Monday, June 27, 2022

ടി. പത്മനാഭൻ - പഠനം, സംഭാഷണം, ജീവിതം

പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും ആസ്വാദകക്കുറിപ്പുകളും അഭിമുഖങ്ങളും സ്മരണകളും തെരഞ്ഞെടുത്ത കൃതികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ശേഖരമായി 'പഠനം - സംഭാഷണം - ഓർമ്മ/ജീവിതം' എന്ന ശ്രേണിയിൽ കെ. ബി. ശെൽവമണി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുന്ന കൃതികൾ പ്രത്യേകശ്രദ്ധയർഹിക്കുന്നു. ഒ.എൻ.വിയെക്കുറിച്ചുള്ള കൃതി ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ പരിശോധിച്ചിരുന്നു. ഇത്തവണ മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭനാണ് നമ്മുടെ മുന്നിലുള്ളത്. കഥയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ നിങ്ങൾ എങ്ങനെതന്നെ വിലയിരുത്തിയാലും നമ്മുടെ ഭാഷയിൽ കഥയെ സ്വന്തം കാലിൽ നിർത്തുകമാത്രമല്ല, സാഹിത്യത്തറവാട്ടിൽ ഒരുന്നതസ്ഥാനം നൽകുകകൂടി ചെയ്തത് പത്മനാഭനാണെന്ന് നിസ്സംശയം പറയാം. സൃഷ്ടിപരമായും അദ്ദേഹം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തത പുലർത്തുന്നു. വിദ്വേഷം നിറഞ്ഞ വാക്കുകളും ഹൃദയം പിളർക്കുന്ന ആശയങ്ങളും കഥകൾ കൊണ്ട് ആരെയും മുറിവേല്പിക്കാത്ത ഈ എഴുത്തുകാരന്റെ കഥാലോകത്ത് അപൂർവമാണ്. എഴുപതു വർഷം നീളുന്ന ആ സർഗ്ഗസപര്യയിൽ ഇരുന്നൂറിൽ താഴെ കഥകളേ ഉരുത്തിരിഞ്ഞിട്ടുള്ളൂ എങ്കിലും അവയുടെ മൂല്യം വളരെ ഉന്നതമായതിനാൽ അദ്ദേഹത്തിന്റെ ഭാഷയിൽ 'സൂകരപ്രസവം' നടത്താതെതന്നെ കഥാകാരൻ സ്വന്തം സ്ഥാനം ഭദ്രമാക്കി.

നോവലെഴുതാത്തവരെ സാഹിത്യകാരനായിപ്പോലും കണക്കാക്കാതിരുന്ന ഒരു ചരിത്രഘട്ടത്തിലാണ് ഒരു നിയോഗം പോലെ പത്മനാഭൻ അവതരിക്കുന്നത്. ആത്മനിഷ്ഠതയിൽ അടിയുറച്ചതും ജീവിതത്തെ ധനാത്മകമായി വിലയിരുത്തുന്നവയുമായ കഥകളുടെ ബദൽ ലോകം നിർമ്മിച്ച് അദ്ദേഹം കഥയുടെ അന്തസ്സിനെ വീണ്ടെടുത്തു. മലയാളകഥകൾ ലോകോത്തരമാണെന്ന് ഒരാൾ വിളിച്ചുപറയുകയാണെങ്കിൽ അയാളുടെ ഉള്ളിൽ പത്മനാഭനും പത്മനാഭകഥകളും ഉണ്ടായിരിക്കുമെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. കഥ കഥയായിരിക്കണമെന്നും അത് ബുദ്ധിപരമായ വ്യായാമമോ പ്രബന്ധമോ ഒന്നും ആയിക്കൂടെന്നുമുള്ള കടുത്ത നിഷ്കർഷ ഈ കഥാകാരൻ പുലർത്തുന്നു. വ്യക്തിജീവിതത്തിലും പ്രസംഗങ്ങളിലും അഭിമുഖങ്ങളിലുമൊക്കെ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതുവഴി പല വിവാദങ്ങൾക്കും കാരണഭൂതനായിട്ടുണ്ടെങ്കിലും തന്റെ കഥകളിൽ അത്തരം പൊട്ടിത്തെറികൾ ഒഴിവാക്കിയിരുന്നു. പെണ്ണെഴുത്തിന്റെ പ്രമുഖ പ്രചാരകയായ സാറാ ജോസഫിന്റെ രചനകളെക്കുറിച്ചുള്ള അഭിപ്രായം ഒരു അഭിമുഖകാരൻ ചോദിച്ചപ്പോൾ "അതൊക്കെ വായിക്കുന്നതിലും ഭേദം വിഷം വാങ്ങിച്ചുകുടിക്കുന്നതാണെന്നു" തുറന്നടിച്ച ആ വ്യക്തി തന്നെയാണോ ജീവന്റെ വഴി, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, കത്തുന്ന ഒരു രഥചക്രം മുതലായ മാസ്റ്റർപീസുകളും എഴുതിയിരിക്കുന്നത് എന്നു നാം ആശ്ചര്യപ്പെടും.

