Tuesday, June 18, 2019

കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ്



കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളീയരുടെ ശ്രദ്ധ ഏറ്റവുമധികം പിടിച്ചു പറ്റുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ് ശബരിമല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും തുടർന്നുണ്ടായ ഹിന്ദു ധ്രുവീകരണവും ഭരണാധികാരികളുടെ ഉറക്കം കെടുത്തി. വളരെയധികം പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് ശബരിമല. പ്രത്യേകവേഷവിധാനങ്ങൾ, സവിശേഷമായ വ്രതചര്യകൾ, അനന്യമായ ശരണമന്ത്രങ്ങൾ, യുവതികൾക്കുള്ള പ്രവേശവിലക്ക് എന്നിങ്ങനെ അവ നീണ്ടുപോകുന്നു. താഴ്ന്ന ജാതിക്കാരെ ക്ഷേത്രങ്ങൾക്കു വെളിയിൽ നിർത്തിയിരുന്ന കാലത്തും ശബരിമലയിൽ അവർക്ക് കയറാമായിരുന്നു. ശബരിമലയിലെ ആരാധനാമൂർത്തിയായ സ്വാമി അയ്യപ്പൻ വിഷ്ണു-ശിവസംഗമത്തിലൂടെ ജന്മമെടുത്തതാണെന്നാണ് ഐതിഹ്യം. എന്നാൽ ചരിത്രദൃഷ്ടിയിലൂടെ നോക്കുമ്പോൾ ഒട്ടനവധി സിദ്ധാന്തങ്ങൾ പണ്ഡിതർ മുന്നോട്ടുവെക്കുന്നുണ്ട്. അനിഷേധ്യമായ ചരിത്രരേഖകളോ പുരാവസ്തുക്കളോ ലഭ്യമല്ലാത്തതിനാൽ തങ്ങളുടെ വാദങ്ങൾ ഖണ്ഡിക്കപ്പെടുമോ എന്ന ശങ്കയില്ലാതെ ആർക്കും കയറി മേയാവുന്ന ഒരു മേഖലയാണിത്. ‘കാറ്റുള്ളപ്പോൾ തൂറ്റണം’ എന്ന തത്വമനുസരിച്ച് ലേഖകനും പ്രസാധകനും പരമാവധി ആദായമുണ്ടാക്കാവുന്ന സമയം വിവാദം കത്തിനിൽക്കുമ്പോഴാണ്. അതനുസരിച്ചുതന്നെയാണ് ശ്രീ. രാമാനന്ദും ഡി. സി ബുക്‌സും ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും.

ചരിത്രപുസ്തകങ്ങളിൽ സഹായകമായി ഒന്നുംതന്നെ ലഭ്യമല്ലാത്തതിനാൽ പുരാവൃത്തങ്ങൾ, തോറ്റങ്ങൾ എന്നിവയിൽനിന്നാണ് രാമാനന്ദ് പ്രചോദനം ഉൾക്കൊള്ളുന്നത്. പുരാവൃത്തം എന്നാൽ താൻ ഉദ്ദേശിക്കുന്നത്  myth എന്ന ഇംഗ്ലീഷ് പദം ആണെന്ന് പിന്നീട് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ കടംകഥകളുടേയും കെട്ടുകഥകളുടേയും ചുമലിലേറി ഒരു ജനതതിയുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതിലെ ഔചിത്യബോധം ഗ്രന്ഥകർത്താവിനെ തെല്ലും അലട്ടുന്നില്ല.

