Sunday, March 17, 2019

കൊച്ചി മുസിരിസ് ബിനാലെ 2018



രണ്ടുവർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന കലാപ്രദർശനം ആണ് ബിനാലെ. 2016-ലെ കൊച്ചി ബിനാലെ കണ്ടതിനുശേഷം 2018-ലെ ഈ പ്രദർശനം ഒരു കാരണവശാലും വിട്ടുപോകരുത് എന്നുറപ്പിച്ചു. വളരെ മിതമായ 100 രൂപയാണ് പ്രവേശന ടിക്കറ്റിന് ഈടാക്കുന്നത്. പല സ്റ്റാളുകളിലും സ്ഥാപിച്ചിരിക്കുന്ന എയർകണ്ടീഷണറുകളുടെ വൈദ്യുതിചാർജ് പോലും മുതലാകുമോ എന്ന് സംശയിച്ചുപോകുന്ന നിരക്ക്. എന്നിരിക്കിലും ജനം തിക്കിത്തിരക്കി കയറുന്നൊന്നുമില്ല. ദർബാർ ഹാൾ ഗ്യാലറി, ആസ്പിൻവാൾ ഹൗസ് എന്നിവിടങ്ങളിൽ മാത്രമേ ടിക്കറ്റ് വില്പന ഉള്ളൂ. ആ രണ്ടു സ്ഥലങ്ങളും ഒഴികെ മറ്റൊരിടത്തും ടിക്കറ്റ് നിർബന്ധവുമല്ല.



2019 മാർച്ച് 7 വ്യാഴാഴ്ച രാവിലെ 10:05ന് ദർബാർ ഹാൾ ഗ്യാലറിയിൽ എത്തി. പരിചയക്കുറവ് മൂലം വിഷമിക്കുന്ന ഒരു യുവതിയും മലയാളം ശരിയായി സംസാരിക്കാൻ അറിയാത്ത ഒരു യുവാവുമാണ് കൗണ്ടറിൽ ഇരിക്കുന്നത്. പ്രദർശന സമയം തുടങ്ങുന്നതേ ഉള്ളൂ എന്നതിനാൽ ടിക്കറ്റുകൾ അവരുടെ കയ്യിൽ ഇതുവരെ എത്തിയിട്ടില്ല. എന്തായാലും പണം കൊടുത്തേൽപ്പിച്ചാൽ തിരികെ വരുമ്പോഴേക്കും ടിക്കറ്റ് തയ്യാറാക്കി വയ്ക്കാം എന്ന ഉറപ്പിന്മേൽ അകത്തേക്ക് കടന്നു.



മൃണാളിനി മുഖർജി ചണത്തിലും ചെമ്പിലും തയ്യാറാക്കിയ ഏതാനും രൂപങ്ങളാണ് ആദ്യമായി നമ്മെ എതിരേൽക്കുന്നത്. മുകളിലത്തെ നിലയിൽ ചിത്തപ്രസാദ് ഭട്ടാചാര്യയുടെ സ്കെച്ചുകളും കാണാം. അതിന്റെ കൂടെ തന്നെ പ്രദർശിപ്പിച്ചിരിക്കുന്ന കെ. പി. കൃഷ്ണകുമാറിന്റെ ചിത്രങ്ങൾ പോരാ എന്നു തോന്നി.



ഇനിയുള്ള കേന്ദ്രങ്ങളെല്ലാം ഫോർട്ടുകൊച്ചിയിൽ ആയതിനാൽ അരമണിക്കൂറിനുശേഷം അങ്ങോട്ട് തിരിച്ചു. തെറ്റായ ഒരു വളവിൽ തിരിഞ്ഞതിനാൽ വളരെയൊക്കെ കറങ്ങിത്തിരിഞ്ഞ് തോപ്പുംപടിയിൽ തിരിച്ചെത്തി. നിരാശനാകാതെ വീണ്ടും തിരിച്ചുപോയി ഒടുവിൽ 11:20ന് കാശി ആർട്ട് ഗ്യാലറിയിൽ എത്തി. ലക്ഷ്മി മാധവൻ എന്ന കലാകാരിയുടെ കണ്ണാടികളും കുപ്പിച്ചില്ലുകളും നിരത്തിയ പ്രദർശനവസ്തു കൗതുകം ഉണർത്തുന്നതായിരുന്നു. 'The Body Dialogues' എന്നു പേരിട്ടിരിക്കുന്ന ഈ വസ്തു സ്ഥിതിചെയ്യുന്ന മുറിയുടെ പുറത്ത് 'കുട്ടികളെ തനിച്ചു വിടരുതെന്നും താഴെ നിരത്തിയിരിക്കുന്ന ചില്ലുപാളികൾ മൂലം അവർക്ക് മുറിവുപറ്റിയാൽ കലാകാരി ഉത്തരവാദിയായിരിക്കുന്നതല്ല' എന്ന മുന്നറിയിപ്പ് കൂടുതൽ കൗതുകമുണർത്തി.



