Showing posts with label കുമാരനാശാൻ. Show all posts
Showing posts with label കുമാരനാശാൻ. Show all posts

Friday, August 25, 2023

ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ

ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കാവ്യസപര്യ മഹാകവി കുമാരനാശാന്റേതായിരിക്കാം. ഇന്നും ആ പ്രക്രിയ അനുസ്യൂതം തുടരുകയാണല്ലോ. ആശാന്റെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ വർഷം സംഘടിക്കപ്പെട്ട പല ചടങ്ങുകളിലും ആശാന്റെ പുതിയ വായനകൾ പ്രത്യക്ഷപ്പെട്ടു എന്ന വസ്തുത വിരൽ ചൂണ്ടുന്നതും അതിലേക്കാണ്. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളിലെ ജാതിമേധാവിത്വത്തിനെതിരായ മുറവിളി അദ്ദേഹത്തെ നവോത്ഥാനകവികളുടെ നിരയിലേക്കുമുയർത്തി. എന്നാൽ ഇത്തരം ലളിതവൽക്കരണങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ആശാന്റെ ജീവിതവും മറ്റു കൃതികളും മറ്റു പലവിധ രചനകളും പരിശോധിച്ചാൽ ഏതൊരു മനുഷ്യനിലുമെന്നപോലെ പല വൈരുദ്ധ്യങ്ങളും കാണാൻ കഴിയും. നിത്യവൃത്തിക്ക് ബുദ്ധിമുട്ടലാണ് സാഹിത്യപ്രവർത്തനത്തിന്റെ കേവല അടയാളം എന്ന ധാരണ നിലനിൽക്കുന്ന നാട്ടിൽ ഓട്ടുകമ്പനി നടത്തി വ്യവസായിയാകാൻ ശ്രമിച്ച ആശാനെ എങ്ങനെ വിപ്ലവകാരികളുടെ ഗണത്തിൽ പെടുത്തും? മാത്രവുമല്ല, കൃതികളിലെ വിമതശബ്ദം സമുദായ-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല എന്നതുകൂടി ഓർക്കണം. രാജാധികാരത്തോട് ചേർന്നുനിന്നുകൊണ്ട് സ്വന്തം സമുദായത്തിന്റെ നന്മക്കുവേണ്ടി ആശാൻ അക്ഷീണം പ്രയത്നിച്ചു. കവിത്വത്തിന്റെ അംഗീകാരമെന്ന നിലയിൽ രാജ്യം സന്ദർശിച്ച വെയിൽസ്‌ രാജകുമാരനിൽനിന്ന് പട്ടും വളയും സ്വീകരിച്ചതിനെ ബ്രിട്ടീഷുകാരുടെ പാദസേവയായി വ്യാഖ്യാനിച്ച കമ്മ്യൂണിസ്റ്റ് വാഗ്മികളുടെ വിപ്ലവ അഹന്തയും നാം കണ്ടിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ആശാന്റെ സാമ്പ്രദായിക ചിത്രീകരണത്തിൽനിന്നു വിഭിന്നമായി അദ്ദേഹം ഹിന്ദുത്വം കേരളത്തിൽ ഉറപ്പിച്ചയാളാണ് എന്ന അവകാശവാദവുമായി ഈ കൃതി രംഗത്തെത്തുന്നതും ഈ ലഘുരചന വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. ഗ്രന്ഥകാരനായ ശ്രീ. രാമചന്ദ്രൻ തൃപ്പൂണിത്തുറ സ്വദേശിയാണ്. എഴുത്തുകാരൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈന്ദവ മതകാര്യങ്ങളിലും തത്വചിന്തയിലും ആശാന്റെ അദ്വിതീയമായ പാടവം വിലയിരുത്തിക്കൊണ്ടാണ് ആദ്യഭാഗം കടന്നുപോകുന്നത്. ആദിശങ്കരനെക്കുറിച്ച് അളവറ്റ ബഹുമാനം പുലർത്തിയ മഹാകവി ലോകഗുരു എന്നാണ് ശങ്കരനെ വിശേഷിപ്പിക്കുന്നത്. അദ്വൈതത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന ആശാൻ 1908-ൽ വേദാന്തമതം എന്ന ശീർഷകത്തിൽ ഒരു പ്രബന്ധം എഴുതിയിരുന്നു. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് അതിൽ സമർത്ഥിക്കുന്നു. ആശാൻ 1901-ൽ കവിതാരചനയിലേക്ക് ഗൗരവമായി പ്രവേശിക്കുന്നത് ശങ്കരന്റെ 'സൗന്ദര്യലഹരി' പരിഭാഷപ്പെടുത്തിക്കൊണ്ടാണ്. 1907-ൽ വീണപൂവ് എഴുതുന്നതുവരെ സ്തോത്രകൃതികളിലാണ് അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നത്. 'ഹാ, ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും' എന്ന് വീണപൂവിലും 'ഉത്തുംഗമാമുപനിഷത്തുകളോതിടുന്ന തത്വങ്ങളെ തടവകന്നനുചിന്ത ചെയ്തു' എന്ന് ശിവജ്ഞാനപഞ്ചകത്തിലും ആശാൻ കുറിച്ചത് യാദൃശ്ചികമായല്ല എന്നു സാരം. നാരായണഗുരു രചിച്ച ആത്മോപദേശ ശതകത്തിന് ആശാൻ രചിച്ച മുഖവുരയിൽ ലളിതമായി അദ്വൈതതത്വങ്ങൾ വിശദീകരിക്കുന്നത് വേദാന്തത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ ജ്ഞാനത്തിന് തെളിവാണ്. എന്നാൽ സ്തോത്രകൃതികളിൽ നിന്ന് ഭക്തിവിചാരം മാത്രം ഏറിനിൽക്കുന്ന ഒട്ടനവധി ഉദ്ധരണികൾ ഇതിൽ എടുത്തുചേർത്തിരിക്കുന്നത് കല്ലുകടിയായും തോന്നി.

ആദിശങ്കരനോട് ആശാനുണ്ടായിരുന്നത്രയുമോ ഒരുപക്ഷേ അതില്കൂടുതലോ ആദരവ് അദ്ദേഹത്തിന് ശ്രീബുദ്ധനോടുണ്ടായിരുന്നതായി നമുക്കു കാണാൻ കഴിയും. എഡ്വിൻ ആർനോൾഡിന്റെ 'The Light of Asia' എന്ന കൃതി ശ്രീബുദ്ധചരിതം എന്ന പേരിൽ പദ്യരൂപത്തിൽ തർജ്ജമ ചെയ്യാൻ ആശാൻ തന്റെ കഴിവും സമയവും വളരെയധികം ഉപയോഗിച്ചിരുന്നതാണ്.

'അനുപമകൃപാനിധി,
യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി
ചൊരിയും നാളിൽ' എന്നു കരുണയിലും

