാക്കാനാണ് ഈ പുതിയ പദം തെരഞ്ഞെടുത്തത്. മഹാപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ ഐ. സി. ചാക്കോയാണ് ഈ അർത്ഥവത്തായ പദം സംഭാവന ചെയ്തത്. പ്രക്ഷോഭം ശക്തിയാർജ്ജിച്ചതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുകയും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ഈ മൂന്നു സമുദായങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന ഉദ്യോഗസംവരണം ഇതിന്റെ തുടർച്ചയാണ്. ഈ മഹാപ്രക്ഷോഭത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും ഗവേഷണബിരുദവുമുള്ള ഡോ. അഞ്ചയിൽ രഘു കോളേജുകളിൽ ലക്‌ചറർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പൂർണ്ണമായും തമിഴ്-മറാത്ത ബ്രാഹ്മണരുടെ കൈകളിലായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിൽ ലഭ്യമായ ഭരണ-വിദ്യാഭ്യാസ പരിചയമാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയിട്ടും മലയാളികൾക്ക് ജോലി ലഭിക്കാതെയായപ്പോഴാണ് 1891-ൽ മലയാളി മെമ്മോറിയൽ എന്ന നിവേദനം മഹാരാജാവിനു സമർപ്പിച്ചത്. തുടർന്ന് മലയാളികൾക്ക് ഉദ്യോഗം നൽകാൻ തുടങ്ങിയെങ്കിലും വിദ്യാസമ്പന്നരായിരുന്ന നായർ സമുദായത്തിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്. തുടർന്ന് 1896-ൽ ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഈഴവരും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടു. അക്കാലത്ത് ദേവസ്വം റവന്യൂ വകുപ്പിനുകീഴിലായിരുന്നതിനാൽ അഹിന്ദുക്കളേയും താഴ്ന്ന ജാതിക്കാരേയും ആ വകുപ്പിൽ നിയമിച്ചിരുന്നില്ല. 1919-ൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ഒന്നിച്ചുചേർന്ന് ഒരു പൗരാവകാശ ലീഗ് രൂപീകരിച്ചു. പ്രമേയങ്ങളും നിവേദനങ്ങളും എന്ന പഴഞ്ചൻ തന്ത്രത്തിനുപകരം സത്യാഗ്രഹം എന്ന നൂതന സമരമുറ പുറത്തെടുത്തു. സർക്കാർ വഴങ്ങി, 1922-ൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദേവസ്വത്തെ റവന്യൂവിൽനിന്ന് വേർപെടുത്തി. പുതുതായി നടപ്പിൽ വന്നിരുന്ന ശ്രീമൂലം അസംബ്ലി പോലുള്ള നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യമായിരുന്നു അടുത്ത നീറുന്ന പ്രശ്നം. അഞ്ചു രൂപയിൽ കുറയാത്ത ഭൂനികുതി കൊടുക്കുന്നവർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അത് നായർ സമുദായത്തിന് കനത്ത മേധാവിത്വം നൽകി. 1932-ൽ ചിത്തിരതിരുനാൾ മഹാരാജാവ് അവതരിപ്പിച്ച ഭരണപരിഷ്കാരങ്ങളും ഈ അനീതിക്കുനേരെ മുഖം തിരിച്ചു. തുടർന്ന് ഈ മൂന്നു സമുദായങ്ങളും സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. നാടെങ്ങും പ്രസംഗങ്ങളും പ്രകടനങ്ങളും നടന്നു. സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. നായർ സമുദായത്തിനെതിരെ മറ്റു മൂന്നു സമുദായങ്ങളും തിരിഞ്ഞു. പ്രകോപനപരമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചു. എങ്കിലും ഒടുവിൽ സർക്കാരിന് ഇവിടേയും വഴങ്ങേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്ന് ഭാരതത്തിൽ ആഹ്വാനം ചെയ്യപ്പെട്ടിരുന്ന നിസ്സഹകരണത്തിൽനിന്ന് തീർത്തും വിഭിന്നമാണ് തങ്ങളുടെ സമരമെന്നു സ്ഥാപിക്കാൻ നിവർത്തനനേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. രാജാവിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായം തേടുന്നതിനുവേണ്ടിയായിരുന്നു ഇത്. നിയമസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ബ്രിട്ടീഷ് ചക്രവർത്തിയിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണത്തിന്റെ ഉദ്ദേശ്യം. സിവിൽ നിയമനിഷേധം വഴി സർക്കാരിനെ നിശ്ചലമാക്കാനും അതു ശ്രമിച്ചിരുന്നു. എന്നാൽ നിവർത്തനം തിരുവിതാംകൂർ രാജാവിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നില്ല. രാജാവ് മുൻപേതന്നെ നിയമസഭക്ക് കൈമാറിയിരുന്ന പരിമിതമായ അധികാരങ്ങൾ എല്ലാ സമുദായങ്ങൾക്കുമായി നീതിപൂർവകമായി വീതിക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ലക്‌ഷ്യം. നിവർത്തനസമുദായങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി പെരുമാറിയിരുന്നെങ്കിലും കരിങ്കാലികളും ആവശ്യത്തിനുണ്ടായിരുന്നു. സി. വി. കുഞ്ഞുരാമൻ, എം. ഗോവിന്ദൻ, പി. എസ്. മുഹമ്മദ് എന്നിവർ കൂറുമാറി സർക്കാർ പക്ഷത്തുചേർന്നു. തെരഞ്ഞെടുപ്പിൽ ആകെയുള്ള 52 സീറ്റുകളിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ 16 പേർ എതിരില്ലാതെ ജയിച്ചുവന്നു. പ്രക്ഷോഭം പരാജയപ്പെട്ടു എന്നു കാണിക്കുവാനായി ഇവരുടെ എതിരാളികളായ നായർ സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദേശപത്രികകൾ പിൻവലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

