Showing posts with label കേരളത്തിലെ കൃസ്തുമതം. Show all posts
Showing posts with label കേരളത്തിലെ കൃസ്തുമതം. Show all posts

Wednesday, October 22, 2025

അങ്കമാലി രേഖകൾ

 "അങ്കമാലി കല്ലറയിൽ 
ഞങ്ങടെ സോദരരാണെങ്കിൽ
ആ കല്ലറയാണേ കട്ടായം
പകരം ഞങ്ങൾ ചോദിക്കും"

വിമോചനസമരകാലത്ത് കേരളമെങ്ങും മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ മറിച്ചിടാൻ ക്രിസ്ത്യൻ-നായർ മേധാവികൾ നയിച്ച വിമോചനസമരം പലയിടങ്ങളിലും അക്രമാസക്തമാവുകയും തുടർന്നുണ്ടായ പോലീസ് വെടിവെപ്പുകളിൽ 15 പേർ കൊല്ലപ്പെടുകയും ചെയ്തു. സമകാലീന ഇ.എം.എസ്സ് സ്മരണകളിലെല്ലാം ഈ ചോര പുരണ്ട അദ്ധ്യായം വിസ്മരിച്ചുകളയുകയാണ് പതിവ്. അങ്കമാലിയിൽ നടന്ന ഒരു പ്രകടനത്തിനുനേരെയുണ്ടായ വെടിവെപ്പിലാണ് ഏഴു പേർക്ക് ജീവഹാനി സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ജനപദമായ അങ്കമാലിയിൽ സഭകൾക്ക് നല്ല വേരോട്ടമുണ്ട്. മരിച്ചവരെല്ലാം തികഞ്ഞ മതവിശ്വാസികളും രാഷ്ട്രീയമായി വ്യക്തമായ അഭിപ്രായമൊന്നും ഇല്ലാത്തവരുമായിരുന്നു. മറ്റു പലതരത്തിലും ശ്രദ്ധേയമായ മദ്ധ്യകേരളത്തിലെ ഒരു പട്ടണമാണ് അങ്കമാലി. ഈ പട്ടണത്തെക്കുറിച്ച് ലഭിക്കാവുന്നതും കണ്ടെത്താവുന്നതുമായ രേഖകളെല്ലാം പരിശോധിച്ച് ഒരു ഗവേഷണപഠനം നടത്തുവാനുള്ള ശ്രമമാണ് ഈ പുസ്തകം. നാട്ടുകാർ തന്നെയായ വർഗീസ് അങ്കമാലി, ജോമോൻ തച്ചിൽ എന്നിവരുടെ സംയുക്ത ഉദ്യമമാണ് പ്രാദേശികചരിത്രത്തിന്റെ ജനുസ്സിൽ പെടുത്താവുന്ന ഈ രചന.
 
അങ്കമാലിയിലെ ക്രിസ്ത്യൻ ജനസംഖ്യ തൊണ്ണൂറു ശതമാനത്തിനുമേൽ വരുമെന്നാണ് പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. അതിനാൽത്തന്നെ അതിന്റെ ചരിത്രത്തിൽ ഏറിയ പങ്കും ആ മതവും, അതിന്റെ പുരോഹിതരും, അവരുടെ സഭകളുമായി ബന്ധപ്പെട്ടുനിൽക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ ക്രൈസ്തവസഭകൾ എത്രതന്നെ പുരാതനത്വം അവകാശപ്പെട്ടാലും കൃത്യമായ രേഖകളും അനുബന്ധസാമഗ്രികളും പോർച്ചുഗീസ് അധിനിവേശത്തിനുശേഷം മാത്രമേ അവർക്ക് കാണിക്കുവാനുള്ളൂ എന്നതൊരു സത്യമാണ് (ഒൻപതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനം ഇവിടെ മറക്കുന്നില്ല). അങ്കമാലിയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. അങ്കമാലി ആസ്ഥാനമാക്കി 34 വർഷം കേരളസുറിയാനികളെ ഭരിച്ച അവസാനത്തെ കൽദായ മെത്രാനാണ് മാർ അബ്രഹാം. വിദേശിയായ ഇദ്ദേഹം 1583-ൽ ഈശോസഭക്കാരുടെ സഹായത്തോടെ അങ്കമാലിയിൽ ആദ്യത്തെ പ്രാദേശിക സൂനഹദോസ് വിളിച്ചുകൂട്ടി. കേരളത്തിൽ വച്ചുനടന്ന അംഗീകാരമുള്ള ആദ്യത്തെ സുനഹദോസാണിത്. മാർ അബ്രഹാം 1597-ൽ നിര്യാതനായി. മാർപ്പാപ്പമാരും സുറിയാനി പാത്രിയർക്കീസുമാരും കേരളത്തിലെ നസ്രാണികൾക്കുവേണ്ടി നടത്തിയ മതാധികാര വടംവലിയിൽ യഥാർത്ഥ സുറിയാനികൾക്ക് നഷ്ടങ്ങൾ സംഭവിച്ചു. ഉയർന്ന പുരോഹിതർ പോലും കൂറ് പൂർണമായും ഒരു ഭദ്രാസനത്തിൽ അർപ്പിച്ചിരുന്നില്ല എന്നു കരുതേണ്ടിവരും. ഉദയംപേരൂർ സൂനഹദോസ് മാർ അബ്രാഹത്തിനെ നെസ്തോറിയൻ എന്നു മുദ്രകുത്തി പാഷണ്ഡത (heretic) ആരോപിച്ചതിനാൽ അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും ആലേഖനങ്ങളില്ലാതെ നിലകൊള്ളുന്നു. 1599-ൽ ഉദയംപേരൂരിൽ വെച്ചുനടന്ന സുനഹദോസിന് അങ്കമാലി സൂനഹദോസ് എന്നാണ് പേരിട്ടിരുന്നത്. ഈ മതസമ്മേളനത്തിൽ സുറിയാനി ആരാധനാക്രമം വിലക്കി. ഗോവയിൽനിന്ന് പോർച്ചുഗീസുകാരനായ മെനെസിസ് മെത്രാപ്പോലീത്ത അങ്കമാലിയിലെ ഗ്രന്ഥാലയത്തിലെത്തി സുറിയാനി ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കി. 391-ൽ അലക്സാൻഡ്രിയയിലെ ഗ്രന്ഥാലയം തീവെച്ചുനശിപ്പിച്ച തെയോഫിലസ് മെത്രാനെ ഇവിടെ സ്മരിക്കാം! മെനെസിസ് അങ്കമാലിയെ ഗോവയുടെ സാമന്തരൂപതയായി തരംതാഴ്ത്തി. അതിനുശേഷം ലത്തീൻ മെത്രാന്മാർ അങ്കമാലി ഭരിച്ചു. സുറിയാനികൾ അവർക്കു വിധേയരായി. എന്നാൽ അർക്കാദിയാക്കോന്റെ നേതൃത്വത്തിൽ അവർ വീണ്ടും സംഘടിച്ച് 1653-ലെ കൂനൻകുരിശു സത്യത്തോടെ ലത്തീൻ സഭയുമായുള്ള ബന്ധം വിടർത്തി. ഒരുകൂട്ടം ആളുകൾ സുറിയാനി ആരാധനാക്രമത്തോടെ മാർപ്പാപ്പയുമായുള്ള ബന്ധം തുടർന്നപ്പോൾ മറ്റൊരു കൂട്ടർ അന്ത്യോഖ്യയിലെ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വത്തിനുകീഴിൽ തീർത്തും സ്വതന്ത്രരായി മാറി.
 
അങ്കമാലി എന്ന പേരിന്റെ ഉത്ഭവം ഗ്രന്ഥകർത്താക്കൾ വിവരിക്കുന്നത് കുറെയൊക്കെ അവിശ്വസനീയമായി തോന്നാം. പുരാതനകാലം മുതലേ നസ്രാണി ഭടന്മാരുടെ ഒരു സങ്കേതവും അങ്കം, കളരിപ്പയറ്റ് തുടങ്ങിയ പല ആയോധനകലകളും അഭ്യസിപ്പിച്ചിരുന്ന ഒരു കേന്ദ്രവുമായിരുന്നു ഇത്. അങ്കം അഭ്യസിപ്പിച്ചിരുന്ന മാലി (മൈതാനം) ആയതുകൊണ്ടാകാം അങ്കമാലി എന്ന നാമം സിദ്ധിച്ചതെന്ന് ഊഹിക്കുന്നു (പേജ് 34). 522-ൽ ഇന്ത്യ സന്ദർശിച്ച കോസ്മോസ് (ഇന്തിക്കോപ്ലൂസ്തസ്) എന്ന ബൈസാന്തിയൻ സഞ്ചാരി 'മാലിയിൽ ബിഷപ്പുണ്ടായിരുന്നു' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇത് അങ്കമാലിയാണെന്ന അവകാശവാദം ശരിയാകാനിടയില്ല. അങ്കമാലിക്കുചുറ്റുമുള്ള പതിനെട്ടരച്ചേരികളുടെ പേരുകളും അവയുടെ ഉത്ഭവവും വെറുതെ പറഞ്ഞുപോകുന്നതേയുള്ളൂ.
 
ടിപ്പു സുൽത്താന്റെ പടയോട്ടം അങ്കമാലി പട്ടണത്തെ തകർത്തതെങ്ങനെ എന്ന് സാമാന്യം വിശദമായി എഴുതിയിട്ടുണ്ട്. ഹിന്ദു-ക്രിസ്ത്യൻ ആരാധനാലയങ്ങൾ തകർത്തും കീഴടങ്ങുന്നവരെ നിർബന്ധപൂർവം മതം മാറ്റിയും കീഴടങ്ങാൻ കൂട്ടാക്കാത്തവരെ വധിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും ടിപ്പു പരിവാരസമേതം ഇരച്ചുകയറിയപ്പോൾ സുറിയാനി ക്രൈസ്തവകേന്ദ്രമായ അങ്കമാലിയിൽ ഗോവർണദോരുടെ വാസം സുരക്ഷിതമല്ലാതാവുകയും അദ്ദേഹം ജീവരക്ഷാർത്ഥം വടയാറ്റിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ടിപ്പു നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്ത 23 പള്ളികളുടെ പട്ടിക കൊടുത്തിരിക്കുന്നു. തകർക്കപ്പെട്ട ഏതാനും ക്ഷേത്രങ്ങളുടെ പേരുകളും ഉണ്ട്. അങ്കമാലിയിൽ കിഴക്കേപ്പള്ളിയുടെ സമീപത്തുള്ള മെത്രാസനമന്ദിരവും വൈദികസെമിനാരിയും തകർക്കപ്പെട്ടു. എന്നാൽ ടിപ്പു തകർത്ത പള്ളികളിൽ മിക്കവയും പാറേമ്മാക്കൽ ഗോവർണദോർ ഏറെ താമസിയാതെ പുതുക്കിപ്പണിതു (പേജ് 116). ടിപ്പുവിന്റെ മുന്നേറ്റത്തിന് തടയിടാനായി തിരുവിതാംകൂർ തീർത്ത നെടുങ്കോട്ട അങ്കമാലിക്കു സമീപത്തായിരുന്നുവെന്നത് കൗതുകകരമായ വസ്തുതയാണ്. എന്നാൽ ഈ മൺകോട്ട തകർക്കുവാൻ മൈസൂർ സൈന്യത്തിന് ഏറെയൊന്നും മിനക്കെടേണ്ടി വന്നില്ല.
 
രണ്ടു ഗ്രന്ഥകർത്താക്കളും കൃസ്തീയവിശ്വാസികളായതിനാലാകാം സഭാചരിത്രം മാത്രമാണ് പുസ്തകത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും. എന്നാൽ ഹൈന്ദവസമുദായത്തെ താറടിച്ചും ചെറുതാക്കിയും ചിത്രീകരിക്കുന്ന ദുഷ്ടലാക്കോടുകൂടിയ ഒരു വികടപ്രവണത ഈ പുസ്തകത്തിലുടനീളം കാണാം. മറ്റു സമുദായങ്ങളെ ഇകഴ്ത്തുന്നതിൽ ഈ ലേഖകർ ഗൂഢമായ ആനന്ദം നേടുന്നുണ്ടാകണം. ഇത് പലപ്പോഴും പരസ്പരവിരുദ്ധവും തെറ്റുമായ നിരീക്ഷണങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. ഉദാഹരണമായി പറഞ്ഞാൽ 'കേരളത്തിൽ കൃസ്തുമതം പ്രചരിച്ചുതുടങ്ങിയ സംഘകാലത്ത് ജനങ്ങളിൽ ഭൂരിപക്ഷത്തിനും പ്രത്യേകിച്ച് മതമൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിലെത്തിയ യഹൂദന്മാരുടെ സംസ്കാരമാണ് കേരളസംസ്കാരത്തിന്റെ അടിത്തറ എന്നുപറയുന്നതിൽ തെറ്റില്ല' (പേജ് 17) എന്ന പ്രകോപനപരവും അബദ്ധജടിലവുമായ ഒരു പരാമർശമുണ്ട്. ജൂതസംസ്കാരമാണ് കേരളീയസംസ്കാരം എന്ന ഇവറ്റകളുടെ കണ്ടുപിടിത്തം എങ്ങനെയുണ്ട്? തരിസാപ്പള്ളി ചെപ്പേടുകളിൽ സാക്ഷികളായി വേദബ്രാഹ്മണരെ ചേർത്തുകാണാത്തത്‌ അന്ന് കേരളക്കരയിൽ നമ്പൂതിരിമാർ ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണെന്ന് പേജ് 31-ൽ പറയുന്ന ഇവർ തോമാശ്ലീഹാ ബ്രാഹ്മണരെ മതപരിവർത്തനം ചെയ്തുവെന്ന് പേജ് 20-ൽ പറഞ്ഞത് മറന്നുപോകുന്നു. തോമാശ്ലീഹായുടെ കേരളത്തിലേക്കുള്ള വരവിന്റെ കഥ പരശുരാമൻ മഴുവെറിഞ്ഞ് കേരളക്കര ഉയർത്തിയതാണെന്നതുപോലുള്ള ഒരു ഐതിഹ്യം മാത്രമാണ്. അങ്കമാലിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങൾ ജൈനമതധ്വംസനം നടത്തി ഹിന്ദു ക്ഷേത്രങ്ങളാക്കിയതാണെന്ന വികലധാരണയും കാണാം. മൂഴിക്കുളം ക്ഷേത്രത്തിൽ ജൈനരെ തൂക്കിലേറ്റിയിരുന്നു എന്നൊക്കെയുള്ള പുളിച്ചുതികട്ടലുകൾ ഈ കുഞ്ഞാടുകൾ നമ്മുടെ മുന്നിലേക്ക് കാഴ്ചവെയ്ക്കുന്നു. അങ്കമാലിക്കുചുറ്റും പ്രബലമായിരുന്ന ജൈന-ബുദ്ധ-ക്രിസ്ത്യൻ മതങ്ങളെ ഉച്ചാടനം ചെയ്യാനാണ് കാലടിയിൽ ജനിച്ച ശങ്കരാചാര്യർ അദ്വൈതസിദ്ധാന്തവുമായി ഇന്ത്യയൊട്ടാകെ ചുറ്റിസഞ്ചരിച്ചത് (പേജ് 135). ശങ്കരാചാര്യരെക്കുറിച്ച് ഈ ഗ്രന്ഥത്തിലുള്ള ഏക പരാമർശമാണിത്! ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഹിന്ദു ആവാസകേന്ദ്രങ്ങൾ കേരളചരിത്രത്തിൽ ഉന്നതിയിൽ വരുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണത്രേ (പേജ് 154). തീർന്നില്ല, 'ഈഴവർ ഈയടുത്തകാലത്താണ് ഹിന്ദുക്കളായി തീർന്നത്' (പേജ് 156). ഇതൊക്കെ ഒന്നിച്ചുകാണുമ്പോൾ പുസ്തകത്തിന്റെ ഉചിതമായ തലക്കെട്ട് 'വങ്കമാലി രേഖകൾ' എന്നാക്കുന്നതാണെന്നു തോന്നിപ്പോകും.
 
