Wednesday, January 25, 2017

ബൗദ്ധസ്വാധീനം കേരളത്തിൽ

ചരിത്രകാരന്മാരല്ലാത്തവർ ചരിത്രരചനക്കിറങ്ങിത്തിരിക്കുന്നതിലെ അപകടം മുൻപൊരു ലേഖനത്തിൽ സൂചിപ്പിച്ചിരുന്നു. അതിനൊരുത്തമ ഉദാഹരണമാണ് ഈ പുസ്തകം. പ്രമുഖയുക്തിവാദിയും പുരോഗമനചിന്തകനുമായിരുന്ന പവനനാണ് ഗ്രന്ഥകാരൻ. ജീവിതാന്ത്യത്തിൽ മറവിരോഗത്തിനടിമയായ പവനന് ഗ്രന്ഥരചന പൂർത്തീകരിക്കാൻ സാധിക്കാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പുത്രനായ സി. പി. രാജേന്ദ്രനാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കിയിരിക്കുന്നത്. സുകുമാർ അഴീക്കോട് ആമുഖരചന നടത്തിയിരിക്കുന്ന ഇതിൽ 'ബുദ്ധസങ്കല്പങ്ങൾ മലയാളസാഹിത്യത്തിൽ' എന്ന ആദ്യഭാഗവും, പുസ്തകത്തിന്റെ തലക്കെട്ടിനോട് നീതി പുലർത്താനെന്ന മട്ടിൽ 'ബുദ്ധമതസ്വാധീനം: കാലം, ദേശം' എന്ന രണ്ടാം ഭാഗവും ചേർത്തിരിക്കുന്നു.

മലയാളസാഹിത്യത്തിൽ ബുദ്ധമതവും അതിന്റെ ദൈവ, സാമൂഹ്യസങ്കല്പങ്ങളും ചെലുത്തിയ സ്വാധീനം അത്ഭുതാവഹമാംവിധം വൈവിദ്ധ്യതകൾ നിറഞ്ഞതാണ്. കുമാരനാശാനും കീഴാളപരിപ്രേക്ഷ്യം നിലനിർത്തിയ മറ്റു സാഹിത്യകാരന്മാരും സമ്പന്നമായ ഒരു ശാഖയാണ് നട്ടുവളർത്തി പരിപോഷിപ്പിച്ചത്. എന്നാൽ ബുദ്ധമതത്തിന്റെ ആദർശപരിവേഷം മാത്രമല്ലേ ഈ എഴുത്തുകാർ വരച്ചുകാട്ടിയത് എന്നു നമുക്കു സംശയിക്കാൻ ധാരാളം വക കാണുന്നുണ്ട്. ഇന്നത്തെ ബുദ്ധമതത്തിൽ നിലനിൽക്കുന്ന ആചാരങ്ങളും തത്വസംഹിതകളുമല്ല, മറിച്ച് ബുദ്ധൻ സ്വാപദേശങ്ങൾ വഴി പ്രചരിപ്പിക്കാനാഗ്രഹിച്ച കാര്യങ്ങളാണ് നമ്മുടെ ലേഖകരെ ഉത്തേജിപ്പിച്ചത്. അതിന്റെ ഫലമായി ജാത്യാചാരങ്ങൾ മൂലം ദുഷിച്ച ഹിന്ദുമതത്തിനോട് താരതമ്യം ചെയ്യപ്പെടുന്നത് മറ്റു നിരവധി മാർഗങ്ങളിലൂടെ തുല്യമായി ദുഷിക്കപ്പെട്ട ഇന്നത്തെ ബുദ്ധമതമല്ല, മറിച്ച് ബുദ്ധൻ പറഞ്ഞുവെച്ച സൈദ്ധാന്തികബുദ്ധമതമാണെന്നു വരുന്നു. ഒരുദാഹരണം പറയുകയാണെങ്കിൽ, അഹിംസ ബുദ്ധമതത്തിന്റെ കാതലായ ദർശനമാണ്. എന്നാൽ അത് ഏട്ടിൽ മാത്രമേ പാലിക്കപ്പെടുന്നുള്ളൂ എന്നതല്ലേ തമിഴരുടേയും മുസ്ലീങ്ങളുടെയും നേരെ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്തിരുന്ന ശ്രീലങ്കയിലെ ബുദ്ധസന്യാസിമാർ കാണിച്ചുതരുന്നത്? മ്യാൻമറിലെ റോഹിംഗ്യാകൾക്ക് നേരെയുള്ള അതിക്രമങ്ങളിലും ബുദ്ധഭിക്ഷുക്കൾ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഈ ലോകയാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിലുള്ള ഒരു അവലോകനമല്ല കേരളത്തിൽ ബുദ്ധമതത്തിന് ലഭിച്ചിട്ടുള്ളത്. മറ്റുള്ളവരെപ്പോലെ പവനനും തിയറി പരീക്ഷ കൊണ്ട് തൃപ്തിയടയുകയാണ്, പ്രാക്ടിക്കലിനെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ!

