Tuesday, October 23, 2018

എട്ടാമത്തെ മോതിരം

പ്രചാരത്തിൽ ഭാരതത്തിൽ ആറാം സ്ഥാനത്തും ഹിന്ദി ഒഴികെയുള്ള നാട്ടുഭാഷാ പത്രങ്ങളിൽ ഒന്നാമതായും സ്ഥിതി ചെയ്യുന്ന പത്രമാണ് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാള മനോരമ. തീരെ പരിമിതമായ ചുറ്റുപാടുകളിൽനിന്ന് കഠിനാദ്ധ്വാനം മൂലം ഉയർന്നുവന്നിട്ടുള്ള ഈ പത്രം ഇടയ്ക്കൊരിക്കൽ ഭരണാധികാരികളുടെ അപ്രീതിക്കു പാത്രമായതിനാൽ ഒൻപതുവർഷത്തോളം പൂട്ടിയിടേണ്ടതായും വന്നിട്ടുണ്ട്. 1888-ൽ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള തിരി കൊളുത്തിയ ഈ സ്ഥാപനത്തെ പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ കെ. സി. മാമ്മൻ മാപ്പിളയും കുടുംബവുമാണ് ഉന്നതിയിലെത്തിച്ചത്. മാമ്മൻ മാപ്പിളയുടെ മകനായ ശ്രീ. കെ. എം. മാത്യുവിന്റെ ഭരണകാലത്താണ് മനോരമ അതിന്റെ പ്രശസ്തിയുടേയും സമ്പത്തിന്റേയും അത്യുന്നതപടവുകളിൽ എത്തിയത്. ഏകദേശം എട്ടു പതിറ്റാണ്ടുകളിലായി നീളുന്ന തന്റെ വിശാലമായ അനുഭവസമ്പത്ത് ഒളിമങ്ങാത്ത ഓർമ്മകളിലൂടെ വായനക്കാരുമായി കെ. എം. മാത്യു പങ്കുവെക്കുകയാണ് ഈ കൃതിയിലൂടെ ചെയ്യുന്നത്.

മനോരമ കുടുംബത്തിന്റെ ഏറ്റവും തിക്തമായ സ്മരണ 1938-ൽ അവരുടെ നിയന്ത്രണത്തിലായിരുന്ന ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്ക് തകർന്നതും അതിന്റെ പ്രത്യാഘാതമായി മനോരമ കണ്ടുകെട്ടിയതും തുടർന്ന് മാമ്മൻ മാപ്പിള തടവിലായതുമാണ്. അതിനു കാരണക്കാരനായത് സമർത്ഥനെങ്കിലും ഏകാധിപത്യപ്രവണതയുണ്ടായിരുന്ന തിരുവിതാംകൂർ ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരും. സി. പി.ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും അമ്പുകൾ നീളുന്നുണ്ട്, നിരവധി അദ്ധ്യായങ്ങൾ ഈ വിഷയത്തിനായി നീക്കിവെച്ചിട്ടുമുണ്ട്. ബാങ്കിനെ പൊളിക്കാനായി നിക്ഷേപകരെ കുത്തിയിളക്കി 'റൺ' ഉണ്ടാക്കിയത് സി.പി ആയിരുന്നുവെന്ന് മാത്യു ആരോപിക്കുന്നു. ബാങ്കിനെതിരെ ചെന്നൈയിൽ അദ്ദേഹം ഗുണ്ടകളേയും ഇറക്കിയെന്ന വാദം എത്രകണ്ട് ശരിയാണെന്നറിയില്ല. എന്നാൽ എന്തുകൊണ്ടാണ് ദിവാൻ മനോരമക്കെതിരെ തിരിഞ്ഞതെന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നമുക്കു ലഭിക്കുന്നുമില്ല. നിവർത്തന പ്രക്ഷോഭത്തിന് പത്രം നൽകിയ പിന്തുണയാണ് അതിനുകാരണമെന്ന ഗ്രന്ഥകാരന്റെ വാദം ഏതായാലും ശരിയല്ല. ആ പ്രക്ഷോഭത്തെ മനോരമയേക്കാൾ നെഞ്ചിലേറ്റിയ കേരളകൗമുദി കുഴപ്പമൊന്നും കൂടാതെ നിലനിന്നുവല്ലോ. മാത്രവുമല്ല, ഭരണകൂടത്തോട് മനോരമ എല്ലായ്പ്പോഴും ശത്രുത പുലർത്തിയിരുന്നുമില്ല. മനോരമയുടെ ബാങ്കിന്റെ ദേവികുളം ശാഖ ഉത്‌ഘാടനം ചെയ്തത് സി.പി.ക്കുമുമ്പ് ദിവാനായിരുന്ന വി. എസ്. സുബ്രമണ്യയ്യരായിരുന്നുവെന്നത് ഇതിനു തെളിവാണ്. പ്രിവി കൗൺസിൽ വരെ പോയ അപ്പീലുകൾ തള്ളിപ്പോയതും, ഗാന്ധിജി പോലും എതിരായതുമൊക്കെ സി.പി.യുടെ ചരടുവലി മൂലമാണെന്ന കുറ്റപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കുന്നതല്ല. അതിന്റെ പേരിൽ ദിവാനുനേർക്ക് വ്യക്തിപരമായ അധിക്ഷേപങ്ങളും പുസ്തകം നിരത്തുന്നു. സി.പി.യുടെ സുഹൃത്തുക്കളായ വ്യവസായികളെ തിരുവിതാംകൂറിൽ വ്യവസായം നടത്താൻ ക്ഷണിച്ചുകൊണ്ടുവന്നതിൽ അഴിമതിയും ക്ഷേത്രപ്രവേശനം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തന്നിൽ പതിപ്പിക്കാനുള്ള കള്ളലാക്കുമാണ് ലേഖകന്റെ പ്രധാന ആരോപണങ്ങൾ. എന്നാൽ മൂന്നുവർഷത്തെ തടവിനുശേഷം ശിക്ഷാകാലാവധി തീരുന്നതിനുമുമ്പേ മാമ്മൻ മാപ്പിളയെ സി.പി തന്നെ മോചിപ്പിച്ചതും തിരുവിതാംകൂർ വിടുന്നതിനുമുമ്പ് 1947 ഫെബ്രുവരിയിൽ പത്രത്തിന്റെ ലൈസൻസ് പുനഃസ്ഥാപിച്ചതും ഗ്രന്ഥകർത്താവിന്റെ വിചാരധാരയിലെ വിശദീകരിക്കപ്പെടാത്ത അദ്ധ്യായങ്ങളാണ്.

