Friday, March 27, 2015

കേരളത്തിലെ കാർഷിക കലാപങ്ങൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം രാഷ്ട്രീയത്തിന് ഓശാന പാടുന്നവർ കയ്യടക്കുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് ഈ പുസ്തകം മുഴുവനായി വായിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. വസ്തുനിഷ്ഠമായ വിശകലനമോ, സത്യസന്ധമായ കാര്യകഥനമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പുസ്തകം പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നല്ല പ്രകടനപത്രികയാണ്. മാർക്സിസ്റ്റ്‌ ഭരണകാലത്ത് കോഴിക്കോട് സർവകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതനായ ഗ്രന്ഥകാരൻ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ പുറത്തിറക്കിയ പുസ്തകമായിരിക്കണം ഇത്. മാത്രവുമല്ല, ആ സർവകലാശാലയുടെ ചരിത്ര ബിരുദകോഴ്സിന്റെ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നായി ഇതിനെ തിരുകിക്കയറ്റുകയും ചെയ്തിട്ടുണ്ട്. അനന്തരഘട്ടത്തിൽ വർഗീയകലാപമായി തരംതാണുപോയി എങ്കിലും 1921-ലെ മലബാർ ലഹള ഒരു കാർഷിക സംഘട്ടനത്തിന്റെ തോരണങ്ങൾ പേറിയിരുന്നു എന്ന വസ്തുത നിഷേധിക്കാവതല്ല. പക്ഷേ അതൊന്നും ഡോ.കുറുപ്പിനെ ബാധിക്കുന്ന കാര്യമേയല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ മാത്രമേ ഗ്രന്ഥകാരന്റെ ചുവന്ന കണ്ണടയിലൂടെ തെളിഞ്ഞു കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ ഡോ.കുറുപ്പിന് നേരം വെളുക്കുന്നത് 1941-ലെ കയ്യൂർ സമരത്തോടുകൂടി മാത്രമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ പ്രക്ഷോഭത്തിന്റെ കാര്യകാരണങ്ങൾ എത്ര നിസ്സാരവും പരിഹാസ്യവുമാണെന്നത് ചരിത്രാന്വേഷികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. അദ്ദേഹം തന്നെ പറയുന്നത് ശ്രദ്ധിക്കുക... "1941 മാർച്ച്‌ 28ന് കയ്യൂരിൽ ഒരു പ്രതിഷേധപ്രകടനം സംഘടിപ്പിക്കപ്പെട്ടു. മുൻപ് ലാത്തിച്ചാർജിൽ പങ്കെടുത്ത ഒരു പോലീസുകാരൻ ജാഥയുടെ മുന്നിൽ വന്നുപെട്ടപ്പോൾ ജനങ്ങൾ അയാളെ ഭീഷണിപ്പെടുത്തുകയും അയാൾ പുഴയിൽ ചാടുവാൻ നിർബന്ധിതനാവുകയും ചെയ്തു. അതയാളുടെ അന്ത്യമായിക്കലാശിച്ചു." (പേജ് 15). നിരായുധനായ ഒരാളെ സംഘം ചേർന്ന് ഓടിച്ച് പുഴയിൽ ചാടിക്കുന്നതാണ് വിപ്ലവം! രണ്ടാം ലോകയുദ്ധത്തിനനുകൂലമായും പ്രതികൂലമായും ഗ്രന്ഥകാരൻ പ്രതികരിക്കുന്ന കൗതുകകരമായ കാഴ്ചയും നമുക്കു കാണാനാവുന്നു. "തികച്ചും അന്യായമായ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുവാനാണ് ഇടതുപക്ഷം നിലകൊണ്ടത്" (പേജ് 11). തുടർന്ന് സർക്കാർ പാർട്ടിയെ നിരോധിക്കുകയും പാർട്ടി ഒളിവിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ 1942 ജൂലൈ 6ന് നിരോധനാജ്ഞ പിൻവലിച്ചത് ലേഖകൻ കുറിക്കുന്നുണ്ട്. അപ്പോൾ ഇതിനിടയിൽ എന്താണു സംഭവിച്ചത്? ഇന്ത്യൻ രാഷ്ട്രീയത്തിലെ നാണംകെട്ട വിദേശ സൈദ്ധാന്തിക അടിമത്തത്തിന്റെ കഥയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ഹിറ്റലറും സ്റ്റാലിനും സഖ്യം പ്രഖ്യാപിച്ചാണ് ലോകയുദ്ധം തുടങ്ങുന്നത്. സ്റ്റാലിനും റഷ്യൻ കമ്യൂണിസ്റ്റുകളും ഹിറ്റലറുടെ കൂടെയാകുമ്പോൾ ബ്രിട്ടൻ അവർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യൻ കമ്യൂണിസ്റ്റുകാർക്ക് ദഹിക്കില്ലല്ലോ. പക്ഷേ 1942ൽ ഹിറ്റലർ ഏകപക്ഷീയമായി സഖ്യം നിരാകരിച്ചുകൊണ്ട്‌ റഷ്യയെ കടന്നാക്രമിച്ചപ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ ബ്രിട്ടനെ അനുകൂലിക്കാൻ തുടങ്ങി. അതിന്റെ ഉപകാരസ്മരണയിലാണ് സർക്കാർ നിരോധനാജ്ഞ പിൻവലിച്ചത്.

