കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, ഗാനങ്ങൾ എന്നിങ്ങനെ പോകുന്നു ഒരു ചലച്ചിത്രത്തിന്റെ ഘടകഭാഗങ്ങൾ. ചരിത്രത്തിലേക്ക് വെറുതെ ഒന്നു കണ്ണോടിച്ചു
നോക്കിയാൽ മലയാളസിനിമയിൽ ഈ ഓരോ ഘടകത്തിനും ഒരു സുവർണ്ണകാലമുണ്ടായിരുന്നതായി കാണാം. ഗാനങ്ങളുടെ കാര്യത്തിലാണെങ്കിൽ വയലാർ-ദേവരാജൻ കൂട്ടുകെട്ട് അടക്കിവാണിരുന്ന 1965-75 കാലമായിരുന്നു അതിന്റെ സുവർണ്ണദശ. എന്നാൽ സംവിധാനവും സാങ്കേതികമികവും എന്തിന് അഭിനയചാതുര്യം പോലും വളരെയൊന്നും വികസിച്ചിരുന്നില്ല. സത്യൻ എന്ന നടന്റെ താരതമ്യം ചെയ്യാനാവാത്ത അഭിനയമികവ് മാറ്റിവെച്ചാൽ പിന്നെയെന്താണ് ആ കാലത്തെ സൂചിപ്പിക്കാനായി ബാക്കിയവശേഷിക്കുന്നത്? ഹാസ്യവും 'ഒരു വക' തന്നെയായിരുന്നു.
ഭാസി-ബഹദൂർ ദ്വന്ദ്വത്തിന്റെ കോമഡി കണ്ട് ചിരിക്കുന്ന, അധികം പ്രായമില്ലാത്തവരെ കാണിച്ചുതരാമോ? എന്നാൽ 1985-2005 കാലത്തിലെ
ഹാസ്യം മലയാളസിനിമയിലെ എക്കാലത്തെയും മികച്ചതായിരുന്നു. അതിന്
അടിത്തറ പാകിയതും പണിതുയർത്തി ഒരു രമ്യഹർമ്മ്യമാക്കിയതിലും ഒന്നാം
സ്ഥാനം വഹിച്ച ഒരതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഹാസ്യം എഴുതുന്നതുകൂടാതെ കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നിവയിലും
കൂടി തന്റെ അപ്രമാദിത്യം തെളിയിച്ച മറ്റൊരു കലാകാരനും നമ്മുടെ ഇടയിലില്ല. അദ്ദേഹത്തിന്റെ ചില രചനകളും സംഭാഷണങ്ങളും സംഭവകഥകളും സമാഹരിച്ചു ചേർത്തിരിക്കുന്നതാണ് ഈ കൃതി.
ഈ ലഘുപുസ്തകം പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും ശ്രീനിവാസന്റെ സ്വന്തം രചനകൾ ഉൾക്കൊള്ളുന്ന ആദ്യ
ഭാഗമാണ് ഏറ്റവും നർമ്മരസം നിറഞ്ഞതും ആസ്വാദ്യകരവും. 'പ്രഭാകറിന്റെ പെട്ടി' എന്ന കഥയിലെ ഗൂഢഹാസ്യം എത്ര ഹൃദയാവർജ്ജകമാണ്!
സ്വയം പരിഹസിക്കുന്ന ശ്രീനിവാസൻ ശൈലി അദ്ദേഹം
എത്രയോ സിനിമകളിൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.
അത് ഈ കഥയിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ അത്
നമുക്കൊരു ദേജാവു നിമിഷമായി അനുഭവപ്പെടുന്നു. നല്ലതല്ലെന്ന കാരണത്താൽ ചെയ്തിട്ടില്ലാത്ത അമ്പതോളം സിനിമകളാണ് ഞാൻ മലയാളസിനിമയ്ക്ക് നൽകിയ സംഭാവന എന്ന്
തന്റേടത്തോടും ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലും ശ്രീനിവാസൻ പറയുമ്പോൾ നമുക്കറിയാം തന്റെ മേഖലയുടെ ഏറ്റവും ഉയർന്ന
പടിയിലിരുന്നുകൊണ്ടാണ് അദ്ദേഹം ഇതു പറയുന്നതെന്ന്. താഴെത്തട്ടിലുള്ളവർക്ക് ഉപയോഗിക്കാവുന്ന വാക്കുകളല്ലല്ലോ ഇത്. ദൈവത്തെ
ചിരിപ്പിക്കാനുള്ള എളുപ്പവഴി നമ്മുടെ ഭാവിപരിപാടികൾ ദൈവത്തോട്
പറയുകയാണെന്ന നിരീക്ഷണം ജീവിതാനുഭവത്തിന്റെ നെരിപ്പോടിൽ
സ്ഫുടം ചെയ്തെടുത്തതാണ്. ഇതിനോടു ചേർന്നു നിൽക്കുന്ന ഒരു
കഥാവിഷ്കാരം മറ്റൊരനുഭവത്തിൽ ചേർത്തിരിക്കുന്നത് ഇങ്ങനെ:
'ഓടുന്ന വാഹനങ്ങളിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന ശീലം സുധീർ
കുമാറിനില്ല. അതുകൊണ്ടുതന്നെ 'ഇതെന്തൊരു മനുഷ്യൻ' എന്ന ഭാവത്തിൽ സുധീർ കുമാറിനെ നോക്കിക്കൊണ്ട് പ്രകൃതിഭംഗി പുറകിലേക്ക് പാഞ്ഞു
പോയിക്കൊണ്ടിരുന്നു'.
