Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Saturday, July 26, 2025

മൃഗയ - കേരളത്തിന്റെ നായാട്ടുചരിത്രം

വന്യമൃഗങ്ങളെ ഭക്ഷണത്തിനോ വിനോദത്തിനോ സമൂഹരക്ഷക്കുവേണ്ടിയോ വേട്ടയാടിക്കൊല്ലുന്നത് എല്ലാ ജനതകളും ഏതാനും ദശകങ്ങൾക്കുമുമ്പുവരെ ആവേശപൂർവം സ്വാഗതം ചെയ്തിരുന്ന ഒരു കാര്യമാണ്. ഇതിന് മതപരമായ അംഗീകാരവും സ്വാഭാവികമായിത്തന്നെ ലഭിച്ചിരുന്നു. മഹിഷി എന്ന കാട്ടുപോത്തിനെ വധിക്കാൻ പുറപ്പെട്ട മണികണ്ഠനേയും വ്യാളിയെ വധിക്കുന്ന ഗീവർഗീസ് പുണ്യാളനേയും ഓർക്കുക. ബ്രിട്ടീഷ് അധിനിവേശകാലത്ത് വരേണ്യവർഗ്ഗങ്ങൾക്കിടയിൽ വ്യാപകമായ നായാട്ടുഭ്രമത്തിന് ഒട്ടേറെ സ്മാരകങ്ങൾ മൃഗശരീരാവശിഷ്ടങ്ങളായും സാഹിത്യസൃഷ്ടികളായുമൊക്കെ ഉണ്ടായെങ്കിലും മലയാളി ഗവേഷകർ ഇക്കാര്യത്തിൽ വലിയ നിശ്ശബ്ദത പുലർത്തുന്നു. എന്നാൽ നമ്മുടെ സാഹിത്യത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങൾ വേണ്ടുവോളമുണ്ട്. ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിന്റെ നായാട്ടുചരിത്രമാണ് ഈ കൃതി എന്നാണ് ഗ്രന്ഥകാരന്റെ അവകാശവാദം. വിനിൽ പോൾ ജെ.എൻ.യുവിൽനിന്ന് ഗവേഷണബിരുദം നേടിയതിനുശേഷം കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി നോക്കുന്നു. നിരവധി പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

മുഗൾ അധിനിവേശകാലത്തെ നായാട്ടിനെ സംബന്ധിച്ച അദ്ധ്യായത്തോടൊപ്പം ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യയിൽ നടന്ന നായാട്ട് അനുഭവങ്ങളെ വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. തുടർന്ന് കേരളത്തിൽ ബ്രിട്ടീഷ് ഇടപെടലുകളോടെ നടന്ന വേട്ടകളിലേക്കും മലയാളസാഹിത്യത്തിലും മതപരമായ ആചാരങ്ങളിലും അതുവഹിച്ച പങ്കിലേക്കും ശ്രദ്ധ തിരിക്കുന്നു. നായാട്ട് ഒരുപോലെ ഭരണത്തിനും വിനോദത്തിനുമുള്ള ഉപായമായിട്ടാണ് വെള്ളക്കാരും അവരെ അനുകരിച്ചു പിന്തുടർന്ന നാടൻ പ്രഭുവർഗവും കൈകാര്യം ചെയ്തിരുന്നത്. കൃഷി നശിപ്പിച്ച വന്യമൃഗങ്ങളെ വൻതോതിൽത്തന്നെ ബ്രിട്ടീഷുകാർ കൊന്നൊടുക്കിയിരുന്നു. ആനകളെ വിരട്ടിയോടിച്ച് കിടങ്ങുകളിൽ വീഴിച്ചതിനുശേഷം വെടിവെക്കുകയായിരുന്നു രീതി. 1834-ൽ ഇങ്ങനെ 63 ആനകളെ ഒറ്റയടിക്ക് വകവരുത്തിയതായി കാണുന്നു. 1959-ൽ പോലും കൃഷിയിടങ്ങൾ തകർത്ത ആനക്കൂട്ടത്തിനെ നശിപ്പിക്കാൻ കാടിന് തീയിട്ടപ്പോൾ 17 ആനകൾ ചത്തൊടുങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊളോണിയലിസം വരുന്നതിനുമുമ്പ് ഏറ്റവുമധികം കൊല്ലപ്പെട്ടതും പിടികൂടാൻ ശ്രമിച്ചതുമായ മൃഗം ആനയായിരുന്നു. എന്നാൽ ബ്രിട്ടീഷ് നായാട്ടുകാർ രംഗത്തെത്തിയതോടെ ഏറ്റവും ഉപദ്രവകാരിയായ മൃഗം കടുവയായി മാറി. തുടർന്നുനടന്ന വേട്ടയുടെ ഫലമായി 1900-നും 1950-നും ഇടയിൽ കടുവകളുടെ എണ്ണം 40,000-ൽ നിന്ന് 4,000 ആയി ഇടിഞ്ഞു. നായാട്ടിന് പരോക്ഷമായ ദൂഷ്യഫലങ്ങളുമുണ്ടായിരുന്നു. വേട്ടയ്ക്കിടെ കടുവ പോലുള്ള മൃഗങ്ങൾക്ക് മുറിവേൽക്കുന്നതും അവയുടെ സ്വാഭാവിക ഇരകളായ മാനുകളെ വൻതോതിൽ വേട്ടയാടി ഇല്ലാതാക്കിയതും അവ നരഭോജികളായി മാറാൻ കാരണമായി. കൊളോണിയൽ അധിനിവേശകാലത്ത് പലതരത്തിലുള്ള നായാട്ടുകൾ അരങ്ങേറി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും നാട്ടുരാജ്യങ്ങളിൽ സന്ദർശനത്തിനു വരുമ്പോൾ വിനോദത്തിനുവേണ്ടി നടത്തുന്ന നായാട്ട്, നരഭോജികളായ മൃഗങ്ങളെ കൊല്ലുവാൻ നടത്തുന്ന നായാട്ട്, സർക്കാർ ഔദ്യോഗികമായി ആനകളെ പിടിക്കുവാൻ നടത്തുന്ന നായാട്ട്, തദ്ദേശീയജനത അവരുടെ ആവശ്യങ്ങൾക്കും വിശ്വാസ-ആചാരാനുഷ്ഠാനങ്ങളുടേയും പേരിൽ നടത്തുന്ന നായാട്ട്, മൃഗയാവിനോദകേന്ദ്രങ്ങളിലെ നായാട്ട് എന്നിങ്ങനെ പലവിധത്തിൽ. മൃഗസംരക്ഷണം എന്ന ആശയവും അധികം വൈകാതെതന്നെ തിരുവിതാംകൂറിൽ ശക്തി പ്രാപിച്ചു. 1930-കളിൽ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ തുടങ്ങി. വാർഡന്മാരായി ഉദ്യോഗസ്ഥരേയും കാവൽക്കാരായി വനവാസികളായ മുതുവാന്മാരേയും നിയമിച്ചു.
 
കേരളത്തിലെ മൃഗയ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ടെങ്കിലും കഷ്ടിച്ച് ഒരദ്ധ്യായം മാത്രമേ അതിനുവേണ്ടി നീക്കിവെച്ചിട്ടുള്ളൂ. മലയാളികളുടെ വേട്ടയിൽ അധിഷ്ഠിതമായ വിശ്വാസങ്ങളേയും സാഹിത്യത്തിൽ ഈ വിഷയം നേടിയ പ്രാതിനിധ്യവുമാണ് ഇതിൽ ചർച്ച ചെയ്യുന്നതെങ്കിലും കേവലം ഉപരിപ്ലവമായ ചില നിരീക്ഷണങ്ങൾ മാത്രമേ കാണുന്നുള്ളൂ. 200-ഓളം പേജുകളുള്ള ഒരു പുസ്തകം കൊട്ടിഘോഷിച്ചതിനുശേഷം അതിന്റെ പ്രധാനവിഷയത്തെ വെറും ഇരുപതോളം പേജുകളിൽ ഒതുക്കുന്ന ഒരു അടവാണ് ഇത്. വേട്ടദേവതയായ അയ്യൻ അഥവാ അയ്യപ്പൻ ആണ് നായാട്ടുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്നത്. അയ്യൻ വേട്ടക്കാലത്ത് കാട്ടിനകത്ത് ഒരുക്കുന്ന ഊർപ്പള്ളിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം. സാഹിത്യത്തിലേക്കു തിരിഞ്ഞാൽ മൂർക്കോത്ത് കുമാരൻ എഴുതിയ 'ഒരു നരിയെ കൊന്ന വെടി' (1919) ആണ് നായാട്ട് വിഷയമായ ആദ്യ ചെറുകഥ. ആചാരാനുഷ്ഠാനങ്ങളെ ചുറ്റിയുള്ള പഴമൊഴികളിലും പാട്ടുകളിലും വേട്ടകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭ്യമാണ്. ആദ്യനോവലായ ഇന്ദുലേഖയിലെ നായകൻ മാധവൻ കൊൽക്കത്ത മൃഗശാല സന്ദർശിച്ചപ്പോൾ അബദ്ധത്തിൽ കൂടിനു പുറത്തുചാടിയ ഒരു പുലിയെ തന്റെ കൈത്തോക്കുപയോഗിച്ച് വെടിവെച്ചുകൊല്ലുന്ന ഒരു രംഗമുണ്ട്. ഇത് ബ്രിട്ടീഷ് നായാട്ടുസാഹിത്യത്തിന്റെ പരിഹാസ്യമായ അനുകരണമാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. മലയാളസാഹിത്യത്തിലെ വേട്ടക്കഥകളിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥയൊഴികെ ബാക്കിയെല്ലാം അധിനിവേശകാല നായാട്ടിനോട് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നവയാണ്. എന്നാൽ വേങ്ങയിൽ കൊളോണിയൽ നായാട്ടുസങ്കല്പങ്ങളെ വിമർശിക്കുകയും അവയുടെ ആണത്തത്തെ പരിഹസിക്കുകയും ചെയ്യുന്നു എന്ന് ഈ കൃതി വിലയിരുത്തുന്നു.