ശക്തമായ അഭിപ്രായങ്ങളുടെ വിളനിലമാണ് ഈ കഥാകാരന്റെ മനസ്സ്. അവയ്ക്കുനേരെ വരുന്ന ഏതാക്രമണവും - യാഥാർഥ്യമോ ഭാവനാപരമോ - അദ്ദേഹം കഠിനമായി എതിർക്കും. കേന്ദ്ര സാഹിത്യ അക്കാദമി 1996-ൽ ഗൗരി എന്ന കഥാസമാഹാരത്തിന് അവാർഡ് പ്രഖ്യാപിച്ചുവെങ്കിലും പത്മനാഭൻ അത് നിരസിക്കുകയാണുണ്ടായത്. രൂപീകരണത്തിനുശേഷം 42 വർഷങ്ങൾ കഴിഞ്ഞാണ് അക്കാദമി മലയാളത്തിൽ കഥയെ പരിഗണിച്ചത് എന്നതായിരുന്നു കാരണം. ചിലപ്പോഴെങ്കിലും അത്തരം അഭിപ്രായങ്ങൾ വസ്തുനിഷ്ഠമാകുന്നുമില്ല. വയലാർ അവാർഡിന്റെ നിയമാവലിയിൽ കവിത, വിമർശനം, നാടകം, ജീവചരിത്രം, നോവൽ എന്നീ വിഭാഗങ്ങളെ മാത്രമേ ആദ്യകാലത്ത് ഉൾപ്പെടുത്തിയിരുന്നുള്ളൂ. എന്നിരുന്നാലും 23 വർഷങ്ങൾക്കുശേഷം ആ ബഹുമതി അദ്ദേഹം മടികൂടാതെ സ്വീകരിച്ചു. ഇത്തരം വിരോധാഭാസങ്ങൾക്കൊന്നും വിശദീകരണം നൽകാൻ നമുക്കു പറ്റിയില്ലെന്നുവരും. പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധത്തിനുശേഷം കഥാകൃത്ത് ഇപ്പോൾ ഇടതുപക്ഷത്തേക്ക് ഏതാണ്ട് കാൽ മാറ്റിച്ചവിട്ടിയിരിക്കുകയാണ്. അതിനൊരു ബോദ്ധ്യപ്പെടുന്ന ന്യായീകരണം നൽകാൻ അദ്ദേഹം കാല്പനികതയെ കൂട്ടുപിടിക്കുന്നത് നിർഭാഗ്യകരവും പരിഹാസ്യവുമാണ്. ലോകം കണ്ട ഏറ്റവും വലിയ കാല്പനികനായിരുന്നുവത്രേ കാൾ മാർക്സ്. തീർന്നില്ല, ഈയടുത്തകാലത്തുകണ്ട മഹാനായ മറ്റൊരു കാല്പനികനാണത്രേ ചെ ഗുവേര! ഈ ഭാഗം സാക്ഷ്യപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ പി. കെ. പാറക്കടവ് തന്നെയാണ്.