നിവർത്തനം നല്ല തോതിൽ വിജയം നേടിയ ഒരു സംരംഭമായിരുന്നു. പ്രക്ഷോഭകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്യോഗനിയമനം നടത്തുന്നതിനും സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമായി പബ്ലിക് സർവീസ് വകുപ്പ് 1935-ൽ ആരംഭിച്ചു. സാമുദായികസംവരണം ഏർപ്പെടുത്തി. നായർ, നമ്പൂതിരി ഉൾപ്പെടെയുള്ള ജാതികൾക്കായി 40 ശതമാനം പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തു. നായർ സൈന്യം പുനഃസംഘടിപ്പിച്ചുകൊണ്ട് മറ്റു സമുദായങ്ങളേയും പരിഗണിച്ചു.വോട്ടവകാശത്തിനുള്ള ഭൂനികുതി പരിധി അഞ്ചു രൂപയിൽനിന്ന് ഒരുരൂപയായി കുറച്ചു. നിയോജകമണ്ഡല അതിർത്തികൾ നീതിപൂർവകമായി പുനഃക്രമീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് മത്സരിച്ച 35 സീറ്റിലും വിജയിച്ചു. എന്നാലിവിടെ ഈ പുസ്തകം രാഷ്ട്രീയമായ സത്യസന്ധത പുലർത്താതെ ഒളിച്ചുകളി നടത്തുന്നതും നാം കാണുന്നു. എതിരാളികൾ എത്ര സീറ്റ് നേടിയെന്നു പറയുന്നില്ല. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിവർത്തനനേതാവ് ടി. എം. വർഗീസിനെ തെരഞ്ഞെടുത്തു എങ്കിലും പിന്നീടൊരു അവിശ്വാസപ്രമേയം 24-നെതിരെ 42 വോട്ടുകൾക്ക് പാസ്സായതിനാൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതായത് ജയിച്ച 35 പേരിൽ 11 പേർ അദ്ദേഹത്തിന് വോട്ടുചെയ്തില്ല എന്ന് വ്യക്തമാണ്. ആരാണവർ, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്തത് എന്നീ വിവരങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നില്ല. നിവർത്തനത്തിനുശേഷം ഈഴവരുടെ മതപരിവർത്തന ശ്രമങ്ങൾ ശക്തിയാർജിച്ചതായി പുസ്തകം നിരീക്ഷിക്കുന്നു. കടുത്ത വിവേചനവും അവഗണനയും സഹിച്ച് ഹിന്ദുമതത്തിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ഈഴവർ ക്രിസ്തുമതത്തിൽ ചേരണം എന്നായിരുന്നു സി. വി. കുഞ്ഞിരാമന്റെ താല്പര്യം. ഈഴവർ അന്ന് ഒന്നടങ്കം മതം മാറിയിരുന്നെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 22-ൽ നിന്ന് 48-ലേക്ക് ഉയരുമായിരുന്നു. വലിയ ഒരു ഭാഗ്യാതിരേകം തങ്ങൾക്ക് ലഭ്യമാവാൻ പോവുകയാണെന്ന് കൃസ്തീയ നേതാക്കളും മതപുരോഹിതരും മനപ്പായസം കുടിച്ചു. അക്കൊല്ലത്തെ മാരാമൺ കൺവെൻഷനിൽ സി.വി.യെക്കൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനവാദം ഉൾക്കൊള്ളുന്ന പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതൊരു പകൽക്കിനാവായി കലാശിച്ചെങ്കിലും ക്ഷേത്രപ്രവേശനവിളംബരം ത്വരിതഗതിയിൽ പുറപ്പെടുവിക്കുന്നതിന് അത് സർക്കാരിനെ നിർബന്ധിതമാക്കി എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. അതോടെ മതംമാറൽ വാദങ്ങളും അവസാനിച്ചു.

ആധുനികകാലത്ത് സാമൂഹ്യനീതിയിൽ കേരളം നേടിയ പുരോഗതിയുടെ കാരണങ്ങൾ രഘു നിരത്തുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വരവ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദാരമായ സമീപനം എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്നത്. മിഷനറിമാരെ വാനോളം പുകഴ്ത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ലോഭമില്ലായ്മ വസ്തുനിഷ്ഠമാണോ എന്ന സംശയമുണർത്തുന്നു. മിഷനറിമാരുടെ ദുർബലമായിക്കൊണ്ടിരുന്ന സ്വാധീനശക്തിയെക്കുറിച്ച് മുൻപിവിടെ നിരൂപണം ചെയ്ത 'Missionaries and a Hindu State : Travancore 1858-1936' എന്ന കോജി കവാഷിമയുടെ പുസ്തകം സ്ഥാപിക്കുന്ന ആശയങ്ങൾക്ക് കടകവിരുദ്ധമാണ് രഘുവിന്റെ ഈ നിലപാട്. ഉത്തരേന്ത്യയിലെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായ രാമകൃഷ്ണ മിഷൻ, ആര്യസമാജം എന്നിവ കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഈയവസ്ഥയിൽ കേരളത്തിലെ ഉല്പതിഷ്ണുക്കളായ സവർണ്ണർ പുരോഗമനാത്മകമായ സമരങ്ങൾക്ക് പിന്തുണയുമായെത്തിയ വസ്തുത മറന്നുകളയുന്നത് ക്രൂരമായ അവഗണനയാണ്. വൈക്കം സത്യാഗ്രഹത്തിൽ മന്നത്തു പത്മനാഭൻ പങ്കെടുക്കുകയും സവർണജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് പുലയസ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു. നമ്പൂതിരി യോഗക്ഷേമസഭയുടെ സമ്മേളനങ്ങളിൽ സഹോദരൻ അയ്യപ്പനും പിന്നോക്ക നേതാക്കളും പങ്കുകൊണ്ടിരുന്നു. പൊതുവെ സമൂഹപരിഷ്കർത്താക്കളിൽ തിരുവിതാംകൂറിലെ മഹാത്മാക്കളെ മാത്രമേ ഉൾപ്പെടുത്തിക്കാണാറുള്ളൂവെങ്കിലും മലബാറിലെ ആത്മീയ ഗുരുക്കളായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുക്കളും ഈ ഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നു.

