Monday, April 20, 2015

കൈനോട്ടം സത്യമായ കഥ

കൈനോട്ടം ജ്യോതിഷം പോലെയുള്ള ഒരന്ധവിശ്വാസം തന്നെയാണെങ്കിലും അത് ഒരല്പം പഠിക്കുന്നതു നല്ലതാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. സഹപാഠികളുടെയും സഹപ്രവർത്തകരുടേയും മുന്നിൽ ഷൈൻ ചെയ്യാൻ സാധിക്കുമെന്നു മാത്രമല്ല, ചില വാതിലുകൾ തുറപ്പിക്കാൻ പര്യാപ്തമായ 'ഓപ്പണ്‍ സിസേം' മന്ത്രവുമാണത്. പൊതുവെ അന്ധവിശ്വാസികൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് വിദ്യ പ്രയോഗിക്കാനാവാതെ ഇരിക്കേണ്ടിയും വരില്ല. ഇതെല്ലാം കൊണ്ടുതന്നെ കോളേജ് ദിനങ്ങളിലൊന്നിൽ ഞാനും കൈനോട്ടം പഠിക്കാമെന്നു വെച്ചു. ആ വർഷത്തെ ആലുവാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വ്യാപാരമേളയിൽ നിന്ന് 'ഹസ്തരേഖാശാസ്ത്രം' എന്ന പുസ്തകം വാങ്ങി. ഏതാനും ദിവസങ്ങൾ കൊണ്ട് കുറച്ചൊക്കെ ഹൃദിസ്ഥമാക്കി. ജ്യോതിഷത്തിനോട് സാദൃശ്യം തോന്നിപ്പിക്കാനായി ഇതിലും ചന്ദ്രമണ്ഡലം, സൂര്യമണ്ഡലം, എന്നിങ്ങനെയുള്ള സംജ്ഞകളുണ്ട്. അല്പം വായിച്ചപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി. പലയിടങ്ങളിലും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കാണുന്നു. എന്റെ സ്വന്തം കൈ തന്നെ പരീക്ഷണവസ്തുവാക്കി നോക്കുമ്പോൾ ചന്ദ്രമണ്ഡലത്തിൽ ഒരു രേഖ വരുന്നതുകൊണ്ടുള്ള ഫലം നോക്കിക്കഴിഞ്ഞിട്ട്, സൂര്യമണ്ഡലത്തിലെ മറ്റൊരു രേഖാഫലം പരിശോധിക്കുമ്പോൾ നേരത്തേ കണ്ടതിന്റെ നേർവിപരീതമായിരിക്കും കാണുന്നത്. നിർഭാഗ്യവശാൽ രണ്ടു രേഖകളും എന്റെ കയ്യിൽ ഉണ്ടുതാനും! എന്തു ചെയ്യും? അപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായി. ഈ എഴുതിവെച്ചിരിക്കുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. മനോധർമം പോലെ ഫലം പറയുന്നതായിരിക്കും ഉചിതം എന്നു ബോധ്യപ്പെട്ടു. ഒരാളുടെ കൈ തന്നെ രണ്ടുപ്രാവശ്യം നോക്കി ഫലം പറയരുതെന്നും മനസ്സിലുറപ്പിച്ചു. കാരണം, എന്തൊക്കെയാണ് പറഞ്ഞതെന്ന് നാം മറന്നുപോകുമെങ്കിലും നോക്കപ്പെടുന്നയാൾ അതു മറക്കാൻ സാധ്യതയില്ല. അതുകൊണ്ട് പരസ്പരവിരുദ്ധമായ പ്രസ്താവങ്ങൾ നടത്തിയാൽ കള്ളി അപ്പോഴേ പൊളിയും.