1946ന്റെ തുടക്കത്തിൽ സ്വാതന്ത്ര്യം അടുത്തെത്തിയെന്ന് ബോധ്യമായപ്പോൾ, കമ്യൂണിസ്റ്റു പാർട്ടി തീവ്രമായ സായുധസമരത്തിലേക്ക് നീങ്ങാനാണ് പരിശ്രമിച്ചത്. പുതുതായി നിലവിൽ വരുന്ന ഒരു ഭരണകൂടത്തിന് കാലുറപ്പിക്കാനാവുന്നതിനു മുമ്പുതന്നെ സായുധസമരം നയിച്ച്‌ അധികാരം പിടിച്ചെടുക്കുകയെന്ന സാർവദേശീയ കമ്യൂണിസ്റ്റുതന്ത്രത്തിന്റെ ഇന്ത്യൻ പതിപ്പായിരുന്നു ഇത്. ഓരോ പ്രദേശത്തും അവിടെ നിലനിന്നിരുന്ന ചില പ്രശ്നങ്ങളുടെ പേരിൽ സംഘടിപ്പിച്ചിരുന്ന പ്രക്ഷോഭങ്ങളുടെ അന്തിമലക്ഷ്യം തോക്കിൻകുഴലിലൂടെ അധികാരം നേടുക എന്നതുതന്നെയായിരുന്നു. കരിവെള്ളൂർ സമരം നടന്നത് ആ പ്രദേശത്തുനിന്ന് അനധികൃതമായി നെല്ലു കൊണ്ടുപോകുന്നതിനെതിരേയും, കാവുമ്പായി സമരം തരിശുഭൂമി കൃഷി ചെയ്യാൻ അനുവദിക്കുന്നതിനു വേണ്ടിയും ആയിരുന്നു. കുറുമ്പ്രനാട്ടിലെ സമരങ്ങളാകട്ടെ ജാതീയമായ ഉച്ചനീച്ചത്വങ്ങൾക്കെതിരായും! ലക്ഷ്യത്തിനോട് ആത്മാർഥതയില്ലാതിരുന്നതുകൊണ്ട് എല്ലാം പരാജയപ്പെട്ടു എന്നത് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നേരത്തേ പ്രസ്താവിച്ചതുപോലെ ഒരു പാർട്ടി ലഘുലേഖ എന്നതിൽ കവിഞ്ഞ യാതൊരു ചരിത്രമൂല്യവും ഈ പുസ്തകത്തിനില്ല. അണികളെ ആവേശം കൊള്ളിക്കാനെന്നവണ്ണം ഓരോ സമരത്തിലും പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങൾ പോലും ലേഖകൻ അക്കമിട്ടു നിരത്തുന്നുണ്ട്‌. ഉറച്ച ഒരു പാർട്ടി അനുഭാവിക്കുമാത്രം താല്പര്യം തോന്നിയേക്കാവുന്ന നിരർത്ഥകമായ പുസ്തകമാകുന്നു ഇത്.