നിരവധി പട്ടികകളും കണക്കുകളും ഈ പുസ്തകത്തിൽ നിരത്തിയിട്ടുണ്ടെങ്കിലും ഒരു പൂർണ്ണതയില്ലായ്മ അതിലെല്ലാം കാണപ്പെടുന്നു. കൃഷിഭൂമിയുടേയും കരഭൂമിയുടേയും സമുദായം തിരിച്ചുള്ള ഉടമസ്ഥാവകാശ പട്ടികകളിൽ പ്രധാനജന്മിമാരായിരുന്ന നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. സർക്കാർ സർവീസിലെ ജാതിതിരിച്ചുള്ള പട്ടികകളിൽ ശതമാനം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു കാൽക്കുലേറ്റർ കയ്യിലുണ്ടെങ്കിൽ വായനക്കാർക്കുതന്നെ അത് കണക്കുകൂട്ടിയെടുക്കാൻ പറ്റുമല്ലോ എന്ന ഉദ്ദേശത്തിലായിരിക്കാം! സർ. സി. പിയുടെ പ്രതികാരനടപടികൾ വളരെ മൃദുവായി സ്പർശിച്ചുപോകുന്നതേയുള്ളൂ. ക്വയിലോൺ നാഷണൽ ബാങ്കിനെ തകർത്തത് പരാമർശിക്കുന്നതുമില്ല. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം സമ്പൂർണമായി ഉൾക്കൊള്ളിച്ചിരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വാതന്ത്ര്യപൂർവവും അനന്തരവും നടപ്പിൽ വന്ന ഉദ്യോഗസംവരണത്തെ സംബന്ധിച്ച വസ്തുതകൾ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്. ഇതൊക്കെയാണെങ്കിലും ഒരു സന്തുലിതമായ വിവരണമല്ല ഈ കൃതി നൽകുന്നത്. നിവർത്തനത്തിനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞുപോയെങ്കിലും അന്ന് അതിൽ പങ്കെടുത്ത ഒരു സമരഭടന്റെ വികാരതീവ്രതയാണ് ഈ വരികളിൽ കാണുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അല്പമൊരു നർമ്മബോധത്തോടെ അന്നത്തെ സംഭവങ്ങൾ നോക്കിക്കാണുന്നതിനുപകരം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന ക്ഷോഭവും ശത്രുതാബോധവും അമ്പരപ്പിക്കുന്നതാണ്. അതിന്റെ ചുരുക്കപ്പേരാണോ ജാതിഭ്രാന്ത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nivarthanam - Samoohika Neethiyude Ithihasam' by Anchayil Raghu
Publisher: Kerala Bhasha Institute, 2016 (First)
ISBN: 9788120038202
Pages: 233

Wednesday, May 24, 2023

കേരളീയനവോത്ഥാനവും നമ്പൂതിരിമാരും

ജാതിവ്യവസ്ഥയും അതിനെ പിന്തുടരുന്ന വിവേചനമനസ്ഥിതിയും ഭാരതീയസമൂഹത്തിന്റെ പൊതുശാപമായിരുന്നെങ്കിലും കേരളത്തിലാണ് അതിന്റെ ഏറ്റവും ഭീകരമായ രൂപം പ്രകടമാക്കിയിരുന്നത്. തൊട്ടുകൂടായ്മയേയും മറികടന്ന് അടുത്തുവരാൻ പോലും അസാദ്ധ്യമായിരുന്ന തീണ്ടൽ കണ്ടപ്പോഴാണ് കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ നിരീക്ഷിച്ചത്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം പത്തൊൻപതാം നൂറ്റാണ്ടിൽ നടപ്പിലായതോടെ നാടൻ സമ്പദ്‌വ്യവസ്ഥ അടിമുടി മാറുകയും പണം അധിഷ്ഠാനമാക്കിയ നാണയസമ്പ്രദായം നിലവിൽ വരുകയും ചെയ്തു. ഇതിന്റെ ഗുണഫലങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തിയത് കായികാദ്ധ്വാനം കൈമുതലായുണ്ടായ വിഭാഗങ്ങളായിരുന്നു. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ തങ്ങളുടെ സാമൂഹ്യപരമായ ശോചനീയാവസ്ഥ മാറ്റണമെന്ന ചിന്താഗതി അവരിൽ നാമ്പെടുത്തു. ജാതീയമായ പരിഷ്കരണപ്രസ്ഥാനങ്ങൾ സാമൂഹിക അനാചാരങ്ങൾക്കെതിരെ ശക്തിയുക്തം പോരാടി. മാനവികതയിലും വ്യക്തിസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമത്തിന്റെ സൃഷ്ടിയാണ് കേരളീയനവോത്ഥാനമെന്നറിയപ്പെട്ട മതാധിഷ്ഠിതമല്ലാത്ത, ഭൗതികമായ പ്രവർത്തനപദ്ധതി ലക്‌ഷ്യം വെച്ചത്. ഇതിൽ ജാതിവ്യവസ്ഥയുടെ തലപ്പത്ത് നിലയുറപ്പിച്ചിരുന്ന നമ്പൂതിരിമാർ എന്ന മലയാളബ്രാഹ്മണരുടെ പങ്ക് എന്തായിരുന്നുവെന്നും, മറ്റു വിഭാഗങ്ങളുടെ പരിഷ്കരണപ്രസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അവ എങ്ങനെ വ്യത്യാസപ്പെട്ടിരുന്നു എന്നും അവ പിന്നീട് എങ്ങനെ പരിണമിച്ചു എന്നുമാണ് ഈ പുസ്തകം അപഗ്രഥിക്കുന്നത്. ഗ്രന്ഥകാരനായ ഐ. വി. ബാബു പ്രസിദ്ധ പത്രപ്രവർത്തകനാണ്. ദേശാഭിമാനി, സമകാലിക മലയാളം, മംഗളം എന്നീ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേരളീയസമൂഹത്തിന്റെ രൂപീകരണപ്രക്രിയയിൽ ജാതിവ്യവസ്ഥയും നമ്പൂതിരി മേധാവിത്വവും 9-13 നൂറ്റാണ്ടുകൾക്കിടയിൽ ശക്തമായി എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നതല്ലാതെ അതിന്റെ കാരണങ്ങളോ സാഹചര്യങ്ങളോ വിശദീകരിക്കുന്നില്ല. കേരളത്തിലെ ഭൂപരമായ ഘടനയുടെ പ്രത്യേകതകൾ കാരണം ജാതിതിരിച്ചുള്ള ഗ്രാമവ്യവസ്ഥയല്ല രൂപപ്പെട്ടത്. എല്ലാ ജാതിക്കാരും തൊട്ടടുത്ത് താമസിക്കേണ്ട അവസ്ഥയായതിനാൽ ശുദ്ധാശുദ്ധി സങ്കൽപ്പവും അയിത്താചരണവും കർശനമാകാൻ കാരണമായി. ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉണ്ടാക്കുക എന്നിവ മാത്രം നമ്പൂതിരി പുരുഷന്മാരുടെ ജീവിതധർമ്മങ്ങളായപ്പോൾ വെക്കുക, വിളമ്പുക, പ്രസവിക്കുക എന്നിവ അന്തർജനങ്ങളും പാലിച്ചുപോന്നു. ആരും ചോദ്യം ചെയ്യാനില്ലാത്ത ഈ അലസമായ ജീവിതരീതി മൂലം പാഴായത് നിരവധി ജന്മങ്ങളാണ്. നമ്പൂതിരിമാർക്കിടയിൽപ്പോലും ഉച്ചനീചത്വഭേദമുള്ള ഉപജാതിവ്യത്യാസവും നിലനിന്നിരുന്നു. വേദാഭ്യാസം നിഷേധിക്കപ്പെട്ട വിഭാഗങ്ങൾ പോലും അവയിൽ ഉണ്ടായിരുന്നു. പരദേശി ബ്രാഹ്മണരിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ മാത്രം നടപ്പിലായിരുന്ന ആചാരങ്ങളെ '64 അനാചാരങ്ങൾ' എന്ന പേരിൽ ക്രോഡീകരിക്കുന്നതുപോലുമുണ്ട്. ജ്യേഷ്ഠപുത്ര ബഹുഭാര്യാത്വം, കനിഷ്ഠപുത്ര സംബന്ധം, സ്മാർത്തവിചാരം, ചില സ്ത്രീകളുടെ നിത്യകന്യകാത്വം, എല്ലാവർക്കും വേദാദ്ധ്യയനമില്ലാത്തത് എന്നിവയെല്ലാം അതിൽ പെടും. സ്ത്രീകൾ പൊതുവെ പുറത്തിറങ്ങാറുണ്ടായിരുന്നില്ല.

താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലായിരുന്നു എന്നു സ്ഥാപിക്കുന്ന ഈ കൃതിയിൽ ചില വൈരുദ്ധ്യങ്ങൾ കൂടി ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. വടക്കൻ മലബാറിൽ താഴ്ന്ന ജാതികൾക്ക് സംസ്കൃതം പഠിക്കാൻ അവകാശമുണ്ടായിരുന്നുവത്രേ (പേജ് 51). നമ്പൂതിരിമാർക്ക് അവിടങ്ങളിൽ ഗണ്യമായ സ്വാധീനശേഷി ഇല്ലായിരുന്നുവെന്നതാണ് കാരണം പറയുന്നത്. ഇതിനേയും നിരാകരിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിൽത്തന്നെയുണ്ട്. കേരളത്തിലെങ്കിലും ആയുർവേദവിജ്ഞാനം ഉയർന്ന ജാതിക്കാരുടെ കുത്തകയായിരുന്നില്ലെന്ന് തീർത്തുപറയാം (പേജ് 57) എന്ന വാദം വഴി ഗ്രന്ഥകർത്താവ് ഗുരുതരമായ ഒരു വൈരുദ്ധ്യത്തെയാണ് കയറൂരി വിടുന്നത്. ആയുർവേദ വിദഗ്ദ്ധരായ ഈഴവ വൈദ്യന്മാർ കേരളത്തിലെങ്ങും സുലഭമായിരുന്നു. ആയുർവേദപഠനത്തിന് അക്കാലങ്ങളിൽ സംസ്കൃതജ്ഞാനം അനിവാര്യമായിരുന്നല്ലോ. എന്നാൽ വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയിൽ തിളച്ച ഈയം ഒഴിച്ചിരുന്നു എന്നു വാദിക്കുന്നവർ ശൂദ്രരിലും താഴെ അവർണ്ണവിഭാഗത്തിൽ പെടുന്ന ഈഴവരുടെ സംസ്കൃതവ്യുല്പത്തി എങ്ങനെ വിശദീകരിക്കുമെന്ന് വ്യക്തമല്ല. രാജാധികാരം പോലും നമ്പൂതിരിമാരുടെ ആഢ്യത്വത്തിനു മുന്നിൽ തലകുനിച്ചിരുന്നു എന്നു പ്രഖ്യാപിക്കുമ്പോൾത്തന്നെ കോലത്തിരി രാജാവ് പെരിഞ്ചല്ലൂർ ഗ്രാമക്കാരായ നമ്പൂതിരിമാരെ പുറംതള്ളി പൗരോഹിത്യം തുളു ബ്രാഹ്മണരെ ഏൽപ്പിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്നില്ല.

