Sunday, September 30, 2012

ഒ.എന്‍.വിയുടെ പാഥേയം

 ചുമ്മാ ഒരു യാത്ര - ഏര്‍ക്കാട് വരെ. വരുന്ന വഴി മേട്ടൂര്‍ ഡാം കൂടി കയറും. 2 ദിവസം ഏര്‍ക്കാട് തന്നെ. ഒന്നും ചെയ്യാനില്ലാതെ ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോള്‍ കണ്ടുമുട്ടിയ ഒരു കവിത. ഒ.എന്‍.വിയുടെ പാഥേയം.  എന്തോ പെട്ടെന്ന് മനസ്സില്‍ കയറിക്കൂടി.

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ടത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

Tuesday, September 25, 2012

മൃതി എന്ന പെണ്‍കുട്ടി

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'മരുന്ന്' എന്ന നോവല്‍ ഏറെ പ്രത്യേകത പുലര്‍ത്തുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ മറ്റു പല പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ കൃതി നല്ല നിലവാരം പുലര്‍ത്തുന്നു. വായിച്ചിട്ട് ഏകദേശം 15 വര്‍ഷങ്ങളായെങ്കിലും ആ നോവല്‍ അന്ന് മനസ്സിലുണ്ടാക്കിയ കൊച്ചലകള്‍ ഇന്നും മനസ്സിന്റെ ചായക്കൂട്ടില്‍ നിറം മങ്ങാതെ നില്‍ക്കുന്നുണ്ട്. ഇന്നലെ പഴയ ഡയറികള്‍ മറിച്ചുനോക്കിയപ്പോള്‍ - ലോകകപ്പ് ഫുട്ബോളിന്റെ സ്കോറുകളല്ലാതെ അതിലൊന്നുമില്ല. ആരെങ്കിലും എടുത്തു വായിച്ചേക്കുമോ എന്ന ഭയം എന്റെ മനസ്സിനെ എപ്പോഴും പതിനാലു ലിവറുകളുള്ള താഴിന്റെ പുറകില്‍ നിര്‍ത്തിയിരുന്നു - ഞാന്‍ പണ്ട് 'മരുന്ന്' എന്ന പുസ്തകത്തില്‍ നിന്ന് പകര്‍ത്തിവെച്ചിരുന്ന ഒരു കവിത കിട്ടി (കുഞ്ഞബ്ദുള്ള ഇത് മറ്റെവിടെയോ നിന്ന് പകര്‍ത്തിയതാണ് ).

'മൃതി എന്ന പെണ്‍കുട്ടി' എന്നാണതിന്റെ തലക്കെട്ട്‌. സൃഷ്ടികര്‍ത്താവ് മരണത്തെ ഒരു പെണ്‍കുട്ടിയായാണത്രെ സൃഷ്ടിച്ചത്. (സാഹിത്യത്തില്‍ ദൈവത്തിന്റെ നിലനില്‍പ്പ്‌ നമുക്ക് ചിലപ്പോഴൊക്കെ അംഗീകരിച്ചുകൊടുക്കേണ്ടി വരും. അല്ലെങ്കില്‍ അത് പുരോഗമന സാഹിത്യം പോലെ വിരസവും ശുഷ്കവും ആയിത്തീരും. "താങ്കളുടെ ലോകവ്യവസ്ഥയില്‍ ദൈവത്തിന്റെ സ്ഥാനം എവിടെയാണ് " എന്ന് നെപ്പോളിയന്‍ ചക്രവര്‍ത്തി ചോദിച്ചപ്പോള്‍, "സര്‍, എനിക്കങ്ങനെയൊരു ഊഹസിദ്ധാന്തത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല" എന്ന് മറുപടി നല്‍കിയ ഗണിതശാസ്ത്രജ്ഞന്‍ പിയറി-സൈമണ്‍ ദ് ലാപ്ലേസിനെ നമുക്ക് തല്ക്കാലം മറക്കാം). ഉറ്റവരുടെ മടിയില്‍നിന്ന് ആത്മാക്കളെ വലിച്ചെടുക്കുമ്പോള്‍ ഉയരുന്ന ആര്‍ത്തനാദങ്ങളില്‍ ഖിന്നയായ ആ കന്യക പിതാവിന്റെയടുക്കല്‍ ആവലാതിപ്പെട്ടു. അദ്ദേഹമവളെ ബധിരയാക്കി. എന്നിട്ടും കരച്ചിലും വിഷാദവും അവള്‍ക്ക് പിന്നെയും കാണേണ്ടിവന്നു. അപ്പോള്‍ കാരുണ്യവാനായ പിതാവ് അവളെ അന്ധയുമാക്കി. അങ്ങനെ ബധിരയും അന്ധയുമായ ആ കന്യക മുക്തിയും പ്രദാനം ചെയ്ത്‌ ലോകത്തില്‍ അലഞ്ഞുനടക്കുന്നു. ഇതാണ് ആ കവിതയുടെ സാരാംശം. പതിറ്റാണ്ടിനിപ്പുറം ഇന്നും മനസ്സിനെ ആട്ടിയുലക്കുന്ന ആ കവിത താഴെ. കുഞ്ഞബ്ദുള്ളയോടു കടപ്പാട്.

