Tuesday, November 15, 2022

വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?

അന്തർവാഹിനി കപ്പലുകളിൽ സമുദ്രോപരിതലത്തിലെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ് പെരിസ്കോപ്പ്. കടലിനടിയിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് ഈ കൊച്ചുകണ്ണാടി വിശാലമായ ഉപരിതലത്തിൽ എന്തുനടക്കുന്നുവെന്ന് കാട്ടിക്കൊടുക്കുന്നു. അതുപോലെ മലയാളത്തിൽനിന്ന് വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിനിർത്തിയ ഒരു പെരിസ്കോപ്പായിരുന്നു പ്രൊഫ: എം. കൃഷ്ണൻ നായർ. ഇന്റർനെറ്റ് വ്യാപകമല്ലാതിരുന്ന കാലത്ത്, ആധുനിക പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്ന വായനശാലകൾ വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രം സ്ഥിതി ചെയ്തിരുന്ന കാലത്ത് കൃഷ്ണൻ നായർ ആഴ്ചതോറും 'സാഹിത്യവാരഫലം' എന്ന പംക്തിയിലൂടെ പുതിയ സാഹിത്യകാരേയും അവരുടെ കൃതികളേയും മലയാളികൾക്ക് പരിചയപ്പെടുത്തി. ഇംഗ്ലീഷിലെന്നപോലെ മലയാളസാഹിത്യത്തിലും ഗാഢമായ അവഗാഹമുണ്ടായിരുന്ന ഈ കോളേജ് അദ്ധ്യാപകൻ ഇംഗ്ലീഷ് സാഹിത്യമാണ് പഠിപ്പിച്ചുകൊണ്ടിരുന്നത് എന്നായിരുന്നു മിക്കവരുടേയും ധാരണ. ഇംഗ്ലീഷ് ഉച്ചാരണകൃത്യതക്ക് അദ്ദേഹം നൽകിയിരുന്ന ശ്രദ്ധ ആ ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം മലയാള അദ്ധ്യാപകനായിരുന്നു. 1997-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ഇരുപതു സാഹിത്യവിമർശന ലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2006-ൽ അദ്ദേഹം നിര്യാതനായി. 'സാഹിത്യവാരഫല'ത്തോട് കിട നിൽക്കുന്ന ഒരു രചന വിജയകരമായി തുടർന്നുനടത്താൻ യാതൊരാളുമുണ്ടായില്ല എന്ന ദുഃഖസത്യം നാമിന്നു തിരിച്ചറിയുന്നു.

അന്യഭാഷാ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവയിലെ ആശയമോ കഥാതന്തുവോ മാത്രം വിശദീകരിച്ചുമാറുന്ന യാന്ത്രികതയല്ല കൃഷ്ണൻ നായരുടെ മുഖമുദ്ര. ആ കൃതിയിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങുന്നു, ആ ഭാവനയുടെ ആഴങ്ങളിൽ താൻ എന്തുകണ്ടുവെന്നും അവ തന്നിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കിയെന്നും പറഞ്ഞുതരുന്നു. അതായത് ഓരോ വായനക്കാരനേയും ഒരു സാഹിത്യാസ്വാദകനാക്കി മാറ്റുക എന്ന മഹാനിയോഗമാണ് അദ്ദേഹം നിർവഹിച്ചുപോന്നത്. ഹെർബർഗ് വാസ്‌മോയുടെ Dina's Book എന്ന രചനയുടെ അപഗ്രഥനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: "നോർവേയിലെ ഭൂപ്രകൃതി സമ്പൂർണമായും ഞാനിതിൽ കണ്ടു. അതിന്റെ ലയാത്മകതയിലൂടെ ഞാനും ഒഴുകി. ആ കലാവൈഭവം കണ്ട് ഞാനും മൂകനായി ഇരുന്നുപോയി". പുസ്തകത്തിലെ കഥാപാത്രങ്ങളുടെ വ്യാപാരങ്ങൾക്കുമുപരിയായി എന്തൊക്കെ വസ്തുതകളാണ് ഈ നിരൂപകശ്രേഷ്ഠൻ ആ കൃതിയിൽനിന്ന് പിഴിഞ്ഞെടുക്കുന്നതെന്നു നോക്കുക. ആദരവു കലർന്ന അത്ഭുതം പ്രകടിപ്പിക്കാനല്ലാതെ മറ്റെന്താണിവിടെ ചെയ്യാൻ കഴിയുക? ഉച്ചാരണശുദ്ധിയാണ് ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കിത്തീർക്കുന്ന മറ്റൊരു ഘടകം. പ്രത്യക്ഷത്തിൽ കാണുന്നതിനുമപ്പുറം അക്ഷരങ്ങൾക്ക് ഉച്ചാരണത്തിന്റേതായ മറ്റൊരു തലമുണ്ടെന്നത് - പ്രത്യേകിച്ചും ഫ്രഞ്ച് മുതലായ ഭാഷകളിൽ - മുഖാവരണമില്ലാത്ത ലിപിയുമായി മാത്രം പരിചയമുള്ള മലയാളികൾക്ക് ഒരു പുതിയ അനുഭവമാകും. എന്നാൽ പുസ്തകത്തിൽ പല ഇംഗ്ലീഷ് വാക്കുകളും തെറ്റായ അക്ഷരങ്ങളോടെയാണ് അച്ചടിച്ചിരിക്കുന്നതെന്നത് പ്രിന്ററുടെ ഭാഗത്തുള്ള അക്ഷന്തവ്യമായ ഒരു പോരായ്മയായിത്തോന്നി.

