Friday, July 22, 2022

മാടമ്പള്ളിയിലെ മനോരോഗികൾ

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവമാണ് മസ്തിഷ്‌കം. അതിന്റെ പ്രവർത്തനത്തെയാണ് നാം മനസ്സ് എന്നുവിളിക്കുന്നത്. ഇതിലെ നാഡീകോശങ്ങളിലൂടെ പ്രവഹിക്കുന്ന നേർത്ത വൈദ്യുതതരംഗങ്ങളാണ് ഒന്നൊഴിയാതെ എല്ലാ ശരീരപ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത്. ജന്മനാ ക്ഷതം സംഭവിച്ചതിനാലോ മറ്റോ മസ്തിഷ്കത്തിന്റെ സൂക്ഷ്മപ്രവർത്തനങ്ങളിൽ വ്യതിയാനം സംഭവിച്ചാൽ വിചിത്രമായ അവസ്ഥാവിശേഷങ്ങൾ സ്ഥൂലശരീരത്തിൽ പ്രകടമാവുന്നു. മനസ്സിന്റെ വികലതകളും പ്രത്യേകതകളും അനാവരണം ചെയ്യുന്നതാണീ കൃതി. ഒരു സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നയാളാണ് ഗ്രന്ഥകാരനായ റോബിൻ. കെ. മാത്യു. അദ്ദേഹത്തിന്റെ ഡോക്ടർ ബിരുദം മനഃശാസ്ത്രത്തിൽ ഗവേഷണത്തിനു ലഭിച്ചതാണ്. കമ്പ്യൂട്ടർ സയൻസിലും അദ്ദേഹം ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മലയാളത്തിൽ മുൻപുവന്നിട്ടുള്ള മനഃശാസ്ത്രലേഖനങ്ങൾ കേസ് ഡയറികളുടെ വിവരണങ്ങൾ മാത്രമായിരുന്നുവെന്നും മനസ്സിന്റെ കളികളുടെ പിന്നിലുള്ള ശാസ്ത്രം ഊർജസ്വലമായ ഭാഷയിൽ വിവരിക്കുന്നുവെന്ന അവകാശവാദവുമായിട്ടാണ് ഈ പുസ്തകം നമ്മെത്തേടിയെത്തുന്നത്.

പുസ്തകത്തിന്റെ ആദ്യഭാഗം വളരെ രസകരമായ വിധത്തിൽ ജ്യോതിഷികളും വാരഫലപ്രവാചകരും ജനങ്ങളെ വഞ്ചിക്കുന്ന രീതികൾ വിശദീകരിച്ചുതരുന്നു. എല്ലാവർക്കും എല്ലായ്പ്പോഴും സത്യമായി അനുഭവപ്പെടുന്ന പരസ്പരവിരുദ്ധമായ വസ്തുതകൾ തന്ത്രപൂർവം കൂട്ടിയിണക്കിയാണ് ഇത് സാധിച്ചെടുക്കുന്നത്. ഉദാഹരണമായി 'നിങ്ങൾ പങ്കാളിയെ വളരെയധികം സ്നേഹിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്' എന്ന വാചകം നോക്കുക. ഇത് എല്ലാ നക്ഷത്രക്കാർക്കും എല്ലാ മാസങ്ങളിലും ശരിയാകാൻ സാദ്ധ്യതയുള്ളതല്ലേ? സമൂഹമനഃശാസ്ത്രത്തെ അപഗ്രഥിക്കുന്ന ഈ ഭാഗത്തിനുശേഷം വ്യക്തികളുടെ മനോനിലകൾ പരിശോധിക്കുമ്പോൾ അവയിൽ കാണുന്ന വ്യതിയാനങ്ങളും പ്രവചനങ്ങൾക്കുവഴങ്ങാത്ത സ്വഭാവവുമൊക്കെയാണ് രണ്ടാം ഭാഗത്തിൽ കാണുന്നത്. ഇത് വളരെയൊന്നും താല്പര്യജനകമല്ല. കുറെയൊക്കെ അറിയപ്പെട്ട രോഗാവസ്ഥകളെക്കുറിച്ചുള്ള വിവരണങ്ങൾ സാധാരണ കാണപ്പെടുന്നവയല്ലതാനും. സ്വയം ഒരു മൃഗമാണെന്നു കരുതുന്ന മാനസികാവസ്ഥ എത്ര അപൂർവമായ ഒന്നായിരിക്കും? ഇതിൽ പരാമർശിക്കുന്ന ഒരു മനോരോഗം അതാണ്. ഒരു സൈക്കോളജിസ്റ്റ് ചുറ്റുപാടിൽ നിന്നുകൊണ്ട് എഴുതിയിരിക്കുന്ന ഈ ഭാഗം നിരാശപ്പെടുത്തി. അങ്ങനെ നോക്കുമ്പോൾ ആദ്യഭാഗം യുക്തിവാദ പുസ്തകങ്ങളിലാണ് കാണപ്പെടേണ്ടതെന്നും ഇത്തരമൊരു മനഃശാസ്ത്ര ഗ്രന്ഥത്തിലല്ലെന്നും മനസ്സിലാക്കാം.

