Thursday, January 30, 2020

പഴശ്ശി സമരങ്ങൾ

കേരളസിംഹം പഴശ്ശി രാജാവ് ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ ധീരസമരങ്ങൾ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. മുഗൾ ആധിപത്യത്തിന്റെ തകർച്ച മുതലാക്കി അവരുടെ പ്രാദേശിക ഭരണാധികാരികൾ തങ്ങളുടേതായ അധികാരകേന്ദ്രങ്ങൾ നാടെങ്ങും സ്ഥാപിച്ചു. അവരോടെല്ലാം ഏറ്റുമുട്ടിയാണ് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ സ്ഥാപിതമായത്. ഏതാണ്ടൊരേകാലത്താണ് ഇതിൽ പല ഏറ്റുമുട്ടലുകളും നടന്നിട്ടുള്ളത്. കേരളത്തിലെ പഴശ്ശി രാജാവും, തമിഴ് നാട്ടിലെ വീരപാണ്ട്യ കട്ടബൊമ്മൻ, മരുതു പാണ്ട്യർ എന്നിവരും സമകാലീനരാണ്. മൈസൂർ സുൽത്താനായ ടിപ്പുവിനേയും ഒരർത്ഥത്തിൽ ഈ വകുപ്പിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ടിപ്പുവിന്റെ രാജ്യം മേല്പറഞ്ഞ നേതാക്കളുടേതിനേക്കാൾ വളരെ വലുതായതുകൊണ്ടും, ഫ്രഞ്ച് സാമ്രാജ്യവുമായി ടിപ്പു സഖ്യത്തിലേർപ്പെട്ടിരുന്നതുകൊണ്ടും കൂടുതൽ ശക്തമായ ഒരാഘാതം ബ്രിട്ടീഷുകാരുടെമേൽ ഏൽപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. പഴശ്ശിയുമായി നടന്ന കത്തിടപാടുകളുടേയും യുദ്ധസജ്ജീകരണങ്ങളുടേയും വിശദമായ വിവരണം അക്കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖാശേഖരങ്ങളിൽനിന്ന് ചികഞ്ഞെടുത്തുകൊണ്ട് പ്രസിദ്ധ ചരിത്രകാരനായ പ്രൊഫ. കെ. കെ. എൻ. കുറുപ്പ് പഴശ്ശിയെ കമ്പനിയുടെ ദൃഷ്ടികോണിലൂടെ നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

പഴശ്ശിയും ടിപ്പുവും ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പൊരുതിയെങ്കിലും ചില ഘട്ടങ്ങളിൽ അവരുമായി സൗഹാർദ്ദവും പുലർത്തിയിരുന്നതായി ഈ കൃതി വെളിവാക്കുന്നു. പഴശ്ശിയെ ബ്രിട്ടീഷ് പാളയത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം മലബാർ ആക്രമിച്ച മൈസൂർ സൈന്യങ്ങളുടെ തീവ്ര മുസ്ലിം വർഗീയതയും അന്യമതപീഡനവുമാണ്. 1766-ൽ ഉത്തരകേരളം കയ്യടക്കിയ ഹൈദർ അലി ക്ഷേത്രങ്ങൾ തകർക്കലും നിർബന്ധിത മതപരിവർത്തനവും സ്ഥിരം തൊഴിലാക്കിയപ്പോൾ പഴശ്ശിയുൾപ്പെടെയുള്ള മലബാർ നാടുവാഴികൾ ബ്രിട്ടീഷ് സേനയുടെ സഹായം തേടി. എന്നാൽ മംഗലാപുരം സന്ധിയെത്തുടർന്ന് മൈസൂരും കമ്പനിയും സൗഹൃദകരാറിലേർപ്പെട്ടപ്പോൾ പഴശ്ശി രണ്ടുപേർക്കുമെതിരെ നിലകൊണ്ടു. കോട്ടയം രാജഭരണത്തിന്മേൽ പഴശ്ശിയുടെ അവകാശവാദങ്ങൾ കമ്പനി അനുവദിച്ചുകൊടുക്കാതായതോടെ വീണ്ടും ആ ബന്ധത്തിൽ വിള്ളൽ വീഴുകയും പഴശ്ശിയും മൈസൂരുമായി അടുക്കുകയും ചെയ്തു. ടിപ്പുവിന്റെ മരണത്തിനുശേഷം ബ്രിട്ടീഷ് സൈന്യത്തെ പഴശ്ശി ഒറ്റക്കു നേരിടുകയും ഒടുവിൽ വീരചരമം പ്രാപിക്കുകയും ചെയ്തു.