ബുദ്ധമതം കേരളത്തിൽനിന്ന് അപ്രത്യക്ഷമായതെങ്ങനെ എന്നു ചിന്തിക്കുന്നിടത്താണ് വിഭ്രമജനകമായ ആശയങ്ങൾ പവനനും രാജേന്ദ്രനും പുറപ്പെടുവിക്കുന്നത്. 12, 13 നൂറ്റാണ്ടുകളിൽ കേരളത്തിലെത്തിയ ബ്രാഹ്മണർ രാഷ്ട്രീയസ്വാധീനം നേടിയെടുത്തതിന്റെ ഫലമായി ബുദ്ധസന്യാസികളെ അക്രമത്തിലൂടെ ആട്ടിയോടിച്ചുവെന്നും അവരുടെ ക്ഷേത്രസങ്കേതങ്ങൾ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയെന്നുമാണ് ഗ്രന്ഥകർത്താക്കളുടെ വാദത്തിന്റെ കാതൽ. ഭാഗികമായ ചില ശരികൾ ഇതിൽ ഉണ്ടെന്നു സമ്മതിച്ചാൽത്തന്നെയും ഏതോ അജണ്ടയുടെ ഭാഗമായാണ് തെളിവുകളില്ലാത്ത ഇത്തരം കുറ്റാരോപണങ്ങൾ എന്ന ചിന്ത ശക്തി പ്രാപിക്കുന്നു. ചരിത്രകാരന്മാരല്ലാത്തവർ തങ്ങളുടെ മുൻവിധികൾക്കനുസരിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുമ്പോൾ അസത്യങ്ങളും അർദ്ധസത്യങ്ങളും കുത്തിയൊഴുകും. പവനൻ ഒരു യുക്തിവാദിയും രാജേന്ദ്രൻ ഒരു ഭൗമശാസ്ത്രജ്ഞനുമാണ്. അവർ ചരിത്രരചന നടത്താൻ ശ്രമിക്കുന്നതിൽ തെറ്റില്ല, എന്നാൽ കാര്യകാരണബന്ധം നഷ്ടപ്പെടുന്ന വിധത്തിലുള്ള വാദങ്ങൾ ഉന്നയിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണമായിരുന്നു. സ്വാഭിമാനമുള്ള (അതോ സ്വബോധമുള്ളതോ?) ഒരു ചരിത്രകാരനും ജവാഹർലാൽ നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' തന്റെ വാദമുഖങ്ങളുടെ ആധാരമായി ചൂണ്ടിക്കാട്ടുകയില്ല. ബുദ്ധസങ്കേതങ്ങളെ പള്ളികൾ എന്നു വിശേഷിപ്പിച്ചിരുന്നത് കേരളീയർ ക്ഷേത്രങ്ങളല്ലാത്ത എല്ലാ ആരാധനാകേന്ദ്രങ്ങളേയും പള്ളികൾ എന്നു വിളിച്ചിരുന്നതുകൊണ്ടാണെന്നു സ്ഥാപിക്കുമ്പോൾ ഹിന്ദുമതം ബുദ്ധമതത്തേക്കാൾ മുൻപേ ഇവിടെ ഉണ്ടായിരുന്നു എന്നാണ് അർത്ഥമാകുന്നത്. ഇത് ബ്രാഹ്മണരുടെ വരവിനും മുൻപായിരിക്കണമല്ലോ? ലേഖകരുടെ പല വാദങ്ങളും സാമാന്യബുദ്ധിക്കു നിരക്കാത്ത ഇത്തരം പിശകുകളാൽ വേട്ടയാടപ്പെടുന്നു. ബ്രാഹ്മണരുടെ വരവിനുമുമ്പേ ഇവിടെ ക്ഷേത്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായം കൗതുകകരവുമാണ്. ബുദ്ധമതത്തിന്റെ പല തത്വങ്ങളും അദ്വൈതസിദ്ധാന്തത്തിലേക്കു പകർത്തിയതിന്റെ ഫലമായി 'പ്രച്ഛന്ന ബുദ്ധൻ' എന്നു ശത്രുക്കളാൽ ആരോപിതനായ ശങ്കരാചാര്യരുടെ മേലാണ് ബുദ്ധമതത്തിന്റെ തകർച്ചയുടെ ഉത്തരവാദിത്വം പവനൻ കെട്ടിവെക്കുന്നത്. ബുദ്ധമതത്തിന് കാലാന്തരത്തിൽ പല ജീർണ്ണതകളും ബാധിച്ചിരിക്കാം എന്ന സാധ്യത പോലും ലേഖകർ പരിശോധിക്കുന്നില്ല.

പുസ്തകം ശുപാർശ ചെയ്യന്നു.

Book Review of 'Bouddha Swadheenam Keralathil' by Pavanan and C P Rajendran
ISBN: 9788176386753

Friday, January 20, 2017

ജെല്ലിക്കട്ടോ സുപ്രീം കോടതിയോ?

ഭൂമിയിൽ ദൈവത്തിന്റെ നിഴൽ എന്നാണ് മുഗൾ ചക്രവർത്തിമാർ സ്വയം ചാർത്തിയിരുന്ന ബിരുദങ്ങളിൽ ഒന്ന്. ക്രമേണ അധികാരചിഹ്നങ്ങൾ ഒന്നൊന്നായി നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും പഴയ ഓർമ്മ വെച്ച് ജനങ്ങൾ അദ്ദേഹത്തിന്റെയടുക്കൽ പരാതികളുമായി എത്തിക്കൊണ്ടിരുന്നു. അവസാന ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ രണ്ടാമന്റെ അടുക്കൽ യമുനയുടെ അങ്ങേക്കരയിൽ താമസിച്ചിരുന്ന ഒരു അലക്കുകാരൻ പരാതിയുമായി എത്തിയപ്പോൾ തന്റെ അധികാരപരിധിയിൽ കൊട്ടാരക്കെട്ടുകൾക്കുകീഴെ ഒഴുകിയിരുന്ന യമുനാനദിയുടെ ഇങ്ങേക്കര മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നു പറഞ്ഞ് ദൈവത്തിന്റെ പ്രതിബിംബത്തിന് അയാളെ മടക്കി അയക്കേണ്ടി വന്നു.

