സംസ്ഥാന പോലീസ് മേധാവിയായി 2017-ൽ വിരമിച്ച ഡി.ജി.പി ശ്രീ. സെൻകുമാർ ഐ.പി.എസ്സിന്റെ 'സർവീസ് സ്മരണകളുടെ രണ്ടാം ഭാഗമാണ് ഈ പുസ്തകം. 'എന്റെ പൊലീസ് ജീവിതം' എന്ന പേരിലുള്ള ആദ്യഭാഗം മുൻപൊരിക്കൽ പരിശോധിച്ചിരുന്നത് ഇവിടെ വായിക്കുക. ആദ്യപുസ്തകത്തിൽ സ്ഥലപരിമിതി മൂലം ഉൾക്കൊള്ളിക്കാനാകാഞ്ഞ പല സംഭവങ്ങളും - പൊലീസ് ജീവിതത്തിലേയും തുടർന്നുളള വർഷങ്ങളിലേയും - ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്നു. പിണറായി സർക്കാരിന് അനഭിമതനായതുമൂലം പൊലീസ് മേധാവി പദവിയിലേക്ക് സ്ഥാനക്കയറ്റം തടഞ്ഞപ്പോൾ പലവട്ടം കോടതികളെ സമീപിച്ച് അനുകൂലമായ ഉത്തരവുകൾ വാങ്ങിയെടുത്തയാളാണ് ഗ്രന്ഥകാരൻ. ആദ്യഭാഗത്തെക്കുറിച്ച് അനുകൂലമായ അഭിപ്രായമല്ല ഇവിടെ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഈ കൃതി അല്പം കൂടി ആകർഷകമാണെന്നു പറയാം.
പോലീസിന്റെ ജോലി നിരന്തരമായ മാധ്യമശ്രദ്ധ പതിയുന്ന ഒന്നാണ്. പ്രേക്ഷകർ ആഗ്രഹിക്കുന്നത് ചെയ്യുവാൻ നിയമപ്രകാരം കഴിയുന്നില്ലെങ്കിൽ അനർഹമായ വിമർശനം പോലും സത്യസന്ധരായ ഉദ്യോഗസ്ഥർ നേരിടേണ്ടി വരും. 'ആക്ഷൻ ഹീറോ ബിജു' പോലുള്ള പൊലീസ് സിനിമകൾ കഴിവുള്ള ഉദ്യോഗസ്ഥർക്ക് ഗ്ലാമർ പരിവേഷവും നൽകുന്നു. അതിനാൽത്തന്നെ മാധ്യമങ്ങളെ അവഗണിച്ചുകൊണ്ട് ഒരു പോലീസുകാരനും സ്വന്തം ജോലി വെടിപ്പായി ചെയ്യാനാകില്ല. ഇത് സെൻകുമാറും നിരീക്ഷിക്കുന്നു. മാധ്യമങ്ങൾക്കു വേണ്ടിയുള്ള പോലീസിംഗ് മാത്രമായി പൊലീസ് സമ്പ്രദായം മാറുന്നു എന്നാണദ്ദേഹത്തിന്റെ പരാതി. പോലീസിന്റെ പ്രായോഗികമായ വൈഷമ്യങ്ങൾ അറിയാത്തവരും, സ്വന്തമായി കേസന്വേഷണം നടത്താത്തവരും, സ്വയം ക്രമസമാധാന സന്ദർഭങ്ങളിൽ മുൻപിൽ നിൽക്കാത്തവരുമാണ് നല്ലൊരു ഭാഗം ഐ.പി.എസ് ഉദ്യോഗസ്ഥരും. പ്രസംഗിക്കാനും, ചാനലുകളിൽ വലിയ വായിൽ വിളിച്ചുപറയാനും ഇവരിൽ പലരും വിദഗ്ദ്ധരുമാണ്. ഇവരാണ് പോലീസിന്റെ ശാപങ്ങൾ എന്ന് ഗ്രന്ഥകാരൻ ആരോപിക്കുന്നു. മാധ്യമങ്ങളെയും അദ്ദേഹം വെറുതെ വിടുന്നില്ല, പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ അതിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കുള്ളതുപോലുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കും വന്നെങ്കിലേ തെറ്റായ പരസ്യങ്ങൾ വഴി ജനങ്ങളെ വഞ്ചിക്കുന്നത് തടയാനാകൂ. 1990-കളിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ ആട് - മാഞ്ചിയം പദ്ധതികളെക്കുറിച്ച് സ്മരിക്കുമ്പോഴാണ് മുൻ ഡി.ജി.പിയുടെ ഈ അഭിപ്രായം. ഒരു ജനപ്രിയപദ്ധതിയായിരുന്ന ചാരായ നിരോധനത്തിന്റെ ഗുണഫലങ്ങളും അദ്ദേഹം ഇതിൽ കുറിക്കുന്നു. ബിവറേജസ് കോർപ്പറേഷൻ വഴി മദ്യത്തിന്റെ കുത്തക വിതരണം സർക്കാർ ഏറ്റെടുത്തതോടെ സർക്കാരിന്റെ വരുമാനം വൻതോതിൽ വർദ്ധിച്ചു. കേരളത്തിലെ കൊലപാതകനിരക്കുകൾ വൻതോതിൽ കുറയുന്നതിനും അതിടയാക്കി.