മലയാളത്തിലെ നവീന കവികളെക്കുറിച്ചും അവരുടെ സാഹിത്യസപര്യയെക്കുറിച്ചും ഉൽക്കണ്ഠയുളവാക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഇരുളടഞ്ഞ വനവീഥികളിൽ ദിക്കറിയാതെ തപ്പിത്തടയുന്ന സഞ്ചാരികളായിട്ടാണ് അവരെ ഗ്രന്ഥകാരൻ വിലയിരുത്തുന്നത്. പാരമ്പര്യത്തെ പാടേ നിഷേധിച്ച ഇവർ ആദ്യം ടി. എസ്. എലിയട്ടിനെ ആശ്രയിച്ചു. വേറെ ചിലർ ലാറ്റിൻ അമേരിക്കൻ കവികളേയും. ഫലമോ? അവരുടെ കവിത ലിപിയിൽ മാത്രമേ മലയാളിത്തം പുലർത്തിയുള്ളൂ. സായിപ്പന്മാരുടെ പ്രേതങ്ങൾ അതുമിതും പുലമ്പിക്കൊണ്ട് അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയായി. ആ സഞ്ചാരം കേമമെന്ന് ഉദ്‌ബോധിപ്പിക്കാനും കുറെ ആളുകളുണ്ടായി. ആശാന്റേയോ വള്ളത്തോളിന്റെയോ ഉള്ളൂരിന്റേയോ സാന്മാർഗ്ഗികാഭിവീക്ഷണവും വികാരവ്യാപ്തിയും ഇവരുടെ രചനകളിൽ ഇല്ല. ഈ കവികൾ കടപുഴകി വീഴാൻ കാലത്തിന്റെ മഹാപ്രവാഹം വേണമെന്നില്ല. ഒരു നിമിഷത്തിന്റെ നീർച്ചാൽ ഒലിച്ചാൽ മതി, ഇവർ മറിഞ്ഞുവീഴും. കഥാപാത്രങ്ങളുടെ ആദ്ധ്യാത്മികമാനം സി. വി. രാമൻ പിള്ളക്കും കവിത്രയത്തിനും ശേഷം നഷ്ടമായിപ്പോയി. എവിടെ സാഹിത്യത്തിന്റെ ആദ്ധ്യാത്മികമാനം നഷ്ടപ്പെടുന്നുവോ അവിടെ ജീർണ്ണത താണ്ഡവനൃത്തമാടും. മനുഷ്യനെ അവന്റെ സങ്കീർണതകളോടും സാകല്യാവസ്ഥകളോടും കൂടി ആലേഖനം ചെയ്യാതെ സാമൂഹികമനുഷ്യനായി മാത്രം ലഘൂകരിച്ച് അവതരിപ്പിച്ചുകൊണ്ട് റിയലിസവും അതിന്റേതായ ദുരന്തപർവ്വം സൃഷ്ടിച്ചു. ഇതിലും കടുത്ത വിമർശനം സാദ്ധ്യമാണോ?