'എങ്ങുമൊരു ശാന്തി വീശി - ലോകം
മുങ്ങി നിർവാണത്തിൽ താനേ
എത്തി നിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി' എന്നു ചണ്ഡാലഭിക്ഷുകിയിലും രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധദർശനങ്ങൾ പ്രാചീനഭാരതത്തിൽ നടപ്പിൽ വരുത്തിയ ഒരു സുവർണകാലത്തിന്റെ സ്‌മരണയായിട്ടുതന്നെയാണ്. എന്നാൽ ആ പേരുപറഞ്ഞ് ഇരുപതാം നൂറ്റാണ്ടിൽ ജാതിവിവേചനത്തെ ചെറുക്കാൻ ഈഴവർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന വിതണ്ഡവാദത്തെ ആശാൻ ശക്തിയായി എതിർത്തു. എതിരാളികളുടെ വാദങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന 'മതപരിവർത്തനരസവാദം' എന്ന പേരിൽ ഒരു ലേഖനം പോലും രചിക്കുകയും ചെയ്തു. അതിലദ്ദേഹം ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല, തന്റെ ഏതെങ്കിലും കൃതികളിൽ മതത്തെ ഉപലംഭിച്ചു താൻ ചെയ്യുന്ന നിർദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവർത്തനത്തെ മുൻനിർത്തിയല്ലെന്നും വായനക്കാർ ഗ്രഹിക്കണമെന്നഭ്യർത്ഥിച്ചു. തന്നെയുമല്ല, ധനവും വിദ്യയും കൊണ്ട് സമുദായശക്തി കൂട്ടിയാൽ അവകൊണ്ടുനേടുന്ന സ്വാതന്ത്ര്യം നിലനിൽക്കുമെന്നും അതിനുവേണ്ടി വേറൊരു മതത്തെ കടം വാങ്ങേണ്ടതില്ലെന്നും ഖണ്ഡിതമായി അഭിപ്രായപ്പെട്ടത് മിതവാദി. സി. കൃഷ്ണനെപ്പോലുള്ള ബുദ്ധമതവാദികളെ തളർത്തി. മതപരിവർത്തന സംവാദങ്ങൾക്കിടയിൽ ബുദ്ധമതത്തിന്റെ നല്ല വശങ്ങൾ മാത്രവും ഹിന്ദുമതത്തിലെ ദോഷവശങ്ങൾ മാത്രവും ചർച്ചയാക്കുന്നത് ആശാൻ പ്രത്യക്ഷത്തിൽത്തന്നെ ചൂണ്ടിക്കാട്ടുകയും എതിർക്കുകയും ചെയ്തു.

ഭാരതത്തിലെത്തന്നെ ഏറ്റവും ഭീകരമായ ഏകപക്ഷീയ വർഗ്ഗീയകലാപങ്ങളിലൊന്നാണ് ഹിന്ദു വംശഹത്യയോളം എത്തിയ 1921-ലെ മാപ്പിള ലഹള. അവിടെ നടമാടിയ കൊടിയ അക്രമത്തെക്കുറിച്ച് നേരിട്ടറിഞ്ഞ സവർണ്ണകവികൾ പോലും ഒരക്ഷരം ഉരിയാടാൻ ധൈര്യപ്പെടാതെ മൗനമവലംബിച്ചപ്പോൾ 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ ലഹളയിലെ പൈശാചികത ആശാൻ വെളിപ്പെടുത്തി. 1921-ൽ ടി. കെ. നാരായണൻ എന്ന സുഹൃത്തിനോടൊപ്പം മലബാർ സന്ദർശിച്ച് ലഹളയുടെ കെടുതികൾ നേരിട്ടു മനസ്സിലാക്കിയതിനുശേഷമാണ് ആശാൻ ദുരവസ്ഥക്കുവേണ്ടി തൂലിക കയ്യിലെടുത്തത്. മുസ്ലീങ്ങൾ വ്യാപകമായി കാവ്യത്തിനെതിരെ രംഗത്തുവന്നു. ആലപ്പുഴയിലെ മുസ്‌ലിം യുവജനസംഘം കൃതിക്കെതിരെ പ്രമേയം പാസ്സാക്കി. തൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെക്കുറിച്ചാണെന്നും മതഭ്രാന്തിനെ മുൻനിർത്തിയുള്ള അവരുടെ ക്രൂരപ്രവൃത്തികൾ തൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയാണെന്നും മഹാകവി ധീരമായി മറുപടി നൽകി. അതിനുശേഷം മുസ്‌ലിം ബുദ്ധിജീവികൾ തിരുവനന്തപുരത്തു യോഗം ചേർന്ന് കവിത പിൻവലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. മതേതര നേതാക്കളെന്ന് പിൽക്കാലത്ത് അറിയപ്പെട്ട വക്കം അബ്ദുൽ ഖാദർ മൗലവിയും കെ. എം. സീതിസാഹിബ്ബും ആ സംഘത്തിലുണ്ടായിരുന്നുവെന്നതാണ് വിരോധാഭാസം! എന്നാൽ ആശാൻ ആ ആവശ്യവും നിരാകരിച്ചു. നിർബന്ധമായി മതം മാറ്റപ്പെട്ട 2600 പേരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആര്യസമാജവുമായും ആശാൻ അടുത്ത ബന്ധം പുലർത്തി. പണ്ഡിറ്റ് ഋഷിറാം എന്ന ആര്യസമാജനേതാവ് 1924-ൽ ആലുവയിൽ കൂടിയ സർവ്വമതസമ്മേളനത്തിൽ സമാജത്തെ പ്രതിനിധീകരിച്ചു. ഈ സത്യത്തെ മുഴുവൻ മറികടന്ന് ദുരവസ്ഥയിലെ ജാതിവ്യവസ്ഥക്കെതിരായ അമർഷവും മിശ്രവിവാഹത്തോടുള്ള പ്രോത്സാഹനവും ദ്യോതിപ്പിക്കുന്ന വരികൾ അടർത്തിയെടുത്ത് ആ കൃതി പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയാണെന്നുള്ള ഇ.എം.എസ്സിന്റെ നിരീക്ഷണത്തെ ലേഖകൻ നിശിതമായി എതിർക്കുന്നു. നമ്പൂതിരിയായ സാവിത്രി പുലയനായ ചാത്തനെ വിവാഹം ചെയ്ത് മാർക്സിസ്റ്റ് പാർട്ടിയിൽ അംഗമായി എന്ന മട്ടിലാണ് വിശകലനങ്ങളുടെ പോക്ക് എന്നു പരിഹസിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ മതപരിവർത്തനത്തിനും ഇസ്ലാമികഭീകരവാദത്തിനുമെതിരായ ആദ്യ മലയാളിഗർജ്ജനമാണ് ദുരവസ്ഥയെന്ന് രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു.

വെറും 91 പേജുകൾ മാത്രമുള്ള ഈ ഹൃസ്വകൃതി എളുപ്പത്തിൽ വായിച്ചുതീർക്കാവുന്നതാണ്. എന്നാൽ അതുയർത്തുന്ന ചോദ്യങ്ങൾ കേരളത്തിലെ പുരോഗമന-നവോത്ഥാന ജാഡയുടെ പുറംതോടു പൊളിച്ച് ചില അപ്രിയസത്യങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും പുസ്തകത്തിന്റെ ശീർഷകത്തെക്കുറിച്ച് വായനക്കാർക്ക് തോന്നാവുന്ന നിർമമത അതു വായിച്ചുകഴിഞ്ഞതിനുശേഷവും മാറ്റിക്കളയാൻ ഗ്രന്ഥകാരനായിട്ടില്ല. 'ഹിന്ദുത്വം' എന്ന പദത്തിന് അദ്ദേഹം എന്തെല്ലാം വാച്യാർത്ഥങ്ങൾ പരിഗണിച്ചിട്ടുണ്ടെങ്കിലും ആധുനികകാലത്ത് ഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നിട്ടുള്ള ഹൈന്ദവദേശീയതയെയാണ് നാം ഇന്ന് ഹിന്ദുത്വം എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഹിന്ദുദേശീയത എന്ന ആശയം ആശാനെ സ്വാധീനിച്ചതായി തെളിയിക്കാൻ ഈ ഗ്രന്ഥത്തിനായിട്ടില്ല. ഹിന്ദുമതത്തിന്റെ ധാർമിക-ആദ്ധ്യാത്മിക തലങ്ങളിലാണ് മഹാകവി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ അർത്ഥത്തിൽ 'ഹൈന്ദവത ഉറപ്പിച്ച കുമാരനാശാൻ' എന്ന തലക്കെട്ടായിരുന്നു കൂടുതൽ ഉചിതം എന്നു പറയേണ്ടിവരും. കൃത്യമായ ഒരു കുറിപ്പ് ഇതിനെക്കുറിച്ച് രാമചന്ദ്രൻ നൽകേണ്ടതായിരുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Hindutvam Urappicha Kumaranasan'
Author: Ramachandran
Publisher: Indus Scrolls Bhasha, 2023 (First)
ISBN: 9789390981847
Pages: 91