പൂർണമായും കമ്പനി രേഖകളെ മാത്രം ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഒരു ഗവേഷണപ്രബന്ധം പോലെ വിരസമാണ്. സ്വന്തം വിശകലനങ്ങൾ കാര്യമായൊന്നും കൂട്ടിയിണക്കാതെ രേഖാശേഖരത്തിൽ നിന്നുള്ള വിവരങ്ങൾ യാന്ത്രികമായും വായനാക്ഷമത പരിശോധിക്കാതെയും കൂട്ടിച്ചേർത്തിരിക്കുന്നു. അങ്ങനെയൊരു വിവരണം നൽകിയതിനുശേഷം ആ രേഖകളുടെ പരിഭാഷ കൂടി പുസ്തകത്തിന്റെ ഏതാണ്ട് മൂന്നിലൊന്നോളം പേജുകളിൽ നൽകുന്നു. ഗ്രന്ഥകാരന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ കൂടി ചരിത്രവസ്തുതകളെന്ന പേരിൽ ഇടയ്ക്കിടെ കടന്നുവരുന്നു. ടിപ്പുവിനുശേഷം കമ്പനിക്കെതിരായ സമരങ്ങളിൽ കർഷകരും തൊഴിലാളികളും ഇടപ്രഭുക്കൾക്കൊപ്പം പങ്കുകൊണ്ടു (പേജ് 75) എന്ന പരാമർശം അത്തരത്തിൽ ഒന്നാണ്. മലബാറിലെ ഫ്യൂഡൽ വ്യവസ്ഥിതിയിൽ കർഷക-തൊഴിലാളി വർഗ്ഗങ്ങൾ ഇക്കാലത്ത് ഉദയം ചെയ്തിരുന്നോ എന്ന ചോദ്യം അദ്ദേഹം അവഗണിക്കുന്നു. മാർക്സിന്റെ സിദ്ധാന്തങ്ങൾ ശരിയാകണമെങ്കിൽ വർഗ്ഗസമരം ആവശ്യമാണ്. അതിനുവേണ്ടി ഇത്തരം 'ഡമ്മി' വർഗ്ഗങ്ങളെ ലേഖകൻ സൃഷ്ടിക്കുകയാണ്. ഒട്ടു മിക്ക ഇടതു ചരിത്രകാരന്മാരുടേയും ഗതി(കേട്) ഇതുതന്നെയാണ്.

ബ്രിട്ടീഷ് കമ്പനിയുടെ ശക്തമായ ആക്രമണങ്ങൾക്കുമുന്നിൽ ആയുധ-സൈനികബലത്തിൽ താരതമ്യം ചെയ്യാൻ പോലുമാകാത്ത പഴശ്ശി കേരളവർമ്മ പരാജിതനായി. എങ്കിലും കീഴടങ്ങാതെ യുദ്ധക്കളത്തിൽ അടരാടി വീണ അദ്ദേഹം ശത്രുക്കളുടെ പോലും ആദരം പിടിച്ചുപറ്റി. കേരളവർമ്മയെ പരാജയപ്പെടുത്തിയ മലബാർ അസിസ്റ്റന്റ് കളക്ടർ തോമസ് ഹാർവി ബേബർ ഒരു രാജാവിനുചേർന്ന ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ ശരീരം നാട്ടിലേക്കുകൊണ്ടുവന്ന് യഥാവിധമായ ആചാരങ്ങളോടെ സംസ്കരിച്ചത്. പഴശ്ശിയെ വേട്ടയാടുന്നതിൽ നാട്ടുകാരുടെ സഹായവും കമ്പനിക്ക് നിർലോഭമായി ലഭിച്ചു. കോൽക്കാരൻമാരെന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം കേരളവർമ്മയെ കീഴ്പ്പെടുത്തുന്നതിൽ ഇംഗ്ലീഷുകാർക്ക് നിർണായകസേവനങ്ങൾ നൽകി.

വായനക്കാർക്ക് യാതൊരു ആനന്ദകരമായ വായനാനുഭവവും പ്രദാനം ചെയ്യാത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.