കേരളത്തിന്റെ ഇബ്‌സൻ എന്നറിയപ്പെടുന്ന നാടകകൃത്താണ് എൻ. കൃഷ്ണപിള്ള. അതിലുപരി അദ്ദേഹം ഒരു സാഹിത്യനിരൂപകനും ഭാഷാചരിത്രകാരനുമാണ്. എന്നാൽ കൃഷ്ണപിള്ളയെ ഗ്രന്ഥകാരൻ വിമർശിക്കുന്നത് ലേശം ക്രൂരമായ രീതിയിലാണെന്നു പറയാതെ വയ്യ. ശിഷ്യന്മാരുടേയും (കൃഷ്ണപിള്ള കോളേജ് അദ്ധ്യാപകനായിരുന്നല്ലോ) ചില ആരാധകരുടേയും സ്നേഹമെന്ന ആന്തരപ്രവാഹം സാഹിത്യനിമ്നതയുടെ ഉപരിതലത്തിൽ പൊക്കിവിട്ട ഒരു ഒതളങ്ങയാണ് കൃഷ്ണപിള്ള എന്ന നിരീക്ഷണം നമ്മെ അമ്പരപ്പിക്കും. എന്നാൽ അദ്ദേഹം അവിടംകൊണ്ട് നിർത്തുന്നില്ല. കൃഷ്ണപിള്ളയുടെ നാടകങ്ങൾ ആർട്ടല്ല, ക്രാഫ്റ്റാണ്. അദ്ദേഹം ആകെ ചെയ്തത് ഇബ്‌സന്റെ രൂപശില്പം കടം വാങ്ങി എന്നതാണ്. ജന്മനാ കലാകാരനല്ലാത്ത അദ്ദേഹത്തിന് സർഗ്ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാൻ കഴിഞ്ഞില്ല. ഈ കടുത്ത വിമർശനത്തിനു പുറകിൽ വ്യക്തിപരമായ ഒരംശം കൂടിയുണ്ടോ എന്നു സന്ദേഹിക്കാൻ തക്കവക ഈ ലേഖനങ്ങളിലുണ്ട്. കൃഷ്ണപിള്ളയുടെ 'ബലാബലം' എന്ന നാടകത്തിന് ഗ്രന്ഥകാരൻ അവതാരിക എഴുതിക്കൊടുത്തിരുന്നു. എന്നാൽ അതുപോരെന്നു തോന്നിയപ്പോൾ പ്രസിദ്ധീകരിക്കാതെ കൃഷ്ണപിള്ള സ്വയം ഒരു അവതാരിക എഴുതി കൃഷ്ണൻ നായരുടെ പേരുവെച്ച് നാടകത്തിനൊപ്പം ചേർത്തു. ഇതിന്റെ പ്രതികാരമാണോ ഈ നിശിതമായ ശകാരം എന്ന് ന്യായമായും സംശയിക്കാം.

സ്പാനിഷ് തത്വചിന്തകനും നാടകകൃത്തും നോവലിസ്റ്റുമായ ഊനാമൂനോയുടെ ഒരു നോവലിനെയാണ് ഈ പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത്. നോവൽ വായിക്കുന്ന അതിലെ ഒരു കഥാപാത്രം 'എന്റെ വായനക്കാരനോട് എനിക്കു പറയേണ്ടിയിരിക്കുന്നു അയാൾ എന്നോടൊത്തു മരിക്കുമെന്ന്' എന്നഭിപ്രായപ്പെടുന്നുണ്ട്. മാനസിക സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ഈ കഥാപാത്രം പിന്നീട് നോവൽ ചുട്ടെരിക്കുന്നു. എങ്കിലും നോവലിന്റെ അന്ത്യത്തിൽ ഊനാമൂനോ 'വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?' എന്നുതന്നെ ചോദിക്കുന്നു. ഋജുവല്ലാത്തതും വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമല്ലാത്ത കഥാസന്ദർഭമായതിനാൽ അതിന്റെ സാംഗത്യം നമുക്കു മനസ്സിലായില്ലെങ്കിലും അത്ഭുതപ്പെടാനില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Vayanakkara, Ningal Jeechichirikkunno?'
Author: M. Krishnan Nair
Publisher: DC Books, 1997
ISBN: 9788171307777
Pages: 86
 

