Tuesday, September 29, 2026

കാവേരിയോടൊപ്പം എന്റെ യാത്രകൾ

രാജീവ് മൽഹോത്ര രചിച്ച Breaking India - Western Interventions in Dravidian and Dalit Fault lines എന്ന പുസ്തകം മുൻപൊരിക്കൽ എന്റെ ബ്ലോഗിൽ പരിശോധിച്ചിരുന്നു (നിരൂപണം ഇവിടെ വായിക്കുക)
. ഭാരതീയ സമൂഹത്തിലെ വിള്ളലുകൾ പ്രത്യക്ഷമാക്കുന്ന ഭ്രംശരേഖകളിൽ (fault lines) വിദേശ പണ്ഡിതന്മാരും അവരുടെ ആജ്ഞാനുവർത്തികളായ തദ്ദേശീയരും കുത്തിക്കത്തി മുറിവ് വലുതാക്കാൻ ശ്രമിക്കുന്നതിനെ തുറന്നുകാണിക്കുന്ന ഒരു മഹത്തായ കൃതിയാണത്. 'ദ്രാവിഡം' എന്ന പദം പോലും ഒരു ഭാഷാസമുച്ചയത്തെ സൂചിപ്പിക്കുന്നതാണെന്ന ശാസ്ത്രീയ നിഗമനത്തെ അവഗണിച്ച് അതിനെ വക്രീകരിച്ച് ആര്യ-ദ്രാവിഡ സംഘട്ടനമാക്കി മാറ്റുന്നവർ ചരിത്രത്തിലില്ലാത്ത ഉത്തര-ദക്ഷിണഭാരത സംഘട്ടനത്തെ വ്യാജ ചരിത്ര നിർമ്മിതിയാക്കി മാറ്റുകയാണ്. സത്യത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ആക്രമണം 1308-ൽ അലാവുദ്ദീൻ ഖിൽജിയുടെ പടനായകനായ മാലിക് കാഫർ നടത്തിയതാണ്. എന്നാൽ ഈ ചരിത്ര വസ്തുതയെ പരവതാനിക്കടിയിലേക്ക് താഴ്ത്തിക്കൊണ്ട് പുരാണകഥകളിലെ ഫാന്റസി ചരിത്രമാക്കിക്കാണിക്കുന്ന ഇത്തരം അഞ്ചാം പത്തികളുടെ ദുരുദ്ദേശം നാം വ്യക്തമായി കാണേണ്ടതുണ്ട്. 'കാവേരീതീരങ്ങളിലുടനീളമുള്ള പലകാലങ്ങളിൽ ഉദിച്ചസ്തമിച്ച പരിഷ്കൃതികളുടെയും സാമൂഹ്യവ്യവസ്ഥയുടെയും രാഷ്ട്രീയരൂപങ്ങളുടെയും ചരിത്രവും പുരാവൃത്തവും വർത്തമാനവും തേടുന്ന യാത്രകൾ' എന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം മേൽപ്പറഞ്ഞ 'തുരപ്പൻ' പണിയാണ്. മാധ്യമപ്രവർത്തകൻ, ചലച്ചിത്രവിമർശകൻ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ഒ.കെ. ജോണിയാണ് ഈ സഞ്ചാരകൃതിയുടെ രചയിതാവ്.
 
ഭാരതീയ സംസ്കാരത്തിലും സമൂഹത്തിലും ജാതി മേൽക്കോയ്മ, സതി മുതലായ അനഭിലഷണീയമായ അംശങ്ങൾ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിന് എട്ടു പതിറ്റാണ്ടുകൾക്കു ശേഷവും ഇതൊക്കെയാണ് ഇന്നത്തേയും പ്രശ്നങ്ങൾ എന്നു വാദിക്കുന്നത് സ്ഥാപിതതാല്പര്യക്കാരാണ്. ദക്ഷിണേന്ത്യയുടെ ആധുനികകാലത്തെ വൈജ്ഞാനികപാരമ്പര്യം തുടങ്ങുന്നതും ബ്രിട്ടീഷുകാരുടെ പത്തൊൻപതാം നൂറ്റാണ്ടിലെ കൃതികളോടെയാണ്. കോളനിവൽക്കരണത്തെ നിലനിർത്തുന്നതിനായി ഉദ്ദേശിച്ചുകൊണ്ടും വെള്ളക്കാരുടെ വംശപരമായ ഔന്നത്യത്തെ സ്ഥാപകവൽക്കരിക്കാനുമായി രചിച്ച ഈ കൃതികളെ ഇക്കാലത്ത് വളരെ വിമർശനബുദ്ധിയോടെയേ ബൗദ്ധികസമൂഹം കൈകാര്യം ചെയ്യുന്നുള്ളൂ. എന്നാൽ ജോണിക്കാകട്ടെ ബ്രിട്ടീഷുകാരുടെ 200 വർഷം മുൻപുള്ള ഈ കൃതികളാണ് വേദവാക്യവും പരമമായ സത്യവും. അവരിൽ പലരും ക്രിസ്തീയ മിഷണറിമാർ ആയിരുന്നുവെന്നുകൂടി ഓർക്കണം. സ്വന്തം മതം പ്രചരിപ്പിക്കാൻ ഏതു നീചമാർഗ്ഗവും സ്വീകരിക്കാൻ ഒരു മടിയുമില്ലാത്ത ഇക്കൂട്ടരുടെ പടപ്പുകളെ ആശ്രയിച്ചെഴുതിയ ഈ കൃതിയുടെ വസ്തുനിഷ്ഠത ഊഹിച്ചാൽ മതിി. ഹിന്ദുമതം പിശാചുക്കളെ ആരാധിക്കുന്നുവെന്നൊക്കെയുള്ള പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം കൃതികളെ പുച്ഛത്തോടെ തള്ളിക്കളയുന്നതിനു പകരം അവയെ തൊണ്ടതൊടാതെ വിഴുങ്ങുന്ന ലേഖകന്റെ അവസ്ഥ പരിതാപകരമാണ്. വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടെന്ന് വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. യാത്രക്കിടെ കുടകിലെ ഒരു ക്ഷേത്രത്തിലെത്തുന്ന ജോണിയും സുഹൃത്തും ഭയചകിതരാവുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കുടകിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ നരബലി നടന്നിരുന്നു എന്ന് ഹെൻറി വൈറ്റ് ഹെഡ് എന്ന ഇംഗ്ലീഷ് മിഷണറിയുടെ പുസ്തകത്തിലെ പരാമർശം ഓർമ്മയിലെത്തിയതുകൊണ്ടാണത്രെ ജോണി പേടിക്കാനിടയായത്. ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയ ചിക്കവീരരാജേന്ദ്ര എന്ന കുടക് രാജാവ് ഇംഗ്ലണ്ടിലെത്തി സ്വന്തം മകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് വിക്ടോറിയ ഗൗരമ്മ എന്ന പേര് സ്വീകരിച്ച് വിക്ടോറിയ രാജ്ഞിയുടെ സംരക്ഷണയിലാക്കി. രാജ്യം തിരിച്ചു കിട്ടിയില്ലെങ്കിലും ഈ മകൾക്ക് രാജ്ഞിയുടെ വാത്സല്യവും സംരക്ഷണവും കിട്ടിയത് രാജാവിന്റെ വിജയമാണെന്നാണ് ജോണിയുടെ പക്ഷം. മാത്രവുമല്ല, ഒരിക്കലും കുടക് സന്ദർശിച്ചിട്ടില്ലാത്ത ഈ രാജകുമാരി കുടകിന്റെ ദുഃഖപുത്രിയാണത്രെ. ഗ്രന്ഥകർത്താവിന്റെ രാഷ്ട്രീയതാല്പര്യങ്ങളും ഈ കൃതിയിലുടനീളം കാണാം. ചൈനീസ് 'അധിനിവേശത്തിൽ' പ്രതിഷേധിച്ച് 1959-ൽ തിബത്തിൽ നിന്ന് പലായനം ചെയ്ത അഭയാർത്ഥികളെ ബൈലക്കുപ്പയിൽ കുടിയിരുത്തിയിരിക്കുന്നു (പേജ് 98) എന്ന വാചകത്തിൽ അധിനിവേശത്തിനു മുകളിലുള്ള ഉദ്ധാരണചിഹ്നങ്ങൾ ശ്രദ്ധിക്കുക.
 
പ്രാദേശികമായ എല്ലാ സനാതന പൊരുളുകളോടും അവജ്ഞ കലർന്ന പുച്ഛം പ്രകടിപ്പിക്കുന്ന ഈ ഗ്രന്ഥം നിറഞ്ഞ ബഹുമാനവും ആദരവും പുലർത്തുന്നത് ടിപ്പു സുൽത്താന്റെ നേർക്കു മാത്രമാണ്. 'ടിപ്പു സുൽത്താനെ അറിയുമ്പോൾ' എന്ന ശീർഷകത്തിൽ ഒരദ്ധ്യായം തന്നെ ഇതിലുണ്ട്. ഹിന്ദുരാജവംശങ്ങൾക്കെതിരെ ബ്രിട്ടീഷ് മിഷനറികൾ രേഖപ്പെടുത്തിയതെല്ലാം അതേപടി വിശ്വസിക്കുന്ന ഗ്രന്ഥകാരൻ അവർ ഹൈദരാലിയേയും ടിപ്പുവിനെയും കുറിച്ചെഴുതിയതു മാത്രം അസത്യവും ഏകപക്ഷീയവുമാണെന്നു കാണുന്നു. കുടക്, മൈസൂർ, ചോള രാജാക്കന്മാരെയെല്ലാം 'അയാൾ' എന്നു സംബോധന ചെയ്യുമ്പോൾ ടിപ്പുവിന്റെ കാര്യത്തിൽ മാത്രമാണ് 'അദ്ദേഹം' എന്ന് ജോണി ഉപയോഗിക്കുന്നത്. ടിപ്പുവിനെതിരെയുള്ള പ്രധാന ആരോപണങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ നിർബന്ധിത മതംമാറ്റങ്ങളായിരുന്നു. എന്നാൽ ജോണി പറയുന്നത് യുദ്ധക്കുറ്റവാളികൾക്കുള്ള അക്കാലത്തെ പലതരം ശിക്ഷകളിൽ ഒന്നായിരുന്നു മതംമാറ്റം എന്നാണ് (പേജ് 205). പക്ഷേ ടിപ്പുവിന്റെ സ്വന്തം സദസ്യനായ മീർ ഹുസൈൻ അലിഖാൻ കിർമാനി ടിപ്പുവിനെ പ്രകീർത്തിക്കുന്നത് 'ഇസ്ലാമിന്റെ പോരാളി' (പേജ് 217) എന്നാണ്. ടിപ്പുവിന്റെ അതിക്രമങ്ങളെയെല്ലാം ജോണി ന്യായീകരിച്ചു വെളുപ്പിക്കാൻ ശ്രമിക്കുന്നു. 'തീർത്തും സ്വാഭാവികം' എന്ന് അവസാനിക്കുന്ന നിരവധി നാണംകെട്ട ന്യായീകരണങ്ങൾ ഇതിൽ കാണാം. കൊടവസമുദായത്തിൽ നിലവിലുണ്ടായിരുന്ന പ്രാകൃതമായ ബഹുഭർതൃത്വം അവസാനിപ്പിക്കാൻ വിസമ്മതിച്ചവരെ ടിപ്പു കൂട്ടത്തോടെ മതപരിവർത്തനത്തിന് വിധേയമാക്കിയത്രെ. എന്നാൽ അതേസമയം ടിപ്പു പിന്തുടർന്ന ബഹുഭാര്യത്വം പ്രാകൃതമാണോ എന്ന കാര്യത്തിൽ ജോണി മൗനമാണ് അവലംബിക്കുന്നത്. തലക്കാവേരി ആക്രമിച്ചു കീഴടക്കി ആ സ്ഥലത്തിനെ അഫ്സലാബാദ് എന്ന് പുനർനാമകരണം ചെയ്ത് ആ പ്രദേശത്തെത്തന്നെ മതം മാറ്റാൻ ശ്രമിച്ച ഈ മതഭ്രാന്തൻ അവിടുത്തെ പൂജാരിക്ക് ദക്ഷിണ നൽകിയാണ് മടങ്ങിയതെന്നാണ് ജോണിയുടെ കണ്ടെത്തൽ. എന്നാൽ ടിപ്പു തച്ചുതകർത്ത തുമ്പിക്കൈ ഇല്ലാത്ത രണ്ട് ഗജശില്പങ്ങൾ ഇപ്പോഴും ഭാഗമണ്ഡലയിൽ ഉണ്ട്. അത് യുദ്ധത്തിൽ തകർക്കപ്പെട്ടതാണെന്നാണ് ഗ്രന്ഥകർത്താവിന് ഊഹിക്കാൻ സാധിക്കുന്നത്. രാജവംശങ്ങളെ താരതമ്യം ചെയ്യുമ്പോഴും ടിപ്പുവിനോടുള്ള വിധേയത്വം ഇദ്ദേഹം സൂക്ഷിക്കുന്നു. 'പ്രാകൃതമായ രാജനീതി പിന്തുടർന്ന ഹാലേരി രാജാക്കന്മാരുടെ സഹജമായ ക്രൂരത നിശബ്ദം സഹിക്കാൻ ജനങ്ങൾ നിർബന്ധിതരായി. എന്നാൽ ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടുള്ള ആദരം അടിസ്ഥാനമില്ലാത്ത വൈകാരികതയല്ല' (പേജ് 68) എന്നാണ് ജോണി മൊഴിയുന്നത്. ഈ നഗ്നമായ പ്രീണനത്തിന്റെ പിന്നിലെ വികാരമെന്തെന്ന് എല്ലാവർക്കും അറിയാമെങ്കിലും മിണ്ടാതിരിക്കുക എന്നതാണ് കേരള മോഡൽ മതേതരത്വത്തിന്റെ അടിസ്ഥാനശില.
 
കാവേരി തമിഴ്നാട്ടിലേക്ക് കടക്കുമ്പോൾ ജോണി തന്റെ ടൂൾകിറ്റിൽ നിന്ന് ദ്രാവിഡസ്വത്വം എന്ന കട്ടപ്പാര പുറത്തെടുക്കുന്നു. ശൈവ-വൈഷ്ണവമതങ്ങൾ ഉത്തരേന്ത്യയിൽ നിന്ന് ആര്യന്മാർ ഇറക്കുമതി ചെയ്തതാണ്. എന്നാൽ ഗ്രന്ഥകാരൻ മുട്ടിനുമുട്ടിന് പുകഴ്ത്തുന്ന ബുദ്ധ-ജൈനമതങ്ങളും അതേവഴി തന്നെയല്ലേ എത്തിയത് എന്ന ചോദ്യത്തിന് മറുപടി നൽകുന്നില്ല. അവൈദികമതങ്ങളെക്കുറിച്ചും കൊളോണിയൽ ചരിത്രകാരന്മാരെഴുതിയ വസ്തുതകളേ ഗ്രന്ഥകാരനറിയാവൂ എന്ന് തോന്നുന്നു. ബുദ്ധ-ജൈനമതങ്ങളിൽ ഈശ്വരസങ്കല്പം ഇല്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ശൈവ-വൈഷ്ണവമതങ്ങൾ തമ്മിൽ തമ്മിലും ബുദ്ധ-ജൈനമതങ്ങളുടെ മേലും ആക്രമണം നടത്തിയിരുന്നു എന്നും വാദിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാമാനുജാചാര്യന്റെ നേതൃത്വത്തിൽ വൈഷ്ണവർ ജൈനരെ ആക്രമിച്ച് അവരുടെ ക്ഷേത്രങ്ങൾ നശിപ്പിച്ചു എന്ന കഥയാണ് നിരത്തുന്നത്. ഇതുപോലും ടിപ്പുവിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനുള്ള അടവായി മാത്രമേ കാണാനാകൂ. ശൈവ-വൈഷ്ണവമതങ്ങളോടുള്ള ഗ്രന്ഥകാരന്റെ കടുത്ത വിദ്വേഷം വെളിവാക്കുന്ന ഒരു ഭാഗം ഈ പുസ്തകത്തിലുണ്ട്. ജൈനവിശ്വാസിയായിരുന്ന തിരുനാവുക്കരശ് നായനാർ ശൈവമതാവലംബിയായതിനെ തുടർന്ന് പല്ലവരാജാവിന്റെ സഹായത്തോടെ ജൈനസന്യാസിമാർ അദ്ദേഹത്തെ ശാരീരിക പീഡനങ്ങൾക്കു വിധേയമാക്കിയതായി പെരിയപുരാണത്തിൽ പരാമർശിക്കുന്നത് ജോണി അംഗീകരിക്കുന്നില്ല. അഹിംസാവാദികളായ ജൈനർ അങ്ങിനെ ചെയ്യില്ലെന്നാണ് ഇദ്ദേഹം പറയുന്നത്! മാത്രവുമല്ല, ശൈവർക്ക് ജൈനരോടുണ്ടായിരുന്ന കടുത്ത അസഹിഷ്ണുത മൂലമാണത്രേ ഈ ആരോപണം ഉന്നയിക്കുന്നതുപോലും. അതായത് ഇരയെ കുറ്റവാളിയാക്കി ശിക്ഷ വിധിക്കുന്നു. വിഷം ചീറ്റുന്ന നൂറുകണക്കിന് താളുകൾ എഴുതി നിറച്ചിരിക്കുന്ന ഈ പുസ്തകം സാഹിത്യപരമായോ ചരിത്രപരമായോ യാതൊരു മൂല്യവും പുലർത്തുന്നില്ല. ഗ്രന്ഥകാരന്റെ വികലമായ ചിന്തകൾ പല ഉദാഹരണങ്ങളിലൂടെ വെളിവാകുന്നു. തലക്കാട് എന്ന ഗ്രാമം മണലിനടിയിലായത് ശ്രീരംഗപട്ടണം ഭരിച്ചിരുന്ന തിരുമലരായരുടെ പത്നി അലമേലമ്മയുടെ ശാപത്തെത്തുടർന്നാണെന്നാണ് ഐതിഹ്യം. മൈസൂർ രാജാവായി മാറിയ രാജവൊഡയാർ തിരുമലരായരുടെ അസാന്നിധ്യം മുതലെടുത്ത് ശ്രീരംഗപട്ടണം പിടിച്ചടക്കി. തുടർന്ന് അലമേലമ്മയുടെ വിലപിടിച്ച പവിഴമൂക്കുത്തി പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ആ സ്ത്രീ ഒരു ശാപത്തോടെ കാവേരിയിൽ ചാടി ആത്മാഹുതി ചെയ്തു. തലക്കാട് മണലിനടിയിലായത് ഈ ശാപഫലമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. എന്നാൽ ജോണി പറയുന്നത് ഇങ്ങനെ: "അലമേലമ്മയെ ആത്മഹത്യയിലേക്ക് നയിച്ച വസ്തുതകളെക്കുറിച്ച് മൈസൂരിന്റെ ചരിത്രകാരന്മാരെല്ലാം മൗനം പാലിക്കുകയാണെന്നതാണ് വിചിത്രം" (പേജ് 264). വ്യക്തമായും ഒരു ഉൾനാടൻ നാടോടിക്കഥയാണെന്നു മനസ്സിലാക്കാവുന്ന ഈ മിത്തിനെക്കുറിച്ച് ചരിത്രകാരന്മാർ എങ്ങനെ വിവരിക്കും? ഇത്തരം വിഡ്ഢിത്തങ്ങളും ഉൾക്കാഴ്ചയില്ലായ്മയും നിറഞ്ഞതാണ് ഈ പുസ്തകം.
 
മാതൃഭൂമി പത്രാധിപർ എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക
ഈ ഗ്രന്ഥത്തിന്റെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് തുടക്കത്തിലേതന്നെ വായനക്കാരിൽ സംശയം ജനിപ്പിക്കേണ്ടതാണ്. ഭാരതീയ സമൂഹത്തിലെ ചരിത്രപരമായ ചില വിഭാഗീയതകളെ പർവതവൽക്കരിച്ചും സ്ഥാപനവൽക്കരിച്ചും ഈ രാജ്യത്തെ ഉള്ളിൽ നിന്ന് തകർക്കുവാൻ തിരക്കുകൂട്ടുന്ന ഒരു ട്രോജൻ കുതിരയാണ് ഈ കൃതി. കാതറിൻ മേയോയുടെ 'മദർ ഇന്ത്യ' എന്ന ഇതുപോലൊരു പുസ്തകത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് 'അഴുക്കുചാൽ പരിശോധകന്റെ റിപ്പോർട്ട്' എന്നാണ്. അതുതന്നെയാണ് ഈ കൃതിയും അർഹിക്കുന്ന വിശേഷണം. പലകുറി ആവർത്തിക്കുന്ന ചരിത്രവസ്തുതകൾ ഏതോ കൈപ്പുസ്തകത്തിൽ നിന്ന് പകർത്തിവെച്ചിരിക്കുകയാണ് പലയിടങ്ങളിലും. അതിൽ ജോണിയുടെ കരവിരുത് പ്രകടമാകുന്നത് ഹിന്ദുരാജാക്കന്മാർ ജൈനമതാനുയായികളുടെ മേൽ നടത്തിയതായി പറയപ്പെടുന്ന അതിക്രമങ്ങൾ കൂട്ടിച്ചേർക്കുന്നതിലാണ്.
 
എല്ലാ തരത്തിലും മൂന്നാംകിട നിലവാരം പുലർത്തുന്ന ഈ കൃതി ശുപാർശ ചെയ്യുന്നില്ല.
 
Book review of ' Kaveriyodoppam Ente Yathrakal'
Author: O K Johnny
Mathrubhumi Books, 2018 (First)
9788182675308
Pages: 447
 

Thursday, August 27, 2026

നമ്പിയാരുടെ ശില്പശാല

മനുഷ്യൻ നിത്യവൃത്തിയുടെ ബദ്ധപ്പാടുകളിൽ നിന്നകന്ന് കലയും സാഹിത്യവും പരിഗണിക്കുന്നത് അവന്റെ ഒഴിവുസമയത്താണ്. താൻ അന്നം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്ന് അവൻ മനസ്സിലാക്കുന്ന നിമിഷങ്ങളാണവ. രണ്ടുവിധത്തിലാണ് ഒഴിവുസമയം കൂടുതൽ ലഭിക്കുക. ഒന്ന്, അവന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ നേരിട്ട് പണിയെടുക്കേണ്ടതില്ലാത്ത അവസ്ഥയുണ്ടാവുന്നത്; രണ്ട്, സാങ്കേതികവിദ്യയുടെ വളർച്ചയോടെ കായികാധ്വാനം കുറച്ചേ ആവശ്യമുള്ളൂ എന്നതുകൊണ്ട്. അതിനാൽ കാലം മുന്നോട്ട് പോകുന്തോറും ആവശ്യത്തിലധികം ഒഴിവുസമയം കയ്യിലുള്ള വ്യക്തികളുടെ എണ്ണം കൂടിവരും. അവർ കലാ-സാഹിത്യരംഗങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുമ്പോൾ അവ തങ്ങൾക്ക് മനസ്സിലാകാത്ത വിധം ഗഹനമായ സങ്കേതങ്ങൾ ഉപയോഗിക്കുന്നതും തങ്ങളേക്കാൾ ഉയർന്ന ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെക്കുന്നതുമാണെന്ന് കണ്ടെത്തുന്നു. ഈ ഘട്ടത്തിൽ ഈ പുതിയ വിഭാഗത്തിന്റെ വിനോദത്തിനായി ലഘുവും നാടൻ രീതിയിലുള്ളതുമായ രചനാരീതികൾ അവലംബിക്കുന്ന ഒരു കൂട്ടം സാഹിത്യ-കലാകാരന്മാർ രംഗത്തെത്തുന്നു. ആ ഭാഷയിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുകയാണവർ. എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പറയട്ടെ, വേടനെപ്പോലുള്ള കലാകാരന്മാർ ഒരു പക്ഷെ സമൂഹത്തിന്റെ ഈയൊരാവശ്യമായിരിക്കാം നിറവേറ്റുന്നത്. നൂറുകൊല്ലം മുൻപ് ചങ്ങമ്പുഴ ചെയ്തതും അതായിരുന്നു. മുന്നൂറുകൊല്ലം മുൻപ് ഈ ധർമ്മം നിർവ്വഹിച്ച മഹദ് വ്യക്തിയായിരുന്നു കുഞ്ചൻ നമ്പ്യാർ. 1705-നും 1775-നും ഇടയ്ക്ക് ജീവിച്ചതായി കരുതുന്ന നമ്പ്യാരുടെ ജീവചരിത്രത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭ്യമല്ല. അദ്ദേഹത്തിന്റെ യഥാർത്ഥനാമം എന്തായിരുന്നുവെന്നുപോലും കൃത്യമായി അറിയില്ല. കുഞ്ചൻ എന്നത് ഓമനപ്പേരായിരുന്നുവത്രേ. തമിഴിൽ നിന്ന് മലയാളത്തെ മോചിപ്പിച്ച് ഭാഷാ കവനശൈലിക്ക് ഓജസ്സും തേജസ്സും നൽകിയത് എഴുത്തച്ഛന്റെ കിളിപ്പാട്ടുകളാണ്. തുടർന്ന് ആ ശൈലിയിൽ ചമ്പുക്കളും ആട്ടക്കഥാസാഹിത്യവുമുണ്ടായി. എന്നാലിവയിൽ
സംസ്കൃതാതിപ്രസരം നിലനിന്നു. സാധാരണ ജനങ്ങൾക്ക് വേണ്ടി, പ്രത്യേകിച്ചും 'ഭടജനത്തിന്'വേണ്ടി മലയാളത്തിന്റെ തെളിനീരൊഴുക്കി ചാരുകേരളഭാഷയുടെ ശക്തിയും ചൈതന്യവും പകർന്നത് നമ്പ്യാരാണ്. ആ പ്രതിഭയുടെ സാഹിത്യസപര്യയെ സാമാന്യം വിശദമായിത്തന്നെ അപഗ്രഥിക്കുന്ന ഈ കൃതി രചിച്ചിരിക്കുന്നത് ഡോ. ജി. ഗിരിജാദേവിയാണ്. പന്തളം എൻ.എസ്.എസ്. കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായ ഗ്രന്ഥകർത്രി ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്.
 
നമ്പ്യാരുടെ വ്യക്തിജീവിത പരാമർശങ്ങൾ ഒന്നുംതന്നെ ഈ പുസ്തകത്തിലില്ല. രേഖകളുടെ അഭാവം തന്നെയാണതിന് കാരണം. പേവിഷബാധയെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടിട്ടുണ്ടെങ്കിലും ഈ കൃതി അതിലും നിശ്ശബ്ദത പുലർത്തുന്നു. അദ്ദേഹത്തിന്റെ കാവ്യകലാരൂപങ്ങളിലൂടെയുള്ള അന്വേഷണമാണ് ഇതിൽ കാണുന്നത്. ചാക്യാർകൂത്തിന് മിഴാവ് കൊട്ടിക്കൊണ്ടിരിക്കെ ഉറങ്ങിപ്പോയതിനെത്തുടർന്ന് ചാക്യാരുടെ പരിഹാസം നേരിട്ടതുകൊണ്ടാണ് പുതിയൊരു കലാരൂപം തൊട്ടടുത്തദിവസം തന്നെ ക്രമീകരിച്ച് അവതരിപ്പിച്ചതെന്ന കഥ വിശ്വാസയോഗ്യമല്ലെന്ന് ലേഖിക കരുതുന്നു. ഒരു കലാസാഹിത്യപ്രസ്ഥാനവും നൈമിഷികമായ പ്രേരണയുടെ ഫലമായി ഉണ്ടാകുന്നതല്ല. നിരന്തരമായ ചിന്തയുടെയും പരിശ്രമത്തിന്റെയും പരിണിതഫലമാണ് അവ. ഒരു പക്ഷെ തുള്ളലിന്റെ ആദ്യാവിഷ്കാരം ചാക്യാർ-നമ്പ്യാർ കലഹത്തോടെയായിരിക്കാം. എന്നാൽ നമ്പ്യാരുടെ തുള്ളൽപ്രസ്ഥാനത്തിനു മുമ്പുതന്നെ തുള്ളലിന്റേതായ ഒരന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശീതങ്കൻ തുള്ളലും പറയൻ തുള്ളലും നമ്പ്യാർക്കുമുമ്പേ ഉണ്ടായിരുന്നു; ഓട്ടൻ തുള്ളൽ പോലും നേരത്തേ ഉണ്ടായിരുന്നു എന്നാണ് ഗിരിജാദേവി സംശയിക്കുന്നത്.
ഒരു അപരിഷ്കൃത നാടൻ കലാരൂപമായിരുന്ന തുള്ളലിനെ കാലോചിതമായി പരിഷ്കരിച്ച് ശ്രദ്ധേയമായ ദൃശ്യകാവ്യകലയാക്കി നമ്പ്യാർ മാറ്റി. ഇതിലേക്കാവശ്യമായ ദൃശ്യവിഭവങ്ങൾ പടയണി, കോലംതുള്ളൽ, നാടൻ കലകൾ, കൂത്ത്, കൂടിയാട്ടം, കഥകളി എന്നിവയിൽ നിന്നും, സാഹിത്യപരമായവ നാടൻപാട്ടുകൾ, ചമ്പുക്കൾ, ആട്ടക്കഥകൾ എന്നിവയിൽ നിന്നും സമാഹരിച്ചു. സാമാന്യജനത്തിന് സുപരിചിതമായിരുന്ന പുരാണ കഥകൾ അവരുടെ അനുഭവമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇടകലർത്തി അവതരിപ്പിച്ചു. തുള്ളലിൽ നാടൻപാട്ടിന്റെ സംഗീതാംശവും ചൊൽമട്ടുകളും താളവൃത്തങ്ങളും സ്വീകരിച്ചു. ചാക്യാർകൂത്തുമായുള്ള പരിചയവും നമ്പ്യാർ പുതിയ കലാരൂപം വികസിപ്പിക്കാൻ പ്രയോജനപ്പെടുത്തി. കൂത്തിലും കൂടിയാട്ടത്തിലും ചാക്യാർ അവതരിപ്പിക്കുന്ന സകലകഥകളും അതിലെ ഫലിത പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും തെല്ലും കുറവുവരുത്താതെ തുള്ളലിൽ നമ്പ്യാർ അവതരിപ്പിക്കുന്നു. തുള്ളൽ ചാക്യാർകൂത്തിന്റെ നൃത്തഗാനരൂപത്തിലുള്ള അവതരണം തന്നെയെന്നാണ് ഗ്രന്ഥകർത്രിയുടെ അഭിപ്രായം. ചാക്യാർകൂത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്നും പുറത്തേക്ക് തെറിച്ചുപോയ രണ്ട് സ്ഫുലിംഗങ്ങൾ മാത്രമാണ് പാഠകവും തുള്ളലും എന്നൊരഭിപ്രായവും പണ്ഡിതർക്കിടയിൽ നിലനിൽക്കുന്നു.
 