Tuesday, July 18, 2023

പ്രരോദനം - വിവിധഭാവങ്ങളുടെ സംവാദവേദി

ഗഹനമായ സാഹിത്യകൃതികളിലേക്കും അന്താരാഷ്ട്ര സാഹിത്യത്തിലേക്കുമുള്ള വാതായനങ്ങളാണ് സാനുമാഷിന്റെ കൃതികൾ. എത്ര കടുപ്പത്തിലുള്ള രചനയേയും ഏതുതരം വായനക്കാർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള കഴിവ് സവിശേഷമായിത്തന്നെ അദ്ദേഹത്തിനുണ്ട്. മാത്രവുമല്ല, ഒരു സാഹിത്യകാരന്റെ സംഭാവന അതിന്റെ സമഗ്രതയിൽ വരച്ചുകാട്ടുന്ന അനേകം കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. എം. കെ. സാനുവിന്റെ ഏറ്റവും നൂതന രചനകളിലൊന്നാണ് ഈ പുസ്തകം. മഹാകവി കുമാരനാശാന്റെ 'പ്രരോദനം' എന്ന ഖണ്ഡകാവ്യമാണ് ഇതിലെ ഇതിവൃത്തം. ആശാന്റെ കൃതികളിൽ പ്രരോദനം വേറിട്ടുനിൽക്കുന്നു. ഈ കാവ്യത്തിൽ കഥാഖ്യാനമില്ല. ഏ. ആർ. രാജരാജവർമ്മയുടെ അകാലനിര്യാണത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു വിലാപകാവ്യം എന്ന നിലയിൽ കാവ്യത്തിന്റെ സമഗ്രതയിൽ ദുഃഖത്തിന്റേതായ കേന്ദ്രഭാവം കടലിൽ തിരകൾപോലെ വ്യാപിച്ചിരിക്കുന്നു. കാവ്യം പരിചയപ്പെടുത്തുന്നതോടൊപ്പം വിമർശനവും കലർത്തുക എന്ന ഇതിലെ ശൈലി ഏ. ആറിൽനിന്ന് പഠിച്ചെടുത്തതാണെന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു.

മലയാളഭാഷയേയും സാഹിത്യത്തേയും നവീകരിക്കുക എന്ന പ്രക്രിയയിൽ ഏർപ്പെട്ടയാളാണ് കവിയും വിമർശകനുമായ ഏ. ആർ. രാജരാജവർമ്മ. സംസ്കൃതത്തിലെ വ്യാകരണകാരനായ പാണിനിയെ അനുസ്മരിച്ചുകൊണ്ട് മലയാളവ്യാകരണഗ്രന്ഥമായ കേരളപാണിനീയം രചിച്ച ഏ. ആറിനെ കേരളപാണിനി എന്നാണ് വിശേഷിപ്പിക്കുന്നത്. ഗുരുകുലരീതി അവസാനിപ്പിച്ച് സംസ്കൃതഭാഷ കലാലയങ്ങളിലൂടെ പഠിപ്പിക്കുവാൻ കോളേജ് പ്രൊഫസർ കൂടിയായ രാജരാജവർമ്മയുടെ ശ്രമങ്ങൾ വിജയം കണ്ടു. ഗുരുകുലത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ തുടക്കത്തിൽ കോളേജ് വിദ്യാർത്ഥികളെ നിലവാരമില്ലാത്തവർ എന്നൊക്കെ ആക്ഷേപിച്ചുവെങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽ അതിനു പുറംതിരിഞ്ഞുനിന്ന എല്ലാ ഏച്ചുകെട്ടുകളും വൈകാതെ അപ്രത്യക്ഷമായി. ഏ. ആറിനോട് ആരംഭത്തിൽ ആശാന് വിപ്രതിപത്തിയാണ് തോന്നിയിരുന്നതെങ്കിലും പിന്നീടത് പരസ്പരബഹുമാനത്തിലും ഗാഢമായ സൗഹൃദത്തിലും ചെന്നെത്തി. കുലീനതയുടെ മടിത്തട്ടിൽ വളർന്നയാളാണെങ്കിലും രാജരാജവർമ്മ വ്യക്തിഗത മികവിനെ തിരിച്ചറിയുന്നതിലും ആദരിക്കുന്നതിലും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ 'ആംഗലസാമ്രാജ്യം' എന്ന സംസ്കൃതമഹാകാവ്യം വായിച്ചതോടെ ആശാനുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നിശ്ശേഷം മാറിപ്പോയി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കാളിദാസനുശേഷം ആദ്യമായാണ് ഒരു മഹാകാവ്യം വായിച്ചതെന്നുപോലും ആശാൻ പ്രസ്താവിക്കുന്നു. തുടർന്നാണ് രണ്ടു സാഹിത്യകാരന്മാരും നേരിട്ടിടപഴകുന്നത്. ദ്വിതീയാക്ഷരപ്രാസവിവാദം തലപൊക്കുന്നകാലത്ത് കേരളവർമ്മ വലിയകോയിത്തമ്പുരാനും അനുയായികളും പ്രാസത്തിനുവേണ്ടി നിലകൊണ്ടപ്പോൾ അദ്ദേഹത്തിന്റെ അനന്തരവൻ കൂടിയായ ഏ. ആറും സുഹൃത്തുക്കളും അർത്ഥത്തെ വഴിയിൽ കളഞ്ഞുകൊണ്ട് പ്രാസം നിലനിർത്തുന്നത് തെറ്റാണെന്ന നിലപാടെടുത്തു. കൗതുകകരമെന്നുതന്നെ പറയട്ടെ, ഇവർ രണ്ടുപേരും സ്വന്തം കാവ്യങ്ങളിൽ ദ്വിതീയാക്ഷരപ്രാസം ധാരാളമായി ഉപയോഗിച്ചിരുന്നവരാണ്. പ്രാസത്തിനല്ല, അർത്ഥത്തിനാണ് പ്രമുഖസ്ഥാനം എന്നു വ്യഞ്ജിപ്പിക്കുന്ന ആശാന്റെ
"ഇന്നു ഭാഷയിതപൂർണമിങ്ങഹോ!
വന്നുപോം പിഴയുമർത്ഥശങ്കയാൽ
"
എന്ന ശ്ലോകംപോലും ദ്വിതീയാക്ഷരപ്രാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

