Tuesday, October 27, 2020

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920 - 1998

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വാഗ്‌വാദങ്ങൾ പ്രസ്ഥാനത്തിനകത്തുതന്നെ വീണ്ടും സജീവമായിരിക്കുകയാണല്ലോ. 1920-ൽ താഷ്‌ക്കെന്റിലാണ് പാർട്ടി രൂപം കൊണ്ടതെന്ന് സി.പി.എം വാദിക്കുമ്പോൾ അഞ്ചുവർഷത്തിനുശേഷം 1925-ൽ കാൺപൂരിലാണ് അതു സംഭവിച്ചതെന്ന് സി.പി.ഐ സ്ഥാപിച്ചെടുക്കുന്നു. ശതാബ്ദിയാഘോഷിക്കുന്ന വേളയിലും പ്രത്യക്ഷത്തിൽത്തന്നെ നിസ്സാരമായ ഈ പ്രശ്നത്തിനുപോലും പരിഹാരം കണ്ടെത്താനാവാത്ത ആശയപരമായ ചിന്താക്കുഴപ്പമാണ് ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ താത്വിക ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അവസാനപുസ്തകമാണിതെന്ന രൂപത്തിൽ ഈ ഗ്രന്ഥത്തിന് സവിശേഷമായ പ്രസക്തി ഉണ്ട്. 1998 വരെയുള്ള ചരിത്രമെന്ന് ശീർഷകത്തിൽ കാണിച്ചിട്ടുണ്ടെങ്കിലും 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച് ജനതാ പാർട്ടി അധികാരത്തിലെത്തുന്നതുവരെയുള്ള ചരിത്രമേ ഇതിലുള്ളൂ. ഗ്രന്ഥരചനക്കിടയിലാണ് ഇ.എം.എസ് അന്തരിച്ചതെന്ന് നമുക്ക് ന്യായമായും ഊഹിക്കാം.

 

പാർട്ടിയുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നതിനു മുന്നോടിയായി പാർലമെന്ററി പാതയിലൂടെ പ്രാദേശികമായ അധികാരം നേടിയത് ലേഖകൻ സംക്ഷിപ്തവും സംതൃപ്തികരവുമായ രീതിയിൽ വിവരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പ്രധാന പ്രതിപക്ഷമാകാൻ കഴിഞ്ഞുവെന്നത് ഒരു വൻനേട്ടം തന്നെയായിരുന്നു. 1984-ൽ കേന്ദ്രത്തിൽ നേടിയ രണ്ടു സീറ്റുകളിൽ നിന്നാണ് ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി ആ സിംഹാസനം കരസ്ഥമാക്കിയതെന്നോർക്കുക. 1998 ആകുമ്പോഴേക്കും പാർട്ടി മൂന്നു സംസ്ഥാനങ്ങളിൽ അധികാരവും കേന്ദ്രത്തിൽ ഭരണമുന്നണിയുടെ മന്ത്രിസഭയിൽ പങ്കുചേരാത്ത കൂട്ടുകക്ഷി എന്ന സ്ഥാനവും നിലനിർത്തിയിരുന്നു. ഇതെല്ലാം കൂടി മാർക്സിസ്റ്റ് ദർശനം അനുദിനം വളർന്നുവരികയാണെന്ന വിലയിരുത്തലിൽ ഇ.എം.എസ്  പാർട്ടി സ്ഥാപനത്തീയതിയെച്ചൊല്ലി സി.പി.ഐയുമായുള്ള അഭിപ്രായവ്യത്യാസം അരക്കിട്ടുറപ്പിക്കുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നത് മേലേനിന്നാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയാൽ സ്ഥാപനത്തെച്ചൊല്ലി ഒരു തർക്കം ഉണ്ടാകാനിടയില്ലാത്തതാണ്.