ഗ്രന്ഥകാരൻ കെ. എസ്. ആർ. ടി. സി. യിൽ മാനേജിംഗ് ഡയറക്ടർ ആയിരുന്നതുകൊണ്ട് ആ സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ദീർഘമായ ഒരു അധ്യായം ചേർത്തിട്ടുണ്ട്. കുറെ നിർദ്ദേശങ്ങൾ നല്ലതാണെന്ന് തോന്നുന്നുവെങ്കിലും പ്രസക്തമല്ലാത്ത ചിലതും ഇതിൽ പെടുന്നു. ടെക്നിക്കൽ വിഭാഗത്തിലെ ഏറ്റവും മുകൾത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ഏറ്റവും ചുരുങ്ങിയത് എം. ടെക് ബിരുദം നിർബന്ധമാക്കുക എന്ന അഭിപ്രായം പരിഹാസ്യമായിപ്പോയി. സാങ്കേതികമേഖലയെക്കുറിച്ച് വേണ്ട അറിവില്ലാതെയുള്ള ഒരു നിർദ്ദേശമാണിത്. പട്ടികവർഗ്ഗമേഖലയിലൊഴികെ മറ്റൊരു സ്ഥലത്തും നഷ്ടമുണ്ടാകുന്ന ഷെഡ്യൂളുകൾ ഓടിക്കരുതെന്നാണ് മറ്റൊരു നിർദ്ദേശം. ദേശസാത്കരണം പിൻവലിച്ചതിനുശേഷമേ ഇതു നടപ്പാക്കാൻ പാടുള്ളൂ, അല്ലെങ്കിൽ രാവിലെ പട്ടണത്തിലേക്കും വൈകിട്ട് തിരിച്ചും ഒരു സർവീസ് മാത്രമേ ഈ സ്ഥാപനം അത്തരം റൂട്ടുകളിൽ ഓടിക്കാൻ സാധ്യതയുള്ളൂ. ഇതിന്റെ ബുദ്ധിമുട്ട് പൊതുജനം ഏൽക്കേണ്ട ബാദ്ധ്യതയില്ലല്ലോ. ബാലൻസ് ഷീറ്റിലെ കണക്കുകളും, വരവുചിലവ് വിവരങ്ങളും വരെ ഈ അധ്യായത്തിൽ കുത്തിനിറച്ചിരിക്കുന്നു. മറ്റു പലഭാഗങ്ങളിലും ഈ വിവരങ്ങൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നതും കാണാം.