എന്തിലുമേതിലും ചാടിക്കയറി റിട്ട് അധികാരവും ഭരണഘടനാ വ്യാഖ്യാനവുമൊക്കെ പ്രയോഗിച്ച് ശീലിച്ച സുപ്രീം കോടതി ജെല്ലിക്കെട്ട് പ്രശ്നത്തിൽ കാളയുടെ കൊമ്പിൽ കയറിപ്പിടിച്ചതുപോലെയായിരിക്കുകയാണ്. കുതറുന്ന കാളയെ പിടിച്ചുനിർത്താനും പറ്റുന്നില്ല, പിടിവിടാനും സാധിക്കുന്നില്ല. തലമുറകളായി നടന്നുവരുന്ന ഒരു പൊതുവിനോദം പാടില്ലെന്ന് പെട്ടെന്ന് ഒന്നോ രണ്ടോ ജഡ്ജിമാർക്ക് തോന്നി. ഉടനെ ഉത്തരവ് ഇറങ്ങുന്നു - ജെല്ലിക്കെട്ട് നടത്താൻ പാടില്ല! ഉന്നത നീതിപീഠത്തെ ജനങ്ങൾ തെരുവീഥികളിൽ വെല്ലുവിളിക്കുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിൽ കാണാൻ സാധിക്കുന്നത്.

ആദ്യം ഇവർ കാറുകളിലെ സൺഫിലിം നീക്കം ചെയ്യാൻ കല്പിച്ചു. ഇന്ധനക്ഷമത 5% വരെ കുറയ്ക്കുന്ന ഈ തീരുമാനം ഇന്ത്യയിലെ ഏതു നിയമം അനുസരിച്ചാണ് പുറപ്പെടുവിച്ചതെന്ന് ആർക്കും അറിയില്ല. എങ്കിലും സുപ്രീം കോടതി ചന്ദ്രഹാസമിളക്കിയപ്പോൾ എല്ലാവരും ഒട്ടിച്ച ഫിലിം കീറിമാറ്റി. പകരം തുണികൊണ്ടുള്ള കർട്ടൻ ഉപയോഗിക്കാമെങ്കിൽ പിന്നെ ഫിലിമിനെന്തായിരുന്നു കുഴപ്പം? പിന്നീടവർ ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിശ്ചയിക്കുന്ന നിയമം കൊണ്ടുവന്നു. പ്രമോഷൻ കൊടുത്തവർക്ക് നന്ദിസൂചകമായി പുതിയ ജഡ്ജിമാർ റിട്ടയർ ചെയ്തവർക്ക് നിയമനങ്ങൾ ഉറപ്പാക്കി. അങ്ങനെ ബിസിസിഐയുടെ ഭരണം സുപ്രീം കോടതി ഏറ്റെടുത്തു. അഴിമതി നടക്കുന്നിടത്തെല്ലാം കോടതി നേരിട്ട് ഭരിക്കാനാണെങ്കിൽ ഇനി രാജ്യഭരണവും അവർ ഏറ്റെടുത്തേക്കുമോ? അപ്പോൾ കോടതികളിലെ അഴിമതിയോ എന്ന ചോദ്യം ബാക്കിയാവും.

സിനിമാ തിയേറ്ററുകളിൽ ഷോ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം കേൾപ്പിക്കണം എന്നതായിരുന്നു അടുത്ത വെളിപാട്. ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് (ഉണ്ടായാലും ഇല്ലെങ്കിലും) പ്രകടിപ്പിക്കണമെന്നാണ് നിയമം. പക്ഷേ, തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നതിന്റെ ആവശ്യമെന്താണുള്ളത്? അങ്ങനെ കത്തിക്കയറി വരുമ്പോഴാണ് ജെല്ലിക്കെട്ട് കാലിൽ തടഞ്ഞത്. പക്ഷേ, തമിഴ് ജനതയുടെ രോഷത്തിൽ ഇത്തവണ സുപ്രീം കോടതിയുടെ പത്തി താഴുമെന്നാണ് തോന്നുന്നത്. അങ്ങനെയൊരു മൂക്കുകയർ വീണില്ലെങ്കിൽ നാളെ ആനയെഴുന്നള്ളിപ്പായിരിക്കും അവരുടെ അടുത്ത ഇര.

പക്ഷേ മറ്റൊരപകടം കൂടി ഇതിനുണ്ട്. ഒരു പാർട്ടിയോ നേതാവോ ഇല്ലാതെ വളർന്നുവരുന്ന സമരങ്ങൾ ഭരണകൂടങ്ങളുടെ പേടിസ്വപ്നമാണ്. അറബ് നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങൾ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കെപ്പട്ട ഒരു ജനതയുടെ ആത്മസാക്ഷാൽക്കാരമായിരുന്നു. എന്നാൽ ഇന്ത്യയിൽ അത്തരം നേതാവില്ലാ സമരങ്ങൾ വിജയിക്കാൻ അനുവദിച്ചാൽ സമൂഹത്തിന്റെ കെട്ടുറപ്പ് പാടേ തകർന്ന് ആൾക്കൂട്ടമനഃശാസ്ത്രത്തിന്റെ പ്രാകൃതമായ ചട്ടവട്ടങ്ങളിലേക്ക് തെന്നിവീഴാനിടയാകും.