കൃസ്തീയസഭാചരിത്രം മാത്രമാണ് ഈ പുസ്തകത്തിലെ മുഖ്യ പ്രതിപാദ്യവിഷയമെന്നതിനാൽ ശീർഷകത്തോട് പൂർണമായും നീതി പുലർത്താൻ ഇതിനു സാധിച്ചിട്ടില്ല. ചരിത്രവുമായി നേരിട്ട് ബന്ധമൊന്നും പുസ്തകത്തിനോ അതിന്റെ രചയിതാക്കൾക്കോ ഉള്ളതായി വായനക്കാരെ ബോദ്ധ്യപ്പെടുത്താൻ അവർക്കു സാധിച്ചിട്ടില്ല. യഹൂദന്മാർ കൃസ്ത്യാനികളാണെന്ന തെറ്റിദ്ധാരണയും ഇവർക്കുള്ളതായി തോന്നുന്നു. പലയിടങ്ങളിലും അത്തരം വിവരങ്ങൾ കാണാം. കേരളത്തിൽ യഹൂദന്മാർ കൃസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായും പരാമർശിക്കുന്നു. യൂറോപ്പിലെ കൃസ്തുമതത്തിന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷപ്പെടാനാണ് യഹൂദർ പലായനം ചെയ്തിട്ടുള്ളത്. അങ്ങനെയുള്ള അവർ യാതൊരു ഭീഷണിയും നേരിടാത്ത കേരളത്തിൽ കൃസ്ത്യാനികളായി മാറി എന്നു വാദിക്കുന്നത് എത്ര പരിഹാസ്യമാണ്!

സാഹിത്യപരമായോ ചരിത്രപരമായോ നാട്ടറിവുകളുടെ തലത്തിൽ പോലുമോ യാതൊരു മൂല്യവുമില്ലാത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.
 
Book Review of 'Angamaly Rekhakal'
Author: Varghese Angamaly, Jomon Thachil
Publisher: Merit Books, Ernakulam, 2002 (First)
ISBN: Nil
Pages: 222
   

Tuesday, September 26, 2023

സിറിയൻ മാന്വൽ

യൂറോപ്പിൽ കൃസ്തുമതം പ്രചരിക്കുന്നതിനുമുമ്പുതന്നെ കൃസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്നും നിരവധി പേരെ സ്വധർമ്മത്തിലേക്ക് ചേർത്തുവെന്നുമാണ് ഐതിഹ്യം. കേരളവും റോമാസാമ്രാജ്യവും തമ്മിൽ തകൃതിയായി നടന്നിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരമായിരിക്കാം കേരളം തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. കൃസ്ത്യാനി എന്ന പേരുപോലും രൂപപ്പെടുന്നതിനു മുൻപായിരുന്നതിനാൽ അവരെ മാർത്തോമ്മാ നസ്രാണികൾ എന്നാണ് വിളിച്ചിരുന്നത് - നസ്രേയനായ യേശുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ. മൂന്നു നൂറ്റാണ്ടുകൾക്കുശേഷം റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിൽ സംഘർഷം മുറുകിയപ്പോൾ സിറിയയിലെ കൃസ്ത്യാനികൾ ഒരു പ്രതിസന്ധിയെ നേരിട്ടു. ഇരുസാമ്രാജ്യങ്ങൾക്കുമിടയിലെ അതിർത്തിപ്രദേശമായ സിറിയ യുദ്ധഗതിക്കനുസരിച്ച് പല യജമാനന്മാരുടേയും കീഴിലായി. റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റിൻ കൃസ്തുമതം സ്വീകരിച്ചതോടെ സിറിയൻ കൃസ്ത്യാനികൾ സരതുഷ്ട്രമതക്കാരായിരുന്ന പേർഷ്യാക്കാരുടെ ശത്രുക്കളായി. പിന്നീടുണ്ടായ പീഡനങ്ങളെത്തുടർന്ന് കാനായി തൊമ്മൻ എന്ന വ്യാപാരിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് ഒരു കൃസ്ത്യൻ കുടിയേറ്റം ഉണ്ടായി എന്ന് ഐതിഹ്യം തുടരുന്നു. മണിഗ്രാമം എന്ന വർത്തകസംഘത്തിലൂടെ ഈ സുറിയാനി കൃസ്ത്യാനികളും അഞ്ചുവണ്ണം എന്ന സംഘത്തിലൂടെ അവർക്കൊപ്പം താമസിച്ചിരുന്ന മലയാളി ജൂതരും കേരളത്തിന്റെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളായി. ഒരു സഹസ്രാബ്ദത്തോളം തടസ്സങ്ങളോ പീഡനങ്ങളോ ഇല്ലാതെ കേരളത്തിൽ കഴിഞ്ഞ കൃസ്തീയസമൂഹങ്ങളെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആധിപത്യം ആട്ടിയുലച്ചു. പോപ്പിന്റെ ആത്മീയനേതൃത്വത്തിലുള്ള കത്തോലിക്കാ വിശ്വാസം മാത്രമാണ് ആധികാരികമെന്നു കരുതിയ പറങ്കികൾ കേരളീയകൃസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അക്രമമാർഗ്ഗങ്ങൾ പോലും സ്വീകരിച്ചു. അവയെ ശക്തമായി നേരിട്ട മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികൾ വിജയം നേടിയത് പോർച്ചുഗീസുകാരെ തകർത്തെറിഞ്ഞ് മതപ്രചാരണത്തിൽ തല്പരരല്ലായിരുന്ന ഡച്ചുകാരുടെ വരവോടെയാണ്. മതപീഡനം ഇല്ലാതായതോടെ അഭിവൃദ്ധിപ്പെട്ട പ്രാദേശിക കൃസ്തീയസമൂഹങ്ങൾ പടലപ്പിണക്കങ്ങളും തർക്കങ്ങളുമായി നിരവധി പിളർപ്പുകളിലേക്കു പോകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. കേരളത്തിന്റെ സമഗ്രചരിത്രം എന്നവകാശപ്പെടുന്നുണ്ടെങ്കിലും മാർത്തോമ്മാ-സുറിയാനി കൃസ്ത്യാനികളുടെ ചരിത്രമാണ് ഈ കൃതി കൈകാര്യം ചെയ്യുന്നത്. പ്രാചീന ഇസ്രായേലിലെ ദാവീദ് രാജാവു മുതൽ യാക്കോബായ സഭയുടെ കാതോലിക്കയായ ബസേലിയോസ് തോമസ് പ്രഥമനെ വരെ നമുക്കിതിൽ കാണാം. ഗ്രന്ഥകർത്താവായ ടി. ഓ. ഏലിയാസ് തിരുവല്ലാ സ്വദേശിയാണ്. സാങ്കേതികവിദ്യാഭ്യാസത്തിനുപുറമേ ഇംഗ്ലീഷിൽ എം. ഏ ബിരുദം നേടിയ അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ഒരു ചരിത്രവിദ്യാഭ്യാസ പശ്ചാത്തലം ഇല്ലാത്തതിന്റെ പരിമിതികൾ ഈ കൃതിയിലുടനീളം കാണുവാനുണ്ട്.