സാധാരണ ജലദോഷപ്പനിയായി തുടങ്ങി ക്രമേണ ടൈഫോയ്ഡ് ആയി പരിണമിച്ച ജ്വരമായിരുന്നു ഏ. ആറിന്റെ മരണഹേതു. 1918-ലെ കാലവർഷത്തിന്റെ  തുടക്കത്തിൽ സംഭവിച്ച ആ നിര്യാണത്തിൽ ദുഃഖിതനായ ആശാൻ പ്രിയപുത്രന്റെ നിര്യാണത്തിൽ കേരളഭൂമി വിലപിക്കുകയാണെന്ന ഉൽപ്രേക്ഷ ഉപയോഗിച്ചുകൊണ്ടാണ് തന്റെ കാവ്യം സമാരംഭിക്കുന്നത്. നാലുവർഷം മുൻപ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ട മാതുലൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചിതാഭസ്മധൂളികൾ ശ്‌മശാനത്തിൽ അദ്ദേഹത്തിന്റെ നിശ്ചലശരീരത്തെ സ്വാഗതം ചെയ്യുന്നതായി സങ്കൽപ്പിക്കുന്നു. ദേവതകളും സംസ്കൃതസാഹിത്യത്തിലെ കാളിദാസപ്രഭൃതികളടങ്ങുന്ന സാർവഭൗമൻമാരും ആകാശത്തിൽ അണിനിരക്കുന്നു. ചുടലക്കാട് അദ്ധ്യാത്മവിദ്യാലയമാണെന്ന സങ്കൽപ്പവും ഈ കാവ്യത്തിലേതാണ്. സംസ്കൃതഭാഷാപ്രയോഗങ്ങളും കാവ്യകലയിലെ കരവിരുതുകളും ആശാന്റെ ഇതരകാവ്യങ്ങളെ അപേക്ഷിച്ച് ഇതിൽ ഏറിനിൽക്കുന്നു. അതിനാൽ ആഴമേറിയ വായനയിലൂടെയല്ലാതെ ഇതിലെ പലഭാഗങ്ങളും ആസ്വദിക്കാനാവില്ല. 'നീരാളും ഘനവേണി' എന്നു തുടങ്ങുന്ന ശ്ലോകം ഉദാഹരണം. ഇതിന്റെ അർത്ഥം സാനുമാഷ് വിശദീകരിച്ചതിനുശേഷവും ഒരുവിധപ്പെട്ടവനൊക്കെ ജീവനുംകൊണ്ടോടും. മരണവാർത്ത അറിഞ്ഞ കർക്കിടകമാസത്തിലെ കനത്ത മഴയെ കേരളഭൂമിയുടെ കരച്ചിലായി രൂപകങ്ങളാൽ അലങ്കരിച്ചിരിക്കുന്നതാണ് ശ്ലോകാർത്ഥം. കാവ്യത്തിന് ആശാൻ സമർപ്പണം രചിച്ചിരിക്കുന്നത് സംസ്കൃതശ്ലോകങ്ങളിലാണ്. വിദ്യാർഥിയായിരിക്കേ ചില സ്നേഹിതർക്കുള്ള കത്തുകൾ സംസ്കൃതപദ്യത്തിലായിരുന്നവല്ലോ ആശാൻ എഴുതിയിരുന്നത്. അവർ അതെന്തുചെയ്തിരുന്നോ എന്തോ! ചരിത്രത്തിൽ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മകൾ വായിച്ചിരുന്നിരിക്കാൻ സാദ്ധ്യതയില്ലാത്തതുപോലെ ഇതും.
 
നിരവധി ഭാവങ്ങളും വികാരങ്ങളും വരിവരിയായി അരങ്ങിലെത്തി ആദരാഞ്ജലികളർപ്പിച്ച് മടങ്ങിപ്പോകുന്ന ചേതോഹരമായ രംഗം നമുക്കിതിൽ കാണാം. അതിന്റെ തിരശീല ഗ്രന്ഥകാരൻ നമുക്കായി മാറ്റിത്തരുകയാണ്. ശോകത്തിന്റെ, അനുശോചനത്തിന്റെ, ഭയത്തിന്റെ, അമർഷത്തിന്റെ വിസ്മയത്തിന്റെ, ചിന്തയുടെയെല്ലാം ഭാവങ്ങൾ അവിടെ തിരക്കുകൂട്ടുന്നു. തോമസ് മാത്യുവിന്റെ അവതാരിക പുസ്തകത്തിനൊരലങ്കാരം തന്നെയാണ്. കൃതിയുടെ അവസാനം 'ഈ വഴി ഇവിടെ അവസാനിക്കുന്നു എന്നല്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ തീർന്നു, നിങ്ങൾക്ക് മുന്നോട്ടുപോകാം' എന്നാണ് സാനുമാഷിന്റെ ഓരോ പുസ്തകവും പറയാതെ പറയുന്നത് എന്ന ഭാവന ഹൃദ്യമായിരുന്നു. കാവ്യത്തിൽനിന്ന് ഒട്ടേറെ ഉദ്ധരണികൾ അനിവാര്യമായും ചേർത്തിട്ടുണ്ട്. അതിലൊരെണ്ണം എടുത്തെഴുതി ഈ ലേഖനം അവസാനിപ്പിക്കാം. സ്നേഹഗായകൻ എന്ന വിശേഷണം ആശാന് ചാർത്തിക്കിട്ടിയതിന്റെ കാരണം കൂടുതൽ അന്വേഷിക്കേണ്ടതില്ല.

ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
   കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
   റാവൃത്തി ചത്തീടുവിൻ
(ശ്ലോകം 49)

(എങ്ങനെയൊക്കെ കാത്തുസംരക്ഷിച്ചുകൊണ്ടിരുന്നാലും ദേഹം നിലനിൽക്കുകയില്ല. ശരീരം നശ്വരമാണ്. അതിനാൽ സ്ഥിരസ്നേഹത്തിനുവേണ്ടി നൂറുപ്രാവശ്യം മരിക്കാനും മടിക്കേണ്ടതില്ല)

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Prarodanam - Vividha Bhavangalude Samvadavedi' 
Author: M K Sanu
Publisher: Mathrubhumi Books, 2022
ISBN: 9789355495983
Pages: 102
 

Monday, January 30, 2023

മഹാകവി കുമാരനാശാൻ

ശ്രീ. എം. കെ. സാനു രചിച്ച 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കുമാരനാശാന്റെ ജീവചരിത്രം മുൻപൊരിക്കൽ ഇവിടെ നിരൂപണം ചെയ്തിരുന്നു. വളരെയധികം പുസ്തകങ്ങളും പത്രക്കുറിപ്പുകളും അവലംബമാക്കി തയ്യാറാക്കിയതായിരുന്നെങ്കിലും ആ ഗ്രന്ഥം പൊതുവെ നിർജീവമായിരുന്നു. മഹാകവിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിച്ചു കടന്നുപോയെന്നല്ലാതെ ആ ജീവിതത്തിൽ അവ എന്തു ചലനങ്ങളാണുണ്ടാക്കിയതെന്ന് നിരീക്ഷിക്കാനോ ഒരു വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ വിലയിരുത്താനോ സാനു ശ്രമിച്ചില്ല. കണ്ടെത്തിയ വസ്തുതകൾ യാന്ത്രികമായി വർണ്ണിക്കുന്ന ഒരു പത്രറിപ്പോർട്ടറായാണ് അദ്ദേഹം ആ കൃതിയിൽ പ്രവർത്തിച്ചത്. കവിയുടെ ജീവിതകാലവുമായുള്ള ദീർഘമായ അകലമാണ് അതിനു കാരണമെന്നു കരുതിയാണ് ഈ പുസ്തകം തെരഞ്ഞെടുത്തത്. 1958-ൽ രചിച്ച ഈ ഗ്രന്ഥം പുറത്തിറങ്ങുമ്പോൾ ആശാന്റെ അപകടമരണം കഴിഞ്ഞ് 34 വർഷമേ ആയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന ഒട്ടുവളരെ ആളുകളെ നേരിൽ കാണാനും സംസാരിക്കാനും ഈ ഗ്രന്ഥകാരന് സാധിച്ചിരുന്നു. ആ അവസരം അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണ് തുടർന്നു പറയാൻ പോകുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പ് പുസ്തകത്തിലും ഇന്റർനെറ്റിലും ലഭ്യമല്ല.

