മനുഷ്യൻ നിത്യവൃത്തിയുടെ ബദ്ധപ്പാടുകളിൽ നിന്നകന്ന് കലയും സാഹിത്യവും പരിഗണിക്കുന്നത് അവന്റെ ഒഴിവുസമയത്താണ്. താൻ അന്നം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്ന് അവൻ മനസ്സിലാക്കുന്ന നിമിഷങ്ങളാണവ. രണ്ടുവിധത്തിലാണ് ഒഴിവുസമയം കൂടുതൽ ലഭിക്കുക. ഒന്ന്, അവന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ നേരിട്ട് പണിയെടുക്കേണ്ടതില്ലാത്ത അവസ്ഥയുണ്ടാവുന്നത്; രണ്ട്, സാങ്കേതികവിദ്യയുടെ വളർച്ചയോടെ കായികാധ്വാനം കുറച്ചേ ആവശ്യമുള്ളൂ എന്നതുകൊണ്ട്. അതിനാൽ കാലം മുന്നോട്ട് പോകുന്തോറും ആവശ്യത്തിലധികം ഒഴിവുസമയം കയ്യിലുള്ള വ്യക്തികളുടെ എണ്ണം കൂടിവരും. അവർ കലാ-സാഹിത്യരംഗങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുമ്പോൾ അവ തങ്ങൾക്ക് മനസ്സിലാകാത്ത വിധം ഗഹനമായ സങ്കേതങ്ങൾ ഉപയോഗിക്കുന്നതും തങ്ങളേക്കാൾ ഉയർന്ന ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെക്കുന്നതുമാണെന്ന് കണ്ടെത്തുന്നു. ഈ ഘട്ടത്തിൽ ഈ പുതിയ വിഭാഗത്തിന്റെ വിനോദത്തിനായി ലഘുവും നാടൻ രീതിയിലുള്ളതുമായ രചനാരീതികൾ അവലംബിക്കുന്ന ഒരു കൂട്ടം സാഹിത്യ-കലാകാരന്മാർ രംഗത്തെത്തുന്നു. ആ ഭാഷയിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുകയാണവർ. എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പറയട്ടെ, വേടനെപ്പോലുള്ള കലാകാരന്മാർ ഒരു പക്ഷെ സമൂഹത്തിന്റെ ഈയൊരാവശ്യമായിരിക്കാം നിറവേറ്റുന്നത്. നൂറുകൊല്ലം മുൻപ് ചങ്ങമ്പുഴ ചെയ്തതും അതായിരുന്നു. മുന്നൂറുകൊല്ലം മുൻപ് ഈ ധർമ്മം നിർവ്വഹിച്ച മഹദ് വ്യക്തിയായിരുന്നു കുഞ്ചൻ നമ്പ്യാർ. 1705-നും 1775-നും ഇടയ്ക്ക് ജീവിച്ചതായി കരുതുന്ന നമ്പ്യാരുടെ ജീവചരിത്രത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭ്യമല്ല. അദ്ദേഹത്തിന്റെ യഥാർത്ഥനാമം എന്തായിരുന്നുവെന്നുപോലും കൃത്യമായി അറിയില്ല. കുഞ്ചൻ എന്നത് ഓമനപ്പേരായിരുന്നുവത്രേ. തമിഴിൽ നിന്ന് മലയാളത്തെ മോചിപ്പിച്ച് ഭാഷാ കവനശൈലിക്ക് ഓജസ്സും തേജസ്സും നൽകിയത് എഴുത്തച്ഛന്റെ കിളിപ്പാട്ടുകളാണ്. തുടർന്ന് ആ ശൈലിയിൽ ചമ്പുക്കളും ആട്ടക്കഥാസാഹിത്യവുമുണ്ടായി. എന്നാലിവയിൽ
സംസ്കൃതാതിപ്രസരം നിലനിന്നു. സാധാരണ ജനങ്ങൾക്ക് വേണ്ടി, പ്രത്യേകിച്ചും 'ഭടജനത്തിന്'വേണ്ടി മലയാളത്തിന്റെ തെളിനീരൊഴുക്കി ചാരുകേരളഭാഷയുടെ ശക്തിയും ചൈതന്യവും പകർന്നത് നമ്പ്യാരാണ്. ആ പ്രതിഭയുടെ സാഹിത്യസപര്യയെ സാമാന്യം വിശദമായിത്തന്നെ അപഗ്രഥിക്കുന്ന ഈ കൃതി രചിച്ചിരിക്കുന്നത് ഡോ. ജി. ഗിരിജാദേവിയാണ്. പന്തളം എൻ.എസ്.എസ്. കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായ ഗ്രന്ഥകർത്രി ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്.