കേരളത്തിലെ ദുഷിച്ച കക്ഷിരാഷ്ട്രീയപരിസരത്തിനു നേരെ ഉയർന്ന ഏറ്റവും ശക്തമായ ആക്ഷേപഹാസ്യചിത്രമായിരുന്നു 'സന്ദേശം'. അതിലെ ശ്രീനിവാസന്റെ കഥാപാത്രം ഉച്ചരിച്ച
'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന വാചകം മലയാളഭാഷയിലെ ഒരു ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്തരമൊരു വിഷയം
കൈകാര്യം ചെയ്ത കലാകാരന് ഒരു രാഷ്ട്രീയപ്പാർട്ടിയോടും അനുഭാവം പുലർത്താനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയിലാണ് ജനനവും വളർച്ചയുമെങ്കിലും അദ്ദേഹം ഒരിക്കലും ആ പാർട്ടിയുടെ സഹയാത്രികൻ പോലും ആയിത്തീർന്നില്ല. പല തലങ്ങളിൽ നിന്നും പാർട്ടിയുമായി യോജിച്ചുപ്രവർത്തിക്കാൻ സമ്മർദ്ദമുണ്ടായെങ്കിലും ശ്രീനിവാസൻ അവയെല്ലാം വിജയകരമായി ചെറുത്തുനിന്നു. കുടുംബത്തിലെ ഒട്ടുമിക്ക മുതിർന്നവരും - സ്വന്തം പിതാവടക്കം - ആ പാർട്ടിയുടെ പ്രവർത്തകരും
നേതാക്കളുമായിരിക്കെ ഇതൊരു നിസ്സാരസംഗതിയല്ല. കണ്ണൂരിലെ
ഹിന്ദുസഖാക്കളുടെ മതപരമായ ചില ഇരട്ടത്താപ്പുകളും ഇതിൽ വായിക്കാം. ഉറച്ച കമ്മ്യൂണിസ്റ്റായിരുന്ന സ്വന്തം അച്ഛൻ വാലുള്ളൊരു കിണ്ടിയിൽനിന്ന് ഇരുകൈകളിലും വെള്ളമെടുത്ത് കണ്ണടച്ച് സംസ്കൃത
ശ്ലോകങ്ങൾ ചൊല്ലുമായിരുന്നു എന്ന് ശ്രീനിവാസൻ ഓർക്കുന്നു.
എന്നാൽ കൊട്ടയോടി എന്ന ജന്മഗ്രാമത്തിലെ അങ്ങാടിയിലെ കമ്മ്യൂണിസ്റ്റുകൾ
കറുത്ത മുണ്ടുടുത്ത അയ്യപ്പന്മാരെ രൂക്ഷമായി പരിഹസിച്ചിരുന്നതും അദ്ദേഹം
രേഖപ്പെടുത്തുന്നു. തലയിൽ മുണ്ടിട്ട് ക്ഷേത്രദർശനം നടത്തിയിരുന്ന
'സന്ദേശ'ത്തിലെ ശങ്കരാടി അവതരിപ്പിച്ച താത്വികാചാര്യന്റെ പ്രാഗ് രൂപം സ്വന്തം പിതാവായിരുന്നോ എന്നത് കൗതുകമുണർത്തുന്ന
ഒരു ചിന്തയാണ്. രചനകൾ, ആത്മകഥ, സംഭാഷണം, ഒരു സിനിമാക്കഥയുടെ ജന്മകഥ എന്ന അനുബന്ധവും ചേർന്നതാണ് ഈ കൃതി. ഇവയിൽ ശ്രീനിവാസന്റെ സ്വന്തം രചനകൾ മാത്രമാണ് വായനക്കാരെ ആകർഷിക്കുന്ന ഭാഗം, കുറച്ചൊക്കെ ആത്മകഥയും. മറ്റു രണ്ടും ഒരു ശരാശരി സിനിമാക്കാരന്റെ സാധാരണപ്രകടനം പോലെയേ ഉള്ളൂ. ജൈവകൃഷി,
കീടനാശിനി വിരുദ്ധത എന്നീ കപടശാസ്ത്രപ്രസ്ഥാനങ്ങളുടെ പിന്നാലെ പോകുന്നതിനു മുമ്പെഴുതപ്പെട്ട രചനയായതും വായനക്കാരുടെ ഭാഗ്യമെന്നേ പറയേണ്ടൂ.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book review of 'Padachonte Thirakkathakal'
Author: Sreenivasan
Publisher: Olive Publications, 2008 (First)
ISBN: Nil
Pages: 137

No comments:
Post a Comment