Saturday, September 9, 2017

ബ്രാഹ്മണ മാർക്സിസം

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ഭാരതത്തിലെ ദളിത് മുന്നേറ്റം മാന്യവർ കാൻഷിറാം സ്ഥാപിച്ച ബഹുജൻ സമാജ് പാർട്ടി എന്ന രാഷ്ട്രീയകക്ഷിയുടെ ഉയർച്ചയിലൂടെയായിരുന്നു. റാമും അദ്ദേഹത്തിന്റെ വിശ്വസ്തയായ പിൻഗാമി മായാവതിയും വളരെ വിദഗ്ധമായ നീക്കങ്ങളിലൂടെ ഉത്തർപ്രദേശിൽ അധികാരം നേടുകയും മറ്റു നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാവുകയും ചെയ്തു. ദളിത്-മുസ്ലിം വോട്ട്ബാങ്കുകളെ ലക്ഷ്യമാക്കി നീങ്ങിയ പാർട്ടി തങ്ങളുടെ രാഷ്ട്രീയപിന്തുണയുടെ സൈദ്ധാന്തിക അടിത്തറ സൃഷ്ടിക്കുവാനായി ബുദ്ധിജീവികളെ തന്ത്രപരമായി വിനിയോഗിച്ചു.  സ്വപൻ കുമാർ ബിശ്വാസ് എന്ന ഗ്രന്ഥകാരൻ അതിലൊരുവനാണ്. മുപ്പതുവർഷം ഐ. എ. എസ്സിൽ പ്രവർത്തിച്ചതിനുശേഷം വിരമിച്ച ബിശ്വാസ് ബി. എസ്. പിയുടെ ശക്തനായ വക്താവായി മാറി. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഇന്ത്യയിൽ മൂന്നു മഹദ്‌വ്യക്തികളേയുള്ളൂ - ഗൗതമ ബുദ്ധൻ, ഡോ. അംബേദ്‌കർ, കാൻഷിറാം. ഇന്ത്യയ്ക്കു പുറത്താണെങ്കിൽ കാൾ മാർക്സും! മാർക്സിയൻ ദാർശനികതയെ ഭാരതത്തിൽ പകർത്തിക്കാണിച്ചവരാണ് മേൽച്ചൊന്ന മൂന്നുപേരും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്തരുണത്തിൽ മാർക്സിസത്തിനെ കയ്യടക്കി വികലമാക്കിയ ബ്രാഹ്മണർക്കെതിരെയുള്ള അടങ്ങാത്ത കലിയുടെ സംക്ഷേപമാണ് ഈ പുസ്തകം.

തൊഴിലാളിവർഗ്ഗത്തിന്റെ ലോകവീക്ഷണമാണ് മാർക്സിസം. എന്നാൽ മാർക്സിന്റെ കാലത്തെ യൂറോപ്പിലെ തൊഴിലാളിവർഗ്ഗവുമായി താരതമ്യം ചെയ്യാവുന്ന ഒരു വർഗ്ഗം ഇന്ത്യയിൽ ഒരിക്കലും നിലനിന്നിരുന്നില്ല. ഇവിടെ തഴച്ചുവളർന്നിരുന്ന ജാതീയത ഫ്യൂഡൽ സമൂഹത്തെ തടഞ്ഞുനിർത്തി, മുതലാളിത്തത്തിനെ വളരാനനുവദിച്ചില്ല. തന്മൂലം കമ്യൂണിസ്റ്റ് ആശയധാരയിലെ വിവിധ രാഷ്ട്രീയഘട്ടങ്ങൾ ഇന്ത്യയിൽ അരങ്ങേറിയില്ല. ഈ ഘട്ടത്തിലാണ് ഭരണവർഗ്ഗമായിരുന്ന ബ്രാഹ്‌മണർ 'ഡീക്ലാസിങ്' എന്ന പ്രക്രിയയിലൂടെ തൊഴിലാളിവർഗ്ഗത്തിന്റെ നേതൃനിരയിലേക്ക് നുഴഞ്ഞുകയറിയത്. എം. എൻ. റോയ്, എസ്. എ. ഡാങ്കെ, ഇ. എം. എസ്, ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിങ്ങനെയുള്ള സമുന്നത കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ബ്രാഹ്മണരായിരുന്നു. ഇന്നും സി. പി. എമ്മിന്റെ പോളിറ്റ് ബ്യൂറോവിൽ ഒരൊറ്റ ദളിതൻ പോലുമില്ലെന്നോർക്കുക! ഒരു വിപ്ലവവും ഭരണവർഗ്ഗങ്ങൾ സംഘടിപ്പിച്ചവയായിരുന്നില്ല. റഷ്യൻ, ചൈനീസ് വിപ്ലവനേതാക്കളിൽ ഒരാൾ പോലും ഭരണവർഗ്ഗത്തിൽ ഉൾപ്പെടുന്നവനായിരുന്നില്ല. എങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ ബ്രാഹ്മണർ തൊഴിലാളിവർഗ്ഗ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതിന്റെ നേർക്കാഴ്ച ബിശ്വാസ് കാട്ടിത്തരുന്നുണ്ട്.

ഇന്ത്യയിലെ ദളിത് ജനതയുടെ വിമോചനത്തിനായി ഡോ. അംബേദ്‌കർ നിർവഹിച്ച സേവനങ്ങൾ നിസ്തുലമാണ്. എങ്കിലും ബിശ്വാസ് മതപരിവർത്തനമാണ് അതിൽ ഏറ്റവും മുഖ്യം എന്ന നിലപാടാണെടുക്കുന്നത്. ഇസ്ലാമിക പ്രസിദ്ധീകരണശാലയായ കോഴിക്കോട്ടെ അദർ ബുക്സ് ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ തുനിഞ്ഞതിനുപിന്നിലെ ഗുട്ടൻസും ഈ വാദം വെളിവാക്കുന്നു. ഡോ. അംബേദ്‌കർ ബുദ്ധമതത്തിലേക്കുള്ള പരിവർത്തനമാണ് ഉദ്ദേശിച്ചതും നടപ്പാക്കിയതുമെങ്കിൽ ബിശ്വാസ് ഇസ്ളാമിലേക്കുള്ള മതംമാറ്റവും ഉയർത്തിക്കാട്ടുന്നുണ്ട്. അംബേദ്കറുടെ കമ്യൂണിസ്റ്റ് ആഭിമുഖ്യം ഗ്രന്ഥകർത്താവ് വളരെ വിശദമായിത്തന്നെ പിന്തുടരുന്നുണ്ട്. 'സഖാവ് സ്റ്റാലിൻ' മരണമടഞ്ഞ ദിവസം അനുശോചനം പുലർത്തിക്കൊണ്ട് അദ്ദേഹം അന്നുമുഴുവൻ നിരാഹാരം അനുഷ്ഠിച്ചുവത്രേ! യാഥാർഥ്യത്തിനു നേരെ സൗകര്യപൂർവ്വം കണ്ണടക്കാനുള്ള കൗശലവും ബിശ്വാസ് പ്രദർശിപ്പിക്കുന്നു. അംബേദ്‌കർ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലിയിലേക്ക് ബംഗാളിൽ നിന്നു ജയിച്ചുവരാനുള്ളതിന്റെ കാരണം അവിടത്തെ ദളിത്-മുസ്ലിം പിന്തുണയായിരുന്നതുകൊണ്ടാണ് ബംഗാളിലെ അയിത്തജാതിക്കാരെ ഇന്ത്യാവിഭജനം വഴി പീഡിപ്പിച്ചതെന്നാണ് ആരോപണം (പേജ് 64). എന്നാൽ സ്വാതന്ത്ര്യാനന്തരം അംബേദ്‌കർ ജയിച്ച മണ്ഡലം പാക്കിസ്ഥാനിലായിപ്പോയതിനാൽ ബോംബെയിലെ കോൺഗ്രസ് അംഗമായ ഡോ. എം. ആർ. ജയകറെ രാജിവെപ്പിച്ച് ആ സീറ്റിൽനിന്ന് അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കുകയാണുണ്ടായതെന്ന സത്യം ബിശ്വാസ് വിഴുങ്ങുന്നു. ദളിതുകൾക്ക് മുസ്ലീങ്ങളിൽ നിന്ന് പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ വിഭജനത്തെത്തുടർന്ന് പാകിസ്ഥാനിലേക്ക് കുടിയേറി അവിടത്തെ ആദ്യ നിയമമന്ത്രിയായ ജ്യോതീന്ദ്രനാഥ് മണ്ഡലിനെ ഉയർത്തിക്കാട്ടുന്ന ലേഖകൻ പക്ഷേ മൂന്നു വർഷങ്ങൾക്കുശേഷം അവിടത്തെ ഭ്രാന്തു പിടിപ്പിക്കുന്ന മതവിവേചനത്തെത്തുടർന്ന് മണ്ഡൽ ഇന്ത്യയിലേക്ക് ജീവനുംകൊണ്ട് തിരിച്ചോടിവന്നു എന്ന വസ്തുതയും തമസ്കരിക്കുന്നു.

