Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Saturday, June 6, 2020

ആമ്പല്‍പൊയ്ക

2012 ജൂണിൽ കുത്തിക്കുറിച്ചു വെച്ചിരുന്നത് ഇപ്പോഴാണ് കയ്യിൽ വന്നത്. താഴെ വായിക്കുക.
 ------------------------------------------------

പെരിയാറിനു കുറുകെ മാറമ്പിള്ളിയേയും തിരുവൈരാണിക്കുളത്തേയും ബന്ധിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്നതാണ് പുതിയ ശ്രീമൂലം പാലം. കുറെ നാളായി വിചാരിച്ചിരുന്നതാണെങ്കിലും ഈ അടുത്ത ദിവസമാണ് അതിലൂടെ യാത്ര ചെയ്തത്. 
 
പ്രതീകാത്മക ചിത്രം

ഭക്തിയും വിപണിയില്‍ വില്‍ക്കാവുന്ന ചരക്കാണെന്ന് കാട്ടിത്തന്ന തിരുവൈരാണിക്കുളം ക്ഷേത്രം ആദ്യമായി കണ്ടു. 

ഇടുങ്ങിയ വഴികളും വിജനമായ പാതകളും പിന്നിട്ട് നീങ്ങിയപ്പോഴാണ് ആ മനോഹരമായ കാഴ്ച കണ്ടത്, എയര്‍പോര്‍ട്ടിന്റെ മതിലിനോട് ചേര്‍ന്ന് ഒരു സുന്ദരമായ ആമ്പല്‍പൊയ്ക. 

ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ അറേബ്യന്‍ മരുഭൂമിയിലേക്ക് പറന്നുയരുന്ന യന്ത്രപ്പക്ഷിയുടെ ചിറകടിയൊച്ചകളെ കേട്ടില്ലെന്നു നടിച്ച്, കരിവണ്ടുകളെ മാറില്‍ ചാര്‍ത്തി, കാലത്തെ വെല്ലുവിളിച്ചുകൊണ്ട്, ആ കൊച്ചുപൂക്കള്‍ ചിരിച്ചുനില്‍ക്കുകയാണ്! 

ഒഴുകി നടക്കുന്ന ഇലകളില്‍ വെയില്‍കാഞ്ഞിരുന്ന കുഞ്ഞുതവളകള്‍ എന്നെ കൌതുകത്തോടെ  തലയുയര്‍ത്തിനോക്കി. വിമാനത്തിന്റെ അടുത്തു വരുന്ന ഇരമ്പല്‍ ഭൂമിയെ വിറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ 'എന്താണീ ശല്യ'മെന്ന് മനസ്സിലാകാതെ കണ്ണുകളില്‍ ആശയക്കുഴപ്പത്തിന്റെ സന്ദേഹവുമായി അവ വെള്ളത്തിന്റെ ശാന്തതയിലേക്കു തന്നെ മടങ്ങി. 

വികസനത്തിന്റെ കുത്തൊഴുക്കിലും തങ്ങളെ കുടിയൊഴിപ്പിക്കാന്‍ മറന്നുപോയ മനുഷ്യനെ പരിഹസിച്ചുകൊണ്ട്‌, യുഗങ്ങളായി തങ്ങളുടെ കുത്തകയായ ഇരമ്പലുമായി കൊച്ചുവണ്ടുകള്‍ അവിടെയെങ്ങും പാറിനടന്നു. 

സമയം പടിഞ്ഞാറന്‍ ആകാശത്തെ ചെമ്പനീരില്‍ മുക്കാന്‍ തുടങ്ങിയിരുന്നു. സഫലമായ ഒരു ദിവസത്തെ ജീവിതത്തിന്റെ നിറവില്‍ ആമ്പല്‍പ്പൂക്കള്‍ നിത്യശാന്തിയുടെ മടിത്തട്ടില്‍ കണ്ണടക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ യാത്ര മുഴുമിപ്പിക്കാനായി ഞാന്‍ തിടുക്കം കൂട്ടിയകന്നു.

Sunday, March 17, 2019

കൊച്ചി മുസിരിസ് ബിനാലെ 2018



രണ്ടുവർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന കലാപ്രദർശനം ആണ് ബിനാലെ. 2016-ലെ കൊച്ചി ബിനാലെ കണ്ടതിനുശേഷം 2018-ലെ ഈ പ്രദർശനം ഒരു കാരണവശാലും വിട്ടുപോകരുത് എന്നുറപ്പിച്ചു. വളരെ മിതമായ 100 രൂപയാണ് പ്രവേശന ടിക്കറ്റിന് ഈടാക്കുന്നത്. പല സ്റ്റാളുകളിലും സ്ഥാപിച്ചിരിക്കുന്ന എയർകണ്ടീഷണറുകളുടെ വൈദ്യുതിചാർജ് പോലും മുതലാകുമോ എന്ന് സംശയിച്ചുപോകുന്ന നിരക്ക്. എന്നിരിക്കിലും ജനം തിക്കിത്തിരക്കി കയറുന്നൊന്നുമില്ല. ദർബാർ ഹാൾ ഗ്യാലറി, ആസ്പിൻവാൾ ഹൗസ് എന്നിവിടങ്ങളിൽ മാത്രമേ ടിക്കറ്റ് വില്പന ഉള്ളൂ. ആ രണ്ടു സ്ഥലങ്ങളും ഒഴികെ മറ്റൊരിടത്തും ടിക്കറ്റ് നിർബന്ധവുമല്ല.