ദാവീദ് രാജാവിന്റെ കാലം മുതൽ തുടങ്ങുന്ന വിവരണം ബൈബിളിനെ മാത്രമാണ് ആധാരമാക്കിയിരിക്കുന്നത്. അന്ത്യോഖ്യയിൽ കൃ.വ 30-ൽ തന്നെ കൃസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്നുവത്രേ. അവിടത്തെ ഭരണാധികാരിയായിരുന്ന അബ് ഗാർ രാജാവിന് യേശു അയച്ചുവെന്നു പറയപ്പെടുന്ന കത്തുകളെക്കുറിച്ചുപോലും സൂചിപ്പിക്കുന്നു. ഇതിനൊന്നും ആധാരമായ സ്രോതസ്സുകൾ അവതരിപ്പിക്കുന്നില്ല. 'ചരിത്രഗവേഷകനായ ബർണാഡ് തറപ്പിച്ചുപറയുന്നു' എന്ന മട്ടിലാണ് റഫറൻസുകൾ! വിശ്വാസിസമൂഹം നെഞ്ചിലേറ്റുന്ന മിത്തുകൾ പോലും ചരിത്രമെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പാർത്തിയൻ രാജാവായ ഗോണ്ടഫോറസ്സിൽനിന്ന് കൊട്ടാരം പണിയുവാനായി കുറെ പണം മേസ്തിരി എന്ന നിലയിൽ തോമാശ്ലീഹാ വാങ്ങിച്ചിരുന്നുവത്രേ. ആ പണം സുവിശേഷവേലക്കായി ചെലവായിപ്പോയതിനാൽ കൊട്ടാരം പണിയാനാവാതെ വന്നു. തുടർന്ന് രാജാവ് അപ്പോസ്തലനെ തടവിലാക്കി. ആ ഘട്ടത്തിൽ രാജാവിന്റെ സഹോദരൻ ഗാദ് മരിക്കുന്നു. രാജാവിനുവേണ്ടി മാർത്തോമ്മാ സ്വർഗത്തിൽ പണിത കൊട്ടാരം അയാൾ കാണുകയും അയാളുടെ ആത്മാവ് തിരികെവന്ന് രാജാവിനെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വതന്ത്രനായ തോമ്മാശ്ലീഹാ കേരളത്തിലേക്കു വരുന്നു (പേജ് 32). ഇതാണൊരു മാതൃക! പതിനേഴാം നൂറ്റാണ്ടിലെ റമ്പാൻ പാട്ടിലും സമാനമായ ഒരു കഥയുണ്ടെങ്കിലും അവിടെ ചോഴ രാജാവാണ് അരങ്ങത്ത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നതുപോലുള്ള ഒരു കഥ മാത്രമാണിത്. എന്നിട്ടും ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അല്പമൊരു വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുതിക്കൊടുത്ത അവതാരിക പുസ്തകത്തിലുണ്ട്. എന്നാൽ മാർത്തോമ്മാ ചരിത്രവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് ലഭിച്ച ലിഖിതരൂപങ്ങളെല്ലാം പതിനഞ്ചാം നൂറ്റാണ്ടിനുശേഷമുള്ളവയാണ്. ഉദയംപേരൂർ സുനഹദോസിനുശേഷം മുൻകാല ചരിത്രവസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ചു കളഞ്ഞുവെന്നാണ് അതിന് ഏലിയാസ് കണ്ടെത്തുന്ന ന്യായീകരണം.

കാനായി തൊമ്മൻ കേരളത്തിലെത്തിയതെന്നു കരുതപ്പെടുന്ന കൃ.വ 345-ൽ കേരളീയസമൂഹം എങ്ങനെയായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ ചരിത്രപരമായി യാതൊരു നിർവാഹവുമില്ലെങ്കിലും വിവിധ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് പരസ്പരവിരുദ്ധമായ ഒട്ടനവധി നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നു. ജാതിഭേദം തൊട്ടുതീണ്ടിയിട്ടില്ലാത്ത സമത്വസുന്ദര സമൂഹമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നതെന്ന് ഒരിടത്തു പറയുമ്പോൾ (പേജ് 77) മറ്റൊരിടത്ത് ചേരമാൻ പെരുമാൾ തോമായ്ക്കും കൂട്ടാളികൾക്കും ബ്രാഹ്മണർക്കു തുല്യമായ പദവികൾ നൽകി അവരെ 17 കീഴ്ജാതികളുടെ മേലെയാക്കി എന്നവകാശപ്പെടുന്നു (പേജ് 98). അക്കാലത്ത് ജാതിലഹളകൾ ഉണ്ടായി എന്നും നായ്ങ്കുടിപ്പരിഷകൾ എന്ന ഒരു വിഭാഗം പിണങ്ങി ലങ്കയിലേക്കു പോയതിനെത്തുടർന്ന് തോമായും പടയാളികളും ലങ്കയിൽച്ചെന്ന് അവരെ കൂട്ടിക്കൊണ്ടുവന്നു എന്നും പരാമർശമുണ്ട് (പേജ് 122). ഇതിൽ ഏതാണ് ശരി? ഇതൊന്നും കൂടാതെ എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണരുടെ വരവോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയതെന്ന് വേറൊരു ഭാഗത്ത് സൂചിപ്പിക്കുന്നു. ചേര-ചോഴ രാജാക്കന്മാർ തമ്മിൽ നടന്ന നൂറ്റാണ്ടുയുദ്ധമാണ് ബ്രാഹ്മണരെ ജാതിത്തലപ്പത്ത് എത്തിച്ചതെന്നും ഏലിയാസ് അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അവകാശങ്ങൾ അനുവദിച്ചുകൊടുത്തതായി രേഖപ്പെടുത്തിയ നഷ്ടപ്പെട്ടുപോയ കാനായി തൊമ്മൻ ചെപ്പേട് വ്യാജരേഖയല്ലെങ്കിൽ ഒരു പിൽക്കാല രേഖയാണെന്ന് അനുമാനിക്കേണ്ടിവരും.

