സ്വാതന്ത്ര്യത്തിനുശേഷം ഭാരതീയചരിത്രഗവേഷണം, രചന, അദ്ധ്യാപനം എന്നിവ ഇടതുചരിത്രകാരന്മാരുടെ കൈപ്പിടിയിലമർന്ന കഥ മുൻപ് പല പുസ്തകങ്ങളിലും നാം പരിശോധിച്ചിട്ടുണ്ട്. അധികകാലവും അധികാരത്തിലിരുന്ന കോൺഗ്രസ്സിന് സ്വാതന്ത്ര്യസമരത്തിൽ തങ്ങളുടെ പങ്ക് അതിന്റെ മുഴുവൻ തുക തന്നെയായിരിക്കണമെന്ന ഒരൊറ്റ നിർബന്ധമൊഴിച്ചാൽ ചരിത്രരചനയിൽ മറ്റ് അജണ്ടകളൊന്നും ഉണ്ടായിരുന്നില്ല. ആ അഹന്തയ്ക്കുമുന്നിൽ വഴങ്ങിനിൽക്കാൻ ഇടതുചരിത്രകാരന്മാരും തയ്യാറായതോടെ സഹജീവനം സുഗമമായി. എന്നാൽ വലതുപക്ഷ ശക്തികൾ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ പാടെ മാറി. ചരിത്രത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള സംഘപരിവാർ ശക്‌തികൾ തദ്ദേശീയ ചരിത്രരചനയിൽ കടന്നുകൂടിയ പല പുഴുക്കുത്തുകളേയും തുടച്ചുനീക്കുവാൻ ആരംഭിച്ചതോടെ പ്രശ്നങ്ങൾ തലപൊക്കി. ചരിത്രപഠനത്തിൽ മാറ്റത്തിന്റെ മന്ദമാരുതനായി കടന്നുവന്ന ആ തിരുത്തൽ പ്രവണതകളെയാണ് ഭൂതകാലത്തെ ആവേശിച്ച ഭൂതം എന്ന തലക്കെട്ടിലൂടെ പൈശാചികവൽക്കരിക്കാൻ ശ്രമിക്കുന്നത്. ഗ്രന്ഥകാരനായ കേശവൻ വെളുത്താട്ട് അദ്ധ്യാപകനും ദേശീയതലത്തിൽത്തന്നെ സുപരിചിതനായ ഇടതു ചരിത്രകാരനുമാണ്.
വെളുത്താട്ടിന്റെ ആശയപ്രപഞ്ചം മാർക്സിസത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതാണ്. സ്വാഭാവികമായും ആദ്യ ആക്രമണം ദേശീയതക്കെതിരെയാണ്. അതിനായി ഒരു പാശ്ചാത്യ ചിന്തകനേയും കൂട്ടുപിടിക്കുന്നു. ദേശീയതയുടെ ഒരു കുഴപ്പം തെറ്റായി മനസ്സിലാക്കിയ ചരിത്രമാണ് എന്ന് ഏണസ്റ്റ് റെനാൻ എന്ന ഫ്രഞ്ച് ചിന്തകൻ പറഞ്ഞിട്ടുണ്ടത്രേ! എന്നാൽ രാജാവിനേക്കാൾ രാജ്യഭക്തി പ്രകടിപ്പിക്കുന്നതിൽ ഇന്ത്യക്കാരായ ഇടതുപണ്ഡിതർ തന്നെയാണ് മുൻനിരയിൽ എന്ന് ദാമോദർ ധർമാനന്ദ് കോസാംബിയെ ഉദാഹരണമാക്കിയാൽ കാണാം. സാമ്പ്രദായിക ചർത്രപരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത കോസാംബി പക്ഷേ പ്രമുഖ മാർക്സിസ്റ്റ് ചരിത്രകാരനാണ്. അദ്ദേഹത്തിന്റെ 'ഭർതൃഹരിയുടെ ശതകത്രയങ്ങൾ' എന്ന വിമർശനപഠനം സമർപ്പിച്ചിരിക്കുന്നത് 'മാർക്സ്-ഏംഗൽസ്-ലെനിൻ എന്നീ തേജസ്വികളായ മഹാമനുഷ്യർ'ക്കാണ്. മറ്റൊരു പുസ്തകമായ 'An Introduction to the Study of Indian History' സമർപ്പിച്ചിരിക്കുന്നതാവട്ടെ 'ഇന്തോ-സോവിയറ്റ് സൗഹൃദത്തിനും'. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നുചോദിച്ചാൽ വെളുത്താട്ട് നൽകുന്ന മറുപടി 'മാനവികത ഏറ്റവും പ്രദർശിപ്പിക്കുന്ന മാനവികപഠനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് മാർക്സിസമാണ്' എന്നാണ്. തുഞ്ചൻപറമ്പിൽ നടന്ന ചരിത്രം, ശാസ്ത്രം, മാനവികത എന്ന ചർച്ചായോഗത്തിൽ അവതരിപ്പിച്ച പ്രബന്ധമാണിത്. ഇതിനുശേഷം ഭാരതീയ ചരിത്രരചനയെക്കുറിച്ച് ഒരു വിഹഗവീക്ഷണം നൽകുന്നു. സാമ്രാജ്യത്വവാദികളും ദേശീയവാദികളും ചരിത്രരചനയുടെ കൊളോണിയൽ സങ്കേതങ്ങൾ തന്നെയാണ് പിന്തുടർന്നത്. ഭാരതീയസംസ്കാരം മാറ്റമില്ലാത്തതാണ് എന്ന ആരോപണത്തെ അവർ നേരിട്ടത് ക്ഷണികമായ പാശ്ചാത്യ പരിഷ്കൃതിയേക്കാൾ എത്രയോ മികച്ചതാണ് നിത്യമായ ഭാരതീയസംസ്കൃതി എന്നാണ്. ആര്യന്മാർ പുറത്തുനിന്നു വന്നവരല്ല, ഇവിടെത്തന്നെ പെറ്റുണ്ടായവരാണ് എന്നവർ വാദിച്ചു. ഇന്ത്യക്കാർ ഭൗതികകാര്യങ്ങൾ നോക്കാൻ കൊള്ളാത്തവരാണെന്ന ആക്ഷേപം നേരിട്ടത് ഭൗതികകാര്യങ്ങളേക്കാൾ മുന്തിയത് ആത്മീയകാര്യങ്ങളാണെന്നു സ്ഥാപിച്ചുകൊണ്ടാണ്. കാര്യങ്ങൾ ഇങ്ങനെയിരിക്കേ കോസാംബി അഭിപ്രായപ്പെടുന്നത് സാമൂഹികപരിവർത്തനത്തിനുവേണ്ട ഒരായുധമായി ചരിത്രത്തെ മാറ്റാനായിരുന്നു പുതിയ ചരിത്രകാരന്മാർ യത്നിച്ചത് എന്നാണ്. ഇടതുപണ്ഡിതരെയാണ് ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നത് എന്നു വ്യക്തമാണ്. ഗ്രന്ഥകാരൻ ഒരു പടി കൂടി കടന്ന് 'ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ശാസ്ത്രീയമായ ചരിത്രപഠനം നടക്കുന്നുണ്ടെങ്കിൽ അതിനുകാരണം ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പരിശീലനം ലഭിച്ചവർ അവിടെ അദ്ധ്യാപകരായി ഉള്ളതാണ്' എന്നു പറയുന്നു (പേജ് 50). അക്കാദമികരംഗത്ത് ജെ.എൻ.യുവിലെ ഇടതുമേധാവിത്വം കുപ്രസിദ്ധമാണല്ലോ.