 

രണ്ടാം ലോകയുദ്ധകാലത്തും അക്കാലത്ത് കോൺഗ്രസ് അഴിച്ചുവിട്ട ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂക്ഷവിമർശനം നേരിട്ടിട്ടുണ്ട്. അതിനാൽ ആ ഭാഗം വിശദീകരിക്കാൻ ഇ.എം.എസ്  പ്രത്യേകം ശ്രദ്ധിക്കുന്നു. യുദ്ധത്തിനിടയിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉപേക്ഷിച്ച് വെള്ളക്കാരെ അനുകൂലിക്കുന്നതിലേക്കു നീങ്ങിയതിന്റെ കാരണം അദ്ദേഹം വെള്ളപൂശുന്നതിങ്ങനെ: "1939 മുതൽ 1941 വരെ യുദ്ധം രണ്ടു സാമ്രാജ്യചേരികൾ തമ്മിലുള്ളതായിരുന്നു. ഏതു ചേരി ജയിക്കുമെന്നതിൽ അധീന രാജ്യങ്ങൾക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനാകട്ടെ ജർമനിയുമായി ഒരു അനാക്രമണസന്ധിയിൽ ഒപ്പിടുകയും ചെയ്തിരുന്നു (പേജ് 51). എന്നാൽ 1941-ൽ ജർമ്മനി അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ സാമ്രാജ്യയുദ്ധം ജനകീയയുദ്ധമായി മാറി". അങ്ങനെയാണ് ജർമനിയെ എതിർത്തിരുന്ന ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റുകളുടെ ഉറ്റ ചങ്ങാതികളായി മാറിയത്.  റഷ്യയോടുള്ള ഈ ആശയപരമായ അടിമത്തത്തെ ആചാര്യൻ ന്യായീകരിക്കുന്നത് തൊഴിലാളിവർഗ്ഗ സാർവദേശീയതയോടുള്ള വിധേയത്വത്തിന്റെ പേരിലാണ്. 


പാക്കിസ്ഥാൻ രൂപീകരണത്തിലും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെ വ്യാജമെന്നു വിശേഷിപ്പിച്ചും കമ്യൂണിസ്റ്റുകൾ ദേശീയ മനസ്സാക്ഷിയെ അന്യമാക്കി. അതിന് ഇ.എം.എസ്  നിരത്തുന്ന കാരണങ്ങൾ 1998-ൽ പോലും നിഷ്പക്ഷമതികളെ ബോദ്ധ്യപ്പെടുത്തുന്നതല്ല. ഇന്ത്യയുടെ ബഹുരാഷ്ട്രസ്വഭാവം മനസ്സിലാക്കി കോൺഗ്രസ്സിന്റെ ഏകരാഷ്ട്രവാദത്തേയും ലീഗിന്റെ ദ്വിരാഷ്ട്രവാദത്തേയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി തന്നെയാണെന്ന് അദ്ദേഹം അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു (പേജ് 62). അതായത് ഒരു ഡസനോളം ദേശീയതകളുടെ ജന്മഗേഹമെന്ന് അവർ തന്നെ വിശേഷിപ്പിച്ച ഇന്ത്യയെ അത്രയും കഷണങ്ങളാക്കി വിഭജിക്കണമെന്നാണോ പാർട്ടി ഉദ്ദേശിച്ചത്? ഇതിന് വ്യക്തമായൊരുത്തരം നൽകാതെ ഇത്തരം ദേശീയതകളുടെ സാക്ഷാൽക്കാരം ഭാഷാസംസ്ഥാനങ്ങൾ രൂപീകരിച്ചതിലൂടെ നേടി എന്നവകാശപ്പെടുന്നു. അതേസമയം തന്നെ തീർത്തും മതാധിസ്ഥിതമായ പാക്കിസ്ഥാൻ വാദത്തെ പാർട്ടി പിന്താങ്ങുകയും ചെയ്തു. ഇതൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഇന്ത്യയിൽ വളർന്നുവന്ന ബഹുജനപ്രസ്ഥാനത്തെ തകർക്കാൻ ബ്രിട്ടീഷ് സാമ്രാജ്യവാദികളും ഇന്ത്യയിലെ ബൂർഷ്വാ-ഫ്യൂഡൽ വർഗ്ഗങ്ങളും തമ്മിലുണ്ടാക്കിയ ഒരു കരാറാണ് ആഗസ്റ്റ് 15-ന് കിട്ടിയ സ്വാതന്ത്ര്യം എന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ (പേജ് 72).


