2000-നു മുമ്പ് കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ പഴയ തലമുറയ്ക്ക് മൊബൈൽ ഫോണുകളുമായി വിലസുന്ന പുതിയ കോളജ് തലമുറയോട് കടുത്ത അസൂയയാണ് - സാങ്കേതികവിദ്യ തങ്ങൾക്ക് നിഷേധിച്ച അവസരങ്ങളെയോർത്ത്! പക്ഷേ ഒരൊറ്റ കാര്യം മാത്രം മതി ആ കൊതിക്കെറുവുകളെല്ലാം ഇല്ലാതാക്കാൻ. എന്തൊക്കെയുണ്ടായിട്ടെന്താ, പ്രീ-ഡിഗ്രി കോളജുകളിൽ നിന്ന് മാറ്റി സ്കൂളിലെ +2 ആയി മാറിയതോടെ വിലപ്പെട്ട 2 വർഷങ്ങളല്ലേ പുത്തൻ തലമുറയ്ക്ക് ഇനിവരാത്ത വിധം നഷ്ടമായത്? സ്കൂളിലെ കടുത്ത അച്ചടക്കത്തിനും ബിരുദത്തിന്റെ പക്വതയ്ക്കും ഇടയിലുള്ള ക്ഷണികമായ ഒരു അന്തരാള ഘട്ടമായിരുന്നു പ്രീ-ഡിഗ്രി. പഠിക്കുന്നവർക്ക് പഠിക്കാനും, ഉഴപ്പുന്നവർക്ക് ഉഴപ്പാനും മാത്രമല്ലാതെ, പഠിക്കുന്നവർക്കും കാര്യമായ പരിക്കുപറ്റാതെ അല്പമൊന്ന് ഉഴപ്പാൻ അവസരം നല്കിയിരുന്ന ആ സുവർണയുഗം യൂണിഫോം ധരിച്ച് +2 ക്ലാസിൽ പോകുന്നവർക്ക് സ്വപ്നം കാണാൻപോലും സാധിക്കുമോ? എത്ര മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന സ്കൂളിനും എത്ര പരിമിതമായ സൗകര്യങ്ങളുള്ള കോളജിന്റെ ഒപ്പമെത്താൻ സാധിക്കില്ലല്ലോ, പ്രത്യേകിച്ചും ലാബ്, ലൈബ്രറി, കാന്റീൻ (!), സ്റ്റേഡിയം (!) മുതലായ കാര്യങ്ങളിൽ.
അങ്ങനെയാണ് ഞാൻ 1987-ൽ ഒന്നാം ഗ്രൂപ്പുകാരനായി ആലുവ യു.സി.കോളജിന്റെ പടി കയറുന്നത്. വായനയിൽ ചെറിയൊരു താല്പര്യം ആദ്യമേ ഉണ്ടായിരുന്നതുകൊണ്ട് അന്ന് ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന വിശാലമായ കോളജ് ലൈബ്രറി ഒരത്ഭുതമായി തോന്നി. ഇന്ന് എത്ര പുസ്തകങ്ങൾ ഉണ്ടാകുമോ ആവോ? കുടുംബശ്രീ പോലെ പഞ്ചായത്തുകൾ തോറും പ്രൊഫഷണൽ കോളജുകൾ വന്നപ്പോൾ പഴയ കേമന്മാരായിരുന്ന ആർട്സ് & സയൻസ് കോളജുകളുടെ കഷ്ടകാലം തുടങ്ങി. അതുകൊണ്ട് എന്റെയൊരു ഊഹം പുസ്തകങ്ങളുടെ കാര്യത്തിൽ കാര്യമായ വർദ്ധനയൊന്നും ഉണ്ടാകാൻ ഇടയില്ലെന്നാണ്. എങ്കിലും ഇക്കാര്യത്തിൽ എന്റെ അനുമാനം തെറ്റായി തീരുകയാണെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും ഞാനായിരിക്കും. എന്തായാലും അന്ന് പ്രീ-ഡിഗ്രിക്കാരായ കുട്ടിപ്പയ്യന്മാർക്കൊന്നും ബുക്ക്-റാക്കുകൾ വെച്ചിരിക്കുന്ന മുറികളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ബിരുദാനന്തരബിരുദക്കാരായ ഏമാന്മാരാണ് അവിടെ കയറിയിറങ്ങിക്കൊണ്ടിരുന്നത്. പുസ്തകം വേണമെങ്കിൽ ഞങ്ങൾ ചെയ്യേണ്ടിയിരുന്നത് കാർഡെക്സ് നോക്കി ഒരു സ്ലിപ്പിൽ മൂന്നോ നാലോ പേരുകൾ എഴുതി ലൈബ്രറി അസ്സിസ്റ്റന്റിന്റെ കയ്യിൽ കൊടുക്കുകയായിരുന്നു. അതിൽ ഓട്ടം പോയിട്ടില്ലാത്തവയുണ്ടെങ്കിൽ വൈകുന്നേരം ഇഷ്യൂ ചെയ്യും.