ആശാന്റെ ബാല്യ-യൗവ്വനകാലങ്ങളും അപ്പോഴത്തെ സാഹിത്യരചനാശ്രമങ്ങളും വളരെ വിശദമായിത്തന്നെ കേശവൻ വിവരിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ചില കവിതകൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. വക്കത്ത് 'വേലായുധൻ നടയിൽ' താമസിച്ച് കുട്ടികളെ സംസ്കൃതം വായിപ്പിക്കുകയും വിശ്രമവേളകളിൽ വന്നുകൂടുന്ന ഭക്തന്മാർക്ക് പുരാണഗ്രന്ഥങ്ങൾ വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നതിനാലാണ് ആശാൻ എന്ന പേര് സ്ഥിരമായി അദ്ദേഹത്തിന് പതിഞ്ഞുകിട്ടിയത്. നിത്യഭജനത്തിനായി അക്കാലത്തുരചിച്ച സുബ്രമണ്യപഞ്ചകം എന്ന പദ്യം വളരെ പ്രസിദ്ധമാണ്. ആശാൻ ചെറുപ്പത്തിൽ ശൃംഗാരകവിതകൾ എഴുതിയിരുന്നു എന്നാണ് കേശവൻ അഭിപ്രായപ്പെടുന്നത്. അത്തരം ചില കവിതകൾ ഇപ്പോഴും ഹൃദിസ്ഥമായ ചില ബാല്യകാലസുഹൃത്തുക്കൾ ഉണ്ടത്രേ! എന്നാൽ സാനു ഇത് ശക്തിയായി നിഷേധിക്കുകയാണ് ചെയ്തിരുന്നത്. നാരായണഗുരു ശൃംഗാരകവിതകൾ എഴുതരുത് എന്ന് ആശാനെ ഉപദേശിച്ചത് ഒരു പൊതുതത്വം എന്ന നിലയ്ക്കുമാത്രമാണെന്നും ആശാന്റെ നിലവിലെ ശൈലി മാറ്റണം എന്ന അർത്ഥത്തിലല്ലെന്നുമാണ് സാനു ആ കൃതിയിൽ വാദിച്ചിരുന്നത്. സാഹചര്യവും സാധ്യതകളും പരിശോധിച്ചാൽ കേശവന്റെ അഭിപ്രായമാണ് ശരിയാകാൻ കൂടുതൽ സാംഗത്യം.

ശ്രീനാരായണ ധർമ്മപരിപാലന യോഗം ഇന്ന് അവസരവാദികളും ആർജ്ജവമില്ലാത്തവരും അഴിമതിയിൽ മുങ്ങിയിരിക്കുന്നവരുമായ നേതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു ജാതിസംഘടനയായി മാറിക്കഴിഞ്ഞു. കേരളീയ സമൂഹത്തിൽ അതിന്റെ ഇടപെടൽ ശേഷി ഇന്ന് പൂജ്യമാണ്. എന്നാൽ ആശാന്റെ നേതൃത്വത്തിനുകീഴിൽ ആ സംഘടന പല മേഖലകളിലും രാജ്യത്തിനാകെ മാർഗ്ഗദർശിത്വമേകുന്ന നയങ്ങൾ പിന്തുടർന്നിരുന്നു. കേരളം മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട യോഗത്തിന്റെ നാലാം വാർഷികം മലബാറിലെ കണ്ണൂരിൽ വെച്ചാണ് നടത്തപ്പെട്ടത്. ഐക്യകേരളസങ്കല്പം അന്നുതന്നെ മനീഷികളുടെ മനസ്സുകളിൽ വിടർന്നിരുന്നു എന്നർത്ഥം. സ്വജനങ്ങളുടെ ഇടയിൽ മാത്രമല്ല, മലയാളക്കരയിലാകെ വ്യവസായാഭിവൃദ്ധിക്കുള്ള കഴിവുകൾ വർദ്ധിപ്പിക്കുക എന്നതും യോഗത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. വ്യവസായവും കൈത്തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിന് യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളോടനുബന്ധിച്ച് വ്യവസായപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറഞ്ഞ കൂലിയുള്ള തൊഴിലുകൾ ഉപേക്ഷിച്ച് തുണിനെയ്ത്ത് മുതലായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ നടന്നു. ഗാന്ധിയുടെ ഖാദി പ്രസ്ഥാനം രൂപം കൊള്ളുന്നതിനും വളരെ മുൻപായിരുന്നു ഇതെന്നോർക്കണം. നാരായണഗുരുവിനെ ഹിന്ദുമതോദ്ധാരകനും, സമുദായപരിഷ്കർത്താവും, ശങ്കരൻ, മാദ്ധ്വൻ, രാമാനുജൻ എന്നിവരുൾക്കൊള്ളുന്ന ആചാര്യശ്രേണിയിലെ ഒരു ആദ്ധ്യാത്മികഗുരുവായും അന്നത്തെ പ്രസ്ഥാനം ഉൾക്കൊണ്ടു.
 
മലയാളഭാഷയുടെ രൂപമാറ്റഘട്ടത്തിലാണ് ആശാന്റെ കൃതികൾ പരിഷ്കാരങ്ങളുടെ ഗതിവേഗം കൂട്ടുന്ന ഉൽപ്രേരകശക്തിയായി മാറിയത്. ഖണ്ഡകാവ്യത്തിന് പ്രസ്ഥാനമെന്ന നിലയിൽ ഭാഷയിൽ വാഴ്ച കിട്ടിയത് ആശാന്റെ കവിതകളിലൂടെയാണ്. അവയെല്ലാം ഖണ്ഡകാവ്യങ്ങളായിരുന്നുവെന്നു മാത്രമല്ല, കാല-ദേശ പരിതസ്ഥിതികൾക്ക് യോജിക്കാത്തവയാണ് മഹാകാവ്യങ്ങൾ എന്നായിരുന്നു ആശാന്റെ ശക്തമായ അഭിപ്രായം. സാഹിത്യത്തിൽ പുതിയ പാതകളും പുതിയ രുചികളും വേരുറപ്പിച്ചുതുടങ്ങിയ നിർണായകഘട്ടത്തെ ഈ പുസ്തകം കാണിച്ചുതരുന്നു. ദ്വിതീയാക്ഷരപ്രാസത്തിന്റെ ആവശ്യകതയെച്ചൊല്ലി സാഹിത്യകാരന്മാർ സംഘം തിരിഞ്ഞ് അങ്കം വെട്ടി. പ്രാസത്തിന്റെ ശബ്ദസൗകുമാര്യത്തെ യാഥാസ്ഥിതികർ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ കൊണ്ടാടിയപ്പോൾ പ്രാസത്തെക്കാൾ പ്രധാനം അർത്ഥസമ്പുഷ്ടിയാണെന്ന് പുരോഗമനവാദികൾ അദ്ദേഹത്തിന്റെ അനന്തിരവൻ ഏ. ആർ. രാജരാജവർമ്മയുടെ കാർമ്മികത്വത്തിൽ വാദിച്ചു. ഒടുവിൽ പ്രാസവിവാദം യാഥാസ്ഥിതികരുടെ മേൽ ഉല്പതിഷ്ണുക്കൾ നേടിയ വിജയമായി വിലയിരുത്തപ്പെട്ടു.
 