ദളിത് വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ഒരു അക്കാദമികവിദഗ്ദ്ധനാണ് വിനിൽ പോൾ. എന്നാൽ അദ്ദേഹത്തിന്റെ പല പ്രബന്ധങ്ങളും കൃസ്തീയസഭയോ എൻ.ജി.ഓകളോ  നടത്തുന്ന പ്രസിദ്ധീകരണങ്ങളിലാണ് പ്രകാശിതമായിരിക്കുന്നത്. മാത്രവുമല്ല, കത്തോലിക്കാ രൂപത നടത്തുന്ന ഒരു കോളേജിൽ പ്രൊഫസറായി ജോലി നോക്കുന്നയാളുമാണ് അദ്ദേഹം. അങ്ങനെയിരിക്കെ അനാവശ്യമായി മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുന്നതും പരിഹസിക്കുന്നതും ഒഴിവാക്കുന്നതായിരുന്നു മര്യാദ. ബ്രിട്ടീഷുകാരെ നായാട്ടിനനുവദിക്കുന്നത് 'തിരുവിതാംകൂർ എന്ന സ്വയംപ്രഖ്യാപിത ഹിന്ദുരാജ്യത്തിന്റെ ശേഷിയില്ലായ്മയാണ്' എന്ന വാദം (പേജ് 120) ബ്രിട്ടീഷ് മേലാളന്മാരുടെ മുന്നിൽ തലകുനിക്കേണ്ടിവരുന്ന ഒരു നാട്ടുരാജ്യത്തിന്റെ നിസ്സഹായതയുടെ സൂചകമെന്നതിലുപരി ഒരു ഹിന്ദുരാജ്യത്തിന്റെ ഗതികേടിലുള്ള ഗ്രന്ഥകാരന്റെ വെറുപ്പുകലർന്ന സന്തോഷമാണ് നമുക്കു വെളിവാക്കിത്തരുന്നത്. തിരുവിതാംകൂർ ഒരു ഹിന്ദുരാജ്യമായി പ്രഖ്യാപിച്ചിരുന്നോ എന്നത് മറ്റൊരു വിഷയമാണ്. രണ്ടുനൂറ്റാണ്ടുമുമ്പ് മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീപദ്മനാഭന് സമർപ്പിച്ചതിന്റെ പേരിലാണോ ഈ ആരോപണം എന്നും വ്യക്തമല്ല. അങ്ങനെയെങ്കിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും കാന്റർബറി ആർച്ച്ബിഷപ്പ് സത്യപ്രതിജ്ഞ ചെയ്യിച്ച് കിരീടമേൽപ്പിച്ചുകൊടുക്കുന്നയാളുമായ രാജാവ് ഭരിക്കുന്ന ബ്രിട്ടൻ ഇപ്പോഴും ക്രിസ്തുമതാധിഷ്ഠിത രാജ്യമെന്നു കരുതേണ്ടിവരും. എന്നാൽ ഇവിടെ ബ്രിട്ടീഷ് തോട്ടമുടമകളെ തിരുവിതാംകൂർ സർക്കാർ നിലക്കുനിർത്തുന്നതിന്റെ ഉദാഹരണങ്ങൾ ഈ കൃതിയിൽത്തന്നെ കാണാനാവും. 1911-ൽ തിരുവിതാംകൂർ ഭരണാധികാരികൾക്ക് തോട്ടം മേഖലയിലെ അമിതനായാട്ടിനെക്കുറിച്ച് പരാതികൾ ലഭിച്ചതിനാൽ അവിടെ നടക്കുന്നത് മൃഗങ്ങളുടെ കൂട്ടക്കൊലയായി കണക്കാക്കി. തോട്ടത്തിന്റെ ജനറൽ മാനേജർമാർക്ക് ഇതിനു മറുപടി നൽകേണ്ടിവന്നു. ഇത് തോട്ടം മേഖലയിലെ ഉദ്യോഗസ്ഥരെയാകെ നാണം കെടുത്തുകയും നായാട്ട് നിയന്ത്രിക്കാൻ അവർക്ക് നടപടികൾ എടുക്കേണ്ടിയും വന്നു (പേജ് 131). ഈ പുസ്തകത്തിൽ എന്തിനെയെങ്കിലും കുറിച്ച് ആദരപൂർവമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബാസൽ മിഷനെക്കുറിച്ചും അവരുടെ മതപരിവർത്തന ഉദ്യമങ്ങളെക്കുറിച്ചും മാത്രമാണ്. ബാസൽ മിഷൻ കേരളത്തിന്റെ സാഹചര്യത്തിൽ ഒരു ജാതിരഹിത സമുദായത്തെ നിർമ്മിച്ചെടുക്കാൻ സാധിച്ച ഏക മിഷനറി പ്രസ്ഥാനമാണത്രേ! അവർ കേരളത്തിൽ വ്യാവസായികമാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ജാതി-അടിസ്ഥാന തൊഴിലിനെ മറികടന്ന് തൊഴിലാളി എന്ന സങ്കൽപ്പത്തിലേക്ക് മലയാളികളെ എത്തിച്ച സാമൂഹ്യപ്രസ്ഥാനവുമാണത് (പേജ് 99). മാത്രവുമല്ല അവർ കീഴാളരുടെ ദൈനംദിന ജീവിതത്തിൽ പങ്കാളികളുമായി (പേജ് 100). വിദേശപണത്തിന്റെ മേനിക്കൊഴുപ്പിൽ ജനങ്ങളെ സംഘടിതമായി മതംമാറ്റാൻ എത്തിയ ഒരു കൂട്ടത്തിനെയാണ് ഇങ്ങനെ സോപ്പിട്ടു പതപ്പിക്കുന്നതെന്ന് നമ്മൾ ഇവിടെ ഓർമ്മിക്കണം. ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് 'കിഴക്കൻ മേഖലയിൽ മറ്റൊരു ജീവിതം സാദ്ധ്യമാക്കിയ ഹെൻറി ബേക്കർ ജൂനിയർ' എന്ന മിഷനറിയുടെ പേരിലാണ്. ഇത്രയും മെയ്‌വഴക്കമുള്ള ഒരു കുഞ്ഞാട് പുസ്തകത്തിന്റെ പലയിടങ്ങളിലും സവർണ്ണശക്തികളെ അനാവശ്യമായും അപ്രസക്തമായും വിമർശിച്ചുകാണുന്നത് അരോചകമായിത്തോന്നി.
 
പരിസ്ഥിതിവാദികൾ എന്തൊക്കെ പറഞ്ഞാലും വനം-വന്യജീവി സംരക്ഷണനിയമങ്ങൾ വളരെ ഫലപ്രദമായി പാലിക്കപ്പെടുന്നതിന്റെ ഫലമായി കാടിനോടു ചേർന്നുകിടക്കുന്ന പല മനുഷ്യവാസപ്രദേശങ്ങളിലും മുമ്പുണ്ടാകാത്ത വിധത്തിൽ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന വിധത്തിൽ വന്യമൃഗശല്യം കേരളത്തിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിന്റെ കാലികപ്രസക്തി വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ അതൊന്നും പരിഗണിക്കുകകൂടി ചെയ്യാതെ ഈ പുസ്തകം പലപ്പോഴും ജെ.എൻ.യു അജണ്ടയായ സവർണ്ണ-ദളിത് വൈരുദ്ധ്യത്തിലേക്ക് സ്ഥാനത്തും മിക്കപ്പോഴും അസ്ഥാനത്തും കയറിച്ചെന്ന് ഉണങ്ങിക്കൊണ്ടിരിക്കുന്ന വ്രണം ബോധപൂർവം വീണ്ടും മാന്തി മാന്തി പുണ്ണാക്കാൻ ശ്രമിക്കുക മാത്രമേ ചെയ്യുന്നുള്ളു.. എങ്കിലല്ലേ അതൊരിക്കലും ഉണങ്ങാതിരിക്കുകയുള്ളൂ! നായാട്ടെഴുത്തുകൾ സവർണ്ണതയുടെ സ്ഥാപനം നടത്തുന്നുവെന്നും കീഴാളജനതയായ ആദിവാസികളേയും ദളിതരേയും ചൂഷണം ചെയ്തതിന്റെ ചരിത്രമാണെന്നും മിഷനറിമാരുടെ കുഴലൂത്തുകാരനായ ഈ ഗ്രന്ഥകാരൻ ആവേശപൂർവം വാദിക്കുന്നു. ഇദ്ദേഹത്തിന് ഇന്ത്യാ ഉപഭൂഖണ്ഡം എന്നൊന്നില്ല, പകരം തെക്കേ ഏഷ്യയാണത്. ഇതും ഒരു ജെ.എൻ.യു അഭ്യാസമാണ്. ഈ പുസ്തകത്തിലെ ഗവേഷണനിലവാരമൊക്കെ വളരെ തരംതാഴ്‌ന്നതാണ്. ഏതാനും പുസ്തകങ്ങളിലും പഴയ വർത്തമാനപത്രങ്ങളിലും എഴുതപ്പെട്ട വസ്തുതകളെ ലേഖകന്റെ മുൻവിധികളുടേയും അജണ്ടകളുടേയും മേമ്പൊടി കലർത്തി അവതരിപ്പിക്കുന്ന ഈ കൃതി ഒരു വിധത്തിലും ആകർഷണീയമല്ല.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.
 
Book review of 'Mrugaya - Keralathine Nayattucharithram' 
Author: Vinil Paul
Publisher: DC Books, 2022 (First)
ISBN: 9789356432543
Pages: 223
 