തത്വദീക്ഷയില്ലാത്ത നയസമീപനങ്ങളെപ്പോലും വർഗ്ഗസമരമെന്ന തുറുപ്പിറക്കി ന്യായീകരിക്കുന്ന ഇ.എം.എസ് ശൈലി നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നില്ല. 1952-ലെ തെരഞ്ഞെടുപ്പിൽ ദ്രാവിഡകഴകത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ മുസ്ലിം ലീഗുമായി ചങ്ങാത്തത്തിൽ നിൽക്കുമ്പോൾ മദ്രാസ് പ്രവിശ്യയുടെ ഭാഗം തന്നെയായിരുന്ന മലബാറിൽ ലീഗിനെ ഒഴിവാക്കിയതിന് അദ്ദേഹത്തിന്റെ ന്യായീകരണം വിചിത്രമാണ് (പേജ് 94). പിന്നീടും ലീഗിനെ കൂടെക്കൂട്ടി വർഗീയ പ്രീണനനയം തുടർന്നതിലും പിന്നീടവർ പിണങ്ങിപ്പോയതോടെ സഖ്യത്തിൽ നിന്നൊഴിവാക്കിയതിനും താത്വികമായ വിശദീകരണം ഈ കൃതിയിലുണ്ട്. രാഷ്ട്രീയ-അധികാര സ്ഥാനങ്ങൾക്കുവേണ്ടിയുള്ള ചില പൂഴിക്കടകൻ അടവുകൾ മാത്രമായി അവയെ കണ്ടാൽ മതി. പാർട്ടിയിൽ 1964-ൽ സംഭവിച്ച പിളർപ്പിന്റെ കാരണങ്ങൾ സാമാന്യം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു, ഒപ്പം ചൈനായുദ്ധകാലത്ത് കൈക്കൊണ്ട രാഷ്ട്രവിരുദ്ധ നിലപാടുകളുടെ കാരണവും! പേജ് 144 മുതൽ 147 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1962 കാലത്ത് ഭാരതത്തെ എങ്ങനെ ഒറ്റിക്കൊടുത്തു എന്നതിനെ ന്യായീകരിച്ചു മെഴുകുകയാണ്. ചൈനാ വിരുദ്ധ അപസ്മാരം നെഹ്‌റു ഇളക്കിവിട്ടുവത്രേ! 'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല' എന്ന നെഹ്രുവിന്റെ പിടിവാശി മൂലമാണ് ചൈനയുമായുള്ള സമാധാനചർച്ചകൾ അലസിപ്പോയതെന്നും 'അയഥാർത്ഥമായ അതിർത്തിപ്രശ്‌നമുന്നയിച്ച് ചൈനക്കെതിരെ ഇന്ത്യ വക്കാണത്തിനു പുറപ്പെട്ടുവെന്നും' അദ്ദേഹം വാദിക്കുന്നു. ഇക്കണക്കിന് ചൈനീസ് സൈനികർ അതിർത്തി കടന്ന് അൽപ്പംകൂടി അകത്തേക്കു വന്നിരുന്നുവെങ്കിൽ കമ്യൂണിസ്റ്റുകൾ അവരോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ പടപൊരുതുമായിരുന്നു എന്ന് നമുക്കൂഹിക്കാം.


പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വൈകല്യങ്ങളും വ്യതിയാനങ്ങളും (1964-നു മുമ്പുള്ളവ മാത്രം) ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്. സോവിയറ്റ് മാതൃക അന്ധമായി അനുകരിച്ചുകൊണ്ട് ഇന്ത്യക്കു യോജിച്ച ഒരു മാതൃക രൂപപ്പെടുത്താതിരുന്നത് ഒരു വീഴ്ചയായി അംഗീകരിക്കുന്നു. എന്നാൽ ഇതുപോലും സോവിയറ്റ് പാർട്ടി അവരോട് അഭിപ്രായപ്പെട്ടതാണ്. നെഹ്രുവിന്റെ സർക്കാർ ബൂർഷ്വാ ആയിരുന്നെങ്കിലും അതിനെതിരെ വിപ്ലവസമരം ശരിയായിരുന്നില്ല എന്ന് നാലു പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹം തിരിച്ചറിയുന്നു. ലോകയുദ്ധകാലത്ത് വർഗ്ഗസമരത്തിനുപകരം വലതുപക്ഷ റിവിഷനിസത്തിലൂടെ വർഗ്ഗസഹകരണമാണ് നടത്തിയതെന്നും അതിനുശേഷം തെലങ്കാനാ സമരത്തിലൂടെ ഇടതുപക്ഷ സെക്ടേറിയനിസത്തിലേക്കും വഴുതിവീണുവെന്ന് ഇ.എം.എസ് കുമ്പസാരിക്കുന്നു.


