Saturday, October 20, 2012

പോറ്റി സര്‍

"സമയം സ്വതന്ത്രമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്‌. അത് എപ്പോഴും തിരശ്ചീനഅക്ഷത്തിലാണ് (horizontal axis) രേഖപ്പെടുത്തേണ്ടത്. അതിനെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നത് സര്‍ക്യൂട്ട് തിയറിയില്‍ മാത്രമല്ല, ജീവിതത്തിലും നിങ്ങള്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ". വര്‍ഷങ്ങള്‍ക്കുശേഷം പോറ്റിസാറിന്റെ വാക്കുകള്‍ മനസ്സില്‍ തെളിഞ്ഞത് എന്തുകൊണ്ടാണാവോ? ഇന്നുച്ചക്കുപെയ്ത മഴയുംനോക്കി കുറേനേരം ചുമ്മാതിരുന്നപ്പോള്‍ ഉപബോധത്തിന്റെ ഏതോ കോണില്‍ നിന്ന് തലനീട്ടിയ കാരണമില്ലാത്ത കുറ്റബോധമായിരിക്കാം കാരണം. പഠിപ്പിക്കുന്ന വിഷയവും വിദ്യാര്‍ത്ഥികളെ ചീത്തവിളിക്കലും ഒഴിച്ച് പോറ്റിസാര്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും പറഞ്ഞ വാക്കുകള്‍ എന്ന നിലയില്‍ അത് ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇടംനേടി.

ആ അദ്ധ്യാപകന്‍ എന്നും ഞങ്ങള്‍ക്കൊരു അത്ഭുതമായിരുന്നു. ജീവിതത്തെക്കാള്‍ വലിയ പ്രതിഛായയുമായി നടന്നിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ ടി.വി.പോലും ഇല്ല എന്ന് മറ്റു അധ്യാപകര്‍ കുറ്റപ്പെടുത്തുന്നതുകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് പക്ഷേ ആശ്ചര്യമൊന്നും തോന്നിയില്ല. അദ്ദേഹം വിവാഹിതനാണെന്നു കേട്ടപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയോട് സഹതപിച്ചു. മാനുഷികവികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത അദ്ദേഹം ഒരു കുട്ടിയുടെ പിതാവാണെന്നുകൂടി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ ഉരുക്കുമനുഷ്യന് അങ്ങനെ ഒരു ദൗര്‍ബല്യമോ! അങ്ങേയറ്റം രസകരവും എന്നാല്‍ വൈദ്യശാസ്ത്രപരമായി അസാധ്യവുമായ ഒട്ടേറെ തമാശകള്‍ വളരെ പ്രചാരം നേടി.