2019 മാർച്ച് 7 വ്യാഴാഴ്ച രാവിലെ 10:05ന് ദർബാർ ഹാൾ ഗ്യാലറിയിൽ എത്തി. പരിചയക്കുറവ് മൂലം വിഷമിക്കുന്ന ഒരു യുവതിയും മലയാളം ശരിയായി സംസാരിക്കാൻ അറിയാത്ത ഒരു യുവാവുമാണ് കൗണ്ടറിൽ ഇരിക്കുന്നത്. പ്രദർശന സമയം തുടങ്ങുന്നതേ ഉള്ളൂ എന്നതിനാൽ ടിക്കറ്റുകൾ അവരുടെ കയ്യിൽ ഇതുവരെ എത്തിയിട്ടില്ല. എന്തായാലും പണം കൊടുത്തേൽപ്പിച്ചാൽ തിരികെ വരുമ്പോഴേക്കും ടിക്കറ്റ് തയ്യാറാക്കി വയ്ക്കാം എന്ന ഉറപ്പിന്മേൽ അകത്തേക്ക് കടന്നു.



മൃണാളിനി മുഖർജി ചണത്തിലും ചെമ്പിലും തയ്യാറാക്കിയ ഏതാനും രൂപങ്ങളാണ് ആദ്യമായി നമ്മെ എതിരേൽക്കുന്നത്. മുകളിലത്തെ നിലയിൽ ചിത്തപ്രസാദ് ഭട്ടാചാര്യയുടെ സ്കെച്ചുകളും കാണാം. അതിന്റെ കൂടെ തന്നെ പ്രദർശിപ്പിച്ചിരിക്കുന്ന കെ. പി. കൃഷ്ണകുമാറിന്റെ ചിത്രങ്ങൾ പോരാ എന്നു തോന്നി.



ഇനിയുള്ള കേന്ദ്രങ്ങളെല്ലാം ഫോർട്ടുകൊച്ചിയിൽ ആയതിനാൽ അരമണിക്കൂറിനുശേഷം അങ്ങോട്ട് തിരിച്ചു. തെറ്റായ ഒരു വളവിൽ തിരിഞ്ഞതിനാൽ വളരെയൊക്കെ കറങ്ങിത്തിരിഞ്ഞ് തോപ്പുംപടിയിൽ തിരിച്ചെത്തി. നിരാശനാകാതെ വീണ്ടും തിരിച്ചുപോയി ഒടുവിൽ 11:20ന് കാശി ആർട്ട് ഗ്യാലറിയിൽ എത്തി. ലക്ഷ്മി മാധവൻ എന്ന കലാകാരിയുടെ കണ്ണാടികളും കുപ്പിച്ചില്ലുകളും നിരത്തിയ പ്രദർശനവസ്തു കൗതുകം ഉണർത്തുന്നതായിരുന്നു. 'The Body Dialogues' എന്നു പേരിട്ടിരിക്കുന്ന ഈ വസ്തു സ്ഥിതിചെയ്യുന്ന മുറിയുടെ പുറത്ത് 'കുട്ടികളെ തനിച്ചു വിടരുതെന്നും താഴെ നിരത്തിയിരിക്കുന്ന ചില്ലുപാളികൾ മൂലം അവർക്ക് മുറിവുപറ്റിയാൽ കലാകാരി ഉത്തരവാദിയായിരിക്കുന്നതല്ല' എന്ന മുന്നറിയിപ്പ് കൂടുതൽ കൗതുകമുണർത്തി.



തുടർന്നുള്ള കേന്ദ്രങ്ങളായ ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിവ വളരെ അടുത്തുതന്നെയാണ്. വീതികുറഞ്ഞ തെരുവുകളും കൊളോണിയൽ ഭവനങ്ങളും ഫോർട്ട് കൊച്ചിയുടെ പാരമ്പര്യം നിലനിർത്തുന്നു. കാശി ആർട്ട് കഫെയിൽ ഒരു കലാകാരന്റെ പ്രദർശനം മാത്രമേയുള്ളൂ. ഇതിന്റെ ബഹുഭൂരിഭാഗവും കഫെ മാത്രമാണ്.