ഐ.എസ്.ബി.എൻ 9788182646377

Friday, March 20, 2015

അവിശ്വസിക്കേണ്ട വിശ്വാസങ്ങൾ

ജന്മം മുതൽ അന്ത്യം വരെ വിവിധ രൂപത്തിലും ഭാവത്തിലുമായി നിരവധി വിശ്വാസങ്ങൾ കോർത്തിണക്കിയ ഒരു മാലയാണ് മനുഷ്യജീവിതം. ഇവയിൽ കുറെയൊക്കെ യുക്തിസഹവും മറ്റു ചിലത് തികച്ചും അബദ്ധവുമായേക്കും. നൂറു ശതമാനവും യുക്തിബദ്ധമായ വിശ്വാസങ്ങളോടുകൂടിയ ഒരു വ്യക്തിയും ഭൂമുഖത്തുണ്ടാവുകയില്ല. അതുപോലെതന്നെ പൂർണമായും അന്ധവിശ്വാസങ്ങൾ മാത്രമുള്ളയാളും. ഏതൊരു യുക്തിവാദിയുടെ മനസ്സിലും അവൻപോലുമറിയാതെ ചില യുക്തിരഹിതവിശ്വാസങ്ങൾ മറഞ്ഞുകിടന്നു എന്നു വരാം. അപ്പോൾ നമ്മുടെ ധാരണകൾക്ക് സത്യത്തിന്റെ അടിത്തറയുണ്ടോ എന്ന് എങ്ങനെ പരിശോധിക്കും? അവയുടെ മാറ്റുരച്ചുനോക്കാനുള്ള ഒന്നാന്തരം ഉരകല്ലാണ് ശ്രീ. പി. ടി. തോമസിന്റെ ഈ പുസ്തകം. ജ്യോതിഷം ഒരു കപടശാസ്ത്രമാണെന്നും തങ്ങൾ അതുമായി നടക്കുന്നത് വയറ്റുപ്പിഴപ്പിനുള്ള മാർഗമായിട്ടാണെന്നും ഒരുപക്ഷേ അതിന്റെ പ്രയോക്താക്കൾ തന്നെ രഹസ്യമായി സമ്മതിച്ചേക്കാം. എന്നാൽ പാമ്പുകളേയും പാമ്പിൻവിഷത്തേയും കുറിച്ചുള്ള ചില നാടൻ വിശ്വാസങ്ങൾ, ചൂണ്ടുമർമം, സൂര്യഗ്രഹണം, മദ്യപാനത്തിൽ നിന്ന് മനോരോഗത്തിലേക്കുള്ള തകർച്ചയുടെ യാത്ര, മുതലായവ സത്യമോ മിഥ്യയോ എന്ന് പണ്ഡിതന്മാർക്കുപോലും സംശയം തോന്നിയേക്കാം. ഇരുപത് അധ്യായങ്ങളിലായി, നർമത്തിന്റെ മേമ്പൊടിയോടുകൂടി കാര്യങ്ങൾ വിശദീകരിക്കുന്ന ഈ പുസ്തകം അതിനെല്ലാം ഉത്തരം നല്കുന്നു - തികച്ചും വിശ്വസനീയമായ രീതിയിൽ. നാക്കുവടിക്കൽ ആവശ്യമില്ലാത്ത ഒരു ക്രിയയാണെന്ന് ചിലപ്പോൾ ഭൗതികവാദികൾ പോലും സമ്മതിച്ചുതരില്ല. എന്നാൽ വ്യക്തമായ വാദങ്ങളോടെ ഗ്രന്ഥകാരൻ ഇരുളടഞ്ഞ മറ്റൊരു ഇടവഴിയിൽകൂടി ഒരു കൈത്തിരി കത്തിക്കുന്നു.