ഒരു സര്‍ക്കാര്‍ കോളേജില്‍, ഒരു ഡിപാര്‍ട്ട്മെന്റ് തലവന് വിദ്യാര്‍ഥികളുടെ മേല്‍ ഇത്ര കര്‍ശനനിയന്ത്രണം സാധ്യമാകും എന്നത് പലര്‍ക്കും ഒരു അതിശയമായി. കൃത്യമായ അധ്യാപനം, യാതൊരു തരികിടയും അനുവദിക്കാത്തതുമൂലം ശ്രദ്ധയോടെയുള്ള ഇരിപ്പ്, അദ്ദേഹത്തിന്റെ ഏതെങ്കിലും ചോദ്യത്തിനുമുന്നില്‍ എഴുന്നേറ്റുനില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള പരമമായ ഉദ്യമം - എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഞങ്ങള്‍ക്കൊരനുഗ്രഹം തന്നെയായിരുന്നു. റിട്ടയര്‍മെന്റ് അടുക്കുമ്പോഴും അദ്ദേഹം പുതിയ വിഷയങ്ങള്‍ സ്വയം പഠിക്കുകയും അതിലും മനോഹരമായി അത് പഠിപ്പിക്കുകയും ചെയ്തു. 1989-ല്‍ സിലബസ് പരിഷ്കരിച്ച് ആദ്യമായി കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ന വിഷയം എന്‍ജിനീയറിംഗിന്  നിര്‍ബന്ധമാക്കിയപ്പോള്‍ പോറ്റിസാര്‍ 'പാസ്കല്‍ ലാംഗ്വേജ്' ഞങ്ങളെ പഠിപ്പിച്ചു. ആരുടെ തലതിരിഞ്ഞ ആശയമാണോ എന്തോ, ഈ ഭാഷയില്‍ ":=" എന്ന ചിഹ്നമാണ് അസൈന്‍മെന്റിന് ഉപയോഗിക്കുന്നത് (സാധാരണയായ "=" എന്നതിനുപകരം). മറ്റെന്തോ പറഞ്ഞുവന്ന കൂട്ടത്തില്‍ ":" എന്ന ചിഹ്നത്തിന്റെ പേരെന്താണെന്നു ചോദിച്ചപ്പോള്‍ ക്ലാസിലാകെ പരന്ന നിശബ്ദതയും വളരെ കട്ടിയേറിയതായിരുന്നു. ഉത്തരം കിട്ടാതെ വന്നപ്പോള്‍ പ്രകടമായ അസഹ്യതയോടെ ആ ചോദ്യം വിനയചന്ദ്രനോട് ചോദിച്ചതും ആ പാവം ഉത്തരം കിട്ടാതെ വിഷമിച്ചുനിന്നതും 'സ്കൂളിലേ തന്നെ പഠിക്കേണ്ടതായ കോളന്‍ എന്ന ഉത്തരം അറിയാതെയാണോ താനൊക്കെ ഇങ്ങോട്ടുവന്നതെന്നു' കണ്ണുരുട്ടി ചോദിച്ചതുമെല്ലാം ഇപ്പോഴും ഓര്‍ക്കുന്നു.

ഒടുവില്‍ പോറ്റിസാറിന്റെ റിട്ടയര്‍മെന്റ് ദിവസവും വന്നെത്തി. മറുപടിപ്രസംഗത്തില്‍ ആ മനുഷ്യന്റെ തൊണ്ടയിടറുന്നത് കേള്‍ക്കാന്‍ ഞങ്ങളില്‍ ചിലര്‍ താല്പര്യത്തോടെ കാത്തിരുന്നു. ക്രൂരതയൊന്നുമല്ല, അദ്ദേഹം ഒരു മനുഷ്യന്‍ തന്നെയാണെന്ന് ഞങ്ങളെത്തന്നെ ബോധ്യപ്പെടുത്താന്‍ മാത്രം! അവസാനം അദ്ദേഹം മറുപടി പറയാന്‍ എഴുന്നേറ്റു. സദസ്സിനെ മൊത്തം സ്തബ്ധരാക്കിക്കൊണ്ട് 'കേരളത്തിലെ വൈദ്യുതി വിതരണമേഖലയിലെ കനത്ത പ്രസാരണനഷ്ടത്തെയും അതൊഴിവാക്കാനുള്ള മാര്‍ഗങ്ങളെയും' കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ആ വലിയ മനുഷ്യനെ അളക്കാനുള്ള അളവുകോലൊന്നും ഞങ്ങളെപ്പോലുള്ള ചെറിയമനുഷ്യരുടെ കയ്യില്‍ ഇല്ലെന്നു മനസ്സിലായി. ഇതേ ലക്ഷ്യവുമായി സദസ്സില്‍ ഇരുന്നിരുന്ന സഹഅധ്യാപകരും മനസ്സില്‍ ഇതുതന്നെ ഓര്‍ത്തുകാണണം.

പോറ്റിസാര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല, പക്ഷേ അധ്യാപനമേഖലയിലെ ആ അനന്യമായ വ്യക്തിത്വം എന്റെ മനസ്സില്‍ നേടിയെടുത്തിരുന്ന സ്വാധീനം ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു.


