Tuesday, June 18, 2019

കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ്



കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളീയരുടെ ശ്രദ്ധ ഏറ്റവുമധികം പിടിച്ചു പറ്റുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ് ശബരിമല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും തുടർന്നുണ്ടായ ഹിന്ദു ധ്രുവീകരണവും ഭരണാധികാരികളുടെ ഉറക്കം കെടുത്തി. വളരെയധികം പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് ശബരിമല. പ്രത്യേകവേഷവിധാനങ്ങൾ, സവിശേഷമായ വ്രതചര്യകൾ, അനന്യമായ ശരണമന്ത്രങ്ങൾ, യുവതികൾക്കുള്ള പ്രവേശവിലക്ക് എന്നിങ്ങനെ അവ നീണ്ടുപോകുന്നു. താഴ്ന്ന ജാതിക്കാരെ ക്ഷേത്രങ്ങൾക്കു വെളിയിൽ നിർത്തിയിരുന്ന കാലത്തും ശബരിമലയിൽ അവർക്ക് കയറാമായിരുന്നു. ശബരിമലയിലെ ആരാധനാമൂർത്തിയായ സ്വാമി അയ്യപ്പൻ വിഷ്ണു-ശിവസംഗമത്തിലൂടെ ജന്മമെടുത്തതാണെന്നാണ് ഐതിഹ്യം. എന്നാൽ ചരിത്രദൃഷ്ടിയിലൂടെ നോക്കുമ്പോൾ ഒട്ടനവധി സിദ്ധാന്തങ്ങൾ പണ്ഡിതർ മുന്നോട്ടുവെക്കുന്നുണ്ട്. അനിഷേധ്യമായ ചരിത്രരേഖകളോ പുരാവസ്തുക്കളോ ലഭ്യമല്ലാത്തതിനാൽ തങ്ങളുടെ വാദങ്ങൾ ഖണ്ഡിക്കപ്പെടുമോ എന്ന ശങ്കയില്ലാതെ ആർക്കും കയറി മേയാവുന്ന ഒരു മേഖലയാണിത്. ‘കാറ്റുള്ളപ്പോൾ തൂറ്റണം’ എന്ന തത്വമനുസരിച്ച് ലേഖകനും പ്രസാധകനും പരമാവധി ആദായമുണ്ടാക്കാവുന്ന സമയം വിവാദം കത്തിനിൽക്കുമ്പോഴാണ്. അതനുസരിച്ചുതന്നെയാണ് ശ്രീ. രാമാനന്ദും ഡി. സി ബുക്‌സും ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും.

ചരിത്രപുസ്തകങ്ങളിൽ സഹായകമായി ഒന്നുംതന്നെ ലഭ്യമല്ലാത്തതിനാൽ പുരാവൃത്തങ്ങൾ, തോറ്റങ്ങൾ എന്നിവയിൽനിന്നാണ് രാമാനന്ദ് പ്രചോദനം ഉൾക്കൊള്ളുന്നത്. പുരാവൃത്തം എന്നാൽ താൻ ഉദ്ദേശിക്കുന്നത്  myth എന്ന ഇംഗ്ലീഷ് പദം ആണെന്ന് പിന്നീട് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ കടംകഥകളുടേയും കെട്ടുകഥകളുടേയും ചുമലിലേറി ഒരു ജനതതിയുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതിലെ ഔചിത്യബോധം ഗ്രന്ഥകർത്താവിനെ തെല്ലും അലട്ടുന്നില്ല.

അയ്യപ്പൻ അഥവാ ശാസ്താവ് എന്ന വൈദിക ദൈവമാണ് ഇന്ന് ശബരിമലയിൽ വാണരുളുന്നത്. എന്നാൽ ഈ വൈദികവൽക്കരണം പിന്നീടു നടന്നതാണെന്നാണ് ഈ പുസ്തകം വാദിക്കുന്നത്. അതിനു മുൻപ് അവിടെ എന്താണുണ്ടായിരുന്നത് എന്നാണല്ലോ നാം സ്വാഭാവികമായും ചോദിക്കുക. വ്യക്തമായ ഒരു മറുപടിയോ എന്നാണീ പരിവർത്തനം നടന്നത് എന്നതിനെക്കുറിച്ച് ഒരു ഊഹം പോലുമോ ഗ്രന്ഥകാരന്റെ കൈവശമില്ല. മൂന്നു സാധ്യതകളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. സംഘകാലത്തെ സമരദേവതയായ കൊറ്റവൈയും മകൻ ചാത്തനുമാണ് യഥാക്രമം മാളികപ്പുറത്തമ്മയും അയ്യപ്പനുമത്രേ. അതല്ലെങ്കിൽ പുലിപ്പാണി എന്ന സിദ്ധഗുരുവിന്റെ സമാധിയാണ് ശബരിമല. അതും നിങ്ങൾക്കു ബോധ്യമാവുന്നില്ലെങ്കിൽ ഇതാ പിടിച്ചോളൂ ബുദ്ധമതവുമായൊരു ബന്ധം - നീലകണ്ഠ അവലോകിതേശ്വരൻ എന്ന ബോധിസത്വനാണ് അയ്യപ്പൻ, ഖദിരവനി താര എന്ന ദേവതയാണ് മാളികപ്പുറത്തമ്മ. എന്നാൽ കേരളത്തിൽ ബുദ്ധമതം മുൻപു കരുതിയിരുന്നതുപോലെ അത്ര വ്യാപകമായി പ്രചരിച്ചിരുന്നില്ല എന്നുകൂടി കൂട്ടത്തിൽ സമർത്ഥിക്കുന്നതിനാൽ വാദമുഖങ്ങളുടെ മുനയൊടിയുന്നു. മൂന്നു സാദ്ധ്യതകളും പരസ്പരവിരുദ്ധങ്ങളാണെന്ന വസ്തുത എന്തുകൊണ്ടോ അദ്ദേഹം ശ്രദ്ധിക്കുന്നില്ല.