Saturday, July 19, 2025

നായർ ചരിത്രദൃഷ്ടിയിലൂടെ

കേരളീയസംസ്കൃതിയുടെ സമസ്തമേഖലകളിലും ശക്തമായ സാന്നിദ്ധ്യം അവകാശപ്പെടുന്ന നായർ സമുദായത്തിന്റെ ചരിത്രപരമായ ഉത്പത്തി-വികാസങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ കൃതി. ജാതിസംഘടനകളുടെ ഏകോപനത്തിൽ നായർ സമുദായത്തിനെക്കുറിച്ചുള്ള അനേകം ഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമുദായത്തിന്റെ പൂർവചരിത്രത്തെ വാഴ്ത്തുകയും വർത്തമാനകാലത്തെ അതിന്റെ പ്രസക്തി ആവർത്തിച്ചുറപ്പിക്കുകയും മാത്രമാണ് അവയെല്ലാം ചെയ്യുന്നത്. എന്നാലീ കൃതി ഒട്ടനവധി അപ്രിയസത്യങ്ങളെ തുറന്നുകാട്ടുന്നു. ആധുനികകാലത്തെ സാമൂഹ്യ-സാമ്പത്തിക പൊളിച്ചെഴുതലിൽ നഷ്ടപ്പെട്ടുപോയ ആധിപത്യത്തെ ഈ ഗ്രന്ഥം സൂക്ഷ്മമായി വിലയിരുത്തുന്നു. 1930-കളുടെ അന്ത്യത്തിൽ ക്ഷേത്രപ്രവേശനവിളംബരം വരെയുള്ള വസ്തുതകളേ ഇതിൽ കൈകാര്യം ചെയ്യുന്നുള്ളൂ. തുടർന്നുവന്ന കാർഷികഭൂമിയുടെ പുനർവിതരണവും ഉദ്യോഗസംവരണവും സമുദായത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതിന്റെ യാതൊരു വിവരണവും ഇതിൽ ഇല്ല. മാത്രവുമല്ല, 1991-നു ശേഷം നടന്ന ആഗോളവൽക്കരണം, സ്വത്വരാഷ്ട്രീയം, രാഷ്ട്രീയമായി ദേശീയകാഴ്ചപ്പാടുകളിലേക്കുള്ള ചുവടുമാറ്റം മുതലായവയൊന്നും കൈകാര്യം ചെയ്യുന്നില്ല. ചരിത്രപരമായ അവലോകനങ്ങളിൽത്തന്നെ വ്യതിരിക്തമായ വീക്ഷണപാടവമൊന്നും രണ്ടു ലേഖകരും മുന്നോട്ടുവെക്കുന്നുമില്ല. കെ. ശിവശങ്കരൻ നായർ പൊതുമരാമത്തുവകുപ്പിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചതിനുശേഷം കേരളാ ഹെൽത്ത് റിസർച്ച് ആന്റ് വെൽഫേർ സൊസൈറ്റി (KHRWS) മാനേജിങ് ഡയറക്ടറായി വിരമിച്ചു. വി. ജയഗോപൻ നായർ ചരിത്രാദ്ധ്യാപകനും ധനുവച്ചപുരം എൻ.എസ്‌.എസ്‌ കോളേജിലെ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചയാളുമാണ്.
 
ചോളാധിപത്യമുണ്ടായ പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളിൽ ബ്രാഹ്മണർ സമൂഹത്തിന്റെ ആധിപത്യസ്ഥാനം ഏറ്റെടുത്തുവെന്നും ആ പ്രക്രിയയിൽ അവർക്ക് താങ്ങും തണലുമായിനിന്ന ശൂദ്രവിഭാഗങ്ങളാണ് പിൽക്കാലത്ത് നായർ എന്ന ജാതിയായി പരിണമിച്ചതെന്നുമാണ് ഇതിന്റെ സാരാംശം. നായർ എന്ന പദം പ്രചാരത്തിലാകുന്നതിനുമുമ്പേ വെള്ളാളരായിരുന്നു മാടമ്പികളും ദേശവാഴികളും. ജന്മിത്വത്തിന്റെ അധഃപതനവും മലയാളബ്രാഹ്മണരുടെ വർദ്ധിച്ചുകൊണ്ടിരുന്ന സ്വാധീനശക്തിയും നായർ സമുദായത്തെ ബാധിച്ചു. പതിനാലാം നൂറ്റാണ്ടിൽ ജന്മി സമ്പ്രദായത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. വെള്ളക്കാരുടെ അധിനിവേശകാലത്ത് അവ ശക്തിപ്പെടുകയും പതിനെട്ടാം നൂറ്റാണ്ടോടെ ജന്മിത്വം പൂർണമായി തകർന്ന് രാജകീയ ഉദ്യോഗസ്ഥന്മാരുടെ ഭരണം നടപ്പിലാവുകയും ചെയ്തു. ചാതുർവർണ്യത്തിലധിഷ്ഠിതമായ ജാതിസമ്പ്രദായം കേരളത്തിൽ അവതരിപ്പിച്ചത് ബ്രാഹ്മണരാണ്. നായന്മാരുടെ അംഗസംഖ്യയിലുള്ള വർദ്ധനവും ജന്മിസമ്പ്രദായത്തിന്റെ തകർച്ചയുമാണ് നായരെ ഒരു ജാതിയാക്കി മാറ്റിയത് എന്നാണ് ഗ്രന്ഥകാരന്മാരുടെ അഭിപ്രായം. ഇത് പതിനെട്ടാം ശതകത്തോടെ സംഭവിച്ചു. അതിനുമുമ്പ് ആയുധവിദ്യയിൽ പ്രാവീണ്യം നേടിയ ഒരു തൊഴിൽവിഭാഗം മാത്രമായിരുന്നു ഇവർ. ലോഗന്റെ അഭിപ്രായത്തിൽ പരദേശീയരുടെ വരവില്ലായിരുന്നുവെങ്കിൽ കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയുടെ കണ്ണും കാതും കല്പനാധിപനുമായി നായർ പിന്നെയും തുടർന്നേനെ. 

വിദേശസഞ്ചാരികളുടെ വർണ്ണനകളെ അമിതമായി ആശ്രയിക്കുന്നു എന്നത് ഈ കൃതിയുടെ ഒരു ന്യൂനതയാണ്. സാമാന്യമായ വിവരങ്ങൾ ഒരു സൂചകമായി മാത്രമേ ഇത്തരം സാഹിത്യത്തിൽനിന്ന് ഏൽക്കാൻ കഴിയുകയുള്ളൂ. സവിശേഷവസ്തുതകളുടെ സ്ഥലകാലപ്രസക്തി കൃത്യമായി വിലയിരുത്താതെയുള്ള ചില നിരീക്ഷണങ്ങൾ ഇതിലുണ്ട്. 1516-ൽ ബാർബോസ എഴുതുന്നത് നായന്മാർ മദ്യപാനികളായിരുന്നില്ല എന്നാണെങ്കിലും 1800-ൽ ഇവർ വളരെ മദ്യാസക്തരായിരുന്നു എന്ന് ഫ്രാൻസിസ് ബുക്കാനൻ പറയുമ്പോൾ മൂന്നു നൂറ്റാണ്ടുകൊണ്ട് ഒരു സമുദായം മുഴുവൻ മദ്യപാനികളായി മാറി എന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമായ കണ്ടെത്തലുകളിലേക്കേ നയിക്കുകയുള്ളൂ. വെള്ളക്കാരുടെ വരവിനുശേഷം നായന്മാരുടെ വിവാഹസമ്പ്രദായത്തെക്കുറിച്ച് വളരെയേറെപ്പേർ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെ നന്നായി ഈ കൃതി അവലോകനം ചെയ്യുന്നു. നായന്മാരടങ്ങിയ മലയാളിസമൂഹത്തിൽ മദ്ധ്യകാലത്ത് മന്ത്രോച്ചാരണത്തോടുകൂടിയ ചടങ്ങുകളുള്ള വിവാഹം നടന്നിരുന്നില്ല. ബ്രാഹ്മണരുടേയും യഹൂദരുടേയും കൃസ്ത്യാനികളുടേയും ഇടയിൽ മാത്രമാണ് മതപരിവേഷമുള്ള കർമ്മങ്ങളോടുകൂടിയ വിവാഹങ്ങൾ നടന്നിരുന്നത്. ബാക്കിയുള്ളവർക്കെല്ലാം സംബന്ധം മാത്രമാണുണ്ടായിരുന്നത്. സംബന്ധം എന്ന പദത്തിന് കൂട്ടിരിക്കൽ എന്നോ കൂടെ താമസിക്കൽ എന്നോ മാത്രമേ അർത്ഥമുള്ളൂ. ഒരർത്ഥത്തിൽ ഇന്നത്തെ 'ലിവിങ് ടുഗെതർ' തന്നെ. ഫാഷനുകൾ മാറിമാറി വരുന്നതല്ലാതെ പുതിയവ ഉണ്ടാകുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്!
 
മദ്ധ്യകാലകേരളത്തിന്റെ ഒരു സാംസ്കാരികശാപം തന്നെയായിരുന്നു ഒട്ടുമിക്ക ജാതിവിഭാഗങ്ങളും പിന്തുടർന്നിരുന്ന മാതൃദായക്രമം. പിന്തുടർച്ച അച്ഛനിൽനിന്ന് മകനിലേക്കായിരുന്നില്ല, മറിച്ച് അമ്മാവനിൽനിന്ന് അനന്തരവനിലേക്കായിരുന്നു. ഒന്നിലധികം പങ്കാളികളെ നിലനിർത്തിക്കൊണ്ടിരുന്ന സ്ത്രീകൾക്ക് ഇത്തരമൊരു വ്യവസ്ഥയിൽ മാത്രമേ തങ്ങളുടെ സന്താനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. നായന്മാർ മാത്രമല്ല, നമ്പൂതിരിമാർ ഒഴികെയുള്ള എല്ലാ ജാതിക്കാരും ഇതുതന്നെയാണ് പിന്തുടർന്നിരുന്നത്. ഇത്തരമൊരു ദായക്രമം നടപ്പിൽ വന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ ഒരു തീവ്രശ്രമം ഈ പുസ്തകത്തിൽ നടത്തുന്നുണ്ടെങ്കിലും അതിൽ പൂർണവിജയം നേടിയതായി വിലയിരുത്താൻ സാധിക്കില്ല. ക്രമരഹിതമായ ലൈംഗികബന്ധം, ബഹുഭർത്തൃത്വം, പുരുഷന്മാരുടെ സൈനികസേവനം, നമ്പൂതിരി സംബന്ധം, കൂട്ടുകുടുംബവ്യവസ്ഥ, പുരാതനകാലത്തുനിന്നുള്ള തുടർച്ച എന്നിവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും സൂക്ഷ്മവീക്ഷണത്തിൽ അവയൊന്നും യുക്തിസഹമല്ല എന്ന് ഗ്രന്ഥകർത്താക്കൾ കണ്ടെത്തുന്നു. സ്ഥാവരവസ്തുവായ ഭൂമിയിൽ കൃഷിപ്പണികൾ നടത്തിക്കുവാൻ വേണ്ടി ഭർത്താവ് ഭാര്യാഗൃഹത്തിൽ സ്ഥിരതാമസമാക്കിയതാണ് ഇതിനു തുടക്കം കുറിച്ചതെന്നു സിദ്ധാന്തിക്കുന്നു. ഇത്തരം കുടുംബങ്ങളിൽ ഉന്നതജാതിക്കാരുമായി വിവാഹബന്ധം കൂടിവന്നതോടെ അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് മാതാവിന്റെ കുടുംബത്തിലെ സ്വത്ത് ലഭിക്കുന്നതിനും ഈ സമ്പ്രദായം ആവശ്യമായിരുന്നു. അങ്ങനെ ഇത് താഴ്‌ന്ന ജാതിക്കാരിലേക്കും വ്യാപിച്ചു. ഈ വാദം അത്ര ശരിയാണെന്നു തോന്നുന്നില്ല. നമ്പൂതിരി പുരുഷന്മാരും നായർ സ്ത്രീകളുമായി പങ്കാളിത്തം സാധാരണയായിരുന്നെങ്കിലും ഈ രണ്ടു ജാതികളിലെ പുരുഷന്മാരും അവർക്കു താഴെയുള്ള ജാതികളിലെ സ്ത്രീകളുമായി ബന്ധപ്പെടുക പതിവായിരുന്നില്ല. മാതൃദായക്രമം പത്ത്-പന്ത്രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ നിലവിൽ വന്നു. ആദ്യകാലങ്ങളിൽ ഭരണവർഗ്ഗത്തിനിടയിൽ മാത്രമാണ് ഇത് കണ്ടുവന്നിരുന്നതെങ്കിലും ഏതാനും നൂറ്റാണ്ടുകൾ കഴിയുന്നതോടെ ഇത് പൊതുവായി വ്യാപിച്ചു.
 