അയ്യപ്പൻ അഥവാ ശാസ്താവ് എന്ന വൈദിക ദൈവമാണ് ഇന്ന് ശബരിമലയിൽ വാണരുളുന്നത്. എന്നാൽ ഈ വൈദികവൽക്കരണം പിന്നീടു നടന്നതാണെന്നാണ് ഈ പുസ്തകം വാദിക്കുന്നത്. അതിനു മുൻപ് അവിടെ എന്താണുണ്ടായിരുന്നത് എന്നാണല്ലോ നാം സ്വാഭാവികമായും ചോദിക്കുക. വ്യക്തമായ ഒരു മറുപടിയോ എന്നാണീ പരിവർത്തനം നടന്നത് എന്നതിനെക്കുറിച്ച് ഒരു ഊഹം പോലുമോ ഗ്രന്ഥകാരന്റെ കൈവശമില്ല. മൂന്നു സാധ്യതകളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. സംഘകാലത്തെ സമരദേവതയായ കൊറ്റവൈയും മകൻ ചാത്തനുമാണ് യഥാക്രമം മാളികപ്പുറത്തമ്മയും അയ്യപ്പനുമത്രേ. അതല്ലെങ്കിൽ പുലിപ്പാണി എന്ന സിദ്ധഗുരുവിന്റെ സമാധിയാണ് ശബരിമല. അതും നിങ്ങൾക്കു ബോധ്യമാവുന്നില്ലെങ്കിൽ ഇതാ പിടിച്ചോളൂ ബുദ്ധമതവുമായൊരു ബന്ധം - നീലകണ്ഠ അവലോകിതേശ്വരൻ എന്ന ബോധിസത്വനാണ് അയ്യപ്പൻ, ഖദിരവനി താര എന്ന ദേവതയാണ് മാളികപ്പുറത്തമ്മ. എന്നാൽ കേരളത്തിൽ ബുദ്ധമതം മുൻപു കരുതിയിരുന്നതുപോലെ അത്ര വ്യാപകമായി പ്രചരിച്ചിരുന്നില്ല എന്നുകൂടി കൂട്ടത്തിൽ സമർത്ഥിക്കുന്നതിനാൽ വാദമുഖങ്ങളുടെ മുനയൊടിയുന്നു. മൂന്നു സാദ്ധ്യതകളും പരസ്പരവിരുദ്ധങ്ങളാണെന്ന വസ്തുത എന്തുകൊണ്ടോ അദ്ദേഹം ശ്രദ്ധിക്കുന്നില്ല.

യുക്തിക്ക് നിരക്കാത്ത സഹായകവാദങ്ങൾ പുസ്തകത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. കേരളത്തിലെ ആദി പരദേവത കല്ലടിക്കോട് കരിനീലി ആണെന്ന തീർപ്പിന്റെ ആധാരശില ഏതോ നാടൻ പാട്ടാണ്. കരിനീലി എന്ന പേരിൽ നിന്നാണത്രേ കരിമല, നീലിമല എന്നിവ ഉണ്ടായത്. അതുപോലെ സംഘകാലത്തെ കുറിഞ്ചിനിലത്തിന്റെ നായകനായ ചേയോൻ ആണ് ചാത്തനായി മാറിയതെന്ന് നാം കണ്ണുമടച്ചു വിശ്വസിച്ചു കൊള്ളണം. ശബരിമല സിദ്ധഗുരുവായ പുലിപ്പാണിയുടെ സമാധി ആണെന്ന വാദം ബാലിശവും പരിഹാസ്യവുമാണ്.  പതിനെട്ട് എന്നത് സിദ്ധരുടെ സംഖ്യയായതിനാൽ പതിനെട്ടാം പടി എങ്ങനെ ഉണ്ടായി എന്ന് പിന്നീട് അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാൽ പുലിപ്പാണിയുടെ പേര് പ്രമുഖ സിദ്ധകേന്ദ്രമായ ചതുരഗിരിയിൽ നിന്ന് ലഭിച്ച രേഖകളിൽ കാണുന്നില്ല എന്ന് ഗ്രന്ഥകർത്താവ് ജാള്യതയോടെ സമ്മതിക്കുന്നുണ്ട് (പേജ് 70). ഈ വിശ്വാസം ആധുനികകാലത്ത് രൂപപ്പെട്ടതാണോ എന്നുപോലും അന്വേഷിക്കാത്തിടത്താണ് ഈ കൃതിയുടെ ഉപയോഗശൂന്യത വെളിവാകുന്നത്. ശബരിമല മാത്രമല്ല തിരുപ്പതി, പഴനി മുതലായ പല മഹാക്ഷേത്രങ്ങളും ഓരോരോ സിദ്ധഗുരുവിന്റെ സമാധി ആണെന്നാണ് സിദ്ധർ വിശ്വസിക്കുന്നത്.