മാറുന്ന സാംസ്കാരികമൂല്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന നിറപ്പകിട്ടിൽ നമ്മുടെ തനതായ സംസ്കാരത്തിന്റെ ആധാരശിലയായ കുടുംബബന്ധങ്ങളുടെ മാറ്റുകുറയുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇതിനെ വെല്ലുവിളിക്കത്തക്കവിധം ഉദാത്തമായ മാതൃകയാണ് കെ. എം. മാത്യുവിന്റെ സുദൃഢമായ കുടുംബബന്ധങ്ങൾ. ശതകോടികളുടെ സ്വത്തുവകകൾ കൈകാര്യം ചെയ്യുമ്പോഴും പരസ്പരസ്നേഹവും സഹായമനസ്ഥിതിയും പ്രദർശിപ്പിക്കുന്ന സഹോദരങ്ങൾ അസൂയാർഹമാംവിധം നമ്മുടെ സമൂഹത്തിന് അനുകരണീയവ്യക്തിത്വങ്ങളാണ്. സ്നേഹവും വാത്സല്യവും ബഹുമാനവും സ്ഫുരിക്കുന്ന രീതിയിൽ മാത്രമേ ഗ്രന്ഥകാരൻ തന്നേക്കാളിളയ കുടുംബാംഗങ്ങളെപ്പോലും പരാമർശിക്കുന്നുള്ളൂ. അപ്പോഴൊക്കെ അദ്ദേഹം തനി കോട്ടയംകാരൻ മാത്തുക്കുട്ടിച്ചായനായി മാറുകയും ചെയ്യുന്നു. പുസ്തകത്തിന്റെ ശീർഷകം പോലും സ്വന്തം പിതാവ് നൽകിയ സ്വർണ്ണമോതിരത്തിന്റെ സ്മരണയുണർത്തുന്നതാണ്. മക്കൾക്കെല്ലാം കൊടുത്തവകയിൽ ഒൻപതു മക്കളിൽ എട്ടാമനായ കെ. എം. മാത്യുവിന് ലഭിച്ച മോതിരമാണ് 'എട്ടാമത്തെ മോതിരം'. മനോരമയിലെ ജീവനക്കാരെക്കുറിച്ചും അദ്ദേഹം ഒരു മാതൃകാ ജോലിദാതാവിന്റെ മട്ടിൽത്തന്നെ വിവരിക്കുന്നുണ്ട്. പല ഭാഗങ്ങളിലും ദാരിദ്ര്യാഭിനയം നടത്തുന്നു എന്ന് വായനക്കാർ സംശയിക്കുന്ന പരാമർശങ്ങൾ നിരവധിയുണ്ട്. ബാങ്ക് തകർച്ച, മനോരമയുടെ പൂട്ടിപ്പോകൽ, മാമ്മൻ മാപ്പിളയുടെ ജയിൽവാസം എന്നിങ്ങനെ കുടുംബഭദ്രത തകർക്കുന്ന തിരിച്ചടികൾ ഏറ്റുവാങ്ങുമ്പോൾപ്പോലും ആയിരക്കണക്കിന് ഏക്കർ തോട്ടവും കൃഷിഭൂമികളും സ്വന്തമായുള്ള, ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് ജനറൽ മാനേജരായിട്ടുള്ള എസ്റ്റേറ്റ് ഭരിക്കുന്ന, ഒരു കുടുംബത്തിന്റെ ദാരിദ്ര്യനാട്യങ്ങൾ സാധാരണക്കാരനായി അഭിനയിക്കാൻ ലേഖകൻ നടത്തുന്ന ശ്രമമായി മാത്രമേ കാണേണ്ടതുള്ളൂ. അദ്ദേഹത്തിന്റെ കസിൻ മാത്തുള്ളയെ കേന്ദ്രധനമന്ത്രിയാക്കാൻ നെഹ്‌റുവിന് താല്പര്യമുണ്ടായിരുന്നെങ്കിലും നടക്കാതെ പോയി എന്ന പരാമർശം സ്വതന്ത്ര സ്ഥിരീകരണം ആവശ്യപ്പെടുന്ന ഒന്നാണ്.