അധ്യാപകനും വിദ്യാഭ്യാസവകുപ്പിൽ ഉന്നത ഉദ്യോഗവും ഭരിച്ച് വിരമിച്ച പി. ടി. തോമസ്‌ കോട്ടയം സ്വദേശിയാണ്. ശാസ്ത്രസംബന്ധിയായ ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഹുകാലം നോക്കി ഉപഗ്രഹങ്ങൾപോലും വിക്ഷേപിക്കുന്ന നാട്ടിൽ ഇത്തരത്തിലുള്ള അനേകം പുസ്തകങ്ങൾക്ക് കാലികപ്രസക്തിയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള ഉത്തരവ് പ്രസിദ്ധീകരിക്കുന്ന സമയം മുൻകൂട്ടി കണക്കാക്കി, ആ സമയം ഗുരുവായൂർ അമ്പലത്തിലേക്ക് യാത്ര പോയി, ക്ഷേത്രത്തിനകത്തുവെച്ച് ആ വാർത്ത 'ആദ്യമായി' ശ്രവിച്ച ഒരു ബഹിരാകാശ 'ശാസ്ത്രജ്ഞൻ' നമ്മുടെ സംസ്ഥാനത്തുതന്നെയുണ്ടായിരുന്നു. അന്ധവിശ്വാസികളായ ഈ പരിഷകൾ ശാസ്ത്രസംഘടനകൾ കയ്യാളുന്ന ഈ നാട്ടിൽ ശാസ്ത്രബോധം എങ്ങനെ ഉടലെടുക്കാനാണ്? 'ദൈവം ഉണ്ട്' എന്ന പരസ്യവാചകവുമായി ഒരു ചന്ദനത്തിരിക്കാരൻ കച്ചവടം വർധിപ്പിക്കാൻ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ 'ദൈവം ഇല്ല' എന്നു പറഞ്ഞ് ഒരു പരസ്യം വന്നാലോ? മതവികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞ് അത് തടയുക മാത്രമല്ല, അതിനുപിന്നിൽ പ്രവർത്തിച്ചവന്റെ കുടുംബവും കുളം തോണ്ടിയെന്നു വരും. വർത്തമാനകാലത്തിൽ ഏറ്റവും പ്രസക്തമായ ഈ പുസ്തകം സർക്കാർ ചെലവിൽ എല്ലാ ഭാരതീയഭാഷകളിലേക്കും പരിഭാഷപ്പെടുത്തി കുറഞ്ഞ ചെലവിൽ വിതരണം ചെയ്യേണ്ടതാണ്. ഭാവിതലമുറയോടു ചെയ്യുന്ന ഒരു നിസ്തുലസേവനമായിരിക്കും അത്!

Monday, March 9, 2015

തല്പത്തെക്കുറിച്ച് സ്വല്പം

ഒരാൾക്ക് എത്ര മാസ്റ്റർപീസുകൾ എഴുതാൻ സാധിക്കും? ഒന്നോ, അല്ലെങ്കിൽ വളരെ അപൂർവമായി രണ്ടെണ്ണമോ. അതിൽ കൂടുതൽ സാധിക്കുന്നവർ ലോകസാഹിത്യത്തറവാട്ടിലെ കാരണവന്മാരായിത്തീരും - ഷേക്സ്പിയർ, ഡിക്കൻസ്, കാളിദാസൻ തുടങ്ങിയവരെപ്പോലെ. അപ്പോൾ ഒരു മാസ്റ്റർപീസ്‌ മാത്രമേ എഴുതിയിട്ടുള്ളൂ എന്നത് സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം കുറച്ചിലായി കാണേണ്ട കാര്യമില്ല. അങ്ങനെ നോക്കുമ്പോൾ ഒരെണ്ണം എഴുതിക്കഴിഞ്ഞ ഒരാളിൽ നിന്ന് ഇനി കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നുകൂടി കരുതേണ്ടി വരും. സുഭാഷ് ചന്ദ്രന്റെ 'തല്പം' എന്ന കഥാസമാഹാരം വായിച്ചുകഴിഞ്ഞപ്പോൾ അങ്ങനെയൊരു തോന്നലാണുണ്ടായത്. പഠിച്ചു പഠിച്ച് പടിപ്പുറത്തായതുപോലെയുള്ള ഒരു വിമ്മിഷ്ടം കഥകളിൽ ഉടനീളം കാണാം.