 മൃതിയെക്കണ്ണാല്‍ കണ്ടേനിന്നലെ; എന്തോ തേടി-
യുഴറും മിഴിയുമായ്, മിഴിയിലിരുളുമായ്
എണ്പതുവര്‍ഷത്തിന്റെ പാഴ്മഞ്ഞാല്‍ വെറുങ്ങലി-
ച്ചുന്തിയോരെല്ലിന്‍ കൂടാം മെയ്യുമായ്, ഭയവുമായ്
മുത്തശ്ശി ഞരങ്ങിയും മൂളിയും കിടക്കുന്ന
കട്ടിലിന്നരികില്‍ ഞാനുറങ്ങാതിരിക്കവേ,

പാതിരാത്രിതന്‍ ഘണ്ടാനിസ്വനം ജലപ്പര-
പ്പേതിലോ വീഴും ശിലാഖണ്ടമായ് ഭയത്തിന്റെ
വീചികള്‍ വീശിച്ചുഴന്നടങ്ങാതേതോ ദൂര-
തീരത്തില്‍ മുട്ടിത്തിരിഞ്ഞെന്നില്‍ വന്നലയ്ക്കവേ,

പഴകിപ്പൊടിഞ്ഞൊരു നെഞ്ഞിന്റെയുള്ളില്‍ പ്രാണന്‍
ചിറകിട്ടടിക്കവേ, തളരും കരം നീട്ടി
ശക്തമെന്‍ വലംകയ്യില്‍ മുറുകെപ്പിടിക്കിലും
അത്യഗാധതയിലേക്കന്ധമായ് വഴുതുമ്പോള്‍

'എന്തു ചെയ്യട്ടെ ഞാനെ'ന്നിടറും നാവാല്‍ പാവ-
മെന്റെ യൌവനത്തോടു തുണയ്ക്കായ്‌ യാചിക്കയായ്
(എന്തു ചെയ്യുവാനാവുമെനിക്കു യാത്രക്കാരീ,
നിന്‍ പാത സുഗമമായ്‌ തീരുവാന്‍ നേരാനെന്യേ?)

സംശയിച്ചല്ലോ ഞാനും ചൊല്ലിനേന്‍, 'ജപിച്ചാലു-
മീശ്വര നാമം, ദൈന്യമൊക്കെയും താനേ മാറും.'
കലങ്ങിപ്പായും വെള്ളക്കുത്തിലീ വൈക്കോല്‍ത്തുരു-
മ്പെറിഞ്ഞുകൊടുത്തു ഞാന്‍ മൂകമായിരിക്കയായ്
മൂടല്‍മഞ്ഞുപോല്‍ രാവില്‍ ഗൂഢമാം ഗഹനത-
യോടിയെത്തുന്നു, കണ്ണില്‍ പേടികളനങ്ങുന്നൂ.
പതുക്കെപ്പതുക്കവേ മറ്റേതോ ലോകത്തിന്റെ
തണുപ്പുകയറുമാ കൈത്തലം കയ്യില്‍ പേറി