Tuesday, November 1, 2022

മൃത്യുഞ്ജയം കാവ്യജീവിതം

മലയാള കാവ്യരംഗത്ത് നവോത്ഥാനപാത വെട്ടിത്തുറന്ന മഹാകവിയാണ് കുമാരനാശാൻ. അദ്ദേഹം തെരഞ്ഞെടുത്ത നായകബിംബങ്ങളും ആഖ്യാനശൈലിയും യാഥാസ്ഥിതിക മസ്തിഷ്കത്തിന്റെ ആസ്വാദനസീമകൾക്കു പുറത്തായിരുന്നു. എന്നാൽ ആ കാവ്യങ്ങളുടെ കാലികപ്രസക്തിയും പ്രതിപാദ്യഗരിമയും വലിയ പരിവർത്തനങ്ങൾക്ക് കാരണമാകാൻ തക്ക ശേഷിയുള്ളതായിരുന്നു. കേരളീയസമൂഹം വലിയൊരു മാറ്റത്തിന് തയ്യാറെടുത്തുനിന്നിരുന്ന സന്ദർഭവുമായിരുന്നു. നവോത്ഥാനമെന്ന ശിശുവിന് ആശാൻ കവിത പോഷകവും പ്രാണജലവും നൽകി. മഹാകാവ്യമെഴുതാതെ മഹാകവിയായ പ്രതിഭയാണ് ആശാൻ. പക്ഷേ ആ സ്ഥാനലബ്ധി സാമുദായികസംവരണത്തിലൂടെ മാറ്റിവെച്ച ഒരു കസേരയായിരുന്നില്ല എന്നതിനു സാക്ഷി ഇരുപതാം നൂറ്റാണ്ടാണ്. ആശാൻ കവിത ഇന്നും കൈരളിയുടെ ആത്മാവിന്റെ ഭാഗമായി നിലനിൽക്കുന്നു. ആശാന്റെ ജീവചരിത്രങ്ങൾ ഏറെയുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രൊഫ: എം. കെ സാനു ഇങ്ങനെയൊരു ഉദ്യമത്തിനു മുതിർന്നത് അവസരോചിതമായി. മഹാകവിയുടെ ഡയറിക്കുറിപ്പുകളടക്കം നിരവധി രേഖകൾ ഈ കൃതിക്കുവേണ്ടി ഗ്രന്ഥകാരൻ പരിശോധിച്ചിട്ടുണ്ട്. തോന്നയ്ക്കലുള്ള ആശാൻ ഭവനത്തിന്റെ വരാന്തയിലിരുന്ന് ജീവചരിത്രത്തിന്റെ ആദ്യവരികൾ എഴുതിക്കൊണ്ടാണ് സാനുമാഷ് ഈ പ്രയത്നം തുടങ്ങിവെക്കുന്നത്.