വെറുമൊരു കലാസൃഷ്ടി എന്നതിലേക്കാളുപരി തുള്ളലിനെ വ്യത്യസ്തമാക്കുന്നത് അതുവരെയുള്ള രചനകളിൽ കാണാതിരുന്ന സാമൂഹ്യവിമർശനം എന്ന ലക്‌ഷ്യം അതു കൈവരിച്ചു എന്നതാണ്. നിശിതമായ പരിഹാസശരങ്ങൾ നമ്പ്യാർ രാജാവിനും സദസ്യർക്കും സമൂഹത്തിലെ മേലാളർക്കെതിരെയും തുരുതുരാ അയച്ചു. വ്യക്തികൾക്കു മാത്രമല്ല, സമൂഹത്തിനും ചില ആദർശങ്ങൾ പിന്തുടരാൻ ബാദ്ധ്യതയുണ്ടെന്ന് അവ പതിനെട്ടാം നൂറ്റാണ്ടിലെ കേരളസമൂഹത്തെ ഉൽബോധിപ്പിച്ചു. സാമൂഹികകാര്യപ്രതിപാദകമാവണം കല എന്ന ആധുനിക മുദ്രാവാക്യം മലയാളത്തിനെ സംബന്ധിച്ചിടത്തോളം ഉയിർക്കൊള്ളുന്നത് നമ്പ്യാരിലൂടെയാണ്. രാജകൊട്ടാരവുമായി ബന്ധപ്പെട്ടവരുടെ ജീവിതം മാത്രമേ തുള്ളലിൽ അവതരിപ്പിച്ചിട്ടുള്ളൂ, അധഃസ്ഥിതജനവിഭാഗങ്ങളുടെ യാതനകളെക്കുറിച്ച് കാര്യമായി സ്പർശിച്ചിട്ടില്ല. യാതനാപൂർണ്ണമായ ജീവിതത്തേക്കാൾ ലക്ഷ്യബോധമില്ലാത്തവരുടെ ജീവിതമാണ് കവിക്ക് പ്രേരണ നൽകിയത്. തുള്ളൽകൃതികളുടെ ഇതിവൃത്തത്തിന്റെ ഉറവിടം മാത്രമേ പുരാണങ്ങളിൽ കാണുകയുള്ളൂ; കഥ നടക്കുന്ന സ്ഥലവും
കഥാപാത്രങ്ങളുടെ ജീവിതവുമെല്ലാം പതിനെട്ടാം നൂറ്റാണ്ടിലെ കേരളീയാന്തരീക്ഷത്തിലാണ് കുടികൊള്ളുന്നത്. അതിനായി കൽപ്പിതകഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ജ്യോതിഷം, വൈദ്യം, മന്ത്രവാദം എന്നീ തൊഴിലുകാരെ പലപ്പോഴും പരിഹസിക്കുന്നു.
 
'ജ്യോതിഷക്കാരനായ് ചെന്നു ധനികന്റെ 
ജാതകമെല്ലാം വരുത്തി വിചാരിച്ചു 
കൈതവം നന്നായ് പറഞ്ഞുഫലിപ്പിച്ചു 
കൈമടക്കും കൊണ്ടുപോകുന്നിതു ചിലർ' (ഹരിണീസ്വയംവരം ഓട്ടൻതുള്ളൽ)
 
വാക്കുകളിൽ മാർദ്ദവമില്ലാത്ത വിവരണങ്ങളായതിനാലാകാം കല്യാണസൗഗന്ധികം തുള്ളലിലെ ഭീമ-ഹനുമദ് സംവാദം ചൂണ്ടിക്കാട്ടി കുട്ടികൃഷ്ണമാരാർ നമ്പ്യാരെ സംസ്കാരദൂഷകൻ എന്നാക്ഷേപിച്ചു. പി.കെ. ബാലകൃഷ്ണനും നമ്പ്യാരെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
 
ഇത്രയൊക്കെ സാമാന്യമായി പറയാമെങ്കിലും ഈ കൃതി ശ്രദ്ധേയമാകുന്നത് അക്കാലത്തെ കലാരൂപങ്ങളുമായി തുള്ളലിനുള്ള അന്തർധാരകളെ കൃത്യമായി കണ്ടെത്തി വിശദീകരിക്കുന്നതിലാണ്. ഇതിനു പിന്നിലുള്ള ഗവേഷണം വളരെ വിപുലമായിരിക്കുന്നു. അക്കാലത്തെ ദൃശ്യ, ശ്രാവ്യകലകളായ ചാക്യാർകൂത്ത്, പാഠകം, പലതരം തുള്ളലുകൾ, പടയണി മുതലായവയെ പരിശോധിച്ച് അതിനോടെല്ലാം തുള്ളൽ പ്രസ്ഥാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുന്നു. തുള്ളൽകൃതികളിലെ സംഗീതത്തെക്കുറിച്ചും അതിലെ താള-രാഗങ്ങളെക്കുറിച്ചും പഠനം ഇതിലുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സാങ്കേതികഭാവങ്ങൾ ഒഴിവാക്കി താളവൃത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് നമ്പ്യാർ ചെയ്തത്. നമ്പ്യാരെ വിശ്വസാഹിത്യമണ്ഡലത്തിലെ മഹാപ്രതിഭകളോട് താരതമ്യപ്പെടുത്തുന്ന ഒരു പഠനം അരിസ്റ്റോഫെനിസ്, മോളിയർ എന്നീ പാശ്ചാത്യ സാഹിത്യകാരന്മാരെ നമുക്ക് പരിചയപ്പെടുത്തുന്നു. തുള്ളലിലെ മുഖ്യരസം ഹാസ്യമാണെങ്കിലും എല്ലാ രസങ്ങളും വിവിധയിടങ്ങളിൽ നമ്പ്യാർ
വിദഗ്ദ്ധമായി സന്നിവേശിപ്പിച്ചു. ചിലയിടങ്ങളിലെങ്കിലും ഈ കൃതി സാധാരണക്കാരായ വായനക്കാരെ അവഗണിക്കുന്നതുപോലെ കാണപ്പെടുന്നു. കാവ്യാസ്വാദനവേളയിൽ സഹൃദയന് അനുഭവപ്പെടുന്ന അലൗകികമായ ആനന്ദമാണ് രസം എന്നു പറഞ്ഞുകൊണ്ട് നാട്യശാസ്ത്രത്തിൽ അത് നിർവ്വചിച്ചിരിക്കുന്നത് 'വിഭാവാനുഭാവ വ്യഭിചാരീ സംയോഗാത് രസനിഷ്പത്തി' എന്നാണ്. എന്നാൽ ഇതിന്റെ അർത്ഥം കൊടുത്തിരിക്കുന്നതോ, 'വിഭാവ അനുഭാവ വ്യഭിചാരികളുടെ സംയോഗം കൊണ്ടു രസം നിഷ്പന്നമാകുന്നു' - എന്ന്! എന്തു മനസ്സിലായി?
 
കേരളത്തിലെ അക്കാദമികരംഗത്തെ ഒരു നിത്യശാപമാണ് സ്വന്തം ജോലിയിലും രാഷ്ട്രീയചായ്‌വ് നിലനിർത്തുന്ന നല്ലൊരു കൂട്ടം ഇടതുപക്ഷ സഹയാത്രികരായ അദ്ധ്യാപകർ. മാർക്സിയൻ സിദ്ധാന്തത്തിലും കേരളത്തിൽ പാർട്ടി ചിട്ടപ്പെടുത്തിയ ചട്ടക്കൂടുകൾക്കുള്ളിലും അവരുടെ ചിന്തയും ഭാവനയും ഒതുങ്ങിനിൽക്കുന്നു എന്നുമാത്രമല്ല ബാഹ്യപ്രതിഭാസങ്ങളെ ഇതിനനുസരിച്ച് ചവുട്ടിയൊതുക്കും. എന്നാൽ ഈ കൃതിയിൽ രാഷ്ട്രീയശരികളെ (political correctness) നിർത്തേണ്ടിടത്ത് നിർത്തുന്നു എന്ന കാണുന്നത് വളരെ സന്തോഷകരമാണ്. അധഃകൃതരുടെ ജീവിതം പരാമർശിച്ചില്ല എന്നതുകൊണ്ട് നമ്പ്യാരെ ലേഖിക പ്രതിക്കൂട്ടിൽ കയറ്റുന്നില്ല. അദ്ദേഹത്തെ പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ ഒരു സാഹിത്യകാരനായിത്തന്നെ തുടർന്നും പരിഗണിക്കുന്നു.
 
അനായാസം വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ ചില ആശയങ്ങൾ പലകുറി ആവർത്തിക്കുന്നു എന്ന ഒരു ന്യൂനതയും കാണുന്നുണ്ട്. 
 
പുസ്തകം ശക്തമായി ശുപാർശചെയ്യുന്നു.

Wednesday, July 29, 2026

ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം

യൂറോപ്പിലെ ജ്ഞാനോദയം (Enlightenment) സാഹിത്യത്തിൽ അടിയാളവർഗ്ഗത്തിന്റെ താല്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് വഴിമരുന്നിട്ടു. അതിന്റെ ചുവടുപിടിച്ച് ലോകമെങ്ങും സാഹിത്യം സാധാരണജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രസ്ഥാനങ്ങൾ രൂപമെടുത്തു. തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനം ജ്ഞാനോദയത്തിന് സമകാലികമായിരുന്നെങ്കിലും അതിൽ നിന്നുള്ള പ്രചോദനങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം സാർവത്രികമായതോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നവീനമായ സാഹിത്യപ്രസ്ഥാനങ്ങൾ ഭാരതീയഭാഷകളിൽ പിടിമുറുക്കി. മലയാളത്തിൽ അത് ദൃശ്യമായത് മുഖ്യമായും ചങ്ങമ്പുഴയുടെ കവിതകളിലൂടെയാണ്. ലളിതവും താളാത്മകവുമായ പദങ്ങളും ഹൃദ്യമായ ഈണവും ഇവയെ ഉറക്കെച്ചൊല്ലുവാൻ സഹൃദയരെ പ്രേരിപ്പിച്ചു. വിദ്യാഭ്യാസപരമായ നവോത്ഥാനം കേരളക്കരയെ സ്പർശിച്ച സമയമായതിനാൽ അനുവാചകരുടെ എണ്ണത്തിലും ഈ പുതിയ പ്രസ്ഥാനം 'ശ്ലോകമുത്തശ്ശിയെ' കടത്തിവെട്ടി. ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലിരിക്കുന്ന ചലച്ചിത്രഗാനപ്രസ്ഥാനവും ചങ്ങമ്പുഴ തുടങ്ങി വെച്ച പന്ഥാവിലൂടെയാണ് മുന്നോട്ടു നീങ്ങിയതെന്ന് കാണാൻ കഴിയും. ഇതിനെല്ലാം കാരണഭൂതനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രമാണ് ഈ കൃതി. എല്ലാ അർത്ഥത്തിലും കുത്തഴിഞ്ഞ ജീവിതം നയിച്ച ചങ്ങമ്പുഴയുടെ ആയുസ്സ് 36 വയസ്സിൽ ഒടുങ്ങിയതിന് ഒരാൾ മാത്രമേ ഉത്തരവാദിയായുള്ളൂ - ചങ്ങമ്പുഴ തന്നെ! കവിയുടെ സർഗപ്രപഞ്ചത്തേക്കാളുപരി അദ്ദേഹത്തിന്റെ വ്യക്തിജീവിതവും അതിലെ സദാചാരവിരുദ്ധമായ കൂർത്ത മുള്ളുകളിലുമാണ് ഈ ഗ്രന്ഥം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 
പൊതുവിൽ മറ്റു കവികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് ചങ്ങമ്പുഴയുടെ കാവ്യസപര്യയെ പൂർണ്ണമായും സ്വാധീനിച്ചിരുന്നത് എന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടിയ കൗമാരത്തിൽ സ്വഭാവത്തിലെ അഭിമാനബോധവും ജീവിതക്ലേശങ്ങളും എപ്പോഴും വിഷാദത്തിന് കാരണമായി. വികാരപരതയും ദുശ്ശാഠ്യവും നിരന്തരമായ അസ്വാസ്ഥ്യത്തിന് വഴിതെളിച്ചു. ചങ്ങമ്പുഴയുടെ വീക്ഷണത്തെ എക്കാലവും നയിച്ചത് വിചാരത്തിനേക്കാളുപരി വികാരമായിരുന്നു. ആ വികാരം തന്നിൽ മാത്രം സദാ കേന്ദ്രീകൃതമായിരുന്നുതാനും. ഏതെങ്കിലും ആശയവ്യവസ്ഥയോട് ബൗദ്ധികമായ സമരസപ്പെടൽ പരന്ന വായന ശീലമാക്കിയിരുന്ന കവി ഇടയ്ക്കിടെ നടത്തിയിരുന്നു. എന്നാൽ ആ പ്രസ്ഥാനത്തിലെ ചില വ്യക്തികളോട് പിന്നീടുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ആ പ്രസ്ഥാനങ്ങളെത്തന്നെ തള്ളിപ്പറയാൻ ചങ്ങമ്പുഴയെ പ്രേരിപ്പിച്ചു. കമ്യൂണിസ്റ്റ്, ആർഷഭാരത പ്രസ്ഥാനങ്ങളോട് തുടക്കത്തിൽ അനുഭാവം പുലർത്തിയ കവി പിന്നീടവയുടെ ബദ്ധശത്രുവായി മാറിയതിന്റെ പിന്നിലെ രഹസ്യം ഇതാണ്. ആശയപരമായ ഈ ഉപരിപ്ലവത ചങ്ങമ്പുഴയുടെ കാവ്യപ്രപഞ്ചത്തിന്റെ ശാപമായിരുന്നു. ഒട്ടേറെ വിമർശനങ്ങൾ ഇതിന്റെ പേരിൽ അദ്ദേഹം വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.
 