വിറക്കും ചുണ്ടാല്‍ രാമനാമങ്ങളുരുവിടാന്‍
ശ്രമിക്കെപ്പെട്ടെന്നു ഞാന്‍ കണ്ടു - ഞാന്‍ തനിച്ചല്ലാ-
മൃതിയെക്കണ്ണാല്‍ കണ്ടേനിന്നലെ; മുഖം താഴ്ത്തി-
യൊരു കന്യകയുണ്ടാത്തലയ്ക്കലിരിക്കുന്നു!

ചെഞ്ചോല വാരിച്ചുറ്റിച്ചെമ്പിച്ച മുടി പാറി-
സ്സങ്കടത്താലോ മുഖം താഴ്ത്തിയങ്ങിരിക്കുന്നു.
ആരു നീ? വരണ്ടൊരെന്‍ ചുണ്ടില്‍നിന്നല്ലാ ഭയ-
രോദനം മമാത്മാവിനുള്ളില്‍ നിന്നല്ലോ പൊങ്ങീ
കേട്ടതില്ലെന്നോ? കേള്‍ക്കാനാവില്ലയെന്നോ? കരം
നീട്ടി ഞാന്‍ തടഞ്ഞിട്ടും കണ്ടില്ല! കാണില്ലെന്നോ!
പിന്നെ, ഹാ, കനമേറും കറുത്ത തിരശ്ശീല-
യെന്ന പോലിരുളൂര്‍ന്നൂ ചുറ്റിലും തേങ്ങീടവേ
അല്പമാ മുഖമൊന്നു പൊങ്ങീ, ഞാന്‍ കണ്ടേന്‍, ആഹാ!
ദൃഷ്ടിശൂന്യമാം സ്ഥിരപാടലനയനങ്ങള്‍!

ഞെട്ടുന്നൂ, തിരിച്ചറിയുന്നൂ ഞാന്‍, ഇവളല്ലോ
സൃഷ്ടികര്‍ത്താവിന്‍ പ്രിയമാര്‍ന്ന മാനസപുത്രി!
ആരുടെ മടിത്തട്ടിലമ്മതന്‍ മാറില്‍ പോലെ
ചേരുന്നൂ, വ്യഥ മാഞ്ഞു ചാഞ്ഞുറങ്ങുന്നൂ ലോകം.
ആരുടെ തണുപ്പേലും കൈകള്‍ തന്നലിവേല്ക്കെ,
മാറുന്നൂ നോവും മഹാരോഗവും അപമാന-
ഭീതിയും പ്രണയത്തിന്‍ വ്യാധിയും മര്‍ത്യാത്മാവിന്‍
നൂറുനൂറു സംതൃപ്ത ദാഹങ്ങളഖിലവും............

(ഇക്കന്യ കരഞ്ഞും കൊണ്ടെത്തിപോല്‍ കാലത്തിന്റെ
പുത്തനാം പുലരിയില്‍ താതസന്നിധി തന്നില്‍)
"വയ്യെനിക്കവിടുന്നു നല്‍കിയ പണി ചെയ്യാന്‍
വയ്യെന്നു" കണ്ണീര്‍ വാര്‍ത്തു കൈകൂപ്പിയപേക്ഷിച്ചാള്‍
"അച്ഛന്റെ മടിയില്‍ നിന്നുണ്ണിയെ, പ്പതിയുടെ
ഹസ്തത്തില്‍നിന്നും പ്രാണതുല്യയാം വധുവിനെ,
അമ്മതന്‍ മാറില്‍നിന്നു കുഞ്ഞിനെ, സ്സതിയുടെ
പുണ്യമാം പുണരലില്‍ നിന്നയ്യോ! കണവനെ
പിടിച്ചു വലിച്ചു ഞാന്‍ മാറ്റവേ, വയ്യേ കാണാന്‍
പിടിച്ചു ചിറകറ്റുവീഴുമാ ദുഖങ്ങളെ!"
"പോവുക", പിതാവോതീ, "ചെയ്യുക നിനക്കായി
ദേവനിര്‍മ്മിതമായൊരീ മഹായത്നം തന്നെ
തന്നു ഞാന്‍ വരം, കാണ്‍ക വേണ്ട നീയുറ്റോര്‍ തന്റെ
കണ്ണുനീര്‍, നിന്‍ നേത്രങ്ങളിനിമേല്‍ കാണില്ലൊന്നും,"