കബ്രാൾ യാർഡിലേക്ക് നടന്നു. 12 മണിയോടെ എത്തി. ഇവിടെ കുറെ കലാകാരന്മാർ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുകയാണ്. അവർക്കു ശല്യമാകാതെ സന്ദർശകർക്ക് കലാരചന വീക്ഷിക്കാവുന്നതാണ്. കേന്ദ്രസ്ഥാനത്തുള്ള വേദിയിൽ ഏതോ ശില്പശാലയുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയാണ്. ശീതീകരിച്ച പരിസരമായതിനാൽ അൽപസമയം ഇരുന്നു ശ്രദ്ധിച്ചു. ചർച്ചയിൽ പങ്കെടുക്കുന്ന അഞ്ചെട്ടാളുകളും, കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ കയറിയ മൂന്നുപേരും, പിന്നെ ഒരു വിദേശവനിതയും മാത്രമേ അകത്തുള്ളൂ എങ്കിലും ജനലക്ഷങ്ങൾ ശ്രദ്ധിക്കുന്ന കണക്കെയാണ് പങ്കെടുക്കുന്നവരുടെ പ്രതികരണങ്ങൾ.



ആസ്പിൻവാൾ ഹൗസിലേക്ക് നടന്നു. ഇതാണ് ബിനാലെയുടെ ഏറ്റവും പ്രധാനവേദി. ഏറ്റവുമധികം കലാകാരന്മാരും പ്രദർശനവസ്തുക്കളും ഉള്ളത് ഇവിടെയാണ്. നിങ്ങൾ ബിനാലെയുടെ ഒരൊറ്റ വേദി മാത്രമേ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ എങ്കിൽ തെരഞ്ഞെടുക്കേണ്ടത് ഈ സ്ഥലമാണ്. നൂറുകണക്കിന് ചിത്രങ്ങളും ശിൽപങ്ങളും ഇവിടെയുണ്ട്. പലതും ആസ്വദിക്കാനാകാതെ പോകുന്നതും എന്താണെന്നുപോലും മനസ്സിലാകാത്തതും കലയുടെ കുഴപ്പമല്ല. നട്ടുച്ചക്ക് ഒരു മണിക്കൂർ ചെലവിട്ടു.
എന്നിട്ടും ഒരു ഓട്ടപ്രദക്ഷിണം മാത്രമേ നടത്താനായുള്ളൂ.



നല്ല വിശപ്പ്! 'കായിക്ക'യുടെ ബിരിയാണിക്കട ഒന്നര കിലോമീറ്റർ മാത്രം അകലെയാണെന്ന് ഗൂഗിൾ കാണിച്ചു. നേരെ അങ്ങോട്ടുപോയി. 'കായീസ് റഹ്മത്തുള്ള കഫേ' എന്ന റസ്റ്റോറൻറ് കേരളമെങ്ങും പ്രശസ്തമാണെങ്കിലും അതിശയകരമാംവണ്ണം ചെറുതാണ്. കൃത്യമായി കടയുടെ ബോർഡ് വായിച്ചില്ലെങ്കിൽ കാണാതെ പോവുകയും ചെയ്യും. തീരെ ഇടുങ്ങിയ വഴികളാണ് എങ്ങും. ഒരു നാടൻ ചായക്കടയുടെ മട്ട്. ഏ.സി മുറികളും മറ്റാഡംബരങ്ങളും ഒന്നുമില്ല. കസേര കിട്ടാൻ ശ്രദ്ധിച്ചുനിൽക്കേണ്ട വിധത്തിലുള്ള തിരക്ക്. മൂന്നോ നാലോ പേർ ഒന്നിച്ചുപോയാൽ ഒരുപക്ഷേ പലയിടങ്ങളിലായി ഇരിക്കേണ്ടിവന്നേക്കാം. ചിക്കൻ, മട്ടൻ ബിരിയാണികൾ മാത്രമേ കായിക്ക വിളമ്പുന്നുള്ളൂ. മിതമായ വില - യഥാക്രമം 130, 170 രൂപ! കസേര കിട്ടിയാൽ അഞ്ചുമിനിറ്റിനുള്ളിൽ ബിരിയാണി മുന്നിലെത്തും. നല്ല സ്വാദുള്ള ഭക്ഷണം! വർഷങ്ങളായി ഈ സ്വാദ് ഈ സ്ഥാപനം ഇതുപോലെ നിലനിർത്തുന്നു എന്നത് ചില്ലറ കാര്യമല്ല. എങ്കിലും ഞാൻ ഇതേവരെ കഴിച്ചിട്ടുള്ളതിൽ വെച്ചേറ്റവും നല്ല ബിരിയാണി ആണോ ഇത് എന്നു ചോദിച്ചാൽ അല്ല എന്നു പറയേണ്ടിവരും.