ആശാന്റെ ബാല്യ-കൗമാരങ്ങൾ പരിശോധിക്കുമ്പോൾ അന്തർമുഖനായ ഒരു കുട്ടിയെയാണ് നാം കാണുന്നത്. അത്തരമൊരു വ്യക്തി മലയാളസാഹിത്യത്തിലെ ഉജ്വലതേജസ്സാർന്ന ഒരു നക്ഷത്രമായി മാറിയെന്നത് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അതോടൊപ്പം തന്നെ ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി) എന്ന സാമുദായിക സംഘടനയെ ശൂന്യതയിൽനിന്ന് പടുത്തുയർത്തിയെന്നത് വിസ്മയകരമാണ്. അടിമകൾക്കുതുല്യം നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന ഒരു സമുദായത്തിലെ അംഗങ്ങളുമായാണ് ഇടപഴകേണ്ടത്. അത്ഭുതസിദ്ധികളുടെ മുൻപിലല്ലാതെ ആലോചനാശീലത്തിന്റേയോ ആദർശത്തിന്റേയോ മുന്നിൽ തലകുനിക്കാൻ അവർക്കറിഞ്ഞുകൂടാ. യോഗത്തിന്റെ സെക്രട്ടറി എന്ന നിലയിൽ അരുവിപ്പുറത്ത് താമസിച്ചതോടുകൂടി വ്യക്തികളെന്ന നിലയ്ക്കല്ല, ജാതിവ്യവസ്ഥയാൽ പീഡിതമായ സമൂഹമെന്ന നിലയ്ക്കാണ് ആശാൻ ബാഹ്യയാഥാർഥ്യം ഉൾക്കൊണ്ടത്. അന്തർമുഖമായിരുന്ന പ്രകൃതം ക്രമേണ ബഹിർമുഖമാകാൻ തുടങ്ങി. ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാന സംഭാവന ആശാനെക്കുറിച്ച് പ്രചരിച്ചിരുന്ന ഒരു തെറ്റിദ്ധാരണ തിരുത്തലാണ്. ആശാന്റെ ആദ്യകാലകവിതകൾ പരിശോധിച്ച നാരായണഗുരു ശൃംഗാരപദ്യങ്ങൾ എഴുതരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചതായി നാം കേട്ടിട്ടുണ്ട്. ആദ്യകാലകവിതകളിൽ മുറ്റിനിന്നിരുന്നത് ശൃംഗാരമാണെന്ന ധ്വനി ഇതിലുണ്ട്. മറ്റൊരു ജീവചരിത്രകാരനായ ഹരിശർമ്മ ഉദാഹരണസഹിതം ഇത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർമ്മ ഉദ്ധരിക്കുന്ന ശ്ലോകം 'പ്രബോധചന്ദ്രോദയം' എന്ന സംസ്കൃതനാടകം ആശാൻ ഭാഷാന്തരം ചെയ്തപ്പോൾ മൂലത്തിലെ ആശയം അതേപടി പ്രതിഫലിപ്പിച്ചതുമാത്രമാണ്. കാവ്യാസ്വാദനസംബന്ധിയായ ഒരു വിവരണത്തിൽപ്പോലും പച്ചശൃംഗാരം കടന്നുവരുന്നത് പൊറുക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഗുരുവിന്റെ ഉപദേശം പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം മാത്രമായിരുന്നു എന്ന് സാനു സ്ഥാപിക്കുന്നു.

ഒരു കവിയുടെ ജീവിതകഥ പറയേണ്ടതുപോലെതന്നെയാണ് ഈ രചനയും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സന്ദർഭോചിതമായ കവിതാശകലങ്ങളും കവിയെ അവയിലേക്കുനയിച്ച ചുറ്റുപാടുകളും അവ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവുമെല്ലാം അളവും പ്രസക്തിയും തെറ്റാതെ ഇതിൽ എടുത്തുചേർത്തിരിക്കുന്നു. ആശാന്റെ വ്യക്തിപരവും സാഹിത്യപരവും സാമൂഹ്യപ്രവർത്തനപരവുമായ ജീവിതങ്ങൾ ഒന്നൊന്നായി പരിശോധിക്കപ്പെടുന്നു. ശ്രീമൂലം പ്രജാസഭയിൽ നിരവധി തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന മഹാകവി ഒരിക്കൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പരാജയപ്പെടുകയുമുണ്ടായി. സഭയിൽ രാജാവിനേയും ദിവാനേയും കടന്നാക്രമിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. അതിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടപ്പോൾ രാജിവെക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണുണ്ടായത്. ടി. കെ. മാധവനുമായുള്ള രാഷ്ട്രീയശത്രുത ഇക്കാലത്തുണ്ടായതാണ്. സവർണ്ണപ്രമാണികളെ പരാമർശിക്കുമ്പോൾ അക്കാലത്ത് സ്വാഭാവികമായിരുന്ന അതിവിനയം നിറഞ്ഞ, ആദരപൂർവ്വമായ ശൈലിയാണ് ആശാൻ സ്വീകരിച്ചിരുന്നതെങ്കിലും സ്വന്തം അനുഭവം ആധാരമാക്കി ജാതിയെപ്പറ്റി പരാതി പറയേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ന് എസ്.എൻ.ഡി.പി യോഗം എന്ന് വ്യാപകമായി അറിയപ്പെടുന്ന സംഘടന അക്കാലത്ത് അതിന്റെ മലയാള ആദ്യാക്ഷരങ്ങളായ ശ്രീ.നാ.ധ.പ യോഗം എന്നാണ് അറിയപ്പെട്ടിരുന്നതെന്ന വസ്തുത കൗതുകം ജനിപ്പിക്കുന്നതാണ്. അതുപോലൊന്നാണ് ആശാൻ ഇംഗ്ലീഷിലാണ് സ്വന്തം ഡയറി എഴുതിയിരുന്നതെന്നതും.