കേരളചരിത്രത്തിലെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാണ് റോമാസാമ്രാജ്യവുമായുള്ള വാണിജ്യം ക്ഷയിക്കുന്ന നാലുമുതൽ കുലശേഖരചക്രവർത്തി സ്ഥാനമേൽക്കുന്ന ഒൻപതു വരെയുള്ള അഞ്ചു നൂറ്റാണ്ടുകൾ. എന്തുകൊണ്ടാണ് ഇക്കാലത്തെ ഒരു ചരിത്രരേഖയും ലഭ്യമല്ലാത്തതെന്നോ അപ്പോൾ എന്തു സംഭവിച്ചുവെന്നോ നമുക്കറിയില്ല. ആ ഘട്ടത്തിൽ വലിയ ഒരു ഉൽക്ക കേരളത്തിൽ അഷ്ടമുടിക്കായലിരിക്കുന്ന സ്ഥലത്ത് പതിച്ചതുകൊണ്ടാണ് ചരിത്രമില്ലാതെ പോയതെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രമായ കണ്ടെത്തൽ. ആ പ്രകമ്പനത്തിൽ മണ്ണിനടിയിൽ മൂടപ്പെട്ടുപോയ മരത്തടികളാണ് ലിഗ്‌നൈറ്റ് എന്ന കൽക്കരിയായി മാറി നെയ്‌വേലിയിലും മറ്റും നിന്ന് കുഴിച്ചെടുക്കുന്നതത്രേ! 5000 വർഷങ്ങൾ മതി മരത്തടി കൽക്കരിയായി മാറാൻ എന്നാണ് ഏലീയാസിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഈ ഉൽക്കയെയാവാം പരശുരാമന്റെ മഴുവായി കാവ്യാത്മകമായി സങ്കല്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ സമൂലമായ മാറ്റങ്ങൾ വന്നതും ഇതിനെത്തുടർന്നാണ്. കൃതിയിലെ വിരോധാഭാസങ്ങൾ അവിടംകൊണ്ടും തീരുന്നില്ല. 849-ലെ തരിസാപ്പള്ളി ശാസനത്തിലും 1225-ലെ വീരരാഘവപട്ടയത്തിലും സുറിയാനി കൃസ്ത്യാനികളുടെ പേരുകൾ ഇരവിച്ചാത്തൻ, ഇരവി കോർത്തൻ എന്നൊക്കെയാണ് കാണുന്നത്. തദ്ദേശീയമായ ഈ പേരുകൾ കൃസ്ത്യാനികൾ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നും 1599-ലെ ഉദയംപേരൂർ സുനഹദോസിനെത്തുടർന്നാണ് അവർ വ്യതിരിക്തമായ പശ്ചിമേഷ്യൻ നാമങ്ങൾ സ്വീകരിച്ചുതുടങ്ങിയതെന്നുമാണ് ഇതിനെ ഏലിയാസ് സമർത്ഥിക്കുന്നത്. എന്നാൽ 1014-ൽ ഒരു സിറിയൻ മെത്രാനെ കേരളത്തിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അന്ത്യോഖ്യയിലെ പാത്രിയർക്കീസിനെ സന്ദർശിച്ച കൊടുങ്ങല്ലൂർ നിവാസികളുടെ പേരുകൾ യൗസേഫ്, ഗീവർഗീസ്, മത്തായി എന്നൊക്കെയായിരുന്നുവെന്ന് വേറൊരു പേജിൽ സൂചിപ്പിക്കുന്നു. ഈ യാത്ര 1490-ലായിരുന്നുവെന്ന് മറ്റൊരിടത്തും (പേജ് 189).

ഈ പുസ്തകത്തിന്റെ യഥാർത്ഥ പ്രയോജനം പോർച്ചുഗീസ് അധിനിവേശകാലത്ത് അവർ കേരളീയ കൃസ്ത്യാനികളുടെ മേൽ ആത്മീയമേധാവിത്വം നേടാൻ ശ്രമിച്ചതും അതിനെ തദ്ദേശീയർ ചെറുത്തതും വിശദമായി വിവരിക്കുന്നതാണ്. പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ഏറ്റവും നഗ്നമായ അടിച്ചേൽപ്പിക്കലായിരുന്നു ഉദയംപേരൂർ സൂനഹദോസ്. സിറിയൻ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വം അംഗീകരിച്ച മാർത്തോമ്മാ-നസ്രാണി സുറിയാനികളെ മാർപ്പാപ്പയുടെ കീഴിൽ അല്പകാലത്തെക്കെങ്കിലും കൊണ്ടുവന്ന ഈ മതസമ്മേളനം പൂർണ്ണമായും ആസൂത്രണം ചെയ്ത് തദ്ദേശീയതയെ അട്ടിമറിച്ചത് പോർച്ചുഗീസ് മെത്രാനായിരുന്ന മെനസിസ് ആണ്. സുന്നഹദോസിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളടങ്ങുന്ന ഡിക്രികൾ അദ്ദേഹം നേരത്തേതന്നെ തയ്യാറാക്കിവെച്ചിരുന്നു. മെത്രാൻ എന്നതിലുപരി രാജപ്രതിനിധി എന്ന നിലയിലാണ് മെനസിസ് നസ്രാണികളെ മെരുക്കിയെടുത്തത്. ഏഴു ദിവസത്തിനകം ചർച്ചകൾ പോലുമില്ലാതെ വളരെയധികം ഡിക്രികൾ അദ്ദേഹം പാസ്സാക്കിയെടുത്തു. സുറിയാനി മെത്രാനില്ലാത്തപ്പോൾ സഭയെ ഭൗതികകാര്യങ്ങളിൽ നയിച്ചിരുന്ന അർക്കാദിയാക്കോൻ സമ്മർദ്ദത്തിനു വഴങ്ങുന്നയാളായിരുന്നത് മെനസിസിന്റെ ജോലി എളുപ്പമാക്കി. അതുവരെ ഇണങ്ങർ എന്നറിയപ്പെട്ടിരുന്ന സാധാരണ വിശ്വാസികൾ അന്നുമുതൽ അവിദഗ്ദ്ധർ എന്നർത്ഥം വരുന്ന അല്മായരായി മാറി. മേലാള-കീഴാള സങ്കല്പങ്ങൾ നിറഞ്ഞ പാശ്ചാത്യ മതഘടനയുടെ നുകത്തിൻകീഴിൽ മാർത്തോമ്മാ നസ്രാണികളെ തളക്കുകയായിരുന്നു സുനഹദോസിന്റെ ലക്‌ഷ്യം. കുരിശും വേദപുസ്തകവും മാത്രം പൂജ്യവസ്തുക്കളായിരുന്ന സുറിയാനി പള്ളികളിൽ രൂപങ്ങളും ബിംബങ്ങളും നിർമ്മിക്കണമെന്നതായിരുന്നു മറ്റൊരു തീരുമാനം. തുടക്കത്തിൽ ഇതിനു വഴങ്ങേണ്ടിവന്നുവെങ്കിലും നാൾക്കുനാൾ ക്ഷയിച്ചുവന്നിരുന്ന പോർച്ചുഗീസ് സൈനികശക്തി മാർത്തോമ്മാ നസ്രാണികൾക്ക് പ്രതീക്ഷ നൽകി. 1653-ലെ കൂനൻകുരിശു സത്യത്തോടെ അവർ മതസ്വാതന്ത്ര്യം വീണ്ടെടുത്തു. അതിനെത്തുടർന്ന് ആധുനികകാലം വരെയുള്ള സുറിയാനി സഭയുടെ വളർച്ചയും പിളർപ്പുകളുമെല്ലാം തുടർന്നുള്ള അദ്ധ്യായങ്ങളിൽ സംക്ഷിപ്തമായി വിവരിക്കുന്നു.