ഭക്ഷണത്തിനുശേഷം നേരെ പോയത് പെപ്പർ ഹൗസിലേക്കാണ്. ഇതും ഒരു ഭക്ഷണശാല ആണ്. എങ്കിലും വളരെയധികം ചിത്രങ്ങളും ശില്പങ്ങളും ഇവിടെയുമുണ്ട്. തൊട്ടടുത്തുതന്നെയുള്ള മാപ്പ് പ്രോജക്ട് സ്പേസ്, മട്ടാഞ്ചേരിയിലെ ടികെഎം വെയർഹൗസ് എന്നിവ പെട്ടെന്നുതന്നെ കണ്ടു തീർക്കുവാൻ സാധിക്കും. മാപ്പ് പ്രോജക്ട് സ്പേസിൽ നമ്മെ ആകർഷിക്കുന്നത് അദൃശ്യമായ ഒരു കലാശില്പമാണ്. താനിയ ബ്രൂഗേര എന്ന ക്യൂബൻ കലാകാരിയുടെ മുറിയിൽ അവർ പ്രദർശനത്തിന്റെ അധികൃതർക്കെഴുതിയ ഒരു തുറന്ന കത്തിലെ വാചകങ്ങൾ പകർത്തി വെച്ചിരിക്കുന്നു. ക്യൂബയിലെ സർക്കാർ പൊതുവേദികളിൽ പ്രദർശനങ്ങൾ നടത്തുന്നതിൽനിന്ന് കലാകാരന്മാരെ വിലക്കുന്ന 'കൽപ്പന 349' (Decree 349) പുറപ്പെടുവിച്ചതിനെ പ്രതിഷേധിച്ചതിനാൽ ബ്രൂഗേര ഡിസംബറിൽ തടവിലാക്കപ്പെട്ടു. ക്യൂബയിലെ പ്രതിഷേധം കൊച്ചിയിലും നിശബ്ദമായി പ്രതിധ്വനിക്കുന്നു. തടവിലാക്കിയത് കമ്മ്യൂണിസ്റ്റ് ഭരണകൂടമായതു കൊണ്ടായിരിക്കണം കേരളത്തിലെ ബുദ്ധിജീവികളും സാംസ്കാരികനായകരും ഇതു കണ്ടില്ലെന്ന മട്ടിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.



ഉച്ചതിരിഞ്ഞ് 2:40ന് ടികെഎം വെയർ ഹൗസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മറ്റൊരു ബിനാലെയുടെ തിരശ്ശീല കൂടി താഴുകയായിരുന്നു. ഇനി മൂന്നാഴ്ച കൂടി മാത്രമേ പ്രദർശനം തുടരുകയുള്ളൂ, പിന്നെ 2020-ലേക്ക്. 'അന്യതയിൽനിന്ന് അന്യോന്യതയിലേക്ക്' എന്നു മലയാളത്തിലും 'Possibilities for a Non-Alienated Life' എന്ന് ഇംഗ്ലീഷിലും പ്രമാണവാക്യമുള്ള 2018-ലെ ബിനാലെ 2016-ലേതിനേക്കാൾ തിളക്കം കുറഞ്ഞതാണോ എന്ന ശക്തമായ ഒരു സന്ദേഹം ഉളവായി. കണ്ട കാഴ്ചയുടെ സമ്പത്തുമായി വീണ്ടും നാഴികക്കല്ലുകൾ ഇല്ലാത്ത ജീവിതത്തിലേക്ക് മടങ്ങി.



Monday, July 4, 2016

അരളഗുപ്പെയിലെ പൂജാരി

ചെന്നകേശവ ക്ഷേത്രം
സൂര്യൻ ജ്വലിച്ചുനിന്നിരുന്ന ഒരു മെയ് മാസ അപരാഹ്നത്തിലാണ് ഞങ്ങളുടെ വാഹനം കർണാടകയിലെ ടിപ്പ്ടൂർ പട്ടണം കഴിഞ്ഞ് അല്പം ഓടിയതിനുശേഷം മെയിൻ റോഡിൽ നിന്ന് വലത്തേക്കു തിരിഞ്ഞ് അരളഗുപ്പെയിലേക്കു നീളുന്ന വീതികുറഞ്ഞ ഗ്രാമവീഥിയിലേക്കു പ്രവേശിച്ചത്. വൃത്തിയായി ടാർ ചെയ്ത പാത മദ്ധ്യകർണാടകയ്ക്കു മാത്രം സ്വന്തമായ വശ്യമായ ഗ്രാമഭംഗിയിലൂടെ കടുകുപാടങ്ങളുടെ ഓരം പറ്റി നീണ്ടുകിടന്നു. അവിടവിടെയായി ചെറിയ കുളങ്ങൾ, വീണ്ടും പാടങ്ങൾ, ചക്രവാളസീമയിൽ ചെറിയ കുന്നുകൾ, മനോഹരമായ തൊടികളിൽ ചെറിയ വീടുകൾ - ഓ! കർണാടകയുടെ സൗന്ദര്യത്തെ എനിക്കെങ്ങനെയാണ് വിശ്വസ്തതയോടെ വർണ്ണിക്കാനാവുക? കാർഷികസാമഗ്രികൾ കയറ്റിയ ഏതാനും വാഹനങ്ങളും, വിരലിലെണ്ണാവുന്ന ഇരുചക്രവാഹനങ്ങളും മാത്രമേ എതിരേ വന്നിരുന്നുള്ളൂ. ഏതാണ്ട് ഇരുപതു മിനുട്ടു നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ അരളഗുപ്പെ എന്ന കൊച്ചുഗ്രാമത്തിലെത്തി. ഞങ്ങളെ സ്വാഗതം ചെയ്യാനെന്നോണം ഒരു തീവണ്ടി അകലെ ചൂളംവിളിച്ചുകൊണ്ടു കടന്നുപോയി. ഒന്നോ രണ്ടോ പാസഞ്ചർ തീവണ്ടികൾ മാത്രമേ ഈ കൊച്ചുസ്റ്റേഷനിൽ നിർത്തുകയുള്ളൂ.