പാർട്ടിയുടെ 1998 വരെയുള്ള ചരിത്രം പൂർണമാക്കുന്നതിനു മുമ്പേ ഇ.എം.എസ് കാലയവനികക്കുള്ളിൽ മറഞ്ഞത് ഒരു തീരാനഷ്ടം തന്നെയാണ്. ആ കൃത്യം നിർവഹിക്കുവാനുള്ള ബൗദ്ധികനിലവാരമുള്ള മറ്റംഗങ്ങൾ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ വിശേഷിച്ചും!

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Indian Communist Prasthanam 1920-1998' by EMS Namboodiripad
Chintha Publishers 2010 (first published 1999)
ISBN: 9788126205226

 

Thursday, October 15, 2020

മലബാർ പോരാട്ടം

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ നടന്ന സായുധസമരങ്ങളിൽ ഏറ്റവും തീക്ഷ്ണമായ അദ്ധ്യായങ്ങളിലൊന്നാണ് 1921-22 ലെ മലബാർ കലാപം. മുസ്ലീങ്ങളുടെ ഖലീഫയായിരുന്ന തുർക്കി സുൽത്താന്റെ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുന്നതിനായി ബ്രിട്ടീഷുകാരോട് പൊരുതാൻ രൂപീകരിച്ച ഖിലാഫത്തിന്റെ കീഴിലാണ് മലബാറിൽ മാപ്പിളമാർ സംഘടിച്ചതും യുദ്ധം ചെയ്തതും. തുടക്കത്തിൽ ബ്രിട്ടീഷ് പക്ഷത്തിനു സംഭവിച്ച വീഴ്ചകൾ നിമിത്തം കലാപകാരികൾക്ക് പലയിടങ്ങളിലും തങ്ങളുടേതായ ഭരണം സ്ഥാപിക്കാൻ സാധിച്ചു. ഇങ്ങനെ 'സ്വതന്ത്രമായ' പ്രദേശങ്ങളിലെല്ലാം ശരിയത്ത് നിയമമനുസരിച്ചുള്ള ഇസ്ളാമിക ഭരണവ്യവസ്ഥ നിലവിൽ വന്നു. ഭയചകിതരായ ഹിന്ദു ജനത ഇതിനെതിരെ നിലകൊണ്ടപ്പോൾ അവർക്കുനേരെ ഭീകരമായ മർദ്ദനമുറകൾ അഴിച്ചുവിട്ടു. ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയോ സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയോ നിർബന്ധപൂർവം മതം മാറ്റപ്പെടുകയോ ചെയ്തു. വംശഹത്യ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ സംഭവപരമ്പരയെ ഇടതു-മുസ്ലിം ചരിത്രകാരൻമാർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് കരുതിപ്പോരുന്നത്. ഈ സമരത്തെക്കുറിച്ചുള്ള മുസ്ലിം പരിപ്രേക്ഷ്യമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുന്നത്.

 