നമ്പ്യാരുടെ വ്യക്തിജീവിത പരാമർശങ്ങൾ ഒന്നുംതന്നെ ഈ പുസ്തകത്തിലില്ല. രേഖകളുടെ അഭാവം തന്നെയാണതിന് കാരണം. പേവിഷബാധയെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടിട്ടുണ്ടെങ്കിലും ഈ കൃതി അതിലും നിശ്ശബ്ദത പുലർത്തുന്നു. അദ്ദേഹത്തിന്റെ കാവ്യകലാരൂപങ്ങളിലൂടെയുള്ള അന്വേഷണമാണ് ഇതിൽ കാണുന്നത്. ചാക്യാർകൂത്തിന് മിഴാവ് കൊട്ടിക്കൊണ്ടിരിക്കെ ഉറങ്ങിപ്പോയതിനെത്തുടർന്ന് ചാക്യാരുടെ പരിഹാസം നേരിട്ടതുകൊണ്ടാണ് പുതിയൊരു കലാരൂപം തൊട്ടടുത്തദിവസം തന്നെ ക്രമീകരിച്ച് അവതരിപ്പിച്ചതെന്ന കഥ വിശ്വാസയോഗ്യമല്ലെന്ന് ലേഖിക കരുതുന്നു. ഒരു കലാസാഹിത്യപ്രസ്ഥാനവും നൈമിഷികമായ പ്രേരണയുടെ ഫലമായി ഉണ്ടാകുന്നതല്ല. നിരന്തരമായ ചിന്തയുടെയും പരിശ്രമത്തിന്റെയും പരിണിതഫലമാണ് അവ. ഒരു പക്ഷെ തുള്ളലിന്റെ ആദ്യാവിഷ്കാരം ചാക്യാർ-നമ്പ്യാർ കലഹത്തോടെയായിരിക്കാം. എന്നാൽ നമ്പ്യാരുടെ തുള്ളൽപ്രസ്ഥാനത്തിനു മുമ്പുതന്നെ തുള്ളലിന്റേതായ ഒരന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശീതങ്കൻ തുള്ളലും പറയൻ തുള്ളലും നമ്പ്യാർക്കുമുമ്പേ ഉണ്ടായിരുന്നു; ഓട്ടൻ തുള്ളൽ പോലും നേരത്തേ ഉണ്ടായിരുന്നു എന്നാണ് ഗിരിജാദേവി സംശയിക്കുന്നത്.
ഒരു അപരിഷ്കൃത നാടൻ കലാരൂപമായിരുന്ന തുള്ളലിനെ കാലോചിതമായി പരിഷ്കരിച്ച് ശ്രദ്ധേയമായ ദൃശ്യകാവ്യകലയാക്കി നമ്പ്യാർ മാറ്റി. ഇതിലേക്കാവശ്യമായ ദൃശ്യവിഭവങ്ങൾ പടയണി, കോലംതുള്ളൽ, നാടൻ കലകൾ, കൂത്ത്, കൂടിയാട്ടം, കഥകളി എന്നിവയിൽ നിന്നും, സാഹിത്യപരമായവ നാടൻപാട്ടുകൾ, ചമ്പുക്കൾ, ആട്ടക്കഥകൾ എന്നിവയിൽ നിന്നും സമാഹരിച്ചു. സാമാന്യജനത്തിന് സുപരിചിതമായിരുന്ന പുരാണ കഥകൾ അവരുടെ അനുഭവമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇടകലർത്തി അവതരിപ്പിച്ചു. തുള്ളലിൽ നാടൻപാട്ടിന്റെ സംഗീതാംശവും ചൊൽമട്ടുകളും താളവൃത്തങ്ങളും സ്വീകരിച്ചു. ചാക്യാർകൂത്തുമായുള്ള പരിചയവും നമ്പ്യാർ പുതിയ കലാരൂപം വികസിപ്പിക്കാൻ പ്രയോജനപ്പെടുത്തി. കൂത്തിലും കൂടിയാട്ടത്തിലും ചാക്യാർ അവതരിപ്പിക്കുന്ന സകലകഥകളും അതിലെ ഫലിത പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും തെല്ലും കുറവുവരുത്താതെ തുള്ളലിൽ നമ്പ്യാർ അവതരിപ്പിക്കുന്നു. തുള്ളൽ ചാക്യാർകൂത്തിന്റെ നൃത്തഗാനരൂപത്തിലുള്ള അവതരണം തന്നെയെന്നാണ് ഗ്രന്ഥകർത്രിയുടെ അഭിപ്രായം. ചാക്യാർകൂത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്നും പുറത്തേക്ക് തെറിച്ചുപോയ രണ്ട് സ്ഫുലിംഗങ്ങൾ മാത്രമാണ് പാഠകവും തുള്ളലും എന്നൊരഭിപ്രായവും പണ്ഡിതർക്കിടയിൽ നിലനിൽക്കുന്നു.