തീർത്തും അവൈദികമായ ആരാധനാപദ്ധതികളിലേക്ക് വൈദികമതത്തിന്റെ കടന്നുവരവിന്റെ ചരിത്രമാണ് ചാത്തൻ എന്ന ആദിദ്രാവിഡമൂർത്തി ശാസ്താവായി മാറുന്നതിൽ നമുക്കു കാണാൻ സാധിക്കുന്നത് എന്ന ലേഖകന്റെ നിഗമനം ഭാഗികമായി ശരിയാണെങ്കിലും അതിന് ഉപോൽബലകമായ തെളിവുകൾ അദ്ദേഹം നിരത്തുന്നില്ല. മിത്തുകളെ സത്യമായി എണ്ണുന്നത് ആരേയും എവിടേയും എത്തിക്കുകയില്ല. ബ്രാഹ്മണരുടെ ബൗദ്ധിക-സാംസ്കാരിക അധിനിവേശം മാത്രമാണ് ഈ മാറ്റത്തിനു പിന്നിൽ എന്നീ പുസ്തകം തീരുമാനിക്കുന്നതിന് ഒരേയൊരു അടിസ്ഥാനം പലപ്രാവശ്യം ഈ തത്വം ആവർത്തിക്കുന്നുണ്ട് എന്നതുമാത്രമാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book review of 'Kuttichathan, Ayyappan, Shasthav' by R. Ramanand
ISBN 9789352826483


Monday, June 3, 2019

എഴുത്തച്ഛന്റെ കല: ചില വ്യാസഭാരത പഠനങ്ങളും



മലയാളസാഹിത്യത്തിന് നാമിന്നോർമ്മിക്കുമ്പോൾ ലജ്ജ തോന്നിപ്പിക്കുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. സർഗശക്തിയുടെ മൊട്ടുകൾ നുള്ളിക്കളയുന്ന ജാതിവ്യവസ്ഥ സമൂഹത്തെ ചവിട്ടിമെതിക്കവേ, മനുഷ്യന്റെ പുരുഷാർത്ഥങ്ങൾ ഊണ്, ഉറക്കം, സംഭോഗം എന്നിവ മാത്രമാണെന്നു ദൃഢമായി വിശ്വസിച്ച നമ്പൂതിരിബ്രാഹ്മണർ സാഹിത്യത്തിന്റെ ഫലഭൂയിഷ്ഠമായ ഭൂമിയിൽ ലൈംഗികഅരാജകത്വത്തിന്റെ വിത്തുകൾ നൂറുമേനി കൊയ്തെടുത്തു. മലയാളവും സംസ്കൃതവും സ്വതന്ത്രമായി ഇടകലർത്തിക്കൊണ്ടുള്ള മണിപ്രവാളകവിതകൾ രചനയുടെ കുത്തക നേടി. ആധുനികസമൂഹത്തിന്റെ പൊതുവേദികളിൽ ഉച്ചരിക്കാൻപോലും ആവാത്തവിധം അശ്ലീലത നിറഞ്ഞ അവയായിരുന്നു ഒരു കാലഘട്ടത്തിൽ നമ്മുടെ പൈതൃകത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇതിനൊരു മാറ്റം വരുത്തിയത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്. ശുദ്ധമായ വിഷ്ണുഭക്തിയും ആധുനികമായ ഭാഷയും പ്രയോഗിച്ച് രൂപപ്പെടുത്തിയെടുത്ത അദ്ധ്യാത്മരാമായണം, ഭാരതം കിളിപ്പാട്ടുകൾ ആധുനികമലയാളഭാഷയുടെ നെടുംതൂണുകളായി. പ്രമുഖസാഹിത്യകാരനും ചിന്തകനുമായിരുന്ന ശ്രീ. പി. കെ. ബാലകൃഷ്ണൻ ഭാഷയുടെ ആ പിതാമഹന്റെ കലയേയും രചനാശൈലിയേയും വിലയിരുത്തുന്ന ഏതാനും അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കൃതി. എഴുത്തച്ഛന്റെ സർഗ്ഗപ്രതിഭയെ ഉത്തേജിപ്പിച്ച മഹാകൃതികളുടെ പശ്ചാത്തലസമഗ്രതയിൽ എഴുത്തച്ഛൻ കൃതികളുടെ വിവിധ ഭാവതലങ്ങളേയും രചനാവിധാനങ്ങളേയും അപഗ്രഥിച്ച് എഴുത്തച്ഛന്റെ മനസ്സും കർമ്മവും കണ്ടറിയാനുള്ള ഒരു ശ്രമം.