തുടർന്നുള്ള കേന്ദ്രങ്ങളായ ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിവ വളരെ അടുത്തുതന്നെയാണ്. വീതികുറഞ്ഞ തെരുവുകളും കൊളോണിയൽ ഭവനങ്ങളും ഫോർട്ട് കൊച്ചിയുടെ പാരമ്പര്യം നിലനിർത്തുന്നു. കാശി ആർട്ട് കഫെയിൽ ഒരു കലാകാരന്റെ പ്രദർശനം മാത്രമേയുള്ളൂ. ഇതിന്റെ ബഹുഭൂരിഭാഗവും കഫെ മാത്രമാണ്.



കബ്രാൾ യാർഡിലേക്ക് നടന്നു. 12 മണിയോടെ എത്തി. ഇവിടെ കുറെ കലാകാരന്മാർ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുകയാണ്. അവർക്കു ശല്യമാകാതെ സന്ദർശകർക്ക് കലാരചന വീക്ഷിക്കാവുന്നതാണ്. കേന്ദ്രസ്ഥാനത്തുള്ള വേദിയിൽ ഏതോ ശില്പശാലയുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയാണ്. ശീതീകരിച്ച പരിസരമായതിനാൽ അൽപസമയം ഇരുന്നു ശ്രദ്ധിച്ചു. ചർച്ചയിൽ പങ്കെടുക്കുന്ന അഞ്ചെട്ടാളുകളും, കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ കയറിയ മൂന്നുപേരും, പിന്നെ ഒരു വിദേശവനിതയും മാത്രമേ അകത്തുള്ളൂ എങ്കിലും ജനലക്ഷങ്ങൾ ശ്രദ്ധിക്കുന്ന കണക്കെയാണ് പങ്കെടുക്കുന്നവരുടെ പ്രതികരണങ്ങൾ.



ആസ്പിൻവാൾ ഹൗസിലേക്ക് നടന്നു. ഇതാണ് ബിനാലെയുടെ ഏറ്റവും പ്രധാനവേദി. ഏറ്റവുമധികം കലാകാരന്മാരും പ്രദർശനവസ്തുക്കളും ഉള്ളത് ഇവിടെയാണ്. നിങ്ങൾ ബിനാലെയുടെ ഒരൊറ്റ വേദി മാത്രമേ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ എങ്കിൽ തെരഞ്ഞെടുക്കേണ്ടത് ഈ സ്ഥലമാണ്. നൂറുകണക്കിന് ചിത്രങ്ങളും ശിൽപങ്ങളും ഇവിടെയുണ്ട്. പലതും ആസ്വദിക്കാനാകാതെ പോകുന്നതും എന്താണെന്നുപോലും മനസ്സിലാകാത്തതും കലയുടെ കുഴപ്പമല്ല. നട്ടുച്ചക്ക് ഒരു മണിക്കൂർ ചെലവിട്ടു.
എന്നിട്ടും ഒരു ഓട്ടപ്രദക്ഷിണം മാത്രമേ നടത്താനായുള്ളൂ.



നല്ല വിശപ്പ്! 'കായിക്ക'യുടെ ബിരിയാണിക്കട ഒന്നര കിലോമീറ്റർ മാത്രം അകലെയാണെന്ന് ഗൂഗിൾ കാണിച്ചു. നേരെ അങ്ങോട്ടുപോയി. 'കായീസ് റഹ്മത്തുള്ള കഫേ' എന്ന റസ്റ്റോറൻറ് കേരളമെങ്ങും പ്രശസ്തമാണെങ്കിലും അതിശയകരമാംവണ്ണം ചെറുതാണ്. കൃത്യമായി കടയുടെ ബോർഡ് വായിച്ചില്ലെങ്കിൽ കാണാതെ പോവുകയും ചെയ്യും. തീരെ ഇടുങ്ങിയ വഴികളാണ് എങ്ങും. ഒരു നാടൻ ചായക്കടയുടെ മട്ട്. ഏ.സി മുറികളും മറ്റാഡംബരങ്ങളും ഒന്നുമില്ല. കസേര കിട്ടാൻ ശ്രദ്ധിച്ചുനിൽക്കേണ്ട വിധത്തിലുള്ള തിരക്ക്. മൂന്നോ നാലോ പേർ ഒന്നിച്ചുപോയാൽ ഒരുപക്ഷേ പലയിടങ്ങളിലായി ഇരിക്കേണ്ടിവന്നേക്കാം. ചിക്കൻ, മട്ടൻ ബിരിയാണികൾ മാത്രമേ കായിക്ക വിളമ്പുന്നുള്ളൂ. മിതമായ വില - യഥാക്രമം 130, 170 രൂപ! കസേര കിട്ടിയാൽ അഞ്ചുമിനിറ്റിനുള്ളിൽ ബിരിയാണി മുന്നിലെത്തും. നല്ല സ്വാദുള്ള ഭക്ഷണം! വർഷങ്ങളായി ഈ സ്വാദ് ഈ സ്ഥാപനം ഇതുപോലെ നിലനിർത്തുന്നു എന്നത് ചില്ലറ കാര്യമല്ല. എങ്കിലും ഞാൻ ഇതേവരെ കഴിച്ചിട്ടുള്ളതിൽ വെച്ചേറ്റവും നല്ല ബിരിയാണി ആണോ ഇത് എന്നു ചോദിച്ചാൽ അല്ല എന്നു പറയേണ്ടിവരും.