തൊട്ടുകൂടായ്മ ഭാരതത്തിൽ പലയിടങ്ങളിലും നടമാടിയിരുന്നെങ്കിലും അതിന്റെ ഏറ്റവും തീവ്രമായ പ്രത്യക്ഷപ്പെടലായ തീണ്ടൽ അഥവാ അടുത്തുവരാൻ പോലും പാടില്ലായ്‌ക കേരളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയാധികാരങ്ങളെല്ലാം നഷ്ടപ്പെട്ട് (വെള്ളക്കാരുടെ ആധിപത്യത്തോടെ) ക്ഷേത്രങ്ങളുടേയും ക്ഷേത്രവസ്തുക്കളുടേയും പരിപാലനം മാത്രമായതോടെ ബ്രാഹ്മണർ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ദുരാചാരമാകാം തീണ്ടൽ. ഇതു നടപ്പാക്കേണ്ട ചുമതല നായർ ഏറ്റെടുത്തു. നായരുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഈ അനാചാരം ഒരുപക്ഷേ ഇത്ര രൂക്ഷമായി പ്രചരിക്കുമായിരുന്നില്ല എന്ന് ലേഖകർ ഊഹിക്കുന്നു. ഈഴവർ ഒരു സവർണ്ണ വിഭാഗമായിരുന്നെങ്കിൽ ഈ അനാചാരം ഇത്ര പെട്ടെന്ന് അപ്രത്യക്ഷമാകുമായിരുന്നില്ല എന്നാണ് എനിക്ക് ഇതിനോട് ചേർത്തുവെക്കാനുള്ള ഒരു അനുലേഖം. കാരണം ഈഴവർ അവർണ്ണരായിരുന്നതിനാലാണ് ജാതിമേധാവിത്വത്തിനെതിരെയുള്ള പ്രക്ഷോഭം തീവ്രമായി കേരളത്തിൽ അരങ്ങേറിയത്. മാർത്താണ്ഡവർമ്മക്കുശേഷമുള്ള ആധുനിക കേരളത്തിൽ നായർ സമുദായത്തിന്റെ ഭാഗധേയങ്ങൾ എങ്ങനെ മാറിമറിഞ്ഞു എന്ന് ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്യുഡലിസം പൂർണമായി തകർക്കപ്പെടുകയും രാജാവ് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരിലൂടെ സർവ്വനിയന്ത്രണവും അദ്ദേഹത്തിലെത്തിച്ചേരുകയും ചെയ്തു. ഈ ചുമതലകളെല്ലാം നിർവഹിച്ചിരുന്ന നാടുവാഴി വിഭാഗങ്ങളും അവരുടെ അനുചരവൃന്ദങ്ങളും ഇതോടെ തൊഴിൽരാഹിത്യത്തിന്റെ അപ്രസക്തിയിലേക്ക് തപ്പിത്തടഞ്ഞുനീങ്ങി. നികുതിപിരിവ്, ക്രമസമാധാനപാലനം, നീതിന്യായപരിപാലനം, രാജ്യരക്ഷ ഇവയെല്ലാം രാജാവ് നിശ്ചയിച്ച ഉദ്യോഗസ്ഥർ നടത്തി. സൈന്യമായിരുന്നു പിന്നീട് നായർക്ക് മേൽക്കൈ ഉണ്ടായിരുന്ന ഭരണവിഭാഗം. ഇവിടെയും സ്ഥിതി ആശാവഹമായിരുന്നില്ല. ടിപ്പുവിന്റെ അന്ത്യത്തിനുശേഷം കലാപങ്ങൾ ഒതുങ്ങിയപ്പോഴും മുൻകാല കപ്പം തന്നെ തിരുവിതാംകൂർ തുടർന്നു നൽകണമെന്ന് ബ്രിട്ടീഷുകാർ ശാഠ്യം പിടിച്ചു. സാമ്പത്തികബുദ്ധിമുട്ടുകളിൽ നട്ടം തിരിഞ്ഞ രാജ്യത്തിന് സൈന്യത്തിന്റെ വലിപ്പമോ വേതനമോ കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നു. ഈ ഘട്ടത്തിലാണ് വേലുത്തമ്പി ദളവ മറുകണ്ടം ചാടി സൈന്യത്തിന്റെ വലിപ്പം നിലനിർത്തുന്നതിനുവേണ്ടി വെള്ളക്കാർക്കെതിരെ പൊരുതിയത്. എന്നാലിത് നായർ സൈന്യത്തിന്റെ തായ്‌വേരറുത്ത നടപടിയായി മാറി. 1801 മുതൽ 1936 വരെയുള്ള കാലഘട്ടത്തിലെ നവീകരണപ്രക്രിയകൾ ഒരദ്ധ്യായത്തിൽ വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

ഈ പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ ചരിത്രകാരനായ  എം.ജി. ശശിഭൂഷൺ ആണ്. ഗവേഷണത്തിന്റെ രീതിശാസ്ത്രത്തിൽ തെല്ലൊരു അവ്യക്തത പുസ്തകത്തിലുടനീളം കാണാം. അനേകം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുമ്പോഴും ഇതെല്ലാം പ്രായോഗികമാണോ എന്നൊരു സന്ദേഹം ലേഖകർക്കുണ്ടോ എന്ന് വായനക്കാർ ചിന്തിച്ചുപോകുന്ന രീതിയിലാണ് ചിലയിടങ്ങളിൽ വിവരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രകടമായ ചില തെറ്റുകൾ ഇതിൽ കടന്നുകൂടി എന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള പിഴവ് തന്നെയാണ്. 'പസഫിക് ദ്വീപുകളിലും അന്റാർട്ടിക്കയിലും കാണുന്ന ചില ഗോത്രവർഗങ്ങൾക്കിടയിൽ സാധാരണ വിവാഹസമ്പ്രദായം നിലവിലുണ്ടായിരുന്നില്ല എന്ന് വെസ്റ്റർമാർക്ക് പറയുന്നു' (പേജ് 108). അന്റാർട്ടിക്കയിൽ മനുഷ്യവാസമില്ലെന്നതോ പോകട്ടെ, പസഫിക് ദ്വീപുകളിലെ ഗോത്രപാരമ്പര്യങ്ങൾ കേരളീയ ആദിസമൂഹത്തിന് മാതൃകയോ അനുകരണമോ ആയിത്തീരുന്നതെങ്ങനെയാണ്? തലയെണ്ണി നികുതി കണക്കാക്കുന്ന poll tax-നെ തെരഞ്ഞെടുപ്പുനികുതി എന്നു പരിഭാഷപ്പെടുത്തിയത് ശരിയായില്ല (പേജ് 172). ചില കൗതുകകരമായ വിവരങ്ങളും ഈ ഗ്രന്ഥം നൽകുന്നുണ്ട്. ക്രി. വ. ആദ്യനൂറ്റാണ്ടുകളിൽ കേരളത്തിൽ ജനങ്ങൾ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത് കാവേരീതടത്തിലെ നെല്ലിനെയായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഭക്ഷണകാര്യത്തിൽ അന്നും കേരളത്തിന് സ്വയംപര്യാപ്തത ഉണ്ടായിരുന്നില്ല എന്നു കാണുന്നത് രസകരമായിത്തോന്നി. പുസ്തകത്തിന്റെ പലയിടങ്ങളിലും കേരളചരിത്രം മാത്രമാണ് വിശദീകരിക്കപ്പെടുന്നതെന്നതിനാൽ പരാമർശവിഷയത്തോട് ഗ്രന്ഥകർത്താക്കൾക്ക് പൂർണമായി നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book review of 'Nair Charithradrushtiyiloode'
Authors: K. Sivasankaran Nair, V Jayagopan Nair
Publisher: DC Books, 2023 (First)
ISBN: 9789357320214
Pages: 224
 

Friday, November 29, 2024

500 വർഷത്തെ കേരളം

പോർച്ചുഗീസുകാരുടെ കേരളപ്രവേശനത്തിന്റെ അഞ്ഞൂറാം വാർഷികമായ 1998-ൽ അത് സമുചിതമായി കൊണ്ടാടാൻ ചില കേന്ദ്രങ്ങളിൽനിന്ന് ഒരു നീക്കം - പ്രധാനമായും മതപരമായവ - ഉണ്ടായിരുന്നുവെങ്കിലും അധിനിവേശം ആഘോഷിക്കേണ്ട കാര്യമല്ലെന്ന രീതിയിലുള്ള എതിർപ്പ് തുടക്കത്തിലേ ഉയർന്നതിനാൽ അതുപേക്ഷിക്കുകയായിരുന്നു. എങ്കിലും നിരവധി പഠനങ്ങളും പ്രസംഗങ്ങളും മുറപോലെ നടക്കുകയുണ്ടായി. കോട്ടയം ജില്ല കേന്ദ്രമാക്കി 1995-ൽ പ്രവർത്തനമാരംഭിച്ച താരതമ്യപഠനസംഘത്തിന്റെ (താപസം) മൂന്നാം വാർഷികസമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഗ്രന്ഥരൂപത്തിൽ സമാഹരിച്ചിരിക്കുന്നതാണ് ഈ പുസ്തകം. സമഗ്രതയല്ല, വൈവിദ്ധ്യമാണ് ഈ കൃതിയുടെ ആകർഷണീയതയെന്ന് പ്രസാധകർ മുൻപേ പറഞ്ഞുവെക്കുന്നുണ്ടെങ്കിലും അതൊരു ബാധ്യതയോ ന്യൂനതയോ ആയിട്ടാണ് വായനക്കാർക്ക് അനുഭവപ്പെടുക. കഴിഞ്ഞ 500 വർഷത്തിനിടയിൽ കേരളീയജീവിതത്തിലുണ്ടായ മാറ്റങ്ങളെ 'കോളനീകരണത്തിന്റേയും നിഷ്കോളനീകരണത്തിന്റേയും ആശയാവലികൾ' മുൻനിർത്തി ചർച്ച ചെയ്യുന്ന 42 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ചരിത്രം: പശ്ചാത്തലം, സിദ്ധാന്തങ്ങൾ, മാതൃകകൾ; കലയിലെ ചിഹ്നങ്ങൾ; സ്ത്രീപക്ഷ ചിന്തകൾ; ഭാഷയിലേയും സാഹിത്യത്തിലേയും അറിവടയാളങ്ങൾ എന്നിങ്ങനെ നാലുഭാഗങ്ങളിലായാണ് ഈ കൃതി വിഭജിക്കപ്പെട്ടിരിക്കുന്നത്. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണയുമായി ബന്ധപ്പെട്ട പ്രഭാഷണം ഇംഗ്ലീഷിൽത്തന്നെ ചേർത്തിരിക്കുന്നു.