 ബ്രിട്ടീഷ് ആധിപത്യകാലത്തെ സാമൂഹ്യമാറ്റങ്ങൾ അല്പം വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അതിനുതൊട്ടുമുൻപ് ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നമ്പൂതിരിമാർക്ക് മലബാറിൽനിന്ന് പലായനം ചെയ്യേണ്ടിവന്നത് അവരുടെ അധികാരത്തിന്റെ പകിട്ട് കുറച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പരിഷ്കരണങ്ങൾ കേരളത്തെ ആധുനികവൽക്കരിച്ചു. ദേവസ്വങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയത് ബ്രാഹ്മണാധിപത്യം ശോഷിക്കാനിടയാക്കി. എന്നാൽ തിരുവിതാംകൂറിലും കൊച്ചിയിലും കേണൽ മൺറോ ഇതുചെയ്തത് പണ്ഡിതരായ ബ്രാഹ്മണരുടെ അനുമതിയോടെയാണെന്നും ഗ്രന്ഥകർത്താവ് പറയുന്നുണ്ട് (പേജ് 65). വ്യാപകമായ ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂഹത്തിന് പുതിയൊരു ജീവിതവീക്ഷണം നൽകി. തോട്ടം, ഓട്, കശുവണ്ടി, കയർ വ്യവസായങ്ങൾ കേരളത്തിന് വ്യാവസായികമായ അഭിവൃദ്ധി നൽകി. ഇവിടങ്ങളിൽ പണിയെടുത്ത ഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാർക്ക് കൂലി പണമായി ലഭിച്ചുതുടങ്ങി. ഈ മേഖലകളിലെ പരിശ്രമങ്ങൾ അവരിൽ സമ്പന്നരെ സൃഷ്ടിച്ചു. ഇത്തരം നാണയവ്യവസ്ഥ നിലവിൽ വരുന്നതിനുമുമ്പ് ലേഖകൻ പറഞ്ഞുവെക്കുന്ന മുലക്കരം, തലക്കരം, കുപ്പക്കാഴ്ച മുതലായ വിചിത്രമായ നികുതികൾ പിരിച്ചെടുക്കുന്നത് എങ്ങനെ പ്രായോഗികമാകും എന്ന സംശയം വായനക്കാരിൽ ഉണ്ടാകുമെങ്കിലും ബാബു ഇക്കാര്യത്തിൽ വിശദീകരണമൊന്നും തരുന്നില്ല.

നമ്പൂതിരി യോഗക്ഷേമസഭ 1908-ൽ സ്ഥാപിതമായി. തുടക്കത്തിൽ യാഥാസ്ഥിതികരാണ് സഭയുടെ തലപ്പത്തിരുന്നത്. ആചാരപരിഷ്കരണം അവരുടെ മുൻഗണനാപട്ടികയിൽ ഉണ്ടായിരുന്നതേയില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം, പുതിയ സാമ്പത്തികക്രമം ഇവയിലൊക്കെ പിന്നോക്കം പോയിക്കൊണ്ടിരുന്ന നമ്പൂതിരിസമുദായത്തെ ഇക്കാര്യങ്ങളിൽ ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ഉന്നം. സഭാവക്താക്കളിൽ പ്രമുഖനായിരുന്ന പശ്ചിമൻ രാമൻ നമ്പൂതിരി സമുദായാംഗങ്ങൾക്ക് ഇംഗ്ലീഷ് പഠനം പോലും ആവശ്യമില്ലെന്നും തീണ്ടൽ നിലനിർത്തണമെന്നും വാദിക്കുന്ന ഒരാളായിരുന്നു. ഒടുവിൽ സഭയുടെ പ്രവർത്തനഫലമായി ആൺകുട്ടികൾക്കു മാത്രമായി ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ജാതിബോധവും ആഭിജാത്യവും ആഢ്യത്വവും നിലനിർത്തി സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അകന്നുനിൽക്കലായിരുന്നു സഭയുടെ ലക്‌ഷ്യം. എന്നാൽ യാഥാസ്ഥിതികർക്കു ബദലായി സംഘടനയിൽ ശക്തിപ്രാപിച്ച യുവജനസംഘം 1925-നു ശേഷം ആഢ്യത്വം നശിപ്പിച്ച് നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ഈയവസരത്തിൽ രംഗത്തെത്തിയ വി. ടി. ഭട്ടതിരിപ്പാടും അദ്ദേഹത്തിന്റെ ഉല്പതിഷ്ണുക്കളായ സഹപ്രവർത്തകരും സാഹിത്യ-സാംസ്കാരിക മേഖലകളിലൂടെ പുതിയൊരു സന്ദേശത്തിന്റെ വെളിച്ചം ഇരുളടഞ്ഞ മനകളിലേക്ക് കയറ്റിവിട്ടു. 1929-ൽ പ്രദർശിപ്പിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന നാടകം സമുദായത്തിലെ അനാചാരങ്ങളെ സമൂഹമദ്ധ്യത്തിൽ തുറന്നുകാട്ടി. എന്നാൽ 1930-കളിൽ യുവനേതാക്കൾ രാഷ്ട്രീയത്തിൽ ആകൃഷ്ടരാകുകയും തുടർന്നുണ്ടായ അഭിപ്രായഭിന്നതകൾ മൂലം സംഘടനാരംഗത്ത് മാന്ദ്യം സംഭവിക്കുകയും ചെയ്തു. 1940-കളിൽ ഓങ്ങല്ലൂരിൽ സഭ പുനഃസംഘടിപ്പിച്ചെങ്കിലും അതും വളരെയൊന്നും മുന്നോട്ടുപോയില്ല.

