യൂറോപ്പിലെ ജ്ഞാനോദയം (Enlightenment) സാഹിത്യത്തിൽ അടിയാളവർഗ്ഗത്തിന്റെ താല്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് വഴിമരുന്നിട്ടു. അതിന്റെ ചുവടുപിടിച്ച് ലോകമെങ്ങും സാഹിത്യം സാധാരണജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രസ്ഥാനങ്ങൾ രൂപമെടുത്തു. തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനം ജ്ഞാനോദയത്തിന് സമകാലികമായിരുന്നെങ്കിലും അതിൽ നിന്നുള്ള പ്രചോദനങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം സാർവത്രികമായതോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നവീനമായ സാഹിത്യപ്രസ്ഥാനങ്ങൾ ഭാരതീയഭാഷകളിൽ പിടിമുറുക്കി. മലയാളത്തിൽ അത് ദൃശ്യമായത് മുഖ്യമായും ചങ്ങമ്പുഴയുടെ കവിതകളിലൂടെയാണ്. ലളിതവും താളാത്മകവുമായ പദങ്ങളും ഹൃദ്യമായ ഈണവും ഇവയെ ഉറക്കെച്ചൊല്ലുവാൻ സഹൃദയരെ പ്രേരിപ്പിച്ചു. വിദ്യാഭ്യാസപരമായ നവോത്ഥാനം കേരളക്കരയെ സ്പർശിച്ച സമയമായതിനാൽ അനുവാചകരുടെ എണ്ണത്തിലും ഈ പുതിയ പ്രസ്ഥാനം 'ശ്ലോകമുത്തശ്ശിയെ' കടത്തിവെട്ടി. ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലിരിക്കുന്ന ചലച്ചിത്രഗാനപ്രസ്ഥാനവും ചങ്ങമ്പുഴ തുടങ്ങി വെച്ച പന്ഥാവിലൂടെയാണ് മുന്നോട്ടു നീങ്ങിയതെന്ന് കാണാൻ കഴിയും. ഇതിനെല്ലാം കാരണഭൂതനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രമാണ് ഈ കൃതി. എല്ലാ അർത്ഥത്തിലും കുത്തഴിഞ്ഞ ജീവിതം നയിച്ച ചങ്ങമ്പുഴയുടെ ആയുസ്സ് 36 വയസ്സിൽ ഒടുങ്ങിയതിന് ഒരാൾ മാത്രമേ ഉത്തരവാദിയായുള്ളൂ - ചങ്ങമ്പുഴ തന്നെ! കവിയുടെ സർഗപ്രപഞ്ചത്തേക്കാളുപരി അദ്ദേഹത്തിന്റെ വ്യക്തിജീവിതവും അതിലെ സദാചാരവിരുദ്ധമായ കൂർത്ത മുള്ളുകളിലുമാണ് ഈ ഗ്രന്ഥം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പൊതുവിൽ മറ്റു കവികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വ്യക്തിജീവിതത്തിലെ അനുഭവങ്ങളാണ് ചങ്ങമ്പുഴയുടെ കാവ്യസപര്യയെ പൂർണ്ണമായും സ്വാധീനിച്ചിരുന്നത് എന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടിയ കൗമാരത്തിൽ സ്വഭാവത്തിലെ അഭിമാനബോധവും ജീവിതക്ലേശങ്ങളും എപ്പോഴും വിഷാദത്തിന് കാരണമായി. വികാരപരതയും ദുശ്ശാഠ്യവും നിരന്തരമായ അസ്വാസ്ഥ്യത്തിന് വഴിതെളിച്ചു. ചങ്ങമ്പുഴയുടെ വീക്ഷണത്തെ എക്കാലവും നയിച്ചത് വിചാരത്തിനേക്കാളുപരി വികാരമായിരുന്നു. ആ വികാരം തന്നിൽ മാത്രം സദാ കേന്ദ്രീകൃതമായിരുന്നുതാനും. ഏതെങ്കിലും ആശയവ്യവസ്ഥയോട് ബൗദ്ധികമായ സമരസപ്പെടൽ പരന്ന വായന ശീലമാക്കിയിരുന്ന കവി ഇടയ്ക്കിടെ നടത്തിയിരുന്നു. എന്നാൽ ആ പ്രസ്ഥാനത്തിലെ ചില വ്യക്തികളോട് പിന്നീടുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ആ പ്രസ്ഥാനങ്ങളെത്തന്നെ തള്ളിപ്പറയാൻ ചങ്ങമ്പുഴയെ പ്രേരിപ്പിച്ചു. കമ്യൂണിസ്റ്റ്, ആർഷഭാരത പ്രസ്ഥാനങ്ങളോട് തുടക്കത്തിൽ അനുഭാവം പുലർത്തിയ കവി പിന്നീടവയുടെ ബദ്ധശത്രുവായി മാറിയതിന്റെ പിന്നിലെ രഹസ്യം ഇതാണ്. ആശയപരമായ ഈ ഉപരിപ്ലവത ചങ്ങമ്പുഴയുടെ കാവ്യപ്രപഞ്ചത്തിന്റെ ശാപമായിരുന്നു. ഒട്ടേറെ വിമർശനങ്ങൾ ഇതിന്റെ പേരിൽ അദ്ദേഹം വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.
ചങ്ങമ്പുഴയുടെ കവിതകളുടെ ഒരു സാമാന്യ അവലോകനം ഭാഷാപണ്ഡിതൻ കൂടിയായ സാനു ഈ കൃതിയിലൂടെ നൽകുന്നു. കാവ്യരചനയെ സംബന്ധിച്ച കാല്പനികാദർശം (Romanticism) അതിന്റെ ശരിയായ രൂപത്തിൽ മലയാളത്തിൽ അവതരിപ്പിച്ചത് ചങ്ങമ്പുഴയായിരുന്നു. ആശാനിലും അതു പ്രകടമായിരുന്നെങ്കിലും അത് ക്ലാസിക്കൽ ശിക്ഷണത്താൽ നിയന്ത്രിതമായിരുന്നു എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. എന്നാൽ ആശാനിൽ നിന്ന് തികച്ചും വിഭിന്നമായി ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിൽ എന്നും സജീവഘടകമായി വർത്തിച്ചത് ആത്മരതി (narcissism) ആയിരുന്നു. 'ഞാൻ', 'എന്നെ', 'എനിക്ക്', 'എന്റെ' എന്നെല്ലാമുള്ള വാക്കുകൾ ഇത്രയധികം പ്രയോഗിച്ചിട്ടുള്ള മറ്റൊരു കവി മലയാളത്തിലില്ല. കവിതയിലെ വിഷാദഭാവം പലപ്പോഴും ജീവിതത്തിലുണ്ടായിരുന്നില്ല, പ്രത്യേകിച്ചും പ്രശസ്തനായിരുന്നപ്പോൾ. 'പാട്ടിൽ കരഞ്ഞ ഞാൻ ജീവിതപ്പൂമര/ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു' എന്ന് അദ്ദേഹം തന്നെ ഒരു കവിതയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. കവിയുടെ ഏറ്റവും വിഖ്യാതരചനയായ 'രമണന്റെ' തുടക്കം പ്രോത്സാഹജനകമായിരുന്നില്ല എന്ന അത്ഭുതപ്പെടുത്തുന്ന സത്യം ഈ കൃതി കാട്ടിത്തരുന്നു. ആരണ്യകവിലാപകാവ്യം (pastoral elegy) എന്ന കാവ്യരൂപത്തിലെ കൃതിയായിരുന്നു രമണൻ. എന്നാൽ അത് പ്രകാശിപ്പിക്കുവാൻ പ്രസാധകരാരും തയ്യാറായില്ല. ഒടുവിൽ എറണാകുളത്തെ ഏ.കെ. ഹമീദ് എന്നൊരു സഹൃദയൻ സ്വന്തം ചെലവിൽ അച്ചടിച്ച് പുറത്തിറക്കുകയാണുണ്ടായത്. തുടക്കത്തിൽ വില്പന തീരെ കുറവായിരുന്നു; ചങ്ങമ്പുഴ തന്നെ കോപ്പികൾ കൊണ്ടുനടന്നു വിറ്റു. മൂന്നുവർഷത്തിനു ശേഷമാണ് രണ്ടാം പതിപ്പിറങ്ങിയത്. എന്നാൽ അതിനുശേഷം അത്ഭുതപൂർവ്വമായ വളർച്ചയായിരുന്നു പ്രചാരത്തിൽ അത് സ്വന്തമാക്കിയത്. പക്ഷേ രമണന്റെ യഥാർത്ഥരൂപമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുമായി ചങ്ങമ്പുഴക്ക് കാര്യമായ ഹൃദയബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പകരം ഉണ്ടായിരുന്നത് ലേശം അസൂയയിലൂന്നിയ കിടമത്സരമായിരുന്നുവെന്നുമുള്ള നിരീക്ഷണം വായനക്കാരെ ഞെട്ടിക്കുന്നു.
