Tuesday, December 25, 2018

രാജാ രവിവർമ്മ: കല, കാലം, ജീവിതം

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിൽ രൂഢമൂലമായി. കമ്പനിഭരണത്തിന്റെ നുകത്തിനുകീഴിൽ കഴിഞ്ഞിരുന്ന രാജ്യങ്ങൾ കൂടാതെ എല്ലാ നാട്ടുരാജ്യങ്ങളും അവരുടെ മേൽക്കോയ്മ അംഗീകരിച്ചുകഴിഞ്ഞിരുന്നു. ഇതിനനുബന്ധമായി യൂറോപ്യൻ സംസ്കാരസവിശേഷതകൾ ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. പാശ്ചാത്യ ചിത്രരചനാരീതികൾ പ്രചരിക്കുകയും വിദേശചിത്രകാരന്മാർ ചിത്രമെഴുത്ത് തൊഴിലാക്കിമാറ്റുകയും ചെയ്തു. വിദഗ്ദ്ധരായ നാടൻ ചിത്രകാരന്മാർ ഈ അവസരം ഭംഗിയായി വിനിയോഗിച്ചുകൊണ്ട് പുരാണേതിഹാസങ്ങളിലെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളെ പുതിയവിദ്യയിലൂടെ പുനരാവിഷ്കരിക്കുന്നതിൽ വിജയം നേടി. ഈ നവീനരീതിയുടെ ഏറ്റവും മഹാനായ പ്രയോക്താവാണ് കിളിമാനൂർ കൊട്ടാരത്തിൽ ജന്മം കൊണ്ട രാജാ രവിവർമ്മ (1848-1906). അദ്ദേഹത്തിന്റെ ജീവിതവും ചിത്രമെഴുത്തിലെ ഇതിഹാസസമാനമായ കർമ്മചര്യയും വിശദമായി പ്രതിപാദിക്കുന്നതാണ് ഈ കൃതി. ചലച്ചിത്രസംവിധായകൻ, ചിത്രകാരൻ, എഡിറ്റർ എന്നീ നിലകളിലൊക്കെ തിളങ്ങിയ ശ്രീ. നേമം പുഷ്പരാജ് ആണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം സർവവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിന്റെ കലാവിഭാഗം മേധാവിയുമാണ്.

രവിവർമ്മയുടെ കലയും കാലഘട്ടവും ജീവിതവും ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന അധികം പുസ്തകങ്ങളില്ല. അദ്ദേഹം വരച്ച നൂറിലധികം ചിത്രങ്ങളുടെ വലിപ്പത്തിലുള്ള പകർപ്പുകൾ പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകവുമില്ല. അധികം പ്രചാരം നേടിയിട്ടില്ലാത്ത ചില ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുസ്തകത്തിന്റെ വില മുതലാകാൻ ഈ ദൃശ്യവിസ്മയം മാത്രം മതി. സ്ത്രീസൗന്ദര്യത്തിന്റെ ഭാവഭേദങ്ങൾ ഇത്ര സൂക്ഷ്മമായി ആവിഷ്കരിച്ച മറ്റൊരു ചിത്രകാരനില്ല. ആ ചിത്രങ്ങളിൽ ഭാവദീപ്തിയും ആകാരഭംഗിയും സമഞ്ജസമായി ഇണങ്ങിച്ചേർന്നു. 'സ്ത്രീഭാവങ്ങൾ' എന്നൊരദ്ധ്യായം തന്നെ ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത് വളരെ ഉചിതമായി. ഭാരതീയസ്ത്രീകളുടെ ദേശീയവസ്ത്രം സാരിയായി രൂപപ്പെട്ടത് രവിവർമ്മച്ചിത്രങ്ങളുടെ സ്വാധീനഫലമാണെന്ന അഭിപ്രായവും പുഷ്പരാജ് മുന്നോട്ടുവെക്കുന്നുണ്ട്.