Book Review of 'Pazhassi Samarangal' by K K N Kurup
ISBN: 9788120037922

Saturday, January 18, 2020

ഏഴിമല

പ്രാദേശിക കഥനങ്ങൾ എന്ന ഗണത്തിൽ പെടുത്താവുന്ന രചനകൾ മലയാളത്തിൽ അപൂർവമാണെന്നുതന്നെ പറയണം. ഒരു പ്രദേശത്തേക്കുനടത്തുന്ന യാത്രകളിലൂടെ അവിടത്തെ ചരിത്രം, സംസ്കാരം, സാഹിത്യം, കലകൾ, സമൂഹം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികളാണ് ഈ ജനുസ്സിൽ വരുന്നത്. എസ്. കെ. പൊറ്റെക്കാട് അനുഗ്രഹീതനായ സഞ്ചാരസാഹിത്യകാരനായിരുന്നുവെങ്കിലും അനുബന്ധ വിഷയങ്ങളിൽ ശരിയായ താല്പര്യം പുലർത്തിയിരുന്നില്ല. ഒരൊറ്റ ഭാഷയുടെ കുടക്കീഴിലാണെങ്കിലും വടക്കും തെക്കും മദ്ധ്യവും തമ്മിൽ പല ഘടകങ്ങളിലും പ്രകടമായ വ്യതിയാനങ്ങൾ കാണപ്പെടുന്ന കേരളം പോലൊരു നാട്ടിൽ ഇത്തരം കഥനങ്ങളുടെ പ്രസക്തി വളരെയധികമാണ്. ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്രവൃത്തി ചെയ്യുകയും, വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരിക്കേ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായും ജോലിചെയ്ത ശ്രീ. കെ. ബാലകൃഷ്ണൻ വളരെ നല്ലൊരു പ്രകടനമാണ് ഈ ഉദ്യമത്തിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. പയ്യന്നൂർ - ഏഴിമല പ്രദേശങ്ങളും അവയുടെ പരിസരഭാഗങ്ങളുമാണ് ഈ കൃതിയുടെ കാൻവാസിൽ വരച്ചിരിക്കുന്നത്.

കണ്ണൂർ പ്രദേശത്തെ നാടൻപാട്ടുകളും അനുഷ്ഠാനകലകളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പയ്യന്നൂർ പാട്ട്, അതിന്റെ തുടർച്ചയെന്നോണം കരുതപ്പെടുന്ന നീലകേശിപ്പാട്ട് എന്നിങ്ങനെ പ്രാദേശികമായി ആലപിക്കപ്പെടുന്ന നാടൻ ഗീതികളെ ഈ പുസ്തകം കോർത്തിണക്കുന്നു. പ്രാദേശിക ഐതിഹ്യങ്ങളും അതിന്റെ പ്രയോഗഭേദങ്ങളുമെല്ലാം ഇതിൽ ഇഴതെറ്റാതെ കൂട്ടിയിണക്കിയിരിക്കുന്നു. കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സാഹിത്യസപര്യയെപ്പറ്റി സാമാന്യം ദീർഘമായ ഒരു വിവരണം തന്നെയുണ്ട്; അദ്ദേഹത്തിന്റെ ചില കഥകളുടെ സംഗ്രഹമടക്കം. ഇതിനെല്ലാമുപരി, മേഖലയിലുടനീളം നിറയുന്ന തെയ്യസാന്നിദ്ധ്യവും നമുക്ക് അനുഭവവേദ്യമാകുന്നു. ഗ്രാമങ്ങൾ തോറും പുതിയ ഉത്ഭവകഥകളുമായി തെയ്യങ്ങൾ അരങ്ങുനിറഞ്ഞാടുന്നത് അതിശയകരമാണ്.