ചെന്നകേശവ ക്ഷേത്രത്തിനു മുമ്പിൽ ഞങ്ങൾ വണ്ടി നിർത്തി. പതിമൂന്നാം നൂറ്റാണ്ടിൽ ഹൊയ്സാല രാജാക്കന്മാർ പണികഴിപ്പിച്ച ഈ വാസ്തുവിസ്മയം കാലപ്പഴക്കത്തിന്റെ തളർച്ചക്കിടയിലും ഒരു ദൃശ്യവിസ്മയമായി തലയുയർത്തിനിന്നു. പണ്ടെന്നോ നഷ്ടപ്പെട്ടുപോയ കലശം പക്ഷേ ഈ ഏകകൂട ക്ഷേത്രഗോപുരത്തിന്റെ ആഭിജാത്യം നഷ്ടപ്പെടുത്തുന്നില്ല. 16 വശങ്ങളുള്ള നക്ഷത്രത്തിന്റെ ആകൃതിയിൽ പണിചെയ്ത 'ജഗതി' എന്നറിയപ്പെടുന്ന അമ്പലത്തറയ്ക്കു മുകളിൽ സർവാംഗം മാസ്മരികമായ ശിലാശില്പങ്ങളും കൊത്തുപണികളുമായി ചെന്നകേശവ ക്ഷേത്രത്തിന്റെ കൽഭിത്തികൾ ഞങ്ങളെ സ്വാഗതം ചെയ്തു. സിംഹവുമായി മൽപ്പിടുത്തം നടത്തുന്ന പോരാളിയുടെ വിഖ്യാതമായ ഹൊയ്സാല രാജചിഹ്നം ഇവിടെ കാണാനായില്ല.

ക്ഷേത്രവളപ്പിൽ കടന്ന് ഏതാനും ഫോട്ടോകൾ എടുത്തുകഴിഞ്ഞപ്പോഴാണ് ഒരു പാർശ്വവാതിൽ തുറന്ന് ഞങ്ങളെ എത്തിനോക്കുന്ന ധോത്തി മാത്രം ധരിച്ച ഒരു വൃദ്ധനെ ഞങ്ങൾ ശ്രദ്ധിച്ചത്. നെറ്റിയിലെ നേരെ മുകളിലേക്കു വരച്ചിരിക്കുന്ന ഇരട്ട ഭസ്മക്കുറികളും പൂണൂലും അയാൾ ഒരു വൈഷ്‌ണവപൂജാരിയാണെന്നു വിളിച്ചറിയിച്ചു. ചോദിക്കാതെ വളപ്പിൽ കടന്നതിന് മുഖത്ത് ദ്വേഷ്യഭാവമുണ്ടോ എന്നു ശ്രദ്ധിച്ച ഞങ്ങൾക്കു കാണാനായത് സ്വാഗതഭാവത്തിലുള്ള ഒരു പുഞ്ചിരിയാണ്. പാദരക്ഷകൾ പുറത്ത് അഴിച്ചുവെച്ചതിനാൽ ചുട്ടുപൊള്ളുന്ന കൽപാളികൾ പാകിയ തറയിലൂടെ ഞങ്ങൾ ധൃതിയിൽ നടന്ന് മുൻവശത്തെ ക്ഷേത്രവാതിലിൽ എത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷണയിലുള്ള ക്ഷേത്രമാണെങ്കിലും സമീപവാസികൾ സ്ഥിരമായി പൂജ ചെയ്യുന്നുണ്ടിവിടെ. മണ്ഡപത്തിലേക്കു കടന്ന ഞങ്ങൾക്ക് അതിന്റെ ഒരറ്റത്തായി ശ്രീകോവിൽ കാണാമായിരുന്നു. പൂജാരി ലൈറ്റുകൾ ഓൺ ചെയ്തതോടെ മനോഹരമായ ഒരു വിഷ്ണുവിഗ്രഹം ദൃശ്യമായി. 'ചെന്ന' എന്ന കന്നഡ വാക്കിന്റെ അർത്ഥം മനോഹരം എന്നാണ്. കേശവൻ പിന്നെ വിഷ്ണുവുമാണല്ലോ. ഹാസനിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ചെന്നകേശവ ക്ഷേത്രങ്ങളുണ്ട്. ബേലൂരിലേതാണ് ഏറ്റവും പ്രസിദ്ധവും കൊത്തുപണികൾ നിറഞ്ഞതും. എങ്കിലും മൊസാലെ ഹോസഹള്ളി, ആനക്കെരെ എന്നിവിടങ്ങളിലെ ചെന്നകേശവ ക്ഷേത്രങ്ങളും അതിമനോഹരങ്ങളാണ്.