കൊട്ടാരങ്ങളിലും സ്വകാര്യശേഖരങ്ങളിലുമായി വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന തന്റെ സൃഷ്ടികൾ ജനങ്ങളിലെത്തിക്കുന്നതെങ്ങനെ എന്നത് രവിവർമ്മയെ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു. എന്നാൽ കലാകാരന്മാർ വ്യവസായം നടത്താനിറങ്ങിയാൽ സ്വാഭാവികമായും അവ പരാജയപ്പെടും എന്ന പൊതുതത്വം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. ഒലിയോഗ്രാഫ് പ്രിന്റിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങൾ നിസ്സാരവിലക്ക് സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മുംബൈയിൽ ആരംഭിച്ച ലിത്തോഗ്രാഫ് പ്രസ്സ് താമസിയാതെ കനത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തി. എങ്കിലും നാം ഇന്നുകാണുന്ന ദേവീദേവന്മാരുടെ ചിത്രങ്ങൾ മിക്കവയും ഒലിയോഗ്രാഫ് വിദ്യയിലൂടെ രവിവർമ്മ പ്രചരിപ്പച്ചതാണെന്നോർക്കുമ്പോൾ അദ്ദേഹത്തിന്റെ ഉദ്യമം സഫലമായെന്നു കരുതാം. കടുത്ത അഗ്നിപരീക്ഷകളും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ചിത്രമെഴുതിക്കിട്ടിയ സമ്പാദ്യം മുഴുവൻ പ്രസ്സിൽ നഷ്ടപ്പെട്ടതുകൂടാതെ വ്യക്തിപരമായും അവ അദ്ദേഹത്തെ മുറിപ്പെടുത്തി. നിരവധി ദേവീചിത്രങ്ങൾക്കു മോഡലായ സുഗന്ധ എന്ന മഹാരാഷ്ട്രക്കാരിയായ യുവതി ലോണാവാലയിലെ അദ്ദേഹത്തിന്റെ ബംഗ്ളാവിലായിരുന്നു താമസിച്ചിരുന്നത്. സ്വാഭാവികമായും ഇത് അപവാദപ്രചരണത്തിനു വഴിയിട്ടു. രവിവർമ്മയുടെ വെപ്പാട്ടിയുടെ രൂപം ദേവതമാർക്കു നൽകി എന്ന ആരോപണവുമായി പൂനയിലെ കോടതിയിൽ കേസ് എത്തി. ഇത് ചിത്രകാരനേയും സുഗന്ധയേയും മാനസികമായി ഏറെ തളർത്തി. ഒടുവിൽ കോടതിയിൽ നേടിയ അനുകൂലവിധിയുമായി മടങ്ങിയെത്തിയ രവിവർമ്മയെ കാത്തിരുന്നത് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സുഗന്ധയുടെ മൃതശരീരമാണ്. ഇത്തരം കൊടിയ പരീക്ഷകൾക്കിടയിലും അദ്ദേഹത്തിന് ആശ്വാസമായത് രാമന് ലക്ഷ്മണനെന്നപോലെ തന്റെ സന്തതസഹചാരിയായ മാറിയ ഇളയ സഹോദരൻ രാജരാജവർമ്മയാണ്. ജ്യേഷ്ഠനെപ്പോലെ അനുജനും ഒരനുഗ്രഹീത ചിത്രകാരൻ തന്നെയായിരുന്നു.

നേമം പുഷ്പരാജിന്റെ ഈ കൃതി വ്യത്യസ്തമാകുന്നത് രവിവർമ്മയുടെ ചിത്രരചനാരീതിയെക്കുറിച്ചുയർന്ന വിമർശനങ്ങളും കൂടി ഉൾക്കൊള്ളിക്കുന്നതിലൂടെയാണ്. ആഴത്തിലുള്ള പഠനം കുറവാണെന്നും ശരീരചിത്രീകരണത്തിൽ ബാഹ്യമായ സൗന്ദര്യസങ്കല്പങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയെന്നുമാണ് അവയിൽ പ്രധാനപ്പെട്ടവ. ഡാവിഞ്ചിയും മറ്റും നടത്തിയതുപോലുള്ള ഗഹനമായ ശരീരശാസ്ത്രപഠനം രവിവർമ്മ നടത്തിയിട്ടില്ലെന്നത് സത്യമാണ്. അനേകം ചിത്രങ്ങളിലെ സ്ത്രീരൂപങ്ങൾക്ക് ഒരേ മുഖം വരുന്നതും ശകുന്തള, ദമയന്തി എന്നീ നായികമാരുടെ പ്രായം കൂടുതലായി കാണപ്പെടുന്നതും അദ്ദേഹം ആശ്രയിച്ച മോഡലുകളുടെ ആകാരസവിശേഷതകൾ കൊണ്ടാകാം. പക്ഷേ അവയെ തീർത്തും നിർവീര്യമാക്കി കഥാപാത്രത്തിനോട് വിളക്കിച്ചേർക്കുന്നതിൽ പൂർണ്ണവിജയം നേടാനായില്ല എന്ന ആരോപണം ശക്തമായി നിലകൊള്ളുന്നു. എന്നാലിത് ചിത്രകാരന്റെ മാത്രം കഴിവുകേടല്ല. വേണ്ടത്ര വനിതാമാതൃകകളെ കിട്ടാത്തത് ഗുരുതരമായ ഒരു പ്രതിസന്ധിയിൽ അദ്ദേഹത്തെ എത്തിച്ചിരുന്നു. "അസാന്മാർഗികപ്രവർത്തനങ്ങൾക്ക് സന്നദ്ധരായ ലൈംഗികത്തൊഴിലാളികളെ സദാ കിട്ടാനുണ്ടെങ്കിലും പെയിന്റിങ്ങിന് വന്നിരിക്കാൻ പറഞ്ഞാൽ അവർ പോലും മടിക്കും" എന്ന രവിവർമ്മയുടെ അഭിപ്രായം ആ കാലഘട്ടത്തിലെ ഉൾവലിഞ്ഞ സ്ത്രീത്വത്തിന്റെ പ്രതീകമാണ്. അതുതന്നെയായിരിക്കണം 'രവിവർമ്മയുടെ മഹാലക്ഷ്മിയേയും സരസ്വതിയേയും കണ്ടാൽ പ്രൈമറി സ്കൂൾ അദ്ധ്യാപികമാരെ ഓർമ്മവരും' എന്ന പരിഹാസത്തിന്റെ കാതലും.