ഇതിൽ എഴുതിയിരിക്കുന്ന ചില ലേഖകരെങ്കിലും തങ്ങളുടെ ദൗത്യത്തോട് നീതി പുലർത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. കുമാരനാശാന്റെ ഓർമ്മ പുതുക്കുന്ന സന്ദർഭത്തിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ തയ്യാറാക്കിയ 'മലയാളിയുടെ ലോകവീക്ഷണം' എന്ന ലേഖനം ആശാനേയും മഹാകവിയുടെ കാവ്യപ്രപഞ്ചത്തേയും തീർത്തും വിസ്മരിച്ച് തനി രാഷ്ട്രീയപ്രസംഗമായി അധഃപതിക്കുന്നു. ഇതിനെ കൂടുതൽ ആഭാസകരമാക്കിത്തീർക്കുന്നത് 'സംഘപരിവാറിന്റെ കൂടെ കൂടിയ പേരുവെളിപ്പെടുത്താത്ത സാംസ്കാരികനായകൻ' എന്ന മട്ടിലുള്ള മഞ്ഞപ്പത്രശൈലിയാണ്. സാംസ്കാരികമായും ഭാഷാപരമായും ലക്ഷദ്വീപ് കേരളത്തിന്റെ അവിഭാജ്യഭാഗമായതിനാൽ 'ലക്ഷദ്വീപിന്റെ 500 വർഷം' എന്ന മൂർക്കോത്ത് രാമുണ്ണിയുടെ പ്രബന്ധം എന്തുകൊണ്ടും പരിഗണനയർഹിക്കുന്നു. കണ്ണൂരിലിരുന്നുകൊണ്ട് ദ്വീപ് ഭരിച്ച അറക്കൽ ആലിരാജവംശം വമ്പിച്ച ചൂഷണമാണ് നടത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം കടന്നുവന്ന ഗുണാത്മകമായ നല്ല മാറ്റങ്ങൾ മാതൃകാവഹമാണെന്നുമാത്രമല്ല, അവ ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി പുരോഗതിയുടെ ബീജാവാപം നടത്തുകയും ചെയ്തു. ഡോ. എൻ. വിജയമോഹനൻ പിള്ളയുടെ 'കേരളത്തിന്റെ ഗ്രന്ഥരചനാപാരമ്പര്യം' എന്ന രചന ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ താൽപര്യത്തിൽ സ്ഥാപിതമായ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്ട് ലൈബ്രറിയിൽ 60,000 പുരാതനഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നുവെന്നത് അഭിമാനമുണർത്തുന്നു. അദ്ധ്യാത്മരാമായണത്തിന്റെ കഥ 360-ൽ പരം ചിത്രങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന ചിത്രരാമായണം എന്ന 1522-ൽ രചിക്കപ്പെട്ട താളിയോലഗ്രന്ഥവും അതിലുണ്ട്.

കേരളത്തിന്റെ തനതായ ചില പാരമ്പര്യങ്ങളെ വ്യക്തമായി പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഡോ. സി. എം. നീലകണ്ഠന്റെ 'കേരളത്തിന്റെ വൈദികപാരമ്പര്യം' അത്തരത്തിൽ ഒന്നാണ്. നമ്പൂതിരി കുടുംബങ്ങളിൽ കൃത്യമായ ചിട്ടയോടെ വേദപഠനം നടന്നുവന്നു. പ്രാഥമികവിവരങ്ങൾ ശീലിക്കുന്ന മുതൽമുറയും, അതിനുശേഷം സംഹിതാപാഠവുമാണ്. ഇതിനെ ഗ്രാമ്യവൽക്കരിച്ച് മുതലോറ, ചങ്ങത  എന്നാണ് നമ്പൂതിരിമാർ സൂചിപ്പിച്ചിരുന്നത്. വേദപരീക്ഷയായ കടവല്ലൂർ അന്യോന്യത്തിലെ വിജയതലങ്ങൾ 'മുമ്പിലിരിക്കൽ', 'കടന്നിരിക്കൽ', 'വലിയ കടന്നിരിക്കൽ' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. സംസ്കൃതപഠനത്തിലും നിലനിർത്തിയിരുന്ന മലയാളിത്തം ശ്രദ്ധിക്കുക. ഇങ്ങനെയൊരു നാട്ടിലാണ് പിന്നീട് ഒരു ദ്രാവകം തിളയ്ക്കുന്ന താപനിലയെ സൂചിപ്പിക്കാൻ 'ക്വഥനാങ്കം' എന്ന് നമ്മുടെ കുട്ടികൾ പഠിച്ചിരുന്നത്. ഭാഗ്യവശാൽ ഇപ്പോഴത് 'തിളനില' എന്നാക്കി മാറ്റിയിട്ടുണ്ട്. വൈദേശിക മേധാവിത്വത്തിനെതിരെ ഉയർന്ന നാട്ടുകാരുടെ എതിർപ്പ് വടക്കൻ പാട്ടുകളിൽ പ്രതിഫലിക്കുന്നത് പി. പവിത്രൻ കാണിച്ചുതരുന്നത് പുതിയൊരനുഭവമായി. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ പാശ്ചാത്യശൈലിയുടെ ദുർബലമായ അനുകരണമാണെന്ന ചില കലാനിരൂപകരുടെ വിമർശനത്തെ സുനിൽ. പി. ഇളയിടം 'രവിവർമ്മയുടെ ദൃശ്യപ്രത്യയശാസ്ത്രം' എന്ന ലേഖനത്തിലൂടെ ശക്തമായി നേരിടുന്നുണ്ട്. മഹാനായ ആ ചിത്രകാരനെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ നോക്കുവാൻ ഇത് സഹായിക്കുന്നു. 'വൈശാലി' എന്ന ഭരതന്റെ ചലച്ചിത്രത്തെ 'ഒരു ഭാരതകഥയുടെ സമകാലകാഴ്ച' എന്ന രചനയിൽ സി. പി. ബിജു വിലയിരുത്തുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി സ്വയം നഷ്ടപ്പെട്ടവരുടെ ദളിതാവസ്ഥയാണ് വൈശാലിയും അമ്മ മാലിനിയും അനുഭവിക്കുന്നതെന്നും ആ ദളിതാവസ്ഥയിൽ കുടുങ്ങിപ്പോയവർക്ക് മരിച്ച് മഴയത്തൊലിച്ചുപോവുകയേ നിവൃത്തിയുള്ളൂ എന്നും പറഞ്ഞുവെക്കുന്നു (പേജ് 272). സന്ദർഭമോ പ്രസക്തിയോ നോക്കാതെ ജാതിവിവേചനം, ദളിത് എന്നൊക്കെയുള്ള വായ്ത്താരി വാരിവിതറുന്നതാണ് ബിജുവിന്റെ ശൈലി. ഒരു നൂറ്റാണ്ടുമുമ്പത്തെ ഹിന്ദുസ്ത്രീകളുടെ പ്രശ്നങ്ങൾ നിരവധി ലേഖനങ്ങളിൽ പരാമർശിതമാകുന്നുവെങ്കിലും 'സ്ത്രീയുടെ സ്വത്വനിർമ്മിതി' എന്ന ബിന്ദു ഇടപ്പള്ളിയുടെ പ്രബന്ധത്തിൽ മാത്രമാണ് മുസ്ലിം സ്ത്രീകൾ ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ പേരിനെങ്കിലും സൂചിപ്പിക്കുന്നത്. എങ്കിൽപ്പോലും ബഹുഭാര്യാത്വം, മൊഴി ചൊല്ലൽ, പിതൃസ്വത്തിൽ തുല്യപങ്കുലഭിക്കാത്തത് എന്നിവയൊക്കെ ശ്രദ്ധാപൂർവം പരവതാനിക്കടിയിലേക്ക് തള്ളിവെക്കുന്നു. ഇതാണ് തനി ലിബറൽ ചിന്തകരുടെ ഇപ്പോഴത്തെ രീതി!