ഇത്തരം സർവീസ് ചരിതങ്ങളിൽ അല്പസ്വല്പം പരദൂഷണവും കടന്നു വരുന്നത് സ്വാഭാവികമാണെന്നു മാത്രമല്ല കഥാതന്തു ആസ്വാദ്യമാകുന്നതിനായി വായനക്കാർ അത് സ്വാഗതവും ചെയ്യും. അത്തരത്തിലുള്ള ചില പരാമർശങ്ങൾ ഇതിൽ കാണാം. വിഖ്യാതനായ ടി. എൻ. ശേഷൻ സർക്കാരുദ്യോഗസ്ഥനായിരുന്ന സമയത്ത് 'lick the superior and kick the subordinate' എന്ന സിദ്ധാന്തക്കാരനായിരുന്നുവത്രേ. എന്നാൽ തിരഞ്ഞെടുപ്പു കമ്മീഷനിൽ സ്വതന്ത്രചുമതല ലഭിച്ചതോടെ അദ്ദേഹത്തിന്റെ സ്വഭാവം തന്നെ മാറി എല്ലാ അധികാരങ്ങളും ഏകാധിപത്യപരമായി ഉപയോഗിക്കാൻ തുടങ്ങി. സഹപ്രവർത്തകനായിരുന്ന ഋഷിരാജ് സിംഗ് ഓടിച്ചാടി നടക്കുന്നതല്ലാതെ കേസുകളുടെ അടിസ്ഥാനപരമായ രേഖാകാര്യങ്ങളിൽ യാതൊരു ശ്രദ്ധയും നൽകിയിരുന്നില്ലെന്ന് ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നു (പേജ് 313). സർക്കാർ തലത്തിലെ ഓഡിറ്റിങ്ങിനെക്കുറിച്ച് വളരെ രസകരമായ ഒരു പരാമർശം സെൻകുമാർ നടത്തുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു 20-20 മത്സരം ഓഡിറ്റ് ചെയ്യുന്നുവെന്നു കരുതുക. ആദ്യം ബാറ്റ് ചെയ്തു ഇന്ത്യ 210 റൺസ് എടുക്കുന്നു. തുടർന്ന് പാകിസ്ഥാനെ 180 റൺസിന് ഓൾ ഔട്ടാക്കി മത്സരം 30 റൺസിന് ഇന്ത്യ വിജയിക്കുന്നു. എന്നാൽ ഓഡിറ്റിംഗ് വിഭാഗം ഇത് അമ്പേ പരാജയമാണെന്നായിരിക്കും കണ്ടെത്തുക. ഓരോ പന്തിലും സിക്സറുകൾ അടിക്കാനാവുമായിരുന്നെങ്കിൽ 720 റൺസ് എടുക്കേണ്ടതായിരുന്നു, എന്നാൽ 210 മാത്രമേ എടുക്കാൻ സാധിച്ചിട്ടുള്ളൂ. ബൗളിംഗിന്റെ കാര്യത്തിലാണെങ്കിൽ ഓരോ പന്തിലും ഒരു വിക്കറ്റ് എടുത്ത് പത്തു പന്തിൽ പൂജ്യം റൺസിന് പാകിസ്ഥാനെ പുറത്താക്കേണ്ടിയിരുന്നു, അതിനു പകരം 180 റൺസ് വിട്ടുകൊടുത്തതുകൊണ്ട് അതും തോൽവിയാകുന്നു. ഇങ്ങനെയാണ് ഓഡിറ്റിംഗ് നടക്കുന്നത്. പുരോഗമനപരമായ പല നടപടികളും സ്വീകരിക്കുമ്പോൾ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. അതെല്ലാം അഴിമതിയായി ചിത്രീകരിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയാണ് ഓഡിറ്റിംഗ് ചെയ്യുന്നത്.
ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം 'മതതീവ്രവാദത്തിന്റെ വേരുകൾ' എന്നു പേരിട്ടിരിക്കുന്നതാണ്. മുഖ്യധാരാമലയാള മാധ്യമങ്ങൾ ഭയം മൂലമോ പ്രീണനം മൂലമോ മറച്ചുവെച്ചിരിക്കുന്ന പല കാര്യങ്ങളും ഇതിൽ തുറന്നു പറയുന്നു. ISIS സംഘടനയിൽ ചേർന്ന് മതയുദ്ധം നടത്താൻ പോയ ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും കേരളത്തിൽ നിന്നാണ്. അവരിൽ പലരും മതം മാറിയ ഹിന്ദു-ക്രിസ്ത്യൻ യുവതികളും. കേരളത്തിലെ ജനസംഖ്യയിൽ പ്രകടമായ മാറ്റം ഏതാനും വർഷങ്ങളിൽ തന്നെ കണ്ടുതുടങ്ങുമെന്ന് ലേഖകൻ താക്കീത് നൽകുന്നു. 