മനഃശാസ്ത്രം കുറെയൊക്കെ വ്യക്തിനിഷ്ഠമായ ഒരു ശാസ്ത്രശാഖയാണ്. അസംഖ്യം വ്യക്തികളിൽ നടത്തപ്പെടുന്ന പരീക്ഷണ-നിരീക്ഷണങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനങ്ങൾക്കുശേഷം ആ രംഗത്തെ വിദഗ്ധരുടെ പരിശോധനകൾ കഴിഞ്ഞതിനുശേഷമേ തെളിയിക്കപ്പെട്ടതായി കണക്കാക്കാൻ പാടുള്ളൂ. എന്നാലിവിടെ ഗ്രന്ഥകാരൻ ഒന്നോ രണ്ടോ മനഃശാസ്ത്രപരീക്ഷണഫലങ്ങളെ ആധികാരികമായി തെളിയിക്കപ്പെട്ടതാണെന്ന അഭിപ്രായത്തോടെ അവതരിപ്പിക്കുന്നു. ഇടകലർത്തിയിരിക്കുന്ന നിരവധി വസ്തുക്കളിൽ ഏഷ്യൻ വംശജർ പ്രധാനവസ്തുവിനെ കൂടാതെ അതിനു ചുറ്റുമുള്ളവയേയും ശ്രദ്ധിക്കുന്നു എന്നു കണ്ടെത്തിയ പഠനം ഇത്തരത്തിൽ ഒന്നാണ്. വൈദ്യുതകാന്തിക തരംഗങ്ങൾ മസ്തിഷ്കത്തിൽ ഉണ്ടാക്കുന്ന പ്രഭാവം മൂലം മനുഷ്യർക്ക് അദൃശ്യശക്തികളുടെ സ്വാധീനം അനുഭവപ്പെടാറുണ്ട് എന്ന് കനേഡിയൻ ശാസ്ത്രജ്ഞൻ മൈക്കിൾ പ്രസൻജിർ തെളിയിച്ചു (പേജ് 80) എന്ന അവകാശവാദം വളരെ ബാലിശമായിപ്പോയി. വൈദ്യുതകാന്തിക തരംഗങ്ങളുടെ സാഗരമദ്ധ്യേയാണ് നാം ജീവിക്കുന്നത്. സൂര്യപ്രകാശം പോലും അത്തരമൊരു തരംഗമാണ്. അങ്ങനെയുള്ളപ്പോൾ അദൃശ്യശക്തികളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണെന്നല്ലേ ലേഖകൻ അറിയാതെയാണെങ്കിലും പറഞ്ഞുപോകുന്നത്?

