Saturday, July 1, 2017

ഇസ്‌ലാമിക ഫാഷിസം കേരളത്തിൽ

ഫാഷിസം എന്നത് പഴകിത്തേഞ്ഞ ഒരു പദമായി മാറിക്കഴിഞ്ഞിട്ടുണ്ട് കേരളത്തിൽ. മാഫിയ, ലോബി എന്നിങ്ങനെ രാഷ്ട്രീയശത്രുക്കൾക്കെതിരെ തോന്നിയപോലെ ഉപയോഗിക്കാവുന്ന ഒന്ന്. സംഘപരിവാറിനെപ്പോലുള്ള ഹിന്ദു സംഘടനകളെ വിശേഷിപ്പിക്കുമ്പോഴാണ് ഇടതുചിന്തകർ ഫാഷിസ്റ്റ് എന്ന പദമുപയോഗിക്കുന്നത്. ഇതിന്റെ അർത്ഥമെന്താണ്, ആരെയൊക്കെയാണ് ഇതുപയോഗിച്ചു വിശേഷിപ്പിക്കാവുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരം ഈ പുസ്തകം നൽകുന്നു. മറ്റു മതങ്ങളെ ഒരു തരത്തിലും അംഗീകരിക്കാതിരിക്കുകയും, തങ്ങളുടെ ആശയങ്ങളും ഗ്രന്ഥങ്ങളും മാത്രമേ സത്യമായിട്ടുള്ളൂ എന്നു സമർത്ഥിക്കാൻ ശ്രമിക്കുകയും, എതിരാളികളുടെ കൈവെട്ടിക്കളയുക മുതലായ അക്രമപ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന ഇസ്‌ലാമിക മതമൗലികവാദികൾക്കല്ലേ ഫാഷിസ്റ്റ് എന്ന വിശേഷണം കൂടുതൽ യോജിക്കുക എന്ന ചോദ്യത്തിന് ഈ പുസ്തകം വ്യക്തവും ഉറച്ചതുമായ 'അതെ' എന്നുത്തരം നൽകുന്നു.

ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളും പ്രവാചകന്റെ ത്യാഗനിർഭരമായ ജീവിതവും വിശദീകരിച്ചുകൊണ്ടാണ് തെക്കുംഭാഗം മോഹൻ പുസ്തകം ആരംഭിക്കുന്നത്. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ അദ്ദേഹം ഇസ്‌ലാമികവശത്തുനിന്നുകൊണ്ടാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. 'കുപ്രസിദ്ധമായ കുരിശുയുദ്ധങ്ങൾ' എന്നൊക്കെ പതിനൊന്നാം ശതകത്തിലെ അറബ്-യൂറോപ്യൻ യുദ്ധങ്ങളെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. ഇതിലെ അർത്ഥശൂന്യത നമുക്കിവിടെ ഹൃസ്വമായി ഒന്നു പരിശോധിക്കാം. ഒന്നാമതായി അവ എങ്ങനെയാണ് കുപ്രസിദ്ധങ്ങളാകുന്നതെന്നാണ്. കൃസ്തീയവിശ്വാസികൾ തങ്ങളുടെ പുണ്യനഗരമായ ജെറൂസലേമിനെ മോചിപ്പിക്കാനായി ആ നഗരം കീഴടക്കിവെച്ചിരുന്ന അറബികളുമായി നടത്തിയ യുദ്ധങ്ങളിൽ ആരുടെ പക്ഷത്താണ് ന്യായം? മെക്കയോ മെദീനയോ പിടിച്ചടക്കാനായിരുന്നില്ല യൂറോപ്യൻമാർ തങ്ങളുടെ സർവസ്വവും ബലികഴിച്ച് കുരിശുയുദ്ധങ്ങൾ നടത്തിയത്, മറിച്ച് ജെറൂസലേമിലെ പള്ളികൾ മോസ്‌ക്കുകളാക്കി മാറ്റി അവിടത്തെ ജനതയെ വൻതോതിൽ മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരുന്ന അറബികളെ തുരത്തിയോടിക്കുവാനായിരുന്നു. ഇത്തരം സത്യങ്ങൾ തുറന്നുപറയാൻ നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാർക്ക് വലിയ മടിയാണ്. ആരുടെ, അല്ലെങ്കിൽ എന്തിന്റെ മുൻപിലാണ് അവർ സ്വന്തം നട്ടെല്ല് റബ്ബറാക്കുന്നത്?