മറ്റു ജീവചരിത്രങ്ങളിൽ നിന്ന് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത് അതിലെ മൂർച്ച നഷ്ടപ്പെടാത്ത വിമർശനശരങ്ങളാണ്, അത് സാഹിത്യപരമായാലും വ്യക്തിപരമായാലും. ആ കവിതകളുടെ അദ്വിതീയത അംഗീകരിച്ചുകൊണ്ടുതന്നെ സാനു അതിലെ പുഴുക്കുത്തുകളേയും തുറന്നുകാണിക്കുന്നു. അഞ്ഞൂറോളം ലഘുകവിതകളുള്ളതിൽ പൊതുജീവിതസ്പർശിയായ പ്രമേയങ്ങളെ അധികരിച്ചെഴുതിയവ പത്തു ശതമാനത്തോളമേ വരൂ. 'വാഴക്കുല'യാണ് ഈ വകുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രചന. എന്നിരുന്നാലും ഉപരിതലസ്പർശിയായ ആദർശസ്നേഹമായി മാത്രമേ അദ്ദേഹത്തിന്റെ പൊതുപ്രമേയപരാമർശങ്ങൾ കാണാൻ കഴിയുന്നുള്ളു. വ്യക്തിപരമായ കവിതകൾ നൂറുകണക്കിന് രചിച്ചിട്ടുണ്ടെങ്കിലും അവ ആഴമില്ലാത്തവയാണെന്ന ആരോപണം ശക്തമായിരുന്നു. പേന കയ്യിലെടുത്താൽ ഉടനെ കവിത വരികയായി, എന്നാൽ ഭാവകേന്ദ്രത്തിന് തീവ്രതയരുളുന്ന വാഗ്മിതയ്ക്കുവേണ്ടി സാധനയനുഷ്ഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് സാനു വിലയിരുത്തുന്നു. വേണ്ടത്ര ഗഹനതയില്ലാത്തതിനാൽ അത്രമാത്രം പ്രചാരം നേടിയിട്ടും ചങ്ങമ്പുഴക്കവിതയുടെ നേർക്ക് പ്രൗഢമാനസരായ വിമർശകർ പൊതുവിൽ അലംഭാവം കാട്ടി. വിഖ്യാത ഹാസ്യസാഹിത്യകാരനായ സഞ്ജയൻ 'കോരപ്പുഴ'യെന്ന പേരിൽ ചങ്ങമ്പുഴയുടെ കൃതികളെ നിശിതമായി പൊളിച്ചടുക്കി. സഞ്ജയന്റെ കുറ്റപ്പെടുത്തലുകൾ നിരവധിയായിരുന്നു. ചിന്തയുടെ ആഴമില്ലായ്മ, ബുദ്ധിയുടെയും വിവേചനാശക്തിയുടെയും അഭാവം, വെറും വികാരപരത, ഒരിക്കൽ പറഞ്ഞതുതന്നെ പിന്നെയും പിന്നെയും ആവർത്തിക്കൽ, പുതുതായി ഒന്നും പറയാനില്ലായ്മ - ഇവയെല്ലാമായിരുന്നു വെണ്മണി-ശീവൊള്ളിക്കവിതകളുടെയെന്നപോലെ ചങ്ങമ്പുഴക്കവിതകളുടെയും മൗലികമായ സ്വഭാവം. 1940-ൽ തൃപ്പൂണിത്തുറയിലെ മഹാത്മാ വായനശാലക്കാർ ചങ്ങമ്പുഴക്കവിത മനുഷ്യരെ അധഃപതിപ്പിക്കുമെന്നും അതിനാൽ അദ്ദേഹം കവിതയെഴുത്തു നിർത്തണമെന്നും പ്രമേയം പാസ്സാക്കി.