മലബാർ കലാപം സ്വാതന്ത്ര്യസമരമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ലേഖകൻ ഒരിടത്തും ഖിലാഫത്ത് പ്രക്ഷോഭം എന്തിനുവേണ്ടി ആസൂത്രണം ചെയ്തതാണെന്നു വിശദീകരിക്കുന്നില്ല. 1792-ൽ ടിപ്പു സുൽത്താനെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ മലബാറിൽ അധികാരം നേടുന്നതുമുതൽ  മുതൽ 1921 വരെ ചെറുതും വലുതുമായ 830 മുസ്ലിം കലാപങ്ങൾ മലബാറിൽ അരങ്ങേറിയത് കർഷകപ്രശ്നങ്ങളുടെ പേരിലാണ് എണ്ണുന്നത്. എന്നാൽ മുസ്ലിം ലീഗിന്റെ കൊടിക്കീഴിൽനിന്ന് മുസ്ലിങ്ങളെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിനായാണ് ഗാന്ധി ഖിലാഫത്തിനെ ഉപയോഗിച്ചിരുന്നത്. ഇത് തികച്ചും വർഗീയമായ ഒരു നടപടിയായിരുന്നു. 1920 ആഗസ്റ്റ് 18-ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ ഗാന്ധി അവരെ ഉപദേശിച്ചത് 'ഖുർആൻ അനുശാസിക്കുന്ന വിധത്തിൽ തങ്ങളുടെ മതത്തിനും ഖിലാഫത്തിനും വേണ്ടി പോരാടാൻ മലബാറിലെ മുസ്ലിങ്ങൾ തയ്യാറാകണ'മെന്നായിരുന്നു (പേജ് 77). ബ്രിട്ടീഷുകാരിൽനിന്നുള്ള സ്വാതന്ത്ര്യമോ കർഷകപ്രശ്നങ്ങളോ ഒന്നും ഇവിടെ വിഷയമായിരുന്നില്ല. ഒട്ടോമൻ സുൽത്താനായിരുന്ന മുഹമ്മദ് ആറാമനെ ബ്രിട്ടീഷുകാർ തിരികെ സിംഹാസനത്തിൽ ഇരുത്തിയിരുന്നെങ്കിൽ കലാപകാരികൾ സ്വന്തം വീടുകളിൽ സുഖമായി കിടന്നുറങ്ങിയേനെ!


ഹിന്ദു-മുസ്ലിം ജനത ഐക്യത്തോടെയാണ് കലാപത്തിൽ പങ്കെടുത്തതെന്ന് ഓരോ അദ്ധ്യായത്തിലും അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ജാഫർ സ്വതന്ത്ര മലബാറിൽ ഇസ്ളാമിക നിയമമാണ് നടപ്പാക്കിയിരുന്നതെന്നതിന്റെ തെളിവുകൾ ബോധപൂർവമല്ലാതെ പുറത്തുവിടുകയും ചെയ്യുന്നു. കളവ് നടത്തുന്നവരുടെ കൈവിരലും കൊള്ള നടത്തുന്നവരുടെ കയ്യും വെട്ടുന്നതായിരുന്നു ശിക്ഷാരീതി. എന്നാൽ ഇത് നടപ്പാക്കപ്പെട്ടിരുന്നത് വളരെ ചുരുക്കം ഇടങ്ങളിലും കുറ്റവാളികളെക്കുറിച്ച് വ്യക്തമായ ചിത്രം നേതൃത്വത്തിന് ലഭ്യമായ ഇടങ്ങളിലും മാത്രമായിരുന്നു. വളരെ അതിശയോക്തിപരമായ വിവരങ്ങളാണ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നിലമ്പൂർ കേന്ദ്രമാക്കി മലയാളരാജ്യം സ്ഥാപിച്ചുവെന്നും അതിന്റെ രാജാവായി അദ്ദേഹത്തെ അംഗീകരിക്കാൻ ബ്രിട്ടീഷുകാർ ആലോചിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു (പേജ് 61). അത്തരമൊരു ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായിരുന്ന വാരിയംകുന്നനെ 'മതേതരത്വത്തിന്റെ ധ്വജവാഹകൻ' എന്ന് ജാഫർ വിശേഷിപ്പിക്കുന്നത് വഞ്ചനാപരവും വായനക്കാരെ അത്ഭുതപ്പെടുത്തുന്നതുമാണ്.


മലബാർ കലാപം ഹിന്ദു-മുസ്ലിം സംയുക്ത പ്രക്ഷോഭമാണെന്ന ഗ്രന്ഥകാരന്റെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതും ആധുനികസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. മാപ്പിളരാജ്യത്തെ ഭരണാധികാരികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സുൽത്താനായ വാരിയംകുന്നനെ കൂടാതെ തിരൂരങ്ങാടി ഖലീഫയായി ആലി മുസലിയാർ, മണ്ണാർക്കാട്ട് ഭരണാധികാരിയായി ചെമ്പ്രശ്ശേരി തങ്ങൾ, കൂടാതെ പാണ്ടിക്കാട്ട് സീതിക്കോയതങ്ങളും. നിലമ്പൂരിനെ വീണ്ടും വിഭജിച്ച് ഗവർണർമാരുടെ അധീനതയിലാക്കി. നിലമ്പൂർ പുഴയുടെ വടക്കുവശം മൊയ്തീൻകുട്ടി ഹാജി, ചുങ്കത്തറ കുഞ്ഞൂട്ടി ഹാജി, എടക്കര ചക്കുമ്പുറത്ത് ആലിക്കുട്ടി, കൂറ്റൻപാറ പുതിയറക്കൽ ഉണ്ണിത്തറി, കാളികാവ് കോയാമു ഹാജി എന്നിവർ അധികാരമേറ്റു. ഇരുമതസ്ഥരുടേയും സംയുക്തപ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തേക്ക് അമുസ്ലിങ്ങളായ ആരും എത്താതിരുന്നതിന്റെ കാരണം ഗ്രന്ഥകാരൻ വിശദീകരിക്കുന്നില്ല.