അങ്ങനെ നിത്യാന്ധയായ് മൃതിപോയി പോല്‍ വീണ്ടും
മന്നിലേക്കുയിരിന്റെ കൊയ്ത്തു പാടത്തേക്കായി
പിന്നെയുമൊരു നാളില്‍, പിതൃസന്നിധിയിലാ
ക്കന്യക തപ്പിത്തടഞ്ഞെത്തിനാള്‍ കണ്ണീരോടെ
"ഇനിയും കണ്ണീരെന്തെന്‍ വത്സക്ക് "? "വയ്യേ ഞാനൊ-
ന്നണയുംനേരം പൊങ്ങുമാര്‍ത്തനാദങ്ങള്‍ കേള്‍ക്കാന്‍
ദാരുണമാകും പൊട്ടിക്കരച്ചില്‍, മരിപ്പോര്‍ തന്‍
പേര്‍ ചൊല്ലി വിളിച്ചുച്ചം കേഴുമാ വിളി കേള്‍ക്കാന്‍",
കരുണാ തരംഗിതമായിടും മിഴിയുമായ്
അരുളീ താതന്‍, "കേള്‍ക്കയില്ല നീയിനിയൊന്നും"
അങ്ങനെ ബാധിരയായന്ധയായ് നടപ്പിത-
ക്കന്യക, മുഖം താഴ്ത്തിച്ചെമ്പിച്ച മുടി പാറി
കണ്ണീരും കരച്ചിലും കാണില്ല, കേള്‍ക്കില്ലവള്‍
വന്നു നിശ്ശബ്ദം കൂട്ടിക്കൊണ്ടുപോകുന്നു ദൂരെ.
************
കണ്ണുകളിമയ്ക്കാതെ നെഞ്ഞിടിപ്പറിയാതെ-
യങ്ങു ഞാനൊരു ശിലാരൂപമായ് സ്തംഭിക്കവേ
ഭ്രാന്തമാം മിഴികളില്‍ കണ്ടുവോ? മുത്തശ്ശിതന്‍
ക്ലാന്തമാം നെറ്റിത്തടം പതുക്കെത്തടവിയും
കണ്‍കളെ താലോലിച്ചുകൂമ്പിച്ചും, ഞെട്ടും മാറില്‍
തന്‍ കരമണച്ചുഗ്രമുള്‍ച്ചൂടു തണുപ്പിച്ചും
പതുക്കെപ്പതുക്കവേ തൈലത്തില്‍ കരിന്തിരി
വലിച്ചുകെടുത്തുംപോലത്രമേല്‍ സദയമായി,
ശാന്തമായ്, അവളാകെ വിറക്കുമാപ്പാവത്തിന്‍ 
താന്തമാം കയ്യുംപേറി തിരിഞ്ഞു നടക്കുന്നു.
അച്ഛന്റെ സവിധത്തിലേക്കാവാം, കണ്‍കാണാതെ
തപ്പിയും തടഞ്ഞുമാക്കന്യക നടക്കുമ്പോള്‍
അക്കരം ഗ്രഹിച്ചല്പം സംഭ്രാന്തഭാവത്തോടു-
മൊപ്പമെന്‍ മുത്തശ്ശിയും നിഴല്‍ പോലകലുന്നൂ...