ചങ്ങമ്പുഴയുടെ വ്യക്തിജീവിതത്തിലെ ചില പൊരുത്തക്കേടുകൾ തുറന്നുതന്നെ പ്രസ്താവിച്ചിരിക്കുന്നതിനാൽ ഈ പുസ്തകം സവിശേഷശ്രദ്ധയാകർഷിക്കുന്നു. കവിയുടെ മരണത്തിനു ശേഷം 40 വർഷങ്ങൾ കൂടി കഴിഞ്ഞാണ് ഈ പുസ്തകം പുറത്തുവരുന്നതെന്നതിനാൽ കുറച്ചൊക്കെ സ്വാതന്ത്ര്യം ഗ്രന്ഥകാരനുണ്ട്. മനുഷ്യനിർമ്മിതമായ സദാചാരമൂല്യങ്ങളെ തൃണവൽഗണിച്ചിരുന്ന ചങ്ങമ്പുഴ സ്വന്തം വിക്രിയകളാൽ കുഴപ്പങ്ങളിൽ ചെന്നുചാടിയപ്പോൾ സമുദായത്തെ ഒന്നടങ്കം ചീത്തവിളിച്ചു. നശ്വരവും അസ്ഥിരവുമായ ലോകത്തിൽ അനശ്വരവും സ്ഥിരവുമായ വികാരലഹരിയാർന്ന പ്രേമം നേടുക എന്നതായിരുന്ന ചങ്ങമ്പുഴയുടെ സ്വഭാവം. സ്വാഭാവികമായും ഇത് ഒന്ന് നേടിക്കഴിഞ്ഞതിനു ശേഷം അടുത്തതിലേക്ക് തൃപ്തി വരാതെ ചാടുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. സ്ത്രീവിഷയത്തിലുള്ള തന്റെ 'വിജയങ്ങൾ' കൂട്ടുകാരോട് പറഞ്ഞു ചിരിക്കുന്ന അത്ര നല്ലതല്ലാത്ത സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയറിയിലെ ഒരു പേജ് ഉദ്ധരിച്ചിരിക്കുന്നത് രസകരമാണ് - "വൈകുന്നേരം ക്ഷേത്രത്തിൽ പോയി. ധാരാളം സ്ത്രീകൾ ദർശനത്തിനു വന്നിരുന്നു" എന്നായിരുന്നു അത്! പല ജീവിതാനുഭവങ്ങളെയും മുൻനിർത്തി രചിച്ച കവിതാഭാഗങ്ങൾ ക്രമം തെറ്റാതെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരം വെച്ചാണ് ഏതു സംഭവമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയുന്നത്. തികഞ്ഞ ഈശ്വരവിശ്വാസിയും അവസാനകാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയും ആയിരുന്നതിനാൽ ഇടതുസാഹിത്യകാരന്മാർക്ക് അദ്ദേഹത്തെ അത്ര പഥ്യമല്ല. ചങ്ങമ്പുഴയുടെ ചില അപൂർവ മുൻകാല ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ ആകർഷകമാണ്.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book review of 'Changampuzha Krishnapilla - Nakshathrangalude Snehabhajanam'
Author: M K Sanoo
Publisher: DC Books, 2025 (First published 1988)
ISBN: 9788126409389
Pages: 224

No comments:
Post a Comment