Saturday, January 14, 2017

എന്റെ കുതിപ്പും കിതപ്പും

സഭാപ്രവർത്തനവും ജീവകാര്യണ്യകർമ്മങ്ങളുമൊക്കെയായി ചുരുണ്ടുകൂടുന്ന കൃസ്തീയ പുരോഹിതന്മാരെയാണ് നാം മിക്കവാറും കണ്ടിട്ടുള്ളത്. പള്ളിയുടെ നാലുചുമരുകളെന്ന ഭൗതികയാഥാർത്ഥ്യവും കൃസ്തുചര്യയുടെ അതിർ വരമ്പുകളെന്ന ആത്മീയയാഥാർത്ഥ്യവും അവരുടെ കർമ്മോന്മുഖതയുടെ അവസാന വാക്കുകളാണ്. എന്നാൽ കേവലം ഒരു തലമുറ മുമ്പ് അവരിൽ നിന്നൊരാൾ മതമേലദ്ധ്യക്ഷന്മാരുടെ വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞ് ബഹുജനപ്രസ്ഥാനങ്ങളെ നയിക്കുകയും ഒരു സർക്കാരിനെ മറിച്ചിടുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു എന്നത് ഇന്നത്തെ തലമുറക്ക് അജ്ഞാതമായിരിക്കും. ഫാദർ ജോസഫ് വടക്കൻ (1919 - 2002) എന്ന വടക്കനച്ചൻ എല്ലാംകൊണ്ടും വ്യത്യസ്തനായിരുന്നു. ഇരുപത്തിയാറാമത്തെ വയസ്സിൽ സെമിനാരിയിൽ ചേരുന്നതുമുതൽ, വൈദികവിദ്യാർത്ഥിയായിരിക്കേ  കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി (ACF) രൂപീകരിച്ചതിലൂടെ, വിമോചനസമരത്തിൽ ജനലക്ഷങ്ങളെ കമ്യൂണിസ്റ്റ് സർക്കാരിനെതിരിൽ അണിനിരത്തിക്കൊണ്ട്, കുടിയിറക്കിനെ എതിർത്തുകൊണ്ട് സമ്പന്നരുടേയും മുതലാളിവർഗത്തിന്റേയും അതൃപ്തി സമ്പാദിച്ചത് എന്നിവയിലൂടെ കുർബാന നിരോധം എന്ന ശിക്ഷ ഏറ്റുവാങ്ങുന്നതിൽ വരെ എത്തിനിൽക്കുന്ന ആ ധന്യജീവിതത്തിന്റെ ഒരു പരിച്ഛേദമാണീ ആത്മകഥ. 1974-ൽ പുറത്തിറങ്ങിയ ഈ കൃതിയുടെ പരിഷ്കരിച്ച പതിപ്പ് 15 വർഷത്തിനുശേഷം ഇറങ്ങുമ്പോൾ ഫാദറിന്റെ ജീവിതവീക്ഷണങ്ങൾ ക്രോഡീകരിച്ച ഏതാനും അദ്ധ്യായങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു.