'മനുഷ്യന് ഒരു ആമുഖം' എന്ന ക്ലാസിക് കൃതിയുടെ കർത്താവിന് എങ്ങനെ ഇത്ര തരം താഴാൻ കഴിയും എന്നു നമ്മൾ ആശ്ചര്യത്തോടെയും വേദനയോടെയും ഓർക്കുന്നത് തല്പം വായിച്ചു മടക്കിവെക്കുമ്പോഴാണ്. സൃഷ്ടിയുടെ ഉർവരത വറ്റുമ്പോൾ കഥാകാരന്മാർ ലൈംഗികതയുടെ ചെളിക്കുണ്ടിൽ കിടന്നിഴയും. പുതിയതൊന്നും പറയാനില്ലാതെ വരുമ്പോൾ ഒരിക്കലും നിറം മങ്ങാത്ത ആ പഴയ വിഷയം തന്നെ ശരണം.പ്രത്യേകിച്ചും ഒരു പീഡനക്കേസെങ്കിലും ദിനവും പത്രത്തിൽ കണ്ടില്ലെങ്കിൽ അന്നൊരു മൂഡുമില്ലാതാകുന്ന ശരാശരി പന്നമലയാളിയെ കണ്ടിട്ടുതന്നെയാണ് ഈ കഥാസമാഹാരത്തിന്റെ (അതോ ചീമുട്ടകളുടെയോ?) പടപ്പ് നടത്തിയിട്ടുള്ളത്. അന്ന് കുറിയേടത്ത് താത്രി മുതൽ ഇന്ന് സരിതാ നായർ വരെയുള്ളവരുടെ സ്വയം സ്മാർത്തവിചാരത്തിന്റെ പൊടിപ്പൻ വർണനകൾ വായിച്ച്‌ അന്നന്നേത്തെക്കുള്ളതിന് വകയൊപ്പിക്കുന്ന നപുംസകങ്ങൾക്ക് ഒന്നും കിട്ടാതെ വരുമ്പോൾ വായിച്ചു രസിക്കാൻ പറ്റിയവയാണ് 'തല്പ'ത്തിലെ കഥകൾ.

ഇത് ചുമ്മാ പറയുന്നതല്ല. ആകെ മൂന്നേ മൂന്ന് കഥകൾ മാത്രം ഉൾകൊള്ളുന്ന ഈ പുസ്തകത്തിലെ കഥകളിലെ പ്രമേയം എന്തൊക്കെയാണ്?

കഥ 1, സതിസാമ്രാജ്യം: നീലച്ചിത്രങ്ങളിൽ കാണുന്ന ലൈംഗികവൈകൃതങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ഒരു ഭർത്താവ്
കഥ 2, തല്പം: ഒരു കൊച്ചുകുട്ടിയെ പീഡിപ്പിക്കുന്ന പെഡോഫീലിയക്കാരനായ ഡോക്ടറും അതിലേക്കു നയിക്കുന്ന സംഭവങ്ങളുടെ വിവരണങ്ങളും
കഥ 3, ഗുപ്തം - ഒരു തിരക്കഥ: നീലച്ചിത്രങ്ങൾ കാണുന്ന സ്കൂൾകുട്ടികളും പെഡോഫീലിയക്കാരനായ അവരുടെ അധ്യാപകനച്ചനും

ഈ പുസ്തകത്തെ ദുർഗന്ധം വമിക്കുന്ന ഒരു മാലിന്യക്കൂമ്പാരം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഈ പറഞ്ഞതൊക്കെ കഥകളിലെ പാർശ്വപരാമർശങ്ങൾ മാത്രമാണെന്നും കഥാതന്തു വേറെയില്ലേ എന്നും ചോദ്യമുണ്ടായേക്കാം. കഥ 3-ൽ ഇത് ഭാഗികമായി ശരിയുമാണ്. പക്ഷേ അതൊക്കെ 'ക്ലബ് സോഡ' എന്ന പരാമർശത്തിൽ ഒളിഞ്ഞിരിക്കുന്ന മദ്യത്തിന്റെ പരസ്യം പോലെ വളരെ നനുത്ത മുഖപടവുമായി നില്ക്കുന്ന വഞ്ചന തന്നെയല്ലേ? അതു വായനക്കാർക്കുമറിയാം. അതുകൊണ്ടല്ലേ ഇത്തരം ചവറുകളൊക്കെ ചൂടപ്പം പോലെ വിറ്റുപോകുന്നത്!

എസ്. ശാരദക്കുട്ടിയുടെ നിരൂപണം ഒരു ബോണസ് പോലെ ചേർത്തിട്ടുണ്ട്. അതു വലിയ തമാശയുമായി. ഇപ്പോഴത്തെ നിരൂപകരുടെ പണി എന്തെളുപ്പമാണ്‌! സമയം കിട്ടുമ്പോൾ വായിൽ തോന്നുന്നതൊക്കെ എഴുതിവെക്കുക, എന്നിട്ട് പുസ്തകത്തിന്റെയും ഗ്രന്ഥകാരന്റെയും പേരിന്റെ ഭാഗം വരുമ്പോൾ ശൂന്യമായി വിടുക, എപ്പോഴെങ്കിലും പ്രസാധകർ ഒരു നിരൂപണം വേണമെന്നാവശ്യപ്പെടുമ്പോൾ ഫ്രീസറിൽ നിന്നെടുത്ത് വേണ്ടഭാഗങ്ങളിൽ പേരുകൾ പൂരിപ്പിച്ച്, ഓവനിൽ ഒന്നു ചൂടാക്കി സ്വാദോടെ നേരെ വിളമ്പുക. ഇത് നിരൂപണമാണോ? വാൾട്ടർ ബെന്യാമിൻ, ജെ.ഡി.ഡാലിംഗർ, റീറ്റ ബ്രൌണ്‍ എന്നിവരെ പാകത്തിന് പൊടിച്ചു ചേർക്കുന്നുമുണ്ട്.