ഞങ്ങൾ മണ്ഡപത്തിനുള്ളിലെ ചുമർശില്പങ്ങൾ കണ്ടാസ്വദിച്ചു നിൽക്കുമ്പോൾ പൂജാരി ശ്രീകോവിലിന്റെ ഇരുമ്പുകമ്പികൾ കൊണ്ടുനിർമ്മിച്ച വാതിൽ തുറന്ന് പൂജ തുടങ്ങി. ഇത് ഞങ്ങളെ അല്പമൊന്ന് അമ്പരപ്പിക്കാതിരുന്നില്ല. വന്നിരിക്കുന്നവരുടെ ജാതിയോ മതമോ ഒന്നും അന്വേഷിക്കാതെ, ഞങ്ങളുടെ കൂടി നന്മയ്ക്കെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഏതോ ആരാധനയുടെ ഭാഗമായി പൂജാരി ഏതോ മന്ത്രങ്ങൾ ചൊല്ലി വിഗ്രഹത്തെ പലവട്ടം ആരതി ഉഴിഞ്ഞു. ഏതു മതവിശാസിയായാലും ഏതോ വിദൂരദേശത്തുനിന്ന് ചെന്നകേശവനെ കാണാനായി വന്ന ഞങ്ങൾക്കുവേണ്ടി പൂജ ചെയ്യാൻ തോന്നിയത് അദ്ദേഹത്തിന്റെ നല്ല മനസ്സ്. സത്യത്തിൽ മതവൈരത്തിന്റെ തീക്കനലുകളാടുന്ന ലോകത്തിനു നടുവിൽ സമാധാനത്തിന്റെ നിറകുടമാകാൻ ഭാരതത്തിനു കഴിയുന്നതും ഈ സഹിഷ്ണുത കൊണ്ടുതന്നെയല്ലേ?

ഏതാനും നിമിഷങ്ങൾ നീണ്ട പൂജയ്ക്കൊടുവിൽ പ്രസാദം നിറച്ച തളിക അദ്ദേഹം ഞങ്ങളുടെ നേരെ നീട്ടി. ടൂറിസ്റ്റുകൾ എന്ന നിലയിൽ മാത്രം ഈ ക്ഷേത്രം സന്ദർശിച്ച ഞങ്ങൾ ഇത്രയും പരിഗണന ലഭിച്ചതിൽ അത്ഭുതസ്തബ്ധരായി. പ്രസാദം സ്വീകരിച്ചതിനുശേഷം ചെറിയ നാണയത്തുട്ടുകൾ മാത്രം കിടന്നിരുന്ന ആ തളികയിൽ ഒരു നൂറുരൂപ നോട്ട് വെച്ചുകൊടുത്തപ്പോൾ കുലീനനെങ്കിലും ദാരിദ്ര്യത്തിന്റെ മറയ്ക്കാനാവാത്ത ചിഹ്നങ്ങൾ ശരീരത്തിൽ പേറിയിരുന്ന ആ വൃദ്ധൻ ഒരു നിമിഷം ശക്തിയായി ഒന്നു ചുമച്ചു, അതിനുശേഷം തല പതിയെ ഒന്നുകുനിച്ച് ഞങ്ങളെ അഭിവാദ്യം ചെയ്തു. വളരെക്കാലത്തിനുശേഷം ഒരു നല്ല കാര്യം ചെയ്തതിലുള്ള സന്തോഷം ഞങ്ങളെ പെട്ടെന്നു വലയം ചെയ്തു. അല്പസമയത്തിനുശേഷം സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ വണ്ടിതിരിക്കവേ പൂജാരി കൈയുയർത്തി യാത്രാമംഗളങ്ങൾ നേർന്നു.

ഉച്ചവെയിലിൽ പൊടിപറക്കുന്ന ചെമ്മൺപാതയിലൂടെ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ഇനിയൊരിക്കലും കാണാനിടയില്ലാത്ത സഞ്ചാരികൾക്ക് ആശീർവാദങ്ങളുമായി ആ വൃദ്ധൻ മെല്ലെ കൈവീശിക്കൊണ്ടിരുന്നു.

Wednesday, April 6, 2016

ട്വന്റി 20യുടെ ബിവറേജ് വധം

വർഷങ്ങൾ നീണ്ട ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ നിയമത്തിന്റെ പരിരക്ഷയുമായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്‌ കിഴക്കമ്പലത്തെ ബിവറജസ് കോർപറേഷന്റെ വില്പനശാല. ട്വന്റി 20 എന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുതന്നെ കാരണമായത് ഒരുപക്ഷേ ഈ മദ്യശാലയായിരിക്കും. അവസാനം അവർ സ്ഥാപനം പൂട്ടിക്കുക തന്നെ ചെയ്തു. താഴു വീണതറിയാതെ എത്തുന്ന കുടിയന്മാരെ കാത്തിരിക്കുന്നത് ഈ പരിഹാസസന്ദേശമാണ്!