ബുദ്ധമതം ഹാരപ്പാ കാലത്തുതന്നെ നിലവിലുണ്ടായിരുന്നു എന്നതുപോലുള്ള അസംബന്ധങ്ങൾ വിളമ്പുന്നുണ്ടെങ്കിലും വർഗ്ഗവും ജാതിയും തമ്മിലുള്ള സൂക്ഷ്മവ്യത്യാസങ്ങൾ ബിശ്വാസ് കണ്ടെത്തുന്നുണ്ട്. വർഗ്ഗമെന്നാൽ സാമൂഹ്യ ചലനാത്മകതയുള്ള ഒരു സ്ഥാപനമാണ് - ജാതി അതില്ലാത്തതും. ഇന്ത്യയിൽ അതുകൊണ്ടുതന്നെ വർഗ്ഗങ്ങളുമില്ല. ഇന്ത്യയിലെ നിലവിലുള്ള നീതിന്യായ വ്യവസ്ഥിതിക്കുനേരെ അദ്ദേഹം പ്രദർശിപ്പിക്കുന്ന പുച്ഛഭാവം ഞെട്ടിപ്പിക്കുന്നതാണ്. 30 വർഷം സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച്, ശമ്പളവും പെൻഷനുമെല്ലാം കൃത്യമായി വാങ്ങി പോക്കറ്റിലിട്ടതിനുശേഷം ഹൈക്കോടതികൾ ബൂർഷ്വാ സ്ഥാപനമാണെന്നു പ്രഖ്യാപിക്കാനുള്ള (പേജ് 110) ഉളുപ്പില്ലായ്മ അറപ്പുളവാക്കുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of Brahmana Marxism by S K Bishwas
ISBN: 9788190601993

Thursday, August 24, 2017

ബുദ്ധമതം ഇന്ത്യയിൽ

ജാതിവ്യവസ്ഥയിലും വൈദിക-യാഗാദികർമ്മങ്ങളിലും ഭാരതീയജനത തളച്ചിടപ്പെട്ടിരുന്ന ഒരു ദശാസന്ധിയിൽ അതിനെ നവീകരിക്കാനും പുതിയൊരു പാത കാട്ടിക്കൊടുക്കാനുമായി ജന്മമെടുത്തതാണ് ബുദ്ധ-ജൈന ധർമങ്ങൾ. ബ്രാഹ്മണമേധാവിത്വത്തിന്റെ നുകം പേറിത്തളർന്ന അക്കാലത്തെ ഗൃഹസ്ഥനും സന്യാസിക്കും ഒരുപോലെ സ്വീകാര്യമായ ഒരു ധാർമികവ്യവസ്ഥയാണ് ബുദ്ധൻ മുന്നോട്ടുവെച്ചത്. ഏതാണ്ട് 1500 വർഷത്തെ പുഷ്‍കലകാലത്തിനുശേഷം ബുദ്ധമതം ഇന്ത്യയിൽ അസ്തമിച്ചു. ആ മതത്തിന്റെ ജനനം, വളർച്ച, തളർച്ച എന്നിവ പ്രതിപാദിക്കാനുള്ള ഒരുദ്യമമാണ് ഈ പുസ്തകം.

ഗ്രന്ഥകർത്താവായ ശ്രീ. കെ. രാജഗോപാലൻ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം 39 വർഷം വിവിധ ബാങ്കുകളിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ഒരു വ്യക്തിയാണ്. ചരിത്രപരമായ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലെന്നു വ്യക്തം. മറ്റു മേഖലകളിൽ ജോലി നോക്കുന്നവർ കുറെ ചരിത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം സ്വന്തമായി ഒരു കൈ നോക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിലെ ചതിക്കുഴികൾ മറ്റൊരു പോസ്റ്റിൽ വിവരിച്ചിട്ടുള്ളതിനാൽ ഇവിടെ അതിനു മുതിരുന്നില്ല. ഈ പുസ്തകത്തിൽ അതിന്റെ എല്ലാ ദൂഷ്യഫലങ്ങളും കാണുന്നുമുണ്ട്. ജവഹർലാൽ നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തലാണ്' ഇക്കൂട്ടരുടെ ആധികാരിക ചരിത്ര ഗ്രന്ഥം. നെഹ്രു വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമാണ് - അദ്ദേഹത്തിന്റെ അക്കാദമിക മേഖല നിയമവും. രാഷ്ട്രീയനേതാവ് എന്ന നിലയിൽ തന്നെ അദ്ദേഹം ഒരു പരാജയമായിരുന്നു എന്നു തെളിയിക്കുന്ന പല രേഖകളും പുറത്തുവന്നുകൊണ്ടിരിക്കേ ഗൗരവമായ ചരിത്രരചനക്കാധാരമായി നെഹ്രുവിന്റെ പുസ്തകങ്ങളെ സ്വീകരിക്കുന്ന അമേച്വർ ചരിത്രകാരന്മാരുടെ വങ്കത്തരം സ്പഷ്ടമാണല്ലോ.

രാജഗോപാലൻ ഒരു ദാർശനികനും തത്വചിന്തയിൽ അതീവ തല്പരനുമാണെന്ന് വ്യക്തമാണ്. 'ബുദ്ധമതം പിറന്നുവീഴുകയും പുഷ്കലമാവുകയും ചെയ്ത ഭാരതീയപശ്ചാത്തലം വസ്തുനിഷ്ഠമായി വിലയിരുത്താനെന്ന' മട്ടിൽ വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുക്കൾ, ന്യായശാസ്ത്രങ്ങൾ എന്നിവയൊക്കെ പിൻപറ്റി അതിദീർഘവും വിഷയത്തോട് ബാന്ധവം പുലർത്താത്തതുമായ കാര്യങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൃതിയുടെ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ഇത്തരത്തിലുള്ള അപ്രസക്തമായ വിവരങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. ആര്യാധിനിവേശത്തെ നിന്ദ്യമായ കടന്നാക്രമണമായി വ്യാഖ്യാനിക്കുന്ന ലേഖകന് പിൽക്കാല ഹിന്ദുമതത്തിൽ തീർത്തും ദേശീയമായ ദേവതകൾ കടന്നുവന്നതിന്റെ ഉള്ളുകള്ളികൾ കണ്ടെത്താനാവുന്നില്ല. ദുർഗ്ഗ, വിന്ധ്യാവനപ്രദേശത്ത് ഗോത്രവർഗക്കാരാൽ ആരാധിക്കപ്പെട്ടിരുന്ന കന്യാദേവതയാണെന്ന് സമ്മതിക്കുന്ന ഗ്രന്ഥകാരൻ ആര്യേതരമായ ഇത്തരം ദേവതകൾ എങ്ങനെ ഹിന്ദുമതത്തിലെത്തി എന്നു വിശദീകരിക്കാൻ അശക്തനാണ്. അനാര്യരെ അടിമകളാക്കി മുന്നോട്ടുനീങ്ങിയെന്നു പറയപ്പെടുന്ന ആര്യന്മാർ അവരുടെ ദൈവങ്ങളെ എന്തിനു സ്വീകരിക്കണം? ശിവ, വിഷ്ണു, വാസുദേവകൃഷ്ണ ആരാധനയുടെ കാര്യത്തിലും ഈ യോജിക്കായ്ക പ്രകടമാണ്.

പുസ്തകരചയിതാവിന്റെ ഊഹാപോഹങ്ങൾ കൊണ്ടുള്ള ഒരു 'അയ്യരുകളി'യാണ് ഗ്രന്ഥത്തിലുടനീളം. ഭാരതീയദർശനങ്ങളിൽ പരാമർശിച്ചിട്ടുള്ള സപ്തദ്വീപുകളായ ജംബുദ്വീപം, പ്ലക്ഷദ്വീപം, പുഷ്കരദ്വീപം മുതലായവ ആഫ്രിക്ക, ഏഷ്യ എന്നിങ്ങനെയുള്ള ഭൂഖണ്ഡങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബുദ്ധമതം എന്തായിരുന്നു എന്നതിലുപരി എന്തായിരിക്കണം എന്നാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ബുദ്ധമതം നടപ്പിൽ വരുത്തിയ പദ്ധതികൾ എന്തൊക്കെയായിരുന്നു എന്നു പരിശോധിക്കുന്നതിനുപകരം ബുദ്ധന്റെ ഉപദേശങ്ങളുടെ കാലാതീതമായ മഹത്വം ഉദ്‌ഘോഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ബ്രാഹ്മണമേധാവിത്വത്തിനെതിരായ ബുദ്ധദർശനങ്ങൾ വിവരിക്കുമ്പോൾ അശോകന്റെ ശിലാശാസനങ്ങളിൽ ബ്രാഹ്മണരെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്ന കല്പനകൾ ബോധപൂർവ്വമോ അല്ലാതെയോ വിട്ടുകളയുന്നു. ഹിന്ദുമതത്തിലെ ത്രിമൂർത്തി സങ്കൽപം ബുദ്ധമതത്തിലുമുണ്ട് - വജ്രപാണി, മഞ്ജുശ്രീ, അവലോകിതേശ്വരൻ എന്നിങ്ങനെ. ദക്ഷിണേന്ത്യയിലെ ബുദ്ധമതസ്വാധീനം സാമാന്യം ദീർഘമായിത്തന്നെ പരിഗണിക്കുന്നുണ്ട്. കണ്ണകിയെന്ന പത്തിനീദേവി ഒരു ദ്രാവിഡ സ്ത്രീദൈവമായിരുന്നു എന്നു സ്ഥാപിക്കുന്ന ഗ്രന്ഥകർത്താവ് ഹിന്ദുമതം പോലെ തന്നെ ബുദ്ധമതവും പുറമേനിന്ന് ദേവതമാരെ സ്വീകരിച്ചിരുന്നുവെന്ന് സമ്മതിക്കാൻ മടിക്കുന്നു.