മുൻപേ പറഞ്ഞതുപോലെ, 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതി ഇതിഹാസസമാനമായ ഒരു പരിശ്രമമായിരുന്നു. ഗ്രന്ഥകാരന്റെ സർഗപ്രതിഭയുടെ നാമ്പും അതോടെ കരിഞ്ഞുപോയി എന്നു തോന്നുന്നു. സുഭാഷ് ചന്ദ്രനോട് ഒരൊറ്റ അഭ്യർത്ഥനയേ എനിക്കു നടത്തുവാനുള്ളൂ. 'ആമുഖം' എഴുതിയ പേന കൊണ്ട് ദയവായി ഇത്തരം മാലിന്യങ്ങൾ ഇനിയും വഴിവക്കിൽ കൊണ്ടുവന്നിടരുത്. ജ്ഞാനപ്പാനയും ഭരണിപ്പാട്ടും ഒരേ നാവിൽനിന്നു കേൾക്കുന്നത് അത്ര സുഖകരമല്ലല്ലോ.

തല്പം - ശത്രുക്കൾക്കുപോലും ശുപാർശ ചെയ്യാനാവാത്ത പുസ്തകം.

Tuesday, March 3, 2015

പത്മനാഭന്റെ വഴിയിൽ

നോവലെഴുതാതെ മഹാകഥാകാരനായ കഥാകാരനാണ് ടി. പത്മനാഭൻ. ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകളാണ് ഈ മനുഷ്യന്റെ ഓരോ കഥയും. കുമാരനാശാൻ മഹാകാവ്യമെഴുതാതെ മഹാകവിയായതുപോലെ തന്നെയാണ് മഹാകവിയെ ഏറെ ഇഷ്ടപ്പെടുന്ന ഈ മഹാകഥാകാരനും. ആത്മകഥയെഴുതുകയില്ലെന്നൊരു നിർബന്ധം കൂടിയുണ്ടദ്ദേഹത്തിന്. പക്ഷേ അതിനുപകരം ആത്മകഥാംശം മുറ്റിനില്ക്കുന്ന 'പള്ളിക്കുന്ന്' എന്ന ഗ്രന്ഥം നമുക്കു നല്കി. അതുകൂടാതെ അഭിമുഖങ്ങളായും, ഓർമ്മക്കുറിപ്പുകളായുമൊക്കെ ഒട്ടനവധി പുസ്തകങ്ങൾ ഏകാകിയായ ഈ സാഹിത്യകാരനെക്കുറിച്ചുണ്ടായിട്ടുണ്ട്. പയ്യന്നൂർ കുഞ്ഞിരാമന്റെ പുസ്തകം ഈ ജനുസ്സിലാണു പെടുന്നത്.

ഗ്രന്ഥകർത്താവായ കുഞ്ഞിരാമൻ പത്മനാഭന്റെ അടുത്ത സുഹൃത്തായി ഭാവിക്കുന്നുണ്ടെങ്കിലും വിവരണത്തിലൂടെ കണ്ണോടിക്കുമ്പോൾ അതങ്ങനെതന്നെയാണോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം.ഈ സാഹിത്യകാരനെ അടുത്തറിയാവുന്നവരെല്ലാം അദ്ദേഹത്തിന്റെ തന്നിലേക്കൊതുങ്ങുന്ന സ്വഭാവം ചൂണ്ടിക്കാണിക്കുന്നവരാണ്. പക്ഷേ, ഇതിനെല്ലാം അടിയിലായി നീലക്കരിമ്പിന്റെ ഒരു തുണ്ട് ഉണ്ടാകുമെന്നും, ആ അമൃതസരണിയിൽ നിന്നാണ് സ്നേഹത്തിന്റെ കാമ്പുള്ള രചനകൾ ഉണ്ടാകുന്നതെന്നും നമുക്കു പ്രതീക്ഷിക്കാം.