Wednesday, October 17, 2012

വൈക്കോല്‍ത്തുറുമ്പ്

ഓരോ കലഹവും മനസ്സിലേല്‍ക്കുന്ന മുറിവാണ്. ചിലത് ക്രമേണ ഉണങ്ങും. മറ്റു ചിലത് കൂടുതല്‍ മേഖലകളിലേക്ക് പരക്കും.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായ കലഹങ്ങളും അങ്ങനെതന്നെ. പക്ഷേ അവ വീട്ടിലേക്ക്  കൊണ്ടുപോകുന്നത് ശരിയല്ല. എങ്കിലും ഇടക്കെങ്കിലും ജോലിയും വീടും തമ്മിലുള്ള മറ നീങ്ങിപ്പോകും.

അസന്തുഷ്ടി തന്നെ അതിന്റെ അന്തിമഫലം.

ഓരോ മാസവും കുറയുന്ന ജീവനക്കാര്‍. ചെയ്യേണ്ട പണിക്ക് ഒരു കുറവുമില്ല. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി സഹപ്രവര്‍ത്തകരുമായി ജോലിചെയ്തിരുന്നതിന്റെ ഗൃഹാതുരസ്മരണകള്‍ ഉപേക്ഷിക്കാന്‍ സാധിക്കാത്ത ജീവനക്കാരും ആജ്ഞാശക്തിയില്ലാത്ത മുതലാളിമാരും.

പോരേ പൂരം!

ഒരു ഡോപമൈന്‍ മഴ അനുഭവിച്ച കാലം മറന്നുപോയി. ലക്ഷ്യമില്ലാതെ കൊഴിയുന്ന നാളുകള്‍. ഇന്നലെയും ഇന്നും നാളെയുമൊക്കെ ഒരുപോലെ തന്നെ. അടുത്ത വളവിലെവിടെയോ പതുങ്ങിനില്‍ക്കുന്ന ഡിപ്രഷന്‍. അതിനെ ഒഴിവാക്കിപ്പോകാനുള്ള സ്ഥലം ഉണ്ടാകുമോ എന്തോ!

ഇപ്പോള്‍ പുസ്തകങ്ങളാണെന്റെ ഏക വൈക്കോല്‍ത്തുറുമ്പ്.

Monday, October 8, 2012

ഇനി ഞാന്‍ ഉണരട്ടെ....

പി. കെ. ബാലകൃഷ്ണന്റെ വിഖ്യാതമായ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിന്റെ തലക്കെട്ടിനോട് തോന്നുന്ന സാദൃശ്യം യാദൃശ്ചികമല്ല. പണ്ടെന്നോ വായിച്ചതാണെങ്കിലും അതിന്റെ വികാരതീവ്രമായ ഉള്ളടക്കം മനസ്സിന്റെ ഏതോ താഴ്വരകളില്‍ കൊഴിഞ്ഞുപോകാത്ത ഇതളുകളുമായി തലയാട്ടി നില്‍ക്കുന്നു. തന്റെ സീമന്തപുത്രനായ  കര്‍ണനെ നഷ്ടപ്പെട്ട കുന്തി സ്നുഷയായ ദ്രൌപദിയോട്  വിവരിക്കുന്ന കര്‍ണവൃത്താന്തമാണ്‌ പ്രതിപാദ്യം. മഹാഭാരതത്തിന്റെ കാലാതിശായിയായ നിലനില്പ് അതിനെ ആശ്രയിച്ചു നിര്‍മിച്ച രണ്ടാംനിര (രണ്ടാം തരമല്ല) പുസ്തകങ്ങള്‍ക്കും ദീര്‍ഘായുസ്സ് നല്‍കുന്നുണ്ട് – യയാതി, രണ്ടാമൂഴം എന്നിവ ഓര്‍ക്കാം. എല്ലാം കേട്ടുകഴിഞ്ഞ പാഞ്ചാലി അവസാനം പറയുന്ന വാക്കുകളാണ് ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്നത്.

