Friday, November 17, 2017

പിടക്കോഴി കൂവരുത്!

പ്രമുഖ ചിന്തകനും സാമൂഹ്യപരിഷ്കരണവാദിയുമായ ശ്രീ. എം. എൻ. കാരശേരി വിവിധകാലഘട്ടങ്ങളിലായി രചിച്ച സ്ത്രീപക്ഷലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി. പത്തു വിഭാഗങ്ങളിലായി വേർതിരിച്ചിരിക്കുന്ന 24 ലേഖനങ്ങളുടെ ഈ ശേഖരം സ്ത്രീകൾ, വിശേഷിച്ചും മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനവും നീതിനിഷേധവും നിശിതമായ വിമർശനത്തിലൂടെ തുറന്നുകാട്ടുന്നു. ഏകദേശം 25 വർഷക്കാലത്തെ കർമ്മപഥത്തിൽ പലസമയങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ളവയായതിനാൽ അദ്ധ്യായങ്ങൾ തമ്മിൽ തമ്മിൽ തുടർച്ചയോ പരാമർശവിഷയങ്ങളുടെ നൈരന്തര്യമോ പുലർത്തുന്നില്ലെങ്കിലും കാരശേരിയുടെ തെളിമയാർന്ന ലേഖനങ്ങൾ രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറവും സാമൂഹ്യരംഗത്ത് ഒളി മങ്ങാതെ തെളിഞ്ഞുനിൽക്കുന്നു.

മുസ്ലിം സ്ത്രീത്വം നേരിടുന്ന ഒരു ശാപമാണ് പർദ്ദ. എങ്കിലും അമുസ്ലീങ്ങൾ അതിനെ വിമർശിക്കുന്നത് അവർക്ക് തീരെ അരോചകമായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ കാരശേരിയുടെ വാക്കുകളുടെ മൂർച്ചയിൽനിന്ന് അതിനു രക്ഷപ്പെടാനാവില്ല. പർദ്ദ സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ഒരാവരണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു (പേജ് 33). ഇതിന്റെ പ്രചാരത്തിൽ മതമൗലികവാദത്തിന്റെ കടുംപിടിത്തവും ദേശീയവിരുദ്ധമായ ആഗോള മുസ്ലിം സമൂഹം എന്ന രാഷ്ട്രീയബോധവും പ്രവർത്തിക്കുന്നു.

പർദ്ദ കഴിഞ്ഞാൽ ബഹുഭാര്യാത്വമാണ് സ്ത്രീകൾ നേരിടുന്ന വെല്ലുവിളി. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഒന്നിലധികം വിവാഹങ്ങൾ നടത്തുന്നുള്ളൂ എന്നതാണ് വാസ്തവമെങ്കിലും മറ്റുള്ളവർ ആ പാത പിന്തുടരാതിരിക്കുന്നതിന്റെ യഥാർത്ഥകാരണം സാമ്പത്തികമായ കഴിവില്ലായ്മയാണ്. ഗൾഫ് പണത്തിന്റെ കുത്തൊഴുക്ക് ഇതിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ഒന്നിലധികം വിവാഹങ്ങൾ ചെയ്യാൻ മുസ്ലിം പുരുഷന് നിയമം വഴി ലഭിച്ചിട്ടുള്ള അനുവാദം ഡെമോക്ലീസിന്റെ വാൾ പോലെ സ്ത്രീകളുടെ തലയ്ക്കുമുകളിൽ തൂങ്ങിയാടുന്ന സ്ഥിതി വന്നുചേരാനിടയുണ്ട്. ആധുനികസമൂഹത്തിൽ ബഹുഭാര്യാത്വത്തിന്റെ ആശയപരമായ അടിത്തറ നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന മലയാളികളെ ഞെട്ടിക്കുന്ന ഒന്നാണ് അതിനുവേണ്ടി ശക്തമായി വാദിക്കുന്ന മതതീവ്രവാദികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനശേഷി.

