Tuesday, February 24, 2015

വി.എസിന്റെ പടിയിറക്കം

സി.പി.എം സംസ്ഥാന സമ്മേളനവും അതിൽ വി.എസ്സിന്റെ ഇറങ്ങിപ്പോക്കും വലിയ ചർച്ചയായപ്പോൾ ഫേസ്ബുക്കിൽ വി.എസ്.അച്ചുതാനന്ദനെ വിമർശിച്ച് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു (താഴെ).

അധികാരത്തിനോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധതയില്ലാത്ത, കയ്യടി കിട്ടുമെന്നുകണ്ടാൽ എവിടെയും ചാടിവീണ് അലമ്പുണ്ടാക്കുന്ന, അച്ചടക്കമെന്നത് തനിക്കുമാത്രം ബാധകമല്ലെന്നു കരുതുന്ന, അഴിമതിവിരുദ്ധ പ്രതിച്ഛായയുണ്ടെങ്കിലും മക്കൾക്കും ബന്ധുക്കൾക്കും വാരിക്കോരി കൊടുക്കാൻ ഒരിക്കലും മടി കാണിക്കാത്ത, 91 വയസ്സിന്റെ രക്തത്തിളപ്പുമായി നടക്കുന്ന നേതാവിനെ പാർട്ടി ഇന്ന് ബാധ്യതയുടെ കോളത്തിൽ നിന്ന് എടുത്തുമാറ്റുമോ?

വി.എസ് ഭക്തന്മാർ അതിനെതിരെ ശക്തിയായി പ്രതികരിച്ചു. അതിനു നല്കിയ മറുപടി
------------------------------------------------------------------
ഇവിടെ ഒരു മറുപടി ആവശ്യമാണെന്നു തോന്നുന്നു. മുകളിൽ കാണിച്ചിരിക്കുന്ന ആരോപണങ്ങളൊന്നും തന്നെ അടിസ്ഥാനമില്ലാത്തതല്ല. കഴിഞ്ഞ കുറച്ചുകാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ചില വസ്തുതകൾ ഒരു വാചകത്തിൽ കേന്ദ്രീകരിച്ചു എന്നേയുള്ളൂ.

നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചപ്പോൾ ഈ നേതാവിന്റെ മുഖം കെറുവിക്കൽ നാം കണ്ടതാണ്. ഫാൻസ്‌ അസോസിയേഷൻകാർ ചന്ദ്രഹാസവുമിളക്കി നാട്ടിലാകെ പോസ്റ്റർ പതിപ്പിച്ചപ്പോൾ പാർട്ടി കീഴടങ്ങിക്കൊടുത്തു. ഇത് അധികാരഭ്രമമല്ലാതെ മറ്റെന്താണ്? മുഖ്യമന്ത്രിക്കസേര കൊടുത്തതിനു പ്രതികാരമായി തന്റെ വിശ്വസ്തരായ ശശിധരനെയും ബാലകൃഷ്ണനേയും സുരേഷിനേയും പാർട്ടി ഒന്നൊന്നായി വെട്ടി വീഴ്ത്തിയപ്പോൾ കസേരക്കിളക്കം തട്ടാതിരിക്കാൻ തല പൂഴിയിൽ താഴ്ത്തിയ ഒട്ടകപ്പക്ഷിയായി മാറിയ നേതാവിന് ആരോടാണ് പ്രതിബദ്ധത? അന്ന് ജോലി നഷ്ടപ്പെട്ട ചിലരൊക്കെ ഇന്ന് ഗൾഫിൽ ജോലി നോക്കുന്നുണ്ടെന്നു കേൾക്കുന്നു. എങ്കിൽ അവർക്കും കുടുംബത്തിനും നല്ലത്!