മഹാകവിയുടെ കാവ്യസപര്യയെ തൊട്ടറിഞ്ഞയാളാണ് ഗ്രന്ഥകാരൻ. എന്നാൽ ഒരു ജീവചരിത്രപുസ്തകത്തിൽ കവിതയുടെ ഘടനാപരവും ആഖ്യാനപരവുമായ ചർച്ചകൾ പരമാവധി ഒഴിവാക്കിയിരിക്കുന്നു. പഴയ ക്ലാസിക് കവികളെപ്പോലെ ബാഹ്യമായ ഒരു പ്രമേയം സ്വീകരിക്കുകയും രചനാകൗശലവും പ്രതിഭാദീപ്‌തിയും ഇടകലർത്തി കവിതയാക്കി വികസിപ്പിക്കലുമായിരുന്നു രീതി. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ ഒരു സിംഹിണി പ്രസവിച്ചതിനെത്തുടർന്നെഴുതിയ 'സിംഹപ്രസവം' എന്ന കൃതിയും ആ ശേഖരത്തിലുണ്ട്. ഒട്ടുമിക്കപ്പോഴും ജീവിത-മരണങ്ങളുടെ അതിർത്തിദേശത്താണ് തന്റെ കാവ്യങ്ങളിലെ മൂർദ്ധന്യാവസ്ഥ ആശാൻ പ്രകടിപ്പിച്ചിട്ടുള്ളത്. ആ മുഹൂർത്തം അനുവാചകരെ ജീവിതത്തിന്റെ നേർക്ക് ഒരു പുതിയ മനോഭാവം അവലംബിക്കാൻ പ്രേരിപ്പിക്കുന്നു. ലൗകികമായ നേട്ടങ്ങൾ അവിടെ നിരർത്ഥകമായി മാറുന്നു, ക്ഷണികമായ ജീവിതം സ്നേഹത്തിന്റെ നിത്യവിശുദ്ധി നേടുന്നു. ആശാന്റെ കാവ്യലോകത്തിൽ സ്നേഹം ജീവിതത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് ജീവിതം സ്നേഹത്തിനുവേണ്ടിയുള്ളതാണ്. സ്നേഹിക്കുന്നവർ ഭാഗ്യശാലികളാണെന്നും അവർ എത്തിച്ചേരുന്നത് അമർത്യതയിലാണെന്നുമുള്ള അവാച്യലാവണ്യമാർന്ന ദർശനമാണ് ആശാൻ കവിത അനുവാചകഹൃദയങ്ങളിൽ അവശേഷിപ്പിക്കുന്നത്. ശില്പപരമായ ഉൽകൃഷ്ടത നിമിത്തം ആശാന്റെ ഏറ്റവും ഉദാത്തമായ കൃതി 'കരുണ'യാണെന്നാണ് സാനു വിശ്വസിക്കുന്നത്. എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരിക്കുമ്പോൾതന്നെയാണ് അദ്ദേഹം കാവ്യമണ്ഡലത്തിലും വിഹരിച്ചിരുന്നത്. എന്നാൽ തന്റെ സമയത്തിന്റേയും ശക്തിയുടേയും അധികഭാഗവും തന്റെ ശ്രമങ്ങളെ സ്പർദ്ധാപൂർവ്വം തടയുന്ന എതിർശക്തികളോട് പോരാടിനിന്ന് നഷ്ടപ്പെട്ടുപോകുന്നതിനാൽ സെക്രട്ടറി സ്ഥാനം ആശാൻ ഒഴിഞ്ഞു.