ഇവിടെ സ്ഥിതി അല്പം വ്യത്യസ്തം. ഉറങ്ങിക്കിടക്കുന്ന വ്യക്തി ഉണര്‍ന്നെഴുന്നേല്‍ക്കലാണ്  നമ്മുടെ ഇതിവൃത്തം. ഈ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ചലനമറ്റു വണ്ടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സാങ്കേതികവിദഗ്ധര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഈ വാഹനം അനക്കാന്‍ സാധിച്ചില്ല. ‘വെള്ളാനകളുടെ നാട് ’ എന്ന ചിത്രത്തില്‍ കണ്ടതുപോലെ ആനയെക്കൊണ്ടുവരെ വലിപ്പിച്ചുനോക്കി, രക്ഷയില്ല. എന്‍ജിന് എന്താണ് കുഴപ്പമെന്ന് കണ്ടുപിടിക്കാനും സാധിച്ചില്ല. വണ്ടി ഓടിക്കേണ്ടയാള്‍ കോമയിലെന്നവണ്ണം ഗാനിദ്രയിലായിപ്പോയാല്‍ എന്തുചെയ്യാന്‍ സാധിക്കും?

എങ്കിലും അവസാനം ഒരു പരിഹാരമാകുന്നു. അയാള്‍ ഉറക്കമുണരുകയാണ്. നിശ്ചലതയുടെ കുറ്റിയില്‍ തളച്ചിട്ടിരുന്ന സ്വപ്നങ്ങളുടെ ചങ്ങല അഴിഞ്ഞുതുടങ്ങുന്നു. പുറംതോട് പൊളിച്ച്, കാത്തുനിന്നിരുന്ന ലോകത്തിന്റെ ഊഷ്മളതയിലേക്ക് ആ പക്ഷി മെല്ലെമെല്ലെ നടന്നുതുടങ്ങുന്നു. മറ്റൊരു പുലരി ഇതള്‍ വിരിക്കുകയായി. തുടുത്ത പ്രഭാതത്തില്‍ അയാള്‍ കണ്ണുതിരുമ്മി നാലുപാടും നോക്കുന്നു. അത്ഭുതങ്ങളില്‍ അത്ഭുതമെന്ന വണ്ണം ഒന്നും മാറിയിട്ടില്ല എന്നുകാണുന്നു. മുന്നില്‍ നീണ്ടുകിടക്കുന്ന പാളങ്ങളിലെ ഉരുക്ക് അയാളുടെ നിശ്ചയവുമായി ഇടകലരുന്നു. ബ്രേക് അയയുന്നു, വണ്ടി സാവധാനം മുന്നോട്ടുനീങ്ങുകയായി. അടുത്തുള്ളവയൊക്കെ പിന്നിലേക്കോടുകയും അകലെയുള്ളവയൊക്കെ കൂടെവരികയും ചെയ്യുന്ന യാത്ര തുടങ്ങുകയായി. അയാള്‍ തിരിഞ്ഞുനോക്കി… കൂടെയുണ്ടായിരുന്നവരെല്ലാം അവരവരുടെ സ്ഥാനങ്ങളിലുണ്ട്….മുന്നോട്ട്….. മുന്നോട്ട്….. മുന്നോട്ട്…..