എട്ടു പതിറ്റാണ്ടുകളിലെ കേരളസമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പരിച്ഛേദമായിരിക്കും ഈ കൃതി എന്ന ധാരണയിൽ ഇതു വായിക്കുന്നവർ നിരാശരാകുകയേയുള്ളൂ. വ്യക്തിപരമായ അംശത്തിനാണ് ഗ്രന്ഥകാരൻ കൂടുതൽ പ്രാധാന്യം നൽകുന്നത്, പിന്നെ മനോരമയുടെ വിജയഗാഥക്കും. പത്രപ്രസിദ്ധീകരണരംഗത്തെ വിവാദമായേക്കാവുന്ന അനുഭവകഥകൾ വിവരിക്കുന്നതിലും അദ്ദേഹം പിശുക്കു കാണിക്കുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. മനോരമ പല്ലും നഖവും ഉപയോഗിച്ച് പങ്കെടുത്ത 1957-ലെ വിമോചനസമരം കേവലം ഒരു പേജിൽ ഒതുക്കിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെ രണ്ടുവർഷക്കാലം അബോധാവസ്ഥയിൽ തളച്ചിട്ട അടിയന്തരാവസ്ഥക്ക് നീക്കിവെച്ചിരിക്കുന്നത് രണ്ടുപേജ് മാത്രമാണ്. മനോരമ മുമ്പേതന്നെ കോൺഗ്രസ്സിന്റെ കാഹളമായി പ്രവർത്തിച്ചുവരികയായിരുന്നതിനാൽ അടിയന്തരാവസ്ഥക്കാലത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും നടപ്പിലാക്കേണ്ടി വന്നില്ല. എതിർത്താൽ പത്രം പൂട്ടിപ്പോവുകയും ജീവനക്കാർ പട്ടിണിയാവുകയും ചെയ്യുമായിരുന്നതുകൊണ്ടാണ് മനോരമ അതിനോട് സഹകരിച്ചത് എന്ന വാദം ബാലിശമായിപ്പോയി. അക്കാലത്ത് മലപ്പുറത്തെ വെട്ടുക്കിളിശല്യവും തിരുവനന്തപുരത്ത് ഈനാംപേച്ചിയെ പിടിച്ചതുമൊക്കെയായിരുന്നുവല്ലോ മനോരമയുടെ ഒന്നാം പേജ് വാർത്തകൾ!