ജൂതരുടേയും ജൂതകൃസ്ത്യാനികളുടേയും പുരാതനപാട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ശ്രദ്ധാർഹമായ ഒരു പ്രത്യേകത. എന്നാലിവയിൽ ചരിത്രാംശം കണ്ടെത്തുവാനുള്ള വൃഥാവ്യായാമം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്യുന്നു. ഈ പാട്ടുകളെ പരിശോധിക്കുവാൻ ക്ലാസിക്കൽ ശൈലിയല്ല, നാട്ടറിവുകളുടെ അപഗ്രഥനരീതിയാണ് വേണ്ടതെന്ന മുന്നറിയിപ്പ് പ്രാചീനകഥകളെ ചരിത്രമാക്കാൻ ഉപകരിക്കില്ല. കേരളത്തിൽ കാലുകുത്തിയ പോർച്ചുഗീസുകാർ വിദേശവ്യാപാരം കുത്തകയാക്കിയ അറബികളേയും അവരുടെ പിണിയാളുകളായ കേരളമുസ്ലീങ്ങളെയുമാണ് ശത്രുക്കളായി കണ്ടിരുന്നത്. അവരെ സൂചിപ്പിക്കാൻ 'മൂറുകൾ' എന്നുപയോഗിച്ചിരിക്കുന്നത് വിവാദങ്ങൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടാകും. എന്നാൽ സുറിയാനി കൃസ്ത്യാനികൾ വ്യാപാരത്തിൽ പങ്കുപറ്റുമെന്നു വന്നപ്പോൾ അവരേയും ആക്രമിക്കാൻ പറങ്കികൾ മടിച്ചില്ല. സാമാന്യം വലുതാണ് ഈ കൃതിയെങ്കിലും ഒരിടത്തും അത് സഭയുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു എന്നതിൽ കവിഞ്ഞ് ചരിത്രത്തിന്റെ രീതിശാസ്ത്രത്തിലേക്കോ നിലവാരത്തിലേക്കോ ഉയരുന്നില്ല. സംഘകാലകൃതിയായിരുന്ന പതിറ്റുപ്പത്ത് സംസ്കൃതകാവ്യമാണെന്നുപോലും ഒരിടത്തു സൂചിപ്പിക്കുന്നുണ്ട്. ഉൽക്കാസിദ്ധാന്തം ശുദ്ധ ഭോഷ്കാണെന്നും പറയേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Syrian Manual - Samagra Keralacharithram'
Author: T O Elias
Publisher: National Book Stall, 2015 (First)
ISBN: 9789385725470
Pages: 338

Tuesday, January 3, 2023

മലയാളസാഹിത്യ ചരിത്രം - എഴുതപ്പെടാത്ത ഏടുകൾ

സർക്കാരിന്റേയും ഭാഷാസ്നേഹികളുടേയും നിതാന്തപരിശ്രമത്തെത്തുടർന്ന് ഒരു പതിറ്റാണ്ടുമുമ്പ് മലയാളം ശ്രേഷ്ഠഭാഷ (classical language) എന്ന പദവി നേടിയെടുത്തു. എന്നാൽ ഭാഷയിലെ സാഹിത്യരൂപങ്ങൾ മിക്കവയും നവീനമാണെന്നും ഏതാനും ശതകങ്ങൾക്കുമുമ്പുപോലും നമ്മുടെ ഭാഷയ്ക്ക് സ്വതന്ത്രനിലനിൽപ്പ് ഉണ്ടായിരുന്നില്ലെന്നുമുള്ള വാദഗതി ശക്തമായി ഉയർന്നുവന്നെങ്കിലും അതിനെ മറികടന്നാണ് മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. പാശ്ചാത്യസാഹിത്യത്തിൽപ്പോലും ജ്ഞാനോദയഘട്ടത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട സാഹിത്യരൂപങ്ങൾ മലയാളത്തിൽ വന്നെത്തിയ കാലവും ആ പ്രസ്ഥാനങ്ങളിലെ ആദ്യ പ്രമുഖകൃതി കണ്ടെത്തലും നിർണ്ണയിക്കുകയാണ് ഈ കൃതിയുടെ ദൗത്യം. ഒരു ശാഖയിൽ ആദ്യം രചിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ കൃതികളെ മുൻനിർത്തിയാണ് ഈ പുസ്തകത്തിൽ ചരിത്രാവതരണം നടത്തുന്നത്. പത്തു പ്രബന്ധങ്ങളാണ് ഇതിലുള്ളത്. അവയെല്ലാം പത്തു പുസ്തകങ്ങൾക്ക് അദ്ദേഹം മുൻപു തയ്യാറാക്കിയ ആമുഖപഠനങ്ങളാണ്. പത്രപ്രവർത്തകനായ പോൾ മണലിൽ പതിനഞ്ചോളം കൃതികൾ രചിക്കുകയും, പത്രപ്രവർത്തനം, നാടോടിക്കഥ, സാഹിത്യം, മതം തുടങ്ങിയ വിഷയങ്ങളിൽ മുപ്പതു കൃതികൾ സംശോധനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബൈബിൾ വിവർത്തനം, നാടകം, ആത്മകഥ, യാത്രാവിവരണം, കേരളചരിത്രം, പുരാണനിഘണ്ടു, ഗദ്യകാവ്യം, കത്തുകൾ, ഡിറ്റക്റ്റീവ് നോവൽ, വിലാപകാവ്യം എന്നിങ്ങനെ പത്തു വിഷയങ്ങളാണ് സമഗ്രമായ വസ്തുതാവിവരണത്തോടെ തന്റേതായ വാദമുഖങ്ങൾ നിരത്തി മണലിൽ ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ആദ്യത്തെ ബൈബിൾ വിവർത്തനം കായംകുളം ഫിലിപ്പോസ് റമ്പാന്റെ 'റമ്പാൻ ബൈബിൾ' ആണ്. മറ്റു ശാഖകളിലെ ആദ്യഗ്രന്ഥങ്ങൾ ഇങ്ങനെ: നാടകം - കല്ലൂർ ഉമ്മൻ ഫിലിപ്പോസിന്റെ 'ആൾമാറാട്ടം', ആത്മകഥ - യാക്കോബ് രാമവർമ്മൻ എഴുതിയ ആത്മകഥ, യാത്രാവിവരണം - പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്രാവിവരണം', താളിയോലയിൽ എഴുതപ്പെട്ട ആദ്യത്തെ കേരളചരിത്രം - ആറാം മാർത്തോമ്മായുടെ 'നിരണം ഗ്രന്ഥവരി', പുരാണനിഘണ്ടു - പൈലോ പോളിന്റെ 'പുരാണകഥാ നിഘണ്ടു', ഗദ്യകാവ്യം - ചിത്രമെഴുത്ത് കെ. എം. വർഗീസിന്റെ 'ചെങ്കോലും മുരളിയും', കത്തുകളുടെ ആദ്യ സമാഹാരം - സി. ബി. കുമാറിന്റെ 'ലണ്ടൻ കത്തുകൾ', ഡിറ്റക്റ്റീവ് നോവൽ - ഓ. എം. ചെറിയാന്റെ 'മിസ്റ്റർ കെയ്‌ലി', വിലാപകാവ്യം - അർണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം'.