ഈ കൃതിയിൽ കാണാൻ കഴിയുന്ന മറ്റൊരു പ്രത്യേകത ഉയർന്നുവരുന്ന പ്രജകളെച്ചൊല്ലി രാജസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അസൂയയാണ്. ആയില്യം തിരുനാൾ രാജാവ് രവിവർമ്മയെ വളരെയധികം പ്രോത്സാഹിപ്പിച്ചുവെങ്കിലും പിന്നീടുവന്ന വിശാഖം തിരുനാൾ അദ്ദേഹത്തിന്റെ ചിത്രശാല അടച്ചുപൂട്ടി ആ വിഖ്യാതചിത്രകാരനെ തിരുവിതാംകൂറിൽനിന്നുതന്നെ പുകച്ചുപുറത്തുചാടിച്ചു. അതിനു കാരണമായത് മദ്രാസ് ഗവർണറുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത സുഹൃദ്ബന്ധവും! ബറോഡ, മൈസൂർ എന്നീ കൊട്ടാരങ്ങളിൽ ഉന്നതസ്ഥാനം നേടുവാൻ അദ്ദേഹത്തെ സഹായിച്ചത് ഈ ബഹിഷ്കരണമാണ്. ബ്രിട്ടീഷ് സർക്കാർ 'കൈസർ-ഇ-ഹിന്ദ്' ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ തന്റെയൊരു പ്രജ മാത്രമായ രവിവർമ്മക്ക് പേരിനുമുൻപിൽ 'രാജാ' എന്നുവെക്കാൻ അവകാശമുണ്ടോ എന്ന സംശയമാണ് 'യഥാർത്ഥ' രാജാവായ ശ്രീമൂലം തിരുനാളിനുണ്ടായത്! മുൻപ് പ്രോത്സാഹിപ്പിച്ചിരുന്ന സാഹിത്യനായകനായ കേരളവർമ്മ വലിയകോയിത്തമ്പുരാനുപോലും ഈ സ്ഥാനലബ്ധിയിൽ അസ്വസ്ഥത ഉണ്ടായി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.

നിരവധി വർണ്ണചിത്രങ്ങളാൽ അലംകൃതമായ ഈ പുസ്തകം 'അമൂല്യം' എന്ന പദവി അർഹിക്കുന്നു.

Book Review of 'Raja Ravivarma: Kala, Kaalam, Jeevitham' by Nemom Pushparaj
ISBN: 9788176387095

Monday, December 17, 2018

ഭ്രമയാത്രികൻ

എൺപതുകളിലെ കേരളയുവത്വത്തിന്റെ സൗന്ദര്യസങ്കല്പങ്ങളും സംഗീതാസ്വാദനശൈലികളും ഉരുവപ്പെടുത്തിയെടുക്കുന്നതിൽ അക്കാലത്തെ മലയാളസിനിമ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഏത് നല്ലത്, ഏത് ചീത്ത എന്ന തരംതിരിവ് അറിഞ്ഞോ അറിയാതെയോ അത് പ്രേക്ഷകന്റെ മനസ്സിലേക്ക് പകർന്നുനൽകി. കർണാടകസംഗീതം ഇഷ്ടപ്പെടുന്ന ഒരു വില്ലനേയോ, പാശ്ചാത്യസംഗീതത്തിന്റെ ആരാധകനായ ഒരു നായകനേയോ അവയിൽ കണ്ടെത്താൻ നിങ്ങൾ ബുദ്ധിമുട്ടും. മാത്രവുമല്ല, മനോഹരമായ പാശ്ചാത്യസംഗീത ട്രാക്കുകൾ പോലും വില്ലൻ നടത്തുന്ന കൊലപാതകത്തിന്റെയോ ബലാൽസംഗത്തിന്റെയോ പശ്ചാത്തലസംഗീതമായും ഉപയോഗിച്ചുപോന്നു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ നായികയെ ശ്വാസം മുട്ടിച്ചുകൊന്ന വില്ലനായ മോഹൻലാലിനെ അന്വേഷിച്ചെത്തുന്ന നായകൻ ശങ്കർ കാണുന്നത് അയാൾ ഒരു പാശ്ചാത്യ മ്യൂസിക്കൽ വീഡിയോ ആസ്വദിച്ചുകൊണ്ടിരിക്കുന്നതാണ്. ബോണിഎമ്മിന്റെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നായ 'റാസ്പുട്ടിൻ' ആണ് ആ സമയം പാടുന്നതെന്നോർക്കുക!തൊണ്ണൂറുകളിൽ ഉദാരവൽക്കരണത്തിന്റെ അലകൾ കലയിലേക്കും പടർന്നുകയറിയപ്പോൾ പുതിയനൂറ്റാണ്ടിന്റെ ആദ്യദശകത്തോടെ കുറേക്കൂടെ സമതുലിതമായ ഒരു കാഴ്ചപ്പാട് സിനിമയിൽ സ്വാധീനം ചെലുത്തി. ന്യൂജെൻ ചിത്രങ്ങളുടെ വരവോടെ, എന്തെല്ലാം കുറവുകളുണ്ടായിരുന്നാലും സംഗീതത്തെ നല്ലതോ ചീത്തയോ എന്ന തരംതിരിവില്ലാതെ വിലയിരുത്താൻ അത് നമ്മെ പഠിപ്പിച്ചു. ന്യൂജെൻ നായകരിൽ പ്രമുഖനായ അനൂപ് മേനോൻ ഭ്രമകല്പനയുടെ മൂർത്തഭാവങ്ങളിലൂടെയും, പാടിമറന്ന പാട്ടുകൾ തേച്ചുമിനുക്കി അവതരിപ്പിക്കുന്നതിലൂടേയും മലയാളിയുടെ ഗൃഹാതുരത്വം തട്ടിയുണർത്തിയ ഒരു കലാകാരനാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നാല്പതുകഴിഞ്ഞ തലമുറയുടെ ആസ്വാദനമുകുളങ്ങളിൽ തേനിറ്റിച്ചു. 1987-ൽ പുറത്തിറങ്ങിയ 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിലെ ജോൺസൺ സംഗീതം നൽകിയ ആ റൊമാന്റിക് ഈണം ഇന്നത്തെ പ്രിയതാളമായി മാറിയത് 'ബ്യൂട്ടിഫുൾ' എന്ന 2011-ലെ ചിത്രത്തിൽ അനൂപ് മേനോന്റെ കഥാപാത്രം അത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു. ലോകത്തിലേക്ക് തുറന്നുവെച്ച മനസ്സുമായി ആ നടൻ നടത്തുന്ന ചില സ്വദേശ, വിദേശയാത്രാനുഭവങ്ങളാണ് ഈ കൃതിയിൽ കാണാവുന്നത്.