ബഹുഭാര്യാത്വം അഭിലഷണീയമാണോ അല്ലയോ എന്ന വിഷയം മുൻനിർത്തി മുജാഹിദീൻ നേതാവായ സുഹൈർ ചുങ്കത്തറയുമായി വേദി പങ്കിട്ടുനടത്തിയ സംവാദത്തിന്റെ ലിഖിതരൂപം പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. മതാന്ധത നിറഞ്ഞ സദസ്സിനെ കൂടെനിർത്താൻ ഗ്രന്ഥകാരന് സാധിക്കുന്നില്ല. ദിനാന്തത്തിൽ ചുങ്കത്തറയുടെ ബഹുഭാര്യാത്വവാദം വിജയം നേടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഖുർആനിൽ അനുവദിച്ചിരിക്കുന്നു എന്നല്ലാതെ ചുങ്കത്തറ ഉയർത്തുന്ന വാദങ്ങളെല്ലാം ബാലിശവും കാര്യകാരണബന്ധം വേണ്ടവിധം ഗ്രഹിക്കാതെയുമുള്ളതാണ്. ഉഹ്ദ് യുദ്ധത്തെത്തുടർന്ന് അറേബ്യയിൽ നിരാലംബരായ വിധവകളുടെ എണ്ണം വർദ്ധിച്ചപ്പോൾ താൽക്കാലികമായി അനുവദിക്കപ്പെട്ടതാണ് ബഹുഭാര്യാത്വം എന്ന കാരശേരിയുടെ വാദം വിശ്വാസികൾക്ക് സ്വീകാര്യമാകാനിടയില്ല. പ്രവാചകന് നേരിട്ടുലഭിച്ച ദൈവവചനമാണ് വിശുദ്ധ ഗ്രന്ഥം എന്നുറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് അതിലെ ഓരോ വാക്കും ദൈവം വെളിപ്പെടുത്തിയതാണ് എന്നു കരുതാനേ കഴിയൂ. ആധുനികകാലത്ത് അത് പ്രസക്തമാണോ അല്ലയോ എന്നതിനെപ്പറ്റി അവർ ബേജാറാകാനിടയില്ല. എങ്കിലും അര നൂറ്റാണ്ടായി കേരളം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത് എന്ന നിരീക്ഷണം മറ്റുമതങ്ങൾക്കും യോജിക്കുന്നതാണ്.

1985-ൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു മതതീവ്രവാദക്കേസിന്റെ വിശദരൂപം ഇന്നത്തെ തലമുറക്ക് സുപരിചിതമായിരിക്കില്ല. ഇത് വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. തിരുവനന്തപുരം ബീമാ പള്ളിക്കുസമീപം താമസിച്ചിരുന്ന സുലൈഖാ ബീവി എന്ന സ്ത്രീക്കെതിരെ മഹല്ല് കമ്മറ്റി നടപടിദൂഷ്യത്തിന്റെ പേരിൽ അടിശിക്ഷ (ഹദ്ദടി) വിധിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വത്തിനേയും നീതിന്യായവ്യവസ്ഥയേയും കൊഞ്ഞനം കുത്തുന്ന മതനിയമപ്രകാരമുള്ള ഈ ശിക്ഷ പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിൽ ഒരുപക്ഷേ നടപ്പിലായിപ്പോയേനെ! എന്നാൽ സുലൈഖാ ബീവി കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചതുമൂലം ശരിയത്തിന്റെ പ്രയോക്താക്കൾക്ക് ഒരവസരം നഷ്ടമായി. ഇടതു-വലതു രാഷ്ട്രീയക്കാർ മറന്നുകളയാനാഗ്രഹിക്കുന്ന ഈ വൃത്താന്തം കാരശേരി സ്വതസിദ്ധമായ കൂസലില്ലായ്മയോടെ വരച്ചുകാണിക്കുന്നു. എന്നാൽ അറിഞ്ഞോ അറിയാതെയോ തീവ്രവാദചിന്താഗതിയുടെ ആശയാടിത്തറയായ വഹാബി പ്രസ്ഥാനത്തിനെ ന്യായീകരിക്കുന്ന ഒരു പരാമർശം പുസ്തകത്തിൽ കാണപ്പെടുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇസ്ളാമിൽ കാലാനുസൃതമായി വന്ന മാറ്റങ്ങളെ അനാചാരമെന്നു മുദ്രകുത്തി നഖശിഖാന്തം എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് വഹാബികളുടേത്. പ്രവാചകന്റേയും സഹയാത്രികരുടേയും ശവകുടീരങ്ങൾ തച്ചുതകർക്കുന്നതിൽ വരെ എത്തിനിൽക്കുന്ന, ഘടികാരത്തെ കഴിയുമെങ്കിൽ പതിനാലു നൂറ്റാണ്ടുകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്ന ചിന്താസരണി. 'ചരിത്രത്തിന്റെ മണ്ണടരുകൾ' എന്ന യു. ഏ. ഖാദർ സ്മാരക അദ്ധ്യായത്തിൽ കാരശേരി പറയുന്നത് 'അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്ന വഹാബി പ്രസ്ഥാനത്തിന്റെ പ്രതിനിധിയെ അടയാളപ്പെടുത്താൻ തന്റെ സാഹിത്യപരിശ്രമത്തിൽ ഖാദർ മറന്നുപോയിട്ടില്ല' എന്നാണ്. (പേജ് 178)

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pidakkozhi Koovaruth' by M N Karassery
ISBN: 9788182662421