നമ്പൂതിരി സമുദായപരിഷ്കരണ ശ്രമങ്ങളെ മറ്റു സമുദായങ്ങളിലേതുമായി താരതമ്യം ചെയ്യുന്നതുമാത്രമാണ് ഈ പുസ്തകത്തിന്റെ മൗലികമായ സംഭാവന എന്നു പറയാവുന്നതാണ്. എസ്. എൻ. ഡി. പി, എൻ. എസ്. എസ് തുടങ്ങിയ മറ്റു സാമുദായികപ്രസ്ഥാനങ്ങൾ അധികാരരാഷ്ട്രീയഘടനയിൽ ഇടംനേടാൻ വിലപേശലുകളും മത്സരങ്ങളും നടത്തിയപ്പോൾ നമ്പൂതിരിമാർ മാറിനിന്നു. എന്നാലിത് നമ്പൂതിരി സമുദായത്തിന്റെ കുറഞ്ഞ ജനസംഖ്യാബലം കൊണ്ടായിരുന്നോ എന്ന ചോദ്യം ഗ്രന്ഥകാരൻ ചോദിക്കുന്നില്ല. മറ്റു സമുദായങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യവസായം, കച്ചവടം എന്നിവയുടെ ശ്രംഖലകൾ ഉണ്ടാക്കിയപ്പോൾ നമ്പൂതിരിമാർ കാഴ്ചക്കാരായി മാറി. ജാതീയ സ്വത്വബോധം വളർത്തിയെടുക്കാൻ മറ്റു സംഘടനകൾ തീവ്രശ്രമം നടത്തിയപ്പോൾ പാരമ്പര്യത്തിന്റെ നവീകരണത്തിനുപകരം അതിന്റെ സൂക്ഷ്മ-സ്ഥൂലവശങ്ങളിലുള്ള നിഷേധമാണ് നമ്പൂതിരി നവോത്ഥാനശ്രമങ്ങളുടെ ആദ്യഘട്ടങ്ങളിൽ കാണുന്നത്. എന്നാൽ ആധുനികകാലത്ത് അവരിലും ജാതിസ്വത്വം ഉണർത്താനുള്ള ഉദ്യമം ഊർജ്ജിതമാണെന്നും ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു. തീർത്തും ഭൗതികവും ആദ്ധ്യാത്മികേതരവുമായ സ്വഭാവം സംഘടന ഇപ്പോൾ കൈവെടിഞ്ഞിട്ടുണ്ട്. ഇന്ന് നമ്പൂതിരി സമുദായം കുത്തകസമാനമായ ആധിപത്യം പുലർത്തുന്ന പുരോഹിതകർമ്മങ്ങളിൽ അവ വ്യവസ്ഥാപിതമായി പഠിച്ച മറ്റു സമുദായക്കാർ കടന്നു ചെല്ലുന്നതിനെ ആധുനിക നമ്പൂതിരിമാർ എങ്ങനെ കാണുന്നുവെന്നും അവരുടെ പ്രതികരണം എന്താണെന്നുകൂടി പുസ്തകത്തിൽ ഉൾക്കൊള്ളിക്കാമായിരുന്നു.

ബാബുവിന്റെ പി.എച്ച്.ഡി പ്രബന്ധത്തിന്റെ പുസ്തകരൂപമാണ് ഈ കൃതി. ഇടതുപക്ഷ കാഴ്ചപ്പാട് രചനയിലുടനീളം തികട്ടി വരുന്നുണ്ട്. ഗ്രന്ഥകാരൻ ദീർഘകാലം 'ദേശാഭിമാനി' ജീവനക്കാരനായിരുന്നതിനാലാകാം സി.പി.എം ആസ്ഥാനമായ തിരുവനന്തപുരത്തെ ഏ.കെ.ജി സെന്റർ ഗ്രന്ഥശാലയോടുപോലും നന്ദി രേഖപ്പെടുത്തുന്നതായി കാണുന്നു. മാപ്പിള ലഹളയെ കർഷകകലാപമായി ഉയർത്തിക്കാണിക്കുന്ന ഇടതു-ഇസ്ലാമിസ്റ്റ് പ്രൊപ്പഗാണ്ട ഇതിൽ ശക്തമായി കാണാം. എന്നാൽ വടക്കേ മലബാറിലൊന്നും യാതൊരു പ്രശ്നവുമില്ലാതിരുന്നപ്പോൾ ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് താലൂക്കുകളിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിൽ മാത്രം കലാപം എങ്ങനെയുണ്ടായി എന്ന് പുസ്തകം പരിശോധിക്കുന്നില്ല. സമുദായപരിഷ്കരണപരമായി പ്രസിദ്ധീകരിക്കുകയും അരങ്ങത്ത് അവതരിപ്പിക്കുകയും ചെയ്ത നിരവധി നാടകങ്ങളും സാഹിത്യകൃതികളും ഗ്രന്ഥകാരൻ പരിശോധിക്കുന്നത് പ്രശംസാർഹമാണ്. ഇവയിൽ പലതും ഇന്ന് ലഭ്യമല്ലെന്നുകൂടി ഓർക്കണം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Keraleeya Navothanavum Namboothirimarum'
Author: I V Babu
Publisher: SPCS, 2017 (First)
ISBN: 9789387439108
Pages: 184
 

Friday, April 16, 2021

ഫെമിനിസത്തിന്റെ കേരളചരിത്രം

ജീവിതത്തിന്റെ സമസ്തതലങ്ങളിലും വിവേചനവും തരംതാഴ്‌ത്തലും അനുഭവിച്ചുകൊണ്ടാണ് സ്ത്രീകൾ ഏതാണ്ട് ഒരു നൂറ്റാണ്ടിനപ്പുറം ഈ ഭൂമുഖത്ത് വസിച്ചിരുന്നത്. തൊഴിലവസരങ്ങൾ നിഷേധിക്കുക, പുരുഷൻ ചെയ്യുന്ന തുല്യജോലിക്ക് തുല്യമായ കൂലി നൽകാതിരിക്കുക, ബഹുഭാര്യാത്വം, പിതാവിന്റെ സ്വത്തിന് മകൾക്ക് അവകാശമില്ലാതിരിക്കുക എന്നിങ്ങനെ നിരവധി മുഖങ്ങളിലാണ് സ്ത്രീസമൂഹം അവഗണനയുടെ മുറിപ്പാടുകൾ പേറിയിരുന്നത്. കേരളത്തിലാണെങ്കിൽ മാറു മറയ്ക്കാൻ അവകാശം ഇല്ലാതിരിക്കുക, വഴി നടക്കാൻ അനുവാദം ഇല്ലാതിരിക്കുക എന്നിവയും ഉണ്ടായിരുന്നു. സാമൂഹ്യ നവോത്ഥാനത്തോടെ ഇത്തരം അനാചാരങ്ങളെ തുടച്ചുനീക്കിയതിന്റേയും കേരളസ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിന്റേയും കഥയാണ് ഈ കൃതി പറയാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായ പി. എസ്. ശ്രീകല ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി അടുത്തുപ്രവർത്തിക്കുന്ന ഒരാളുമാണ്.
 