പുതുതായി ഒന്നും നമ്മെ അറിയിക്കാനില്ലാത്ത, തരക്കേടില്ലാത്ത ഒരു പുസ്തകം.

Sunday, March 1, 2015

ഇതിഹാസത്തിന്റെ മൂന്നാം വായന

വളരെ പണ്ടാണ് 'ഖസാക്കിന്റെ ഇതിഹാസം' ആദ്യമായി വായിക്കുന്നത്. ആഖ്യാനത്തിന്റെ സത്ത ഉൾക്കൊള്ളാൻ അന്ന് കഴിയാതെപോയി. ഏറെ വാഴ്ത്തപ്പെട്ട പുസ്തകത്തിന്റെ യഥാർത്ഥമൂല്യമെന്തെന്നു മനസ്സിലാക്കാൻ 2002-ൽ പുസ്തകം വാങ്ങി വീണ്ടും വായിച്ചു. തീക്ഷ്ണവും വന്യവുമായ വികാരങ്ങളെ സംയമനത്തിന്റെ കടിഞ്ഞാണില്ലാതെ അഴിച്ചുവിട്ടുകൊണ്ടുള്ള ആവിഷ്കരണം എന്നു തോന്നിപ്പിച്ചു. അപ്പോഴും ഒരു ചെറിയ നോവലെന്നോ, അല്ല കുറെ കഥകളുടെ സമാഹാരമെന്നു സാദൃശ്യം ജനിപ്പിക്കുന്ന 'ഇതിഹാസ'ത്തിന്റെ സവിശേഷത എന്തെന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് വളരെ ജാഗ്രതയോടെയാണ് ഇത്തവണ മൂന്നാം വായനയ്ക്കിറങ്ങിപ്പുറപ്പെട്ടത്. നിയമനിർമാണ സഭകളിൽ മൂന്നാം വായന വളരെ പ്രധാനമാണ്. അതിനുശേഷം പ്രമേയം വോട്ടിനിട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാം.

രണ്ടു കാര്യങ്ങളിൽ ഇത്തവണ ആദ്യമേ മനസ്സിരുത്തി. ഒന്ന്, ഇത് വളരെ ഉത്തമമായ ഒരു ഗ്രന്ഥമാണെന്ന ചിന്ത മനസ്സിലുറപ്പിക്കുക, വിവേചനബുദ്ധി പ്രകടിപ്പിക്കാതെ ഇതിൽ കാണുന്നതെല്ലാം നല്ലതെന്ന തോന്നൽ സ്വയം ജനിപ്പിക്കുക. രണ്ട്, വളരെ വലിയ ചില ആൽമരങ്ങൾ കുറേക്കഴിയുമ്പോൾ താഴേക്കു വളരുന്നതുപോലെ, ജനപ്രിയസാഹിത്യകാരന്മാർ അവരുടെ സ്വന്തം മൂല്യങ്ങൾക്കല്ലാതെ സമൂഹത്തിന്റെ സദാചാരസംഹിതകൾക്ക് വഴിപ്പെടേണ്ടവരാണെന്ന ധാരണ ഉപേക്ഷിക്കുക. ചുരുക്കിപ്പറഞ്ഞാൽ വിവേചനബുദ്ധിയും നാട്ടുനടപ്പും -  ഇതുരണ്ടും ചവുട്ടിക്കൂട്ടിപരണത്തിട്ടിട്ടുവേണം ഇതു വായിക്കാൻ എന്നർത്ഥം.