ഗ്രന്ഥകാരന്റെ ഔദ്യോഗികജീവിതം അദ്ദേഹം ഒരു തികഞ്ഞ കമ്യൂണിസ്റ്റാണെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. പാർട്ടിയുടെ സമഗ്രാധിപത്യം നിലകൊള്ളുന്ന കണ്ണൂരിന്റെ സ്ഥലചരിത്രത്തിൽ ഗ്രന്ഥകർത്താവിന്റെ ഈ കമ്യൂണിസ്റ്റ് പ്രതിപത്തി ഒളിവില്ലാതെ വെളിവാകുന്നത് വായനക്കാർ സഹിച്ചേ പറ്റൂ. എങ്കിലും കമ്യൂണിസ്റ്റ് നാട്യങ്ങൾ മാറ്റിവെച്ച് അദ്ദേഹം നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ച് അവ കണ്ണൂരിന്റെ ഗ്രാമീണസംസ്കൃതിയുമായി എങ്ങനെ ഇണങ്ങിച്ചേർന്നിരിക്കുന്നുവെന്ന് ആദരപൂർവം വെളിപ്പെടുത്തുന്നു. പൗരപ്രമുഖരെ പരിചയപ്പെടുത്തുന്നതിൽ പാർട്ടി ആഭിമുഖ്യം കൂടുതലായി കാണുന്നു. സ്റ്റാലിൻ കൃതികളുടെ പതിമൂന്നു വാല്യങ്ങളുടേയും മലയാളപരിഭാഷ തയ്യാറാക്കി പ്രസാധകരെയും കാത്തിരിക്കുന്ന കടുത്ത സ്റ്റാലിൻ ആരാധകർ ഇപ്പോഴും ഇവിടെയുണ്ട്! റഷ്യൻ വിപ്ലവകാലത്ത് സ്റ്റാലിൻ കടുത്ത മർദ്ദനങ്ങൾ സഹിച്ചതിന്റെ അതിശയോക്തി നിറഞ്ഞുകവിയുന്ന ഒരു കഥ ഗ്രന്ഥകാരൻ തന്നെ പറയുന്നുമുണ്ട്. 1940-കളിൽ കണ്ണൂരിനെ പിടിച്ചുകുലുക്കിയ പല വിപ്ലവസമരങ്ങളുടേയും വിവരണം ഇതിൽ കാണാം. പുല്ലേരി വാധ്യാരില്ലത്തെ ചെറിയ ദേവകി അന്തർജ്ജനത്തെ 'കമ്യൂണിസത്തെ പാലൂട്ടിയ അമ്മ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇല്ലത്ത് ഒളിവിലിരുന്ന പ്രവർത്തകർക്ക് ഭക്ഷണം നൽകിയതാണ് ഇതിൽ ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും അതേ ദൗത്യം തന്നെ നിറവേറ്റിയ ആയിരക്കണക്കിനുള്ള താഴ്ന്ന ജാതിക്കാരായ അമ്മമാർ പാർട്ടിയുടേയും ലേഖകന്റേയും നിരീക്ഷണചക്രവാളത്തിൽ ഒരു പൊട്ടുപോലെപ്പോലും പ്രത്യക്ഷപ്പെടുന്നില്ല.

കമ്യൂണിസ്റ്റ് പാർട്ടി നയിച്ച അക്രമാത്മകസമരങ്ങളെ മഹത്വവൽക്കരിക്കുകയെന്ന ലക്ഷ്യവും ഈ പേജുകളിൽ കാണാം. സ്വാതന്ത്ര്യം പടിവാതിൽക്കലെത്തിയ ഒരു ചരിത്രസന്ധിയിൽ പലതും അനാവശ്യവും രക്തസാക്ഷികളെ തേടിക്കൊണ്ടുമുള്ള സമരങ്ങളായിരുന്നുവെന്നാണ് വായനക്കാർ മനസ്സിലാക്കുന്നത്. ക്ഷാമകാലത്തെ നെല്ലെടുപ്പുമായി ബന്ധപ്പെട്ട കോറോം, മുനയൻകുന്ന് സമരങ്ങൾ നിർദ്ദയമായ പോലീസ് വെടിവെപ്പുകൾ ക്ഷണിച്ചുവരുത്തി. പോലീസ് മർദ്ദനം ഭീകരമായിരുന്നുവെന്ന് പ്രഖ്യാപിക്കുമ്പോൾപ്പോലും സ്വാതന്ത്ര്യത്തിനു മുന്നേതന്നെ കണ്ണൂർ ജയിൽ സഖാക്കളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും പറയുന്നു (പേജ് 103). സേലം ജയിലിൽ അടക്കപ്പെട്ട കെ.പി.ആർ ഗോപാലനെ വാർഡർമാർക്കുപോലും ഭയമായിരുന്നുവത്രേ. ജോലിചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾ സേലം ജയിലിൽ വെടിവെപ്പിനിടയാക്കി. അതിന്റെ ഫലമായി 22 തടവുകാർ കൊല്ലപ്പെടുകയും ചെയ്തു.