ചരിത്രരചനയിലെ ഇടതു ഉപജാപകസംഘം വളരെയധികം സംഘടിതവും ഏകശിലാരൂപം കൈക്കൊണ്ടിട്ടുള്ളതുമായ ഒരു ഭീകരസത്വമാണ്. ഇതിലെ എല്ലാ അംഗങ്ങളും പരസ്പരം പുകഴ്ത്തുകയും ന്യായീകരിക്കുകയും ചെയ്യുമെന്നതാണ് ഒരു പ്രത്യേകത. ചരിത്രരചന നിഷ്പക്ഷമല്ലെന്നും അങ്ങനെയാകാൻ കഴിയില്ലെന്നുപോലും അവർ വാദിക്കും. ചരിത്രം എന്നത് ഉണ്ടായത് അപ്പടി രേഖപ്പെടുത്തിവെക്കുന്നതല്ലെന്നും ചരിത്രകാരന്റെ താല്പര്യങ്ങൾ അതിൽ ഉടനീളം പ്രവർത്തിക്കുമെന്നും തന്റെ സഹപ്രവർത്തകരായ ഇടതു സഹയാത്രികർ മനസ്സിലാക്കിത്തന്നു എന്ന് ഈ ലേഖകൻ പ്രസ്താവിക്കുന്നത് അഭിമാനപുരസ്സരമാണ് (പേജ് 51). ചരിത്രരചനയിലെ വസ്തുനിഷ്ഠത എന്നത് ഇതോടെ പമ്പ കടക്കുന്നുവെന്നത് അദ്ദേഹം മറന്നുകളയുന്നു. സ്വന്തം അദ്ധ്യാപിക കൂടിയായ റോമിലാ ഥാപ്പറിനെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ഇടതുചരിത്രരചനയെന്ന ചക്രത്തിന്റെ പ്രധാന ആരക്കാലുകളിലൊന്നാണ് ഥാപ്പർ എന്നത് നാം മറക്കരുത്. 'പരിമളമുള്ള പൊന്നുപോലുള്ളവൾ' എന്നാണ് വെളുത്താട്ട് അവരെ വിശേഷിപ്പിക്കുന്നതെങ്കിലും ഥാപ്പറും മറ്റുമെഴുതിയ ടെക്സ്റ്റ് പുസ്തകങ്ങൾ പഴകിപ്പോയിരിക്കുന്നുവെന്നത് ശരിയാണെന്ന് സമ്മതിക്കുന്നു (പേജ് 70). പക്ഷേ, അത് തിരുത്തിയെഴുതുന്നതും ആ ഉപജാപകവൃന്ദത്തിലെ ഒരംഗം തന്നെയായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ സ്വകാര്യമായ വാശി.
വിശ്വപ്രസിദ്ധമായ 'സാപിയൻസ്' എന്ന ഗ്രന്ഥത്തിൽ യുവാൽ നോവാ ഹരാരി മനുഷ്യവംശത്തിന്റെ അഭൂതപൂർവമായ പുരോഗതിയുടെ കാരണങ്ങൾ അപഗ്രഥിക്കുന്നുണ്ട്. ബുദ്ധിശക്തി എന്നത് അതിൽ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്. അനേകം വ്യക്തികളെ ഒന്നിച്ചുചേർത്ത് ഒരു ദൗത്യത്തിനു നിയോഗിക്കാൻ സഹായിക്കുന്ന സംഘടനാപാടവമാണ് (organization) മനുഷ്യനെ ഔന്നത്യത്തിലെത്തിച്ചത് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. ഇത്രയും വ്യക്തികൾ പല എതിർപ്പുകളേയും അവഗണിച്ച് പരസ്പരം സഹകരിച്ചു നീങ്ങണമെങ്കിൽ അവരെ യോജിപ്പിക്കുന്ന