ആ സമയത്താണ് നല്ല ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങൾ വായിച്ചുകളയാം എന്ന ലക്ഷ്യത്തോടെ ഈ പാവം ഞാൻ അവിടെ കടന്നുചെല്ലുന്നത്. കാർഡെക്സിൽ 'ബഷീർ' എന്ന ഭാഗം നോക്കിപ്പിടിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഓരോന്നോരോന്നായി ലിസ്റ്റ് ചെയ്തിരിക്കുന്നു. അതിൽ ഒരെണ്ണം എന്റെ ശ്രദ്ധയാകർഷിച്ചു - 'ഒരു ഭഗവദ് ഗീതയും കുറെ മൂലകളും'. തലക്കെട്ട് നല്ലതായി തോന്നി. ഒരു കൗമാരക്കാരൻ ആത്മീയ ചിന്തകളടങ്ങിയ പുസ്തകം വായിക്കുന്നുവെന്ന് മറ്റുള്ളവർ കാണുമ്പോഴുണ്ടാകാനിടയുള്ള മതിപ്പിനെക്കുറിച്ച് ആലോചിച്ചപ്പോൾ പിന്നെയൊന്നും നോക്കിയില്ല. ആ പുസ്തകം തന്നെ എഴുതിക്കൊടുത്തു. നീതി നടത്തിയാൽ മാത്രം പോര, അത് നടത്തിയതായി കാണപ്പെടുകയും വേണം എന്ന ആപ്തവാക്യം വായനയുടെ കാര്യത്തിലും ശരിയാണെന്ന് വിശ്വസിച്ചിരുന്ന പ്രായം! കോളജ് ഓണം അവധിക്ക് അടക്കുന്ന ആഴ്ചയായതിനാൽ അവസാന ദിവസമാണ് പുസ്തകം ലഭിക്കുന്നത്.
വെള്ളിയാഴ്ച കൃത്യസമയത്ത് ലൈബ്രറിയിലെത്തി. ഇത്ര 'ഗഹനമായ' പുസ്തകങ്ങൾ വാങ്ങുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഒളികണ്ണിട്ടുനോക്കിക്കൊണ്ട് പുസ്തകം ഏറ്റുവാങ്ങി...
ഞെട്ടിത്തരിച്ചുപോയി......കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ....
കയ്യിലിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് വീണ്ടും വായിച്ചുനോക്കി - 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും'. സെൻസർ ബോർഡിൽ ജോലി നോക്കേണ്ടിയിരുന്ന ആരോ കാർഡെക്സിൽ അത് 'മൂലകൾ' എന്നാക്കിയതാണ്.
മനസ്സിൽ വന്ന തെറിയെല്ലാം ബഷീറിനെ വിളിച്ചു. ഈ പുസ്തകം ഇനിയെന്തുചെയ്യും എന്നായി ചിന്ത. അപ്പോൾ തന്നെ അത് തിരികെ കൊടുക്കാൻ പറ്റുമോ എന്ന് തിരക്കി. ക്ലാർക്ക് കൈമലർത്തി. അവരുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടായിരുന്നോ എന്ന സംശയം എന്റെ ആധി വീണ്ടും വർദ്ധിപ്പിച്ചു. പുറത്തേയ്ക്ക് നടക്കുന്ന എന്റെ പിറകിൽ അവർ ചിരിക്കുകയായിരിക്കുമോ എന്ന ശങ്ക കാലുകളെ ഇടറിച്ചു.
ഈ പുസ്തകം എന്തായാലും വീട്ടിൽ കാണിക്കാൻ പറ്റില്ല. ക്ലാസ് തുടങ്ങിയിട്ട് രണ്ടുമാസമേ ആയുള്ളൂ, അപ്പോഴേക്കും ഇവൻ ഇത്തരം പുസ്തകങ്ങളായോ വായന എന്ന് വീട്ടുകാർ ധരിച്ചാലോ? ആരുമില്ലാതിരുന്ന തക്കം നോക്കി വീട്ടിലെ പുസ്തകഷെൽഫിന്റെ ഏറ്റവും പിന്നിൽ സാധനം ഒളിപ്പിച്ചു. അച്ഛനെങ്ങാനും ആ മുറിയിൽ കയറുമ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ താളവും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരുന്നു. എന്തിനേറെപ്പറയുന്നു, ആ ഓണക്കാലം മുഴുവൻ അസ്വസ്ഥതയുടെ തീക്കനൽ എന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടേയിരുന്നു.
കോളജ് തുറന്ന ആദ്യദിവസം തന്നെ പുസ്തകം മടക്കിക്കൊടുത്തപ്പോഴാണ് ശ്വാസം നേരെ വീണത്. അത് വായിക്കുന്നതുപോയിട്ട് തുറന്നുനോക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ബഷീറിന്റെ 'ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' പബ്ലിക് ലൈബ്രറിയിൽ നിന്ന് എടുത്തുകൊടുക്കുമോ എന്നാവശ്യപ്പെട്ട് മകൾ സമീപിച്ചിരുന്നു. അവിടെ ബഷീർ വിഭാഗം തിരഞ്ഞപ്പോൾ ആവശ്യമുള്ള പുസ്തകം കിട്ടിയില്ലെങ്കിലും 'ഭഗവദ് ഗീത' വീണ്ടും കയ്യിൽ തടഞ്ഞപ്പോഴാണ് കാൽ നൂറ്റാണ്ട് മുൻപ് നടന്ന ഈ കഥ ഓർത്തുപോയത്.
കാലം എത്രെപെട്ടെന്നാണ് കടന്നുപോയത്...
സത്യം പറഞ്ഞാൽ, ആ പുസ്തകം ഞാനിന്നും വായിച്ചിട്ടില്ല.