261 പേജുകളിലായി നീളുന്ന ഈ കൃതി അദ്ധ്യായങ്ങളായി വിഭജിച്ചിട്ടില്ല എന്നതാണ് ഘടനാപരമായ ഒരു ന്യൂനത. പുസ്തകം മുഴുവനായും ഒരൊറ്റ അദ്ധ്യായമാണ്. വിവിധ വിഷയങ്ങളെ പ്രത്യേക തലക്കെട്ടുകളിലൂടെ വേർതിരിച്ചിട്ടുണ്ടെന്നുമാത്രം. ഒരു പ്രാദേശികകഥനത്തിൽ അവശ്യം വേണ്ടതായ ഫോട്ടോകളോ ചിത്രങ്ങളോ ഇതിൽ കാണുന്നില്ല എന്ന പോരായ്മ അടുത്ത ലക്കങ്ങളിൽ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Ezhimala - Kannoorinte Samakalika Charithravum Puravruthavum' by K. Balakrishnan
ISBN:  9788182668768

Friday, January 10, 2020

ഗാനങ്ങളുടെ 80 വർഷങ്ങൾ - ഗന്ധർവന്റേയും

കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ നാമെല്ലാം ഒഴുകി നീങ്ങിക്കൊണ്ടിരിക്കുകയാണ് - ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഗാനഗന്ധർവന് 80 വയസ്സാകുമ്പോൾ മുപ്പതു വർഷം മുമ്പൊരു കോളജ് ക്ലാസ് മുറിയിൽ ഡിവൈഡറിന്റെ കൂർത്ത അഗ്രം കൊണ്ട് 'DAS IS 50' എന്നു കോറിയിട്ടത് ഓർമ്മ വരികയാണ്. ഡെസ്കിലൂടെ ഡിവൈഡർ നീങ്ങുമ്പോഴുള്ള ശബ്ദവും ആ ഘർഷണവുമെല്ലാം ഇപ്പോഴും വിരലുകളിൽ അനുഭവപ്പെടുന്നുണ്ടെന്നു തോന്നിപ്പോകുന്നു. എങ്കിലും മുപ്പതു സംവത്സരങ്ങളുടെ തിരശീലകൾ ആ പകലിനെ ഇന്നിൽനിന്ന് വേർതിരിക്കുന്നു. ടീനേജ് കഷ്ടിച്ചുകടന്നിരുന്ന ആ പയ്യൻ ഇന്ന് മദ്ധ്യവയസ്സിന്റെ ക്ഷണിക്കപ്പെടാത്ത അതിഥിയായ വെള്ളിരോമങ്ങളുടെ ആധിക്യത്തിൽ ആകുലനാണ്. ഗന്ധർവനാകട്ടെ ഒരു സുപ്രഭാതത്തിൽ വാർദ്ധക്യം സ്വയം എടുത്തണിയുകയും ചെയ്തു.

യേശുദാസിന്റെ സർഗ്ഗചേതന പീലി വിടർത്തിയാടിയ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതാണ് നമ്മുടെയെല്ലാം ജന്മത്തിന്റെ സാർത്ഥകത. ഒരിക്കലും നാമദ്ദേഹത്തെ 'ദാസേട്ടൻ' എന്നു വിളിക്കരുത്. ദൈവത്തെ സ്വന്തം പേരുപറഞ്ഞല്ലേ നമ്മൾ വിളിക്കുന്നത്? 'എന്റെ കൃഷ്ണാ' എന്നോ 'കരുണാമയനായ യേശുവേ' എന്നോ മറ്റോ അല്ലാതെ ഏട്ടനും വല്യച്ഛനുമൊന്നും അവിടെയില്ല. വിശ്വാസികളല്ലാത്തവർ രാഷ്ട്രനേതാക്കളെ പേരു മാത്രമല്ലേ വിളിക്കുന്നുള്ളൂ - നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിങ്ങനെ? യേശുദാസിനെ വ്യക്തിപരമായി പരിചയമുള്ളവർ ഏട്ടനെന്നോ സാറെന്നോ ഒക്കെ വിളിച്ചുകൊള്ളട്ടെ. നമുക്കദ്ദേഹം ആകാശങ്ങൾക്കും സമുദ്രങ്ങൾക്കുമപ്പുറം പ്രകാശം ചൊരിഞ്ഞുനിൽക്കുന്ന കതിരവനാണ്.