Friday, September 21, 2012

സ്ഥാനം തെറ്റി വിരിഞ്ഞ പൂക്കള്‍

"യാര്‍ഡ്‌ മുഴുവന്‍ പുല്ലുകയറിയല്ലോ, ഇവന്മാരിനി എന്നാണാവോ ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നത് ?" എഡ്വേര്‍ഡിന്റെ പതിവുപ്രതിഷേധം എന്നെ സമയം തെറ്റി കടന്നുവന്ന ഏതോ ചിന്തയില്‍നിന്നുണര്‍ത്തി. ഞാന്‍ ജനാലയിലൂടെ എത്തിനോക്കി. ശരിയാണ്. ഉയര്‍ന്ന വോള്‍ടേജില്‍ വൈദ്യുതി സ്വീകരിക്കുന്ന ഉപകരണങ്ങള്‍ നിരന്നിരിക്കുന്ന യാര്‍ഡ്‌. ഒരു പുല്‍നാമ്പുപോലും കാണാന്‍ പാടില്ലാത്ത സ്ഥലം - പക്ഷേ ഒരു പുല്‍ത്തകിടി പോലെയായിട്ടുണ്ട്.

"വേണ്ടപ്പെട്ടവരോട് പറയുമ്പോഴെല്ലാം ഇന്ന് ആളിനെ അയക്കാന്‍ പറ്റില്ല എന്നുപറയും". എന്റെ മനസ്സ് തിരിച്ചറിഞ്ഞതുപോലെ എഡ്വേര്‍ഡ് വീണ്ടും. ജീവനുള്ള ഒന്നും വളരാന്‍ പാടില്ല എന്ന വാശിയോടെ നിരത്തിയിരിക്കുന്ന കൂര്‍ത്ത പാറക്കഷണങ്ങള്‍. അതിനിടയിലൂടെ തലനീട്ടുന്ന പച്ചപ്പിന്റെ മുകുളങ്ങള്‍. 450 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് വെറും പാറയായിരുന്ന ഈ ഗോളത്തെ ഇന്നത്തെ ജീവന്‍ തുടിക്കുന്ന ഭൂമിയാക്കിമാറ്റിയ ആ ജീവചൈതന്യത്തെ തടുത്തുനിര്‍ത്താന്‍ കുറച്ചു പാറക്കല്ലുകള്‍ക്ക് സാധിക്കുമോ?

തഴച്ചുവളരുന്ന കറുകപ്പുല്ലിനിടയില്‍നിന്നു തലനീട്ടിയ ഒരു വെള്ളായം പെട്ടെന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചു. പേരറിയാത്ത ഏതോ കുറെ വെള്ളപ്പൂക്കള്‍. ഇന്നു രാവിലെ വിരിഞ്ഞതേയുള്ളൂ. യൌവനത്തിന്റെ വസന്താഗമനത്തില്‍, ഇളംകാറ്റില്‍ നാണത്തോടെ തലകുലുക്കി ആ പൂക്കള്‍ ചിരിച്ചുനില്‍ക്കുകയാണ്. ഭൂമിയുടെ മന്ദഹാസമാണ് പൂക്കള്‍ എന്നു പറയുന്നത് എത്ര ശരിയാണ്!

കളങ്കത്തിന്റെ കണികപോലും ഏശാതെ, വെളുപ്പിന്റെ മുഗ്ദ്ധലാവണ്യം മുഴുവന്‍ ആവാഹിച്ചെടുത്ത ഈ പൂക്കള്‍ പക്ഷേ സ്ഥാനം തെറ്റി വിടര്‍ന്നതല്ലേ? വിശുദ്ധിയുടെ സുഗന്ധവും പേറിനില്‍ക്കുന്ന ഈ പുഷ്പങ്ങള്‍ക്കറിയില്ല അവര്‍ വിടരാന്‍ പാടില്ലായിരുന്നു എന്ന്. സിരകളില്‍ മെല്ലെമെല്ലെ പടര്‍ന്നു കയറുന്ന  അസ്വസ്ഥതയുമായി നില്ക്കേ, അരിവാളും കുട്ടയുമായി നടന്നടുക്കുന്ന ജോലിക്കാരെ കണ്‍കോണുകളിലൂടെ ഞാന്‍ കണ്ടു.

"ഓ, ഭാഗ്യം! അവന്മാരിന്നെങ്കിലും എത്തിയല്ലോ".... ശുദ്ധാത്മാവായ എഡ്വേര്‍ഡ് എന്നത്തേയും പോലെ സന്തോഷവാനാണ് !