ഭക്ഷണത്തിനുശേഷം നേരെ പോയത് പെപ്പർ ഹൗസിലേക്കാണ്. ഇതും ഒരു ഭക്ഷണശാല ആണ്. എങ്കിലും വളരെയധികം ചിത്രങ്ങളും ശില്പങ്ങളും ഇവിടെയുമുണ്ട്. തൊട്ടടുത്തുതന്നെയുള്ള മാപ്പ് പ്രോജക്ട് സ്പേസ്, മട്ടാഞ്ചേരിയിലെ ടികെഎം വെയർഹൗസ് എന്നിവ പെട്ടെന്നുതന്നെ കണ്ടു തീർക്കുവാൻ സാധിക്കും. മാപ്പ് പ്രോജക്ട് സ്പേസിൽ നമ്മെ ആകർഷിക്കുന്നത് അദൃശ്യമായ ഒരു കലാശില്പമാണ്. താനിയ ബ്രൂഗേര എന്ന ക്യൂബൻ കലാകാരിയുടെ മുറിയിൽ അവർ പ്രദർശനത്തിന്റെ അധികൃതർക്കെഴുതിയ ഒരു തുറന്ന കത്തിലെ വാചകങ്ങൾ പകർത്തി വെച്ചിരിക്കുന്നു. ക്യൂബയിലെ സർക്കാർ പൊതുവേദികളിൽ പ്രദർശനങ്ങൾ നടത്തുന്നതിൽനിന്ന് കലാകാരന്മാരെ വിലക്കുന്ന 'കൽപ്പന 349' (Decree 349) പുറപ്പെടുവിച്ചതിനെ പ്രതിഷേധിച്ചതിനാൽ ബ്രൂഗേര ഡിസംബറിൽ തടവിലാക്കപ്പെട്ടു. ക്യൂബയിലെ പ്രതിഷേധം കൊച്ചിയിലും നിശബ്ദമായി പ്രതിധ്വനിക്കുന്നു. തടവിലാക്കിയത് കമ്മ്യൂണിസ്റ്റ് ഭരണകൂടമായതു കൊണ്ടായിരിക്കണം കേരളത്തിലെ ബുദ്ധിജീവികളും സാംസ്കാരികനായകരും ഇതു കണ്ടില്ലെന്ന മട്ടിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.



ഉച്ചതിരിഞ്ഞ് 2:40ന് ടികെഎം വെയർ ഹൗസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മറ്റൊരു ബിനാലെയുടെ തിരശ്ശീല കൂടി താഴുകയായിരുന്നു. ഇനി മൂന്നാഴ്ച കൂടി മാത്രമേ പ്രദർശനം തുടരുകയുള്ളൂ, പിന്നെ 2020-ലേക്ക്. 'അന്യതയിൽനിന്ന് അന്യോന്യതയിലേക്ക്' എന്നു മലയാളത്തിലും 'Possibilities for a Non-Alienated Life' എന്ന് ഇംഗ്ലീഷിലും പ്രമാണവാക്യമുള്ള 2018-ലെ ബിനാലെ 2016-ലേതിനേക്കാൾ തിളക്കം കുറഞ്ഞതാണോ എന്ന ശക്തമായ ഒരു സന്ദേഹം ഉളവായി. കണ്ട കാഴ്ചയുടെ സമ്പത്തുമായി വീണ്ടും നാഴികക്കല്ലുകൾ ഇല്ലാത്ത ജീവിതത്തിലേക്ക് മടങ്ങി.