തന്റെ ചിന്താധാരകളോട് യോജിക്കാത്ത ചരിത്രകാരന്മാരെ അകാരണമായി തേജോവധം ചെയ്യാൻ ഗ്രന്ഥകാരൻ യാതൊരു ലുബ്ധും കാണിക്കുന്നില്ല. ക്രി. വ. നാലാം നൂറ്റാണ്ടിൽ ബ്രാഹ്മണർക്കുള്ള ഏതോ ചില സൗജന്യങ്ങൾ നിർത്തൽ ചെയ്തതുകൊണ്ടാണ് കളഭ്രരാജാവായ അച്യുതവിക്കന്തനെ ആധുനിക ചരിത്രകാരനായ കെ. ഏ. നീലകണ്‌ഠശാസ്ത്രി ഇകഴ്ത്തിക്കാണിക്കുന്നതെന്നാണ് രാജഗോപാലൻ വാദിക്കുന്നത് (പേജ് 180). ഭാരതത്തിലെതന്നെ പ്രമുഖ ചരിത്രകാരന്മാരിൽ ഒരാളായ ശാസ്ത്രി ബ്രാഹ്മണനാണെന്ന ഒറ്റക്കാരണത്താൽ ബാലിശമായ ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിനുമേൽ കുതിര കേറുന്ന ഇത്തരം ജാതിക്കോമരങ്ങളെ ജനമദ്ധ്യത്തിൽ തുറന്നുകാണിക്കേണ്ടതുണ്ട്. ചരിത്രപരമായ നിരവധി അബദ്ധങ്ങളും നമുക്കീ പുസ്തകത്തിൽ കാണാം. ഭൃഗുകച്ഛം, അഹിച്ഛത്രം എന്നീ രണ്ടു പട്ടണങ്ങളെ ലേഖകൻ ഒന്നായി തെറ്റിദ്ധരിച്ചുകൊണ്ട് പുതിയ സിദ്ധാന്തങ്ങൾ മെനയുന്നു.

ഗ്രന്ഥകാരന്റെ കാപട്യം പൂർണമായി പുറത്തുവരുന്നത് ബുദ്ധമതത്തിന്റെ ശൈഥില്യകാരണങ്ങൾ വിശദീകരിക്കുമ്പോഴാണ്. ബ്രാഹ്മണരുടെ എതിർപ്പ് തീർച്ചയായും അതിന്റെ കാരണങ്ങളിലൊന്നാണ്. എന്നാൽ അതിനാധാരമായി ചൂണ്ടിക്കാണിക്കാനുള്ളത് വെറും സാഹചര്യത്തെളിവുകൾ മാത്രവും. മുപ്പത്തിമൂന്നാം വയസ്സിൽ നിര്യാതനായ ശങ്കരാചാര്യരുടെ താത്വികമായ കടന്നാക്രമണമാണ് ബുദ്ധമതത്തെ മുച്ചൂടും നശിപ്പിച്ചത് എന്ന ഗ്രന്ഥകാരന്റെ വാദം പരിഹാസ്യമായ ഒന്നാണ്. ഏതാനും ബുദ്ധപ്രമാണിമാരെ സംവാദത്തിലൂടെ ആചാര്യർ തോൽപ്പിച്ചു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ ഇന്ത്യയൊട്ടാകെ പടർന്നുപന്തലിച്ച, സാമാന്യജനങ്ങളുടെ ഇഷ്ടമതമാണെന്ന് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന, ബുദ്ധമതത്തെ ഇല്ലാതാക്കാൻ സാധിക്കുമോ? ഈ വിഷയത്തിൽ മുസ്ലിം ആക്രമണകാരികൾ വഹിച്ച വിനാശകരമായ പങ്ക് കാണാതിരിക്കാനായി ഗ്രന്ഥകാരൻ സ്വന്തം തല ബ്രാഹ്മണവിരോധത്തിന്റെ മണലിലേക്ക് പൂഴ്ത്തുന്നു. ലോകത്തിലെ ഏറ്റവും നല്ല ലൈബ്രറികളിൽ ഒന്നായിരുന്നു നാളന്ദയിലേത് എന്നു പറഞ്ഞുവെക്കുന്ന (പേജ് 226) രാജഗോപാലൻ 1193-ൽ തുർക്കി ആക്രമണകാരിയായ ബഖ്‌തിയാർ ഖിൽജിയാണ് അത് എന്നെന്നേക്കുമായി നശിപ്പിച്ചത് എന്നു പറയുന്നില്ല. അവിടത്തെ പുസ്തകശാലയിൽ ഖിൽജി പടർത്തിയ അഗ്നി മാസങ്ങൾക്കുശേഷമാണ് അണഞ്ഞത് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത് - അത്ര വലുതായിരുന്നു അവിടത്തെ പുസ്തകശേഖരം!. 712-ൽ സിന്ധ് ആക്രമിച്ചുകീഴടക്കിയ അറബ് പടത്തലവനായ മുഹമ്മദ് ബിൻ കാസിം ബൗദ്ധരെയാണ് അവിടെ മതപരിവർത്തനം നടത്തിയത്. ചരിത്രകാരന്മാരുടെ ഇരട്ടത്താപ്പ് എത്ര ക്രൂരമാണ്! മലയാളപണ്ഡിതരുടെ രാഷ്ട്രീയദാസ്യവും തന്മൂലമുണ്ടാകുന്ന ബൗദ്ധികസത്യസന്ധതയില്ലായ്മയുമാണ് അതിനു കാരണമെന്ന് നിസ്സംശയം പറയാം.

രാഷ്ട്രീയ തലതൊട്ടപ്പന്മാരില്ലാതെ യാതൊരു അക്കാദമിക നിലവാരവും പുലർത്താത്ത ഇത്തരമൊരു കൃതി നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുക വയ്യ. അതിനാൽത്തന്നെ പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Buddhamatham Indiayil' by K Rajagopalan
ISBN: 9788176902946

Saturday, August 5, 2017

പരിഷത്ത് ദിനങ്ങൾ

'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന ഉദാത്തമായ ലക്ഷ്യത്തോടെ 1962-ൽ ആരംഭിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് വളരെ പരിക്ഷീണമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. ആദ്യ മൂന്നു ദശകങ്ങളിൽ നേടാൻ കഴിഞ്ഞ ആക്കം കൊണ്ടുമാത്രമാണ് അത് ഇന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വളരെക്കാലം പരിഷത്തിന്റെ ഉന്നതപദവികൾ വഹിച്ചിരുന്ന, KSEB-യിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി വിരമിച്ച ശ്രീ. കെ. ഭാസ്കരൻ തന്റെ പരിഷത്ത് ദിനങ്ങൾ ഈ പുസ്തകത്തിലൂടെ വീണ്ടും ഓർത്തെടുക്കുന്നു. പരിഷത്തിന്റെ പ്രവർത്തനങ്ങളിലെ നിതാന്തസാന്നിദ്ധ്യമായിരുന്ന അർപ്പണമനോഭാവവും സഹജീവിസ്നേഹവും 'പാരിഷത്തികത' എന്ന പദത്തിലൂടെ ഗ്രന്ഥകാരൻ അനശ്വരമാക്കുന്നു.