ഈ രചന വെറുമൊരു സഞ്ചാരവിവരണമല്ല. വിക്കിപീഡിയയും വിർച്വൽ യാത്രകളും ഇന്റർനെറ്റിൽ എമ്പാടും ലഭ്യമാകുന്ന ഇക്കാലത്ത് ചൈനയിലെ വൻമതിലിന്റെ നീളമോ, ബക്കിങ്ഹാം കൊട്ടാരം നിർമ്മിച്ച വർഷമോ ഒന്നും ഒരു സഞ്ചാരി പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങളല്ല എന്ന് മേനോൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് ശീർഷകത്തിലെ 'യാത്രികനേ'ക്കാൾ ഭ്രമത്തിന് പ്രാമുഖ്യം നൽകിയിരിക്കുന്നതും. സഞ്ചാരിയുടെ അനുഭവങ്ങളാണ് ഇവിടെ വായനക്കാരുമായി സംവദിക്കുന്നത്. ലണ്ടൻ നഗരത്തിലെ യാത്രകളെ ഇത് അവിസ്മരണീയമാക്കുന്നു. കണ്ടുമുട്ടുന്ന അന്യനാട്ടുകാരിൽനിന്ന് ഇന്ത്യയെക്കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹം ശേഖരിക്കുന്നു. ഇന്ത്യാക്കാരുടെ വൃത്തി തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നത് അവനവന്റെ കുളിമുറികളിൽ മാത്രമാണെന്നും വീടിന്റെ ഗേറ്റ് കടന്നാൽ പിന്നെയൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നുമുള്ള ഒരു ബ്രിട്ടീഷ് സുഹൃത്തിന്റെ അഭിപ്രായം നമ്മെ ചിന്തിപ്പിക്കും. ഭാരതീയനഗരങ്ങളുടെ ടോപ്പോഗ്രാഫിയുടെ ഭാഗമാണ് ചവറുകൂനകളും മാലിന്യങ്ങളുമെന്നും, സ്വച്ഛഭാരത് നല്ലൊരു തുടക്കമാണെങ്കിലും ഭൂരിപക്ഷം ഇന്ത്യക്കാരും ആത്യന്തികമായി ഒരു തമാശ മാത്രമായേ ഇതിനെ കാണൂ എന്നുമുള്ള നിരീക്ഷണം പ്രവചനസ്വഭാവമുള്ളതാണോ എന്നു നാം സംശയിച്ചുപോകും. മദ്ധ്യപൂർവദേശത്തുനിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം യൂറോപ്യൻ നഗരങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും തകർത്തുകളയുന്നതിലെ ധാർമികരോഷം മേനോന്റെ വാക്കുകളിൽ കാണാം.

മലയാളികളുടെ ചൂതാട്ടഭ്രമത്തെ ഗ്രന്ഥകാരൻ വിമർശനബുദ്ധ്യാ നിരീക്ഷിക്കുന്നു, പ്രത്യേകിച്ചും കൊളംബോ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് രഹസ്യമായി പറന്നിറങ്ങുന്നവരെ. എന്തുകൊണ്ട് നിയമവിധേയമായ, ആദായനികുതി ബാധകമായ ചൂതാട്ടകേന്ദ്രങ്ങൾ നമുക്കിവിടെ തുടങ്ങിക്കൂടാ എന്ന് ഭരണാധികാരികൾ എന്നാണ് ചിന്തിക്കാൻ പോകുന്നത്? സർക്കാർ തന്നെ ലോട്ടറിയും മദ്യക്കച്ചവടവും നടത്തുന്ന നാട്ടിൽ എന്ത് ധാർമ്മികതയുടെ പേരിലാണ് ഇതിനുനേരെ പുറംതിരിഞ്ഞു നിൽക്കുന്നത്?