ചങ്ങമ്പുഴയുടെ കവിതകളുടെ ഒരു സാമാന്യ അവലോകനം ഭാഷാപണ്ഡിതൻ കൂടിയായ സാനു ഈ കൃതിയിലൂടെ നൽകുന്നു. കാവ്യരചനയെ സംബന്ധിച്ച കാല്പനികാദർശം (Romanticism) അതിന്റെ ശരിയായ രൂപത്തിൽ മലയാളത്തിൽ അവതരിപ്പിച്ചത് ചങ്ങമ്പുഴയായിരുന്നു. ആശാനിലും അതു പ്രകടമായിരുന്നെങ്കിലും അത് ക്ലാസിക്കൽ ശിക്ഷണത്താൽ നിയന്ത്രിതമായിരുന്നു എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. എന്നാൽ ആശാനിൽ നിന്ന് തികച്ചും വിഭിന്നമായി ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിൽ എന്നും സജീവഘടകമായി വർത്തിച്ചത് ആത്മരതി (narcissism) ആയിരുന്നു. 'ഞാൻ', 'എന്നെ', 'എനിക്ക്', 'എന്റെ' എന്നെല്ലാമുള്ള വാക്കുകൾ ഇത്രയധികം പ്രയോഗിച്ചിട്ടുള്ള മറ്റൊരു കവി മലയാളത്തിലില്ല. കവിതയിലെ വിഷാദഭാവം പലപ്പോഴും ജീവിതത്തിലുണ്ടായിരുന്നില്ല, പ്രത്യേകിച്ചും പ്രശസ്തനായിരുന്നപ്പോൾ. 'പാട്ടിൽ കരഞ്ഞ ഞാൻ ജീവിതപ്പൂമര/ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു' എന്ന് അദ്ദേഹം തന്നെ ഒരു കവിതയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. കവിയുടെ ഏറ്റവും വിഖ്യാതരചനയായ 'രമണന്റെ' തുടക്കം പ്രോത്സാഹജനകമായിരുന്നില്ല എന്ന അത്ഭുതപ്പെടുത്തുന്ന സത്യം ഈ കൃതി കാട്ടിത്തരുന്നു. ആരണ്യകവിലാപകാവ്യം (pastoral elegy) എന്ന കാവ്യരൂപത്തിലെ കൃതിയായിരുന്നു രമണൻ. എന്നാൽ അത് പ്രകാശിപ്പിക്കുവാൻ പ്രസാധകരാരും തയ്യാറായില്ല. ഒടുവിൽ എറണാകുളത്തെ ഏ.കെ. ഹമീദ് എന്നൊരു സഹൃദയൻ സ്വന്തം ചെലവിൽ അച്ചടിച്ച് പുറത്തിറക്കുകയാണുണ്ടായത്. തുടക്കത്തിൽ വില്പന തീരെ കുറവായിരുന്നു; ചങ്ങമ്പുഴ തന്നെ കോപ്പികൾ കൊണ്ടുനടന്നു വിറ്റു. മൂന്നുവർഷത്തിനു ശേഷമാണ് രണ്ടാം പതിപ്പിറങ്ങിയത്. എന്നാൽ അതിനുശേഷം അത്ഭുതപൂർവ്വമായ വളർച്ചയായിരുന്നു പ്രചാരത്തിൽ അത് സ്വന്തമാക്കിയത്. പക്ഷേ രമണന്റെ യഥാർത്ഥരൂപമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുമായി ചങ്ങമ്പുഴക്ക് കാര്യമായ ഹൃദയബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പകരം ഉണ്ടായിരുന്നത് ലേശം അസൂയയിലൂന്നിയ കിടമത്സരമായിരുന്നുവെന്നുമുള്ള നിരീക്ഷണം വായനക്കാരെ ഞെട്ടിക്കുന്നു.
 
മറ്റു ജീവചരിത്രങ്ങളിൽ നിന്ന് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത് അതിലെ മൂർച്ച നഷ്ടപ്പെടാത്ത വിമർശനശരങ്ങളാണ്, അത് സാഹിത്യപരമായാലും വ്യക്തിപരമായാലും. ആ കവിതകളുടെ അദ്വിതീയത അംഗീകരിച്ചുകൊണ്ടുതന്നെ സാനു അതിലെ പുഴുക്കുത്തുകളേയും തുറന്നുകാണിക്കുന്നു. അഞ്ഞൂറോളം ലഘുകവിതകളുള്ളതിൽ പൊതുജീവിതസ്പർശിയായ പ്രമേയങ്ങളെ അധികരിച്ചെഴുതിയവ പത്തു ശതമാനത്തോളമേ വരൂ. 'വാഴക്കുല'യാണ് ഈ വകുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രചന. എന്നിരുന്നാലും ഉപരിതലസ്പർശിയായ ആദർശസ്നേഹമായി മാത്രമേ അദ്ദേഹത്തിന്റെ പൊതുപ്രമേയപരാമർശങ്ങൾ കാണാൻ കഴിയുന്നുള്ളു. വ്യക്തിപരമായ കവിതകൾ നൂറുകണക്കിന് രചിച്ചിട്ടുണ്ടെങ്കിലും അവ ആഴമില്ലാത്തവയാണെന്ന ആരോപണം ശക്തമായിരുന്നു. പേന കയ്യിലെടുത്താൽ ഉടനെ കവിത വരികയായി, എന്നാൽ ഭാവകേന്ദ്രത്തിന് തീവ്രതയരുളുന്ന വാഗ്മിതയ്ക്കുവേണ്ടി സാധനയനുഷ്ഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് സാനു വിലയിരുത്തുന്നു. വേണ്ടത്ര ഗഹനതയില്ലാത്തതിനാൽ അത്രമാത്രം പ്രചാരം നേടിയിട്ടും ചങ്ങമ്പുഴക്കവിതയുടെ നേർക്ക് പ്രൗഢമാനസരായ വിമർശകർ പൊതുവിൽ അലംഭാവം കാട്ടി. വിഖ്യാത ഹാസ്യസാഹിത്യകാരനായ സഞ്ജയൻ 'കോരപ്പുഴ'യെന്ന പേരിൽ ചങ്ങമ്പുഴയുടെ കൃതികളെ നിശിതമായി പൊളിച്ചടുക്കി. സഞ്ജയന്റെ കുറ്റപ്പെടുത്തലുകൾ നിരവധിയായിരുന്നു. ചിന്തയുടെ ആഴമില്ലായ്മ, ബുദ്ധിയുടെയും വിവേചനാശക്തിയുടെയും അഭാവം, വെറും വികാരപരത, ഒരിക്കൽ പറഞ്ഞതുതന്നെ പിന്നെയും പിന്നെയും ആവർത്തിക്കൽ, പുതുതായി ഒന്നും പറയാനില്ലായ്മ - ഇവയെല്ലാമായിരുന്നു വെണ്മണി-ശീവൊള്ളിക്കവിതകളുടെയെന്നപോലെ ചങ്ങമ്പുഴക്കവിതകളുടെയും മൗലികമായ സ്വഭാവം. 1940-ൽ തൃപ്പൂണിത്തുറയിലെ മഹാത്മാ വായനശാലക്കാർ ചങ്ങമ്പുഴക്കവിത മനുഷ്യരെ അധഃപതിപ്പിക്കുമെന്നും അതിനാൽ അദ്ദേഹം കവിതയെഴുത്തു നിർത്തണമെന്നും പ്രമേയം പാസ്സാക്കി.
 
ചങ്ങമ്പുഴയുടെ വ്യക്തിജീവിതത്തിലെ ചില പൊരുത്തക്കേടുകൾ തുറന്നുതന്നെ പ്രസ്താവിച്ചിരിക്കുന്നതിനാൽ ഈ പുസ്തകം സവിശേഷശ്രദ്ധയാകർഷിക്കുന്നു. കവിയുടെ മരണത്തിനു ശേഷം 40 വർഷങ്ങൾ കൂടി കഴിഞ്ഞാണ് ഈ പുസ്തകം പുറത്തുവരുന്നതെന്നതിനാൽ കുറച്ചൊക്കെ സ്വാതന്ത്ര്യം ഗ്രന്ഥകാരനുണ്ട്. മനുഷ്യനിർമ്മിതമായ സദാചാരമൂല്യങ്ങളെ തൃണവൽഗണിച്ചിരുന്ന ചങ്ങമ്പുഴ സ്വന്തം വിക്രിയകളാൽ കുഴപ്പങ്ങളിൽ ചെന്നുചാടിയപ്പോൾ സമുദായത്തെ ഒന്നടങ്കം ചീത്തവിളിച്ചു. നശ്വരവും അസ്ഥിരവുമായ ലോകത്തിൽ അനശ്വരവും സ്ഥിരവുമായ വികാരലഹരിയാർന്ന പ്രേമം നേടുക എന്നതായിരുന്ന ചങ്ങമ്പുഴയുടെ സ്വഭാവം. സ്വാഭാവികമായും ഇത് ഒന്ന് നേടിക്കഴിഞ്ഞതിനു ശേഷം അടുത്തതിലേക്ക് തൃപ്തി വരാതെ ചാടുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. സ്ത്രീവിഷയത്തിലുള്ള തന്റെ 'വിജയങ്ങൾ' കൂട്ടുകാരോട് പറഞ്ഞു ചിരിക്കുന്ന അത്ര നല്ലതല്ലാത്ത സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയറിയിലെ ഒരു പേജ് ഉദ്ധരിച്ചിരിക്കുന്നത് രസകരമാണ് - "വൈകുന്നേരം ക്ഷേത്രത്തിൽ പോയി. ധാരാളം സ്ത്രീകൾ ദർശനത്തിനു വന്നിരുന്നു" എന്നായിരുന്നു അത്! പല ജീവിതാനുഭവങ്ങളെയും മുൻനിർത്തി രചിച്ച കവിതാഭാഗങ്ങൾ ക്രമം തെറ്റാതെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരം വെച്ചാണ് ഏതു സംഭവമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയുന്നത്. തികഞ്ഞ ഈശ്വരവിശ്വാസിയും അവസാനകാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയും ആയിരുന്നതിനാൽ ഇടതുസാഹിത്യകാരന്മാർക്ക് അദ്ദേഹത്തെ അത്ര പഥ്യമല്ല. ചങ്ങമ്പുഴയുടെ ചില അപൂർവ മുൻകാല ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ ആകർഷകമാണ്. 
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Changampuzha Krishnapilla - Nakshathrangalude Snehabhajanam'
Author: M K Sanoo
Publisher: DC Books, 2025 (First published 1988)
ISBN: 9788126409389
Pages: 224
 
 

Tuesday, May 26, 2026

പടച്ചോന്റെ തിരക്കഥകൾ

കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, ഗാനങ്ങൾ എന്നിങ്ങനെ പോകുന്നു ഒരു ചലച്ചിത്രത്തിന്റെ ഘടകഭാഗങ്ങൾ. ചരിത്രത്തിലേക്ക് വെറുതെ ഒന്നു കണ്ണോടിച്ചു നോക്കിയാൽ മലയാളസിനിമയിൽ ഈ ഓരോ ഘടകത്തിനും ഒരു സുവർണ്ണകാലമുണ്ടായിരുന്നതായി കാണാം. ഗാനങ്ങളുടെ കാര്യത്തിലാണെങ്കിൽ വയലാർ-ദേവരാജൻ കൂട്ടുകെട്ട് അടക്കിവാണിരുന്ന 1965-75 കാലമായിരുന്നു അതിന്റെ സുവർണ്ണദശ. എന്നാൽ സംവിധാനവും സാങ്കേതികമികവും എന്തിന് അഭിനയചാതുര്യം പോലും വളരെയൊന്നും വികസിച്ചിരുന്നില്ല. സത്യൻ എന്ന നടന്റെ താരതമ്യം ചെയ്യാനാവാത്ത അഭിനയമികവ് മാറ്റിവെച്ചാൽ പിന്നെയെന്താണ് ആ കാലത്തെ സൂചിപ്പിക്കാനായി ബാക്കിയവശേഷിക്കുന്നത്? ഹാസ്യവും 'ഒരു വക' തന്നെയായിരുന്നു. ഭാസി-ബഹദൂർ ദ്വന്ദ്വത്തിന്റെ കോമഡി കണ്ട് ചിരിക്കുന്ന, അധികം പ്രായമില്ലാത്തവരെ കാണിച്ചുതരാമോ? എന്നാൽ 1985-2005 കാലത്തിലെ ഹാസ്യം മലയാളസിനിമയിലെ എക്കാലത്തെയും മികച്ചതായിരുന്നു. അതിന് അടിത്തറ പാകിയതും പണിതുയർത്തി ഒരു രമ്യഹർമ്മ്യമാക്കിയതിലും ഒന്നാം സ്ഥാനം വഹിച്ച ഒരതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഹാസ്യം എഴുതുന്നതുകൂടാതെ കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നിവയിലും കൂടി തന്റെ അപ്രമാദിത്യം തെളിയിച്ച മറ്റൊരു കലാകാരനും നമ്മുടെ ഇടയിലില്ല. അദ്ദേഹത്തിന്റെ ചില രചനകളും സംഭാഷണങ്ങളും സംഭവകഥകളും സമാഹരിച്ചു ചേർത്തിരിക്കുന്നതാണ് ഈ കൃതി. 
 
ഈ ലഘുപുസ്തകം പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും ശ്രീനിവാസന്റെ സ്വന്തം രചനകൾ ഉൾക്കൊള്ളുന്ന ആദ്യ ഭാഗമാണ് ഏറ്റവും നർമ്മരസം നിറഞ്ഞതും ആസ്വാദ്യകരവും. 'പ്രഭാകറിന്റെ പെട്ടി' എന്ന കഥയിലെ ഗൂഢഹാസ്യം എത്ര ഹൃദയാവർജ്ജകമാണ്! സ്വയം പരിഹസിക്കുന്ന ശ്രീനിവാസൻ ശൈലി അദ്ദേഹം എത്രയോ സിനിമകളിൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. അത് ഈ കഥയിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ അത് നമുക്കൊരു ദേജാവു നിമിഷമായി അനുഭവപ്പെടുന്നു. നല്ലതല്ലെന്ന കാരണത്താൽ ചെയ്തിട്ടില്ലാത്ത അമ്പതോളം സിനിമകളാണ് ഞാൻ മലയാളസിനിമയ്ക്ക് നൽകിയ സംഭാവന എന്ന് തന്റേടത്തോടും ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലും ശ്രീനിവാസൻ പറയുമ്പോൾ നമുക്കറിയാം തന്റെ മേഖലയുടെ ഏറ്റവും ഉയർന്ന പടിയിലിരുന്നുകൊണ്ടാണ് അദ്ദേഹം ഇതു പറയുന്നതെന്ന്. താഴെത്തട്ടിലുള്ളവർക്ക് ഉപയോഗിക്കാവുന്ന വാക്കുകളല്ലല്ലോ ഇത്. ദൈവത്തെ ചിരിപ്പിക്കാനുള്ള എളുപ്പവഴി നമ്മുടെ ഭാവിപരിപാടികൾ ദൈവത്തോട് പറയുകയാണെന്ന നിരീക്ഷണം ജീവിതാനുഭവത്തിന്റെ നെരിപ്പോടിൽ സ്ഫുടം ചെയ്തെടുത്തതാണ്. ഇതിനോടു ചേർന്നു നിൽക്കുന്ന ഒരു കഥാവിഷ്കാരം മറ്റൊരനുഭവത്തിൽ ചേർത്തിരിക്കുന്നത് ഇങ്ങനെ: 'ഓടുന്ന വാഹനങ്ങളിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന ശീലം സുധീർ കുമാറിനില്ല. അതുകൊണ്ടുതന്നെ 'ഇതെന്തൊരു മനുഷ്യൻ' എന്ന ഭാവത്തിൽ സുധീർ കുമാറിനെ നോക്കിക്കൊണ്ട് പ്രകൃതിഭംഗി പുറകിലേക്ക് പാഞ്ഞു പോയിക്കൊണ്ടിരുന്നു'. 
 