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ettamathe Mothiram' by K M Mathew
ISBN: 9788126418527

Tuesday, October 9, 2018

ചെ ഗുവേരയുടെ ചരമ വാർഷികം

തടവിലാക്കപ്പെട്ട ചെ ഗുവേര
ഏണസ്റ്റോ ഗുവേര എന്ന ചെ ഗുവേര...

ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ ഈ പ്രതിപുരുഷൻ ബൊളീവിയൻ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ടതിന്റെ (1967 ഒക്ടോബർ 9) അൻപത്തിയൊന്നാം വാർഷികം ഇന്ന്...

വീരപരിവേഷമുള്ള ഈ കമ്യൂണിസ്റ്റുകാരന്റെ കൈകൾ ചോരയുടെ ഗന്ധം വിട്ടുമാറാത്തതാണ്. ക്യൂബൻ വിപ്ലവത്തെ എതിർത്തു എന്ന ഒറ്റക്കാരണത്താൽ നൂറുകണക്കിന് നിരപരാധികളെയാണ് 'വർഗ്ഗശത്രുക്കൾ' എന്നു മുദ്രകുത്തി ഹവാനയിലെ ലാ കബാന ജയിലിൽ ചെ സ്വന്തം തോക്കുകൊണ്ട് വകവരുത്തിയത്.

അപ്പോൾ അവരുടെ കൈകൾ പിന്നിലേക്ക് വരിഞ്ഞുകെട്ടിയിരിക്കുകയായിരുന്നു. ചെയുടെ രക്തദാഹം പൂണ്ട കണ്ണുകളെ നേരിടാനാകാതെ അവരുടെ തലകൾ താഴ്ന്നിരിക്കുകയായിരുന്നു.

"നീക്കം ചെയ്യപ്പെട്ട ഭരണകൂടത്തെക്കുറിച്ച് നിങ്ങൾക്ക് നല്ലതെന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളും വധശിക്ഷക്കർഹനാണ്" എന്ന ചെയുടെ വികലമായ സിദ്ധാന്തം കാസ്ട്രോയുടെ കൊലയാളികൾ ഭ്രാന്തമായ ആവേശത്തോടെ നടപ്പാക്കിക്കൊണ്ടിരുന്ന കാലം.

അഭിപ്രായസ്വാതന്ത്ര്യം കാസ്ട്രോയുടെ ക്യൂബയിൽ ക്രൂരമായ ഒരു തമാശ മാത്രമായിരുന്നു..!

തടവിലാക്കപ്പെട്ട ചെ ഗുവേര
എന്നാൽ ബൊളീവിയയിൽ വിപ്ലവം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചെ ഗുവേര എന്ന സിംഹം ആറുമാസത്തിനുള്ളിൽ ബൊളീവിയൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ടതോടെയാണ് പൂച്ചയായി മാറിയത്.

"എന്നെ വെടിവെക്കരുത്. ഞാൻ ചെ ഗുവേരയാണ്. മരിച്ച ചെയേക്കാൾ ജീവനുള്ള എന്നെയായിരിക്കും നിങ്ങൾക്ക് കൂടുതൽ പ്രയോജനം" (Don't shoot me. I am Che Guevara and worth more to you alive than dead) എന്നായിരുന്നുവത്രേ സൈന്യത്തിനുമുന്നിൽ നിരുപാധികം കീഴടങ്ങുമ്പോൾ ആ 'മഹാവിപ്ലവകാരിയുടെ' വാക്കുകൾ!

വധശിക്ഷ നിരോധിക്കപ്പെട്ടിരുന്ന ബൊളീവിയയിൽ തന്നെ വിചാരണക്കുശേഷം തടവിലിടുമെന്നും അവിടെനിന്ന് എങ്ങനെയെങ്കിലും പുറത്തുചാടാമെന്നും ആയിരുന്നിരിക്കും പാവം ചെ വിചാരിച്ചത്. 1917-ൽ സാർ ചക്രവർത്തിയുടെ റഷ്യയിൽ ലെനിനും 1955-ൽ ബാറ്റിസ്റ്റയുടെ ക്യൂബയിൽ കാസ്ട്രോയും തടവിൽനിന്ന് രക്ഷപ്പെട്ടതുപോലെ!

എതിരാളികളുടെ സൗമനസ്യവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും എന്നും കമ്യൂണിസ്റ്റുകൾക്ക് വളമായിരുന്നു.

