പാലക്കാട്ടുരാജാവിന്റെ ചെറുമകനായി 1886-ൽ ജനിച്ച കെ. പി. കേശവമേനോൻ തന്റെ അഭിജാത കുടുംബപശ്ചാത്തലം വിസ്മരിച്ചുകൊണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. മാതൃഭൂമി ദിനപ്പത്രത്തിന്റെ സ്ഥാപകനും ദീർഘകാലം പത്രാധിപത്യം വഹിക്കുകയും ചെയ്ത അദ്ദേഹം വിശാലമായ ഒരു സ്വാധീനവലയത്തിന്റെ ഉടമയായിരുന്നു. 'കഴിഞ്ഞ കാലം' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ആ ജനുസ്സിൽ മലയാളത്തിൽ ഉണ്ടായവയിൽ ശ്രദ്ധേയമായ ഒന്നാണ്. 1959-ൽ തിമിരബാധയെത്തുടർന്ന് കാഴ്ച്ച നഷ്ടമായ മേനോൻ ഇംഗ്ലണ്ടിലും ചികിത്സ നടത്തിനോക്കിയെങ്കിലും യാതൊരു ഫലവും ലഭിച്ചില്ല. തുടർന്ന് വിശ്വസ്ഥനായ ഒരു പരിചാരകനെ തേടിയിറങ്ങിയ അദ്ദേഹത്തിന് വരദാനം പോലെ ലഭിച്ച അനുയായിയായിരുന്നു എൻ. ശ്രീനിവാസൻ. ബന്ധുവൊന്നുമല്ലെങ്കിലും പിതൃതുല്യമായ ഭക്തിബഹുമാനങ്ങളോടെ ശ്രീനിവാസൻ പതിനെട്ടുവർഷങ്ങൾക്കുശേഷം കേശവമേനോന്റെ മരണം വരെ അദ്ദേഹത്തിന്റെ 'കണ്ണും ഊന്നുവടിയുമായി' പ്രവർത്തിച്ചു. അക്കാലത്തെ സ്മരണകളാണ് കേശവമേനോന്റെ ആത്മകഥയെ അനുസ്മരിപ്പിക്കുന്ന 'ഒപ്പം കഴിഞ്ഞ കാലം' എന്ന തലക്കെട്ടുള്ള ഈ സ്മരണാഗ്രന്ഥം.
മകളുടെ ഡോക്ടറേറ്റ് ബിരുദദാന ചടങ്ങിൽ സംബന്ധിക്കുന്നതിനായി ഇംഗ്ലണ്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഈ പുസ്തകത്തിന്റെ ബീജാവാപം നടക്കുന്നത്. തന്മൂലം ഇംഗ്ലണ്ടിലെ യാത്രയുടെ ഒരു ലഘുവിവരണവും വിവിധ അദ്ധ്യായങ്ങളിൽ കാണാം. താൻ നേരിടുന്ന വ്യക്തികളിലും വസ്തുക്കളിലും നല്ലതുമാത്രം സ്വീകരിക്കാനുള്ള ശ്രീനിവാസന്റെ തെളിമയാർന്ന മനസ്സ് "സായ്പ്പന്മാർ ആരെയും ഉപദ്രവിക്കുകയോ പരദൂഷണം നടത്തുകയോ ഇല്ല" എന്ന സാമാന്യവൽക്കരണത്തിൽനിന്നു വ്യക്തമാകും (പേജ് 70). ഇംഗ്ലണ്ടിലെ യാത്രക്കിടയിൽ അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ഒരു നിരീക്ഷണമാണിത്. കേശവമേനോന്റെ നിഴലായി ജീവിച്ച രണ്ടു പതിറ്റാണ്ടുകൾ ആത്മാർത്ഥസേവനത്തിന്റെ ദൃഷ്ടാന്തമായി മാറ്റിയ ആ നിസ്വാർത്ഥസേവകന്റെ നാൾവഴികൾ ഈ ഗ്രന്ഥത്തിൽ കാണാൻ സാധിക്കും.
നന്നേ ചെറുപ്പത്തിലേ കേശവമേനോന്റെ സന്തതസഹചാരിയായി കൂടിയ ശ്രീനിവാസൻ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗം തന്നെയായി മാറി. ക്രമേണ തനിക്കും ഭാര്യക്കും മാതൃഭൂമി പത്രത്തിൽ ജോലി സ്ഥിരപ്പെടുത്തിക്കിട്ടിയതോടെയാണ് ജീവിതസുരക്ഷ എന്ന ആശയം ഗ്രന്ഥകർത്താവിൽ ബലപ്പെട്ടത്. ഈ പുസ്തകം മാതൃഭൂമിയുടെ വളർച്ചയും വികാസവും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. കോഴിക്കോട്ടുനിന്നുമാത്രം പ്രസിദ്ധീകരിച്ചിരുന്ന ആ പത്രം ക്രമേണ നിരവധി സ്ഥലങ്ങളിലേക്കു വ്യാപിക്കുകയും തദ്വാരാ പ്രചാരം നിരവധി ദശലക്ഷങ്ങളിലേക്കു വളരുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ മുഖ്യപത്രാധിപരായിരുന്ന കേശവമേനോന്റെ പ്രവർത്തനവും വിശദമായി വരച്ചുകാട്ടുന്നുണ്ട്. എങ്കിലും താൻ 'വല്യച്ഛൻ' എന്നു വിളിച്ചിരുന്ന കേശവമേനോന്റെ വ്യക്തിപരമായ ഒരു സ്തുതിപാടലിനപ്പുറം കാര്യങ്ങളുടെ സങ്കീർണതകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രീനിവാസൻ ഒരിക്കലും തയ്യാറാകുന്നില്ല എന്നത് നമ്മെ തെല്ലു നിരാശപ്പെടുത്തും.