പരിഷത്തിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. പക്ഷേ അത് പൂർണമായും ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്ന രീതിയിലല്ലെന്നു മാത്രം. രണ്ടാം നായനാർ സർക്കാരിന്റെ സാക്ഷരതായജ്ഞത്തിൽ പങ്കാളികളാകുന്നതോടെയാണ് പരിഷത്തിന്റെ തളർച്ചയുടെ നാളുകൾ തുടങ്ങുന്നത്. സംസ്ഥാനത്ത് സമ്പൂർണസാക്ഷരത കൊണ്ടുവരാനുള്ള ഉദ്യമത്തിൽ പരിഷത്ത് പങ്കെടുക്കുന്നത് നല്ലതല്ലേ എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരം 'അതെ' എന്നുതന്നെയാണ്. എന്നാൽ മാർക്സിസ്റ്റ് സർക്കാരിനെ സഹായിക്കുക എന്നതായിരുന്നു പലരുടേയും യഥാർത്ഥ ലക്ഷ്യം. മൂന്നാം നായനാർ സർക്കാരിന്റെ ജനകീയാസൂത്രണപ്രസ്ഥാനത്തിൽ ഈ നഗ്നമായ പ്രത്യയശാസ്ത്രദാസ്യം സഭ്യതയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു. ലേഖകൻ തന്നെ മുഖമൊഴിയിൽ ഇത് അനാവരണം ചെയ്യുന്നുണ്ട്. 'ജീർണതയുടെ പടുകുഴിയിൽ വീണുകിടക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അനുപൂരകത്വം നൽകിക്കൊണ്ട് കേരളത്തിൽ സാമൂഹ്യവിപ്ലവം നടത്തിക്കളയാമെന്നു വ്യാമോഹിക്കുന്ന പൂർവകാല സഹപ്രവർത്തകരോട് എനിക്ക് സഹതാപമാണുള്ളതെന്ന്' അദ്ദേഹം തുറന്നടിക്കുന്നു. ഗാന്ധിജിയുടെ ചിത്രമുള്ള ബാഡ്ജ് മാറിൽ ധരിക്കാൻ വിസമ്മതിക്കുന്ന പ്രവർത്തകരാണ് അന്ന് പരിഷത്തിനുണ്ടായിരുന്നത് (തൃശൂർ ജില്ലയിൽ സ്വാശ്രയ പദയാത്ര എത്തിയപ്പോൾ). മലപ്പുറം ജില്ലയിലെ ഒരു യൂണിറ്റിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകാൻ കാരണം അതിലെ പ്രമുഖപ്രവർത്തകന്റെ ബി. ജെ. പി അനുഭാവം ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്വയം സി. പി. ഐയുടെ നഗരസഭാ കൗൺസിലർ ആയിരിക്കുമ്പോഴാണ് സി. പി. എം പരിഷത്തിൽ ചെലുത്തുന്ന സ്വാധീനത്തിനെതിരെ ഭാസ്കരൻ ശബ്ദമുയർത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗ്രന്ഥകർത്താവ് മേനി നടിക്കുന്നുണ്ടെങ്കിലും 1990-കളിലെ ഉദാരവൽക്കരണത്തിനെതിരായ പരിഷത്തിന്റെ സമരങ്ങൾ തുടക്കത്തിലേ പാളി എന്നതാണ് വാസ്തവം. സത്യത്തിൽ ഉദാരവൽക്കരണവും തുടർന്നുവന്ന വ്യാവസായിക - വിദ്യാഭ്യാസ - സർവീസ് മേഖലകളിലെ വൻവികസനവും സാധാരണജനങ്ങളുടെ ജീവിതത്തിൽ ഗണ്യമായ പുരോഗതിയാണ് സമ്മാനിച്ചത്. എന്നാൽ പരിഷത്ത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ വെളിച്ചത്തിൽ അതിനെ ഒരു ശത്രുവായിട്ടാണ് കണ്ടത്. 1992-ൽ കൊച്ചി സർവകലാശാലയിൽ സംഘടിപ്പിച്ച ശാസ്ത്രജ്ഞന്മാരുടെ സമ്മേളനം ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയ്ക്കുണ്ടാകാൻ പോകുന്ന തകർച്ചയെക്കുറിച്ച് വിലയിരുത്തി (പേജ് 111). 25 വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ 'ശാസ്ത്രജ്ഞന്മാരുടെ' ദീർഘവീക്ഷണം എത്ര ദയനീയമായാണ് പരാജയപ്പെട്ടത് എന്നു നാം മനസ്സിലാക്കുന്നു. ഗ്രാമശാസ്ത്ര സമിതികളുടെ പരാജയം, ഉദാരവൽക്കരണത്തിനെതിരെ രൂപീകരിക്കപ്പെട്ട സ്വാശ്രയസമിതികൾക്ക് നിലയുറപ്പിക്കാൻ സാധിക്കാതെ പോയത് എന്നിങ്ങനെ പരിഷത്തിനെ പുറകോട്ടടിച്ച പദ്ധതികൾ നിരവധിയാണ്. എങ്കിലും സ്വാശ്രയപദയാത്രയുടെ പൊങ്ങച്ചം നിറഞ്ഞ വിവരണം വായിക്കുമ്പോൾ നാം ദണ്ഡി യാത്രയെ ഓർത്തുപോയേക്കും.

സ്വാശ്രയപദയാത്രയുടെ സംഘാടകൻ എന്ന നിലയിൽ അതിൽ പങ്കെടുക്കുന്ന ഗ്രന്ഥകാരൻ അതിനെ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പടയൊരുക്കം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാർ ജോലിയുള്ള ഒരു പാർട്ട്-ടൈം വിപ്ലവകാരിയുടെ സ്വന്തം തടിയിൽ തട്ടാതെയുള്ള ആഹ്വാനം മാത്രമായിരുന്നു ഇത്. ഭാരതീയ ജ്ഞാൻ-വിജ്ഞാൻ സമിതിയിലേക്ക് ഡെപ്യൂട്ടേഷനും വാങ്ങി മുഴുവൻ സമയ പ്രവർത്തനം നടത്തിയിരുന്ന ഗ്രന്ഥകാരൻ ശമ്പളവും വാങ്ങി പോക്കറ്റിലിട്ടുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിന് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്! എൽ. ഡി. എഫ് മന്ത്രിസഭ അധികാരത്തിൽ വരുമ്പോഴെല്ലാം പരിഷത്ത് മേലാവികൾക്ക് സുവർണകാലമായിരുന്നു. കായംകുളത്തെ നിർദിഷ്ടതാപനിലയത്തിനെതിരെ 'താപനിലയം' എന്ന പേരിൽ നാടകം രചിച്ച്, വേദിയിൽ അവതരിപ്പിച്ച അദ്ദേഹം ജോലിയിൽ നിന്ന് അഞ്ചുവർഷത്തെ ലീവെടുത്ത് വിദേശത്തുപോയി ലിബിയയിലെ ഒരു താപനിലയത്തിൽ പ്രവർത്തിയെടുത്ത് സ്വന്തമായി വീടുണ്ടാക്കി. ഈ ഇരട്ടത്താപ്പിനെ എങ്ങനെ ന്യായീകരിക്കാൻ സാധിക്കും? മാത്രവുമല്ല, വിദേശത്തായിരിക്കെത്തന്നെ ഇദ്ദേഹം പ്രമോഷനും തരപ്പെടുത്തിയെടുത്തു. ഇതും കേരളത്തിലെ സർക്കാർ മേഖലയിലല്ലാതെ എവിടെ നടക്കും? ചുമ്മാതാണോ, സ്വകാര്യവൽക്കരണം എന്നു കേൾക്കുമ്പോൾത്തന്നെ ചിലർക്കൊക്കെ ചൊറിഞ്ഞുതടിക്കുന്നത്! ജനകീയാസൂത്രണത്തിനായുള്ള ആസൂത്രണകമ്മീഷൻ സെല്ലിൽ ഒരു വർഷം ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത ലേഖകൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി പ്രമോഷൻ ലഭിക്കുവാനുള്ള സമയമായപ്പോഴേക്കും കൃത്യമായി KSEB-യിലേക്ക് തിരിച്ചുപോയി. ആദർശങ്ങൾക്കുവേണ്ടി ഒരിക്കലും സ്വന്തം സാമ്പത്തികതാല്പര്യങ്ങൾ ബലികഴിച്ചിട്ടില്ലാത്ത ഗ്രന്ഥകാരൻ ഈ വിഷയത്തിൽ മറ്റുപലരെയും നിശിതമായി വിമർശിക്കുന്നതും നമ്മൾ കാണുന്നു. 'ഞാനാണ് ഇടതുപക്ഷം' (I am the Left) എന്ന ഭാസ്കരന്റെ ഒരു യോഗത്തിലെ പരാമർശം ശരിയായ ഇടതുപക്ഷവാദികളെ ലജ്ജിപ്പിക്കും.

പരിഷത്തിനെ തകർത്തത് പ്രസ്ഥാനത്തിൽ തന്നെയുള്ള നേതാക്കളാണ് എന്നു സ്ഥാപിക്കുമ്പോഴും ആരെയും പേരെടുത്തുപറയാതെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. 'കൊല്ലം ജില്ലാ സമിതിയിലെ നക്സൽ അനുഭാവമുള്ള നേതാവ്' എന്നിങ്ങനെ മഞ്ഞപ്പത്രശൈലിയും ധാരാളമായി ഉപയോഗിക്കുന്നു. പരിഷത്തിന്റെ ഉള്ളുകള്ളികൾ ശരിക്കറിയുന്നവർക്കുമാത്രമേ ഈ പുസ്തകം കൊണ്ട് ഉപയോഗമുള്ളൂ എന്നു വരുന്നു. ഗ്രന്ഥകാരന്റെ ഉടമസ്ഥതയിലുള്ള രചന ബുക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് എന്നുകൂടി അറിയുമ്പോൾ ഇതിന്റെ സമകാലികപ്രസക്തി വളരെ വ്യക്തമാകും.