യുക്തിക്ക് നിരക്കാത്ത സഹായകവാദങ്ങൾ പുസ്തകത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. കേരളത്തിലെ ആദി പരദേവത കല്ലടിക്കോട് കരിനീലി ആണെന്ന തീർപ്പിന്റെ ആധാരശില ഏതോ നാടൻ പാട്ടാണ്. കരിനീലി എന്ന പേരിൽ നിന്നാണത്രേ കരിമല, നീലിമല എന്നിവ ഉണ്ടായത്. അതുപോലെ സംഘകാലത്തെ കുറിഞ്ചിനിലത്തിന്റെ നായകനായ ചേയോൻ ആണ് ചാത്തനായി മാറിയതെന്ന് നാം കണ്ണുമടച്ചു വിശ്വസിച്ചു കൊള്ളണം. ശബരിമല സിദ്ധഗുരുവായ പുലിപ്പാണിയുടെ സമാധി ആണെന്ന വാദം ബാലിശവും പരിഹാസ്യവുമാണ്.  പതിനെട്ട് എന്നത് സിദ്ധരുടെ സംഖ്യയായതിനാൽ പതിനെട്ടാം പടി എങ്ങനെ ഉണ്ടായി എന്ന് പിന്നീട് അന്വേഷിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാൽ പുലിപ്പാണിയുടെ പേര് പ്രമുഖ സിദ്ധകേന്ദ്രമായ ചതുരഗിരിയിൽ നിന്ന് ലഭിച്ച രേഖകളിൽ കാണുന്നില്ല എന്ന് ഗ്രന്ഥകർത്താവ് ജാള്യതയോടെ സമ്മതിക്കുന്നുണ്ട് (പേജ് 70). ഈ വിശ്വാസം ആധുനികകാലത്ത് രൂപപ്പെട്ടതാണോ എന്നുപോലും അന്വേഷിക്കാത്തിടത്താണ് ഈ കൃതിയുടെ ഉപയോഗശൂന്യത വെളിവാകുന്നത്. ശബരിമല മാത്രമല്ല തിരുപ്പതി, പഴനി മുതലായ പല മഹാക്ഷേത്രങ്ങളും ഓരോരോ സിദ്ധഗുരുവിന്റെ സമാധി ആണെന്നാണ് സിദ്ധർ വിശ്വസിക്കുന്നത്.

തീർത്തും അവൈദികമായ ആരാധനാപദ്ധതികളിലേക്ക് വൈദികമതത്തിന്റെ കടന്നുവരവിന്റെ ചരിത്രമാണ് ചാത്തൻ എന്ന ആദിദ്രാവിഡമൂർത്തി ശാസ്താവായി മാറുന്നതിൽ നമുക്കു കാണാൻ സാധിക്കുന്നത് എന്ന ലേഖകന്റെ നിഗമനം ഭാഗികമായി ശരിയാണെങ്കിലും അതിന് ഉപോൽബലകമായ തെളിവുകൾ അദ്ദേഹം നിരത്തുന്നില്ല. മിത്തുകളെ സത്യമായി എണ്ണുന്നത് ആരേയും എവിടേയും എത്തിക്കുകയില്ല. ബ്രാഹ്മണരുടെ ബൗദ്ധിക-സാംസ്കാരിക അധിനിവേശം മാത്രമാണ് ഈ മാറ്റത്തിനു പിന്നിൽ എന്നീ പുസ്തകം തീരുമാനിക്കുന്നതിന് ഒരേയൊരു അടിസ്ഥാനം പലപ്രാവശ്യം ഈ തത്വം ആവർത്തിക്കുന്നുണ്ട് എന്നതുമാത്രമാണ്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book review of 'Kuttichathan, Ayyappan, Shasthav' by R. Ramanand
ISBN 9789352826483


No comments:

Post a Comment