ശ്രീരാമഭക്തി വഴിഞ്ഞൊഴുകുന്ന ഒരു ഗ്രന്ഥതർജ്ജമയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. എന്നാൽ മൂലകൃതിയെ വെല്ലുന്ന തരത്തിൽ ഭാവനാചാതുര്യവും ഭക്തിരസവും പകർന്നു നൽകാൻ എഴുത്തച്ഛനു സാധിച്ചതിനാൽ ഇത് അദ്ദേഹത്തിന്റെ സ്വന്തം കൃതി എന്നു കരുതുന്നതിൽ തെറ്റില്ല. കണ്ണശ്ശകവികളിൽ നിന്ന് സ്വീകരിച്ചിരിക്കുന്ന ഏതാനും അനുകരണങ്ങൾ ബാലകൃഷ്ണൻ നിരത്തി വെക്കുന്നുണ്ട്. എങ്കിലും ഈ രചന വെളിച്ചം കണ്ട കാലത്ത് അവ പൊതുജനശ്രദ്ധ നേടിയില്ല എന്നുതന്നെ ഊഹിക്കേണ്ടിവരും. മലയാളഭാഷ എഴുത്തച്ഛനായി കരുതി വെച്ച സിംഹാസനം ഒരു മരണാനന്തര ബഹുമതിയായിരുന്നു. അതും ആചാര്യരുടെ മരണത്തിനു ശേഷം നിരവധി തലമുറകൾ കടന്നുപോയതിനു ശേഷം. എഴുത്തച്ഛന്റെ പിൻമുറക്കാർ ആരാണെന്ന് ആ കുടുംബത്തിലെ പിന്നീടുള്ള തലമുറക്കാർക്ക് പോലും ഓർത്തെടുക്കാനാകാത്ത വിധത്തിൽ അവഗണനയുടെ ചെളിക്കൂന ആ കൃതിക്കു മുകളിൽ നൂറ്റാണ്ടുകളോളം പടർന്നു കിടന്നു.