Saturday, September 15, 2012

ചില ഹര്‍ത്താല്‍-ദിന ചിന്തകള്‍

മറ്റൊരു ഹര്‍ത്താല്‍ ദിനം. ഡീസലിന് അഞ്ചുരൂപ കൂട്ടിയത് വീട്ടിലിരുന്ന് ആഘോഷിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ ആറുമാസങ്ങളായി അരിയുടെ വില കൂടിയ തോത് നോക്കുകയാണെങ്കില്‍ ഡീസലിന് 25 രൂപയെങ്കിലും കൂടേണ്ടതായിരുന്നു. പക്ഷേ കേരളീയര്‍ക്ക് അരിയേക്കാളും അവശ്യം വേണ്ടത് പെട്രോളും ഡീസലുമാണ്. കുളിച്ചില്ലെങ്കിലും ചിലതൊക്കെ പുരപ്പുറത്ത് തൂക്കണമല്ലോ. എങ്കിലും, ഹര്‍ത്താല്‍ നാളിലെ ബൈക്ക് യാത്ര വളരെ സമാധാനപരമാണ്. മനസ്സില്‍ ഓര്‍മകളുടെ ചലച്ചിത്രങ്ങള്‍ വിസ്താരമയില്‍ പ്രദര്‍ശനം നടത്തുമ്പോഴും അപകടം ഭയക്കാതെ പോകാം. ശരവേഗത്തില്‍ പാഞ്ഞ് ഹര്‍ത്താല്‍ ആഘോഷിക്കുന്ന ബൈക്കുകള്‍, 'മരണം', 'എയര്‍പോര്‍ട്ട്‌', എന്നൊക്കെ ബോര്‍ഡ്‌ വെച്ച് അല്പം ആശങ്കയോടെ നീങ്ങുന്ന കാറുകള്‍, വഴിയരികില്‍ ബോറടിച്ചുനില്‍ക്കുന്ന പോലീസുകാര്‍, സുഖമായി വീട്ടിലിരുന്ന് ആനന്ദിക്കുന്ന മറ്റൊരു കൂട്ടരും. കേരളത്തില്‍ ഹര്‍ത്താല്‍ എന്നു പറഞ്ഞാല്‍ ഇതൊക്കെയാണ്.

10 മിനിറ്റ് വൈകി ജോലിസ്ഥലത്തെത്തി. ചെറിയ മഴക്കാറുണ്ട്. വിദൂരതയില്‍ നഗരം ഉണരാന്‍ വൈകുന്നതുപോലെ തോന്നി. പുകമഞ്ഞ്‌ ഒരു പുതപ്പു പോലെ ഉറങ്ങുന്ന നഗരത്തെ പൊതിഞ്ഞുനിന്നു - നേരത്തെ എഴുന്നേല്‍ക്കേണ്ട കാര്യമില്ലല്ലോ, ഇന്നു ഹര്‍ത്താലല്ലേ? നെഹ്‌റു സ്റ്റേഡിയത്തിന്റെ ഫ്ലഡ് ലൈറ്റ് ടവറുകള്‍ മൂടുപടത്തിനിടയിലും ആകാശത്തിലേക്കുയര്‍ന്നുനില്‍ക്കുന്നത് അവ്യക്തമായി കാണാം. അപ്പോഴാണ്‌ ഉള്ളിലെവിടെയോ നിന്ന് ഒരു കൊളുത്തിവലി അനുഭവപ്പെട്ടത്. ഇനിയെന്നെങ്കിലുമൊരിക്കല്‍, ഈ നിമിഷം, 20 വര്‍ഷം മുമ്പ് നടന്നത് എന്ന രീതിയിലെങ്കിലും ഞാന്‍ ഓര്‍മ്മിക്കുമോ? തുറന്ന ജനാലയില്‍ പിടിച്ച് വിഹ്വലതയോടെ ഞാന്‍ നിന്നു. പുലര്‍കാലസ്വപ്‌നങ്ങള്‍ രോമാഞ്ചമണിയിക്കുന്ന നഗരത്തിനുമപ്പുറം കടലില്‍നിന്നു പുറപ്പെട്ട ഒരിളംകാറ്റ് എന്നെ തഴുകി കടന്നുപോയി. കാലം തെറ്റിവന്ന ഒരു ഇടറിയ ഇടിമുഴക്കം ആകാശത്തില്‍ തങ്ങിനിന്നു. കിഴക്കെവിടെയോ മഴ ഭൂമിയെ വീണ്ടും വാരിപ്പുണരാന്‍ തയ്യാറെടുക്കുകയാണ്.