Book Review of 'Parishath Dinangal' by K Bhaskaran

Saturday, July 1, 2017

ഇസ്‌ലാമിക ഫാഷിസം കേരളത്തിൽ

ഫാഷിസം എന്നത് പഴകിത്തേഞ്ഞ ഒരു പദമായി മാറിക്കഴിഞ്ഞിട്ടുണ്ട് കേരളത്തിൽ. മാഫിയ, ലോബി എന്നിങ്ങനെ രാഷ്ട്രീയശത്രുക്കൾക്കെതിരെ തോന്നിയപോലെ ഉപയോഗിക്കാവുന്ന ഒന്ന്. സംഘപരിവാറിനെപ്പോലുള്ള ഹിന്ദു സംഘടനകളെ വിശേഷിപ്പിക്കുമ്പോഴാണ് ഇടതുചിന്തകർ ഫാഷിസ്റ്റ് എന്ന പദമുപയോഗിക്കുന്നത്. ഇതിന്റെ അർത്ഥമെന്താണ്, ആരെയൊക്കെയാണ് ഇതുപയോഗിച്ചു വിശേഷിപ്പിക്കാവുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരം ഈ പുസ്തകം നൽകുന്നു. മറ്റു മതങ്ങളെ ഒരു തരത്തിലും അംഗീകരിക്കാതിരിക്കുകയും, തങ്ങളുടെ ആശയങ്ങളും ഗ്രന്ഥങ്ങളും മാത്രമേ സത്യമായിട്ടുള്ളൂ എന്നു സമർത്ഥിക്കാൻ ശ്രമിക്കുകയും, എതിരാളികളുടെ കൈവെട്ടിക്കളയുക മുതലായ അക്രമപ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന ഇസ്‌ലാമിക മതമൗലികവാദികൾക്കല്ലേ ഫാഷിസ്റ്റ് എന്ന വിശേഷണം കൂടുതൽ യോജിക്കുക എന്ന ചോദ്യത്തിന് ഈ പുസ്തകം വ്യക്തവും ഉറച്ചതുമായ 'അതെ' എന്നുത്തരം നൽകുന്നു.

ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളും പ്രവാചകന്റെ ത്യാഗനിർഭരമായ ജീവിതവും വിശദീകരിച്ചുകൊണ്ടാണ് തെക്കുംഭാഗം മോഹൻ പുസ്തകം ആരംഭിക്കുന്നത്. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ അദ്ദേഹം ഇസ്‌ലാമികവശത്തുനിന്നുകൊണ്ടാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. 'കുപ്രസിദ്ധമായ കുരിശുയുദ്ധങ്ങൾ' എന്നൊക്കെ പതിനൊന്നാം ശതകത്തിലെ അറബ്-യൂറോപ്യൻ യുദ്ധങ്ങളെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. ഇതിലെ അർത്ഥശൂന്യത നമുക്കിവിടെ ഹൃസ്വമായി ഒന്നു പരിശോധിക്കാം. ഒന്നാമതായി അവ എങ്ങനെയാണ് കുപ്രസിദ്ധങ്ങളാകുന്നതെന്നാണ്. കൃസ്തീയവിശ്വാസികൾ തങ്ങളുടെ പുണ്യനഗരമായ ജെറൂസലേമിനെ മോചിപ്പിക്കാനായി ആ നഗരം കീഴടക്കിവെച്ചിരുന്ന അറബികളുമായി നടത്തിയ യുദ്ധങ്ങളിൽ ആരുടെ പക്ഷത്താണ് ന്യായം? മെക്കയോ മെദീനയോ പിടിച്ചടക്കാനായിരുന്നില്ല യൂറോപ്യൻമാർ തങ്ങളുടെ സർവസ്വവും ബലികഴിച്ച് കുരിശുയുദ്ധങ്ങൾ നടത്തിയത്, മറിച്ച് ജെറൂസലേമിലെ പള്ളികൾ മോസ്‌ക്കുകളാക്കി മാറ്റി അവിടത്തെ ജനതയെ വൻതോതിൽ മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരുന്ന അറബികളെ തുരത്തിയോടിക്കുവാനായിരുന്നു. ഇത്തരം സത്യങ്ങൾ തുറന്നുപറയാൻ നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാർക്ക് വലിയ മടിയാണ്. ആരുടെ, അല്ലെങ്കിൽ എന്തിന്റെ മുൻപിലാണ് അവർ സ്വന്തം നട്ടെല്ല് റബ്ബറാക്കുന്നത്?

ഇസ്‌ലാമിക ഫാഷിസത്തിന്റെ ആദിരൂപമായ മതവെറി പതിനെട്ടാം ശതകത്തിൽ കേരളത്തിൽ രൂപപ്പെട്ടുവെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. കുഞ്ഞാലി മരക്കാരുമായുള്ള സാമൂതിരിയുടെ ശത്രുത പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നില്ല. ഹൈദരാലി, ടിപ്പു എന്നീ സുൽത്താന്മാരുടെ കടന്നാക്രമണത്തോടെ കേരളം അതിനുമുൻപൊരിക്കലും ദർശിച്ചിട്ടില്ലാത്ത നഗ്നമായ മതവൈരം ഇവിടെ നടമാടി. നാട്ടുകാരായ മാപ്പിളമാരുടെ പൂർണ്ണസഹകരണത്തോടെ ഹൈദറും ടിപ്പുവും ക്ഷേത്രങ്ങൾ കൊള്ളയടിക്കുക, നിർബന്ധിത മതപരിവർത്തനങ്ങൾ സംഘടിപ്പിക്കുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അടിമകളാക്കി വിൽക്കുകയും ചെയ്യുക മുതലായ ഹീനകൃത്യങ്ങളിൽ ഏർപ്പെട്ടു. ഏതാണ്ടിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും യസീദികൾക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്ന അതേ കലാപരിപാടി. 1921-ലെ മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന തെറ്റായ സിദ്ധാന്തത്തെ ലേഖകൻ പൊളിച്ചടുക്കുന്നുണ്ട്. ടിപ്പുവിനുശേഷവും ലഹളക്കുമുമ്പുമുള്ള 120 വർഷങ്ങളിൽ മലബാറിൽ നടന്ന കലാപങ്ങളുടെ ബാഹുല്യവും ക്രൗര്യവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ചരിത്രകാരന്മാർ ഒരിക്കലും നമ്മോട് പറഞ്ഞിട്ടില്ലാത്ത ആ പച്ചപ്പരമാർത്ഥങ്ങൾ കേരളത്തിലെ മതസൗഹാർദത്തിനുനേരെ ഉയരുന്ന വെല്ലുവിളികളാണ്. മതേതരത്വമെന്നത് ഒരു ദിശയിൽ മാത്രം വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു തെരുവുപോലെയാണോ എന്ന് വായനക്കാർ സംശയിച്ചേക്കാം.

1990-കളിൽ കേരളത്തിൽ വ്യാപകമായി പ്രചരിച്ച ഇസ്‌ലാമികതീവ്രവാദവും മോഹൻ ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്. മദനി ആരംഭിച്ച പ്രസ്ഥാനം ഇന്ന് പല പേരുകളിലൂടെ യാത്രചെയ്ത് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയിൽ എത്തിനിൽക്കുന്നു. ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുപോലെ ഒരു ചെറിയ വിഭാഗം തീവ്രവാദികൾ അക്രമപ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഒരു വലിയ വിഭാഗം മിതവാദികൾ അതുകണ്ടാസ്വദിക്കുന്നു. ഇബ്രാഹിം കുട്ടി തീവണ്ടിയിൽ ബോംബ് വെച്ചാൽ, ഊമ ബാബു കോയമ്പത്തൂരിൽ സർവനാശം വിതച്ചാൽ, തടിയന്റവിട നസീർ കേരളത്തിൽ നിന്ന് യുവാക്കളെ തീവ്രവാദം പരിശീലിക്കാനായി പാകിസ്ഥാനിലേക്ക് അയച്ചാൽ, അതിലൊന്നും മതസ്വാധീനം കാണരുതെന്നാണ് നമ്മുടെ മുഖ്യധാരാ ചിന്തകർ നമ്മെ പഠിപ്പിക്കുന്നത്. വിഭാഗീയപ്രവണതകൾ ഭാരതവിഭജനകാലത്ത് മലബാറിൽ സജീവമായിരുന്നു എന്ന സാഹചര്യത്തിൽ നമ്മുടെ ജനത കൂടുതൽ ജാഗരൂകമാകേണ്ടിയിരിക്കുന്നു. "പത്തണക്കു കത്തി വാങ്ങി കുത്തി നേടും പാക്കിസ്ഥാൻ" എന്ന സമരാഹ്വാനം 1947-ൽ വടക്കൻ കേരളത്തിൽ പരക്കെ ഉയർന്നിരുന്നു എന്നതുകൊണ്ട് വിശേഷിച്ചും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Islamika Fascism Keralathil' by Thekkumbhagom Mohan
ISBN: 9788192085500