കേരളത്തിലെ ദുഷിച്ച കക്ഷിരാഷ്ട്രീയപരിസരത്തിനു നേരെ ഉയർന്ന ഏറ്റവും ശക്തമായ ആക്ഷേപഹാസ്യചിത്രമായിരുന്നു 'സന്ദേശം'. അതിലെ ശ്രീനിവാസന്റെ കഥാപാത്രം ഉച്ചരിച്ച 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന വാചകം മലയാളഭാഷയിലെ ഒരു ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്തരമൊരു വിഷയം കൈകാര്യം ചെയ്ത കലാകാരന് ഒരു രാഷ്ട്രീയപ്പാർട്ടിയോടും അനുഭാവം പുലർത്താനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയിലാണ് ജനനവും വളർച്ചയുമെങ്കിലും അദ്ദേഹം ഒരിക്കലും ആ പാർട്ടിയുടെ സഹയാത്രികൻ പോലും ആയിത്തീർന്നില്ല. പല തലങ്ങളിൽ നിന്നും പാർട്ടിയുമായി യോജിച്ചുപ്രവർത്തിക്കാൻ സമ്മർദ്ദമുണ്ടായെങ്കിലും ശ്രീനിവാസൻ അവയെല്ലാം വിജയകരമായി ചെറുത്തുനിന്നു. കുടുംബത്തിലെ ഒട്ടുമിക്ക മുതിർന്നവരും - സ്വന്തം പിതാവടക്കം - ആ പാർട്ടിയുടെ പ്രവർത്തകരും നേതാക്കളുമായിരിക്കെ ഇതൊരു നിസ്സാരസംഗതിയല്ല. കണ്ണൂരിലെ ഹിന്ദുസഖാക്കളുടെ മതപരമായ ചില ഇരട്ടത്താപ്പുകളും ഇതിൽ വായിക്കാം. ഉറച്ച കമ്മ്യൂണിസ്റ്റായിരുന്ന സ്വന്തം അച്ഛൻ വാലുള്ളൊരു കിണ്ടിയിൽനിന്ന് ഇരുകൈകളിലും വെള്ളമെടുത്ത് കണ്ണടച്ച് സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുമായിരുന്നു എന്ന് ശ്രീനിവാസൻ ഓർക്കുന്നു. എന്നാൽ കൊട്ടയോടി എന്ന ജന്മഗ്രാമത്തിലെ അങ്ങാടിയിലെ കമ്മ്യൂണിസ്റ്റുകൾ കറുത്ത മുണ്ടുടുത്ത അയ്യപ്പന്മാരെ രൂക്ഷമായി പരിഹസിച്ചിരുന്നതും അദ്ദേഹം രേഖപ്പെടുത്തുന്നു. തലയിൽ മുണ്ടിട്ട് ക്ഷേത്രദർശനം നടത്തിയിരുന്ന 'സന്ദേശ'ത്തിലെ ശങ്കരാടി അവതരിപ്പിച്ച താത്വികാചാര്യന്റെ പ്രാഗ് രൂപം സ്വന്തം പിതാവായിരുന്നോ എന്നത് കൗതുകമുണർത്തുന്ന ഒരു ചിന്തയാണ്. രചനകൾ, ആത്മകഥ, സംഭാഷണം, ഒരു സിനിമാക്കഥയുടെ ജന്മകഥ എന്ന അനുബന്ധവും ചേർന്നതാണ് ഈ കൃതി. ഇവയിൽ ശ്രീനിവാസന്റെ സ്വന്തം രചനകൾ മാത്രമാണ് വായനക്കാരെ ആകർഷിക്കുന്ന ഭാഗം, കുറച്ചൊക്കെ ആത്മകഥയും. മറ്റു രണ്ടും ഒരു ശരാശരി സിനിമാക്കാരന്റെ സാധാരണപ്രകടനം പോലെയേ ഉള്ളൂ. ജൈവകൃഷി, കീടനാശിനി വിരുദ്ധത എന്നീ കപടശാസ്ത്രപ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുന്നതിനു മുമ്പെഴുതപ്പെട്ട രചനയായതും വായനക്കാരുടെ ഭാഗ്യമെന്നേ പറയേണ്ടൂ. 
 
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book review of 'Padachonte Thirakkathakal'
Author: Sreenivasan
Publisher: Olive Publications, 2008 (First)
ISBN: Nil
Pages: 137
  

Saturday, March 28, 2026

മലബാർ കലാപം - സാംസ്കാരികമാനങ്ങൾ

1930-ലെ ഉപ്പുസത്യാഗ്രഹം, 1942-ലെ ക്വിറ്റ് ഇന്ത്യ എന്നിവയൊക്കെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. അവ അങ്ങനെ തന്നെയാണെന്നതിൽ ദേശസ്നേഹികളായ ഒരു വിഭാഗത്തിനും എതിരഭിപ്രായങ്ങളില്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം പലവിധ സമ്മർദ്ദങ്ങൾക്ക് വിധേയമായി പലതരം സമരാഭാസങ്ങളും ചരിത്രത്തിന്റെ താളുകളിൽ കുത്തിത്തിരുകിയിട്ടുണ്ട്. അതിലൊന്നാണ് 1921-ലെ മാപ്പിള ലഹളയെന്ന വർഗ്ഗീയ കലാപവും മദ്ധ്യകാലങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിന്ദു വംശഹത്യയും. തെരഞ്ഞെടുപ്പുരംഗത്ത് മുസ്ലിം ലീഗിന്റെ വോട്ടുബാങ്കിനെ ആശ്രയിക്കാതിരുന്ന കാലത്തോളം കോൺഗ്രസ്സിന് ഇതൊരു പിന്തിരിപ്പൻ ലഹള മാത്രമായിരുന്നു. ലഹളയുടെ 25-ാം വാർഷികവേളയിൽ കലാപത്തെ പ്രകീർത്തിച്ചുകൊണ്ട് ഇ.എം.എസ് എഴുതിയ ലേഖനത്തിന്റെ പേരിൽ 'ദേശാഭിമാനി'യുടെ പ്രസിദ്ധീകരണം പോലും നിർത്തിവെപ്പിച്ചതാണ് 1946-ൽ മദ്രാസിലെ കോൺഗ്രസ്സ് സർക്കാർ. എന്നാൽ പിന്നീട് കഥ മാറി. ലഹള സ്വാതന്ത്ര്യസമരമായി; കൊള്ളയും കൊലയും ബലാത്സംഗവുമൊക്കെ നടത്തിയവർ സ്വാതന്ത്ര്യസമരസേനാനികളായി, നികുതിപ്പണം കൊണ്ടുള്ള പെൻഷൻ പോലും വാങ്ങി. കമ്യൂണിസ്റ്റ് പാർട്ടി തുടക്കം മുതലേ ദ്വിരാഷ്ട്രവാദത്തെ അംഗീകരിച്ചിരുന്നതിനാൽ ലഹളയെ അനുകൂലിക്കാൻ അവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ജനകീയമുന്നേറ്റങ്ങൾ തോക്കിൻകുഴലിലൂടെയാവണം എന്ന വിപ്ലവചിന്താഗതി ഈ നിലപാടിനെ ശക്തിപ്പെടുത്തുകയും ചെയ്തു. സാഹിത്യപ്രവർത്തകസഹകരണസംഘം എന്ന തുറന്നതും പശ്ചാത്താപരഹിതവുമായ ഇടതുപക്ഷവീക്ഷണം പുലർത്തുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മ പ്രസിദ്ധീകരിച്ച ഈ കൃതി കലാപത്തെ കേന്ദ്രമാക്കിയുള്ള സിനിമ, നാടകം, പാട്ടുകൾ, നോവൽ, വാമൊഴി എന്നിങ്ങനെയുള്ള സാംസ്കാരിക വ്യവഹാരങ്ങൾ വിശകലനം ചെയ്യുന്നു. പത്തു ലേഖനങ്ങളുടെ സമാഹാരമായ ഈ കൃതിയുടെ സമ്പാദകൻ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. കെ. എം. അനിൽ ആണ്. മറ്റുനേകം കൃതികളുടെ കർത്താവുകൂടിയാണ് അദ്ദേഹം. 
 
ഈ കൃതിയുടെ എഡിറ്ററും ലേഖകനുമായ കെ. എം. അനിൽ ഒരു ആമുഖവും, പുസ്തകാന്ത്യത്തിൽ ഒരു ഉപസംഹാരവും രചിച്ചിട്ടുണ്ട്. ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പക്ഷപാതിയാണ് താനെന്ന് ഈ രണ്ട് അദ്ധ്യായങ്ങളിലൂടെ അദ്ദേഹം തമ്പേറടിച്ച് വിളിച്ചു പറയുന്നുണ്ട്. ദേശീയത എന്നത് 'ജടിലോക്തി'യാണെന്നും വാസ്തവത്തിൽ അതിനകത്ത് ചില സാമൂഹ്യഗണങ്ങളുടെ താല്പര്യങ്ങൾക്ക് മാത്രമാണ് മേൽക്കൈ ലഭിക്കുന്നത് എന്നത് ഈയടുത്തകാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ടത്രേ. ദേശീയത കമ്മ്യൂണിസത്തിന് അലർജിയാണ് പണ്ടുമുതലേ. വർഗ്ഗതാല്പര്യങ്ങൾക്കപ്പുറമായി തൊഴിലാളിക്ക് ദേശത്തിന്റെ താല്പര്യങ്ങളെ എങ്ങനെ സ്വാംശീകരിക്കാനാകുമെന്ന് പരമാചാര്യനായ മാർക്സിനുപോലും മനസ്സിലാക്കാൻ സാധിക്കാതെ പോയതുകൊണ്ട് അണികളും അതിനെ അന്ധമായി പിന്തുടർന്നു. മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത് എന്ന ബൈബിൾ വചനത്തിന്റെ പ്രസക്തി അതിയാന്ത്രിക ഭൗതികവാദികൾക്ക് ഇന്നും വ്യക്തമായി പിടികിട്ടിയിട്ടില്ലല്ലോ. പുസ്തകത്തിലെ പരാമർശവിഷയം വ്യക്തിഗതമായി നിറം പിടിപ്പിക്കപ്പെട്ടതാണെന്നതിന്റെ ഒരു സൂചന അനിൽ ഉപസംഹാരത്തിൽ നൽകുന്നു. സമൂഹം നിർമ്മിക്കുന്ന കഥകൾക്ക് സത്യവുമായല്ല പലപ്പോഴും ബന്ധം; മറിച്ച് 'സ്വത്വബോധവുമായാണ്' എന്ന മുന്നറിയിപ്പ് അതിന്റെ സൂചനയായേ കാണാനാകൂ. ഇതിന്റെ തുടർച്ചയെന്നോണം ഇരുപതാംനൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങൾക്കും വഴിമരുന്നിട്ടത് മാപ്പിള ലഹളയായിരുന്നുവെന്നുകൂടി അദ്ദേഹം വാദിക്കുന്നു. കേരളത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള ഐക്യം, ഭൂമിയുടെ പുനർവിതരണം എന്നിവക്കൊക്കെ അടിസ്ഥാനമായി വർത്തിച്ചത് മലബാർ കലാപമാണെന്ന് ഈ കൃതി വിലയിരുത്തുന്നു.
 
ലഹളയെക്കുറിച്ചുള്ള സാംസ്കാരിക ആഖ്യാനങ്ങളിൽ അതിനെ എങ്ങനെയാണ് വിലയിരുത്തിയതെന്നാണ് എല്ലാ അദ്ധ്യായങ്ങളും പ്രതിപാദിക്കുന്നത്. കലാപത്തിനനുകൂലമായ ഏകപക്ഷീയ ആഖ്യാനങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. പുസ്തകം പ്രസിദ്ധീകരിച്ച ഇടതുഗവേഷകരുടെ ആശയങ്ങൾ എന്തുതന്നെയായിരുന്നാലും പ്രാദേശിക ഉറവിടങ്ങൾ മതപരമായ പ്രചോദനങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. ദേശീയതാനന്തരകാലഘട്ടത്തെക്കുറിച്ചും മതങ്ങൾക്കപ്പുറം വർഗ്ഗബോധം ജനങ്ങളിൽ വളരേണ്ടതിനെക്കുറിച്ചും ഇടതുലേഖകർ വാചാലരാകുമ്പോൾ മുസ്ലീം ലേഖകർ പോകുന്ന വഴി കൗതുകകരമാണ്. മതപണ്ഡിതർ എന്തുകൊണ്ട് കൊളോണിയൽ ശക്തികൾക്കെതിരെ തിരിഞ്ഞു എന്ന് ബഷീർ ചുങ്കത്തറ വിശദീകരിക്കുന്നതിങ്ങനെ: "അനീതിക്കും തിന്മകൾക്കുമെതിരെ പൊരുതേണ്ടത് ഓരോ മുസൽമാന്റെയും വിശ്വാസപരമായ കടമയായതിനാൽ തങ്ങളുടെ കാലത്തെ വലിയ അനീതിയായ വിദേശശക്തികളുടെ ആക്രമണങ്ങൾക്കെതിരെ നാടിനുവേണ്ടി യുദ്ധം ചെയ്യുക എന്നത് ദൈവപ്രീതി കിട്ടുന്ന കാര്യമാണെന്ന് അവർ ഉൽബോധിപ്പിച്ചു" (പേജ് 39). വിശ്വാസം വിട്ടൊരു കളിയില്ലെന്നർത്ഥം! കലാപത്തിന്റെ സ്ത്രീ ആഖ്യാനങ്ങളെക്കുറിച്ച് ഷംഷാദ് ഹുസൈൻ വിവരിക്കുന്നുണ്ട്. കളത്തിൽ മമ്മദിന്റെ അറസ്റ്റ് തടയാൻ സ്ത്രീകൾ ശ്രമിച്ചപ്പോൾ 'ഏതാണ്ടെല്ലാ മാപ്പിളസ്ത്രീകളും മുഖം പ്രത്യേക രീതിയിൽ മറച്ച് സ്ഥലത്തെത്തിയിരുന്നു' (പേജ് 28). മുഖം മറച്ചത് സമരത്തിന്റെ ആവശ്യത്തിനായിരുന്നോ അതോ മതശാസനകൊണ്ടാണോ എന്ന് ഹുസൈൻ ചൂണ്ടിക്കാണിക്കുന്നില്ല. ഈ വിവരണങ്ങൾക്കിടയിൽ ലഹളക്കിടയിൽ നടന്ന അതിദാരുണമായ ക്രൂരതകളെക്കുറിച്ചുള്ള ചില ഓർമ്മകളും അറിയാതെയെങ്കിലും പുറത്തുചാടുന്നുണ്ട്. ഹിന്ദുസ്ത്രീകളെ ലഹളക്കാർ പിടിച്ചുകൊണ്ടുപോയതിനെപ്പറ്റി ആമിനക്കുട്ടി എന്ന സ്ത്രീ വിവരിക്കുന്നു. അവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും കിട്ടിയില്ലത്രേ (പേജ് 31). തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ചരിത്രഗ്രന്ഥം അധിനിവേശവിരുദ്ധതയുടെയും ഹിന്ദു-മുസ്ലീം ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന് ബഷീർ ചുങ്കത്തറ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സംശയമുള്ളവർ ആ പുസ്തകത്തിലെ 'ജിഹാദ്' എന്ന അദ്ധ്യായം വായിച്ചാൽ മതി. മാത്രവുമല്ല ഷെയ്ഖ് സൈനുദീൻ മഖ്ദൂം ആ കൃതി സമർപ്പിച്ചിരിക്കുന്നത് തന്റെ രാജാവായ സാമൂതിരിക്കല്ല, മറിച്ച് ബിജാപ്പൂർ സുൽത്താനായ അലി ആദിൽ ഷായ്ക്കാണ്. അതിനു കാരണമോ, അദ്ദേഹം അവിശ്വാസികൾക്കെതിരെ യുദ്ധം നയിച്ചുവെന്നതും (തുഹ്ഫത്തുൽ മുജാഹിദീന്റെ നിരൂപണം ഇവിടെ വായിക്കുക). ലഹളയെ അനുകൂലിക്കുന്നതോടൊപ്പം എതിർത്തുകൊണ്ടുമുള്ള മാപ്പിളപ്പാട്ടുകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. പുലിക്കോട്ടിൽ ഹൈദർ, പി.എം. ബാവ എന്നിവർ കലാപകാരികളെ അധിക്ഷേപിച്ചുകൊണ്ടും കോൺഗ്രസ്സിനെയും ഗാന്ധിയെയും ഖിലാഫത്തിനെയും വിമർശിച്ചും പാട്ടുകളെഴുതി. എന്നാൽ അത്തരം പാട്ടുകളുടെ ഒരു മാതൃകപോലും ഈ പുസ്തകത്തിൽ കൊടുത്തിട്ടില്ല.
 