നിറവേറ്റപ്പെടാനുള്ള വാഗ്ദാനങ്ങളെക്കുറിച്ചുള്ള ഫ്രോസ്റ്റിന്റെ വിഖ്യാതമായ കവിതാശകലം പെട്ടെന്നു ഞാന്‍ ഓര്‍ത്തു. തിരികെ നടന്ന് ഇ-മെയില്‍ തുറന്നു.........

മറ്റൊരു നിശൂന്യമായ ദിവസം തുടങ്ങുകയായി......

Monday, September 10, 2012

തിരനോട്ടം

മാതൃഭാഷയില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഇത്രയും താമസിച്ചതെന്ത് എന്ന് ചോദിച്ചാല്‍, അതിനുള്ള ടെക്നോളജി പാകമായിരുന്നില്ല എന്നാണ് ഉത്തരം. പ്രിന്റിംഗ് പ്രസ്സില്‍ അച്ചുനിരത്തുന്നതുപോലെ അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നത് എന്നിലെ മടിയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ട്രാന്‍സ് ലിറ്ററേഷന്‍ കറതീര്‍ത്ത് പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണ്, ഗൂഗിള്‍ ട്രാന്‍സ് ലിറ്ററേഷന്റെ  രൂപത്തില്‍ (http://www.google.com/transliterate/malayalam). ഒരിക്കലും തുടങ്ങാതിരിക്കുന്നതിലും നല്ലതാണല്ലോ വൈകിയാണെങ്കിലും..... പതിരില്ലാത്ത ഒരു പഴഞ്ചൊല്ല്, എല്ലാ കുഴിമടിയന്മാരുടെയും ആപ്തവാക്യം!

ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചതോടെ അതിന് ഒരു പേര് കണ്ടുപിടിക്കലായി അടുത്ത തലവേദന. നന്നായി തുടങ്ങിയത് പാതി ചെയ്തുതീര്‍ത്തതുപോലെയാണല്ലോ. ഒരു കുഞ്ഞിനു പേര് കണ്ടുപിടിക്കുന്നതുപോലെ ആശയക്കുഴപ്പം പിടിച്ച ഒരു നടപടി. ബ്ലോഗ്‌ തുടങ്ങാന്‍ വൈകിയതിന്റെ ബുദ്ധിമുട്ട് തുടക്കത്തിലേ വ്യക്തമായി. ഒരു നല്ല പേര് കണ്ടുപിടിക്കുമ്പോഴേക്കും ആ വേദനാജനകമായ സത്യം മനസ്സിലാകും - ഏതോ അലവലാതി ആ പേര് മുമ്പേ എടുത്തുകഴിഞ്ഞുവെന്ന്‌ ! ഭാഗ്യത്തിന്, ശബ്ദതാരാവലി വാങ്ങിയിട്ട് അല്പം നാളുകളേ ആയിരുന്നുള്ളൂ.  അതിലൂടെ ഒരു മുങ്ങാംകുഴി. കുറെയധികം വാക്കുകള്‍ പരിചയപ്പെട്ടു. ലൈംഗികത്തൊഴിലാളിക്ക് ഇത്രയധികം പര്യായങ്ങള്‍ നമ്മുടെ ഭാഷയിലുണ്ട് എന്നത് ഒരു പുതിയ അറിവായി. നമ്മുടെ പൂര്‍വികന്മാരുടെ താല്പര്യങ്ങള്‍ എന്തിലൊക്കെയായിരുന്നു എന്ന് ഒരു കൌതുകത്തോടെ ഓര്‍ത്തു. ഒടുവില്‍ പേര് കിട്ടി. സന്ദീപ്ത - 'സന്ദീപനം ചെയ്യപ്പെട്ട' എന്നര്‍ത്ഥം. സന്ദീപനം എന്നുവെച്ചാല്‍ ഉദ്ദീപിപ്പിക്കല്‍, ജ്വലിപ്പിക്കല്‍, (തീ) കൊളുത്തല്‍ എന്നൊക്കെ വ്യാഖ്യാനം.