Thursday, June 15, 2017

കൈരളിയുടെ കഥ

ഈ ഉദ്യമം ഒരു നിരൂപണമായി കരുതേണ്ടതില്ല. കേരളത്തിന്റേയും മലയാളഭാഷയുടേയും ചരിത്രം ഇത്രയും വിശാലമായും വാചാലമായും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥകാരനെ നിരൂപണം ചെയ്തുകളയാം എന്നു കരുതുന്നതിൽ ഒരർത്ഥവുമില്ല. ആ വാഗ്ധോരണിയും ആശയസമ്പന്നതയും തൊട്ടറിഞ്ഞ ഒരു വായനാനുഭവം എന്ന രീതിയിൽ മാത്രം ഈ കുറിപ്പിനെ കണ്ടാൽ മതി. ഈ കൃതിയിൽ പരാമർശിക്കാത്ത സാഹിത്യകാരനോ ഗ്രന്ഥമോ മലയാളത്തിൽ തലയുയർത്തി നിൽക്കുന്നുമില്ല. 1958-ൽ പുറത്തിറങ്ങിയ ഈ പുസ്തകം അന്നുവരെയുള്ള കൈരളിയുടെ കഥ പൂർണ്ണമായും വസ്തുനിഷ്ഠമായും കൈകാര്യം ചെയ്യുന്നു.

നമുക്കറിയുന്നതുപോലെ തമിഴിന്റെ ഒരു പ്രാദേശികരൂപവ്യതിയാനം എന്ന നിലയിലാണ് കൈരളി ഹരിശ്രീ കുറിച്ചത്. സംഘകൃതികളിലും അക്കാലത്തെ സമൂഹത്തിലും കേരളം വഹിച്ചിരുന്ന പങ്ക് സുവിദിതമാണ്. പതിറ്റുപ്പത്തിലെ ഓരോ പത്തും ഓരോ ചേരരാജാവിനെക്കുറിച്ചുള്ള പ്രശസ്തിയാണ്. അക്കാലത്തെ ഭക്തിപ്രസ്ഥാനനായകരായ 63 നായനാർമാരിൽ രണ്ടുപേർ കേരളീയരാണ് - ചേരമാൻ പെരുമാൾ നായനാരും വിറൾ മീണ്ട നായനാരും. എന്നാൽ വൈഷ്ണവഭക്തരായ 274 ആഴ്വാർമാരിൽ ഒരാളേയുള്ളൂ - കുലശേഖര ആഴ്വാർ. തമിഴകത്തെ 274 പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഒന്നുമാത്രം കേരളത്തിലുള്ളപ്പോൾ 108 വൈഷ്ണവക്ഷേത്രങ്ങളിൽ പതിമൂന്നെണ്ണം ഇവിടെയുണ്ട്. ശിവഭക്തിയും ശിവക്ഷേത്രങ്ങളും പിൽക്കാലത്ത് കേരളത്തിൽ വളർന്നുവെങ്കിലും സംഘകാലത്ത് അങ്ങനെയായിരുന്നില്ല എന്നാണ് കാണുന്നത്. പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതം നാശത്തെ നേരിട്ടപ്പോൾ ബുദ്ധക്ഷേത്രങ്ങൾ പരിവർത്തനം ചെയ്യപ്പെട്ട് ശിവക്ഷേത്രങ്ങളായി മാറിയതാണോ എന്നും പരിഗണിക്കണം.

മലയാളഭാഷയും സാഹിത്യവും തമിഴുമായി വഴിപിരിയുന്നത് നൂറ്റാണ്ടുകളിലൂടെ സ്ഥാപിതമായ ബ്രാഹ്മണകുടിയേറ്റം വഴിയായിരിക്കാമെന്നാണ് കൃഷ്ണപിള്ളയുടെ വിവക്ഷ. പ്രാകൃതം മാതൃഭാഷയായ നമ്പൂതിരിമാർ വരുത്തിയ മാറ്റങ്ങളാണ് മലയാളത്തിന്റെ സ്വതന്ത്രവളർച്ചക്ക് വിത്തുപാകിയതെന്ന നിഗമനം സാമാന്യേന അംഗീകരിക്കപ്പെടുന്ന ഒന്നല്ല. ബ്രാഹ്മണാഗമനത്തിനുകാരണം സിന്ധിലെ അറബി ആക്രമണമാണെന്ന കണ്ടെത്തൽ തെറ്റാകാനാണ് സാധ്യത. എന്തായാലും ആ സാംസ്കാരിക അധിനിവേശം തമിഴിനോടിടകലർന്ന് പന്ത്രണ്ടാം നൂറ്റാണ്ടോടെ കേരളത്തിൽ വേരുറച്ചു. എന്നാൽ സംഘകാലത്തുതന്നെ നിലനിന്നിരുന്ന ഭാഷാപ്രയോഗവ്യത്യാസങ്ങൾ 'മലനാട്ടുവഴക്കം' എന്ന പേരിൽ അറിയപ്പെട്ടിരുന്നതിനെ ഗ്രന്ഥകാരൻ പരാമർശിക്കുന്നില്ല.

ഓരോ അദ്ധ്യായത്തിന്റെ ആരംഭത്തിലും അതിൽ കൈകാര്യം ചെയ്യുന്ന സാഹിത്യഭാഗത്തിന്റെ പല മാതൃകകൾ നൽകിയിരിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. തമിഴ്, സംസ്കൃതം എന്നിവ വൻതോതിൽ ഇടകലർത്തിയിരിക്കുന്ന മണിപ്രവാളകവിതകൾ നമുക്കിന്ന് വായിച്ചർത്ഥം മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. പ്രാചീന മലയാളത്തിനെ വലയം ചെയ്തിരുന്ന ഗാഢതമസ്സിനെ തുരന്ന് പ്രകാശം പരത്തിയ പുസ്തകമാണ് പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ലീലാതിലകം. മണിപ്രവാളകവികൾ ഭാവാവിഷ്കരണത്തിൽ കാണിക്കുന്നതിനേക്കാൾ പരിഗണനയും പാടവവും പ്രദർശിപ്പിച്ചിരുന്നത് വർണ്ണനകളിലായിരുന്നു. ഇന്നു നമ്മൾ അശ്ലീലമെന്നു മുദ്രകുത്തിയേക്കാവുന്ന ചാലുകളിലായിരുന്നു വർണ്ണനയുടെ ശീഘ്രഗതി. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ പാട്ടുകൃതികൾ സാഹിത്യം സാധാരണക്കാരിലെത്തുന്നതിന്റെ ആദ്യ ചവിട്ടുപടിയായിരുന്നു. എഴുത്തച്ഛനെ എന്തുകൊണ്ടാണ് ഭാഷയുടെ പിതാവായി കരുതുന്നതെന്ന് സംശയമുള്ളവർക്കുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. ഒരു കാര്യത്തിൽ മലയാളത്തിന് അഭിമാനിക്കാൻ വകയുണ്ട്. ഭാഷയിൽ ആദ്യമായുണ്ടായ ഗദ്യകൃതി പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ എഴുതപ്പെട്ട കൗടലീയം എന്ന കൗടില്യന്റെ അർത്ഥശാസ്ത്രത്തിന്റെ വ്യാഖ്യാനമാണ്. മറ്റൊരു ഭാഷയിലും ഇത്രയും പ്രാചീനമായ കൗടില്യവ്യാഖ്യാനങ്ങൾ കാണപ്പെടുന്നില്ല. ക്രി. പി. 1200 - 1500 കാലഘട്ടത്തിൽ മണിപ്രവാളവും പാട്ടുസാഹിത്യവും, 1500-നു ശേഷം 150 കൊല്ലക്കാലത്തെ ചമ്പുസാഹിത്യം എന്നിങ്ങനെ പോകുന്നു കൈരളിയുടെ കൈവഴികൾ.

ടിപ്പു സുൽത്താന്റെ ആക്രമണം, ബ്രിട്ടീഷ് ഭരണത്തിനെതിരായ പഴശ്ശിയുടേയും വേലുത്തമ്പി ദളവയുടേയും പടയോട്ടങ്ങൾ എന്നിവ മലയാളത്തിലെ സർഗ്ഗശക്തിയെ താൽക്കാലികമായി തളർത്തി എന്ന് ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നു. അതിനുശേഷം സ്വാതിതിരുനാളിന്റെ ഭരണത്തോടെയാണ് ആധുനികത കേരളസാഹിത്യത്തിൽ പൊൻതിരി നീട്ടുന്നത്. നോവൽ, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം എന്നിങ്ങനെ പാശ്ചാത്യമാതൃകകളെ പ്രചോദനമാക്കി ഒട്ടേറെ പുസ്തകങ്ങൾ പുറത്തുവന്നു. ഈ ഗ്രന്ഥത്തിന്റെ നാലിലൊന്നും നീക്കിവെച്ചിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യശാഖകളെ വിവരിക്കുവാനാണ്. നല്ലൊരു നാടകകൃത്തുകൂടിയായ കൃഷ്ണപിള്ള തന്റെ നാടകങ്ങളേയും എണ്ണപ്പെട്ടവയായി എടുത്തുകാട്ടുന്നു.