Tuesday, March 15, 2016

സ്പന്ദിക്കുന്ന അസ്ഥിമാടം

ചങ്ങമ്പുഴയുടെ സമാധി
"ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത്?" എന്ന് കഴിഞ്ഞ ദിവസം ഭാര്യ ചോദിച്ചപ്പോഴാണ് ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത് എന്ന് ആദ്യമായി ചിന്തിച്ചത്. ഇപ്പോൾ വിക്കിപീഡിയ ഉള്ളപ്പോൾ വിവരം ലഭിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ. നിമിഷങ്ങൾക്കകം തന്നെ മലയാളത്തിന്റെ അനശ്വര പ്രേമഗായകൻ 37 വയസ്സു തികയുന്നതിനു മുൻപ് ക്ഷയരോഗബാധിതനായാണ് അന്തരിച്ചത് എന്ന വിവരം ലഭിച്ചു. സന്തതസഹചാരിയായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ള ആത്മഹത്യ ചെയ്തതിനുശേഷം ഒരു വ്യാഴവട്ടത്തിനുള്ളിൽ തന്നെ ചങ്ങമ്പുഴയും ഇഹലോകവാസം വെടിഞ്ഞു. ഇത്രയുമൊക്കെ തെരഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിക്കണമെന്ന ആഗ്രഹം ശക്തമായി.

ഒരു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോഴാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നിന്ന് വെറും 200 മീറ്റർ അകലെയുള്ള സ്മാരകത്തിൽ എത്തിയത്. പടിഞ്ഞാറേക്ക് ചാഞ്ഞുകഴിഞ്ഞിരുന്ന സൂര്യൻ ജോലിസമയം കഴിഞ്ഞ് വീടുകളിലേക്ക് ധൃതിപിടിച്ചു നടന്നുനീങ്ങിയിരുന്ന സ്ത്രീകളെപ്പോലെ തന്റെ ജോലി തീർത്ത് അല്പം വിശ്രമിക്കാനുള്ള തത്രപ്പാടിലായിരുന്നു. ദീർഘചതുരാകൃതിയിലുള്ള കൃഷ്ണശിലയിൽ തീർത്ത ചങ്ങമ്പുഴ സ്മാരകത്തിനു മീതെ ഒരു സമചതുരമണ്ഡപവും അതിനോടുചേർന്ന് ചാരുബെഞ്ചുകൾ ഓരം ചേർത്തിട്ടിരിക്കുന്ന ദീർഘചതുരാകൃതിയിലുള്ള മറ്റൊരു മണ്ഡപവും കാണാം. ഒരാൾപ്പൊക്കത്തിലുള്ള കമ്പിവേലി റോഡിൽനിന്ന് സ്മാരകത്തെ വേർതിരിച്ചു നിർത്തുന്നു. ആകെയുള്ള വാതിൽ താഴിട്ടു പൂട്ടിയിട്ടുമുണ്ട്. തൊട്ടുപുറകിലുള്ള പുരയിടത്തിൽനിന്ന് വേലിയുടെ ശല്യമില്ലാതെ അരമതിൽ കവച്ചുകടന്നാൽ സ്മാരകത്തിലെത്താം. ചുരുക്കിപ്പറഞ്ഞാൽ, മാന്യന്മാരെ മാത്രം അകറ്റിനിർത്താൻ സഹായിക്കുന്ന ഒരു സംവിധാനം.

'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിതയിലെ ചില വരികൾ കല്ലറയുടെ മുകളിൽ കൊത്തിവെച്ചിട്ടുണ്ട്. പക്ഷേ പാല പൂത്ത പരിമളം പാതിരയെ പുണർന്നൊഴുകുമ്പോഴും, മഞ്ഞണിഞ്ഞ മഞ്ജുചന്ദ്രിക മദാലസയായി നൃത്തമാടുമ്പോഴും മാത്രമല്ല, കൊടുംവേനലിന്റെ ദിനാന്ത്യങ്ങളിലൊന്നിൽ ജീവിതാധ്വാനത്തിന്റെ സ്വേദകണികകളെ ഉപ്പുരസമാർന്ന കാറ്റ് ആറ്റിത്തണുപ്പിക്കുമ്പോഴും ആ കല്ലറയ്ക്കുള്ളിൽ സ്പന്ദനങ്ങൾ കേൾക്കാം. മലയാള കവിതയിലെ നവീനപ്രസ്ഥാനം വെട്ടിത്തെളിയിച്ച പ്രതിഭയുടെ സ്പന്ദനങ്ങൾ കാലങ്ങൾ കടന്നും നമ്മെ തേടിവരുന്നത് ഇവിടെ നിങ്ങൾക്കനുഭവപ്പെടും.