ഒരു മിത്ത് അത്യാവശ്യമാണ്. കുലം, ഗോത്രം, മതം, വംശം, ദേശീയത എന്നിവയെല്ലാം മനുഷ്യരെ ഒന്നിപ്പിക്കുന്ന അത്തരം മിത്തുകളാണ്. കഴിഞ്ഞുപോയതും പൊതുവുമായ ഒരു സുവർണ്ണകാലം അതിലൊന്നാണെന്ന് നമുക്കു കാണാൻ കഴിയും. ഭാരതചരിത്രത്തിലെ അത്തരം സുവർണകാലങ്ങളെ ഇടിച്ചുതാഴ്ത്തുന്നതിലും ഇകഴ്ത്തുന്നതിലും വെളുത്താട്ട് വല്ലാത്ത ആവേശം അനുഭവിക്കുന്നതായി തോന്നുന്നു. അടിമപ്പണിയിലൂന്നിയ സമ്പദ്‌വ്യവസ്ഥയായിരുന്നു 'മഹത്തായ' മൗര്യസാമ്രാജ്യത്തിന്റെ അടിത്തറ (പേജ് 42). ഉദ്ധരണി ചിഹ്നം ഗ്രന്ഥകാരന്റേതായതിനാൽ ആ പരിഹാസത്തിന്റെ മൂർച്ച ശ്രദ്ധിക്കുക. ഗുപ്തകാലഘട്ടം സുവർണ്ണയുഗമല്ലെന്നും ഫ്യൂഡൽ പ്രവണതകൾ ആരംഭിക്കുന്നത് ഇവിടെനിന്നാണെന്നും വേറൊരിടത്ത് പറയുന്നു (പേജ് 61). എല്ലാ യുഗങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളുണ്ടെന്നും അതൊന്നുമില്ലാത്തത് ഇനി വരാനിരിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവഭരണകൂടത്തിനു കീഴിലാണെന്നുമാണ് ഇവിടെ വ്യംഗ്യം. പ്രാചീനഭാരതത്തിൽ ഗോഹത്യയും ഗോമാംസഭക്ഷണവും നടന്നിരുന്നു എന്നു സ്ഥാപിക്കാൻ കഠിനമായ ശ്രമം തന്നെ ഈ ഇടതുപണ്ഡിതൻ നടത്തുന്നുണ്ട്. മനുസ്‌മൃതിയിലുള്ള 'അത്രൈവ പശവോ ഹിംസ്യാ' (5:41) എന്ന ശ്ലോകം ഉദ്ധരിച്ച് പശുക്കളെ കൊല്ലാം എന്നു വ്യാഖ്യാനിക്കുന്നു (പേജ് 75). ഈയുള്ളവന്റെ സംസ്കൃതജ്ഞാനം നന്നേ കമ്മിയാണെങ്കിലും 'പശു' എന്ന ശബ്ദത്തിന് സംസ്കൃതത്തിൽ 'മൃഗം' എന്ന അർത്ഥമേയുള്ളൂ എന്നറിയാവുന്നതിനാൽ ഗ്രന്ഥകർത്താവ് ശരിയായ വിധത്തിലാണോ വ്യാഖ്യാനിച്ചിരിക്കുന്നത് എന്ന സംശയമുണരുന്നു. സംസ്കൃതം എഴുതാനോ വായിക്കാനോ പോലും അറിയാത്ത ഇടതു വിദ്യാർത്ഥിനേതാവിന് സംസ്കൃതത്തിൽ പി.എച്ച്.ഡി നൽകാൻ കേരള സർവകലാശാല ഒരുങ്ങിയത് ഈയിടെ വിവാദമായതും ഇവിടെ സ്മരിക്കാം. 'പശുവിനെ കൊല്ലുന്നവൻ' എന്ന അർത്ഥമുള്ള 'ഗോഘ്ന' ശബ്ദം 'അതിഥി'യുടെ പര്യായമായതിനാൽ വിരുന്നുകാർക്കുവേണ്ടി പശുവിനെ കൊല്ലാറുണ്ട് എന്നു വരുന്നു. 