Saturday, February 15, 2020

വെളിച്ചപ്പാടിന്റെ ഭാര്യ

കേരളപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച 'കേരളം 60' എന്ന പരമ്പരയിലെ സാമൂഹ്യശാസ്ത്രപരമായ ഒരു പുസ്തകമാണ് സി. രവിചന്ദ്രന്റെ 'വെളിച്ചപ്പാടിന്റെ ഭാര്യ'. പത്തൊൻപതാം നൂറ്റാണ്ടിൽ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കൂത്തരങ്ങായിരുന്നു കേരളം എന്നതിന് നിരവധി ദൃഷ്ടാന്തങ്ങൾ ലഭ്യമാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഒരു മൂന്നു പതിറ്റാണ്ടുകാലത്തേക്ക് - 1980 വരെ - മതനേതാക്കൾക്ക് സ്വീകാര്യത കുറഞ്ഞുവരികയും അല്പമൊരു ശാസ്ത്രബോധം ജനങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്തു എന്ന നിഗമനത്തെ ആസ്പദമാക്കിയാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. 1980-നു ശേഷം അന്ധവിശ്വാസത്വരയും ആചാരപരതയും വർദ്ധിച്ചുവന്നു. പ്രവാചകനിന്ദ ആരോപിച്ചുകൊണ്ട് ഒരു കോളേജ് പ്രൊഫസ്സറുടെ കൈവെട്ടുന്ന സംഭവം പോലും കേരളത്തിൽ അരങ്ങേറി. ഈ സാഹചര്യത്തിൽ കേരളത്തിന്റെ അറുപതു വർഷങ്ങളിലെ പ്രോഗ്രസ്സ് കാർഡാണ് രവിചന്ദ്രൻ ഇവിടെ അവതരിപ്പിക്കുന്നത്. അത് കാഴ്ചവെക്കുന്നത് 'D-' എന്ന സ്‌കോറുമാണ്.

1974-ൽ റിലീസ് ചെയ്ത 'നിർമാല്യം' എന്ന ചലച്ചിത്രം മലയാളസിനിമയിലെ എക്കാലത്തേയും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. മികച്ച ചിത്രത്തിനും നടനുമുള്ള ആ വർഷത്തെ ദേശീയ അവാർഡ് ഇതിനും, നായകനായി അഭിനയിച്ച പി. ജെ. ആന്റണിക്കുമാണ് ലഭിച്ചത്. പാരമ്പര്യത്തിൽ നിന്ന് തെല്ലും വ്യതിചലിക്കാതെ ജീവിക്കുന്ന ഒരു വെളിച്ചപ്പാടിനെയാണ് ആന്റണി അവതരിപ്പിച്ചത്. കൊടിയ ദാരിദ്ര്യം മൂലം വെളിച്ചപ്പാടിന്റെ കുടുംബം തകരുന്നതും അയാളുടെ ഭാര്യ വ്യഭിചാരത്തിലേക്ക് തിരിയുന്നതുമാണ് ഇതിവൃത്തം. നിരാശനായ വെളിച്ചപ്പാട് ചിത്രത്തിനൊടുവിൽ താൻ അത്രയും കാലം ആരാധിച്ച ദേവീവിഗ്രഹത്തിൽ കാർക്കിച്ചുതുപ്പുന്ന രംഗമാണ് പല 'പുരോഗമന'വാദികളും ഗൃഹാതുരത്വത്തോടെ സ്മരിക്കുന്ന ഒരു സന്ദർഭം. അത്തരമൊരു രംഗം ഇന്നത്തെ കേരളത്തിൽ ചിത്രീകരിക്കാൻ സാദ്ധ്യമല്ല എന്ന യാഥാർഥ്യം അവരെ വേദനിപ്പിക്കുന്നു. സംഘപരിവാർ ശക്തികളുടെ വളർച്ച കൊണ്ടാണ് അതിനു സാധിക്കാത്തതെന്നും അവർ കുറ്റപ്പെടുത്തുന്നു. ഇത് കേരളത്തിന്റെ സാമൂഹ്യ അധഃപതനമാണെന്നും അവർ നിലവിളിക്കും. എന്നാൽ കാര്യങ്ങൾ അൽപ്പം കൂടി സൂക്ഷ്മമായും നിഷ്പക്ഷമായും ചിന്തിച്ചാൽ ഇതുവെറും വഞ്ചനയാണെന്നും കഴമ്പില്ലാത്ത വെറും കളവാണെന്നും നമുക്കു ബോദ്ധ്യപ്പെടും. അന്നും അവർക്ക് അവഹേളിക്കുവാൻ സാധിച്ചിരുന്നത് ഹൈന്ദവബിംബങ്ങളേയും ചിഹ്നങ്ങളേയും മാത്രമായിരുന്നു. ന്യൂനപക്ഷമതങ്ങളുടെ കാര്യത്തിൽ അന്നും അവർ സ്വയം സെൻസറിംഗ് നടത്തിയിരുന്നു. മതശക്തികൾക്ക് അപചയം സംഭവിച്ചിരുന്നുവെന്ന് രവിചന്ദ്രൻ അവകാശപ്പെടുന്ന ആ കാലഘട്ടത്തിലാണ് ക്രൈസ്തവസഭ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വിമോചനസമരത്തിലൂടെ വലിച്ചുതാഴെയിറക്കിയത്. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് നിരോധിക്കപ്പെടുമ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാര്യം ബന്ധപ്പെട്ടവർ സൗകര്യപൂർവ്വം മറന്നുകളഞ്ഞു. സൽമാൻ റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങൾ' അന്നും ഇന്നും നിരോധിക്കപ്പെട്ടിരിക്കുകയാണ്. അപ്പോൾ അക്കാലത്തെ സ്വാതന്ത്ര്യം എന്നത് ഒരു സമുദായത്തെ മാത്രം ആക്ഷേപിക്കുവാനുള്ള ലൈസൻസ് ആയിരുന്നു എന്നൂഹിക്കേണ്ടിവരും. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നതുപോലെ നിരന്തരമായ ഭർത്സനം സഹിക്കാനാവാതെ ആ സമുദായം സംഘടിച്ചതിന് ആരാണ് ഉത്തരവാദി? ഗുരുവായൂർ ക്ഷേത്രത്തിലെ കൊടിമരം ദേവസ്വത്തിന്റെ പണമുപയോഗിച്ച് സ്വർണം പൂശുന്നതിനെതിരെ 1977 ഡിസംബറിൽ യുക്തിവാദികൾ സത്യാഗ്രഹം പോലും സംഘടിപ്പിച്ചിരുന്നു. എങ്കിലും രവിചന്ദ്രന്റെ പുസ്തകത്തിന്റെ തലക്കെട്ട് മറ്റൊരു തരത്തിൽ ശ്രദ്ധേയമാണ്. മതത്തിന്റെ പ്രയോക്താക്കൾ ഇന്ന് താരതമ്യേന സമ്പന്നരാണ്. അവർക്ക് സമൂഹത്തിൽ നിലയും വിലയും ഇന്നുണ്ട്. അന്ധവിശ്വാസികളുടെ ഒരു സമൂഹം അവരെ എഴുന്നള്ളിച്ചു വഴിനടത്തുന്നു. ആ അർത്ഥത്തിൽ ഇന്ന് ഒരു വെളിച്ചപ്പാടിന്റെ ഭാര്യക്ക് മാനം വിൽക്കുകയോ ദേവീവിഗ്രഹത്തിൽ തുപ്പുകയോ വേണ്ടിവരുന്നില്ല എന്നാണ് ലേഖകൻ സ്ഥാപിക്കുന്നത്. വിചിത്രമെന്നുതന്നെ പറയട്ടെ, അതിൽ അദ്ദേഹത്തിന് എന്തോ മനസ്താപവും ഉള്ളതായി കാണപ്പെടുന്നു.