Monday, March 11, 2019

ആശാന്റെ വീണപൂവ്: വിത്തും വൃക്ഷവും


മലയാള കവിതാനഭസ്സിലെ വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നു 1907-ൽ പ്രസിദ്ധീകരിച്ച കുമാരനാശാന്റെ 'വീണപൂവ്' എന്ന കൃതി. ഉടൽവർണനകൾക്കും രതിവർണനകൾക്കും ശൃംഗാരത്തിനും അടിമവേല ചെയ്തുകൊണ്ടിരുന്ന മലയാളകവിതയെ വെറും 41 ശ്ലോകങ്ങൾ മാത്രം അടങ്ങുന്ന ഈ ലഘുകാവ്യം സ്വതന്ത്രമാക്കി. വസന്തതിലകം വൃത്തത്തിൽ ദ്വിതീയാക്ഷരപ്രാസത്തിൽ മെടഞ്ഞെടുത്ത ഈ വിഷാദകാവ്യം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും അപ്രസക്തമാവാതിരിക്കുന്നത് അത് ഉയർത്തിവിട്ട ചില തിരയിളക്കങ്ങൾ ഒരു പക്ഷേ ഇന്നും സഹൃദയശ്രദ്ധ ആവശ്യപ്പെടുന്നതുകൊണ്ടാണ്. കവിതയുമായി പുലബന്ധംപോലും പുലർത്താത്ത പലർക്കും ആകെ അറിയാവുന്ന കവിതാശകലമോ വാക്കുകളോ മിക്കവാറും ഈ കാവ്യത്തിൽ നിന്നുള്ളതായിരിക്കും: 'ശ്രീഭൂവിലസ്ഥിര', 'ആരാകിലെന്ത് മിഴിയുള്ളവർ നോക്കിനിന്നിരിക്കാം', 'വ്യാപാരമേ ഹനനമാം വനവേടനുണ്ടോ', 'അവനി വാഴ്‌വ് കിനാവ്' മുതലായ പ്രയോഗങ്ങൾ ഇന്ന് അവ എഴുതപ്പെട്ട സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടെന്നവണ്ണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മുൻ ചീഫ് സെക്രട്ടറിയും വിഖ്യാത ഗാനരചയിതാവുമായ ശ്രീ. കെ. ജയകുമാർ തികഞ്ഞ വിഷയഗൗരവത്തോടെയും കാവ്യാസ്വാദനത്തിലൂടെയും നെയ്തെടുത്ത ഈ കൃതി നിരൂപണസാഹിത്യത്തിലെ ഒരു മുതൽക്കൂട്ടാണ്. തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ 'ആശാന്റെ മാനസപുത്രിമാർ' എന്നപേരിൽ പ്രസിദ്ധീകരിച്ച പഠനഗ്രന്ഥം ഗ്രന്ഥകാരന്റെ തദ്‌വിഷയത്തിലെ ഒളിമങ്ങാത്ത താൽപര്യം വെളിപ്പെടുത്തുന്നു.

1891-95 കാലഘട്ടത്തിൽ ആശാൻ നിരവധി സ്തോത്രകൃതികൾ രചിച്ചിരുന്നു; ശൃംഗാരകവിതകൾ എഴുതരുതെന്ന് ശ്രീനാരായണഗുരു അദ്ദേഹത്തെ ഉപദേശിച്ചിരുന്നുവല്ലോ! എന്നാൽ ഏതാണ്ടൊരേ മൂശയിൽ തന്റെ പ്രതിഭയെ സ്ഥിരമായി തളച്ചിടാൻ ആശാനെപ്പോലൊരു കാവ്യകുലപതിക്ക് സാധിക്കുമായിരുന്നില്ല. ഉപരിപഠനാർത്ഥം ബാംഗ്ലൂരിലും കൽക്കത്തയിലുമായി ഏതാനും വർഷങ്ങൾ ചെലവഴിക്കവേ പാശ്ചാത്യവിദ്യാഭ്യാസം നേടിയ നിരവധി പണ്ഡിതരുമായുള്ള സഹവാസവും ഇംഗ്ലീഷ് കവിതകളുമായി കൈവന്ന പരിചയവും ആശാന്റെ സർഗവാസന തേച്ചുമിനുക്കിയെടുത്തു. സമാധിയിലേക്കു നീങ്ങിയ പുഴു ദീർഘനാളത്തെ അജ്ഞാതവാസത്തിനുശേഷം നിറപ്പകിട്ടാർന്ന പൂമ്പാറ്റയായി മാറുന്നതുപോലെ ആ സർഗ്ഗചൈതന്യം മലയാളത്തിന്റെ സാഹിത്യജാലകങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്കു തുറന്നുവെച്ചു.