കേരളത്തിന്റെ സമ്പദ്ഘടന നൂറ്റാണ്ടുകളിലൂടെ മാറിമറിഞ്ഞ കഥയൊന്നും ഒരാളും ഇതിൽ അനുസ്മരിക്കുന്നില്ല. പ്രസക്തകാലത്തിനും മുമ്പേ നാടുവാഴി (feudal) വ്യവസ്ഥ ഇവിടെ നിലവിൽ വന്നിരുന്നെകിലും അതുപേക്ഷിച്ച് മൂലധനവ്യവസ്ഥയിലേക്ക് മാറിയതെന്നാണെന്നോ എങ്ങനെയായിരുന്നെന്നോ, ഇനി അഥവാ മാറിയില്ലെന്നോ ഒന്നും ആരും ഇതിൽ പഠനവിധേയമാക്കുന്നില്ല. വിഖ്യാതമായ കേരളമോഡലിനെക്കുറിച്ചും പരിപൂർണ്ണ നിശ്ശബ്ദത പാലിക്കുന്നു. അതേസമയം വ്യാകരണനിയമങ്ങളെക്കുറിച്ചുള്ള മുടിനാരിഴ കീറി പരിശോധിക്കുന്ന പഠനങ്ങൾ ഉണ്ടുതാനും. ഇടതുചായ്‌വുള്ള ലേഖകരാണ് സിംഹഭാഗവുമെങ്കിലും അവർ ഒരു നൂറ്റാണ്ടുമുമ്പ് നിലവിലിരുന്ന ബ്രാഹ്മണാധിപത്യത്തിനും ജാതിവിധേയത്വത്തിനുമെതിരെ മാത്രമാണ് പല്ലും നഖവുമുപയോഗിച്ച് ആക്രമിക്കുന്നത്. മലബാർ കലാപത്തെക്കുറിച്ച് ഷംഷാദ് ഹുസൈന്റെ 'മലബാർ കലാപം - മനസ്സിലും മൊഴിയിലും' എന്ന ഒരു അദ്ധ്യായം മാത്രമാണ് തദ്ദേശീയരായ എഴുത്തുകാരുടേതായി ചേർത്തിട്ടുള്ളത്. നിരവധി പേരുടെ ഓർമ്മകൾ വാമൊഴിരൂപത്തിൽ അവതരിപ്പിക്കുന്നത് ഒരു മിമിക്രി കേൾക്കുന്ന പ്രതീതി ജനിപ്പിക്കുമെന്നല്ലാതെ എന്തു പ്രയോജനം ചെയ്യുന്നുവെന്ന് വ്യക്തമല്ല. എന്നാൽ ഹിന്ദുക്കളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തകർത്തതും മതം മാറ്റിയതുമെല്ലാം മുസ്ലിം ഓർമ്മകളിലൂടെ പുറത്തുവരുന്നത് ഈ ലേഖനത്തെ വളരെയധികം ശ്രദ്ധേയമാക്കുന്നു. 1921-നു മുൻപുള്ള മാപ്പിളകലാപങ്ങളെക്കുറിച്ച് ഹെർമൻ ഗുണ്ടർട്ട് നാട്ടിലേക്കുള്ള കത്തുകളിൽ പരാമർശിക്കുന്നത് സ്മാരകപ്രഭാഷണമടങ്ങുന്ന ഇംഗ്ലീഷിലുള്ള അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. 1840-കളിൽ നടന്ന ഈ കലാപങ്ങൾക്ക് മതഭ്രാന്ത് മാത്രമായിരുന്നു അടിസ്ഥാനമെന്ന് ഈ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമാണ്. ഈ അദ്ധ്യായം മാത്രമാണ് ഇംഗ്ലീഷിൽ ഉള്ളതെങ്കിലും വാചകശൈലിയിലും പദഘടനയിലും തനി മലയാളരീതിയാണ് പ്രകടമാക്കുന്നത്.

ഈ പുസ്തകത്തിലെ ചില ലേഖനങ്ങൾ വായിച്ചുമനസ്സിലാക്കാൻ സാധിക്കാത്തവിധം ക്ലിഷ്ടമായ പദങ്ങളും ഗഹനമായ ആശയങ്ങളും നിറഞ്ഞതാണ്. ഇക്കാര്യത്തിൽ റിച്ചാർഡ് ഡോക്കിൻസിന്റെ അഭിപ്രായമാണ് ഓർമയിൽ വരുന്നത് : 'ഭൗതികശാസ്ത്രം മനസ്സിലാക്കാൻ വിഷമമുള്ളതും ഗണിതത്തിന്റെ പാതകളിലൂടെയല്ലാതെ മെരുക്കിയെടുക്കാൻ പ്രയാസമുള്ളതുമാണ്. എന്നാൽ ഭൗതികശാസ്ത്രത്തെ മുൻനിർത്തി സാധാരണക്കാരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള രചനകൾ വളരെ ലളിതമായി കാര്യങ്ങൾ വിവരിക്കുന്നവയാണ്. പക്ഷേ, സാമൂഹ്യശാസ്ത്രങ്ങൾ ഇതിനു വിപരീതമാണ്. അവിടെ മൂലസിദ്ധാന്തങ്ങൾ ലളിതമാണെങ്കിലും അതിനെ ആധാരമാക്കി പൊതുജനത്തിനുവേണ്ടി എഴുതുന്നവ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള രീതിയിലാണ് കാണപ്പെടുന്നത്. ഈ കൃതിയിലാണെങ്കിൽ മാർക്സിന്റെ ചിന്താപദ്ധതി സാരാംശത്തിൽ ഒരു രാഷ്ട്രീയ-സാമ്പത്തികസിദ്ധാന്തം മാത്രമാണെന്ന വസ്തുത വിസ്മരിച്ച് അതിനെ സാഹിത്യത്തിലും സാമൂഹികവിശകലനത്തിലുമെല്ലാം സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റാൻ വെമ്പൽ കൊളളുന്നവരെ ധാരാളമായി കാണാം. ഒരു പാശ്ചാത്യചിന്തകന്റെ ഏതെങ്കിലുമൊരു സിദ്ധാന്തത്തെ ഉദ്ധരിച്ചിട്ട് അത് പഠനവിഷയത്തിൽ പാലിച്ചിട്ടില്ലെന്നു സ്ഥാപിക്കുന്നതാണ് ഇതിലെ സ്ഥിരം രീതി. ഇതിനെയൊന്ന് അനുകരിക്കാനാണ് ഡോക്കിൻസിനെ മുകളിൽ ഉദ്ധരിച്ചത്. വി. ജെ. വർഗീസിന്റെ 'ഇളംകുളത്തിന്റെ ചരിത്രവിജ്ഞാനീയം' എന്ന പ്രബന്ധത്തിൽ ചില യൂറോപ്യൻ പണ്ഡിതരുടെ നിഗമനങ്ങൾ അതേപടി പകർത്തിവെച്ചിട്ട് ഇളംകുളം അത് തെറ്റിക്കുന്നുവെന്ന് അവകാശപ്പെടുന്നു. അതൊന്നും കൂടാതെ ചില പ്രകടമായ ന്യൂനതകളും ഇതിൽ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഹൈദരാലി-ടിപ്പുമാരുടെ മലബാർ അധിനിവേശം കഴിഞ്ഞ 500 വർഷത്തിലെ ഒരു പ്രധാനസംഭവമായിരുന്നെങ്കിലും അത് കേരളസമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നു പരിശോധിക്കുന്നില്ല. കേരളത്തിലെ ജാതി-മത ഭേദമന്യേ എല്ലാവരും സ്വന്തം പേരിനൊപ്പം കൊണ്ടുനടക്കുന്നവയാണ് കുടുംബ-തറവാട്ടുനാമങ്ങളും. ഇവയുടെ ഉല്പത്തിയും വികാസവും ഗൗരവമായ അക്കാദമിക് ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ഒരു വിഷയമാണ്. ഇതിനെക്കുറിച്ച് ആരെങ്കിലും ഒരു കുറിപ്പ് ഇവിടെ ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ നന്നാകുമായിരുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of '500 Varshathe Keralam - Chila Arivadayalangal'
Author: V J Varghese, N. Vijayamohanan Pillai and Skariah Zachariah (Editors)
Publisher: Current Books, 2011 (First published 1999)
ISBN: 8187378026
Pages: 452

Saturday, September 17, 2022

നട്ടെല്ല്‌ എന്ന ഗുണം

സാഹിത്യവിമർശനത്തിലൂടെ കൈരളിയുടെ നഭസ്സിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി സുകുമാർ അഴീക്കോട് ഉയർന്നുവന്നു. 'തത്വമസി' എന്ന തികച്ചും അനന്യമായ കൃതി സംസ്കൃതഭാഷയിലും ഭാരതീയ തത്വചിന്തയിലും അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യം വിളിച്ചോതുന്നതാണ്. ഔദ്യോഗികരംഗത്തുനിന്ന് വിരമിച്ചതിനുശേഷം സാമൂഹ്യനിരീക്ഷണത്തിനും വിമർശനത്തിനുമാണ് അഴീക്കോട് അധികസമയവും ചെലവഴിച്ചത്. വിവാദപരാമർശങ്ങളും വിമർശനവും നിർലോഭം തൊടുത്തുവിട്ടുകൊണ്ട് മാദ്ധ്യമശ്രദ്ധയുടെ വെള്ളിവെളിച്ചത്തിനു പുറത്തേക്കു പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലവിമർശനങ്ങളുടെ മേന്മയുമായി തട്ടിച്ചുനോക്കുമ്പോൾ പിന്നീടുള്ളവ ആഴമില്ലാത്തതും രാഷ്ട്രീയച്ചുവ പലപ്പോഴും കലർന്നിരിക്കുന്നതുമായി കാണാം. 1956 മുതൽ 2001 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട പരസ്പര വിഷയൈക്യമില്ലാത്ത 39 ലേഖനങ്ങളും ബാലചന്ദ്രൻ ചുള്ളിക്കാടുമായുള്ള ഒരു സംഭാഷണവുമാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
 
ദീർഘകാലത്തെ അദ്ധ്യാപനത്തിനും പ്രൊ-വൈസ് ചാൻസലർ പോലുള്ള വിദ്യാഭ്യാസസ്ഥാപനഭരണത്തിനും ശേഷം പേനയെടുക്കുമ്പോൾ വിദ്യാഭ്യാസരംഗത്തു വന്നുചേർന്നിരിക്കുന്ന അപചയം ഗ്രന്ഥകാരൻ കൃത്യമായി തിരിച്ചറിയുന്നു. ബിരുദധാരികളെ നിർമ്മിക്കുന്ന വ്യവസായശാലകളായി കലാലയങ്ങൾ മാറിപ്പോയി എന്നാക്ഷേപിക്കുമ്പോഴും പകരം എന്ത് അല്ലെങ്കിൽ എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിൽ ഇല്ലെന്നതോ പോകട്ടെ, അതിനുള്ള ഒരു ശ്രമം പോലും നടത്തുന്നതായി കാണുന്നുമില്ല. മഹത്വാരോഹണം സാധിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ് വിദ്യാലയങ്ങൾ എന്ന കണ്ടെത്തൽ അനിഷേധ്യമാണെങ്കിലും പണ്ടുകാലത്ത് അതങ്ങനെ തന്നെയായിരുന്നോ എന്നും ഇപ്പോൾ അങ്ങനെയല്ലെങ്കിൽ എപ്പോഴാണ് ആ ലക്ഷ്യത്തിൽനിന്ന് നമ്മുടെ വിദ്യാഭ്യാസം തെന്നിമാറിയതെന്നും ദീർഘകാലത്തെ അദ്ധ്യാപനപരിചയമുള്ള അഴീക്കോട് വിശദീകരിക്കേണ്ടതായിരുന്നു. അതിനുപകരം ഏതു വിഷയത്തെക്കുറിച്ചും നിരന്തരവും വൃഥാവിലുമായ വിമർശനം മാത്രമാണിതിൽ കാണുന്നത്.