അല്പസമയം കല്ലറയ്ക്കരികിൽ (വേലിക്കു വെളിയിൽ നിന്നുകൊണ്ട്) ചെലവഴിച്ചതിനുശേഷം ചങ്ങമ്പുഴ പാർക്കിലേക്കു നീങ്ങി. നഗരമദ്ധ്യത്തിലാണെങ്കിലും ഇടപ്പള്ളി ഗ്രാമത്തിന്റെ ഭാവഹാവാദികളും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പാർക്കിലെ സന്ദർശകരെ കണ്ടാൽ തോന്നും. ഒരു ഭാഗത്ത് ചെസ്സ്‌ കളി കൊണ്ടുപിടിച്ചു നടക്കുന്നു. ഓരോ നഗരവും അതാതിന്റേതായ ഒരു വിനോദം കണ്ടെത്തുന്നു. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിൽ ഈ സമയത്ത് ഗുലാൻ പെരിശ് തകർക്കുകയായിരിക്കും. പത്തോ പന്ത്രണ്ടോ പേർ പരിസരം തന്നെ വിസ്മരിച്ചുകൊണ്ട് കറുപ്പും വെളുപ്പും മാത്രമുള്ള ഒരു ലോകത്തിൽ തന്ത്രങ്ങളും നീക്കങ്ങളും മെനഞ്ഞുകൊണ്ടിരുന്നു. കാരംസ് കളിയും പത്രവായനയും അടുത്തുതന്നെ നടക്കുന്നു. മെയിൻ റോഡിനെ അഭിമുഖീകരിച്ചുകൊണ്ട് കവിയുടെ അർദ്ധകായപ്രതിമ നിലകൊള്ളുന്നു. സാമ്പ്രദായിക ലോകത്തോടുള്ള ധിക്കാരം മുഴുവൻ പാറിപ്പറന്ന മുടിയോടു കൂടിയ ആ പ്രതിമയിൽ ആവാഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതാശകലങ്ങളും വർണപ്പലകകളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സ്ഥലം വളരെ കുറച്ചേയുള്ളൂവെങ്കിലും അത് ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു മൂലയ്ക്കായി സ്ഥാപിച്ചിരിക്കുന്ന യുദ്ധവിമാനം അരോചകമാണ്.

പാർക്കിനു നടുവിലായി മേൽക്കൂരയോടുകൂടിയ ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. ഏ. കെ. ആന്റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും കാശു തികയാതെ വന്നതുകൊണ്ട് സ്റ്റേജ് പണിയാൻ കെ. ബാബു എം.എൽ.ഏയുടെ ഫണ്ട് കൂടി വേണ്ടിവന്നു. വലിയ അക്ഷരങ്ങളിൽ ഈ വിവരങ്ങൾ അരികെ എഴുതിവെച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രീയക്കാർ എത്ര നിസ്വാർത്ഥസേവനമാണ് നാടിനുവേണ്ടി ചെയ്യുന്നത്! സ്വന്തം തറവാട്ടിലെ ഫണ്ട് എടുത്തുപോലും നാട്ടുകാരെ സേവിക്കാൻ മാത്രം ആത്മാർത്ഥതയുള്ള ഉരുപ്പടികൾ!

ഓഡിറ്റോറിയത്തിൽ ഇടപ്പള്ളി സംഗീത സഭയുടെ നെയ്യാറ്റിൻകര വാസുദേവൻ‌ അനുസ്മരണസമ്മേളനവും അവാർഡ് ദാനവും നടക്കുകയായിരുന്നു. ചേർത്തല രംഗനാഥശർമ്മയാണ് അവാർഡ്‌ ജേതാവ്. 6.30ന് അദ്ദേഹത്തിന്റെ സംഗീതക്കച്ചേരിയുമുണ്ട്. ആറുമണിയോടെ നൂറോളം പേർ സദസ്സിലുണ്ടായിരുന്നു. ഓരോരുത്തരായി വന്നുകൊണ്ടുമിരിക്കുന്നു. പ്രാസംഗികർ എല്ലാവരും നെയ്യാറ്റിൻകരയേയും അവാർഡ്‌ ഏർപ്പെടുത്തിയവരേയും പുകഴ്ത്തിക്കൊണ്ടിരുന്നു. ശാസ്ത്രീയസംഗീതം ആസ്വദിക്കാൻ കഴിവുള്ള ഇത്രയും ആളുകൾ ഇപ്പോഴും ഉണ്ടെന്നത് ആശ്വാസകരം തന്നെയാണ്.

ചെറുതായി മഴ പൊടിയാൻ തുടങ്ങിയതോടെ അന്നത്തെ പര്യടനം അവസാനിപ്പിച്ച് കൂടണഞ്ഞു. 'സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ' വരികൾ അപ്പോഴും മനസ്സിൽ നിറഞ്ഞിരുന്നു.

താരകകളെ കാണ്മിതോ നിങ്ങൾ
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! യിന്നതിൻ ചിത്ത രഹസ്യം
എന്തറിഞ്ഞൂ ഹാ! ദുരസ്തർ നിങ്ങൾ
പാല പൂത്തു പരിമളമെത്തി
പാതിരയെ പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞൂ മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ് കേൾക്കാം
സ്പന്ദനങ്ങളീ കല്ലറയ്കുള്ളിൽ....