സ്ത്രീയുടെ സ്ഥാനം താഴെയായതിന്റെ സാമൂഹ്യശാസ്ത്രപരമായ അടിസ്ഥാനം ലേഖിക കണ്ടെത്തുന്നത് ഏംഗൽസിന്റെ കൃതിയിലൂടെയാണ്. സഗോത്രകുടുംബം, സമൂഹകുടുംബം എന്നീ ഘട്ടങ്ങൾ പിന്നിട്ടുകൊണ്ട് സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടെ ഏകദാമ്പത്യകുടുംബത്തിലേക്ക് എത്തിച്ചേർന്നു. സ്ത്രീക്ക് നിരവധി പങ്കാളികൾ ഉണ്ടായിരുന്ന വ്യവസ്ഥയിൽ നിന്നുള്ള സമൂലമായ മാറ്റമായിരുന്നു ഇത്. താൻ അദ്ധ്വാനത്തിലൂടെ ആർജിച്ച സ്വത്ത് തന്നിൽനിന്നു മാത്രം ജനിച്ച കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടണം എന്ന ആഗ്രഹമായിരുന്നിരിക്കാം ഇതിനു പിന്നിൽ. എന്നാൽ ഇതോടുകൂടി പുരുഷൻ സ്ത്രീക്കുമേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഈ വ്യവസ്ഥയെ ലേഖിക ശക്തമായി വിമർശിക്കുന്നു. ഒരു വേശ്യ ചെയ്യുന്നതുപോലെ കൂലി പറഞ്ഞുറപ്പിച്ച് തന്റെ ശരീരം വാടകയ്ക്ക് കൊടുക്കുകയല്ല ഭാര്യ ചെയ്യുന്നത്, മറിച്ച് എന്നെന്നേക്കുമായി അത് വില്പന നടത്തിയിട്ട് സ്ഥിരമായ അടിമത്തത്തിലേക്ക് അവൾ സ്വമേധയാ നടന്നുനീങ്ങുകയാണ്. പുസ്തകത്തിലുടനീളം പ്രകടമാകുന്ന തീവ്ര ഇടതുപക്ഷ അനുഭാവം ശ്രീകല ഇവിടെയും വെളിപ്പെടുത്തുന്നു. നഷ്ടപ്പെടാൻ സ്വത്തില്ലാതിരുന്ന തൊഴിലാളിവർഗ്ഗത്തിന് അതിന്റെ കൈമാറ്റത്തിനുവേണ്ടി രൂപം കൊണ്ട ഏകദാമ്പത്യം ബാധകമാകേണ്ടിയിരുന്നില്ലെങ്കിലും അവർ അത് പിന്തുടരാൻ നിർബന്ധിതമായി.

ജാത്യാചാരങ്ങളുടെ തടങ്കലിൽ നിന്ന് കേരളത്തെ വിമോചിപ്പിച്ച സാമൂഹ്യപ്രസ്ഥാനങ്ങൾ സ്ത്രീവിമോചനത്തേയും പരോക്ഷമായി സഹായിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങളിലും ക്രൂരമായ ജാതിവിവേചനങ്ങളിലും നിന്നുള്ള മോചനത്തിന്റെ ഭാഗമായാണ് സ്ത്രീമുന്നേറ്റ സമരങ്ങൾ കേരളത്തിൽ രൂപമെടുക്കുന്നതും പ്രബലമാകുന്നതും. മാറുമറക്കൽ സമരം, കല്ലയും മാലയും ബഹിഷ്കരണം തുടങ്ങിയ മുന്നേറ്റങ്ങൾ സ്ത്രീകളെ സാമൂഹിക അടിമത്തത്തിൽനിന്ന് രക്ഷപ്പെടുത്തി. ലിംഗസമത്വത്തിൽ അധിഷ്ഠിതമായ സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹനിർമ്മിതി സ്ത്രീവിമോചനവാദത്തിന്റെ ലക്ഷ്യവുമായിരുന്നു. സ്ത്രീകൾ വീടുപേക്ഷിച്ച് തെരുവിലേക്കിറങ്ങലായിരുന്നില്ല അതിന്റെ ലക്‌ഷ്യം. ദേവകി നരിക്കാട്ടിരി 'സ്ത്രീകൾ അടുക്കള ഉപേക്ഷിക്കരുത്' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ലോകത്തെ സേവിക്കാനുള്ള ഏറ്റവും ഉചിതമായ ഒരിടമാണ് അടുക്കള. അടുക്കളയിലെ പ്രവർത്തനങ്ങളിലൂടെ ആചാരങ്ങളെ പരിഷ്കരിക്കാനും ആരോഗ്യം, സദാചാരബോധം തുടങ്ങിയവയെപ്പറ്റി അവബോധം സൃഷ്ടിക്കാനും കഴിയും. മറ്റുത്തരവാദിത്വങ്ങളുടെ പേരിൽ ശക്തമായി സ്വാധീനിക്കാവുന്ന ഒരിടമായ അടുക്കള സ്ത്രീകൾ നഷ്ടപ്പെടുത്തരുതെന്ന് അവർ അഭിപ്രായപ്പെടുന്നു. ഈ പുസ്തകത്തിൽ കേരളനവോത്ഥാനത്തെ കമ്യൂണിസത്തിന്റെ ചാലിലേക്ക് മാറ്റിയൊഴുക്കാൻ ഗ്രന്ഥകർത്രി നിതാന്തപരിശ്രമം നടത്തുന്നു. സമുദായപരിഷ്കരണത്തിൽനിന്ന് സാമൂഹികപരിഷ്കരണത്തിലേക്കും ദേശീയ വിമോചനസമരത്തിലേക്കും തൊഴിലാളി സംഘടനകളിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും വികസിക്കുന്ന കൃത്യമായ രാഷ്ട്രീയധാരണ ഉള്ളതായിരുന്നത്രേ കേരളത്തിന്റെ ആധുനികീകരണപ്രക്രിയ.