'വീണപൂവ്' എന്ന കൃതി രചിക്കുന്നതിനുണ്ടായ പ്രചോദനം എന്ത് എന്നതിനെക്കുറിച്ച് ഗവേഷകരുടെ ഇടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. അതിലേക്ക് ജയകുമാറും തന്റേതായ സംഭാവനകൾ നൽകുന്നു. കൽക്കത്തയിൽ വച്ച് പരിചയപ്പെട്ടതും കവി പ്രേമാർദ്രനായിപ്പോയതുമായ ഒരു വിദേശവനിതയെയാണ് ഈ കാവ്യത്തിൽ നിലത്തുവീണ പൂവായി എണ്ണിയിരിക്കുന്നത് എന്ന വാദം കൗതുകകരമെങ്കിലും തീരെ ദുർബലമാണ്. ആധ്യാത്മികദീക്ഷയുടെ പടിവാതിൽ വരെ എത്തിയതിനുശേഷം കാഷായം തിരസ്കരിച്ച് ലൗകികജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് കുമാരനാശാനെങ്കിലും ഇത്തരം നിഗമനങ്ങൾ ഭാവനയുടെ വന്യതമൂലം തള്ളിക്കളയേണ്ടതാണ്. പ്ളേഗ് രോഗബാധിതനായി മരണത്തെ മുഖാമുഖം നേരിട്ടിരുന്ന ശ്രീനാരായണഗുരുവിന്റെ സന്ദിഗ്ദ്ധഘട്ടമായിരിക്കാം കാവ്യത്തിന്റെ ഉത്തരഭാഗത്തിന്റെ പ്രേരണയായി ഭവിച്ചത് എന്ന വാദവും ശക്തമാണ്. കവിക്കുപോലും പലപ്പോഴും വേർതിരിച്ചറിയാൻ കഴിയാത്ത നിരവധി ചിത്രങ്ങളും സ്മൃതികളും പ്രേരണകളുമെല്ലാം പ്രവചനാതീതമാംവിധം ഇടകലരുമ്പോഴാണ് കവിത ഉരുവംകൊള്ളുന്നത് എന്ന ഗ്രന്ഥകർത്താവിന്റെ നിരീക്ഷണം തന്നെയാണ് ഇവിടെ കുറിക്കുകൊള്ളുന്നത്.

ഈ പുസ്തകത്തിന്റെ പ്രധാനപ്രത്യേകത ആശാന്റെ മറ്റു കാവ്യങ്ങളുമായുള്ള സാദൃശപഠനമാണ്. 'വീണപൂവ്' മാത്രമല്ല 'നളിനി', 'ലീല', 'സീത' മുതലായ മറ്റു രചനകളും ഗ്രന്ഥകാരൻ 'അരച്ചുകലക്കി കുടിച്ചിട്ടുണ്ട്' എന്നു പറയാതെ വയ്യ. വാഴ്വിന്റെ അസ്ഥിരത, അനിവാര്യമായ മൃത്യു, മൃത്യുവിനപ്പുറമുള്ള ജീവിതം എന്നീ ചിന്താഗതികൾ ആശാന്റെ രചനകളെ കൂട്ടിയിണക്കുന്ന ചരടാണ്. എങ്കിലും കൂടുതൽ ദൈർഘ്യമുള്ള കാവ്യങ്ങളിലേക്ക് കുതിച്ചു ചാടാൻ മഹാകവിക്ക് 'വീണപൂവ്' വഴക്കമുള്ള പലക ആയിത്തീർന്നു എന്ന നിരീക്ഷണം യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നതാണ്.

ജയകുമാറിലെ കവി മലയാളഭാഷയുടെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നില്ല. 'വീണപൂവിലെ' 41 ചതുഷ്പദികളും അദ്ദേഹം സ്വയം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു ചേർത്തിരിക്കുന്നു. ആ ബഹുമുഖപ്രതിഭയുടെ മിന്നലാട്ടം ഇവിടെ സ്ഥായിയായ പ്രഭ ചൊരിയുകയാണ്. നൂറു വർഷത്തിനിപ്പുറവും ഈ കാവ്യത്തിന് ഒരു വ്യാഖ്യാനം കൂടി അധികമാവുകയില്ല എന്നു തിരിച്ചറിഞ്ഞ സാഹിത്യചേതനയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയുമില്ല. 

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു

Book Review of 'Asante Veenapoovu - Vithum Vrikshavum' by K Jayakumar
ISBN: 9788126476749