അഴീക്കോടിന്റെ പല ലേഖനങ്ങളിലും രാഷ്ട്രീയം കടന്നുവരുന്നുണ്ട്. 1998-ലെ ഇന്ത്യയുടെ അണുബോംബ് പരീക്ഷണത്തെക്കുറിച്ചുള്ള 'എന്താണ് പൊട്ടിച്ചത്?' എന്ന ലേഖനം ആത്മാർത്ഥതയില്ലായ്മയുടേയും ഇടുങ്ങിയ ചിന്താഗതിയുടേയും ഒരു ദുഷിച്ച പ്രദർശനമായിപ്പോയി. ചേരിചേരാനയവും ഇന്ത്യയുടെ സോഷ്യലിസ്റ്റ് വിദേശനയവും എന്തോ വലിയ നേട്ടങ്ങളൊക്കെ നേടിയെടുത്തിരുന്നുവെന്ന ഒരു മായികവിഭ്രാന്തിയിലാണദ്ദേഹം. മുൻ പ്രധാനമന്ത്രിയായിരുന്ന ഐ. കെ. ഗുജ്‌റാളിന്റെ സർവവിജയങ്ങളിൽ ഒന്ന് വിദേശനയത്തിന്റെ പ്രായോഗികവിജയമായിരുന്നുവെന്നും പാക്കിസ്ഥാനുമായി ഇന്ത്യ ഏറ്റവും അടുത്തുചെന്ന കാലം അതായിരുന്നുവെന്നും വാദിക്കുന്ന ഗ്രന്ഥകർത്താവ് 'ഇനി പാക്കിസ്ഥാന്റെ മുഖത്ത് എങ്ങനെ നോക്കും' എന്ന മട്ടിൽ വലിയവായിൽ വിലപിക്കുന്നു. തെറ്റായ വിശകലനങ്ങളിൽ ആറാടുകയാണീ ലേഖനം. ഗുജ്‌റാളിന്റെ കാലത്ത് അന്യരാജ്യങ്ങളെയെല്ലാം തായാടിത്തായാടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഇന്ത്യയ്ക്കു ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നുവത്രേ. ഇപ്പോഴത് പൂച്ച തട്ടിമറിച്ച പാൽപ്പാത്രമായി. ആ സമിതിയിലെ നിലവിലെ അഞ്ചു സ്ഥിരാംഗങ്ങളും അണ്വായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളാണെന്ന പരമാർത്ഥം അദ്ദേഹത്തിന്റെ തലയിൽ യാതൊരു വെളിച്ചവും വീശുന്നില്ല. അമേരിക്കൻ മേധാവിത്വത്തിന്റെ ബദ്ധശത്രുവാണ് അഴീക്കോടെങ്കിലും അണുബോംബ് പരീക്ഷണത്തെത്തുടർന്നുണ്ടായ ശകാരവർഷത്തിൽ അദ്ദേഹം പാശ്ചാത്യരാജ്യങ്ങളുടെ കൂടെ നിൽക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഒരു ഉന്നതോദ്യോഗസ്ഥനായ ഇന്ത്യാക്കാരനോട് ന്യൂയോർക്കിലെ ഒരു ടാക്സി ഡ്രൈവർ 'അണുബോംബ് നിങ്ങൾ തിന്നുന്നതെങ്ങനെയാണ്?' എന്ന സാമ്രാജ്യത്വധാർഷ്ട്യം നിറഞ്ഞ ചോദ്യം ചോദിച്ചതിൽ ഈ മനുഷ്യൻ രോമാഞ്ചമണിയുന്നു. പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിച്ചതിലുണ്ടായ വ്രണങ്ങൾ ഒരുവിധം ഉണങ്ങിവരുമ്പോൾ അവിടെ നാം അണുബോംബിട്ട് പൊട്ടിച്ച് അവരെ പ്രകോപിപ്പിച്ചുവെന്നാണ് മറ്റൊരു കണ്ടുപിടിത്തം. മാത്രവുമല്ല, അണുബോംബ് ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിർത്താൻ പറ്റില്ലത്രേ! അതിന്റെ സുരക്ഷാ-സംപ്രേഷണ സംവിധാനങ്ങൾക്കുവേണ്ടി ശ്രദ്ധയും ധനവും തിരിച്ചുവിടാൻ നിർബന്ധിതമാകുന്ന ഏതുരാഷ്ട്രവും നശിക്കും. ആ നാശത്തിന്റെ പാതയിലേക്കാണ് നാം കാലെടുത്തുവെച്ചിരിക്കുന്നത്. അഴീക്കോടിന്റെ പ്രവചനം ശരിയായിരുന്നുവെങ്കിൽ ഭാരതം ഇപ്പോഴേക്കും തകർന്നുപോകേണ്ടതായിരുന്നു. എന്നാൽ ഈ വിഷയങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാവുന്ന ചുണക്കുട്ടികൾ നമ്മുടെ രാജ്യത്തുണ്ടെന്ന് തോളിലിരുന്ന് ചെവിതിന്നുന്ന ഇത്തരം കടൽക്കിഴവന്മാർ മനസ്സിലാക്കിയില്ല.

എന്നാൽ ഗ്രന്ഥകാരൻ 1956-ൽ എഴുതിയ 'സമാധാനം എങ്ങനെ' എന്ന ലേഖനത്തിൽ ഇതിനു നേർവിപരീതമായ അഭിപ്രായം കാണാം. ഇത് രാഷ്ട്രങ്ങൾ നിരായുധീകൃതമായാൽ സമാധാനം പുലരുമെന്ന വാദത്തെ നിരാകരിക്കുന്നു. യുദ്ധത്തിനനുകൂലമായ മനഃസ്ഥിതിയാണ് അതിനെ ക്ഷണിച്ചുവരുത്തുന്നത്. ആയുധഭാവത്തിൽ യുദ്ധഭാവമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് തെറ്റാണ്. കസേരയുള്ളതുകൊണ്ടാണ് നാം ഇരിക്കുന്നത് എന്ന് ബുദ്ധിശാലികൾ ചിന്തിക്കുകയില്ലല്ലോ. 'യുദ്ധമനോഭാവം അസ്തമിക്കാതെ ആറ്റംബോംബ് മുതലായ ഭീകരമാരകവസ്തുക്കളെ നശിപ്പിച്ചാൽ അവയുടെ സ്ഥാനത്ത് മറ്റു ആയുധങ്ങൾ വന്നുചേരുമെന്നല്ലാതെ മറ്റെന്തുണ്ട് ഫലം?' യുദ്ധമനോഭാവം അസ്തമിച്ചിട്ടുണ്ടെങ്കിലോ, ആറ്റംബോംബിനും മറ്റും ഒരു പുൽക്കൊടിയെപ്പോലും ദഹിപ്പിക്കാനുമാവില്ല. ഇത്രയും ഉൾക്കാഴ്ചയുള്ള അഴീക്കോട് 42 വർഷങ്ങൾക്കുശേഷം ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ തന്റെ കാഴ്ചപ്പാട് പൂർണ്ണമായും അഴിച്ചുപണിതിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമായ സംഗതിയാണ്.

നിഷേധാത്മകമായ വിമർശനമാണ് മിക്ക അദ്ധ്യായങ്ങളിലും കാണുന്നത്. എല്ലാ മേഖലകളിലും നമ്മുടെ സമൂഹം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. ടൂറിസത്തെപ്പോലും അദ്ദേഹം വെറുതെ വിടുന്നില്ല. ടൂറിസം വളർത്തുന്നത് അന്തരീക്ഷത്തിലെ വിഷാണുക്കളെ മാത്രമാണ്. തന്നെയുമല്ല, മുലപ്പാൽ വിഷമയമാക്കിയ പൂതന മോഹിനിയുടെ രൂപത്തിൽ വരുന്നതാണ് അത്. വെട്ടുക്കിളിക്കൂട്ടം പോലെയോ ദുഷ്ടപ്രാണിജാലം പോലെയോ ആണ് ടൂറിസ്റ്റുകളുടെ വരവ്. ഇതൊക്കെ അബദ്ധജടിലമായ മുൻധാരണകൾ നിറഞ്ഞ, മാറ്റത്തിനെതിരെ നിൽക്കുന്ന ഒരു വൃദ്ധമനസ്സിന്റെ വികലധാരണകളായി മാത്രം കരുതിയാൽ മതി. 1991-ൽ തുടങ്ങിവെച്ച ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളേയും അദ്ദേഹം എതിർക്കുന്നു - അവ അപരന്റെ സുഖത്തിനെ ലക്ഷ്യമാക്കാത്തതുകൊണ്ട്. തുടർച്ചയായി ഗാന്ധിസ്‌തുതികൾ ഏതാണ്ടെല്ലാ ലേഖനങ്ങളിലും കാണാവുന്നതാണ്.

ഇതൊക്കെയാണെങ്കിലും അഴീക്കോടിന്റെ വാക്കുകളുടെ മൂർച്ച കൃത്യമായി മനസ്സിലാക്കാൻ ഉപകരിക്കുമെന്നതിനാൽ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nattellu Enna Gunam'
Author: Sukumar Azhikode
Publisher: Olive Publications, 2008 (First published 2006)
ISBN: 9788187474678
Pages: 210
 

Monday, August 31, 2020

കന്ദളവും കുഡ്മളവും

'എന്തിനെന്നെ വിളിച്ചു നീ വീണ്ടും' എന്ന മനോഹരഗാനം 1976-ൽ റിലീസ് ചെയ്ത 'അഭിനന്ദനം' എന്ന ചിത്രത്തിലേതാണ്. ശ്രീകുമാരൻ തമ്പി രചന നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ചരണത്തിൽ ഇങ്ങനെ കുറച്ചു വരികളുണ്ട്:

ആർദ്രമാകും രതിസ്വരം നൽകും
ആദ്യരോമാഞ്ച കുഡ്മളം
ആളിയാളിപ്പടർന്നു ജീവനിൽ
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണർന്നുപോയി ഞാൻ
ആകെയെന്നെ മറന്നു ഞാൻ


കവിതയിൽ സാധാരണയായി പ്രയോഗിക്കുന്നില്ലെങ്കിലും ഇവിടെ ആദ്യാക്ഷരപ്രാസം കളം നിറഞ്ഞാടുകയാണ്. എങ്കിലും 'കുഡ്മളം', 'കന്ദളം' എന്നീ പദങ്ങൾ കല്ലുകടിയായി തോന്നിയേക്കാം. പ്രത്യേകിച്ചും 'ആർദ്രമാകും രതിസ്വരം നൽകുന്ന ആദ്യരോമാഞ്ച കുഡ്മളം' എന്താണെന്നറിഞ്ഞില്ലെങ്കിൽ ഗാനം അവസാനിച്ചുകഴിഞ്ഞാലും നാമെന്തോ മറന്നുവെച്ചതുപോലെ അസ്വസ്ഥരാകുമല്ലോ! എന്നാൽ പലരും വിചാരിക്കുന്നതുപോലെ വിവാദപരമായ അർത്ഥങ്ങളൊന്നും ഇവക്കില്ല. കന്ദളം എന്നാൽ തളിര്, മുള എന്നും കുഡ്മളത്തിന് പൂമൊട്ട് എന്നുമാണ് അർത്ഥം.