ചെയുടെ മൃതശരീരം ദർശനത്തിനു വെച്ചപ്പോൾ
എന്നാൽ ബൊളീവിയൻ പ്രസിഡന്റ് റെനേ ബാരിയന്റോസ് ദയ കാണിക്കാനുള്ള മൂഡിലായിരുന്നില്ല. കീഴടങ്ങി 24 മണിക്കൂറിനുള്ളിൽ ചെ ഗുവേരയെ സൈനികർ വെടിവെച്ചുകൊന്നു. ലാ കബാനയിൽ കുരുതികൊടുക്കപ്പെട്ട ആയിരക്കണക്കിന് ആത്മാക്കൾക്ക് നീതി ലഭ്യമായി.

ചെയുടെ സഞ്ചി പരിശോധിച്ച സൈന്യത്തിന് ഒരു സ്വർണഖനിയാണ് കയ്യിൽ വന്നത്. അദ്ദേഹത്തിന്റെ വിശദമായ ഡയറി, ബൊളീവിയയിലെ കമ്യൂണിസ്റ്റ് അനുഭാവികളുടെ മേൽവിലാസമടങ്ങിയ നോട്ടുബുക്ക്, രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിനുള്ള കോഡുകൾ അടങ്ങിയ പുസ്തകം, അയച്ചതും ലഭിച്ചതുമായ സന്ദേശങ്ങൾ എഴുതിവെച്ച പുസ്തകങ്ങൾ - ഇവയെല്ലാം അതിലുണ്ടായിരുന്നു, പിന്നീട് കഴിക്കാൻ കരുതിവെച്ച അഞ്ചു പുഴുങ്ങിയ മുട്ടകൾ ഉൾപ്പെടെ! ആ രേഖകളിൽ പേരുണ്ടായിരുന്നവരെയെല്ലാം ബൊളീവിയൻ ഭരണകൂടം ക്രൂരമായി വേട്ടയാടി.

കീഴടങ്ങുന്നതിനുമുമ്പ് ചെ ഗുവേര എന്തുകൊണ്ടീ പുസ്തകങ്ങൾ നശിപ്പിച്ചില്ല എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഒരു പക്ഷേ, ഇത്രയും വിലപ്പെട്ട വിവരങ്ങൾ സൈന്യത്തിന് നൽകിയാൽ തന്റെ ജീവൻ രക്ഷപ്പെടുത്താമെന്ന് പാവം വിപ്ലവകാരി വ്യാമോഹിച്ചുകാണും!

ലാൽ സലാം, ചെ ഗുവേര..!!

Friday, October 5, 2018

മധ്യദേശത്തെ ചരിത്രപഥങ്ങൾ

മധ്യപ്രദേശിലേക്കുള്ള സാമാന്യം ദീർഘമായ ഒരു വിനോദയാത്രയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. ഖജുരാഹോ ഒഴിച്ചാൽ അവിടത്തെ മിക്ക സ്ഥലങ്ങളും വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിൽനിന്ന് തീവണ്ടിമാർഗ്ഗം ഇൻഡോറിലെത്തി അവിടെനിന്ന് ഉജ്ജയിൻ, മാണ്ഡവം, ഭോപ്പാൽ, വിദിശ, സാഞ്ചി, ഖജുരാഹോ, ഓർച്ഛ, ഝാൻസി, ഗ്വാളിയർ എന്നീ സ്ഥലങ്ങളും ഗ്രന്ഥകർത്താവ് സന്ദർശിക്കുന്നു. കുടുംബസമേതമുള്ള ഈ യാത്രയിൽ താൻ എത്തിപ്പെടുന്ന പട്ടണങ്ങളുടെ ഹൃദയമിടിപ്പ് വായിച്ചെടുക്കാൻ ലേഖകൻ കാര്യമായി ശ്രമിക്കുന്നു. സെക്രട്ടേറിയറ്റിൽ നിന്ന് അണ്ടർ സെക്രട്ടറിയായി വിരമിച്ച ശ്രീ. രാധാകൃഷ്ണൻ ചെറുവല്ലി ഇടതുപക്ഷ തൊഴിലാളി യൂണിയന്റെ നേതാവ് കൂടിയാണ്. പുസ്തകത്തിന്റെ പ്രസാധകർ കൂടിയായ ചിന്ത പബ്ലിഷേഴ്സിന്റെ സബ് എഡിറ്ററുമാണ് അദ്ദേഹമിപ്പോൾ.