ചെറുപ്പത്തിലേതന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ വടക്കൻ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഇടവകപ്പള്ളിക്കൂടത്തിൽ പതിനാലാം വയസ്സിൽ അദ്ധ്യാപകനായി ജോലി നേടി. അവിടത്തെ അനീതികൾക്കെതിരെയാണ് ആദ്യപോരാട്ടം. ഒൻപതു രൂപ ശമ്പളമുള്ള ജോലിയാണെങ്കിലും അഞ്ചുരൂപ കൊടുത്തിട്ട് ഒൻപതു രൂപ നല്കിയതായുള്ള ഒപ്പും വാങ്ങിക്കുമായിരുന്നു പള്ളിക്കാർ. തുടക്കത്തിൽ അദ്ദേഹം ഗാന്ധിജിയുടേയും കോൺഗ്രസ്സിന്റേയും അനുയായിയായിരുന്നു. കൃസ്ത്യാനികൾ പൊതുവെ കോൺഗ്രസ്സ് വിരുദ്ധരായിരുന്ന കാലം - ബ്രിട്ടീഷ് ഭരണമായിരുന്നല്ലോ. ഗാന്ധിയെ അന്തികൃസ്തുവായി കണ്ടിരുന്നവർ ഉണ്ടായിരുന്നുവെന്ന് വടക്കൻ സാക്ഷ്യപ്പെടുത്തുന്നു.സ്വാതന്ത്ര്യാനന്തരം കൃസ്ത്യാനികൾ മുഴുവനായിത്തന്നെ കോൺഗ്രസ്സിനെ പിന്താങ്ങുന്നവരായി മാറിയതിനും അദ്ദേഹം വിശദീകരണം നൽകുന്നുണ്ട്. കത്തോലിക്കാ വിശ്വാസികൾ മതാധികാരികളെ അന്ധമായി അനുസരിക്കുന്നത് അവരുടെ പിന്നിൽ ഭരണാധികാരികൾ ഉള്ളതുകൊണ്ടാണ്. മതാധികാരത്തെ ഭയപ്പെടാത്ത ഭരണാധികാരികൾ വന്നാൽ വിശ്വാസികൾ മതമേലധ്യക്ഷന്മാരെ ചോദ്യം ചെയ്തുതുടങ്ങും. വടക്കന്റെ ഈ നിലപാട് കൃസ്തുമതത്തിന്റെ ആരംഭകാലത്തെ ത്യാഗോജ്വലമായ സഹനശേഷിയെ വിസ്മരിച്ചുകൊണ്ടല്ലേ എന്നു തോന്നിപ്പോകും. ഇപ്പോഴത്തെ വിശ്വാസികൾക്ക് ആത്മീയമായ ഊർജം അന്നത്തെ അളവിൽ ഇല്ല എന്നതായിരിക്കാം ലേഖകന്റെ ന്യായവാദം. തീവ്രമായ അന്ധവിശ്വാസം കൃസ്തീയസമൂഹത്തെ ഗ്രസിച്ചിരുന്ന സമയത്തും വിശ്വസാഹോദര്യത്തിന്റെ തീനാളം വടക്കനച്ചന്റെ ഹൃദയത്തിൽ കെടാതെ നിന്നു. കഥകളി കാണുന്നത് പാപമാണെന്നും, കാവടി, പൂരം, ആന, ചെണ്ട, കളഭം, കർപ്പൂരം, നിലവിളക്ക്, നിറപറ എന്നിവയെല്ലാം വർജിക്കണമെന്നും വിശ്വസിക്കുന്നവനായിരുന്നു അന്നത്തെ കൃസ്ത്യാനി. അമ്പലം കണ്ടാൽ നിലത്തു തുപ്പണമെന്നുപദേശിച്ച അച്ചന്മാർ വരെ അന്നുണ്ടായിരുന്നു (പേജ് 71).

മതമേലധ്യക്ഷന്മാരേയും സമ്പന്നവർഗ്ഗത്തേയും വടക്കൻ പലതവണ കടന്നാക്രമിക്കുന്നുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടം നടത്താനായി സഭ പുഷ്ടിപ്പിച്ചെടുത്ത വൈദികനായിരുന്നു അദ്ദേഹം എന്നത് പകൽപോലെ സ്പഷ്ടമാണ്. അല്ലായിരുന്നെങ്കിൽ ഒരു വൈദികവിദ്യാർത്ഥിയെ രാഷ്ട്രീയമുന്നണി രൂപീകരിക്കാൻ സഭ ഒരിക്കലും അനുവദിക്കുമായിരുന്നില്ല. കമ്യൂണിസ്റ്റുകാർക്കെതിരെ ആരംഭിച്ച 'തൊഴിലാളി' എന്ന ദിനപത്രത്തിന് ഒരാഴ്ച കൊണ്ട് 26,000 രൂപ (ഇന്നത്തെ പത്തുലക്ഷം) അല്ലാതെ എങ്ങനെ പിരിച്ചെടുക്കാൻ സാധിക്കും? സഭയുടെ ഉറച്ച പിന്തുണയില്ലാതെയാണെങ്കിൽ 1956-ൽ വടക്കൻ പുരോഹിതപ്പട്ടം സ്വീകരിച്ചപ്പോൾ മാർപാപ്പ നേരിട്ട് അപ്പോസ്തോലിക് ആശീർവാദം അയക്കുമായിരുന്നില്ല. പുരോഹിതനായുള്ള ആദ്യനിയമനം മലബാർ മിഷണറി യൂണിയന്റെ അസി. ഡയറക്ടർ ആയിട്ടായിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിനു സഹായകമായ വിധത്തിൽ കാര്യമായ പണിയൊന്നുമില്ലാത്ത ലാവണം! എന്നാൽ സഭയ്ക്കു വേണ്ടപ്പെട്ടവരുടെ ശത്രുത പിടിച്ചുപറ്റിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കുരിയച്ചിറയിലെ ഇടവക വികാരിയായി സ്ഥലം മാറ്റി. ബിഷപ്പ് കുണ്ടുകുളവുമായി ബദ്ധശത്രുതയിലാകുന്നത് ഈ കാലത്താണ്. കുരിയച്ചിറയുടെ ഇടവകപ്പരിധിയിൽ കുർബാന അവതരിപ്പിക്കുന്നത് ബിഷപ്പ് വിലക്കിയതോടെ വടക്കൻ തൃശൂർ തേക്കിൻകാട് മൈതാനത്ത് പരസ്യകുർബാന നടത്തി. അതോടെ വിലക്ക് കുർബാന നടത്തരുതെന്നായി. ഏഴുവർഷത്തിനുശേഷം മെത്രാനുമായി ഉണ്ടാക്കിയ അനുരഞ്ജനത്തെ തുടർന്നാണ് വിലക്കു നീങ്ങിയത്. കുണ്ടുകുളവുമായി വ്യക്തിപരമായ യാതൊരു വിരോധവും ഇല്ലെന്ന് പലയാവർത്തി ആണയിടുമ്പോഴും മെത്രാനെ പരിഹസിക്കുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന നിരവധി പരാമർശങ്ങൾ പുസ്തകത്തിൽ കാണാം. "കാൻസറിനു ചികിൽസിക്കാതെ കാലിലെ വളംകടിക്ക് സൗജന്യമായി മരുന്നു കൊടുത്ത് അഗതികളുടെ പിതാവായി വാഴുന്ന മെത്രാന്റെ 'കുണ്ടുകുളത്തിലെ തവളയായി' കഴിയാൻ സാമൂഹികചക്രവാളമുള്ളവർക്ക് സാധിക്കുകയില്ല" എന്നാണദ്ദേഹം അവകാശപ്പെടുന്നത് (പേജ് 111). മാത്രവുമല്ല, യൂറോപ്പിൽ കന്യാസ്ത്രീകളാകാൻ ആളില്ലാതെ വന്നപ്പോൾ അവിടത്തെ മഠങ്ങളിലേക്ക് കേരളത്തിൽനിന്ന് പെൺകുട്ടികളെ കയറ്റി അയച്ച് മെത്രാൻ ദശലക്ഷക്കണക്കിന് രൂപ സമ്പാദിച്ചു എന്ന ഗുരുതരമായ ആരോപണവുമുണ്ട് (പേജ് 236). ഇങ്ങനെ അയക്കപ്പെട്ട കുട്ടികളുടെ ദുരവസ്ഥ അവർ അയച്ച കത്തുകളിലൂടെ നമുക്കു കാണാൻ സാധിക്കും. ലേഖനസ്വാതന്ത്ര്യവും പ്രസംഗസ്വാതന്ത്ര്യവും മുടക്കിയ മെത്രാന്റെ അരമനയിലേക്ക് മൗനജാഥ നടത്തിയപ്പോൾ അതിനെതിരെ മെത്രാന്റെ ഗുണ്ടകൾ തെറിവിളിച്ചത് അരമനയുടെ മട്ടുപ്പാവിൽ നിന്ന് അദ്ദേഹം കണ്ടു രസിച്ചു എന്നും പറഞ്ഞുവെക്കുന്നു (പേജ് 251). ധനികരോട് നിരുപാധികവിധേയത്വവും ആശ്രിതത്വവുമാണ് കുണ്ടുകുളത്തിന്റെ മുഖമുദ്ര എന്ന പരിഹാസത്തോടെ അവസാന ആണിയും വടക്കൻ അടിക്കുന്നു (പേജ് 297).