ഇസ്‌ലാമിക ഫാഷിസത്തിന്റെ ആദിരൂപമായ മതവെറി പതിനെട്ടാം ശതകത്തിൽ കേരളത്തിൽ രൂപപ്പെട്ടുവെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. കുഞ്ഞാലി മരക്കാരുമായുള്ള സാമൂതിരിയുടെ ശത്രുത പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നില്ല. ഹൈദരാലി, ടിപ്പു എന്നീ സുൽത്താന്മാരുടെ കടന്നാക്രമണത്തോടെ കേരളം അതിനുമുൻപൊരിക്കലും ദർശിച്ചിട്ടില്ലാത്ത നഗ്നമായ മതവൈരം ഇവിടെ നടമാടി. നാട്ടുകാരായ മാപ്പിളമാരുടെ പൂർണ്ണസഹകരണത്തോടെ ഹൈദറും ടിപ്പുവും ക്ഷേത്രങ്ങൾ കൊള്ളയടിക്കുക, നിർബന്ധിത മതപരിവർത്തനങ്ങൾ സംഘടിപ്പിക്കുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അടിമകളാക്കി വിൽക്കുകയും ചെയ്യുക മുതലായ ഹീനകൃത്യങ്ങളിൽ ഏർപ്പെട്ടു. ഏതാണ്ടിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും യസീദികൾക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്ന അതേ കലാപരിപാടി. 1921-ലെ മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന തെറ്റായ സിദ്ധാന്തത്തെ ലേഖകൻ പൊളിച്ചടുക്കുന്നുണ്ട്. ടിപ്പുവിനുശേഷവും ലഹളക്കുമുമ്പുമുള്ള 120 വർഷങ്ങളിൽ മലബാറിൽ നടന്ന കലാപങ്ങളുടെ ബാഹുല്യവും ക്രൗര്യവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ചരിത്രകാരന്മാർ ഒരിക്കലും നമ്മോട് പറഞ്ഞിട്ടില്ലാത്ത ആ പച്ചപ്പരമാർത്ഥങ്ങൾ കേരളത്തിലെ മതസൗഹാർദത്തിനുനേരെ ഉയരുന്ന വെല്ലുവിളികളാണ്. മതേതരത്വമെന്നത് ഒരു ദിശയിൽ മാത്രം വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു തെരുവുപോലെയാണോ എന്ന് വായനക്കാർ സംശയിച്ചേക്കാം.

1990-കളിൽ കേരളത്തിൽ വ്യാപകമായി പ്രചരിച്ച ഇസ്‌ലാമികതീവ്രവാദവും മോഹൻ ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്. മദനി ആരംഭിച്ച പ്രസ്ഥാനം ഇന്ന് പല പേരുകളിലൂടെ യാത്രചെയ്ത് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയിൽ എത്തിനിൽക്കുന്നു. ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുപോലെ ഒരു ചെറിയ വിഭാഗം തീവ്രവാദികൾ അക്രമപ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഒരു വലിയ വിഭാഗം മിതവാദികൾ അതുകണ്ടാസ്വദിക്കുന്നു. ഇബ്രാഹിം കുട്ടി തീവണ്ടിയിൽ ബോംബ് വെച്ചാൽ, ഊമ ബാബു കോയമ്പത്തൂരിൽ സർവനാശം വിതച്ചാൽ, തടിയന്റവിട നസീർ കേരളത്തിൽ നിന്ന് യുവാക്കളെ തീവ്രവാദം പരിശീലിക്കാനായി പാകിസ്ഥാനിലേക്ക് അയച്ചാൽ, അതിലൊന്നും മതസ്വാധീനം കാണരുതെന്നാണ് നമ്മുടെ മുഖ്യധാരാ ചിന്തകർ നമ്മെ പഠിപ്പിക്കുന്നത്. വിഭാഗീയപ്രവണതകൾ ഭാരതവിഭജനകാലത്ത് മലബാറിൽ സജീവമായിരുന്നു എന്ന സാഹചര്യത്തിൽ നമ്മുടെ ജനത കൂടുതൽ ജാഗരൂകമാകേണ്ടിയിരിക്കുന്നു. "പത്തണക്കു കത്തി വാങ്ങി കുത്തി നേടും പാക്കിസ്ഥാൻ" എന്ന സമരാഹ്വാനം 1947-ൽ വടക്കൻ കേരളത്തിൽ പരക്കെ ഉയർന്നിരുന്നു എന്നതുകൊണ്ട് വിശേഷിച്ചും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Islamika Fascism Keralathil' by Thekkumbhagom Mohan
ISBN: 9788192085500