ഒരു പാക്കേജ് ടൂറിന്റെ അച്ചടിച്ച യാത്രാപരിപാടി പോലെ ശുഷ്കമാണ് പുസ്തകത്തിന്റെ കാതൽ. വിക്കിപീഡിയയിലും മറ്റു സൈറ്റുകളിലും ലഭ്യമായ ചരിത്രവസ്തുതകൾ വിവരിച്ചുകൊണ്ട് വൈരസ്യം അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ടൂർ ഗൈഡിന്റെ അബദ്ധജടിലമായ ചരിത്രവിവരണത്തോളം പോലും വായനക്കാരെ സ്പർശിക്കാൻ ചെറുവല്ലിക്ക് സാധിക്കുന്നില്ല. ഒരു സഞ്ചാരി തനിക്കുചുറ്റും ചുരുളഴിയുന്ന സംഭവങ്ങളെ നിരീക്ഷിക്കുകയാണ് വേണ്ടത്, എന്നാൽ ലേഖകൻ നടത്തുന്നത് വിധിപ്രസ്താവങ്ങളാണ്. എന്തിലും പരാതി മാത്രമായി നടക്കുന്നവർക്ക് ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല. 'എല്ലാറ്റിലും മീതെ ഞാൻ' എന്ന ഭാവം ഒരിടത്തും നമുക്ക് ഗുണം ചെയ്യില്ല - പ്രത്യേകിച്ചും സ്വന്തം വീടിനു പുറത്ത്.

ചിന്ത പബ്ലിഷേഴ്സിന്റെ പുസ്തകമാണിതെങ്കിലും യാത്രാവിവരണമായതിനാൽ അതിൽ രാഷ്ട്രീയം തിരുകിക്കയറ്റുമോ എന്നു സംശയിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നു പറയേണ്ടിവരും. മധ്യപ്രദേശിലെ റോഡുകൾ, തെരുവുകൾ, ജനങ്ങൾ, അവരുടെ സാമൂഹ്യബന്ധങ്ങൾ - എല്ലാറ്റിനെക്കുറിച്ചും ഗ്രന്ഥകാരന് പുച്ഛം മാത്രമേയുള്ളൂ. തീവണ്ടിയാത്രാമദ്ധ്യേ ഒരു അർജന്റീനക്കാരനെ കണ്ടെത്തിയതിനാൽ ചെ ഗുവേരയെക്കുറിച്ച് ഒരു ലഘുപ്രഭാഷണവും ഉൾക്കൊള്ളിച്ചിരിക്കുന്നു. യാത്രക്കിടെ ഒരിടത്ത് അമിതകൂലി ചോദിച്ച ഒരു ഓട്ടോറിക്ഷ ഡ്രൈവറെ യാത്രക്കാരൻ മർദ്ദിക്കുന്നത് അദ്ദേഹം കാണുന്നുണ്ട്. തുടർന്ന് തൊഴിലാളിയെ തല്ലിയതിൽ ധാർമികരോഷം പതഞ്ഞുപൊങ്ങുകയും ചുവന്ന കൊടി പറക്കുന്ന ഒരിടത്ത് ഇതു നടക്കുമോ എന്നാശ്ചര്യം കൊള്ളുകയും ചെയ്യുന്നു. ശരിയാണ്, അത്തരം സ്ഥലങ്ങളിൽ തൊഴിലാളി ആവശ്യപ്പെടുന്നതുകൊടുത്ത് മിണ്ടാതിരുന്നില്ലെങ്കിൽ അവന്റെ കുടുംബം പോലും കുളംതോണ്ടുന്ന അവസ്ഥയാണല്ലോ. ഒന്നാം സ്വാതന്ത്ര്യസമരത്തെ പിന്നിൽ നിന്നുകുത്തിയ ഗ്വാളിയറിലെ സിന്ധ്യ രാജാക്കന്മാർ ഇന്ന് കോൺഗ്രസിലും ബി.ജെ.പിയിലുമാണ് പ്രവർത്തിക്കുന്നതെന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. എങ്ങനെയുണ്ട് യാത്രാവിവരണം? അവിടങ്ങളിൽ ചെറുവല്ലിയുടെ പാർട്ടിയുടെ പൊടിപോലും കണ്ടുപിടിക്കാൻ സാധിക്കാത്തതുകൊണ്ടാണ് അവർ അതിൽ പ്രവർത്തിക്കാത്തത് എന്നതല്ലേ പരമാർത്ഥം? കേരളത്തിലെ തമ്പുരാക്കളിൽ നല്ലൊരു പങ്ക് പ്രിവി പേഴ്സ് ഇന്ദിരാഗാന്ധി നിർത്തലാക്കിയതോടെ കോൺഗ്രസ്സിനെ കൈവിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയതോർക്കുക. എന്നാൽ ആരാണിത് ചോദിക്കുന്നതെന്നു ചിന്തിക്കുമ്പോഴാണ് തമാശ മുഴുവനായി അനുഭവപ്പെടുക. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പക്ഷത്തുനിന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ വേട്ടയാടിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സഹയാത്രികനാണ് സിന്ധ്യകളെ തെറി വിളിക്കുന്നതെന്നോർമ്മിക്കുമ്പോൾ മന്തുകാലന്റെ ഉപമ വായനക്കാരുടെ മനസ്സിലെത്തും.