വളരെ ലളിതമായ ചിന്തകളും വിചാരങ്ങളുമാണ് ഈ ബ്ലോഗില്‍ ഉദ്ദേശിച്ചിരിക്കുന്നത്. എന്റെ മനസ്സിലെ ചിതറിയ ചിന്തകള്‍ മുഴുവന്‍ കാണിക്കാന്‍ എന്തായാലും പറ്റില്ല - വളരെ വ്യക്തമായ കാരണങ്ങള്‍ കൊണ്ടുതന്നെ! ഒരു 20 വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരിക്കുകയാണെങ്കില്‍, അന്ന്, ഒരു മഴ പെയ്യുന്ന ദിവസം, തണുത്തുവിറച്ച്, ഭൂതകാലത്തിന്റെ ചാമ്പല്‍കൂന തിരയുമ്പോള്‍, പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ഈ വാനരന്റെ മനസ്സിലുണ്ടായിരുന്ന യഥാര്‍ഥചിന്തകളുടെ ചില സൂചനകള്‍ ഈ ബ്ലോഗില്‍നിന്ന് കിട്ടും, കിട്ടണം.

 ഞാന്‍ അത്ഭുതപ്പെടാറുണ്ട്, ഇത്ര അലസനായ ഒരുവന് ജീവിതം അവന്‍ ആഗ്രഹിച്ചതിലുമേറെ വാരിക്കൊടുത്തത് എന്തിനാണെന്ന്! ആഗ്രഹങ്ങള്‍ വളരെ പരിമിതമായിരുന്നു എന്നത് സത്യം. ഒരു കോടീശ്വരന്‍ ആവുക എന്നത് എന്റെ മോഹമായിരുന്നു (ആഗ്രഹമല്ല), പക്ഷെ അതിനുവേണ്ടി ഒരു ഭാഗ്യക്കുറി എടുക്കുന്നതിനപ്പുറം ബുദ്ധിമുട്ടാനും ഞാന്‍ തയ്യാറല്ലായിരുന്നു. നേട്ടങ്ങള്‍ വളരെ ചെറുതാണ്, പക്ഷെ സംതൃപ്തിയാണല്ലോ പ്രധാനം. ജീവിതത്തോട് പരിഭവങ്ങളില്ലാതെ നില്‍ക്കാന്‍ സാധിക്കുന്നതും അതുകൊണ്ടുതന്നെ. ജീവിതം കാലവുമായുള്ള ഒരു ചതുരംഗക്കളിയാണ്. പുനര്‍ജന്മവിശ്വാസമില്ലെങ്കിലും, ആലങ്കാരികമായി പ്രയോഗിച്ചാല്‍ ഇനിയൊരു ജന്മത്തില്‍ ഇപ്പോഴത്തെ പ്രതിരോധത്തിലൂന്നിയ ഡച്ച് ഡിഫെന്‍സിനു പകരം ആക്രമണത്തിന്റെ സിസിലിയന്‍ ഡ്രാഗണ്‍ പരീക്ഷിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ അന്തിമഫലം ഇപ്പോഴത്തേതുപോലെ, തൃപ്തികരമായ സമനില തന്നെ മതി.

ഇത്രയും സമയം കുത്തിയിരുന്ന് ഇത് വായിച്ച, പേരറിയാത്ത താങ്കള്‍ക്കു നന്ദി. ഈ സമയം പാഴായിപ്പോയി എന്ന് എനിക്കറിയാം. പക്ഷേ, അതുതന്നെയായിരുന്നല്ലോ താങ്കളുടെയും ലക്‌ഷ്യം, അല്ലേ?