ഭാരതീയ ഇതിഹാസങ്ങളിൽ വലിപ്പത്തിൽ മുമ്പൻ മഹാഭാരതമാണല്ലോ. പൂർണ്ണരൂപത്തിൽ ഒന്നേകാൽ ലക്ഷം ശ്ലോകങ്ങൾ അടങ്ങുന്ന ഈ ബൃഹദ്കഥയുടെ യഥാർത്ഥ കാമ്പ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കുരു-പാഞ്ചാലജനതകൾ തമ്മിലുള്ള സംഘട്ടനമാണിതിന്റെ മൂലകഥയെന്നും  കൗരവരാജാക്കന്മാരുടെ ദുരന്തഗാഥയായാണ് അതിന്റെ നിർമ്മിതി എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. 8800 ശ്ലോകങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ആ കേന്ദ്രബിന്ദുവിനെ പിന്നീടുള്ള കൂട്ടിച്ചേർക്കലുകളിലൂടെ നായകരെ പ്രതിനായകരാക്കി എന്നുമാത്രമല്ല, സഹസ്രാബ്ദങ്ങളിലെ നീതിശാസ്ത്രങ്ങളെ പ്രാചീനതയുടെ മേലങ്കി അണിയിച്ച് ആ ഇതിഹാസത്തിന്റെ പുറമ്പോക്കുകളിലേക്ക് കെട്ടഴിച്ചുവിട്ടു. വൈഷ്ണവഭക്തിപ്രസ്ഥാനങ്ങൾ കൗരവരുടെ അസുരവത്കരണത്തിൽ ഒരു പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഭാരതത്തിലെ കഥാപാത്രങ്ങൾ ഗുണദോഷസമ്മിശ്രരാണ്. എഴുത്തച്ഛന്റെ കൃഷ്ണഭക്തി കഥ പറയുന്ന കിളിമകളേയും മനസ്സാ സ്വാധീനിക്കയാൽ മഹാഭാരതകഥയിൽ പോലും കൃഷ്ണപരിപ്രേക്ഷ്യം സ്ഥാപിച്ചെടുക്കുന്നു. ഇവിടെ എഴുത്തച്ഛനു നേർക്കും ഗ്രന്ഥകർത്താവ് ആരോപണം നീട്ടുന്നുണ്ട്. കുരുവംശകഥ യഥാവിധം സംക്ഷേപിക്കാതെ കൃഷ്ണഭക്തിയുടെ ഒഴുക്കിലൂടെ നീങ്ങുന്ന ആഖ്യാനം മൂലകൃതിയുമായി പരിചയമില്ലാത്ത വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. വ്യാസഭാരതത്തിന്റേയും കഥാപാത്രങ്ങളുടേയും സ്വത്വത്തെ കുറിച്ച് കിളിപ്പാട്ടിൽ നിന്ന് അവർ സ്വീകരിക്കുന്ന ധാരണകൾ തെറ്റായിരിക്കും. പർവ്വം തിരിച്ചുള്ള ശ്ലോകങ്ങളുടെ കണക്കും കിളിപ്പാട്ടിൽ അവയുടെ അനുപാതരഹിതമായ ശേഖരവും ഇതിനെ ബലപ്പെടുത്തുന്നു. എന്തിനേറെ, യാദവവംശത്തിന്റെ അന്ത്യം വിവരിക്കുന്ന മൗസലപർവ്വം ഈ ഏകപക്ഷീയദർശനത്തിന്റെ പാരമ്യത വെളിവാക്കുന്നു. മദ്യപിച്ച് ലക്കുകെട്ട യാദവർ ഒന്നും രണ്ടും പറഞ്ഞ് കലഹിച്ച് ആയുധങ്ങളുമായി പരസ്പരം ചാടിവീണ് ‘ചത്തും കൊന്നും അടങ്ങിയ’ കഥയെ ആചാര്യപാദർ കൃഷ്ണവിഗ്രഹത്തിന് ഊനം തട്ടാത്ത രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു.

ഭാരതം കിളിപ്പാട്ടാണ് ബാലകൃഷ്ണൻ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിനൊരു കാരണവുമുണ്ട്. അദ്ദേഹത്തിന്റെ പ്രിയകഥാപാത്രമായ കർണ്ണൻ അവിടെയാണുള്ളത്. ആവിഷ്കാരത്തിന്റെ സൗഭാഗ്യപൂർണ്ണതയിൽ സ്വന്തം സ്രഷ്ടാവിനെത്തന്നെ ആശ്ചര്യമഗ്നനാക്കുന്ന കഥാപാത്രമാണ് വ്യാസഭാരതത്തിലെ കർണ്ണൻ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതല്ലെങ്കിൽ ഏറ്റവും മനോഹരമായ കഥാപാത്രം കർണ്ണനാണെന്ന മനോനിലയെ സാധൂകരിക്കുന്ന ഒന്നാണ് ‘വ്യാസന്റെ കർണ്ണൻ’ എന്ന അധ്യായം. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന പി കെ ബാലകൃഷ്ണന്റെ സുവിഖ്യാതമായ നോവലിൽ കർണനാണ് കേന്ദ്രകഥാപാത്രം എന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Ezhuthachante Kala: Chila Vyasabharatha Padanangalum’ by P K Balakrishnan
ISBN 9788126421329