പരാമർശവിഷയകമായ കവിതകളുടേയും പാട്ടിന്റേയും മാതൃകകൾ അവതരിപ്പിക്കുന്നു എന്നത് ഈ ധന്യഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ലേഖകന്റെ വാഗ്വിലാസം വിസ്മയിപ്പിക്കുംവിധം വിശാലവും ഗഹനവുമാണ്. ഇടക്കെപ്പോഴോ അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതുപോലൊരു മഹദ്ഗ്രന്ഥം ജീവിതത്തിലൊരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന നിർബന്ധമാണ് വായന തുടരാൻ ഈയുള്ളവനെ പ്രേരിപ്പിച്ചത്. പുസ്തകത്തിലെ ചില നുറുങ്ങുദൗർബല്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഭാഷാവികാസത്തിന് മിഷനറിമാർ നൽകിയ സംഭാവനകളെ അൽപ്പം കൂടി വിശദീകരിക്കേണ്ടത് ആവശ്യമായിരുന്നു. ഭാഷയുടെ ലിപിയുടെ വികാസം പുസ്തകത്തിൽ വിവരിക്കുന്നില്ല എന്നതാണ് മറ്റൊരു ന്യൂനത. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം എന്നിവയുടെ ഉത്ഭവവും വികാസവും പരിഗണിക്കപ്പെടുന്നില്ല. 1958-ൽ നിലച്ചു പോയ സാഹിത്യവിശകലനം പിന്നീടുള്ള കാലം കൂടി ഉൾപ്പെടുത്തി ഉത്കൃഷ്ട പണ്ഡിതർ പുസ്തകം വിപുലീകരിക്കേണ്ടതാവശ്യമാണ്.

Book Review of 'Kairaliyude Katha' by N Krishna Pillai
ISBN: 9788126405091

Thursday, May 25, 2017

ആർക്കാണ് ഭ്രാന്ത്?

സമൂഹമാധ്യമങ്ങൾ, ബ്ലോഗ്, ട്വിറ്റർ എന്നിവ രംഗപ്രവേശം ചെയ്യുന്നതിനുമുമ്പേ മൺമറഞ്ഞ ഒരു സാഹിത്യകാരനും, ചിന്തകനും, സാമൂഹ്യവിമർശകനുമൊക്കെയായിരുന്നു ശ്രീ. എം. പി. നാരായണപിള്ള. സമൂഹം കാണാതെ വിട്ട വസ്തുതകൾ അദ്ദേഹം കണ്ടെത്തി, കേൾക്കാതെ വിട്ട ശബ്ദങ്ങൾ അദ്ദേഹം പുരപ്പുറത്തുനിന്ന് വിളിച്ചുപറഞ്ഞു. നവമാധ്യമങ്ങളുടെ ഈ കാലത്ത് അതുപോലൊരു സർഗ്ഗധനനെ നഷ്ടമായത് മലയാളത്തിന്റെ നികത്താനാവാത്ത വിടവാണ്. 1998-ൽ ഹൃദ്രോഗം മൂലം അകാലത്തിൽ നിര്യാതനായ നാരായണപിള്ളയുടെ ചിന്തകൾ കാലത്തിന്റെ അനുസ്യൂതമായ ഉപ്പുകാറ്റിലും തുരുമ്പുകയറാതെ നിൽക്കുന്നത് അവയുടെ പത്തരമാറ്റുള്ള തനിമ കൊണ്ടാണ്.

1980-90 കാലഘട്ടത്തിലെഴുതപ്പെട്ട ഏതാനും ലേഖനങ്ങളാണ് ഈ ചെറുകൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പലതിലും ആധുനിക വൈദ്യശാസ്ത്രത്തിനെതിരെയുള്ള കൂരമ്പുകൾ തെളിഞ്ഞുകാണാം. നവകാലത്തിന്റെ ഫാഷനായ 'കെമിക്കലുകൾ'ക്കെതിരെയുള്ള ഫോബിയ നാരായണപിള്ളയേയും പിടികൂടിയിരുന്നുവെന്നുവേണം കരുതാൻ.അതുകൊണ്ടായിരിക്കാം സ്വന്തം ഹൃദ്രോഗം പോലും കാര്യമാക്കാതിരുന്നതും ഒരു പ്രഭാതത്തിൽ വിധി അദ്ദേഹത്തെ നമ്മിൽനിന്നടർത്തിക്കൊണ്ടുപോയതും. താൻ അലോപ്പതി ഡോക്ടർമാരെ കാണുന്നതു നിർത്തിയെന്നും പകരം ഒരു മൃഗഡോക്ടറെയാണ് കാണുന്നതെന്നും ഒരു ലേഖനത്തിൽ പരാമർശിച്ചുകാണുന്നു. അത് ശുദ്ധഹാസ്യമായിരുന്നില്ലെന്നും മറിച്ച് ലേഖകൻ കാര്യമായിത്തന്നെ ഉദ്ദേശിച്ചതായിരുന്നെന്നും വായനക്കാർ വേദനയോടെ മനസ്സിലാക്കിയത് ഒരു അശനിപാതം പോലെ അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞപ്പോഴായിരുന്നു. അവസാന നാളുകളിലെ ഓർമ്മകൾ നാരായണപിള്ളയുടെ ഭാര്യ ഒരു ലേഖനത്തിലൂടെ രേഖപ്പെടുത്തുന്നു.

സൂര്യൻ അസ്തമിച്ചുകഴിഞ്ഞാലും അല്പസമയം അവശേഷിക്കുന്ന വർണ്ണരാജി പോലെയാണ് പ്രസാധകർ എവിടുന്നൊക്കെയോ തപ്പിയെടുത്ത് നമ്മുടെ മുന്നിൽ വെക്കുന്ന ഇത്തരം ലേഖനസമാഹാരങ്ങൾ. കടുംനിറങ്ങൾ ചാലിച്ച ആ ചായക്കൂട്ടുകൾ പൂർണ്ണമായും മാഞ്ഞ് അന്ധകാരം അടുത്തെത്തുമ്പോൾ നമുക്കവ വീണ്ടും വീണ്ടും വായിക്കാം - 'പരിണാമം' പോലുള്ള കൃതികൾ ഏതു കൂരിരുട്ടിലും സത്യസന്ധമായ ഉൾക്കാഴ്ചയുടെ നിറനിലാവ് പാരിലെങ്ങും പരത്തുമെന്ന വിശ്വാസത്തോടെ, പ്രതീക്ഷയോടെ!

Book Review of 'Arkkanu Bhranth?' by M P Narayana Pillai
ISBN: 9788182657618

Tuesday, May 16, 2017

ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ

നാം ജീവിക്കുന്ന ലോകം ശാസ്ത്രത്തിൽനിന്നുൽപ്പാദിപ്പിക്കപ്പെട്ട വസ്തുക്കളാൽ നിറഞ്ഞതാണ്. നേരം വെളുത്ത് അസ്തമിക്കുന്നതുവരെ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളും സേവനങ്ങളുമെല്ലാം നിരവധി വർഷങ്ങളിലെ പഠന, ഗവേഷണങ്ങളുടെ ഫലമായി ഉരുവം കൊണ്ടവയാണ്. ഇങ്ങനെയാണെങ്കിലും ശാസ്ത്രബോധവും അന്വേഷണത്വരയും ജനങ്ങളിൽ കുറഞ്ഞുവരുന്നതായിട്ടാണോ കാണുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രവിജ്ഞാനം സമ്പാദിച്ചവർ പോലും ജ്യോതിഷം, വാസ്തു, ഹോമിയോപ്പതി എന്നിവയുടെ പുറകേ പോകുന്നത് ഇതിന്റെ പ്രത്യക്ഷലക്ഷണമാണ്. ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും ഒന്നല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ഈ പുസ്തകം. നൂറ്റാണ്ടുകളിലൂടെ വികസിതമാക്കപ്പെട്ട ശാസ്ത്രബോധത്തിന്റെ വിവിധങ്ങളായ അവസ്ഥാന്തരങ്ങളും ഇതിൽ പരിശോധിക്കുന്നു. ശ്രീ. സി. പി. നാരായണൻ ഗണിതത്തിലും സാംഖ്യികത്തിലും ബിരുദാനന്തരബിരുദം നേടിയതിനുശേഷം കോളേജ് അദ്ധ്യാപകനായും ഭാഷാ ഇൻസ്റ്റിട്യൂട്ടിലുമൊക്കെ പ്രവർത്തിച്ചിട്ടുള്ളയാളുമാണ്. 'ചിന്ത' വാരികയുടെ പത്രാധിപരും സി. പി. എം സംസ്ഥാനക്കമ്മിറ്റി അംഗവുമായ അദ്ദേഹം മുൻ രാജ്യസഭാ എം. പി യുമാണ്.