'ഒരു അതിഥി വന്നാൽ ഒരു പശുവിന്റെ കാര്യം ഉറപ്പ്' (പേജ് 76). അവിടെയും ഒരു പ്രശ്നം ബാക്കിയാവുന്നു. മാംസം സൂക്ഷിക്കുവാൻ ശീതീകരണ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഒരതിഥിക്കുവേണ്ടി 200 കിലോയോളം തൂക്കം വരുന്ന ഒരു പശുവിനെ ആരെങ്കിലും അറുക്കുമോ? ഇനി വെളുത്താട്ട് പറയുന്നതുപോലെ പശുവിനെ ഭക്ഷിച്ചിരുന്നു എന്നുതന്നെ വെക്കുക. അത് ഇപ്പോഴും പിന്തുടരണമെന്നുണ്ടോ? പ്രാചീന ഈജിപ്തിലെ രാജാക്കന്മാർ സഹോദരിമാരെ ഭാര്യമാരാക്കിയിരുന്നു. അത് ആധുനിക ഈജിപ്തിലെ ജനങ്ങളും പിന്തുടരണമെന്നാണോ ഈ ചരിത്രകാരൻ ആവശ്യപ്പെടുന്നത്?
ഇത്രയൊക്കെ കുഴപ്പങ്ങളുടെ ഇടയിലും ചില രജതരേഖകൾ അങ്ങിങ്ങ് ഈ പുസ്തകത്തിൽ കാണുന്നുണ്ട്. ആര്യൻ എന്ന പദത്തിനെ ഒരു ഭാഷാഗോത്രം എന്നേ കരുതേണ്ടതുള്ളൂ എന്നും ആര്യൻ ആക്രമണം എന്ന ആശയം തന്നെ തെറ്റായിരുന്നുവെന്നും വെളുത്താട്ട് സമ്മതിക്കുന്നു. ആര്യൻ പൈതൃകത്തിൽ അധിഷ്ഠിതമായ മേൽജാതി ഹിന്ദുക്കളുടെ പെരുമയെക്കുറിച്ചുള്ള വാദങ്ങളൊക്കെ സ്വാഭാവികമായും തകർന്നടിഞ്ഞു (പേജ് 60) എന്നാണദ്ദേഹം തുടർന്നു പറയുന്നത്. തെറ്റായ വാദമാണിത്. ആര്യാധിവേശം ഉണ്ടായിട്ടേയില്ല എന്നാണ് ദേശീയവാദികളായ ചരിത്രകാരന്മാരുടെ പ്രഥമ നിരീക്ഷണം തന്നെ. ഋഷീശ്വരന്മാർ ആദ്യത്തെ വേദമന്ത്രങ്ങൾ സാക്ഷാൽക്കരിക്കുന്ന കാലത്ത് ഹാരപ്പൻ സംസ്കൃതി ക്ഷയോന്മുഖമായിരുന്നു (പേജ് 93) എന്നു സമ്മതിക്കുന്നത് സന്തോഷകരമായ ഒരു തിരുത്തലാണ്. ആര്യൻ ആക്രമണമെന്ന വികടവാദത്തോട് ഇടതുചരിത്രകാരന്മാരും വിട പറഞ്ഞുവോ? അനാര്യർ എന്ന ശബ്ദത്തിന് അപരിഷ്കൃതർ എന്നേ അർത്ഥമുള്ളൂ എന്ന് പേജ് 96-ൽ കാണാം. ചാതുർവർണ്യമെന്ന സാമൂഹികവിഭജനത്തെപ്പറ്റി ഋഗ്വേദം പുരുഷസൂക്തത്തിലല്ലാതെ എവിടെയും പരാമർശിക്കുന്നില്ല. എന്നാൽ ആ സൂക്തം തന്നെ ഉത്തരവൈദിക കാലത്തേതാണ് (പേജ് 100). ഈയൊരൊറ്റ സ്ഥലത്തല്ലാതെ ഋഗ്വേദത്തിലെങ്ങും ശൂദ്രനെന്ന പദവും കാണുന്നില്ല. 