ആയാസരഹിതമായി വായിച്ചുപോകാവുന്ന ഈ കൃതിയിൽ ഗ്രന്ഥകർത്താവ് വിമർശനബുദ്ധി തീരെ പ്രകടമാക്കുന്നില്ല എന്നതൊരു പോരായ്മയായി കാണണം. തന്റെ പ്രതിപാദ്യവിഷയമായ മഹാമനുഷ്യരെ നേരിൽ കണ്ടിട്ടില്ലാത്ത ജീവചരിത്രകാരന്മാരെല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണിത്. യോഗം സെക്രട്ടറിയെന്ന നിലയിൽ ആശാനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈഴവരിൽത്തന്നെ ഒരു താഴ്ന്ന ഉപജാതിയായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിലാണ് ജനനമെന്നതും നിലപാടുകളിലെ കടുംപിടിത്തവുമായിരുന്നു എതിർപ്പിന്റെ പ്രധാനകാരണങ്ങൾ. അഹങ്കാരം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നനുമാനിക്കുന്നതോടൊപ്പം എതിർപ്പിന്റെ കാരണങ്ങൾ എതിരാളികളിൽത്തന്നെയാണ് കാണേണ്ടത് എന്നും സാനു പറഞ്ഞുവെക്കുന്നു. സാഹിത്യകാരന്മാരിലെ ബുദ്ധിജീവി നാട്യമൊന്നും ആശാനുണ്ടായിരുന്നില്ല. അദ്ദേഹം കവിയായിരിക്കേ യോഗത്തിലൂടെ സമുദായപ്രവർത്തനം നടത്തി, ശ്രീമൂലം സഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു, വെയ്ൽസ് രാജകുമാരനിൽനിന്ന് തന്റെ സാഹിത്യപരമായ കഴിവുകൾക്കുള്ള അംഗീകാരമായി പട്ടും വളയും സ്വീകരിച്ചു, വ്യാവസായികമായ അഭിവൃദ്ധിയെ ലാക്കാക്കി ഒരു ഓട്ടുകമ്പനിയും ഏറ്റെടുത്തുനടത്തി. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നിൽ ജീവൻ വെടിയുകയും ചെയ്തു. 1921-ൽ മലബാറിൽ നടന്ന മാപ്പിള ലഹളയും അതിനോടനുബന്ധിച്ചുനടന്ന ഹിന്ദു വംശഹത്യയും നിർബന്ധിതമതപരിവർത്തനവും 'ദുരവസ്ഥ' എന്ന കൃതിയിൽ ആശാൻ വിവരിക്കുന്നുണ്ട്. ഈ കാവ്യം ഇസ്‌ളാമികവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം മുസ്ലീങ്ങൾ രംഗത്തിറങ്ങിയതിനെ ആശാൻ ധീരമായി പ്രതിരോധിച്ചത് ഇന്നത്തെ നട്ടെല്ലില്ലാത്ത സാംസ്കാരികനായകർ കണ്ടുപഠിക്കേണ്ടതാണ്. കലാപകാലത്ത് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും താനെഴുതിയത് അക്രമികളെക്കുറിച്ചാണെന്നും അക്രമികളോട് മാനസികൈക്യം ഇല്ലെന്നുവാദിക്കുന്ന സാധാരണ മുസ്ലീങ്ങൾക്ക് അതിൽ അപമാനകരമായി ഒന്നും കണ്ടെത്താനാവില്ല എന്നുമുള്ള വാദത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു വള്ളി-പുള്ളി-കുത്ത്-കോമ പോലും മാറ്റാൻ തയ്യാറായതുമില്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Mruthyunjayam Kavyajeevitham'
Author: M K Sanu
Publisher: National Book Stall, 1996
ISBN: Nil
Pages: 192