ലഹളക്കനുകൂലമായ വാദമുഖങ്ങളെല്ലാം തന്നെ ഇതിലെ പത്ത് അദ്ധ്യായങ്ങളിൽ നിന്ന് സംഗ്രഹിക്കാം. ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകവും അതിന് 1950-കളിൽ പ്രേംജി ചെയ്ത പാഠഭേദവും ഹിക്ക്മത്തുള്ള വിലയിരുത്തുന്നു. പ്രേംജിയുടെ നാടകാവിഷ്കരണത്തിൽ മുസ്ലീം നായികയെ ഹിന്ദുവായ നായകൻ സ്നേഹിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതുപോലെ തോന്നി. റഹ്മാൻ കിടങ്ങയത്തിന്റെ 'അന്നിരുപത്തൊന്നിൽ' എന്ന ചരിത്രനോവലിനെ സുരേഷ് പുത്തൻപറമ്പിൽ വളരെ ബുദ്ധിമുട്ടി വിലയിരുത്തി മതേതരമാക്കിത്തീർക്കുന്നു. തികഞ്ഞ ഹിന്ദുവിരുദ്ധത പുലർത്തുന്ന കിടങ്ങയത്തിനെ ന്യായീകരിച്ചു വെള്ള പൂശുന്നത് കാണുമ്പോൾ ഇദ്ദേഹം ബിൻ ലാദനെക്കുറിച്ച് ഒരു നോവലെഴുതിയിരുന്നുവെങ്കിൽ ലാദന് സമാധാനത്തിനുള്ള നോബൽ ലഭിച്ചേനെ എന്നു തോന്നും. ലഹളയെ സഹായിക്കുന്ന ഒരു ഹിന്ദുവിനെ ചിത്രീകരിക്കുന്ന ഈ നോവലിൽ തന്റെ സമുദായക്കാർക്ക് സായിപ്പിനെ കെട്ടുകെട്ടിക്കാൻ സാധിക്കില്ലെന്നും അതിന് 'മലബാറിലെ ഉശിരുള്ള മാപ്പിളക്കുട്ടികൾ' വേണമെന്നും പറയുമ്പോൾ അതിനെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ന്യായീകരിച്ച് മെഴുകുകയാണ് സുരേഷ് പുത്തൻപറമ്പിൽ. സി. അബ്ദുൾ ബാരിയുടെ 'മലബാർ സമരപഠനത്തിൽ അദൃശ്യമായ ആഖ്യാനങ്ങൾ: ആർക്കൈവിന് പുറത്തൊരു അന്വേഷണം' എന്ന ലേഖനം കലാപവുമായി ബന്ധപ്പെട്ട രചനകളെക്കുറിച്ച് ഒരു സമഗ്രപട്ടിക തയ്യാറാക്കുന്നു. 'ചേറൂർ പടപ്പാട്ട്' എന്ന മാപ്പിളപ്പാട്ട് യഥാർത്ഥത്തിൽ 1843-ൽ മുസ്ലീം മതവികാരത്തെ മുറിവേൽപ്പിച്ചു എന്നാരോപിച്ച് കാപ്പ്രാട്ട് കൃഷ്ണപ്പണിക്കർ എന്ന പ്രമാണിയെ മാപ്പിളമാർ വധിച്ചതാണ് പ്രമേയമാക്കുന്നതെന്ന് കെ.ടി. അബ്ദുസമദ് രേഖപ്പെടുത്തുന്നു (പേജ് 80). ഇത് സാമ്രാജ്യത്വവിരുദ്ധ സമരമാണെന്ന് എങ്ങനെ പറയാൻ കഴിയും? 'മാപ്പിളപ്പാട്ടിലെ സമരോത്സുകത' എന്ന ഈ അദ്ധ്യായത്തിലെ പല പാട്ടുകളും 1940-കളിൽ കമ്യൂണിസ്റ്റുകൾ മാപ്പിള ലഹളയെ കർഷകസമരമാക്കിയ നരേറ്റീവ് നിലവിൽ വന്നതിനുശേഷം എഴുതിയതാണ്. 1920-കളിലെ പാട്ടുകൾ പരാമർശിക്കുന്നതല്ലാതെ വരികൾ ഉദ്ധരിക്കുന്നില്ല. ജിഹാദി ആശയങ്ങൾ അവയിൽ ഉള്ളതുകൊണ്ടാകുമോ ഇത്?
 
മഹാകവി കുമാരനാശാൻ മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച ഖണ്ഡകാവ്യമാണ് 'ദുരവസ്ഥ'. ലഹളയിൽ ഇരകളാക്കപ്പെട്ടവരുടെ പരിദേവനങ്ങൾ നേരിട്ടറിഞ്ഞ് രചിച്ച ഈ കൃതി ഈ പുസ്തകത്തിൽ നിശിതവിമർശനത്തിനിരയാകുന്നുണ്ട്, പരിഹാസത്തിനും. ജന്മിത്വവിരുദ്ധവും സവർണ്ണവിരുദ്ധവുമായ ആശയങ്ങൾ ഒത്തിരി കൈകാര്യം ചെയ്ത മഹാകവി പറഞ്ഞിരിക്കുന്നതിലെ സത്യാവസ്ഥ ഇഴകീറി പരിശോധിക്കുന്നതിൽ എല്ലാവരും പരാജയപ്പെടുന്നു. സത്യം പറഞ്ഞാൽ തങ്ങളുടെ വാദഗതിയുടെ അടിസ്ഥാനം തന്നെ നഷ്ടപ്പെടുമെന്ന തിരിച്ചറിവാകാം അതിനു കാരണം. ആശാൻ ബ്രിട്ടീഷ്-സവർണ്ണപക്ഷത്താണെന്ന വി. ഹിക്ക്മത്തുള്ളയുടെ വിമർശനം ഉള്ളിൽ കിടക്കുന്ന വർഗ്ഗീയത പുറത്തുചാടുന്നതാണെന്നു കരുതിയാൽ മതി. 'ദുരവസ്ഥ'യെക്കുറിച്ചുള്ള ഹുദൈഫ റഹ്മാന്റെ പഠനം വ്യംഗ്യത്തിലും വാചാടോപത്തിലും മാത്രമായതിനാൽ ഖണ്ഡനമാണോ മണ്ഡനമാണോ എന്നു വ്യക്തമാകാത്ത അവസ്ഥ! ഇടതുചരിത്രകാരന്മാരായ ഇർഫാൻ ഹബീബ്, കെ. എൻ. പണിക്കർ, കെ. കെ. എൻ. കുറുപ്പ് എന്നിവരുടെ രചനകൾ മാത്രമേ ലേഖകർ ആധാരമാക്കുന്നുള്ളു. ഇസ്ലാമിനെ വിമർശിക്കുന്ന യാതൊന്നും കടന്നുവരാതിരിക്കാൻ മതഭേദമന്യേ ലേഖകർ ശ്രദ്ധിക്കുന്നുവെന്നത് ചിലപ്പോഴൊക്കെ ഒരു തമാശപോലെ തോന്നും.
ചാതുർവർണ്ണ്യത്തെക്കുറിച്ച് എത്ര വിമർശനങ്ങൾ വേണമെങ്കിലും ഇതിലുണ്ട്, പക്ഷേ ബഹുഭാര്യാത്വത്തെക്കുറിച്ചോ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെക്കുറിച്ചോ പൂർണ്ണനിശബ്ദതയാണ്! തിരൂർ ദിനേശിന്റെ 'മാപ്പിള ലഹള: സത്യവും മിഥ്യയും' മാത്രമാണ് എതിർ ആഖ്യാനങ്ങളുടെ കൂട്ടത്തിൽ തെല്ലെങ്കിലും പരാമർശിച്ചു കാണുന്നത്. ദിനേശിന്റെ കൃത്യവും മൂർച്ചയുള്ളതുമായ നിരീക്ഷണങ്ങൾക്ക് മറുപടി നൽകാനാകാതെ സമാഹാരകൻ ബുദ്ധിമുട്ടുന്നതും കാണാം.
 
പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book Review of 'Malabar Kalapam - Samskarika Maanangal'
Editor: K M Anil
Publisher: SPCS, 2021 (First)
ISBN: 9789391946852
Pages: 142
  

Thursday, January 22, 2026

സഞ്ചാരത്തിന്റെ സംഗീതം

 
ചലച്ചിത്രതാരങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ഒരു മലയാളി കാരണവരുടെ രൂപം വിഭാവനം ചെയ്യാനാവശ്യപ്പെട്ടാൽ ശ്രീ. കെ. ജയകുമാറിന്റെ ചിത്രമായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക. സ്വന്തം പ്രയത്നത്തിലൂടെ കേരളീയ ജീവിതത്തിന്റെ വിവിധ തലങ്ങളുമായി അദ്ദേഹം അടുത്തിടപഴകിയിട്ടുണ്ട്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പരമോന്നത ശ്രേണിയിലുള്ള ചീഫ് സെക്രട്ടറി പദം തുടങ്ങി ചലച്ചിത്ര ഗാനരംഗത്തെ എണ്ണപ്പെട്ട ഗാനരചയിതാക്കളിൽ ഒന്നിലൂടെ കടന്നുപോയി കാവ്യസപര്യയിലും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. 70 വയസ്സ് പിന്നിട്ട വേളയിൽ, പിന്നിട്ട വഴികളേക്കാൾ ഹൃസ്വമാണ് അനുവദിക്കപ്പെട്ട മുന്നിലെ വഴി എന്ന ബോധം തെളിഞ്ഞപ്പോൾ സ്വന്തം ജീവിതത്തിലെ ചില അധ്യായങ്ങൾ വായനക്കാർക്കു മുന്നിൽ തുറന്നു വെക്കുകയാണ് അദ്ദേഹം. വൈവിധ്യമാർന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകൾ ഇതിൽ കാണാം. വ്യക്തി, കുടുംബം, ഉദ്യോഗം, സാഹിത്യം, സിനിമ, ആത്മീയത, വൈകാരികത എന്നീ തുറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതമാണ് ഈ കൃതി എന്ന് പറയുമ്പോഴും ഇതിൽ ഔദ്യോഗിക കാര്യങ്ങൾ മാത്രമേയുള്ളൂ എന്ന പരിഭവം വായനക്കാരിൽ നിന്ന് അദ്ദേഹം സ്വീകരിച്ചേ പറ്റുകയുള്ളൂ. കോവിഡാനന്തരം സഫാരി ചാനലിൽ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെ ജയകുമാർ പറഞ്ഞുപോയ കാര്യങ്ങൾ തന്നെയാണ് ഈ കൃതിയിലൂടെ സംഗ്രഹിച്ചിരിക്കുന്നതെന്നു തോന്നുന്നു. നിഷ്‌കല്മഷമായി പ്രതിപാദിക്കുന്നതിനാൽ ആരെയും ഈ കൃതി പിണക്കുന്നില്ലെങ്കിലും, എരിവും പുളിയും ഉപ്പുമൊന്നുമില്ലാത്ത ഒരു വിഭവം പോലെ ചിലയിടങ്ങളിലെങ്കിലും തോന്നിക്കുന്നു.
 
കഠിനവും സമർപ്പിതവുമായ സ്വപ്രയത്നത്തിലൂടെയാണ് ജയകുമാർ ഐ.എ.എസ്സിന്റെ പടവുകൾ കയറുന്നത്. സ്വന്തം വീടിന് ഏതാനും കിലോമീറ്റർ അകലെ ഹോട്ടൽ മുറിയിൽ ഒറ്റക്കിരുന്നു രാത്രിയും പകലും ഉറക്കമൊഴിഞ്ഞു പഠിച്ചു നേടിയെടുത്ത ആ അംഗീകാരം അദ്ദേഹത്തിന്റെ കയ്യിലെത്താൻ അല്പം വൈകിപ്പോയോ എന്ന സന്ദേഹമേയുള്ളൂ. കോഴിക്കോട് ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുത്ത അദ്ദേഹം വളരെ വൈകാരികമായാണ് ആ നഗരത്തെയും ജില്ലയെയും നമുക്കു പരിചയപ്പെടുത്തുന്നത്. കൊളോണിയൽ നുകം അനാവശ്യമായി കഴുത്തിലേറ്റിക്കൊണ്ട് നടക്കേണ്ടെന്ന് അദ്ദേഹം കരുതി. ഇംഗ്ലീഷുകാരുടെ പേരുകൾ പേറിയിരുന്ന റോഡുകൾക്ക് പുതിയ പേരുകൾ നൽകി. അങ്ങനെയാണ് ഇന്ദിരാഗാന്ധി റോഡും, പി. ടി. ഉഷ റോഡും, കെ. പി.  കേശവമേനോൻ റോഡും നിലവിൽ വരുന്നത്. ചിലപ്പോഴൊക്കെ ആദർശം പ്രായോഗികതയെ കടത്തിവെട്ടുന്ന ചില സംഭവങ്ങളും ഇതിൽ വർണ്ണിക്കുന്നുണ്ട്. സ്വന്തം ജില്ലയിൽ പോലീസ് സംരക്ഷണത്തോടെയല്ലാതെ യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് കളക്ടറുടെ പരാജയമായി കരുതിയതുകൊണ്ട് (പേജ് 95) ഒറ്റയ്ക്കാണ് യാത്രകൾ നടത്തിയതെന്ന അവകാശവാദം ശരിയാണെങ്കിൽ അത് തികച്ചും നിരുത്തരവാദപരമായ ഒരു നടപടിയായിരുന്നുവെന്നേ കരുതാനാകൂ.
 
