ചങ്ങമ്പുഴയുടെ സമാധി |
ഒരു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോഴാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നിന്ന് വെറും 200 മീറ്റർ അകലെയുള്ള സ്മാരകത്തിൽ എത്തിയത്. പടിഞ്ഞാറേക്ക് ചാഞ്ഞുകഴിഞ്ഞിരുന്ന സൂര്യൻ ജോലിസമയം കഴിഞ്ഞ് വീടുകളിലേക്ക് ധൃതിപിടിച്ചു നടന്നുനീങ്ങിയിരുന്ന സ്ത്രീകളെപ്പോലെ തന്റെ ജോലി തീർത്ത് അല്പം വിശ്രമിക്കാനുള്ള തത്രപ്പാടിലായിരുന്നു. ദീർഘചതുരാകൃതിയിലുള്ള കൃഷ്ണശിലയിൽ തീർത്ത ചങ്ങമ്പുഴ സ്മാരകത്തിനു മീതെ ഒരു സമചതുരമണ്ഡപവും അതിനോടുചേർന്ന് ചാരുബെഞ്ചുകൾ ഓരം ചേർത്തിട്ടിരിക്കുന്ന ദീർഘചതുരാകൃതിയിലുള്ള മറ്റൊരു മണ്ഡപവും കാണാം. ഒരാൾപ്പൊക്കത്തിലുള്ള കമ്പിവേലി റോഡിൽനിന്ന് സ്മാരകത്തെ വേർതിരിച്ചു നിർത്തുന്നു. ആകെയുള്ള വാതിൽ താഴിട്ടു പൂട്ടിയിട്ടുമുണ്ട്. തൊട്ടുപുറകിലുള്ള പുരയിടത്തിൽനിന്ന് വേലിയുടെ ശല്യമില്ലാതെ അരമതിൽ കവച്ചുകടന്നാൽ സ്മാരകത്തിലെത്താം. ചുരുക്കിപ്പറഞ്ഞാൽ, മാന്യന്മാരെ മാത്രം അകറ്റിനിർത്താൻ സഹായിക്കുന്ന ഒരു സംവിധാനം.
'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിതയിലെ ചില വരികൾ കല്ലറയുടെ മുകളിൽ കൊത്തിവെച്ചിട്ടുണ്ട്. പക്ഷേ പാല പൂത്ത പരിമളം പാതിരയെ പുണർന്നൊഴുകുമ്പോഴും, മഞ്ഞണിഞ്ഞ മഞ്ജുചന്ദ്രിക മദാലസയായി നൃത്തമാടുമ്പോഴും മാത്രമല്ല, കൊടുംവേനലിന്റെ ദിനാന്ത്യങ്ങളിലൊന്നിൽ ജീവിതാധ്വാനത്തിന്റെ സ്വേദകണികകളെ ഉപ്പുരസമാർന്ന കാറ്റ് ആറ്റിത്തണുപ്പിക്കുമ്പോഴും ആ കല്ലറയ്ക്കുള്ളിൽ സ്പന്ദനങ്ങൾ കേൾക്കാം. മലയാള കവിതയിലെ നവീനപ്രസ്ഥാനം വെട്ടിത്തെളിയിച്ച പ്രതിഭയുടെ സ്പന്ദനങ്ങൾ കാലങ്ങൾ കടന്നും നമ്മെ തേടിവരുന്നത് ഇവിടെ നിങ്ങൾക്കനുഭവപ്പെടും.