'വേദങ്ങളുടെ ചരിത്രപശ്ചാത്തലം' എന്ന അദ്ധ്യായം കുറെയൊക്കെ സംതുലിതമായിട്ടാണ് രചിച്ചിരിക്കുന്നത്. കാലിമേക്കൽ മാറി കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ കൂടുതൽ തീവ്രമായ വിധത്തിൽ തൊഴിൽ ആവശ്യമായിവന്നു. ചാർച്ചക്കൂട്ടങ്ങൾക്കു വെളിയിലുള്ള ദസ്യുക്കൾ ഇങ്ങനെയാണ് ചിത്രത്തിൽ വരുന്നത്. ദക്ഷിണേന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. യുദ്ധവിജയം ആഘോഷിക്കാൻ വേന്തന്മാരും (രാജാക്കൾ) കീഴാന്മാരും ബ്രാഹ്മണരും പുലവരും പാണരുമൊക്കെ ചേർന്ന് മാട്ടിറച്ചിയും തിന്ന് കള്ളും കുടിച്ച് കൂത്താടിയിരുന്ന സന്ദർഭങ്ങൾ സംഘം കൃതികളിൽ കാണാം (പേജ് 80). ജാതീയമായ ഉച്ചനീചത്വങ്ങൾ അന്നില്ലായിരുന്നുവെന്നും അവ പിന്നീടുവന്നതാകാമെന്നുമല്ലേ ഇതു സൂചിപ്പിക്കുന്നത്?
'കുഞ്ചൻ നമ്പ്യാരുടെ രാഷ്ട്രീയം', 'പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും' എന്നീ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും ഈ പുസ്തകത്തിൽ കാണാം. പ്രത്യയശാസ്ത്ര കടപ്പാടുകളൊക്കെ മാറ്റിനിർത്തി വിഷയത്തിൽ മാത്രം ശ്രദ്ധിച്ചാൽ കേശവൻ വെളുത്താട്ടിനെപ്പോലുള്ള അതിവിദഗ്ദ്ധ ചരിത്രകാരന്മാർക്ക് ഏതെല്ലാം വിധത്തിൽ മലയാളചരിത്രരചനയെ പുഷ്ടിപ്പെടുത്താൻ സാധിക്കുമെന്നതിന്റെ മൂകസാക്ഷ്യങ്ങളാണവ. ഇന്ത്യക്കാർ ചരിത്രബോധമില്ലാത്തവരാണെന്ന കൊളോണിയൽ ധാരണകളെ ഈ ഗ്രന്ഥം പൊളിച്ചുകാണിക്കുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെപ്പോലെ കേരളത്തിലും ഭൂതകാലത്തെക്കുറിച്ച് ശക്തവും വ്യക്തവുമായ ബോധവും അതിന്റെ ബോധപൂർവമായ ആവിഷ്കാരവും ഉണ്ടായിരുന്നു.
പ്രത്യയശാസ്ത്രമാറാലകൾ നീക്കം ചെയ്താൽ ഈ കൃതി വളരെ പ്രയോജനപ്രദമാകുമെന്നതിനാൽ ശുപാർശ ചെയ്യുന്നു.
പ്രത്യയശാസ്ത്രമാറാലകൾ നീക്കം ചെയ്താൽ ഈ കൃതി വളരെ പ്രയോജനപ്രദമാകുമെന്നതിനാൽ ശുപാർശ ചെയ്യുന്നു.
Book review of 'Bhoothakalathe Aaveshicha Bhootham - Adhikaravum Charithravum Thammil Nadathiya Idapaduka;'
Author: Kesavan Veluthatt
Publisher: DC Books, 2024 (First)
ISBN: 9789362543776
Pages: 174

No comments:
Post a Comment