മൂന്നാറിൽ കൊട്ടിഘോഷിച്ചു തുടങ്ങിയ ഒഴിപ്പിക്കൽ ദയനീയ പരാജയത്തിലേക്ക് നീങ്ങിയ കഥ ഒരു രാഷ്ട്രീയ ഫലിതമായി മാത്രം കണ്ടാൽ മതി. പുലിയുടെ ഗർജനം അവസാനം പൂച്ചയുടെ മ്യാവോ ആയി മാറി. പക്ഷേ 'വെട്ടിനിരത്തൽ' എന്ന രാഷ്ട്രീയ ഗുണ്ടായിസം പ്രയോഗത്തിൽ വരുത്തിയ നേതാവ് ടി.പി.ചന്ദ്രശേഖരൻ വധത്തിൽ മാനസാന്തരപ്പെട്ടത് നാടകീയമായിപ്പോയി. പാർട്ടി ആദ്യമായി നടത്തിയ രാഷ്ട്രീയ കൊലപാതകമായിരുന്നോ അത്? ജയകൃഷ്ണൻ മാസ്റ്ററെ സ്കൂളിൽ പിഞ്ചുകുട്ടികൾക്കു മുൻപിലിട്ട് വെട്ടിനുറുക്കുമ്പോഴും, പാപ്പിനിശേരിയിൽ മിണ്ടാപ്രാണികളായ കുറെ പാമ്പുകളെ ഐ.എസ് മാതൃകയിൽ കൂട്ടിലിട്ട് ചുടുമ്പോഴുമെല്ലാം അദ്ദേഹത്തിന്റെ നാവടങ്ങിപ്പോയത് എന്തുകൊണ്ടാണാവോ? തീവ്രവാദികളുടെ വെടിയേറ്റുമരിച്ച സന്ദീപ്‌ ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ ഇദ്ദേഹം പോയതും ആരെയൊക്കെയോ 'പട്ടി' എന്നു വിളിച്ചതും പിന്നീടതിന് ക്ഷമ ചോദിച്ചതുമെല്ലാം എത്ര പെട്ടെന്നാണ് നാം മറന്നുകളഞ്ഞത്!

അവസാനകാലത്ത് വി.ആർ.കൃഷ്ണയ്യർക്ക് ചെറിയൊരു ബുദ്ധിഭ്രമം ബാധിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ആരു പ്രസംഗിക്കാൻ വിളിക്കുന്നുവോ, അവർ കേൾക്കാനാഗ്രഹിക്കുന്നത് അദ്ദേഹം മസാലയൊക്കെ ചേർത്ത് വെച്ചുകാച്ചും. നമ്മുടെ നേതാവിനും കയ്യടിയുടെ ശബ്ദം ലഹരിയായിരുന്നിരിക്കണം. ഉത്തരവാദിത്വബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറേപ്പേർ എന്തിനെങ്കിലുമൊക്കെയെതിരായി പരിപാടി സംഘടിപ്പിച്ചാൽ നേതാവ് അതിൽ തീർച്ചയായും പങ്കെടുത്തിരിക്കും. സർക്കാരും കോടതിയും മലിനീകരണ ബോർഡുമൊക്കെ പ്രവർത്തനാനുമതി നല്കിയ നിറ്റാ ജെലാറ്റിൻ കമ്പനിക്കെതിരെ സോളിഡാരിറ്റിയുടെ പ്രവർത്തനമൂലധനവുമായി ചില നാട്ടുകാർ നടത്തിയ അക്രമാസക്തസമരത്തിനനുകൂലമായി ഈ മനുഷ്യൻ പ്രത്യക്ഷപ്പെട്ടപ്പോഴല്ലേ നാമെല്ലാം ശരിക്കും ഞെട്ടിയത്? ശതകോടികൾ ചെലവഴിച്ചു നിർമ്മിച്ച കൂടൻകുളം അണുനിലയത്തിനെതിരെ അത് പ്രവർത്തനസജ്ജമാകുന്നതിനു തൊട്ടുമുൻപ് ആരംഭിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ നേതാവ് അരയും തലയും മുറുക്കി ഇറങ്ങിയതും തമിഴ് നാട് പോലീസ് തടഞ്ഞപ്പോൾ അതേ സ്പീഡിൽ വാലും ചുരുട്ടി കാറ് റിവേഴ്സ് എടുക്കുന്നതും നമ്മൾ കണ്ടു.തേനിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ന്യൂട്രിനോ ഒബ്സർവേറ്ററിക്കെതിരെയാണ് പുതിയ വിശുദ്ധയുദ്ധം! അണുപരീക്ഷണശാലയാണത്രേ! എനിക്കു തോന്നുന്നത് അണു എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് രോഗാണുവോ മറ്റോ ആണെന്നാണ്‌.

മുരളി - ജോസ്.കെ.മാണി - അനൂപ്‌ ജേക്കബ്‌ ശൈലിയിൽ സ്വന്തം മകനെ രാഷ്ട്രീയത്തിൽ കയറ്റിയില്ലെങ്കിലും മുൻപരിചയമില്ലാത്ത പയ്യന് അപേക്ഷിക്കാൻ വേണ്ടി IHRD അഡീഷണൽ ഡയറക്ടർ തസ്തികയുടെ യോഗ്യതകൾ ലഘൂകരിച്ചു എന്നൊക്കെ അസൂയക്കാർ പറയുന്നതാണോ എന്നറിഞ്ഞില്ല. രാഷ്ട്രീയക്കാരന് സ്വന്തം രാജകുമാരന്മാരോടുള്ള വാത്സല്യം നമുക്കറിയാമെങ്കിലും അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചതിനുശേഷം അധികാരത്തിന്റെ പിൻവാതിൽ മകനുവേണ്ടി തുറന്നിടരുത്.