ശരിയെന്നു സ്വയം കരുതുന്ന ഒരു നിഗമനം സാമാന്യവൽക്കരിക്കുന്നതിൽ ലേഖകന് പലപ്പോഴും പിശകുകൾ പറ്റുന്നുണ്ട്. അതും ആ സിദ്ധാന്തത്തെത്തന്നെ പൊളിച്ചുകളയുന്ന വിധത്തിൽ. ദക്ഷിണാഫ്രിക്കയിൽ തീവണ്ടിയിൽ യാത്ര ചെയ്യവേ ഗാന്ധിജിയെ വർണവെറിയനായ ഒരു ഉദ്യോഗസ്ഥൻ ഒന്നാം ക്ലാസ്സിൽനിന്ന് ഇറക്കിവിട്ട സംഭവം പ്രസിദ്ധമാണല്ലോ. മാനസികസംഘർഷവും നിശ്ചയദാർഢ്യവുമായുള്ള ബന്ധം വിവരിക്കാൻ റോബിൻ മാത്യു ഈ സംഭവം ഉദാഹരിച്ചതിനുശേഷം ഗാന്ധിജി അനുഭവിച്ച മനോവേദന തന്റെ സമൂഹത്തിന്റെ ഉയർച്ചക്കുവേണ്ടി ഉപയോഗിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിൽ മഹാത്മാവ് പിറവിയെടുത്തതെന്ന് സൂചിപ്പിക്കുന്നു. മറ്റൊരു സ്റ്റേഷൻ മാസ്റ്റർ വന്ന് മാപ്പപേക്ഷിച്ച് അദ്ദേഹത്തെ മറ്റൊരു തീവണ്ടിയിൽ കയറ്റിവിട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഒരു സാദാ വ്യക്തിയുടെ നിലയിലേക്ക് അദ്ദേഹവും വീണുപോയേനെ എന്നും അഭിപ്രായപ്പെടുന്നു (പേജ് 143). ഇവിടെയാണ് ദുർഘടം അനുഭവപ്പെടുന്നത്. കാരണം അതുതന്നെയാണ് അന്ന് പീറ്റർമാരിറ്റ്സ് ബർഗ് സ്റ്റേഷനിൽ സംഭവിച്ചത്. വണ്ടിയിൽനിന്ന് രാത്രിയിൽ പുറത്തെറിയപ്പെട്ട ഗാന്ധിജി അടുത്തദിവസം റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രതിഷേധ കമ്പിസന്ദേശങ്ങൾ കൈമാറി. തുടർന്ന് അവർ ക്ഷമാപണം നടത്തുകയും അടുത്ത ദിവസം അതേ തീവണ്ടിയിൽ അദ്ദേഹത്തെ ഒന്നാം ക്ലാസിൽത്തന്നെ കയറ്റിവിടുകയുമാണുണ്ടായത്. സ്വാതന്ത്ര്യസമരത്തിലെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യായങ്ങൾ മാത്രം പഠിപ്പിച്ചുപോന്ന കഴിഞ്ഞ കാലങ്ങളിൽ ഈ അനുബന്ധകഥ ശ്രദ്ധയിൽ പെടാഞ്ഞതിന് ഗ്രന്ഥകാരന് നമുക്ക് മാപ്പു നൽകാമെങ്കിലും അദ്ദേഹത്തിന്റെ നിഗമനത്തിന്റെ യുക്തിഭദ്രതയിൽ അത് കനത്ത ആഘാതമേല്പിക്കുന്നു.

മനസ്സ് ഇപ്പോഴും വ്യക്തമായി പ്രവചിക്കാനാവാത്ത ഒന്നായതിനാൽ ശാസ്ത്രവിജ്ഞാനത്തിന്റെ ചട്ടക്കൂട്ടിൽ അതിനെ ഒതുക്കിനിർത്താൻ വിഷമമാണ്. അതിനാൽത്തന്നെ തട്ടിപ്പുകാരും ആൾദൈവങ്ങളും വാട്സാപ്പ് യൂണിവേഴ്സിറ്റി ബിരുദധാരികളും തങ്ങൾക്ക് തോന്നുന്ന മട്ടിൽ പടച്ചുവിടുന്ന സാഹിത്യവും ഈ രംഗത്ത് കാര്യമായ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. അത്തരക്കാരെ ഗ്രന്ഥകർത്താവ് പരാമർശിക്കുന്നത് 'പുറമ്പോക്ക് മനഃശാസ്ത്രജ്ഞർ' എന്ന കൗതുകകരവും എന്നാൽ നൂറുശതമാനവും അർത്ഥവത്തുമായ പദം ഉപയോഗിച്ചാണ്. എത്രയൊക്കെ ശാസ്ത്രാഭിമുഖ്യവും ആധുനികതയും പ്രകടിപ്പിച്ചാലും നമ്മുടെയൊക്കെ മസ്തിഷ്‌കം സഹസ്രാബ്ധങ്ങളായി കാട്ടിൽ വസിച്ചിരുന്നതിന്റെ പരിണാമപരമായ പൊരുത്തപ്പെടലുകൾ നിറഞ്ഞതാണ്. സത്യം അന്വേഷിക്കുന്ന നിഷ്പക്ഷമായ യന്ത്രമല്ല മസ്തിഷ്‌കം. ഈ സത്യം വിളംബരം ചെയ്യുന്നതിൽ ഈ ഗ്രന്ഥം തികച്ചും വിജയിച്ചിരിക്കുന്നു. സ്വന്തം നിലനിൽപ്പ് മാത്രമേ പരിണാമപരമായി മസ്തിഷ്കത്തിന്റെ മുൻഗണനാപട്ടികയിൽ ഉള്ളൂ. സ്വാർത്ഥത സ്വാഭാവികമായും അതിന്റെ അടിസ്ഥാനവികാരമാണ്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിലൂടെ ആ അടിസ്ഥാനത്തെ കഴിയുന്നത്ര മറച്ചുപിടിച്ച് താനുൾപ്പെടുന്ന സമൂഹത്തിന്റെ വികാസം ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിലൂടെയേ മനുഷ്യരാശിക്ക് മുന്നേറാൻ കഴിയൂ.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Madampalliyile Manorogikal'
Author: Robin K. Mathew
Publisher: DC Books, 2019
ISBN: 9789389445206
Pages: 222