സാമ്പ്രദായിക കഥയെഴുത്തിൽനിന്ന് തീർത്തും വ്യതിരിക്തമായ ഒരു പാതയാണ് പത്മനാഭന്റേത്. കഥ പറയുന്നതിനേക്കാൾ അതിന്റെ മൂലതന്തു വായനക്കാരുടെ മനസ്സിനെ കീഴടക്കുന്നതാണ് അവയുടെ വിജയത്തിനു കാരണം. കഥാപാത്രങ്ങൾ അനുഭവിക്കുന്ന വികാരങ്ങൾ വായനക്കാർ നേരിട്ടറിയുമ്പോൾ അവർ കൂടി ആ രംഗവിധാനത്തിലേക്ക് ഇറങ്ങിച്ചെന്നുപോകും. എന്നിരുന്നാലും നല്ലൊരെഴുത്തുകാരനാകാനുള്ള ഒരു ചേരുവ അദ്ദേഹം നൽകുന്നുണ്ട്. ആഴവും പരപ്പുമുള്ള ജീവിതത്തെക്കുറിച്ചുള്ള അവബോധം, ഭാഷയുടെ മേലുള്ള ആരോഗ്യകരവും സുന്ദരവുമായ സ്വാധീനം, പൂർവസൂരികളുടെ സംഭാവനകളെക്കുറിച്ചുള്ള അറിവ് - ഇതൊക്കെയാണ് എഴുത്തുകാരനാവാൻ പോകുന്ന ഒരാൾ അവശ്യം കൈവശം വെക്കേണ്ടത്. ചില കഥകളുടെ സവിശേഷതകളും വിവരിക്കപ്പെടുന്നു. 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' എന്ന ശീർഷകത്തിലെ 'ഒരു' ചിലർക്കൊക്കെ അരോചകമായി അനുഭവപ്പെട്ടെന്നുവരാം. അതൊഴിവാക്കി 'പ്രകാശം പരത്തുന്ന പെൺകുട്ടി' എന്നു മാത്രമായിരുന്നെങ്കിൽ അല്പം കൂടെ ചേതോഹരമായിരുന്നേനെ എന്ന വാദത്തെ തീർത്തും തള്ളിക്കളയാൻ പറ്റില്ല. എന്നാലിത് ബോധപൂർവം തന്നെ ഉൾപ്പെടുത്തിയതാണെന്നാണ് കഥാകൃത്ത് പറയുന്നത്. മറ്റു കഥകളിലും ഈ നിർബന്ധം കാണാം - ഉദാ: കടയനെല്ലൂരിലെ ഒരു സ്ത്രീ, വീട് നഷ്ടപ്പെട്ട ഒരു കുട്ടി. ഈ ശൈലി കുമാരനാശാനും സ്വീകരിച്ചത് പത്മനാഭന്റെ മാതൃകയായി ഭവിച്ചു. 'നളിനി - അഥവാ ഒരു സ്നേഹം' എന്നാണല്ലോ 'നളിനി' എന്നു ചുരുക്കത്തിൽ അറിയപ്പെടുന്ന ആശാൻ കാവ്യത്തിന്റെ യഥാർത്ഥപേര്.

545 പേജുകളിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രന്ഥം ദീർഘമായ ഒന്നാണ്. ഒട്ടനവധി ലേഖകർ തങ്ങളുടെ സംഭാവനകൾ ഇതിൽ ചേർത്തിരിക്കുന്നു. കൂടാതെ പത്മനാഭൻ നൽകിയ നിരവധി അഭിമുഖങ്ങളും. ഇതെല്ലാം കൂടിയാകുമ്പോൾ ആവർത്തനം ഒഴിവാക്കാനാവാതെ തിക്കിത്തിരക്കി കയറിവരുന്നു. പത്മനാഭന്റെ അഞ്ചു കഥകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ ഹൃദ്യമായി. 'കത്തുന്ന ഒരു രഥചക്രം' എത്ര വായിച്ചാലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ്. എന്നാൽ ഒരു പത്തുവർഷത്തിനിപ്പുറമുള്ള രചനകൾ ആ നിലവാരം പുലർത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിവരും. കഥകൾ രചിക്കാനിടയായ അനുഭവങ്ങളും സാഹചര്യങ്ങളും വിശദീകരിക്കുന്നത് അവയെ കൂടുതൽ ആഴത്തിൽ സ്വാംശീകരിക്കാൻ വായനക്കാരെ സഹായിക്കും. ഇത്രയും വലിയ ഒരു പുസ്തകത്തിൽ പ്രശംസാവചനങ്ങൾ മാത്രമാക്കാതെ ഏതാനും ചില വിമർശനസ്വരങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. കെ. പി. അപ്പന്റെ 'ഗൗരി'യെക്കുറിച്ചുള്ള 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന ഒരൊറ്റ ലേഖനം മതിയായിരുന്നല്ലോ ഏതു വിമർശനത്തിന്റേയും മുനയൊടിക്കാൻ?

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'T. Padmanabhan - Padanam, Sambhashanam, Jeevitham'
Editor: K B Selvamony
Publisher: Olive Publications, 2021
ISBN: 9789389325379
Pages: 545