2016 മുതൽ ജനിക്കുന്ന കുട്ടികളിൽ മുസ്ലിങ്ങൾ ഭൂരിപക്ഷമായി എന്ന യാഥാർഥ്യം വിശദമായ പട്ടികയിലൂടെ വെളിപ്പെടുത്തുന്നു. ഇവിടെ നമ്മൾ ഞെട്ടേണ്ടത് ഒരു സമുദായം ഭൂരിപക്ഷമാകുന്നതിലല്ല, മറിച്ച് അത് കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതും, ഭരണക്രമം മാറ്റാനുദ്ദേശിച്ചുള്ളതുമായ ഒരു പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ്. 1990-കളിൽ തുടങ്ങിയ ഈ പദ്ധതി മതതീവ്രവാദ സംഘടനകളുടെ നിയന്ത്രണത്തിലാണ് പുരോഗമിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഭരണം പിടിക്കണമെങ്കിൽ വോട്ടുകൾ വർദ്ധിപ്പിക്കണമെന്നും അതിനു ജനസംഖ്യ വർദ്ധിപ്പിക്കണമെന്നും അവരുടെ അടിസ്ഥാന ആശയങ്ങളായിരുന്നു. ലവ് ജിഹാദ് നിലനിൽക്കുന്നുവെന്ന് ഗ്രന്ഥകാരൻ അസന്ദിഗ്ദ്ധമായി വിലയിരുത്തുന്നു. അന്യമതസ്ഥരായ സ്ത്രീകളെ ആകർഷിച്ച് വശത്താക്കണമെന്നും, അതേസമയം മുസ്ലിം സ്ത്രീകളുമായി ആരെങ്കിലും അടുക്കുന്നുണ്ടെങ്കിൽ അവരെ വകവരുത്തണമെന്നും ഈ തീവ്രവാദ സംഘടനകളുടെ ഒരു നിർദ്ദേശമായിരുന്നു (പേജ് 224). അത് വാഹനാപകടമായോ രാഷ്ട്രീയ എതിരാളികൾ ചെയ്തതായോ ഇക്കൂട്ടർ വരുത്തിത്തീർത്തിരുന്നത് ഉദാഹരണങ്ങൾ സഹിതം സെൻകുമാർ സമർത്ഥിക്കുന്നു. ഇത്തരം സംഘടനകളുടെ സ്വാധീനശേഷി വർദ്ധിച്ചുവരികയാണ്. 2010-കളിൽ അന്തർദേശീയ ബന്ധങ്ങളും സാമ്പത്തികശേഷിയും, മാധ്യമങ്ങളെ നിയന്ത്രിക്കാനും കഴിവുള്ള സംഘടനകൾ തീവ്രവാദത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അവരിൽ നിന്നും സ്ലീപ്പിങ് സെല്ലുകൾ പോലുള്ളവർ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറി. അതിലൂടെ ആ പാർട്ടികളുടെ സ്വഭാവരൂപീകരണം തന്നെ ഈ തീവ്രവാദികളുടെ നിയന്ത്രണത്തിലായി. നിങ്ങൾ ഈ പുസ്തകത്തിൽ ഒരദ്ധ്യായം മാത്രമേ വായിക്കാൻ ഉദ്ദേശിക്കുന്നുള്ളൂവെങ്കിൽ അത് ഇതായിരിക്കണം.
സർവീസ് സ്മരണകൾ എന്ന വിഭാഗത്തിൽ ഈ കൃതി എടുത്തുപറയത്തക്ക ഗുണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല. ലേഖകൻ ധനതത്വശാസ്ത്രത്തിൽ ഉന്നതബിരുദധാരിയായിരിക്കേ ഇന്ത്യയിൽ 57 കുടുംബങ്ങൾ ആകെ സമ്പത്തിന്റെ അൻപത് ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടാണെന്ന് വാദിക്കുന്നത് വസ്തുതാപരമായി ശരിയല്ല. ഈ സമ്പത്തെന്ന് പറയുന്നത് അവർ കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ കമ്പോളവില മാത്രമാകുമ്പോൾ പ്രത്യേകിച്ചും. മേലുദ്യോഗസ്ഥരെയും ചില രാഷ്ട്രീയ നേതാക്കളെയും പേരിന്റെ കൂടെ 'സാർ' എന്ന് കൂടി ചേർത്ത് പരാമർശിക്കുന്നത് പുസ്തകത്തിൽ തീർച്ചയായും അരോചകമാണ്. അതുപോലെതന്നെ കോടതികളെ 'ബഹുമാനപ്പെട്ട' എന്ന് ചേർത്തുകൊണ്ടുമാണ് നിരന്തരമായി സൂചിപ്പിക്കുന്നത്.
ഈ പുസ്തകം സ്മരണകളുടെ രണ്ടാം ഭാഗമാണല്ലോ. ഒരു മൂന്നാം ഭാഗം ഗ്രന്ഥകാരൻ വിഭാവനം ചെയ്യുന്നില്ലെങ്കിൽ ഈ പുസ്തകം ശുപാർശ ചെയ്യുന്നു.
Book review of 'Parayaan Baaki Vechathu'
Author: T P Senkumar
Publisher: Current Books, 2024 (First)
ISBN: 9789364870405
Pages: 344