എന്നാലും വിട്ടുകൊടുക്കാൻ പാടില്ലല്ലോ. ഇത്തവണ നാലാളുകൂടുന്നിടത്ത് ഖസാക്കിന്റെ ഇതിഹാസം അത്യുത്തമം എന്നു പറഞ്ഞിട്ടുതന്നെ കാര്യം എന്ന ഏകലക്ഷ്യത്തോടെ വായന തുടങ്ങി. രവിയുടെ കൂമൻകാവിലെ ബസ്സിറങ്ങൽ മനോജ്ഞമായി. പുസ്തകം വായിച്ചുതീർന്നപ്പൊഴും ആദ്യഖണ്ഡികയുടെ സുഭഗതയെ വെല്ലുവിളിക്കുന്നവ ഏറെയൊന്നും ഉണ്ടായിരുന്നില്ല. വിജയന്റെ രംഗവർണന എത്ര ഉദാത്തമാണ്! ചിതലിമലയുടെ വന്യമായ രഹസ്യങ്ങളിലോ ഖസാക്കിലെ കരിമ്പനകളിൽ കാറ്റുപിടിക്കുന്നതിന്റെ ഗൃഹാതുരതയിലോ ആരാണ് മയങ്ങിപ്പോകാത്തത്? ഏതൊരു മലയാളിയുടേയും ഹൃദയത്തിന്റെ അടിത്തട്ടിൽ മയങ്ങിക്കിടക്കുന്ന ഒരു പ്രാക്തനഗ്രാമത്തിന്റെ ചിത്രമുണ്ട്. ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും, ഏതു യന്ത്രവല്കൃതലോകത്തിൽ പുലർന്നാലും അവൻ കൈമോശം വരാതെ സൂക്ഷിക്കുന്ന ഒന്ന്. വിജയന്റെ ഏറ്റവും വലിയ നേട്ടം ഈ നിഗൂഢസങ്കല്പത്തിന് തന്റെ കാൻവാസിൽ നിറം മങ്ങാത്ത വാഗ് രൂപം നല്കാനായി എന്നതാണ്. തന്റെ മനസ്സിന്റെ ഉള്ളറകളിൽ താൻ പോലുമറിയാതെ മയങ്ങിക്കിടന്ന ചില ചോദനകൾ മൂർത്തരൂപത്തിൽ മറ്റൊരാൾ ആവിഷ്കരിച്ചതുകാണുമ്പോഴുള്ള ആഹ്ലാദഹർഷത്തോടെ കേരളം 'ഇതിഹാസത്തെ' വാരിപ്പുണർന്നു, തണ്ടിലേറ്റി, സിംഹാസനത്തിൽ പ്രതിഷ്ഠിചു.

എന്നാൽ, ഇതിനുമപ്പുറം ഇതിലെ കഥാപാത്രങ്ങൾ ആത്മാവിൽ എത്ര ദരിദ്രരാണ്! എത്ര ദുർബലമാണിതിലെ കഥാതന്തു! സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന്, അഗമ്യാഗമനത്തിന്റെ പാപബോധവും പേറി വീടുവിട്ടിറങ്ങി, പ്രോജ്വലമായ കരിയർ വാഗ്ദാനങ്ങളെ കാറ്റിൽ പറത്തി, പരീക്ഷയുടെ തലേന്ന് കോളജ് വിട്ടിറങ്ങി, ദേശാടനത്തിൽ ഏർപ്പെടുന്ന രവി എങ്ങനെയാണ് നമ്മുടെ ആദരം പിടിച്ചുപറ്റുന്നത്? ഖസാക്കിലെ നിരവധി കഥാപാത്രവർണനകളെ ചേർത്തുനിർത്തുന്ന പേപ്പർ ക്ലിപ് മാത്രമാണ് രവി. ഒരധ്യാപകൻ പുറമേക്കെങ്കിലും പാലിക്കേണ്ട ചില നിഷ്ഠകൾ പോലും തട്ടിത്തെറിപ്പിച്ച് ഖസാക്കിൽ ഇണകളെത്തേടി പാഞ്ഞുനടക്കുന്ന നായകകഥാപാത്രം യാതൊരു ചലനവും സൃഷ്ടിക്കുന്നില്ല. ഇയാൾക്ക് എന്തിന്റെ അസ്ക്യതയാണെന്ന് വായനക്കാർക്ക് സംശയം തോന്നാം. 'ഇതിഹാസത്തിലെ' ഓട കവിഞ്ഞൊഴുകുന്ന ലൈംഗികഅരാജകത്വത്തെ ഞാൻ പരാമർശിക്കുന്നതേയില്ല. കാരണവർക്ക് എന്തുമാകാമല്ലോ!

ഇങ്ങിനി വരാത്തവണ്ണം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോയ ഒരു പ്രാചീന ഗ്രാമത്തിന്റെ ഉള്ളുലയിക്കുന്ന ഒരു രേഖാചിത്രമെന്നതൊഴിച്ചാൽ 'ഇതിഹാസ'ത്തിൽ ഒന്നുംതന്നെ കണ്ടെത്താനായില്ല.