നവോത്ഥാനത്തിന്റെ നാൾവഴികൾ വിശദീകരിക്കുമ്പോൾ കമ്യൂണിസ്റ്റ് ചായ്‌വ് പ്രകടമാക്കുന്നതിനൊപ്പം നഗ്നമായ ബ്രാഹ്മണചായ്‌വും ഈ കൃതിയിൽ എല്ലായിടത്തും കാണാം. ശ്രീനാരായണഗുരുവിനേയും അയ്യങ്കാളിയേയും ഒന്നോ രണ്ടോ പേജുകളിൽ ലേഖിക ഒതുക്കിക്കളഞ്ഞു. മന്നത്തു പദ്മനാഭനെ പരാമർശിക്കുന്നതേയില്ല. എന്നാൽ നമ്പൂതിരി സമുദായത്തിലെ പരിഷ്കരണശ്രമങ്ങൾ വിവരിക്കാൻ മുപ്പതോളം പേജുകളാണ് നീക്കിവെച്ചിരിക്കുന്നത്. അതിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇ.എം.എസ്സാണ് കേരളനവോത്ഥാനത്തിന്റെ ശില്പി എന്നതും. പക്ഷേ പിന്നോക്കവിഭാഗങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടല്ല നമ്പൂതിരിപ്പാടിനെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കേണ്ടത്. ആധുനികകാലത്തെ ദളിത് മുന്നേറ്റത്തേയും ലേഖിക എതിർക്കുന്നു. ദളിത് സ്ത്രീ പങ്കാളിത്തത്തിന് പ്രത്യേക ഊന്നൽ നല്കുന്നതുവഴി ശിഥിലീകരിച്ചും ശകലീകരിച്ചും വർഗ്ഗബോധത്തെ നിർവീര്യമാക്കാനും വർഗഐക്യത്തെ തകർക്കാനുമുള്ള ശ്രമമായിട്ടാണ് ശ്രീകല വ്യാഖ്യാനിക്കുന്നത്. 1950-നു ശേഷമുള്ള ഭാഗങ്ങളിൽ ഇടതുപക്ഷ സർക്കാരുകളുടെ ഭരണനേട്ടങ്ങൾ എണ്ണിപ്പറയൽ മാത്രമായി ഈ കൃതി അധഃപതിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ സ്ത്രീകളുടെ സാമൂഹികപരിഷ്കരണത്തിന്റെ കാര്യത്തിൽ തികഞ്ഞ മൗനമാണ് ഈ പുസ്തകം പാലിക്കുന്നത്. മുസ്ലിം സ്ത്രീകൾ നേരിടുന്ന ബഹുഭാര്യാത്വം, ജീവനാംശം നല്കാതെയുള്ള ഭർത്താവിന്റെ ഒഴിവാക്കൽ എന്നീ വിഷയങ്ങൾ ലേഖിക കാണുന്നതുപോലുമില്ല. ഇടതുപക്ഷ ചിന്താഗതിക്കാരിയാണല്ലോ!

മാർക്സിസ്റ്റ് പാർട്ടിയുടെ അജണ്ടയും തത്വങ്ങളും പ്രചരിപ്പിക്കുക എന്ന ഒരൊറ്റ പരിപാടിയേ ഈ പുസ്തകത്തിലുള്ളൂ. റഫറൻസിന് ഉപയോഗിക്കുന്നത് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ പുസ്തകങ്ങൾ മാത്രമാണ്. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതായി അനുഭവപ്പെട്ടിട്ടുള്ളത് ഏംഗൽസിന്റെ 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്പത്തി' എന്ന ഗ്രന്ഥത്തിലാണത്രേ! 150 വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട ഈ കൃതിയല്ലാതെ മറ്റൊന്നും കാര്യമായി ഉദ്ധരിച്ചിട്ടുമില്ല. മാർക്സിയൻ ചപ്പടാച്ചികൾ നിർലോഭം വാരി വിതറുന്നുമുണ്ട്. സ്ത്രീകൾക്കെതിരായ ചൂഷണം അവസാനിപ്പിക്കുന്നതിന് വർഗ്ഗസമരം ശക്തിപ്പെടുത്തണം (പേജ് 210), സ്വകാര്യസ്വത്ത് അവസാനിക്കുന്നതോടെ വർഗ്ഗവൈരുദ്ധ്യവും അവസാനിച്ച് സ്ത്രീപുരുഷസമത്വം യാഥാർഥ്യമാകും (പേജ് 218) എന്നീ പരാമർശങ്ങളൊക്കെ വായിച്ച് ബൗദ്ധിക അടിമത്തം ബാധിച്ചിട്ടില്ലാത്ത വായനക്കാർ പൊട്ടിച്ചിരിക്കുകയേയുള്ളൂ. ഈ കൃതിയിൽ മാർക്സിനെ നാലു തവണ ഉദ്ധരിക്കുമ്പോൾ ഏംഗൽസിനെ 18 തവണയും ഇ.എം.എസ്സിനെ 43 തവണയുമാണ് ഉദ്ധരിക്കുന്നത്.

തീർത്തും നിരാശാജനകമായ ഈ പുസ്തകം സർക്കാർ ഗവേഷണരംഗത്തെ പാളിച്ചകളുടെ ഉത്തമദൃഷ്ടാന്തമെന്ന നിലയിൽ ശുപാർശ ചെയ്യുന്നു.

Book Review of 'Femisathinte Keralacharithram' by P S Sreekala
Mathrubhumi Books, 2020
ISBN: 9788194822271
Pages: 248