മലബാർ പോരാട്ടം വർഗീയസമരമാണെങ്കിലും അല്ലെങ്കിലും നല്ലൊരു വിഭാഗം പോരാളികളും പ്രകടിപ്പിച്ച ധീരത വിസ്മയാവഹമായിരുന്നു. മരണഭയമില്ലാതെ ശത്രുവിനോട് അടരാടി മൃത്യുവിനെ വരിച്ച നൂറുകണക്കിന് യോദ്ധാക്കൾ ഏറനാട്ടിലെ മണ്ണിന് ത്യാഗത്തിന്റെ ശോഭയേറ്റി. എന്നാൽ നേതാക്കളിൽ മിക്കവാറും എല്ലാവരും കാണിച്ച ഭീരുത്വം ആ രക്തസാക്ഷികളുടെ യശസ്സിന് കളങ്കമാകുന്നു. സ്വന്തം പടയാളികളെ വെള്ളക്കാരുടെ സൈന്യത്തിനു മുന്നിലേക്ക് മരിക്കാനായി തള്ളിവിട്ടുകൊണ്ട് അവർ ബ്രിട്ടീഷുകാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് കീഴടങ്ങുകയാണുണ്ടായത്. സമുന്നത നേതാവായ ആലി മുസലിയാർ താവളമടിച്ച തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പട്ടാളം വലയം ചെയ്ത് അദ്ദേഹത്തോട് കീഴടങ്ങാൻ ആജ്ഞാപിച്ചപ്പോൾ 'നാളെ രാവിലെ കഞ്ഞി കുടിച്ചിട്ട് പുറത്തിറങ്ങാമെന്നാണ്' ആലി മുസലിയാർ പറയുന്നത് (പേജ് 122). പറഞ്ഞതുപോലെ അദ്ദേഹം കീഴടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിക്കൊന്നു. വാരിയംകുന്നൻ പോലും ഇരുപത് പോരാളികളോടൊപ്പം കീഴടങ്ങിയതാണെങ്കിലും നിസ്‌കാരത്തിനിടെ ചതിയിൽ പിടിച്ചതാണെന്നാണ് ജാഫറിന്റെ അവകാശവാദം. അദ്ദേഹത്തെ പിന്നീട് പരസ്യമായി വെടിവെച്ചുകൊല്ലുകയാണുണ്ടായത്. ചെമ്പ്രശ്ശേരി തങ്ങളും കീഴടങ്ങി. വാരിയംകുന്നന്റെ പിതാവ് ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയും കീഴടങ്ങലിന്റെ പാത പിന്തുടർന്നയാളാണ്. 1894-ൽ മണ്ണാർക്കാട്ടുവെച്ചു നടന്ന പോരാട്ടത്തിൽ കൂടെയുണ്ടായിരുന്ന 34-ൽ 32 പേരും വീരമൃത്യു വരിച്ചതോടെ മൊയ്തീൻകുട്ടി ഹാജി തിരുവിതാംകൂറിലെ ഈരാറ്റുപേട്ടയിലേക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ ഒരു ബ്രിട്ടീഷ് ചാരൻ വേഷം മാറി അവിടെയെത്തുകയും ഏറനാട്ടിലെ പ്രശ്നങ്ങൾ അവസാനിച്ചതായി അദ്ദേഹത്തെ വിശ്വസിപ്പിച്ച് മലബാറിലെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് പുസ്തകത്തിൽ കാണുന്നത്. 1902-ൽ ഹാജിയെ ആൻഡമാനിലേക്ക് നാടുകടത്തി.