ഔദ്യോഗിക രംഗത്തെ സംഭാവനകളും ഈ കൃതി പരാമർശിക്കുന്നു. കേരളത്തിന്റെ ടൂറിസം മുദ്രാവാക്യമായ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വാക്യത്തിലെ ആദ്യത്തെയും അവസാനത്തെയും പദങ്ങൾ ജയകുമാറിന്റെ സംഭാവനയാണ്. ദീർഘകാല പ്രസക്തിയും പ്രയോജനവുമുള്ള പദ്ധതികളെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടറായിരിക്കുമ്പോൾ നൂറു ആനകളെ അണിനിരത്തുന്ന ഗജമേള തൃശൂരിൽ സംഘടിപ്പിച്ചത് സ്മരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിന് ശേഷം അത് നിന്നുപോയി എന്നും പരിതപിക്കുന്നുണ്ട്. (ഇവിടെ വ്യക്തിപരമായ ഒരു സംഭവം കൂടി പറഞ്ഞുകൊള്ളട്ടെ. ഈയുള്ളവൻ വിദ്യാഭ്യാസത്തിനായി തൃശൂരിലായിരിക്കുമ്പോഴാണ് ഈ ഗജമേള നടന്നത്. വിദേശ വിനോദ സഞ്ചാരികൾക്കായി തൃശൂർ പൂരത്തിന്റെ അവിഭാജ്യഘടകമായ ആനയെഴുന്നള്ളത്ത് ജനുവരിയിൽ നടത്തുന്നതിനെതിരെ ഞങ്ങൾ കുറച്ചു ദേശസ്നേഹികളുടെ രക്തം തിളച്ചു. എങ്കിലും 101 ആനകൾ അണിനിരക്കുന്ന ഒരു ചടങ്ങ് കാണാതിരിക്കാൻ സാധിച്ചില്ല. പൂരത്തിന് 30 ആനകളാണല്ലോ പങ്കെടുക്കുക. വിദേശികളുടെ എണ്ണമൊക്കെ വളരെ കുറവായിരുന്നു. എങ്കിലും നാട്ടുകാർ വൻതോതിൽ ഇരച്ചുകയറി. തേക്കിൻകാട് മൈതാനത്തെ പ്രദർശനത്തിനു ശേഷം സമീപത്തുള്ള വിലങ്ങൻകുന്നിലേക്ക് വിദേശികളെ ആനപ്പുറത്ത് കൊണ്ടുപോയി. ശക്തമായ പൊലീസ് സന്നാഹം ആഘോഷങ്ങളുടെ കൊഴുപ്പ് കുറക്കട്ടെ എന്നുദ്ദേശിച്ചുകൊണ്ട് ഈ പ്രകടനത്തിന് നേരെ ഒളിഞ്ഞുനിന്ന് കല്ലേറുണ്ടാകുമെന്ന് ഒരാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത് ലജ്ജയോടും ഖേദത്തോടും കൂടി ഇവിടെ ഓർമ്മിക്കുന്നു). രാഷ്ട്രീയമായ തണൽ - പ്രത്യേകിച്ചും മുഖ്യമന്ത്രി കെ. കരുണാകരന്റെ - ഗ്രന്ഥകാരനുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ചില പരാമർശങ്ങളും ഇതിൽ കാണാം. ആ പരിരക്ഷ ഇല്ലാതായപ്പോഴുള്ള തിക്തഫലങ്ങളും വിവരിക്കുന്നുണ്ട്. കരുണാകരൻ മാറി ആന്റണി വന്നപ്പോൾ ടൂറിസം - സാംസ്കാരിക - ഇൻഫർമേഷൻ വകുപ്പുകളുടെ ചുമതലയിൽ നിന്നും മാറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടറാക്കി. സെക്രട്ടേറിയറ്റിൽ നിന്നു പുറത്തേക്ക് പോകേണ്ടി വരുമല്ലോ എന്നതാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. മനോവിഷമം അധികമായപ്പോൾ അമേരിക്കയിൽ ചികിത്സക്കുപോയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ഇരന്നുവാങ്ങി വീണ്ടും സെക്രട്ടേറിയറ്റിൽ കയറിപ്പറ്റി. 'മനുഷ്യമനസ്സിന്റെ കൊച്ചു വാശികളും അർത്ഥമില്ലാത്ത നിർബന്ധങ്ങളും' എന്നാണ് ലേഖകൻ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. 2001-ൽ വീണ്ടും ആന്റണി അധികാരത്തിലെത്തിയപ്പോൾ അഞ്ചുവർഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതുവരെയുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
സിംഹഭാഗവും ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളു എങ്കിലും ഐ.എ.എസ് ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് സ്വാഭാവികമായും വ്യക്തിപരമായ സംഭവങ്ങളും വിവരിക്കുന്നു. പ്രണയബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ അദ്ദേഹം ഗൗരവശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെങ്കിലും അത് വായനക്കാരുടെ മനസ്സിൽ പതിയുന്നില്ല. യഥാർത്ഥമായ ആഗ്രഹമില്ലാതെ, ഒരു ചടങ്ങ് പോലെയാണ് പ്രണയത്തിലേക്കുള്ള ഗ്രന്ഥകാരന്റെ നടപ്പ്. അതിനാൽത്തന്നെ ഒരിക്കലും പ്രണയം മുള പൊട്ടുന്നതായി കാണുന്നില്ല. ഓർമ്മക്കുറിപ്പുകൾക്ക് നിറം പകരാൻ ഭാവനയിൽ സൃഷ്ടിച്ചതാണോ അവയെന്നു പോലും സംശയം ഉണ്ടായേക്കാം. പ്രത്യേകിച്ചും 'വിജയിച്ച പ്രണയങ്ങൾക്ക് നിറപ്പകിട്ട് നിലനിർത്താൻ സാധിച്ചെന്നു വരില്ല, എന്നാൽ പരാജയപ്പെട്ട പ്രണയത്തെ ഓർമ്മയിൽ നമുക്ക് ഉയിർപ്പിക്കാൻ സാധിക്കും' എന്ന് ഒരിടത്ത് രേഖപ്പെടുത്തിയിട്ടുള്ളതു കാണുമ്പോൾ. ജയകുമാർ എന്ന ബ്യൂറോക്രാറ്റിനേക്കാൾ മലയാളിയോട് അടുത്തു നിൽക്കുന്നത് അദ്ദേഹത്തിലെ ഗാനരചയിതാവാണെങ്കിലും ഗാനരചനയെക്കുറിച്ച് ഈ കൃതി തീർത്തും നിശ്ശബ്ദമാണെന്നത് അതിശയകരമാണ്.
 
യാതൊരു തട്ടുമുട്ടുകളുമില്ലാതെ വായിച്ചുപോകാമെന്നതിനാൽ ഈ കൃതി ശുപാർശ ചെയ്യുന്നു.
 
Book review of ‘Sancharathinte Sangeetham’
Author: K Jayakumar
Publisher: Mathrubhumi Books, 2024 (First)
ISBN: 9789359628226
Pages: 166

Wednesday, October 29, 2025

ഭൂതകാലത്തെ ആവേശിച്ച ഭൂതം

സ്വാതന്ത്ര്യത്തിനുശേഷം ഭാരതീയചരിത്രഗവേഷണം, രചന, അദ്ധ്യാപനം എന്നിവ ഇടതുചരിത്രകാരന്മാരുടെ കൈപ്പിടിയിലമർന്ന കഥ മുൻപ് പല പുസ്തകങ്ങളിലും നാം പരിശോധിച്ചിട്ടുണ്ട്. അധികകാലവും അധികാരത്തിലിരുന്ന കോൺഗ്രസ്സിന് സ്വാതന്ത്ര്യസമരത്തിൽ തങ്ങളുടെ പങ്ക് അതിന്റെ മുഴുവൻ തുക തന്നെയായിരിക്കണമെന്ന ഒരൊറ്റ നിർബന്ധമൊഴിച്ചാൽ ചരിത്രരചനയിൽ മറ്റ് അജണ്ടകളൊന്നും ഉണ്ടായിരുന്നില്ല. ആ അഹന്തയ്ക്കുമുന്നിൽ വഴങ്ങിനിൽക്കാൻ ഇടതുചരിത്രകാരന്മാരും തയ്യാറായതോടെ സഹജീവനം സുഗമമായി. എന്നാൽ വലതുപക്ഷ ശക്തികൾ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ പാടെ മാറി. ചരിത്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള സംഘപരിവാർ ശക്‌തികൾ തദ്ദേശീയ ചരിത്രരചനയിൽ കടന്നുകൂടിയ പല പുഴുക്കുത്തുകളേയും തുടച്ചുനീക്കുവാൻ ആരംഭിച്ചതോടെ പ്രശ്നങ്ങൾ തലപൊക്കി. ചരിത്രപഠനത്തിൽ മാറ്റത്തിന്റെ മന്ദമാരുതനായി കടന്നുവന്ന ആ തിരുത്തൽ പ്രവണതകളെയാണ് ഭൂതകാലത്തെ ആവേശിച്ച ഭൂതം എന്ന തലക്കെട്ടിലൂടെ പൈശാചികവൽക്കരിക്കാൻ ശ്രമിക്കുന്നത്. ഗ്രന്ഥകാരനായ കേശവൻ വെളുത്താട്ട് അദ്ധ്യാപകനും ദേശീയതലത്തിൽത്തന്നെ സുപരിചിതനായ ഇടതു ചരിത്രകാരനുമാണ്.
 
വെളുത്താട്ടിന്റെ ആശയപ്രപഞ്ചം മാർക്സിസത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതാണ്. സ്വാഭാവികമായും ആദ്യ ആക്രമണം ദേശീയതക്കെതിരെയാണ്. അതിനായി ഒരു പാശ്ചാത്യ ചിന്തകനേയും കൂട്ടുപിടിക്കുന്നു. ദേശീയതയുടെ ഒരു കുഴപ്പം തെറ്റായി മനസ്സിലാക്കിയ ചരിത്രമാണ് എന്ന് ഏണസ്റ്റ് റെനാൻ എന്ന ഫ്രഞ്ച് ചിന്തകൻ പറഞ്ഞിട്ടുണ്ടത്രേ! എന്നാൽ രാജാവിനേക്കാൾ രാജ്യഭക്തി പ്രകടിപ്പിക്കുന്നതിൽ ഇന്ത്യക്കാരായ ഇടതുപണ്ഡിതർ തന്നെയാണ് മുൻനിരയിൽ എന്ന് ദാമോദർ ധർമാനന്ദ് കോസാംബിയെ ഉദാഹരണമാക്കിയാൽ കാണാം. സാമ്പ്രദായിക ചർത്രപരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത കോസാംബി പക്ഷേ പ്രമുഖ മാർക്സിസ്റ്റ് ചരിത്രകാരനാണ്. അദ്ദേഹത്തിന്റെ 'ഭർതൃഹരിയുടെ ശതകത്രയങ്ങൾ' എന്ന വിമർശനപഠനം സമർപ്പിച്ചിരിക്കുന്നത് 'മാർക്സ്-ഏംഗൽസ്-ലെനിൻ എന്നീ തേജസ്വികളായ മഹാമനുഷ്യർ'ക്കാണ്. മറ്റൊരു പുസ്തകമായ 'An Introduction to the Study of Indian History' സമർപ്പിച്ചിരിക്കുന്നതാവട്ടെ 'ഇന്തോ-സോവിയറ്റ് സൗഹൃദത്തിനും'. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നുചോദിച്ചാൽ വെളുത്താട്ട് നൽകുന്ന മറുപടി 'മാനവികത ഏറ്റവും പ്രദർശിപ്പിക്കുന്ന മാനവികപഠനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് മാർക്സിസമാണ്' എന്നാണ്. തുഞ്ചൻപറമ്പിൽ നടന്ന ചരിത്രം, ശാസ്ത്രം, മാനവികത എന്ന ചർച്ചായോഗത്തിൽ അവതരിപ്പിച്ച പ്രബന്ധമാണിത്. ഇതിനുശേഷം ഭാരതീയ ചരിത്രരചനയെക്കുറിച്ച് ഒരു വിഹഗവീക്ഷണം നൽകുന്നു. സാമ്രാജ്യത്വവാദികളും ദേശീയവാദികളും ചരിത്രരചനയുടെ കൊളോണിയൽ സങ്കേതങ്ങൾ തന്നെയാണ് പിന്തുടർന്നത്. ഭാരതീയസംസ്കാരം മാറ്റമില്ലാത്തതാണ് എന്ന ആരോപണത്തെ അവർ നേരിട്ടത് ക്ഷണികമായ പാശ്ചാത്യ പരിഷ്കൃതിയേക്കാൾ എത്രയോ മികച്ചതാണ് നിത്യമായ ഭാരതീയസംസ്കൃതി എന്നാണ്. ആര്യന്മാർ പുറത്തുനിന്നു വന്നവരല്ല, ഇവിടെത്തന്നെ പെറ്റുണ്ടായവരാണ് എന്നവർ വാദിച്ചു. ഇന്ത്യക്കാർ ഭൗതികകാര്യങ്ങൾ നോക്കാൻ കൊള്ളാത്തവരാണെന്ന ആക്ഷേപം നേരിട്ടത് ഭൗതികകാര്യങ്ങളേക്കാൾ മുന്തിയത് ആത്മീയകാര്യങ്ങളാണെന്നു സ്ഥാപിച്ചുകൊണ്ടാണ്. കാര്യങ്ങൾ ഇങ്ങനെയിരിക്കേ കോസാംബി അഭിപ്രായപ്പെടുന്നത് സാമൂഹികപരിവർത്തനത്തിനുവേണ്ട ഒരായുധമായി ചരിത്രത്തെ മാറ്റാനായിരുന്നു പുതിയ ചരിത്രകാരന്മാർ യത്നിച്ചത് എന്നാണ്. ഇടതുപണ്ഡിതരെയാണ് ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നത് എന്നു വ്യക്തമാണ്. ഗ്രന്ഥകാരൻ ഒരു പടി കൂടി കടന്ന്  'ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ശാസ്ത്രീയമായ ചരിത്രപഠനം നടക്കുന്നുണ്ടെങ്കിൽ അതിനുകാരണം ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പരിശീലനം ലഭിച്ചവർ അവിടെ അദ്ധ്യാപകരായി ഉള്ളതാണ്' എന്നു പറയുന്നു (പേജ് 50). അക്കാദമികരംഗത്ത് ജെ.എൻ.യുവിലെ ഇടതുമേധാവിത്വം കുപ്രസിദ്ധമാണല്ലോ. 
 