ചലച്ചിത്രരംഗത്തെ പ്രമുഖരുടെ ആസ്വാദനക്കുറിപ്പുകളും അനുബന്ധമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. വിവരണത്തിനിടയിലെ വ്യാപകമായ ഇംഗ്ലീഷ് പദങ്ങളുടെ  ഉപയോഗം ഒരു കഥാകൃത്തിന്റെ ലായത്തിന് പൊരുത്തപ്പെടുന്നതല്ല. അനേകം ചിത്രങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെകിലും അവയെല്ലാം സെൽഫികളാണ്. അതുവഴി ലേഖകന്റെ ആത്മാംശം പകർന്നുനൽകിയിരിക്കയാണെന്നു വാദിക്കുന്നവരെ അവരുടെ പാട്ടിനു വിട്ടേക്കാം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Bhramayathrikan' by Anoop Menon
ISBN: 9789352820573

Friday, December 7, 2018

അധികാരത്തിന്റെ അകത്തളങ്ങളിൽ

പ്രമുഖ പത്രപ്രവർത്തകനായിരുന്ന ശ്രീ. പി. സി. സുകുമാരൻ നായർ കേരളകൗമുദി, മാതൃഭൂമി പത്രങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. പത്രപ്രവർത്തനത്തിന്റെ ആരംഭനാളുകളിൽ നിയമസഭാ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന 1949 മുതൽ 1964 വരെയുള്ള പതിനഞ്ചുവർഷക്കാലത്തെ സ്മരണകൾ കാച്ചിക്കുറുക്കിയെടുത്തിരിക്കുന്നതാണ് ഈ പുസ്തകം.

ലേഖകൻ തന്റെ ജോലിയാരംഭിക്കുമ്പോൾ ഐക്യകേരളം രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. മലബാർ ജില്ല ഉൾപ്പെടാത്ത തിരു-കൊച്ചി നിയമസഭയുടെ പരിഗണനാവിഷയങ്ങളുടെ വൈവിദ്ധ്യം നമുക്കു കാണാൻ കഴിയും. 62 അദ്ധ്യായങ്ങളിലൂടെ സാമാന്യം ദീർഘമായ ഒരു വിവരണം തന്നെ ഗ്രന്ഥകാരൻ നൽകുന്നു. ഭക്ഷ്യപ്രശ്നം രൂക്ഷമായിരുന്ന കാലത്ത് അതിനെച്ചൊല്ലിയുള്ള ആവലാതികളും, മറ്റു സംസ്ഥാനങ്ങളിൽനിന്ന് അരി വാങ്ങുമ്പോൾ ഉണ്ടാകുന്ന അഴിമതിയുമെല്ലാം സഭയെ പ്രകമ്പനം കൊള്ളിച്ചു. പാർട്ടി ഏതായാലും അഴിമതിയുടെ കാര്യത്തിൽ ആരും ആരുടേയും പിറകിലല്ല എന്ന തത്വമാണ് വായനക്കാർ ഇവിടെ മനസ്സിലാക്കുന്നത്. ഭക്ഷ്യപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനു മറുപടിയായി, രാജി വെച്ചാൽ പരിഹാരമാകുമെങ്കിൽ 'ഒന്നല്ല, രണ്ടല്ല, രണ്ടായിരം വട്ടം രാജിവെക്കാൻ' തയ്യാറായിരുന്ന മന്ത്രിമാർ ഉണ്ടായിരുന്ന കാലമായിരുന്നു അത്. സമ്പന്നമായ ഉപമകളും, വിശ്വസാഹിത്യത്തിൽനിന്നുള്ള അനുയോജ്യമായ ഉദ്ധരണികളും, ഉന്നതനിലവാരം പുലർത്തിയ ചർച്ചകളിലും നിന്ന് ഇന്നത്തെ നിയമസഭ എത്തിനിൽക്കുന്നത് സഭാതലത്തിലെ കയ്യാങ്കളിയിലും, മേശപ്പുറത്തുകയറിനിന്ന് ആഭാസത്തരം കാണിക്കുകയും സ്പീക്കറുടെ കസേര മറിച്ചിടുകയുമൊക്കെ ചെയ്യുന്ന അറപ്പുളവാക്കുന്ന കാഴ്ചകളിലാണ്.