പുരോഗമന ആശയങ്ങൾക്കൊപ്പം പിന്തിരിപ്പൻ ചിന്തകളും കൂടുകൂട്ടിയ ഒരു മനസ്സായിരുന്നു വടക്കനച്ചന്റേത്. സാമ്പത്തികസുരക്ഷിതത്വത്തിലൂടെ ആദ്ധ്യാത്മികശാന്തിയിലേക്ക് എന്ന ആശയം നടപ്പിൽ വരുത്തുന്നതിനായി വർത്തമാനകാലത്തെ ക്ഷേമവും ഭാവിയിലെ സാമ്പത്തികഭദ്രതാബോധവും ജനതയ്ക്കു കൈവരുത്തുന്ന ഒരു ദാരിദ്ര്യമില്ലാത്ത രാഷ്ട്രം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. വിമോചനസമരത്തിലേക്ക് ഒരു വിഭാഗം ജനങ്ങളെ തള്ളിവിട്ട വിദ്യാഭ്യാസബില്ലിനെ എതിർത്തതിൽ അദ്ദേഹം പശ്ചാത്തപിക്കുന്നു. വിപ്ലവാദർശങ്ങൾ പുലർത്തുമ്പോഴും ഉറച്ച മത - ദൈവവിശ്വാസം നിലനിർത്തുന്ന വടക്കൻ തന്റേത് ഇന്തോ - ക്രിസ്റ്റോ - സോഷ്യലിസ്റ്റ് വീക്ഷണമാണെന്ന് പ്രഖ്യാപിക്കുന്നു. കമ്യൂണിസത്തിന്റെ സ്വേച്ഛാധിപത്യത്തെ എതിർക്കുന്നതിനോടൊപ്പം അർത്ഥസമ്പന്നമായ ആധ്യാത്മികസ്വാതന്ത്ര്യത്തിൽ നിന്നേ വേരുറപ്പുള്ള സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയസ്വാതന്ത്ര്യങ്ങൾ പൊങ്ങിവരികയുള്ളൂ എന്നും സ്ഥാപിക്കപ്പെടുന്നു. ഇതൊന്നുംതന്നെ പ്രശ്നാധിഷ്ഠിതമായ കൂട്ടുകെട്ടുകൾ കമ്യൂണിസ്റ്റുകളുമായി ഉണ്ടാക്കുന്നതിന് തടസ്സവുമല്ല. എന്നാൽ കുടിയേറ്റക്കാരെ ന്യായീകരിക്കുന്നതിനായി വനനശീകരണത്തെ മഹത്വവൽക്കരിക്കുന്ന വടക്കന്റെ നിലപാട് അംഗീകരിക്കാനാവില്ല. വികസനത്തിന്റെ മുഖ്യപ്രവാചകന്മാരെല്ലാംതന്നെ കാടുവെട്ടാനും കയറിപ്പാർക്കാനും ഇറങ്ങിത്തിരിച്ചവരാണ് (പേജ് 290) എന്ന പ്രസ്താവന ശാസ്ത്രത്തിനു നേരെയുള്ള ഒരു വെല്ലുവിളിയാണ്. ഒരു വ്യക്തിക്ക് സമ്പാദിക്കാവുന്ന ധനത്തിന് പരിധി നിശ്ചയിക്കുക, മത്സ്യത്തിന് സർക്കാർ വിലനിശ്ചയിച്ച് തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പു വരുത്തുക, ഫാക്ടറിയുടെ നടത്തിപ്പ് തൊഴിലാളികളെ ഏൽപ്പിക്കുക എന്നിവയൊക്കെ ജനിക്കുന്നതിനുമുമ്പേ ഉപയോഗശൂന്യമായിപ്പോയ ആശയങ്ങളാണ്. എന്നാൽ വിദ്യാർത്ഥികളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കണം, നാവികസേനക്കാർ ആഴക്കടലിൽ മീൻ പിടിക്കണം, കരസേന യുദ്ധമില്ലാത്തപ്പോൾ റോഡുവെട്ടൽ, പാലം പണിയൽ എന്നിവയിൽ ഏർപ്പെടണം, യുദ്ധവിമാനങ്ങൾ കൃഷിക്ക് മരുന്നുതളിക്കുന്നതിന് ഉപയോഗിക്കണം എന്നതൊക്കെ അസ്സൽ വങ്കത്തരങ്ങളുമാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ente Kuthippum Kithappum' by Fr. Joseph Vadakkan
ISBN: 9788182662346