Wednesday, October 3, 2012

വീണ്ടും ഉപ്പുതൂണ്‍

മറ്റൊരു യാത്രയുടെ ആരവം കൂടിയകന്നു. ഏര്‍ക്കാട്, മേട്ടൂര്‍ ഡാം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തി. സ്വയം ഡ്രൈവ് ചെയ്തുപോയതിന്റെ ക്ഷീണം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല. 3 ദിവസം കൊണ്ട് 839.4 കിലോമീറ്റര്‍ ഓടിതീര്‍ത്തു. അത് ഒരു വലിയ ദൂരമൊന്നുമല്ല, പക്ഷേ ചെറിയ ദൂരങ്ങള്‍ മാത്രം ശീലമാക്കിയ ഒരാള്‍ക്ക്‌ അങ്ങനെയല്ലല്ലോ. ഇത്രയും ദൂരം ഓടിക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ജീവിതം നീട്ടുന്ന വെല്ലുവിളികളെ നേരിടുമ്പോഴാണല്ലോ അത് സന്തോഷകരമാകുന്നത്. രണ്ടു രാത്രികള്‍ ചെലവഴിക്കാന്‍ മാത്രം ഏര്‍ക്കാട് ഒന്നുമില്ല എന്നറിഞ്ഞുതന്നെയാണ് പോയത്. ഓടിനടന്ന് സ്ഥലങ്ങള്‍ കാണല്‍ മാത്രമല്ല യാത്രയുടെ ഉദ്ദേശം. ഇടയ്ക്കൊക്കെ വഴിയരികില്‍ തളര്‍ന്നിരുന്നു പിന്നിട്ട വഴികളെക്കുറിച്ചുകൂടി ചിന്തിക്കണം. സംഭവിച്ചത്, സംഭവിക്കുമായിരുന്നത്‌ – ഇതെല്ലാം പുതിയ ഒരു അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കാന്‍ യാത്രകള്‍ സഹായിച്ചാല്‍ അത്രയുമായി. കടന്നു പോകുന്ന നിമിഷങ്ങളില്‍ ശരിയായി തിരിച്ചറിയപ്പെടാത്ത പല സംഭവങ്ങളും മുന്നോട്ടുള്ള യാത്രയുടെ പിന്നാമ്പുറക്കണ്ണാടിയിലൂടെ കാണുമ്പോഴാണ് അവ ജീവിതാനുഭവങ്ങളുടെ മധുരവും കയ്പ്പും ഇടകലര്‍ന്ന തളികയിലെ വിഭവങ്ങളാകുന്നത്.

മുന്‍പത്തെ യാത്രകള്‍ എത്ര മനോജ്ഞങ്ങളായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്‌. ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ച്, വെല്ലുവിളികള്‍ കൂട്ടായി നേരിട്ട്, പുതിയ നാടുകളെയും പുതിയ ആളുകളെയും ജിജ്ഞാസയോടെ മനസ്സിലാക്കി, അങ്ങനെയങ്ങനെ…..വയനാട്ടിലെ കുട്ടാ വന്യജീവിസങ്കേതത്തിലൂടെ രാത്രിയില്‍ നടത്തിയ ആ യാത്ര എന്നെങ്കിലും മറക്കാനാവുമോ? ശോഭയാര്‍ന്ന വര്‍ണരാജി പകര്‍ന്നുതന്നിരുന്ന പ്രിസം ആരുടെയോ കൈതട്ടി സ്ഥാനം മാറിപ്പോയി, ഇപ്പോള്‍ നരച്ച വെള്ളവെളിച്ചം മാത്രം നല്‍കുന്നുണ്ട്. ജീവിതം മുന്നോട്ടുപോകണം, ഗൃഹാതുരത്വത്തിന്റെ തപ്തസ്മരണകള്‍ ചിതറിക്കിടക്കുന്ന നാട്ടുവഴികളിലൂടെ. തിരിഞ്ഞുനോക്കാതെ മുന്നോട്ടുതന്നെ പോകണം, പോയേ പറ്റൂ.  ഇതെല്ലാമറിഞ്ഞിരുന്നിട്ടും എന്തിനു വെറുതെ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യത്തെപ്പറ്റി ചിന്തിച്ച് വേദന നിറച്ചുവെക്കുന്നു? എന്തിനു വെറുതെ തിരിഞ്ഞു നോക്കിനോക്കി സംശയിച്ചുതന്നെ നില്‍ക്കുന്നു? യഹോവയുടെ ആജ്ഞ ധിക്കരിച്ച് കടന്നുപോയ വഴികള്‍ തിരിഞ്ഞുനോക്കി ഉപ്പുതൂണായി മാറിപ്പോയ ഉല്പത്തിപുസ്തകത്തിലെ ലോത്തിന്റെ ഭാര്യയെപ്പോലെ?