ആശാന്റെ രചനാലോകത്തെ കേശവൻ ജാഗ്രതയോടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. കൃതികളിൽനിന്ന് ഉദാരമായ ഉദ്ധരണികളും ആ വിശദീകരണങ്ങൾക്ക് അകമ്പടി സേവിക്കുന്നു. ആശാന്റെ അപകടമരണം മലയാളഭാഷയ്ക്ക് വരുത്തിവെച്ച ഏറ്റവും വലിയ നഷ്ടം പൂർത്തിയാക്കാതെപോയ ശ്രീബുദ്ധചരിതം എന്ന ഉത്തമഗ്രന്ഥമാണ്. എഡ്വിൻ ആർനോൾഡിന്റെ The Light of Asia എന്ന മഹദ്‌കൃതിയുടെ സ്വതന്ത്ര തർജ്ജമയായിരുന്നു ഇത്. ആകെയുള്ള എട്ടിൽ അഞ്ചു കാണ്ഡങ്ങളുടെ ഭാഷാന്തരീകരണം പൂർത്തിയാക്കപ്പെട്ടിരുന്നു. അഞ്ചാം കാണ്ഡമാണ് മഹാകവിയുടെ അവസാനത്തെ രചന. അതിന്റെ നനഞ്ഞുകുതിർന്ന കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ മൃതദേഹത്തിനൊപ്പമാണ് കണ്ടുകിട്ടിയത്. ഭാഷയിൽ പുതിയതായി രചിക്കപ്പെടുന്ന മഹാകാവ്യങ്ങളെ ആശാൻ നിശിതമായി വിമർശിച്ചു. ഉത്സവപ്പറമ്പുകളിൽ വളരെ ബുദ്ധിമുട്ടി അരങ്ങേറ്റുന്ന ബ്രഹ്‌മാണ്ഡസമാനമായ കെട്ടുകുതിരയോടാണ് അദ്ദേഹം അവയെ ഉപമിച്ചത്. ചിത്രയോഗമെന്ന മഹാകാവ്യത്തിൽ വള്ളത്തോളിന്റെ ഉദ്യമം വിഫലമെന്ന് ആക്ഷേപിച്ചതുകൂടാതെ അതിന്റെ രചനാശൈലിയേയും പദശുദ്ധിയേയും പോലും മോശമെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. അതിൽ മനോഹരമായ ആശയങ്ങൾ അടങ്ങിയ പദ്യങ്ങളെല്ലാം നേരെ അല്ലെങ്കിൽ വളഞ്ഞ വഴിക്ക് സംസ്കൃതമഹാകവികളുടെ വകയാണെന്നും ആരോപണമുയർത്തുന്നു. വള്ളത്തോൾ ഇതിനോട് പ്രതികരിച്ചതായി സൂചനയില്ല. എങ്കിലും ആശാന്റെ 'പ്രരോദന'ത്തിന് ഒരു ഖണ്ഡനനിരൂപണത്തിലൂടെ വള്ളത്തോൾ മറുപടി പറഞ്ഞതുകാണുമ്പോൾ അദ്ദേഹത്തിന്റെ അതൃപ്തിയും നീരസവും വായനക്കാർക്കു ബോദ്ധ്യമാകും.
 
ആശാന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളും വിശദമായി പരാമർശിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹം അധികാരസ്ഥാനങ്ങളോട് ഒരിക്കലും ഏറ്റുമുട്ടലിന് മുതിർന്നില്ല എന്ന കാര്യവും വ്യക്തമാക്കുന്നു. ദിവാനെ അദ്ദേഹം വിമർശിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം സ്ഥായിയായ താളം അപേക്ഷയുടേയും അഭ്യർത്ഥനയുടേയും നിവേദനത്തിന്റേതുമായിരുന്നു. പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായേ നടപ്പാക്കാനാവൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ടി. കെ. മാധവനെപ്പോലുള്ളവർ ക്ഷേത്രപ്രവേശനം ഉടൻ വേണമെന്നു വാദിച്ചപ്പോൾ 'ക്ഷേത്രങ്ങളുടെ മതിലുകൾക്കു ചുറ്റും നടക്കുന്നതിനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടിയാൽ മതി' എന്ന ആശാന്റെ അഭിപ്രായം കടുത്ത വിമർശനത്തിനു പാത്രമായി. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹം അക്കാലത്ത് ആരും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ് പോലും ബ്രിട്ടീഷ് രാജാവിനുകീഴിൽ ഡൊമിനിയൻ പദവി വേണമെന്നേ വാദിച്ചിരുന്നുള്ളൂ. ഭാരതം സന്ദർശിച്ച ബ്രിട്ടീഷ് കിരീടാവകാശിയിൽനിന്ന് ആശാൻ പട്ടും വളയും സ്വീകരിച്ചത് ഇ.എം.എസ്സിനെപ്പോലുള്ള ആധുനിക ഇടതുപക്ഷക്കാർ ആക്ഷേപകരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തിന് സ്വയംഭരണം വേണമെന്നുള്ള യാതൊരാവശ്യവും അന്ന് തിരുവിതാംകൂറിൽ മുഴങ്ങിയിരുന്നില്ല. മാത്രവുമല്ല, സാമുദായികവും മതപരവും വിദ്യാഭ്യാസപരവുമായ അവശതകൾ അനുഭവിച്ചിരുന്ന ബഹുസഹസ്രം അവശജനങ്ങളുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള നില ആശാനെ അസ്വസ്ഥനാക്കിയിരുന്നു. സർക്കാർ വിദ്യാലയങ്ങളിലോ ഓഫീസുകളിലോ പ്രവേശനം നൽകാതിരിക്കുക, പൊതുവഴികളിലൂടെ നടക്കാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ ജാതീയ അനാചാരങ്ങൾ നാട്ടിൽ കൊടികുത്തിവാഴുമ്പോൾ അധഃകൃതർ തങ്ങളെ അടിച്ചമർത്തിവെച്ചവരുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ? ആശാൻ പാടി,

എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം?

മഹാകവിയുടെ ആദ്യകാലകവിതകൾ കണ്ടെത്താൻ തീവ്രപരിശ്രമം നടത്തുകയും അതിൽ കുറെയൊക്കെ വിജയവും നേടാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ആശാന്റെ വിദ്യാഭ്യാസകാലത്തു രചിച്ച വള്ളീവിവാഹം, സുബ്രഹ്മണ്യശതകം എന്നീ കാവ്യങ്ങളിൽനിന്നുള്ള ഉദ്ധരണികൾ സഹപാഠികളുടെ ഓർമ്മയിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്. എന്നാൽ ഉഷാകല്യാണം എന്ന നാടകത്തിന്റെ കയ്യെഴുത്തുപ്രതി പൂർണമായും നഷ്ടപ്പെട്ടുപോവുകയും ചെയ്തു. ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും നീണ്ട ഉദ്ധരണികൾ ഈ കൃതിയുടെ വായനാക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. അനുമോദനപ്രസംഗങ്ങൾ പോലും അതേപടി ചേർത്തിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ കണ്ണൂർ വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വ്യാവസായികപ്രദർശനത്തിന്റെ സ്റ്റാളുകൾ തോറുമുള്ള ദൃക്‌സാക്ഷിവിവരണം ഈ ഗ്രന്ഥത്തിന്റെ പരാമർശവിഷയവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. ആശാന്റെ വിവാഹത്തെക്കുറിച്ചോ 'ദുരവസ്ഥ' എന്ന കൃതിക്കെതിരെ ഉയർന്ന ഭീഷണികളെക്കുറിച്ചോ ഒരു പരാമർശവുമില്ല. വാമൊഴികളും ഇന്നയാൾ പറഞ്ഞതാണെന്ന സാക്ഷ്യപ്പെടുത്തലോടുകൂടിയ വിവരണവും പലപ്പോഴും പത്രറിപ്പോർട്ടിന്റെ നിലവാരത്തിലേക്കു താഴുന്നു. ശരിയായ ഒരു ഘടനയും ഈ പുസ്തകത്തിനില്ല. ലഭ്യമായ സൂചനകളും ലേഖനങ്ങളും മുറിച്ചും കൂട്ടിച്ചേർത്തുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. എം. കെ. സാനുവിന്റെ ഗ്രന്ഥവും ഏറെക്കുറെ ഈ ശൈലിയിൽത്തന്നെയാണ് നിലനിൽക്കുന്നത്. ആശാന്റെ ലക്ഷണമൊത്ത ഒരു ജീവചരിത്രം എന്നു പുറത്തുവരുമെന്ന് ഭാഷാസ്നേഹികൾ ഇന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതുകൊണ്ടാണ്. യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ആശാനെ നീക്കുന്നതിനായി ഒരു ശക്തമായ വിഭാഗം പ്രവർത്തിച്ചിരുന്നതായി ഗ്രന്ഥത്തിൽ സൂചനയുണ്ടെങ്കിലും അവരുടെ ആരോപണങ്ങൾ എന്തായിരുന്നുവെന്നോ അവയ്ക്ക് ആശാൻ എങ്ങനെ മറുപടി നൽകിയെന്നോ കാണുന്നില്ല. ഈ പുസ്തകം വെറും സ്തുതിവാക്യം (panegyric) ആയിപ്പോകുന്നത് അങ്ങനെയാണ്. മലയാളതീയതികൾ മാത്രം നൽകിയിരിക്കുന്നതും ആധുനികവായനക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നു. കാവ്യങ്ങളിൽ നിന്ന് വളരെയധികം പദ്യങ്ങൾ ചേർത്തിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Mahakavi Kumaranasan' by C. O. Kesavan
Publisher: Kerala Bhasha Institute, 2021 (First Published 1958)
ISBN: 9789390520374
Pages: 521
 