നിയമസഭയിലെ വാഗ്‌വാദങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന ഗ്രന്ഥകർത്താവ് പ്രശ്നങ്ങളുടെ സാമൂഹികപ്രാധാന്യം ചർച്ച ചെയ്യുന്നില്ല. ഒന്നാം ഇ.എം.എസ് സർക്കാരിനെ താഴെയിറക്കിയ വിമോചനസമരം പോലും കാര്യമായി പരാമർശവിധേയമാക്കിയിട്ടില്ല. സുനാമി തിരകൾ താഴെക്കൂടി കടന്നുപോകുമ്പോഴും പ്രശാന്തത കൈമോശം വരാത്ത പുറംകടലിനെപ്പോലെ, പുറത്ത് പ്രക്ഷോഭം അരങ്ങുതകർക്കുമ്പോഴും നിയമസഭ അതിന്റെ നടപടികളിൽ മാത്രം ശ്രദ്ധിച്ചു. കാർഷിക, വിദ്യാഭ്യാസമേഖലകളിൽ പുരോഗമനാത്മകമായ നയങ്ങൾ സ്വീകരിച്ചതുമൂലമാണ് സർക്കാരിന് പുറത്തുപോകേണ്ടി വന്നത് എന്ന വാദത്തിന്റെ മുനയൊടിയുന്നതും ദൃശ്യമാണ്. കാർഷികബന്ധബിൽ പാസ്സാക്കിയത് ഏകകണ്ഠമായാണ്. ഇ.എം.എസ് മന്ത്രിസഭ പാസ്സാക്കിയെടുത്ത അവസാനത്തെ ബില്ലും ഇതുതന്നെയാണ്. വിമോചനസമരത്തെത്തുടർന്ന് കേന്ദ്രം സർക്കാരിനെ പിരിച്ചുവിട്ടത് ജനാധിപത്യധ്വംസനമാണെന്നു വാദിക്കുന്നവർ അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി തോറ്റമ്പിയത് സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഭരണത്തിൽ വന്ന ഐക്യമുന്നണി 58 ശതമാനം വോട്ടും സഭയിൽ 94 സീറ്റുമാണ് നേടിയത്. അത്രയധികം വോട്ട് അതിനുശേഷം ആർക്കും നേടാൻ കഴിഞ്ഞിട്ടില്ല എന്നുകൂടി ഇവിടെ ഓർക്കണം. കമ്യൂണിസ്റ്റ് പാർട്ടിക്ക് നേടാനായത് 42 ശതമാനം വോട്ടും 29 സീറ്റുകളും മാത്രം. ഇതുകൊണ്ടും തീർന്നില്ല, ആകെയുണ്ടായിരുന്ന പതിനൊന്നു മന്ത്രിമാരിൽ ഏഴുപേരും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ടി. വി. തോമസ്, മുണ്ടശ്ശേരി, കെ. സി. ജോർജ്ജ് എന്നീ മഹാരഥന്മാരും തോറ്റവരിൽപ്പെടും. പത്തു പോലീസ് വെടിവെപ്പുകളിലായി പന്ത്രണ്ടുപേരെ കൊലപ്പെടുത്തിയ ഒരു സർക്കാരിനെക്കൂടെയാണ് ജനം പടിയിറക്കിവിട്ടത്.

പത്രറിപ്പോർട്ട് പോലെ ശുഷ്കമാണ് സുകുമാരൻ നായരുടെ പുസ്തകരചനാശൈലിയും. നിരവധി സംഭവങ്ങൾ വിവരിക്കുന്നുവെങ്കിലും അതെല്ലാം കോർത്തിണക്കുന്ന ഒരു കഥ പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഒരു കായികമത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം പോലെ 'അയാൾ അതുചെയ്തു, ഇയാൾ ഇതുചെയ്തു' എന്ന മട്ടിലുള്ള വിവരണമാണ് കൃതിയിലുടനീളം. ഇത് വായനക്കാരെ തെല്ലൊന്ന് ബുദ്ധിമുട്ടിക്കുന്നുമുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Adhikarathinte Akathalangalil' by P C Sukumaran Nair
ISBN: 9788182641181

Monday, December 3, 2018

ലാവലിൻ രേഖകളിലൂടെ

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ഭീമൻ ആരോപണമാണ് ലാവലിൻ അഴിമതി. കേസും കൂട്ടവുമൊന്നും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഈ ഇടപാട് കേരളചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണവുമാണ്. അന്നത്തെ വൈദ്യുതിമന്ത്രിയും പിന്നീട് സി.പി.എം സംസ്ഥാനസെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനിലേക്ക് ആരോപണത്തിന്റെ ചാട്ടുളികൾ പലതവണ നീണ്ടുവെങ്കിലും ഏറ്റവും ഒടുവിൽ നാം കേൾക്കുന്നത് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽനിന്ന് കോടതി നീക്കം ചെയ്തുവെന്നാണ്. ഈ ഇടപാടിന്റെ വിശദവിവരങ്ങളും ഞെട്ടിക്കുന്ന കയ്യിട്ടുവാരലുകളും നമുക്കു വിശദീകരിച്ചുതരുന്നത് ആം ആദ്മി പാർട്ടിയുടെ സമുന്നതനേതാവും കെൽട്രോണിലെ ഉന്നത മാനേജ്മെന്റ് തസ്തികയിൽനിന്ന് വിരമിച്ചയാളുമായ ശ്രീ. സി. ആർ. നീലകണ്ഠനാണ്.

ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വളരെ പഴയ ജലവൈദ്യുതനിലയങ്ങൾ നവീകരിക്കുന്നതിനായി 1995 ആഗസ്റ്റ് 10-ന് കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി വൈദ്യുതിബോർഡ് ധാരണാപത്രം ഒപ്പുവെക്കുന്നു. ഈ ഘട്ടത്തിൽ അധികാരത്തിലുള്ളത് യു.ഡി.എഫും വൈദ്യുതിമന്ത്രി ശ്രീ. ജി. കാർത്തികേയനുമാണ്. 1996 ഫെബ്രുവരി 24-ന് ഇത് ഒരു കൺസൾട്ടൻസി കരാറായി മാറ്റുന്നു. സാങ്കേതിക, വായ്പാബാദ്ധ്യതകളെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതിനും, ടെണ്ടറുകൾ തയ്യാറാക്കുന്നതിനും, പ്രോജെക്ട് മാനേജ്മെന്റ് ജോലികൾ നിർവഹിക്കുന്നതിനുമായി ലാവലിന് വാഗ്ദാനം ചെയ്തത് 24 കോടി രൂപയാണ്. തർക്കങ്ങൾ ഉത്ഭവിച്ചാൽ അവ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പരിഹരിക്കാനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ കരാർ ഒപ്പിട്ട് രണ്ടുമാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പുറത്താവുകയും എൽ.ഡി.എഫ് മന്ത്രിയായി പിണറായി വിജയൻ സ്ഥാനമേൽക്കുകയും ചെയ്യുന്നു.

പുതിയ സർക്കാർ അധികാരമേറ്റതോടെ ലാവലിന്റെ ചരടുകൾ കൂടുതൽ ദൃഢമായി. മുകളിൽ പറഞ്ഞ മൂന്നു നിലയങ്ങളിലും നവീകരണം ആവശ്യമില്ല എന്നു പ്രഖ്യാപിക്കുന്ന ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് ഉന്നതർക്ക് തലവേദനയായി മാറിയ സമയം. മേൽപ്പറഞ്ഞ കൺസൾട്ടൻസി കരാറിന് ഒരു അനുബന്ധമെന്ന നിലയിൽ ടെണ്ടറുകളൊന്നും വിളിക്കാതെ ലാവലിന് ഒരു സപ്ലൈ കരാർ നൽകുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുകയായിരുന്നു. 1997 ഫെബ്രുവരി 2-ന് സമർപ്പിച്ച ബാലാനന്ദൻ കമ്മറ്റി റിപ്പോർട്ട് മറച്ചുവെച്ചുകൊണ്ട് സർക്കാർ 234 കോടി രൂപ ചെലവിൽ സപ്ലൈ കരാർ 1997 ഫെബ്രുവരി 10-ന് ഒപ്പുവെക്കുന്നു. ഇത്തവണ കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിലെ നിയമങ്ങൾ അനുസരിച്ചായിരിക്കണം തർക്കപരിഹാരം എന്നു നിർദ്ദേശിച്ചിരുന്നു. കാബിനറ്റിന്റെ അംഗീകാരമില്ലാതെ ഒപ്പിട്ട ഈ കരാറിൽ പദ്ധതിക്കുവേണ്ട തുക കാനഡയിലെ എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (EDC) നിന്ന് 18.6 ശതമാനം പലിശനിരക്കിൽ വായ്പയായി ലാവലിൻ സംഘടിപ്പിച്ചുനൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യയിലെ പവർ ഫിനാൻസ് കോർപ്പറേഷൻ സബ്‌സിഡി ഉൾപ്പെടെ പതിനൊന്നുശതമാനം നിരക്കിൽ വായ്പ നല്കമെന്നുള്ള അവസരത്തിലാണിതെന്ന് ഓർക്കണം. എന്നാൽ കാനഡയിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഈ സംഘടന വെച്ച നിബന്ധന സാമഗ്രികൾ കാനഡയിൽനിന്നു മാത്രമേ വാങ്ങാവൂ എന്നതായിരുന്നു. എങ്കിൽപ്പോലും കാനഡയിൽ ടെണ്ടർ ചെയ്യാമായിരുന്ന ഈ ജോലി ലാവലിനെ പൂർണ്ണമായി ഏൽപ്പിക്കുകയാണുണ്ടായത്. രസകരമായ കാര്യമെന്തെന്നാൽ ലാവലിൻ ഒരിക്കലും ഇത്തരം ഉപകരണങ്ങളുടെ നിർമ്മാതാവായിരുന്നില്ല എന്നതാണ്. അൽസ്‌തോം കമ്പനിയിൽനിന്ന് ഉപകരണങ്ങൾ വാങ്ങിനല്കി വൻതുക കമ്മീഷൻ ഇനത്തിൽ അവർ കൈപ്പറ്റി.