ഓർഡർ അനുസരിച്ച് തയ്യാറാക്കപ്പെടുന്ന ഇതുപോലുള്ള കൃതികളിൽ ഗ്രന്ഥകാരന്മാർ മറ്റിടങ്ങളിൽ ചർച്ച ചെയ്തിട്ടുള്ള വസ്തുതകളും ഇടം കണ്ടെത്തുന്നതിൽ അത്ഭുതമില്ല. കേരളത്തിലെ യുക്തിവാദപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള സാമാന്യം ദീർഘമായ അദ്ധ്യായങ്ങൾ വിജ്ഞാനപ്രദമാണ്. അംഗങ്ങളെല്ലാവരും സ്വയം ചിന്തിക്കുന്നവരായതിനാൽ ചേരിതിരിവുകളും തമ്മിലടികളും സ്വാഭാവികവും വളരെ കൂടുതലുമാണ്. ഇത് പ്രസ്ഥാനത്തിന്റെ ഓജസ്സ് ചോർത്തിക്കളയുന്നു. വിപ്ലവ രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും 90-കളോടെ സംഘടിത മതത്തിന്റെ ദാസ്യവേലയിലേക്ക് തിരിഞ്ഞുപോയതിനെ ഗ്രന്ഥകാരൻ അപലപിക്കുന്നു. ഷാബാനു കേസ് വിധിയെത്തുടർന്ന് രാജീവ് ഗാന്ധി സർക്കാർ മൊഴിചൊല്ലപ്പെട്ട മുസ്ലിം സ്ത്രീകളുടെ ജീവനാംശം എടുത്തുകളയുന്നതിനായി നിയമം കൊണ്ടുവന്നപ്പോൾ ഇ.എം.എസ് അതിനെ എതിർത്ത് മതമൗലികവാദികളുടെ അസഭ്യവർഷം ഏറ്റുവാങ്ങുകയുണ്ടായി. എന്നാൽ ഇന്ന് വിപ്ലവനേതാക്കന്മാർ പോലും ജിഹാദികളുടെ തോളിൽ കയ്യിടാൻ മത്സരിക്കുന്ന പ്രവണതയാണ് കാണുന്നത്. ഏകീകൃത സിവിൽ നിയമത്തെ (Uniform Civil Code) രവിചന്ദ്രൻ ശക്തമായി പിന്താങ്ങുന്നു. മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ അടിമത്തത്തോളമെത്തുന്ന അടിച്ചമർത്തലുകൾ അവസാനിപ്പിക്കുന്നതിനായി ഏകീകൃത സിവിൽ നിയമം മോദി സർക്കാർ കൊണ്ടുവന്നാൽപ്പോലും അതിനെ പിന്താങ്ങാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്യുന്നു.

ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Velichappadinte Bharya - Andhavishwaasathinte Arupathu Malayala Varshangal' by C. Ravichandran
ISBN: 9789386560346
 

No comments:

Post a Comment