തമ്പിയുടെ മനസ്സിൽ ഈ വാക്കുകൾ ജന്മമെടുത്തത് എവിടെനിന്നാകാം എന്ന് 44 വർഷങ്ങൾക്കിപ്പുറം നമുക്കു കണ്ടെത്താൻ അസാദ്ധ്യമായേക്കും. എന്നാൽ ഈയിടെ എസ്. കെ. പൊറ്റെക്കാടിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ അദ്ദേഹത്തിന്റെ 'സഞ്ചാരിയുടെ ഗീതങ്ങൾ' (1947) എന്ന കവിതാസമാഹാരത്തിലെ ഒരു കവിത കാണാനിടയായി:

കണ്ണുനീരിൽ കഴുകിവെച്ചൊരു
മുന്നിലെക്കാന്തികന്ദളം
വെണ്ണിലാവിലൊഴുകിവന്നൊരു
വിണ്ണിലെക്കന്ദകുഡ്മളം
ഹാര്യമല്ലാത്ത ഭാരതീയമാ-
മാര്യഹീരമേ, വെൽക നീ


താജ്മഹലിനു മുന്നിൽ നിൽക്കുമ്പോൾ കവി കൂടിയായ ആ ഏകാന്തസഞ്ചാരിയുടെ മനസ്സിൽ മുള പൊട്ടിയ ഒരു കവിതാശകലമാണ്. ഇതൊരിക്കലും മോഷണം എന്നു വിശേഷിപ്പിക്കാൻ സാധിക്കില്ല. ആ കവിതയിൽ തമ്പിയെ ആകർഷിച്ച രണ്ടുവരികൾ അദ്ദേഹത്തിന്റെ ഉപബോധമനസ്സിൽ പതിഞ്ഞിരിക്കണം. എവിടെ നിന്നാണ് അവ വന്നത് എന്ന് പിന്നീടാ ഗാനം എഴുതുമ്പോൾ അദ്ദേഹത്തിന് ഓർമ്മപോലും ഉണ്ടായിക്കാണില്ല.

തമ്പിയുടെ പ്രചോദനം എവിടെനിന്നായിരുന്നു എന്ന് ഇപ്പോൾ നമുക്കൂഹിക്കാൻ സാധിക്കുന്നില്ലേ?

ഒരു അന്വേഷകന്റെ വിജയനിമിഷം പോലെ തോന്നിക്കുന്ന ഈ മുഹൂർത്തത്തിൽ മറ്റൊരു ചിത്രത്തിലെ രംഗമാണ് ഓർമ്മ വരുന്നത്. 1989-ലെ 'ഉത്തരം' എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച ബാലചന്ദ്രൻ അഥവാ ബാലു എന്ന കഥാപാത്രവും പാർവതിയുടെ ശ്യാമള എന്ന കഥാപാത്രവുമാണ് രംഗത്ത്. ഇവരുടെ പൊതുസുഹൃത്തായിരുന്ന സുപർണ്ണ ആനന്ദിന്റെ സെലീന അഥവാ ലീന എന്ന കവയിത്രി കൂടിയായ കഥാപാത്രം സ്വയം വെടിവെച്ചുമരിച്ചതിലെ ദുരൂഹത അന്വേഷിക്കാൻ അവരുടെ ഭർത്താവ് ചുമതലപ്പെടുത്തിയിരിക്കുന്നതാണ് ബാലചന്ദ്രനെ.

ബാലു: ഞാൻ വീണ്ടും ലീനയുടെ മരണത്തെപ്പറ്റി ഓർത്തുപോയി, ക്ഷമിക്കണം.
(നിശ്ശബ്ദത...)
ബാലു: കവി ഉപാസിച്ച ഇരുട്ട് മറവിയായിരുന്നു. "ഇരുൾ വീണൊരിടവഴിയിലെവിടെവെച്ചാരെന്റെ ചെറുകൈവിളക്കുമെടുത്തെറിഞ്ഞു..." നമ്മളാലോചിച്ചതോർമ്മയുണ്ടോ?
ശ്യാമള: ഉം...
ബാലു: ഓർമ്മയുടെ കൈവിളക്ക് തട്ടിയെടുത്ത് ബാല്യവും കൗമാരവും ഇരുട്ടിൽ മുങ്ങിയത്, മറവിയിൽ ഭൂതകാലം ലീനക്ക് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോഴെനിക്കൂഹിക്കാം.


ഫ്രഞ്ച് കഥാകൃത്തായ ദാഫ്നെ ദു മോറിയെയുടെ കഥയും എം.ടി.യുടെ തിരക്കഥയും മമ്മൂട്ടിയുടെ അഭിനയവും ചേർന്ന ഒരസാദ്ധ്യ കോമ്പിനേഷനായിരുന്നു ഈ ചിത്രം.

നമുക്കിപ്പോൾ 'എന്തിനെന്നെ വിളിച്ചു നീ വീണ്ടും' എന്ന ഗാനം ഒരിക്കൽക്കൂടി കേൾക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, March 19, 2017

മറക്കാൻ അനുവദിക്കാത്തവർ

Atheists Kerala എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റിനു നൽകിയ മറുപടി.



-------------------------------മറുപടി-----------------------
ബ്രാഹ്മണമേധാവിത്വവും അത് ഇന്ത്യയ്ക്കുവരുത്തിവെച്ച സാംസ്കാരിക അപഭ്രംശവും മറന്നുകൊണ്ടല്ല, എങ്കിലും പറയട്ടെ.

കഴിഞ്ഞുപോയതും ജനങ്ങൾ മറക്കാനാഗ്രഹിക്കുന്നതുമായ ഏടുകൾ എല്ലാ രാഷ്ട്രചരിത്രങ്ങളിലും മതങ്ങളിലുമുണ്ട്. ആ കാലഘട്ടത്തിന്റെ സ്മരണകൾ വൃഥാ ചികഞ്ഞെടുത്ത് ഉയർത്തിക്കാട്ടുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അനുരഞ്ജനം വേണമെങ്കിൽ മറവി അതിന്റെ അവിഭാജ്യഘടകമാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ കഴിഞ്ഞതെല്ലാം മറന്ന് ഒന്നിക്കാനൊരുങ്ങുമ്പോൾ അതിലൊരുവൻ പഴയ ദ്രോഹങ്ങൾ വീണ്ടും ഉരുക്കഴിക്കുന്നത് നീചവും.

ഒരു ഗാനത്തിലെ ചില വരികൾ ബോധപൂർവം ഒഴിവാക്കുന്നത് ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രതിഭാസമല്ല. God save the Queen എന്ന ബ്രിട്ടീഷ് ദേശീയഗാനം തന്നെ ഉദാഹരണം. അതിന്റെ ആറാം പാദം ഒഴിവാക്കിയാണ് ഗാനം ആലപിക്കുന്നത്. ആ ഭാഗം ഇങ്ങനെ..

Lord grant that Marshal Wade
May by thy mighty aid
Victory bring.
May he sedition hush,
And like a torrent rush,
Rebellious Scots to crush.
God save the Queen!

സ്കോട്ട് ലാൻഡിൽ പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന ഒരു കലാപത്തെ അടിച്ചമർത്താൻ സേനാനായകനായ വേഡിനെ സഹായിക്കണമേ എന്ന ഈ പ്രാർത്ഥന സ്കോട്ട് ലൻഡ് കൂടി ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയഗാനമാണിപ്പോഴും. അസുഖകരമായ സ്മരണകൾ പുതുക്കാതിരിക്കാൻ ആറാം പാദം ആലപിക്കാറുമില്ല.

അനുരഞ്ജനത്തിന്റെ പാതയിൽ നമുക്ക് കല്ലും മുള്ളും വിതറാതിരിക്കാം!

Wednesday, February 17, 2016

ആദ്യത്തെ സ്വജനപക്ഷപാതം

സ്വർഗാരോഹണ പർവത്തിൽ നിന്ന്
പാണ്ഡവരുടെ സ്വർഗാരോഹണം മഹാഭാരതത്തിലെ ശ്രദ്ധേയമായ ഒരദ്ധ്യായമാണ്. ധർമം എന്നും തങ്ങളുടെ കൂടെയായിരുന്നു എന്ന അഹംഭാവത്തോളമെത്തുന്ന വിശ്വാസം ധർമപുത്രരൊഴികെയുള്ള നാലു സഹോദരന്മാരെയും ദ്രൗപദിയേയും പാതിവഴിയിൽ വീഴ്ത്തി. തന്റെ സഹചാരിയായി കൂടിയ ഒരു നായയുടെ അകമ്പടിയോടെ യുധിഷ്ഠിരൻ മാത്രം ഉടലോടെ സുമേരു പർവതത്തിലെത്തി.

ഉടൻ ദേവേന്ദ്രൻ പ്രത്യക്ഷനായി തന്റെ രഥത്തിൽ സ്വർഗത്തിലേക്ക് ഒരു 'ലിഫ്റ്റ്‌' വാഗ്ദാനം ചെയ്തു. പക്ഷേ സഹയാത്രികനായ നായയെ കൂടി കയറ്റാതെ താൻ മാത്രം വരുന്നില്ലെന്നായി യുധിഷ്ഠിരൻ.

നായയുടെ പൂർവചരിത്രമൊന്നും അറിയാത്ത അദ്ദേഹത്തിന് ആ ജന്തുവിന് സ്വർഗത്തിൽ പ്രവേശിക്കാൻ അർഹതയുണ്ടോ എന്ന് എങ്ങനെ വിലയിരുത്താൻ സാധിക്കും?

ഇതൊന്നും നോക്കാതെ തന്റെ കൂടെ നടന്നു എന്ന ഒറ്റക്കാരണത്താൽ നായയ്ക്കും പ്രവേശനം നല്കണം എന്ന വാദം സത്യത്തിൽ സ്വജനപക്ഷപാതമല്ലേ?

ഒരുപക്ഷേ, ഇതായിരിക്കില്ലേ ഭാരതത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സ്വജനപക്ഷപാതം?