1998 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്ന ഈ കരാർ ഒട്ടേറെ നിയമങ്ങളേയും ചട്ടങ്ങളേയും നോക്കുകുത്തികളാക്കി. കേന്ദ്രനിയമമനുസരിച്ച് 100 കോടിയിലധികം ചിലവു പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അംഗീകാരം നേടണമായിരുന്നു. ഈ വ്യവസ്ഥ മറികടക്കുന്നതിനായി ചെങ്കുളം, പന്നിയാർ, പള്ളിവാസൽ പദ്ധതികൾ വിഭജിച്ച് വേറെവേറെ കാണിച്ചതുവഴി ഒരു പദ്ധതിയുടെ ചിലവ് 100 കോടിയിൽ താഴെയെത്തിച്ചു. 1997 ജനുവരിയിൽ അനുമതി തേടേണ്ട തുക 500 കോടിയായി ഉയർത്തിയതിനാൽ ആ വകുപ്പിൽ തുടർന്ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ലാവലിന്റെ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് വിവിധ സ്ഥാപനങ്ങൾ നിരവധി തവണ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ ഗൂഢാലോചനക്കാർ പ്രതിരോധിച്ചത് ഒരസ്സൽ പൂഴിക്കടകൻ അടവുകൊണ്ടായിരുന്നു. മലബാറിൽ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കാൻ 98 കോടി രൂപ ഗ്രാന്റായി അനുവദിപ്പിക്കാൻ ലാവലിൻ സഹായിക്കും എന്നൊരു ധാരണാപത്രം ഒപ്പിട്ടു - നിയമപരമായി നിലനിൽക്കുന്ന കരാറല്ല, വെറുമൊരു ധാരണാപത്രം മാത്രം! ലാവലിന്റെ നിരക്കുകൾ പരിശോധിക്കുന്ന സമിതികളോടെല്ലാം ഈ 98 കോടി രൂപ കഴിച്ചുള്ള നിരക്കുകളാണ് പരിഗണിക്കേണ്ടത് എന്നാവശ്യപ്പെടുകയും ചെയ്തു. വാങ്ങുന്ന സാമഗ്രികളുടെ സാങ്കേതികവിവരങ്ങൾ നൽകാത്തതിനാൽ യഥാർത്ഥവില എന്താണെന്ന് ആർക്കും കണ്ടെത്താനായില്ല.

ലാവലിൻ 2001-ൽ പണികൾ പൂർത്തിയാക്കി. എന്നാൽ കാൻസർ സെന്ററിന് വാഗ്ദാനം ചെയ്തതിൽ പത്തിലൊന്നു മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ പേരിൽ ലാവലിന്റെ ബില്ലുകൾ തടഞ്ഞുവെക്കാനും സാധിക്കുമായിരുന്നില്ല, കാരണം വായ്‌പ നൽകുന്ന EDC ഗഡുക്കൾ ലാവലിനാണ് നേരിട്ടു കൊടുത്തുകൊണ്ടിരുന്നത്. നമ്മുടെ പണി പണം തിരിച്ചടക്കുക മാത്രവും! തിരിച്ചടവ് ഉറപ്പുവരുത്താനായി ബാങ്ക് ഗ്യാരന്റിയും കൊടുത്തിരുന്നു. അക്ഷരാർത്ഥത്തിൽതന്നെ കേരളത്തെ അനങ്ങാനാവാത്തവിധം പൂട്ടിക്കളഞ്ഞ അവസ്ഥ! എന്നാലോ, നവീകരണപ്രവർത്തനങ്ങൾ ഫലവത്തായതുമില്ല. ഗ്രന്ഥകാരൻ നിരത്തുന്ന കണക്കുകൾ പ്രകാരം മുൻപുള്ള മൂന്നുവർഷങ്ങളിലെ ശരാശരി വൈദ്യുതോൽപ്പാദനത്തിനടുത്തെത്താൻ പോലും പണികഴിഞ്ഞ മൂന്നുവർഷങ്ങളിൽ സാധിച്ചതുമില്ല.

അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന നീലകണ്ഠന്റെ ആത്മരോഷം ഓരോ വരികളിലും നമുക്കു ദൃശ്യമാകും. പ്രഭാ വർമ്മ രചിച്ച 'ലാവലിന്റെ കാണാപ്പുറങ്ങൾ' എന്ന വിപ്ലവനേതാവിനെ വെള്ളപൂശുന്ന പുസ്തകത്തിലെ കണ്ടെത്തലുകൾക്ക് മറുപടിയായാണ് ഈ കൃതിയുടെ ഘടന. ടി. പി. ചന്ദ്രശേഖരൻ വധത്തെ ന്യായീകരിച്ചതിന്റെ പേരിൽ ഒട്ടനവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ വർമ്മ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡ്വൈസർ ആണെന്ന കാര്യവും ഓർമയിൽ വെക്കണം. വളരെയധികം രേഖകളുടെ ശരിപ്പകർപ്പുകൾ പുസ്തകത്തിൽ ചേർത്തിട്ടുണ്ടെങ്കിലും പലതും വായിക്കാനാവാത്തവിധം തെളിച്ചമില്ലാത്തവയാണ്. ലഘുലേഖയുടെ നിലവാരത്തിനപ്പുറം പുസ്തകത്തിന് എത്താൻ സാധിക്കുന്നുമില്ല. ഇടപെട്ടിട്ടുള്ള തുകയുടെ കണക്കുകളിലും പല പേജുകളിലും കാണുന്ന വൈരുദ്ധ്യം രചനയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നവയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Lavalin Rekhakaliloode' by C R Neelakantan
ISBN: 9788187474562