പുതിയ വിദ്യ കോളേജിൽ ഉടൻതന്നെ അവതരിപ്പിച്ചു. നല്ലതോതിൽ തന്നെ ആളുകൾ കൈ നോക്കിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. പലരും കൗതുകത്തോടെയും തമാശയായിട്ടുമാണ് ഈ സാഹസത്തിനു മുതിർന്നത്. പ്രവചനം എല്ലാവർക്കും രസിക്കുന്ന രൂപത്തിലായിരുന്നതുകൊണ്ട് നല്ല നേരമ്പോക്കായി. കോളേജ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പ്രണയം, ജോലി, വിവാഹം എന്നീ കാര്യങ്ങളേ അവർക്കറിയേണ്ടതുള്ളൂ. പ്രവചനം നടത്തുന്നത് സതീർഥ്യരുടെ അടുത്തുതന്നെ ആകുമ്പോൾ പ്രണയകാര്യങ്ങളിൽ അവരുടെ പുരോഗതിയെക്കുറിച്ച് നമുക്ക് മുൻപേ തന്നെ സാമാന്യമായ അറിവുണ്ടെന്നു മറക്കരുത്. അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു സുഹൃത്ത്, അല്പം ഗൗരവക്കാരനായ ഒരാൾ, കൈ കാണിച്ചത്. ഇദ്ദേഹത്തിന് പ്രണയബന്ധമൊന്നുമില്ലെന്ന് എനിക്കറിയാവുന്നതുകൊണ്ട് ആ വകുപ്പിൽ പ്രവചനത്തിനു സ്കോപ്പില്ല. പിന്നെയെന്തു പറയുമെന്ന് ആലോചിച്ചപ്പോഴാണ് പെട്ടെന്ന് ഒരു ബുദ്ധി തോന്നിയത്. "സമൂഹത്തിന്റെ സമ്മർദം മൂലം ഭൂസ്വത്ത് നഷ്ടപ്പെടുമെന്ന്"ചുമ്മാ ഒരു കാച്ചു കാച്ചി. എന്നാൽ അതു പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖഭാവം അപ്പാടെ മാറി. അത്ഭുതപരതന്ത്രനായ സുഹൃത്ത് ഞാൻ എന്തു മറിമായം ഉപയോഗിച്ചാണ് ഇതറിഞ്ഞതെന്നായി. "നിങ്ങളുടെ രേഖയിൽ അതുണ്ടെന്ന്" ഞാൻ വിജയീഭാവത്തിൽ പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോൾ തങ്ങൾ മുൻപു താമസിച്ചിരുന്ന സ്ഥലത്തെ നാട്ടുകാർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം ബലമായി കയ്യേറി വഴിവെട്ടിയതുകൊണ്ടാണ് അവിടെനിന്ന് താമസം മാറി പുതിയ സ്ഥലത്ത് വീടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഈ രഹസ്യം ഞാനറിഞ്ഞതെങ്ങനെയെന്നുള്ള ആശ്ചര്യം ഉടനെയെങ്ങും അദ്ദേഹത്തെ വിട്ടുപോയില്ല.ഞാൻ പറയുന്നത് 'അച്ചട്ടാ'ണെന്ന് പലയിടത്തും പ്രച്ചരിപ്പിച്ചതുകൊണ്ട് കുറെ കൈകൾ കൂടി മുന്നിലെത്തി. പക്ഷേ പിന്നീടുള്ള പ്രവചനങ്ങളൊന്നും പച്ചതൊട്ടില്ല. ചക്ക വീഴുമ്പോഴെല്ലാം മുയൽ ചാകാറില്ലല്ലോ.