ഇതെല്ലാം പോട്ടെന്നു വെക്കാം. ചിന്ത പ്രസിദ്ധപ്പെടുത്തുന്ന ഒരു പുസ്തകത്തിൽ കമ്യൂണിസ്റ്റുകളെ സുഖിപ്പിക്കാൻ എന്തെങ്കിലുമൊക്കെ തട്ടിവിടുന്നത് ഗുരുതരമായ തെറ്റൊന്നുമല്ല. എന്നാൽ ചരിത്രത്തെ വളച്ചൊടിക്കാൻ നടത്തുന്ന ശ്രമം ഗ്രന്ഥകർത്താവിന് ഭൂഷണമല്ല. സംഘപരിവാർ സംഘടനകൾ മറാത്തകൾ, രജപുത്രർ എന്നിവരുടെ വീരകഥകൾ വാഴ്ത്തിപ്പാടുമ്പോൾ ഇടതു ചരിത്രകാരന്മാർ അഫ്‌ഗാനികൾ, ദില്ലി സുൽത്താന്മാർ, മുഗളർ എന്നിവരെയാണ് തലയിലേറ്റി കൊണ്ടുനടക്കുന്നത്. രണ്ടു ചിന്താഗതികളും ഒരുപോലെ അബദ്ധം നിറഞ്ഞതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ മാണ്ഡവം ഭരിച്ച ഗിയാസുദ്ദീൻ ഖിൽജി എന്ന കാമഭ്രാന്തനായ സുൽത്താൻ തന്റെ അന്തപുരത്തിൽ നാനാജാതി മതസ്ഥരായ 15000 സുന്ദരിമാരെ ശേഖരിച്ചു സൂക്ഷിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ ചെറുവല്ലി ഇതിനെ കാണുന്നത് നേരെ തിരിച്ചാണ്. "അസാധാരണമാംവിധം സ്ത്രീകളെ സ്നേഹിച്ച ആ രാജാവ് 15000 സ്ത്രീകളെ വിവിധ കൊട്ടാരങ്ങളിലായി പാർപ്പിച്ചു" എന്നാണദ്ദേഹത്തിന്റെ മതം (പേജ് 53). രാജാക്കന്മാർ വെപ്പാട്ടികളെ ശേഖരിക്കുന്നത് സ്നേഹം കൂടിപ്പോയതുകൊണ്ടാണെന്നുള്ള ആ ഒറ്റ അഭിപ്രായം മതി ഇത്തരം എഴുത്തുകാരുടെ ബൗദ്ധിക ദാസ്യവും ആശയപരമായ സത്യസന്ധതയില്ലായ്മയും വെളിപ്പെടാൻ! എന്നാൽ ഇത് അദ്ദേഹത്തിനും അറിയാത്ത വസ്തുതയൊന്നും ആയിരിക്കില്ല. പാർട്ടി മഹത്വവൽക്കരിക്കുന്ന സുൽത്താന്മാരെക്കുറിച്ച് എന്തെങ്കിലും എഴുതിപ്പിടിപ്പിച്ച് സ്വന്തം കരിയർ അപകടത്തിലാക്കാൻ ഗ്രന്ഥകാരൻ തുനിയുന്നില്ല എന്നു കരുതിയാൽ മതി.

പുറംചട്ടകൾക്കിടയിൽ വിരസത മാത്രം ഒളിപ്പിച്ച ഈ പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Madhyadeshathe Charithrapathangal' by Radhakrishnan Cheruvally
ISBN: 9789383155217