ശാസ്ത്രത്തെ കമ്യൂണിസത്തിന്റെ പൊളിഞ്ഞ തൊഴുത്തിൽ കെട്ടാനാണ് ഗ്രന്ഥത്തിലുടനീളം പരിശ്രമിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയനിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ശാസ്ത്രം വെന്നിക്കൊടി പാറിച്ചിരുന്നുവെന്നാണ് വാദമെങ്കിലും ഇത് തീർത്തും തെറ്റാണെന്ന് നമുക്കിന്നറിയാം. 2005-ൽ എഴുതപ്പെട്ടതെങ്കിലും കമ്യൂണിസത്തിന്റെ തകർച്ച ശാസ്ത്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് വിശകലനം ചെയ്യപ്പെടുന്നില്ല. അന്ധവും അതുകൊണ്ടുതന്നെ പരിഹാസ്യവുമായ അമേരിക്കൻ വിരോധം പുസ്തകത്തിന്റെ പരാമർശവിഷയത്തിന്റെ ചുറ്റുവട്ടങ്ങളെ ഭേദിച്ചുകൊണ്ട് പുറത്തേക്കു തികട്ടുന്നു. "ബുഷും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും അവരുടെ നയങ്ങളും ജനങ്ങളിൽനിന്ന് അത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു" (പേജ് 65) എന്ന ജല്പനത്തിന് ഇത്തരമൊരു പുസ്തകത്തിൽ എന്താണ് പ്രസക്തി? മാത്രവുമല്ല, "ഇന്ത്യ അമേരിക്കയുടെ തണലിൽ ഒരു പോക്കിരിരാഷ്ട്രമായി മാറിയ ഇസ്രായേലിന്റെ ചങ്ങാതിയാകുന്ന സ്ഥിതിയിലേക്കെത്തിച്ചത് NDA ഭരണമായിരുന്നു" (പേജ് 92) എന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്. ശാസ്ത്രബോധത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ മാർക്സിസ്റ്റ് ശിങ്കിടികളുടെ നീചമായ രാഷ്ട്രീയവിസർജ്യം പേറുന്ന ഒരു പുസ്തകം പുറത്തിറക്കിയത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ താഴ്ചയുടെ നെല്ലിപ്പടിയാണ്. ഭീമൻ മണ്ടത്തരങ്ങളും നാരായണൻ തട്ടിവിടുന്നുണ്ട്. "ഇസ്രായേലിനെ കരുവാക്കി മദ്ധ്യേഷ്യയിലെ എണ്ണ മുഴുവനും തങ്ങളുടെ പിടിയിലാക്കുക എന്ന നയം അമേരിക്ക സ്വീകരിച്ചു"വെന്ന് അദ്ദേഹം ആണയിടുമ്പോൾ സഹതപിക്കാനേ നമുക്കു നിവൃത്തിയുള്ളൂ. ഇസ്ളാമികരാജ്യങ്ങളോട് സമ്പൂർണവിധേയത്വവും അദ്ദേഹം പുലർത്തുന്നു.

ശാസ്ത്രം നിത്യേനയെന്നോണം കണ്ടെത്തുന്ന പ്രതിഭാസങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പേ മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടതാണെന്നു വാദിക്കുന്നവരെ പുസ്തകത്തിൽ തൊലിയുരിക്കുന്നുണ്ട്. സംഘപരിവാർ ശക്തികളെ കടന്നാക്രമിക്കുന്നതിൽ ഗ്രന്ഥകാരൻ യാതൊരു ലുബ്‌ധും കാണിക്കുന്നില്ല. എന്നാൽ അതിനുപകരമായി കമ്യൂണിസം എന്ന മതത്തിന്റെ 'പുണ്യ'ഗ്രന്ഥങ്ങളേയും പ്രവാചകരേയും ആശയസംഹിതകളെയുമാണ്‌ നാരായണൻ പ്രതിഷ്ഠിക്കുന്നത്. വൻകര ചലനസിദ്ധാന്തം ഏംഗൽസ് ഒരു നൂറ്റാണ്ടു മുന്നേ സൂചിപ്പിച്ചിരുന്നുവത്രേ. ആപേക്ഷികസിദ്ധാന്തം, ദ്രവ്യത്തിന്റെ സത്ത എന്നീ ഗഹനമായ ആശയങ്ങളെല്ലാം ആ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഉൾക്കണ്ണുകൊണ്ട് മുൻകൂട്ടി കണ്ടുവത്രേ! വൈരുദ്ധ്യാത്മകമായി ആരും ഭൗതികശാസ്ത്രത്തെ സമീപിച്ചില്ല എന്ന് വിലപിക്കുന്നതോടൊപ്പം ക്രമഭംഗസിദ്ധാന്തം (chaos theory) വൈരുദ്ധ്യാത്മക വീക്ഷണദശയിലേക്ക് തപ്പിത്തടഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. വിലകുറഞ്ഞ തെരുവുരാഷ്ട്രീയത്തിന്റെ ദുർഗന്ധം പേറുന്ന ഈ കൃതിയിൽ ഏംഗൽസിനെ 27 തവണയാണ് പരാമർശിച്ചിരിക്കുന്നത്. മാർക്സ് (10 തവണ), ബഹുരാഷ്ട്രകുത്തക (15 തവണ), സാമ്രാജ്യത്വ ശക്തികൾ (53 തവണ) എന്നിങ്ങനെ പോകുന്നു സ്ഥിരം വായ്‌ത്താരികളുടെ എണ്ണം. ഇന്ത്യയിൽ സാമൂഹ്യനീതി വരാതിരിക്കാൻ സാമ്രാജ്യത്വ, ബഹുരാഷ്ട്രകുത്തകകൾ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്നു വായിക്കുമ്പോൾ ചിത്തഭ്രമത്തിനുള്ള മരുന്ന് ഗ്രന്ഥകാരൻ കഴിക്കാൻ മറന്നുപോയതാണോ എന്നുപോലും നാം ചിന്തിച്ചുപോകും.

വാഗ്ദാനങ്ങളേക്കാളേറെ വാഗ്ദാനലംഘനങ്ങളാണ് ഈ പുസ്തകം നമുക്കു പ്രദാനം ചെയ്യുന്നത്. ഇംഗ്ലീഷിലുള്ള ചില ഗ്രന്ഥങ്ങളുടെ ക്ലിഷ്ടമായ തർജ്ജമയാണ് മിക്കഭാഗങ്ങളിലും. പുതിയ ആശയങ്ങളൊന്നും അവതരിപ്പിക്കുന്നില്ലെന്നതോ പോകട്ടെ, എന്താണ് ശാസ്ത്രം, അതിന്റെ രീതിശാസ്ത്രമെന്ത് എന്നുപോലും വ്യക്തമാക്കാതെ ഗ്രന്ഥകർത്താവ് ലെനിന്റെ മൊഴിമുത്തുകളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വങ്കത്തരങ്ങളും തേടിപ്പോവുകയാണ്. ലേഖകൻ ആശ്രയിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് നൽകാനുള്ള സാമാന്യമര്യാദ പോലും കാണുന്നില്ല. വൈരുദ്ധ്യാത്മകമായി ശാസ്ത്രത്തെ സമീപിച്ച സ്റ്റാലിന്റെ സിൽബന്തിയായിരുന്ന ലൈസൻകോവിന്റെ ജീവശാസ്ത്രപരമായ അബദ്ധങ്ങൾ ശാസ്ത്രത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ തിരുകിക്കയറ്റിയാൽ എന്തുസംഭവിക്കുമെന്നതിന്റെ പരിഹാസ്യമായ ഉദാഹരണമാണെങ്കിലും നാരായണൻ അത് സൗകര്യപൂർവം വിഴുങ്ങിക്കളയുന്നു. കടുത്ത ആംഗലപദങ്ങൾ മലയാളത്തിലേക്കു മാറ്റുമ്പോൾ അതിന്റെ തൽസ്വരൂപം നൽകാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. 'ആശയവാദം' എന്നാൽ എന്താണ്? ശാസ്ത്രവസ്തുതകളെ ലളിതമായി വിവരിക്കുന്ന ഡോക്കിൻസ്, ഗ്രിബിൻ, സേഗൻ, ഹിച്ചൻസ് എന്നിവരുടെ രചനകൾ ഗ്രന്ഥകാരൻ ഒന്നു മനസ്സിരുത്തി വായിക്കുന്നതും നന്നായിരിക്കും.

തീരെ നിലവാരം പുലർത്താത്ത ഈ പുസ്തകം ശുപാർശ ചെയ്യാനാവില്ല.

Book Review of 'Shasthrabodham Noottandukaliloode' by C P Narayanan
ISBN: 9789383330140