 

Tuesday, November 1, 2022

മൃത്യുഞ്ജയം കാവ്യജീവിതം

മലയാള കാവ്യരംഗത്ത് നവോത്ഥാനപാത വെട്ടിത്തുറന്ന മഹാകവിയാണ് കുമാരനാശാൻ. അദ്ദേഹം തെരഞ്ഞെടുത്ത നായകബിംബങ്ങളും ആഖ്യാനശൈലിയും യാഥാസ്ഥിതിക മസ്തിഷ്കത്തിന്റെ ആസ്വാദനസീമകൾക്കു പുറത്തായിരുന്നു. എന്നാൽ ആ കാവ്യങ്ങളുടെ കാലികപ്രസക്തിയും പ്രതിപാദ്യഗരിമയും വലിയ പരിവർത്തനങ്ങൾക്ക് കാരണമാകാൻ തക്ക ശേഷിയുള്ളതായിരുന്നു. കേരളീയസമൂഹം വലിയൊരു മാറ്റത്തിന് തയ്യാറെടുത്തുനിന്നിരുന്ന സന്ദർഭവുമായിരുന്നു. നവോത്ഥാനമെന്ന ശിശുവിന് ആശാൻ കവിത പോഷകവും പ്രാണജലവും നൽകി. മഹാകാവ്യമെഴുതാതെ മഹാകവിയായ പ്രതിഭയാണ് ആശാൻ. പക്ഷേ ആ സ്ഥാനലബ്ധി സാമുദായികസംവരണത്തിലൂടെ മാറ്റിവെച്ച ഒരു കസേരയായിരുന്നില്ല എന്നതിനു സാക്ഷി ഇരുപതാം നൂറ്റാണ്ടാണ്. ആശാൻ കവിത ഇന്നും കൈരളിയുടെ ആത്മാവിന്റെ ഭാഗമായി നിലനിൽക്കുന്നു. ആശാന്റെ ജീവചരിത്രങ്ങൾ ഏറെയുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രൊഫ: എം. കെ സാനു ഇങ്ങനെയൊരു ഉദ്യമത്തിനു മുതിർന്നത് അവസരോചിതമായി. മഹാകവിയുടെ ഡയറിക്കുറിപ്പുകളടക്കം നിരവധി രേഖകൾ ഈ കൃതിക്കുവേണ്ടി ഗ്രന്ഥകാരൻ പരിശോധിച്ചിട്ടുണ്ട്. തോന്നയ്ക്കലുള്ള ആശാൻ ഭവനത്തിന്റെ വരാന്തയിലിരുന്ന് ജീവചരിത്രത്തിന്റെ ആദ്യവരികൾ എഴുതിക്കൊണ്ടാണ് സാനുമാഷ് ഈ പ്രയത്നം തുടങ്ങിവെക്കുന്നത്.

ആശാന്റെ ബാല്യ-കൗമാരങ്ങൾ പരിശോധിക്കുമ്പോൾ അന്തർമുഖനായ ഒരു കുട്ടിയെയാണ് നാം കാണുന്നത്. അത്തരമൊരു വ്യക്തി മലയാളസാഹിത്യത്തിലെ ഉജ്വലതേജസ്സാർന്ന ഒരു നക്ഷത്രമായി മാറിയെന്നത് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അതോടൊപ്പം തന്നെ ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി) എന്ന സാമുദായിക സംഘടനയെ ശൂന്യതയിൽനിന്ന് പടുത്തുയർത്തിയെന്നത് വിസ്മയകരമാണ്. അടിമകൾക്കുതുല്യം നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഒരു സമുദായത്തിലെ അംഗങ്ങളുമായാണ് ഇടപഴകേണ്ടത്. അത്ഭുതസിദ്ധികളുടെ മുൻപിലല്ലാതെ ആലോചനാശീലത്തിന്റേയോ ആദർശത്തിന്റേയോ മുന്നിൽ തലകുനിക്കാൻ അവർക്കറിഞ്ഞുകൂടാ. യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിൽ അരുവിപ്പുറത്ത് താമസിച്ചതോടുകൂടി വ്യക്തികളെന്ന നിലയ്ക്കല്ല, ജാതിവ്യവസ്ഥയാൽ പീഡിതമായ സമൂഹമെന്ന നിലയ്ക്കാണ് ആശാൻ ബാഹ്യയാഥാർഥ്യം ഉൾക്കൊണ്ടത്. അന്തർമുഖമായിരുന്ന പ്രകൃതം ക്രമേണ ബഹിർമുഖമാകാൻ തുടങ്ങി. ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാന സംഭാവന ആശാനെക്കുറിച്ച് പ്രചരിച്ചിരുന്ന ഒരു തെറ്റിദ്ധാരണ തിരുത്തലാണ്. ആശാന്റെ ആദ്യകാലകവിതകൾ പരിശോധിച്ച നാരായണഗുരു ശൃംഗാരപദ്യങ്ങൾ എഴുതരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായി നാം കേട്ടിട്ടുണ്ട്. ആദ്യകാലകവിതകളിൽ മുറ്റിനിന്നിരുന്നത് ശൃംഗാരമാണെന്ന ധ്വനി ഇതിലുണ്ട്. മറ്റൊരു ജീവചരിത്രകാരനായ ഹരിശർമ്മ ഉദാഹരണസഹിതം ഇത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർമ്മ ഉദ്ധരിക്കുന്ന ശ്ലോകം 'പ്രബോധചന്ദ്രോദയം' എന്ന സംസ്കൃതനാടകം ആശാൻ ഭാഷാന്തരം ചെയ്തപ്പോൾ മൂലത്തിലെ ആശയം അതേപടി പ്രതിഫലിപ്പിച്ചതുമാത്രമാണ്. കാവ്യാസ്വാദനസംബന്ധിയായ ഒരു വിവരണത്തിൽപ്പോലും പച്ചശൃംഗാരം കടന്നുവരുന്നത് പൊറുക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവിന്റെ ഉപദേശം പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം മാത്രമായിരുന്നു എന്ന് സാനു സ്ഥാപിക്കുന്നു.

ഒരു കവിയുടെ ജീവിതകഥ പറയേണ്ടതുപോലെതന്നെയാണ് ഈ രചനയും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സന്ദർഭോചിതമായ കവിതാശകലങ്ങളും കവിയെ അവയിലേക്കുനയിച്ച ചുറ്റുപാടുകളും അവ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവുമെല്ലാം അളവും പ്രസക്തിയും തെറ്റാതെ ഇതിൽ എടുത്തുചേർത്തിരിക്കുന്നു. ആശാന്റെ വ്യക്തിപരവും സാഹിത്യപരവും സാമൂഹ്യപ്രവർത്തനപരവുമായ ജീവിതങ്ങൾ ഒന്നൊന്നായി പരിശോധിക്കപ്പെടുന്നു. ശ്രീമൂലം പ്രജാസഭയിൽ നിരവധി തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന മഹാകവി ഒരിക്കൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയുമുണ്ടായി. സഭയിൽ രാജാവിനേയും ദിവാനേയും കടന്നാക്രമിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. അതിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടപ്പോൾ രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണുണ്ടായത്. ടി. കെ. മാധവനുമായുള്ള രാഷ്ട്രീയശത്രുത ഇക്കാലത്തുണ്ടായതാണ്. സവർണ്ണപ്രമാണികളെ പരാമർശിക്കുമ്പോൾ അക്കാലത്ത് സ്വാഭാവികമായിരുന്ന അതിവിനയം നിറഞ്ഞ, ആദരപൂർവ്വമായ ശൈലിയാണ് ആശാൻ സ്വീകരിച്ചിരുന്നതെങ്കിലും സ്വന്തം അനുഭവം ആധാരമാക്കി ജാതിയെപ്പറ്റി പരാതി പറയേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ന് എസ്.എൻ.ഡി.പി യോഗം എന്ന് വ്യാപകമായി അറിയപ്പെടുന്ന സംഘടന അക്കാലത്ത് അതിന്റെ മലയാള ആദ്യാക്ഷരങ്ങളായ ശ്രീ.നാ.ധ.പ യോഗം എന്നാണ് അറിയപ്പെട്ടിരുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. അതുപോലൊന്നാണ് ആശാൻ ഇംഗ്ലീഷിലാണ് സ്വന്തം ഡയറി എഴുതിയിരുന്നതെന്നതും.