പ്രസിദ്ധ ഹാസ്യസാഹിത്യകാരനായ സഞ്ജയന്റെ 'രുദ്രാക്ഷ മാഹാത്മ്യം' എന്ന കഥ ഇവിടെ സ്മരണീയമാണ്. തൊഴിലില്ലാത്ത രണ്ടു യുവാക്കൾ മാന്ത്രിക രുദ്രാക്ഷം എന്ന പേരിൽ സാധാരണ രുദ്രാക്ഷമണികൾ വിറ്റ് അതിസമ്പന്നരാകുന്നതാണ് ഇതിവൃത്തം. പലപ്പോഴും അവർ തങ്ങളുടെ തന്ത്രത്തിൽ മണ്ടന്മാരായ ജനങ്ങൾ വീഴുന്നതോർത്ത് ചിരിക്കാറുണ്ടായിരുന്നു. എന്നാൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടിയപ്പോൾ പക്ഷേ ആ രുദ്രാക്ഷത്തിൽ എന്തെങ്കിലും മാന്ത്രികവിദ്യയുണ്ടോ എന്ന് അവർക്കുതന്നെ സംശയം ജനിക്കുന്നതായിട്ടാണ് സഞ്ജയൻ കഥ അവസാനിപ്പിച്ചിരിക്കുന്നത്. കയ്യിലെന്തെങ്കിലും ഉണ്ടാകുമ്പോഴാണല്ലോ ഓരോരുത്തർ അന്ധവിശ്വാസത്തിലേക്ക് തിരിയുന്നത്! ഒരുപക്ഷേ രണ്ടോ മൂന്നോ പ്രവചനങ്ങൾ കൂടി ശരിയായിരുന്നെങ്കിൽ എന്തോ പ്രത്യേകകഴിവ് എന്നിലുണ്ടെന്ന് ഞാൻ കരുതുമായിരുന്നുവോ? തീർച്ചയില്ല. എന്തായാലും പ്രവചനങ്ങളുടെ സാമാന്യസ്വഭാവം ഈ ഉദാഹരണത്തിൽ നിന്ന് വെളിവാകുന്നുണ്ട്‌. ഒരു അന്ധവിശ്വാസിയുടെ മുഖത്തുനോക്കി പത്തു സംഭവങ്ങൾ പ്രവചിച്ചാൽ അതിൽ കേവലം ഒരെണ്ണം മാത്രം ശരിയായാൽ പോലും അതുമാത്രമേ അയാൾ ഓർക്കൂ. കൂട്ടത്തിലുള്ള 99 ആടുകളെയും വെടിഞ്ഞ് കാണാതെ പോയ ആടിനെ തേടിനടന്ന ഇടയനെപ്പോലെ ശരിയായ ഒരൊറ്റ കാര്യം മാത്രം മതി, പ്രവാചകന്റെ ശിരോരേഖ തെളിയാൻ.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. ഞാൻ നടത്തിയ പ്രവചനം തെറ്റാണെന്നു തെളിയിക്കാനാവാത്തവിധം അവ്യക്തത നിറഞ്ഞതാണെന്ന് എന്റെ സുഹൃത്ത് കണ്ടുപിടിച്ചില്ല. പൊതുജനസമ്മർദം മൂലം ഭൂമി നഷ്ടപ്പെടുമെന്നു പറഞ്ഞത് ഭാവിയിലേക്കുള്ള പ്രവചനമായിരുന്നെങ്കിലും ഉള്ളിലെവിടെയോ ഒരു കൊച്ചു അന്ധവിശ്വാസിയായിരുന്ന അയാൾ അത് സംഭവിച്ചുകഴിഞ്ഞ ഒരു കാര്യവുമായി ബന്ധപ്പെടുത്തി. ഇനി അങ്ങനെയൊന്ന് നടന്നിട്ടിലെങ്കിൽ കൂടി, വരുംകാലത്തെപ്പോഴെങ്കിലും നടക്കാനിടയുള്ളതാണെന്നു പറഞ്ഞ് എനിക്ക് സുഖമായി തടിതപ്പാനും സാധിക്കുമായിരുന്നു. ഇതു തന്നെയാണ് ജ്യോതിഷികളുടെയും പ്രൊഫഷണൽ കൈനോട്ടക്കാരുടെയും ലൈൻ. അവ്യക്തമായി എന്തെങ്കിലുമൊക്കെ തട്ടിവിട്ടാൽ അത് യഥാവിധി ചേരുംപടി ചേർക്കൽ അന്ധവിശ്വാസിയായ കക്ഷി തന്നെ ചെയ്തുകൊള്ളും. കാര്യമായിട്ടൊന്നും വിട്ടുപറയാതെ എല്ലാം അറിയുന്ന ഭാവത്തിൽ ഒരു പുഞ്ചിരിയും തുന്നിപ്പിടിപ്പിച്ച് ഇരുന്നു കൊടുത്താൽ മതി. അല്പം വിനയം കൂടി പ്രകടിപ്പിക്കാമെങ്കിൽ ആളുകൾ നിങ്ങളെ തലയിലേറ്റി നടക്കും.

സി. രവിചന്ദ്രന്റെ 'പകിട 13 - ജ്യോതിഷ ഭീകരതയുടെ മറുപുറം' എന്ന ഉത്തമമായ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നതാണ് കൈനോട്ടം സത്യമായിത്തീർന്ന പണ്ടത്തെ ഈ സംഭവം.

No comments:

Post a Comment