മറ്റു സമൂഹങ്ങളിൽ ഭിന്നിപ്പുണ്ടാക്കുക എന്നൊരു വിഭാഗീയ അജണ്ട ഗ്രന്ഥകാരൻ ഉടനീളം വെച്ചുപുലർത്തുന്നു. മുസ്ലിം കലാപകാരികൾ ആക്രമിച്ചത് സവർണരെ മാത്രമാണെന്ന വ്യാജപ്രചാരണത്തിലൂടെ ജാതിവ്യത്യാസങ്ങൾ പെരുപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നുകാണാം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ദളിത് എന്നീ വിഭാഗങ്ങളെ തുടർച്ചയായി ചൂണ്ടിക്കാണിക്കുന്നതുവഴി ദളിതർ ഒരു പ്രത്യേക മതവിഭാഗമാണെന്ന സൂചന നൽകുന്നു. പാകിസ്ഥാൻ വാദത്തിനിടെ മുസ്ലിം ലീഗ് പയറ്റിക്കൊണ്ടിരുന്ന പഴയ തന്ത്രങ്ങൾ തന്നെയാണിവ. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ വെള്ളക്കാരെയാണ് പിന്തുണച്ചിരുന്നതെന്ന വിചിത്രവും നീചവുമായ വാദവും ജാഫർ ഉയർത്തുന്നുണ്ട്. ദിവാൻ തോമസ് മൺറോ 1812-ൽ തിരുവിതാംകൂറിലെ ക്ഷേത്രഭൂമികൾ സർക്കാരിനുവേണ്ടി ഏറ്റെടുത്തപ്പോൾ കുടിയാന്മാരെ ഒഴിപ്പിക്കാതിരുന്നത് അവർ ക്രിസ്ത്യാനികൾ ആയിരുന്നതിനാലത്രേ (പേജ് 35). എല്ലാ ജന്മിമാരും അടിയാളന്മാരുടെ അവകാശങ്ങൾ കവർന്നിരുന്നില്ലെന്നും മുസ്ലിം ജന്മിമാർ കർഷക അവകാശങ്ങൾ സംരക്ഷിച്ചിരുന്നുവെന്നും ജാഫർ പറഞ്ഞുവെക്കുന്നു. നിർബന്ധിത മതംമാറ്റം വ്യാപകമായി നടന്നിരുന്നു എന്ന നിഷേധിക്കാനാവാത്ത വസ്തുതയെ മറികടക്കാൻ ലേഖകൻ പറയുന്നത് ബ്രിട്ടീഷ് പോലീസുകാർ വേഷം മാറി പോരാളികളോടൊപ്പം കൂടി മതംമാറ്റത്തിന് നേതൃത്വം കൊടുത്തു എന്നാണ് (പേജ് 133).


ചരിത്രപരമായി തരിമ്പും സത്യസന്ധത പുലർത്താത്ത ഇങ്ങനെയൊരു കൃതി ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ചു എന്നത് ആ സ്ഥാപനത്തിന്റെ നിലവാരത്തകർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇ.എം.എസ്, കെ. കെ. എൻ കുറുപ്പ് എന്നീ ഇടതുപക്ഷ ചിന്തകർ പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനായി നിരത്തിയ വാദങ്ങളാണ് തന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനമായി ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നത്. കലാപകാരികൾ പോർക്കളത്തിലിറക്കിയത് ഇന്ത്യൻ ദേശീയതയുടെ വികാരമായിരുന്നു (പേജ് 71) എന്നും മറ്റുമുള്ള ശുദ്ധ അസത്യങ്ങൾ പലയിടത്തും മുഴച്ചുനിൽക്കുന്നു. ലേഖകന്റെ മൗനങ്ങൾ പോലും കപടതന്ത്രത്തിന്റെ ഭാഗമാണ്. ഖിലാഫത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തായിരുന്നു, കലാപകാരികൾ ജിഹാദ് പ്രഖ്യാപിച്ചതെന്തിന്, നിലമ്പൂർ രാജ്യത്ത് ശരിയത്ത് നിയമങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നോ എന്നൊക്കെയുള്ള സ്വാഭാവിക ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നില്ല. സത്യം പറയാനുള്ള മടിയായിരിക്കാം കാരണം!

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Malabar Porattam: Charithravum Nattucharithravum' by K M Jaffar
Publisher: DC Books
ISBN: 9789353905576