Saturday, January 7, 2017

ഉമ്മമാര്‍ക്കു വേണ്ടി ഒരു സങ്കടഹർജി

മുഹിയുദ്ദീൻ നടുക്കണ്ടിയിൽ എന്ന എം. എൻ. കാരശ്ശേരി കേരള സാമൂഹ്യ-സാംസ്കാരികനായകരുടെ കൂട്ടത്തിൽ ഒരു പ്രമുഖവ്യക്തിയാണ്. എതിരാളികളുടെ ആശയപാപ്പരത്തം തുറന്നുകാണിക്കുന്ന രചനകളുമായി അദ്ദേഹം മുസ്ലിം സമുദായത്തിലെ പല അനാചാരങ്ങളേയും ശക്തിയായി എതിർത്തു. സ്വന്തം മതപ്രമാണങ്ങളെ മുറുകെപ്പിടിച്ച് കാലാനുസൃതമായ പരിഷ്കരണങ്ങളെ എതിർക്കുന്ന മൗലികവാദികൾക്ക് തങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതൊന്നുമല്ല യഥാർത്ഥ മതപ്രമാണങ്ങൾ എന്ന് കാരശ്ശേരി കാണിച്ചുകൊടുക്കുമ്പോൾ സ്വന്തം കാൽക്കീഴിൽനിന്ന് മണ്ണ് ഒലിച്ചുപോകുന്നതായി അനുഭവപ്പെടും. അത്തരക്കാർക്ക് യോജിച്ച ചികിത്സയും അതുതന്നെയാണ്. അല്ലാതെ ഏഴാം നൂറ്റാണ്ടിലെ മനസ്സുമായി ജീവിക്കുന്ന തീവ്രവാദിയോട് ആധുനികതത്വങ്ങളും നവോത്ഥാനമൂല്യങ്ങളുമൊക്കെ വിസ്തരിച്ചിട്ട് എന്തു പ്രയോജനമാണുള്ളത്?

ശീർഷകം സൂചിപ്പിക്കുന്നതുപോലെ പരാധീനതകൾ അനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങളാണ് ലേഖകൻ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. 1980-കളുടെ മദ്ധ്യം മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ട നിരവധി ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. വൻ കോളിളക്കം സൃഷ്ടിച്ച ഷാബാനു കേസിന്റെ വിശദാംശങ്ങൾ നിരവധി അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയഭൂമികയിൽ വമ്പൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതാണ് 1985-ൽ ഷാബാനു കേസിലെ സുപ്രീം കോടതി വിധി. മുപ്പതുവർഷത്തെ ദാമ്പത്യത്തിനുശേഷം 62-കാരിയും അഞ്ചുമക്കളുടെ അമ്മയുമായ ഷാബാനു ബീഗത്തിനെ ഭർത്താവ് മറ്റൊരു യുവതിയെക്കൂടി ഭാര്യയായി സ്വീകരിച്ചതിനാൽ മൊഴിചൊല്ലി. ആ വൃദ്ധ ജീവനാംശം ലഭിക്കുന്നതിനുവേണ്ടി കോടതിയെ സമീപിച്ചു. ഏഴുവർഷം നീണ്ടുനിന്ന അപ്പീലുകൾക്കൊടുവിൽ സുപ്രീം കോടതി ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാനോട് സംരക്ഷണച്ചെലവ് നൽകാൻ വിധിച്ചതിനോടൊപ്പം ഇത്തരം അനാചാരങ്ങൾ ഒഴിവാക്കുന്നതിനായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. രാജ്യമെങ്ങും മുസ്ലിം വർഗീയവാദികൾ ഉറഞ്ഞുതുള്ളിയ നാളുകളായിരുന്നു പിന്നീട്. ഒച്ചപ്പാടുകൾക്കൊടുവിൽ രാജീവ് ഗാന്ധിയുടെ സർക്കാർ കോടതിവിധി തുരങ്കം വെക്കാൻ മുസ്ലിം വിവാഹമോചനങ്ങൾക്കായി മതനിയമങ്ങൾ അനുസരിക്കുന്ന പുതിയൊരു നിയമം പാസ്സാക്കി. നിയമവാഴ്ചയുടെമേൽ കരിവാരിത്തേച്ച ഈ ബിൽ ശക്തമായ ഒരു തിരിച്ചടി ഭൂരിപക്ഷസമുദായത്തിൽനിന്ന് ഇരന്നുവാങ്ങുകയായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി പ്രശ്നം വെള്ളിവെളിച്ചത്തിലേക്കു വരുന്നത് ഇതിനെ തുടർന്നാണ്. കോടതിവിധി അനുസരിക്കാൻ ഷാബാനു കേസിൽ മുസ്ലിങ്ങൾ തയ്യാറാകാത്തതുകൊണ്ട് അയോദ്ധ്യാ പ്രശ്നത്തിൽ  ഹിന്ദുക്കൾ എന്തിനതുചെയ്യണം എന്നായിരുന്നു വി. എച്ച്. പിയുടെ വാദങ്ങളിൽ ഒന്ന്.