ആധുനികഭാഷയുടെ പ്രാഥമികഘട്ടങ്ങളിൽ രൂപപ്പെട്ടുവന്ന ഈ സംരംഭങ്ങളെ മുഖ്യധാരാ പ്രയോക്താക്കൾ കാണാതെ പോയി എന്ന് ഓരോ തവണയും ആവർത്തിക്കുമ്പോഴും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു പരിശോധിക്കാൻ മണലിൽ തയ്യാറാകുന്നില്ല. വിജ്ഞാന സംപ്രേഷണം ഇന്നത്തെപ്പോലെ വ്യാപകമല്ലാതിരുന്ന കാലഘട്ടത്തിൽ, കേരളം തന്നെ മൂന്നു രാജ്യങ്ങളായി രാഷ്ട്രീയാടിസ്ഥാനത്തിൽ ചിതറിക്കിടന്നിരുന്ന ഒരു സന്ധിയിൽ, ദൂരെയെങ്ങോ ഒരു പ്രസിദ്ധീകരണത്തിൽ ആദ്യമായി വെളിച്ചം കാണുന്ന ഒരു നവീനപ്രതിഭാസത്തെ ആ മേഖലയിലെ വിദഗ്ദ്ധർ പോലും കാണാതെ പോയേക്കാം. മാത്രവുമല്ല, മുകളിൽ പറഞ്ഞവയിൽ ഏതാണ്ടെല്ലാം തന്നെ കൃസ്തീയവിശ്വാസങ്ങളെ മാത്രം കൈകാര്യം ചെയ്യുന്ന സഭയുടെ പത്രങ്ങളിലൂടെയാണ് പുറത്തിറങ്ങിയിട്ടുള്ളതും. എങ്കിലും ചില അവസരങ്ങളിൽ ഈ സാമാന്യവൽക്കരണവും നിലനിൽക്കുകയില്ല. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷേക്‌സ്‌പിയറിന്റെ A Comedy of Errors എന്ന നാടകം 1866-ലാണ് ആൾമാറാട്ടം എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്. പക്ഷേ സാഹിത്യചരിത്രമെഴുതിയ ഉള്ളൂരും മറ്റു നിരവധി പണ്ഡിതരും ഇതിനെ നോവലായി എണ്ണി. 1882-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തർജ്ജമ ചെയ്‌ത കേരളഭാഷാ ശാകുന്തളമാണ് ആദ്യ നാടകമായി കരുതപ്പെട്ടുവരുന്നത്. 'ആൾമാറാട്ട'ത്തിന്റെ ഘടനാശൈലിയെ സംശയിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും അതൊരിക്കലും രംഗവേദിയിൽ അവതരിപ്പിച്ചില്ല എന്നതിനാൽ. ശാകുന്തളമാകട്ടെ നാടുനീളെ അവതരിപ്പിക്കുകയും ചെയ്തു. രംഗത്ത് അവതരിപ്പിക്കലാണ് മാനദണ്ഡമെങ്കിൽ വെളുത്തേരി കേശവൻ വൈദ്യന്റെ 1881-ൽ ഇറങ്ങിയ അഭിജ്ഞാന ശാകുന്തളം വിവർത്തനമാണ് ഈ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു. എന്നാൽ ആൾമാറാട്ടത്തെ സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയെന്നും തെറ്റുതിരുത്തൽ 1970-കളിൽ പ്രകടമായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സംസ്കൃതനാടക പരിഭാഷകൾ, ഷേക്‌സ്‌പിയർ നാടകപരിഭാഷകൾ, സംഗീതനാടകങ്ങൾ, പുരാണനാടകങ്ങൾ എന്നിവയിലൂടെ വളർന്നുവന്ന നാടകപ്രസ്ഥാനം സ്വതന്ത്ര സാമൂഹികനാടകങ്ങളുടെ ഘട്ടത്തിലെത്തിയത് 1878-ൽ കൊച്ചീപ്പൻ തരകൻ എഴുതി അവതരിപ്പിച്ച 'മറിയാമ്മ'യിലൂടെയാണത്രേ! മതസാഹിത്യമെടുത്താൽ കായംകുളം ഫിലിപ്പോസ് റമ്പാൻ വേദപുസ്തകം പരിഭാഷപ്പെടുത്തുന്നത് ആറാം മാർത്തോമ്മയായ വലിയ മാർ ദിവന്നാസിയോസിന്റെ നിർദ്ദേശപ്രകാരമാണ്. ആ സഭയിൽ മാത്രം അതിന്റെ പ്രചാരം ഒതുങ്ങി നിൽക്കുകയും ചെയ്തു. ആദ്യത്തെ ചരിത്രപുസ്തകമെന്നവകാശപ്പെടുന്ന നിരണം ഗ്രന്ഥവരി മാർത്തോമ്മായുടെ ദിനവൃത്താന്ത കുറിപ്പുകളായിരുന്നതിനാൽ അദ്ദേഹത്തിന്റെ അടുത്ത പരിചാരകരല്ലാതെ മറ്റാരും അവ കണ്ടിരിക്കാൻ പോലും തരമില്ല. പണ്ഡിതശ്രദ്ധ അവയിൽ പതിയാതെ പോയതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്.