കേശവമേനോന്റെ നിര്യാണത്തിനുശേഷം മാതൃഭൂമിയിലെ ജോലിയിൽ വ്യാപൃതനായ ഗ്രന്ഥകർത്താവ് മിക്കപ്പോഴും ഉന്നതരുടെ പരിചരണത്തിൽ നിതാന്തജാഗ്രത പുലർത്തുന്നതുകാണാം. അവരുടേയോ വേണ്ടപ്പെട്ടവരുടേയോ ആശുപത്രിവാസക്കാലത്ത് അദ്ദേഹം ഒഴിച്ചുകൂടാനാകാത്ത സഹായമായി മാറി. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർ കൂടിയായ എം. പി. വീരേന്ദ്രകുമാറിനെ ഈ കൃതിയിൽ പലയിടങ്ങളിലും വാനോളം പുകഴ്ത്തുന്നുണ്ട്. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന അധികം പ്രശസ്തരല്ലാത്ത പലരുടേയും രചനകളിൽ പ്രസാധകൻ കൂടിയായ വീരേന്ദ്രകുമാറിന്റെ പ്രശംസ ഒരു ചടങ്ങെന്നോണം കാണുന്നു. അദ്ദേഹം സ്വാഭാവികമായും ഇതാസ്വദിക്കുന്നുണ്ടാകാമെങ്കിലും വായനക്കാരിൽ ഇത് അറപ്പുളവാക്കുന്നുവെന്ന് ആ പ്രസാധനശാല തിരിച്ചറിയാൻ വൈകിക്കൂടാ. വീരേന്ദ്രകുമാറിനെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവ് പത്മപ്രഭ ഗൗഡർ, ഭാര്യ, മറ്റു ബന്ധുമിത്രാദികൾ എന്നിവരേയും ശ്രീനിവാസൻ മുറതെറ്റാതെ പൊക്കിവിടുന്നുണ്ട്.
രാഷ്ട്രപതിയോളം എത്തിയിരുന്ന ഒരു സ്വാധീനചക്രവാളം കേശവമേനോൻ പുലർത്തിയിരുന്നു എന്ന് നമുക്കിതിൽ കാണാൻ കഴിയും. അക്കാലത്തെ സാമ്പത്തിക-വ്യാവസായിക പരിതസ്ഥിതിയിൽ ഇത്തരം സ്വാധീനം അനിവാര്യവുമായിരുന്നു. നിർമ്മാതാക്കൾ എന്തു നിർമ്മിക്കണം, എത്ര നിർമ്മിക്കണം, എങ്ങനെ നിർമ്മിക്കണം എന്നൊക്കെ സർക്കാർ നിയന്ത്രിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ ലൈസൻസ്-ക്വോട്ട-പെർമിറ്റ് വ്യവസ്ഥയിൽ ഉന്നതങ്ങളിൽ നല്ല പിടിപാടുള്ളവർക്കുമാത്രമേ മുന്നേറാൻ കഴിയുമായിരുന്നുള്ളൂ. സ്വാഭാവികമായും ഇത് വ്യാപക അഴിമതിക്ക് വളം വെച്ചുകൊടുത്തു. അത്തരം രണ്ടുദാഹരണങ്ങൾ ഇതിൽ കൊടുത്തിരിക്കുന്നു. കോഴിക്കോട് നഗരസഭയുടെ അദ്ധ്യക്ഷന് കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ ദീർഘമായ വെയ്റ്റിംഗ് ലിസ്റ്റാണ് അദ്ദേഹത്തിന് കാണാൻ സാധിച്ചത്. അന്നൊക്കെ ഒരു കാർ വാങ്ങണമെങ്കിൽ പണമടച്ച് ഒന്നോ രണ്ടോ വർഷം കാത്തിരുന്നാലേ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കേശവമേനോൻ ഗവർണറെ നേരിട്ടു വിളിച്ചു പറഞ്ഞതോടെ ഗവർണറുടെ പ്രത്യേക ക്വോട്ടയിൽ ഉൾപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ കാർ ലഭ്യമായി. പിന്നീട് മാതൃഭൂമിക്ക് കാർ വാങ്ങേണ്ടിവന്നപ്പോഴും ഈ അഭ്യാസം ആവർത്തിക്കപ്പെട്ടു. ഉദാരവൽക്കരണത്തോടെയാണ് ഇത്തരം സ്വകാര്യവൽക്കരിക്കപ്പെട്ട അഴിമതി അപ്രത്യക്ഷമായത്.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Oppam Kazhinja Kalam' by N Sreenivasan
ISBN: 9788182680340

No comments:
Post a Comment