വിപ്ലവപ്പാർട്ടിയുടെ ശൈശവഘട്ടത്തിൽ നേതാവ് കുറെ മുദ്രാവാക്യമൊക്കെ വിളിച്ച കാര്യം ഓർമപ്പെടുത്തുന്നതു കണ്ടു. നല്ല കാര്യം. അതുകൊണ്ട് എന്തു നേടി എന്നുകൂടി കണക്കിലെടുക്കുന്നതു നന്നായിരിക്കും. പാർട്ടിക്കുവേണ്ടി രക്തസാക്ഷികളായവർ സഹിച്ച ത്യാഗമൊന്നും കണക്കുപറഞ്ഞ്‌ മുഖ്യമന്ത്രിക്കസേര നേടിയവർ സഹിച്ചിട്ടെല്ലെന്നാണ് തോന്നുന്നത്. സമരവീര്യമൊക്കെ പണ്ടേ ചോർന്ന് കാറ്റുപോയ ബലൂണ്‍ പോലെ ആയ നേതാവിന്റെ പണ്ടത്തെ തഴമ്പ് ഇപ്പോൾ തൊലിക്കട്ടിയായി രൂപാന്തരപ്പെട്ടു. "ഉപ്പ് നല്ലതുതന്നെ. പക്ഷെ ഉപ്പ് കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ട്‌ അതിനു രസം വരുത്തും? പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല. അതിനെ പുറത്തുകളയും" എന്നല്ലേ ആപ്തവാക്യം? (Luke 14:34-35)

സമ്മേളനത്തിലെ പ്രതിനിധികളെല്ലാവരും തന്നെ ഒരേ ശ്വാസത്തിൽ ഒരാളെ വിമർശിക്കുമ്പോൾ (അതിൽ ചിലരൊക്കെ വളരെ നീചമായ വിധത്തിലും) കുറ്റം നാട്ടുകാരുടേതാണെന്നാണോ പറയേണ്ടത്? ജനം മുഴുവൻ എന്നെ ഭ്രാന്തനെന്നു വിളിച്ചാൽ ഭ്രാന്ത് ജനത്തിനായിരിക്കും അല്ലേ? ഇനിയും ആ പാർട്ടിയിൽ കടിച്ചുതൂങ്ങിക്കിടക്കുന്നത് എന്തിനാണ്? സംസ്ഥാനസമിതിയിലെ ഒഴിച്ചിട്ടിരിക്കുന്ന സീറ്റ്‌ എന്ന അപ്പക്കഷണം കാട്ടിയാൽ ഇനിയും പുറകെ വരാൻ തയാറായ നേതാക്കളുണ്ടെന്ന് പാർട്ടിക്ക് നന്നായറിയാം.


Tuesday, February 10, 2015

വയലാറിന്റെ സമ്പൂർണ കൃതികൾ

ശ്രീ. വയലാർ രാമവർമ ഗാനരചയിതാവ് എന്ന നിലയിലാണോ അതോ കവിയായിട്ടാണോ മലയാളിയുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചത് എന്ന് നിർവചിക്കുക പ്രയാസം തന്നെയാകും. അദ്ദേഹം കവിതകൾ എഴുതിയിരുന്നോ എന്ന ആശ്ചര്യപ്പെട്ട ഒരു ഗാനകുതുകിയെ എനിക്ക് നേരിട്ടുതന്നെ പരിചയവുമുണ്ട്. എന്നാൽ കവിതയും ഗാനവുമല്ലാതെ വയലാർ കഥകളും യാത്രാവിവരണവുമൊക്കെ എഴുതിയിരുന്നു എന്നത് പലർക്കും പുതിയൊരറിവായേക്കും. 'രക്തം കലർന്ന മണ്ണ്', 'വെട്ടും തിരുത്തും' എന്നിവയാണ് വയലാറിന്റെ കഥാസമാഹാരങ്ങൾ. 'പുരുഷാന്തരങ്ങളിലൂടെ' എന്ന യാത്രാവിവരണവും അദ്ദേഹം എഴുതിയിട്ടുണ്ട്. വയലാർ കൃതികൾ എന്ന പേരിൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പക്ഷേ കവിതകളും ഗാനങ്ങളും മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. ആ പേനയിൽ നിന്നുതിർന്ന ഗദ്യശൈലി എങ്ങനെയായിരുന്നു എന്നറിയാൻ സാഹിത്യപ്രേമികൾക്ക് താല്പര്യമുണ്ട്. വയലാറിന്റെ നാല്പതാം ചരമവാർഷികം ആചരിക്കുന്ന ഈ 2015-ൽ ഡി.സി.ബുക്സ് തന്നെ 'സമ്പൂർണകൃതികൾ' എന്ന ആ ദൗത്യം ഏറ്റെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.