ചരിത്രരചനയിലെ ഇടതു ഉപജാപകസംഘം വളരെയധികം സംഘടിതവും ഏകശിലാരൂപം കൈക്കൊണ്ടിട്ടുള്ളതുമായ ഒരു ഭീകരസത്വമാണ്. ഇതിലെ എല്ലാ അംഗങ്ങളും പരസ്പരം പുകഴ്ത്തുകയും ന്യായീകരിക്കുകയും ചെയ്യുമെന്നതാണ് ഒരു പ്രത്യേകത. ചരിത്രരചന നിഷ്പക്ഷമല്ലെന്നും അങ്ങനെയാകാൻ കഴിയില്ലെന്നുപോലും അവർ വാദിക്കും. ചരിത്രം എന്നത് ഉണ്ടായത് അപ്പടി രേഖപ്പെടുത്തിവെക്കുന്നതല്ലെന്നും ചരിത്രകാരന്റെ താല്പര്യങ്ങൾ അതിൽ ഉടനീളം പ്രവർത്തിക്കുമെന്നും തന്റെ സഹപ്രവർത്തകരായ ഇടതു സഹയാത്രികർ മനസ്സിലാക്കിത്തന്നു എന്ന് ഈ ലേഖകൻ പ്രസ്താവിക്കുന്നത് അഭിമാനപുരസ്സരമാണ് (പേജ് 51). ചരിത്രരചനയിലെ വസ്തുനിഷ്ഠത എന്നത് ഇതോടെ പമ്പ കടക്കുന്നുവെന്നത് അദ്ദേഹം മറന്നുകളയുന്നു. സ്വന്തം അദ്ധ്യാപിക കൂടിയായ റോമിലാ ഥാപ്പറിനെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ഇടതുചരിത്രരചനയെന്ന ചക്രത്തിന്റെ പ്രധാന ആരക്കാലുകളിലൊന്നാണ് ഥാപ്പർ എന്നത് നാം മറക്കരുത്. 'പരിമളമുള്ള പൊന്നുപോലുള്ളവൾ' എന്നാണ് വെളുത്താട്ട് അവരെ വിശേഷിപ്പിക്കുന്നതെങ്കിലും ഥാപ്പറും മറ്റുമെഴുതിയ ടെക്സ്റ്റ് പുസ്തകങ്ങൾ പഴകിപ്പോയിരിക്കുന്നുവെന്നത് ശരിയാണെന്ന് സമ്മതിക്കുന്നു (പേജ് 70). പക്ഷേ, അത് തിരുത്തിയെഴുതുന്നതും ആ ഉപജാപകവൃന്ദത്തിലെ ഒരംഗം തന്നെയായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ സ്വകാര്യമായ വാശി.
 
വിശ്വപ്രസിദ്ധമായ 'സാപിയൻസ്' എന്ന ഗ്രന്ഥത്തിൽ യുവാൽ നോവാ ഹരാരി മനുഷ്യവംശത്തിന്റെ അഭൂതപൂർവമായ പുരോഗതിയുടെ കാരണങ്ങൾ അപഗ്രഥിക്കുന്നുണ്ട്. ബുദ്ധിശക്തി എന്നത് അതിൽ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്. അനേകം വ്യക്തികളെ ഒന്നിച്ചുചേർത്ത് ഒരു ദൗത്യത്തിനു നിയോഗിക്കാൻ സഹായിക്കുന്ന സംഘടനാപാടവമാണ് (organization) മനുഷ്യനെ ഔന്നത്യത്തിലെത്തിച്ചത് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. ഇത്രയും വ്യക്തികൾ പല എതിർപ്പുകളേയും അവഗണിച്ച് പരസ്പരം സഹകരിച്ചു നീങ്ങണമെങ്കിൽ അവരെ യോജിപ്പിക്കുന്ന ഒരു മിത്ത് അത്യാവശ്യമാണ്. കുലം, ഗോത്രം, മതം, വംശം, ദേശീയത എന്നിവയെല്ലാം മനുഷ്യരെ ഒന്നിപ്പിക്കുന്ന അത്തരം മിത്തുകളാണ്. കഴിഞ്ഞുപോയതും പൊതുവുമായ ഒരു സുവർണ്ണകാലം അതിലൊന്നാണെന്ന് നമുക്കു കാണാൻ കഴിയും. ഭാരതചരിത്രത്തിലെ അത്തരം സുവർണകാലങ്ങളെ ഇടിച്ചുതാഴ്ത്തുന്നതിലും ഇകഴ്ത്തുന്നതിലും വെളുത്താട്ട് വല്ലാത്ത ആവേശം അനുഭവിക്കുന്നതായി തോന്നുന്നു. അടിമപ്പണിയിലൂന്നിയ സമ്പദ്‌വ്യവസ്ഥയായിരുന്നു 'മഹത്തായ' മൗര്യസാമ്രാജ്യത്തിന്റെ അടിത്തറ (പേജ് 42). ഉദ്ധരണി ചിഹ്നം ഗ്രന്ഥകാരന്റേതായതിനാൽ ആ പരിഹാസത്തിന്റെ മൂർച്ച ശ്രദ്ധിക്കുക. ഗുപ്തകാലഘട്ടം സുവർണ്ണയുഗമല്ലെന്നും ഫ്യൂഡൽ പ്രവണതകൾ ആരംഭിക്കുന്നത് ഇവിടെനിന്നാണെന്നും വേറൊരിടത്ത് പറയുന്നു (പേജ് 61). എല്ലാ യുഗങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളുണ്ടെന്നും അതൊന്നുമില്ലാത്തത് ഇനി വരാനിരിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവഭരണകൂടത്തിനു കീഴിലാണെന്നുമാണ് ഇവിടെ വ്യംഗ്യം. പ്രാചീനഭാരതത്തിൽ ഗോഹത്യയും ഗോമാംസഭക്ഷണവും നടന്നിരുന്നു എന്നു സ്ഥാപിക്കാൻ കഠിനമായ ശ്രമം തന്നെ ഈ ഇടതുപണ്ഡിതൻ നടത്തുന്നുണ്ട്. മനുസ്‌മൃതിയിലുള്ള 'അത്രൈവ പശവോ ഹിംസ്യാ' (5:41) എന്ന ശ്ലോകം ഉദ്ധരിച്ച് പശുക്കളെ കൊല്ലാം എന്നു വ്യാഖ്യാനിക്കുന്നു (പേജ് 75). ഈയുള്ളവന്റെ സംസ്കൃതജ്ഞാനം നന്നേ കമ്മിയാണെങ്കിലും 'പശു' എന്ന ശബ്ദത്തിന് സംസ്കൃതത്തിൽ 'മൃഗം' എന്ന അർത്ഥമേയുള്ളൂ എന്നറിയാവുന്നതിനാൽ ഗ്രന്ഥകർത്താവ് ശരിയായ വിധത്തിലാണോ വ്യാഖ്യാനിച്ചിരിക്കുന്നത് എന്ന സംശയമുണരുന്നു. സംസ്കൃതം എഴുതാനോ വായിക്കാനോ പോലും അറിയാത്ത ഇടതു വിദ്യാർത്ഥിനേതാവിന് സംസ്കൃതത്തിൽ പി.എച്ച്.ഡി നൽകാൻ കേരള സർവകലാശാല ഒരുങ്ങിയത് ഈയിടെ വിവാദമായതും ഇവിടെ സ്മരിക്കാം. 'പശുവിനെ കൊല്ലുന്നവൻ' എന്ന അർത്ഥമുള്ള 'ഗോഘ്ന' ശബ്ദം 'അതിഥി'യുടെ പര്യായമായതിനാൽ വിരുന്നുകാർക്കുവേണ്ടി പശുവിനെ കൊല്ലാറുണ്ട് എന്നു വരുന്നു. 'ഒരു അതിഥി വന്നാൽ ഒരു പശുവിന്റെ കാര്യം ഉറപ്പ്' (പേജ് 76). അവിടെയും ഒരു പ്രശ്നം ബാക്കിയാവുന്നു. മാംസം സൂക്ഷിക്കുവാൻ ശീതീകരണ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഒരതിഥിക്കുവേണ്ടി 200 കിലോയോളം തൂക്കം വരുന്ന ഒരു പശുവിനെ ആരെങ്കിലും അറുക്കുമോ? ഇനി വെളുത്താട്ട് പറയുന്നതുപോലെ പശുവിനെ ഭക്ഷിച്ചിരുന്നു എന്നുതന്നെ വെക്കുക. അത് ഇപ്പോഴും പിന്തുടരണമെന്നുണ്ടോ? പ്രാചീന ഈജിപ്തിലെ രാജാക്കന്മാർ സഹോദരിമാരെ ഭാര്യമാരാക്കിയിരുന്നു. അത് ആധുനിക ഈജിപ്തിലെ ജനങ്ങളും പിന്തുടരണമെന്നാണോ ഈ ചരിത്രകാരൻ ആവശ്യപ്പെടുന്നത്?
 
ഇത്രയൊക്കെ കുഴപ്പങ്ങളുടെ ഇടയിലും ചില രജതരേഖകൾ അങ്ങിങ്ങ് ഈ പുസ്തകത്തിൽ കാണുന്നുണ്ട്. ആര്യൻ എന്ന പദത്തിനെ ഒരു ഭാഷാഗോത്രം എന്നേ കരുതേണ്ടതുള്ളൂ എന്നും ആര്യൻ ആക്രമണം എന്ന ആശയം തന്നെ തെറ്റായിരുന്നുവെന്നും വെളുത്താട്ട് സമ്മതിക്കുന്നു. ആര്യൻ പൈതൃകത്തിൽ അധിഷ്ഠിതമായ മേൽജാതി ഹിന്ദുക്കളുടെ പെരുമയെക്കുറിച്ചുള്ള വാദങ്ങളൊക്കെ സ്വാഭാവികമായും തകർന്നടിഞ്ഞു (പേജ് 60) എന്നാണദ്ദേഹം തുടർന്നു പറയുന്നത്. തെറ്റായ വാദമാണിത്. ആര്യാധിവേശം ഉണ്ടായിട്ടേയില്ല എന്നാണ് ദേശീയവാദികളായ ചരിത്രകാരന്മാരുടെ പ്രഥമ നിരീക്ഷണം തന്നെ. ഋഷീശ്വരന്മാർ ആദ്യത്തെ വേദമന്ത്രങ്ങൾ സാക്ഷാൽക്കരിക്കുന്ന കാലത്ത് ഹാരപ്പൻ സംസ്കൃതി ക്ഷയോന്മുഖമായിരുന്നു (പേജ് 93) എന്നു സമ്മതിക്കുന്നത് സന്തോഷകരമായ ഒരു തിരുത്തലാണ്. ആര്യൻ ആക്രമണമെന്ന വികടവാദത്തോട് ഇടതുചരിത്രകാരന്മാരും വിട പറഞ്ഞുവോ? അനാര്യർ എന്ന ശബ്ദത്തിന് അപരിഷ്കൃതർ എന്നേ അർത്ഥമുള്ളൂ എന്ന് പേജ് 96-ൽ കാണാം. ചാതുർവർണ്യമെന്ന സാമൂഹികവിഭജനത്തെപ്പറ്റി ഋഗ്വേദം പുരുഷസൂക്തത്തിലല്ലാതെ എവിടെയും പരാമർശിക്കുന്നില്ല. എന്നാൽ ആ സൂക്തം തന്നെ ഉത്തരവൈദിക കാലത്തേതാണ് (പേജ് 100). ഈയൊരൊറ്റ സ്ഥലത്തല്ലാതെ ഋഗ്വേദത്തിലെങ്ങും ശൂദ്രനെന്ന പദവും കാണുന്നില്ല. 'വേദങ്ങളുടെ ചരിത്രപശ്ചാത്തലം' എന്ന അദ്ധ്യായം കുറെയൊക്കെ സംതുലിതമായിട്ടാണ് രചിച്ചിരിക്കുന്നത്. കാലിമേക്കൽ മാറി കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ കൂടുതൽ തീവ്രമായ വിധത്തിൽ തൊഴിൽ ആവശ്യമായിവന്നു. ചാർച്ചക്കൂട്ടങ്ങൾക്കു വെളിയിലുള്ള ദസ്യുക്കൾ ഇങ്ങനെയാണ് ചിത്രത്തിൽ വരുന്നത്. ദക്ഷിണേന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. യുദ്ധവിജയം ആഘോഷിക്കാൻ വേന്തന്മാരും (രാജാക്കൾ) കീഴാന്മാരും ബ്രാഹ്മണരും പുലവരും പാണരുമൊക്കെ ചേർന്ന് മാട്ടിറച്ചിയും തിന്ന് കള്ളും കുടിച്ച് കൂത്താടിയിരുന്ന സന്ദർഭങ്ങൾ സംഘം കൃതികളിൽ കാണാം (പേജ് 80). ജാതീയമായ ഉച്ചനീചത്വങ്ങൾ അന്നില്ലായിരുന്നുവെന്നും അവ പിന്നീടുവന്നതാകാമെന്നുമല്ലേ ഇതു സൂചിപ്പിക്കുന്നത്?
 
'കുഞ്ചൻ നമ്പ്യാരുടെ രാഷ്ട്രീയം', 'പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും' എന്നീ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും ഈ പുസ്തകത്തിൽ കാണാം. പ്രത്യയശാസ്ത്ര കടപ്പാടുകളൊക്കെ മാറ്റിനിർത്തി വിഷയത്തിൽ മാത്രം ശ്രദ്ധിച്ചാൽ കേശവൻ വെളുത്താട്ടിനെപ്പോലുള്ള അതിവിദഗ്ദ്ധ ചരിത്രകാരന്മാർക്ക് ഏതെല്ലാം വിധത്തിൽ മലയാളചരിത്രരചനയെ പുഷ്ടിപ്പെടുത്താൻ സാധിക്കുമെന്നതിന്റെ മൂകസാക്ഷ്യങ്ങളാണവ. ഇന്ത്യക്കാർ ചരിത്രബോധമില്ലാത്തവരാണെന്ന കൊളോണിയൽ ധാരണകളെ ഈ ഗ്രന്ഥം പൊളിച്ചുകാണിക്കുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെപ്പോലെ കേരളത്തിലും ഭൂതകാലത്തെക്കുറിച്ച് ശക്തവും വ്യക്തവുമായ ബോധവും അതിന്റെ ബോധപൂർവമായ ആവിഷ്കാരവും ഉണ്ടായിരുന്നു.

പ്രത്യയശാസ്ത്രമാറാലകൾ നീക്കം ചെയ്താൽ ഈ കൃതി വളരെ പ്രയോജനപ്രദമാകുമെന്നതിനാൽ ശുപാർശ ചെയ്യുന്നു.
 
Book review of 'Bhoothakalathe Aaveshicha Bhootham - Adhikaravum Charithravum Thammil Nadathiya Idapaduka;'
Author: Kesavan Veluthatt
Publisher: DC Books, 2024 (First)
ISBN: 9789362543776
Pages: 174