അല്പസമയം കല്ലറയ്ക്കരികിൽ (വേലിക്കു വെളിയിൽ നിന്നുകൊണ്ട്) ചെലവഴിച്ചതിനുശേഷം ചങ്ങമ്പുഴ പാർക്കിലേക്കു നീങ്ങി. നഗരമദ്ധ്യത്തിലാണെങ്കിലും ഇടപ്പള്ളി ഗ്രാമത്തിന്റെ ഭാവഹാവാദികളും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പാർക്കിലെ സന്ദർശകരെ കണ്ടാൽ തോന്നും. ഒരു ഭാഗത്ത് ചെസ്സ് കളി കൊണ്ടുപിടിച്ചു നടക്കുന്നു. ഓരോ നഗരവും അതാതിന്റേതായ ഒരു വിനോദം കണ്ടെത്തുന്നു. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിൽ ഈ സമയത്ത് ഗുലാൻ പെരിശ് തകർക്കുകയായിരിക്കും. പത്തോ പന്ത്രണ്ടോ പേർ പരിസരം തന്നെ വിസ്മരിച്ചുകൊണ്ട് കറുപ്പും വെളുപ്പും മാത്രമുള്ള ഒരു ലോകത്തിൽ തന്ത്രങ്ങളും നീക്കങ്ങളും മെനഞ്ഞുകൊണ്ടിരുന്നു. കാരംസ് കളിയും പത്രവായനയും അടുത്തുതന്നെ നടക്കുന്നു. മെയിൻ റോഡിനെ അഭിമുഖീകരിച്ചുകൊണ്ട് കവിയുടെ അർദ്ധകായപ്രതിമ നിലകൊള്ളുന്നു. സാമ്പ്രദായിക ലോകത്തോടുള്ള ധിക്കാരം മുഴുവൻ പാറിപ്പറന്ന മുടിയോടു കൂടിയ ആ പ്രതിമയിൽ ആവാഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതാശകലങ്ങളും വർണപ്പലകകളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. സ്ഥലം വളരെ കുറച്ചേയുള്ളൂവെങ്കിലും അത് ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു മൂലയ്ക്കായി സ്ഥാപിച്ചിരിക്കുന്ന യുദ്ധവിമാനം അരോചകമാണ്.
പാർക്കിനു നടുവിലായി മേൽക്കൂരയോടുകൂടിയ ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. ഏ. കെ. ആന്റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും കാശു തികയാതെ വന്നതുകൊണ്ട് സ്റ്റേജ് പണിയാൻ കെ. ബാബു എം.എൽ.ഏയുടെ ഫണ്ട് കൂടി വേണ്ടിവന്നു. വലിയ അക്ഷരങ്ങളിൽ ഈ വിവരങ്ങൾ അരികെ എഴുതിവെച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രീയക്കാർ എത്ര നിസ്വാർത്ഥസേവനമാണ് നാടിനുവേണ്ടി ചെയ്യുന്നത്! സ്വന്തം തറവാട്ടിലെ ഫണ്ട് എടുത്തുപോലും നാട്ടുകാരെ സേവിക്കാൻ മാത്രം ആത്മാർത്ഥതയുള്ള ഉരുപ്പടികൾ!
ഓഡിറ്റോറിയത്തിൽ ഇടപ്പള്ളി സംഗീത സഭയുടെ നെയ്യാറ്റിൻകര വാസുദേവൻ അനുസ്മരണസമ്മേളനവും അവാർഡ് ദാനവും നടക്കുകയായിരുന്നു. ചേർത്തല രംഗനാഥശർമ്മയാണ് അവാർഡ് ജേതാവ്. 6.30ന് അദ്ദേഹത്തിന്റെ സംഗീതക്കച്ചേരിയുമുണ്ട്. ആറുമണിയോടെ നൂറോളം പേർ സദസ്സിലുണ്ടായിരുന്നു. ഓരോരുത്തരായി വന്നുകൊണ്ടുമിരിക്കുന്നു. പ്രാസംഗികർ എല്ലാവരും നെയ്യാറ്റിൻകരയേയും അവാർഡ് ഏർപ്പെടുത്തിയവരേയും പുകഴ്ത്തിക്കൊണ്ടിരുന്നു. ശാസ്ത്രീയസംഗീതം ആസ്വദിക്കാൻ കഴിവുള്ള ഇത്രയും ആളുകൾ ഇപ്പോഴും ഉണ്ടെന്നത് ആശ്വാസകരം തന്നെയാണ്.
ചെറുതായി മഴ പൊടിയാൻ തുടങ്ങിയതോടെ അന്നത്തെ പര്യടനം അവസാനിപ്പിച്ച് കൂടണഞ്ഞു. 'സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ' വരികൾ അപ്പോഴും മനസ്സിൽ നിറഞ്ഞിരുന്നു.
താരകകളെ കാണ്മിതോ നിങ്ങൾ
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! യിന്നതിൻ ചിത്ത രഹസ്യം
എന്തറിഞ്ഞൂ ഹാ! ദുരസ്തർ നിങ്ങൾ
പാല പൂത്തു പരിമളമെത്തി
പാതിരയെ പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞൂ മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ് കേൾക്കാം
സ്പന്ദനങ്ങളീ കല്ലറയ്കുള്ളിൽ....
No comments:
Post a Comment