വെറുമൊരു കലാസൃഷ്ടി എന്നതിലേക്കാളുപരി തുള്ളലിനെ വ്യത്യസ്തമാക്കുന്നത് അതുവരെയുള്ള രചനകളിൽ കാണാതിരുന്ന സാമൂഹ്യവിമർശനം എന്ന ലക്‌ഷ്യം അതു കൈവരിച്ചു എന്നതാണ്. നിശിതമായ പരിഹാസശരങ്ങൾ നമ്പ്യാർ രാജാവിനും സദസ്യർക്കും സമൂഹത്തിലെ മേലാളർക്കെതിരെയും തുരുതുരാ അയച്ചു. വ്യക്തികൾക്കു മാത്രമല്ല, സമൂഹത്തിനും ചില ആദർശങ്ങൾ പിന്തുടരാൻ ബാദ്ധ്യതയുണ്ടെന്ന് അവ പതിനെട്ടാം നൂറ്റാണ്ടിലെ കേരളസമൂഹത്തെ ഉൽബോധിപ്പിച്ചു. സാമൂഹികകാര്യപ്രതിപാദകമാവണം കല എന്ന ആധുനിക മുദ്രാവാക്യം മലയാളത്തിനെ സംബന്ധിച്ചിടത്തോളം ഉയിർക്കൊള്ളുന്നത് നമ്പ്യാരിലൂടെയാണ്. രാജകൊട്ടാരവുമായി ബന്ധപ്പെട്ടവരുടെ ജീവിതം മാത്രമേ തുള്ളലിൽ അവതരിപ്പിച്ചിട്ടുള്ളൂ, അധഃസ്ഥിതജനവിഭാഗങ്ങളുടെ യാതനകളെക്കുറിച്ച് കാര്യമായി സ്പർശിച്ചിട്ടില്ല. യാതനാപൂർണ്ണമായ ജീവിതത്തേക്കാൾ ലക്ഷ്യബോധമില്ലാത്തവരുടെ ജീവിതമാണ് കവിക്ക് പ്രേരണ നൽകിയത്. തുള്ളൽകൃതികളുടെ ഇതിവൃത്തത്തിന്റെ ഉറവിടം മാത്രമേ പുരാണങ്ങളിൽ കാണുകയുള്ളൂ; കഥ നടക്കുന്ന സ്ഥലവും
കഥാപാത്രങ്ങളുടെ ജീവിതവുമെല്ലാം പതിനെട്ടാം നൂറ്റാണ്ടിലെ കേരളീയാന്തരീക്ഷത്തിലാണ് കുടികൊള്ളുന്നത്. അതിനായി കൽപ്പിതകഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ജ്യോതിഷം, വൈദ്യം, മന്ത്രവാദം എന്നീ തൊഴിലുകാരെ പലപ്പോഴും പരിഹസിക്കുന്നു.
'ജ്യോതിഷക്കാരനായ് ചെന്നു ധനികന്റെ
ജാതകമെല്ലാം വരുത്തി വിചാരിച്ചു
കൈതവം നന്നായ് പറഞ്ഞുഫലിപ്പിച്ചു
കൈമടക്കും കൊണ്ടുപോകുന്നിതു ചിലർ' (ഹരിണീസ്വയംവരം ഓട്ടൻതുള്ളൽ)
വാക്കുകളിൽ മാർദ്ദവമില്ലാത്ത വിവരണങ്ങളായതിനാലാകാം കല്യാണസൗഗന്ധികം തുള്ളലിലെ ഭീമ-ഹനുമദ് സംവാദം ചൂണ്ടിക്കാട്ടി കുട്ടികൃഷ്ണമാരാർ നമ്പ്യാരെ സംസ്കാരദൂഷകൻ എന്നാക്ഷേപിച്ചു. പി.കെ. ബാലകൃഷ്ണനും നമ്പ്യാരെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
ഇത്രയൊക്കെ സാമാന്യമായി പറയാമെങ്കിലും ഈ കൃതി ശ്രദ്ധേയമാകുന്നത് അക്കാലത്തെ കലാരൂപങ്ങളുമായി തുള്ളലിനുള്ള അന്തർധാരകളെ കൃത്യമായി കണ്ടെത്തി വിശദീകരിക്കുന്നതിലാണ്. ഇതിനു പിന്നിലുള്ള ഗവേഷണം വളരെ വിപുലമായിരിക്കുന്നു. അക്കാലത്തെ ദൃശ്യ, ശ്രാവ്യകലകളായ ചാക്യാർകൂത്ത്, പാഠകം, പലതരം തുള്ളലുകൾ, പടയണി മുതലായവയെ പരിശോധിച്ച് അതിനോടെല്ലാം തുള്ളൽ പ്രസ്ഥാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുന്നു. തുള്ളൽകൃതികളിലെ സംഗീതത്തെക്കുറിച്ചും അതിലെ താള-രാഗങ്ങളെക്കുറിച്ചും പഠനം ഇതിലുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സാങ്കേതികഭാവങ്ങൾ ഒഴിവാക്കി താളവൃത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് നമ്പ്യാർ ചെയ്തത്. നമ്പ്യാരെ വിശ്വസാഹിത്യമണ്ഡലത്തിലെ മഹാപ്രതിഭകളോട് താരതമ്യപ്പെടുത്തുന്ന ഒരു പഠനം അരിസ്റ്റോഫെനിസ്, മോളിയർ എന്നീ പാശ്ചാത്യ സാഹിത്യകാരന്മാരെ നമുക്ക് പരിചയപ്പെടുത്തുന്നു. തുള്ളലിലെ മുഖ്യരസം ഹാസ്യമാണെങ്കിലും എല്ലാ രസങ്ങളും വിവിധയിടങ്ങളിൽ നമ്പ്യാർ
വിദഗ്ദ്ധമായി സന്നിവേശിപ്പിച്ചു. ചിലയിടങ്ങളിലെങ്കിലും ഈ കൃതി സാധാരണക്കാരായ വായനക്കാരെ അവഗണിക്കുന്നതുപോലെ കാണപ്പെടുന്നു. കാവ്യാസ്വാദനവേളയിൽ സഹൃദയന് അനുഭവപ്പെടുന്ന അലൗകികമായ ആനന്ദമാണ് രസം എന്നു പറഞ്ഞുകൊണ്ട് നാട്യശാസ്ത്രത്തിൽ അത് നിർവ്വചിച്ചിരിക്കുന്നത് 'വിഭാവാനുഭാവ വ്യഭിചാരീ സംയോഗാത് രസനിഷ്പത്തി' എന്നാണ്. എന്നാൽ ഇതിന്റെ അർത്ഥം കൊടുത്തിരിക്കുന്നതോ, 'വിഭാവ അനുഭാവ വ്യഭിചാരികളുടെ സംയോഗം കൊണ്ടു രസം നിഷ്പന്നമാകുന്നു' - എന്ന്! എന്തു മനസ്സിലായി?
കേരളത്തിലെ അക്കാദമികരംഗത്തെ ഒരു നിത്യശാപമാണ് സ്വന്തം ജോലിയിലും രാഷ്ട്രീയചായ്‌വ് നിലനിർത്തുന്ന നല്ലൊരു കൂട്ടം ഇടതുപക്ഷ സഹയാത്രികരായ അദ്ധ്യാപകർ. മാർക്സിയൻ സിദ്ധാന്തത്തിലും കേരളത്തിൽ പാർട്ടി ചിട്ടപ്പെടുത്തിയ ചട്ടക്കൂടുകൾക്കുള്ളിലും അവരുടെ ചിന്തയും ഭാവനയും ഒതുങ്ങിനിൽക്കുന്നു എന്നുമാത്രമല്ല ബാഹ്യപ്രതിഭാസങ്ങളെ ഇതിനനുസരിച്ച് ചവുട്ടിയൊതുക്കും. എന്നാൽ ഈ കൃതിയിൽ രാഷ്ട്രീയശരികളെ (political correctness) നിർത്തേണ്ടിടത്ത് നിർത്തുന്നു എന്ന കാണുന്നത് വളരെ സന്തോഷകരമാണ്. അധഃകൃതരുടെ ജീവിതം പരാമർശിച്ചില്ല എന്നതുകൊണ്ട് നമ്പ്യാരെ ലേഖിക പ്രതിക്കൂട്ടിൽ കയറ്റുന്നില്ല. അദ്ദേഹത്തെ പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ ഒരു സാഹിത്യകാരനായിത്തന്നെ തുടർന്നും പരിഗണിക്കുന്നു.
അനായാസം വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ ചില ആശയങ്ങൾ പലകുറി ആവർത്തിക്കുന്നു എന്ന ഒരു ന്യൂനതയും കാണുന്നുണ്ട്.
പുസ്തകം ശക്തമായി ശുപാർശചെയ്യുന്നു.

No comments:
Post a Comment