കേരളത്തിലെ കൃസ്തുമതത്തിന്റേയും സഭയുടേയും വളർച്ചാപരിണാമങ്ങൾ ഗ്രന്ഥകർത്താവ് മറ്റു വിവരണങ്ങൾക്കിടയിലൂടെ സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. ആചാരം, സംസ്കാരം, ജീവിതരീതികൾ എന്നിവ അഭംഗുരം തുടർന്നുകൊണ്ട് കൃസ്തീയവിശ്വാസം സ്വീകരിച്ച ദേശീയജനസമൂഹമായിരുന്നു മാർത്തോമ്മാ കൃസ്ത്യാനികൾ. പോൾ മണലിൽ ആ സഭാംഗമാണോ എന്നു വ്യക്തമല്ല. എങ്കിലും ഈ ഗ്രന്ഥത്തിലെ പല അദ്ധ്യായങ്ങളും ആധാരമാക്കിയിരിക്കുന്നത് മാർത്തോമ്മാ സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തേയും അതിലെ വിശ്വാസികളായ സാഹിത്യകാരന്മാരേയുമാണ്. തോമാശ്ലീഹായോളം പഴക്കം ചെന്ന വിശ്വാസപരമ്പര്യം അവകാശപ്പെടുന്നവരാണെങ്കിലും പോർച്ചുഗീസുകാർ കേരളത്തിൽ ആധിപത്യം ഉറപ്പിക്കുന്നതുവരെ കേരളീയ കൃസ്ത്യാനികൾക്ക് ദേശീയമോ അന്തർദ്ദേശീയമോ ആയ ഒരു സഭയോ മെത്രാൻ പോലുമോ ഉണ്ടായിരുന്നില്ല. അർക്കാദിയാക്കോൻ എന്നറിയപ്പെട്ട ഒരു ജാതിത്തലവനുകീഴിൽ പരമ്പരാഗതമായി പൗരോഹിത്യം ചാർത്തിക്കിട്ടിയ ഏതാനും കുടുംബങ്ങളുടെ മതപരമായ നിയന്ത്രണത്തിൽ ആ കൊച്ചുസമൂഹം വളർന്നുപോന്നു. അവരെ റോമിനുകീഴിൽ കൊണ്ടുവരാൻ പോർച്ചുഗീസുകാർ ശ്രമം തുടങ്ങിയതോടെ അസ്വാരസ്യങ്ങളും ഭിന്നിപ്പും തലപൊക്കി. 1599 മുതൽ അരനൂറ്റാണ്ടുകാലം അവർ റോമൻ ആധിപത്യം സ്വീകരിച്ചുവെങ്കിലും കൂനൻകുരിശു സത്യത്തിനുശേഷം തോമ്മാ അർക്കാദിയാക്കോൻ ആദ്യ മാർത്തോമ്മായായി ഒരു തനി കേരളീയസഭ രൂപം കൊണ്ടു. പോർച്ചുഗീസ് അതിക്രമങ്ങളെ ചെറുക്കാൻ അവർ അന്ത്യോഖ്യയിലെ പാത്രിയാർക്കീസുമായി സന്ധി ചെയ്തുവെങ്കിലും അവസരം മുതലാക്കി അവരെ തന്റെ സഭയിലേക്ക് മുതൽക്കൂട്ടുവാനാണ് പാത്രിയാർക്കീസ് തുനിഞ്ഞത്. എന്നാൽ മാർത്തോമ്മാ കൃസ്ത്യാനികൾ പേർഷ്യൻ ക്രമത്തിൽ അടിയുറച്ചുനിന്നു.

ചില കൗതുകകരമായ വസ്തുതകളും ഈ പുസ്തകം കാണിച്ചുതരുന്നുണ്ട്. വള്ളത്തോൾ 'മഗ്ദലന മറിയം' എന്ന ഖണ്ഡകാവ്യം രചിച്ചത് ബൈബിൾ വിദഗ്ദ്ധരായ ചില കൃസ്ത്യൻ സാഹിത്യകാരന്മാരുമായി നടത്തിയ ചർച്ചകൾക്കുശേഷമായിരുന്നു. അതിലൊരാൾ വിഖ്യാത ഗദ്യകവിയായ ചിത്രമെഴുത്ത് കെ. എം. വർഗ്ഗീസാണ്. ചിത്രരചനയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യമാണ് ആ നാമവിശേഷണം നേടിക്കൊടുത്തത്. വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം വള്ളത്തോൾ തന്റെ കാവ്യത്തിന് ആദ്യം നിശ്ചയിച്ച പേര് മാറ്റുകയായിരുന്നുവത്രേ. ആ പേര് എന്തായിരുന്നെന്നോ - 'ഒരു തേവിടിശ്ശിയുടെ പശ്ചാത്താപം'! ഭാഷയിലെ ആദ്യ ഡിറ്റക്റ്റീവ് നോവലെന്നവകാശപ്പെടുന്ന ഓ. എം. ചെറിയാന്റെ 'മിസ്റ്റർ കെയ്‌ലി' എന്ന രചന 1900-ൽ വെളിച്ചം കണ്ടതാണ്. അപ്പൻ തമ്പുരാൻ 1904-ൽ പ്രസിദ്ധീകരിച്ച 'ഭാസ്കരമേനോൻ' എന്ന കൃതിയെയാണ് സാഹിത്യചരിത്രകാരന്മാർ കുറ്റാന്വേഷണ ജനുസ്സിലെ ആദ്യസംരംഭമായി പരിഗണിച്ചുവരുന്നത്. 'മിസ്റ്റർ കെയ്‌ലി'യുടെ കഥാസംഗ്രഹം ഇവിടെ നൽകിയിരിക്കുന്നത് പരിശോധിച്ചാൽ ഷെർലക് ഹോംസ് കഥകളിലെ 'The Adventure of the Beryl Coronet' എന്ന കഥയുടെ തനിപ്പകർപ്പാണെന്നു മനസ്സിലാകും. എന്നാൽ കഥാപാത്രങ്ങളും സന്ദർഭവുമൊക്കെ ഭാരതീയമാക്കിയിരിക്കുന്നതിനാൽ ഇത് തർജ്ജമയേക്കാളുപരിയായി സാഹിത്യമോഷണമെന്നേ കണക്കാക്കാനാവൂ. Beryl Coronet-മായുള്ള മിസ്റ്റർ കെയ്‌ലിയുടെ ബന്ധം പോൾ മണലിൽ തിരിച്ചറിഞ്ഞതായി കാണുന്നില്ല.

സുകുമാർ അഴീക്കോട് എഴുതിക്കൊടുത്ത പ്രൗഢഗംഭീരമായ അവതാരിക ഈ ഗ്രന്ഥത്തെ ധന്യമാക്കുന്നു. ഇതിൽ പരാമർശിച്ചിരിക്കുന്ന പല കൃതികളും അദ്ദേഹത്തിന് മുൻപരിചയമുള്ളതാണെന്നും അവയുടെ യോഗ്യതയെക്കുറിച്ച് സംശയമില്ലെന്നും പ്രഖ്യാപിക്കുമ്പോൾത്തന്നെ ചിലവയുടെ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസവും അദ്ദേഹം പങ്കുവെക്കുന്നു. കത്തെഴുത്തു ശാഖയിലെ ആദ്യ പരിശ്രമമായ 'ലണ്ടൻ കത്തുകളുടെ' രചയിതാവായ സി. ബി. കുമാർ ഒഴികെയുള്ള മറ്റെല്ലാവരും കൃസ്തീയ പുരോഹിതന്മാരും ആ വിശ്വാസികളും ആണെന്നത് ലേഖകന്റെ കാഴ്ചപ്പാടിലെ വർഗ്ഗീയാംശം പുറത്തുവരുന്നതാണെന്ന് വായനക്കാർ സംശയിച്ചേക്കാൻ ഇടയുണ്ട്. നല്ലൊരു ഭാഗം മാർത്തോമ്മാ സഭയുടെ വിശ്വാസമാഹാത്മ്യം സ്ഥാപിക്കാൻ ചെലവഴിക്കുന്നുമുണ്ടല്ലോ.

പുസ്തകം ശുപാർശ ചെയ്യുന്നു.