മറ്റുമതങ്ങളിൽ ഉള്ളതുപോലെ ഇസ്‌ലാമിലും അനാചാരങ്ങൾ ഉണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് രൂപംകൊണ്ട വിശ്വാസപ്രമാണങ്ങളിൽ ആധുനികമൂല്യങ്ങൾക്കു നിരക്കാത്ത അടിമത്തം, ബഹുഭാര്യാത്വം എന്നിങ്ങനെ പല പാകപ്പിഴകളും കണ്ടുവെന്നുവരാം. അവയെയെല്ലാം ഇസ്ലാം ദൈവദത്തമാണെന്ന ന്യായം പറഞ്ഞ് സ്വാംശീകരിക്കുന്ന കൂപമണ്ഡൂകങ്ങളുടെ കണ്ണുതെളിയിക്കുന്ന ഒട്ടനവധി വിശദീകരണങ്ങൾ കാരശ്ശേരി നിരത്തുന്നുണ്ട്. ഖുർആൻ, നബിചര്യകൾ, മറ്റു മുസ്ലിം വിശ്വാസപ്രമാണങ്ങൾ എന്നിവയിൽ അഗാധപാണ്ഡിത്യമുള്ള ലേഖകൻ നിരവധി ഉദ്ധരണികളിലൂടെ മുത്തലാഖ്, ബഹുഭാര്യാത്വം, മൊഴി ചൊല്ലിയ ഭാര്യക്ക് ജീവനാംശം നിഷേധിക്കൽ എന്നിവയൊക്കെ ഇസ്‌ലാമിക മൂലപ്രമാണങ്ങൾ നിരുത്സാഹപ്പെടുത്തിയതാണെന്ന് സമർത്ഥിക്കുന്നു. സ്ത്രീകളുടെ വേഷഭൂഷാദികൾ, സ്വത്തവകാശം, പർദ്ദ, സ്ത്രീധനം, വ്യക്തിനിയമം എന്നിങ്ങനെ നിരവധി മേഖലകളെ പുസ്തകം സ്പർശിക്കുന്നു. പുരോഗമനാശയക്കാരെല്ലാം വളരെ വിജ്ഞാനപ്രദമായ ഈ കൃതി വായിച്ചിരിക്കേണ്ടതാണ്.

തിരുവിതാംകൂറിൽ എല്ലാ ജാതിക്കാർക്കുമായി ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിക്കപ്പെട്ടത് 1936-ലാണ്. എന്നാൽ മുസ്ലിം സ്ത്രീകൾക്ക് അവരുടെ പള്ളികളിൽ പ്രവേശിക്കാൻ സാധിക്കുന്നത് ഒരു പതിറ്റാണ്ടുകൂടി പിന്നിട്ട് 1946-ൽ മലപ്പുറം എടവണ്ണ ഒതായിപ്പള്ളിയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ-പുരുഷമേധാവിത്വത്തിനെതിരെ കാരശ്ശേരി നിരന്തരം ശബ്ദമുയർത്തുന്നു. കേരളത്തിൽ ബഹുഭാര്യാത്വചർച്ചകൾക്കു പിന്നിലെ മൂലകാരണം ഗൾഫ് പണത്തിന്റെ വരവുകൊണ്ട് സമ്പന്നരായ ഒരു വിഭാഗത്തിന്റെ കാമാർത്തിയാണെന്ന് ലേഖകൻ സ്ഥാപിക്കുന്നു. ഒന്നിലധികം സ്ത്രീകളെ സംരക്ഷിക്കാനുള്ള സ്വത്തുള്ളപ്പോൾ അതിന് മതത്തിന്റെ പിൻബലമുണ്ടല്ലോ എന്ന് ആ ഞരമ്പുരോഗികൾക്ക് ഓർമ്മ വന്നുകാണണം. ചേക്കുട്ടിപ്പാപ്പ, പള്ളികളിലെ മന്ത്രവാദം, മുതലായ അധികമാരും പരാമർശിക്കാത്ത നിഗൂഢതകളും പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു. ജെ. ദേവികയാണ് പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത്.

ഈ കൃതി ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Ummamarkkuvendi Oru Sankadaharji' by M N Karassery
ISBN: 9788126421053