മഹാകവിയുടെ കാവ്യസപര്യയെ തൊട്ടറിഞ്ഞയാളാണ് ഗ്രന്ഥകാരൻ. എന്നാൽ ഒരു ജീവചരിത്രപുസ്തകത്തിൽ കവിതയുടെ ഘടനാപരവും ആഖ്യാനപരവുമായ ചർച്ചകൾ പരമാവധി ഒഴിവാക്കിയിരിക്കുന്നു. പഴയ ക്ലാസിക് കവികളെപ്പോലെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിക്കുകയും രചനാകൗശലവും പ്രതിഭാദീപ്‌തിയും ഇടകലർത്തി കവിതയാക്കി വികസിപ്പിക്കലുമായിരുന്നു രീതി. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ ഒരു സിംഹിണി പ്രസവിച്ചതിനെത്തുടർന്നെഴുതിയ 'സിംഹപ്രസവം' എന്ന കൃതിയും ആ ശേഖരത്തിലുണ്ട്. ഒട്ടുമിക്കപ്പോഴും ജീവിത-മരണങ്ങളുടെ അതിർത്തിദേശത്താണ് തന്റെ കാവ്യങ്ങളിലെ മൂർദ്ധന്യാവസ്ഥ ആശാൻ പ്രകടിപ്പിച്ചിട്ടുള്ളത്. ആ മുഹൂർത്തം അനുവാചകരെ ജീവിതത്തിന്റെ നേർക്ക് ഒരു പുതിയ മനോഭാവം അവലംബിക്കാൻ പ്രേരിപ്പിക്കുന്നു. ലൗകികമായ നേട്ടങ്ങൾ അവിടെ നിരർത്ഥകമായി മാറുന്നു, ക്ഷണികമായ ജീവിതം സ്നേഹത്തിന്റെ നിത്യവിശുദ്ധി നേടുന്നു. ആശാന്റെ കാവ്യലോകത്തിൽ സ്നേഹം ജീവിതത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് ജീവിതം സ്നേഹത്തിനുവേണ്ടിയുള്ളതാണ്. സ്നേഹിക്കുന്നവർ ഭാഗ്യശാലികളാണെന്നും അവർ എത്തിച്ചേരുന്നത് അമർത്യതയിലാണെന്നുമുള്ള അവാച്യലാവണ്യമാർന്ന ദർശനമാണ് ആശാൻ കവിത അനുവാചകഹൃദയങ്ങളിൽ അവശേഷിപ്പിക്കുന്നത്. ശില്പപരമായ ഉൽകൃഷ്ടത നിമിത്തം ആശാന്റെ ഏറ്റവും ഉദാത്തമായ കൃതി 'കരുണ'യാണെന്നാണ് സാനു വിശ്വസിക്കുന്നത്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരിക്കുമ്പോൾതന്നെയാണ് അദ്ദേഹം കാവ്യമണ്ഡലത്തിലും വിഹരിച്ചിരുന്നത്. എന്നാൽ തന്റെ സമയത്തിന്റേയും ശക്തിയുടേയും അധികഭാഗവും തന്റെ ശ്രമങ്ങളെ സ്പർദ്ധാപൂർവ്വം തടയുന്ന എതിർശക്തികളോട് പോരാടിനിന്ന് നഷ്ടപ്പെട്ടുപോകുന്നതിനാൽ സെക്രട്ടറി സ്ഥാനം ആശാൻ ഒഴിഞ്ഞു.

ആയാസരഹിതമായി വായിച്ചുപോകാവുന്ന ഈ കൃതിയിൽ ഗ്രന്ഥകർത്താവ് വിമർശനബുദ്ധി തീരെ പ്രകടമാക്കുന്നില്ല എന്നതൊരു പോരായ്മയായി കാണണം. തന്റെ പ്രതിപാദ്യവിഷയമായ മഹാമനുഷ്യരെ നേരിൽ കണ്ടിട്ടില്ലാത്ത ജീവചരിത്രകാരന്മാരെല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണിത്. യോഗം സെക്രട്ടറിയെന്ന നിലയിൽ ആശാനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈഴവരിൽത്തന്നെ ഒരു താഴ്ന്ന ഉപജാതിയായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിലാണ് ജനനമെന്നതും നിലപാടുകളിലെ കടുംപിടിത്തവുമായിരുന്നു എതിർപ്പിന്റെ പ്രധാനകാരണങ്ങൾ. അഹങ്കാരം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നനുമാനിക്കുന്നതോടൊപ്പം എതിർപ്പിന്റെ കാരണങ്ങൾ എതിരാളികളിൽത്തന്നെയാണ് കാണേണ്ടത് എന്നും സാനു പറഞ്ഞുവെക്കുന്നു. സാഹിത്യകാരന്മാരിലെ ബുദ്ധിജീവി നാട്യമൊന്നും ആശാനുണ്ടായിരുന്നില്ല. അദ്ദേഹം കവിയായിരിക്കേ യോഗത്തിലൂടെ സമുദായപ്രവർത്തനം നടത്തി, ശ്രീമൂലം സഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു, വെയ്ൽസ് രാജകുമാരനിൽനിന്ന് തന്റെ സാഹിത്യപരമായ കഴിവുകൾക്കുള്ള അംഗീകാരമായി പട്ടും വളയും സ്വീകരിച്ചു, വ്യാവസായികമായ അഭിവൃദ്ധിയെ ലാക്കാക്കി ഒരു ഓട്ടുകമ്പനിയും ഏറ്റെടുത്തുനടത്തി. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നിൽ ജീവൻ വെടിയുകയും ചെയ്തു. 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹളയും അതിനോടനുബന്ധിച്ചുനടന്ന ഹിന്ദു വംശഹത്യയും നിർബന്ധിതമതപരിവർത്തനവും 'ദുരവസ്ഥ' എന്ന കൃതിയിൽ ആശാൻ വിവരിക്കുന്നുണ്ട്. ഈ കാവ്യം ഇസ്‌ളാമികവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മുസ്ലീങ്ങൾ രംഗത്തിറങ്ങിയതിനെ ആശാൻ ധീരമായി പ്രതിരോധിച്ചത് ഇന്നത്തെ നട്ടെല്ലില്ലാത്ത സാംസ്കാരികനായകർ കണ്ടുപഠിക്കേണ്ടതാണ്. കലാപകാലത്ത് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനെഴുതിയത് അക്രമികളെക്കുറിച്ചാണെന്നും അക്രമികളോട് മാനസികൈക്യം ഇല്ലെന്നുവാദിക്കുന്ന സാധാരണ മുസ്ലീങ്ങൾക്ക് അതിൽ അപമാനകരമായി ഒന്നും കണ്ടെത്താനാവില്ല എന്നുമുള്ള വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു വള്ളി-പുള്ളി-കുത്ത്-കോമ പോലും മാറ്റാൻ തയ്യാറായതുമില്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Mruthyunjayam Kavyajeevitham'
Author: M K Sanu
Publisher: National Book Stall, 1996
ISBN: Nil
Pages: 192