മലയാളചലച്ചിത്രഗാനങ്ങളുടെ കാര്യമെടുത്താൽ പഴയ ഗാനങ്ങളാണ് നല്ലതെന്ന കാര്യത്തിൽ പൊതുവെ ആർക്കും സംശയമുള്ളതായി കാണുന്നില്ല. അതിൽത്തന്നെ യേശുദാസ്, വയലാർ, ദേവരാജൻ എന്നിവർ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ വിശേഷിച്ചും. എന്നാൽ പൊതുജനം എതിരില്ലാതെ അംഗീകരിക്കുന്ന ഒരു മിഥ്യ എന്നതിനപ്പുറം ഈ വിശ്വാസത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊരു സംശയം എനിക്ക് പണ്ടുമുതലേ ഉണ്ടായിരുന്നു. മലയാളചലച്ചിത്രരംഗം തുടങ്ങിയതുമുതലുള്ള ഗാനങ്ങളുടെ പട്ടിക കിട്ടാതിരുന്നതുകൊണ്ട് സംശയനിവൃത്തിക്ക് മാർഗ്ഗവുമുണ്ടായിരുന്നില്ല. എന്നാൽ malayalachalachithram.com എന്ന സൈറ്റിൽ വർഷംപ്രതി പുറത്തുവന്ന പാട്ടുകളുടെ ലിസ്റ്റ് കിട്ടിയതോടെ അവ 2017, 2018 വർഷങ്ങളിൽ വിശദമായി പരിശോധിച്ചു. അതിന്റെ വിശകലനമാണ് താഴെ.

മലയാളത്തിലെ ആദ്യത്തെ ചിത്രമായ 'വിഗതകുമാരൻ' നിശ്ശബ്ദചിത്രമായിരുന്നല്ലോ. അതിനുശേഷം 1938-ൽ പുറത്തിറങ്ങിയ 'ബാലൻ' ആണ് ആദ്യത്തെ ശബ്ദചിത്രം. അതിൽ 23 ഗാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളി 'നീലക്കുയിൽ' (1954) വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ കേട്ട 461 പാട്ടുകളിൽ ഒരെണ്ണം പോലും ആസ്വാദ്യകരമായി തോന്നിയില്ല. അടുത്തവർഷം (1955) കണ്ട 73 ഗാനങ്ങളിൽ 'ഹരിശ്ചന്ദ്ര'യിലെ 'ആത്മവിദ്യാലയമേ' മാത്രമേ നല്ലതുണ്ടായിരുന്നുള്ളൂ. അതിനുശേഷം 1967 മുതൽ 1980 വരെയായിരുന്നു മലയാളഗാനങ്ങളുടെ പുഷ്കലകാലം. 1938 മുതൽ 2016 വരെ മലയാളത്തിൽ രചിക്കപ്പെട്ട 22176 ഗാനങ്ങളെ വിശകലനം ചെയ്തുകണ്ടെത്തിയത് അതിൽ 1628 എണ്ണം മാത്രമാണ് നല്ലതെന്നാണ്. അതിൽത്തന്നെ 839 എണ്ണവും 1967 മുതൽ 1980 വരെയുള്ള പതിനാലു വർഷക്കാലത്ത് പിറവിയെടുത്തതായിരുന്നു.
ചിത്രം 1 - ആകെ ഗാനങ്ങൾ വർഷം തോറും

കാലം കഴിയുന്തോറും ഗാനങ്ങളുടെ എണ്ണം കുറയുന്നുണ്ടോ? ഇല്ല എന്നാണുത്തരം. 1975 മുതൽ 1986 വരെയുള്ള വർദ്ധനക്കുശേഷം 1987 മുതൽ 1996 വരെ ആകെ ഗാനങ്ങളുടെ എണ്ണത്തിൽ ഇടിവുണ്ടായെങ്കിലും 2003-നു ശേഷം വീണ്ടും ഗാനങ്ങൾ കൂടുന്നതാണ് കാണുന്നത് (ചിത്രം 1 കാണുക). ഏറ്റവുമധികം ഗാനങ്ങൾ ഇറങ്ങിയ വർഷം 2013 ആണ് - 743. രണ്ടാം സ്ഥാനത്ത് 2012-ഉം - 664 എണ്ണം.

ചിത്രം 2 - നല്ല ഗാനങ്ങൾ വർഷം തോറും
എന്നാൽ നല്ല ഗാനങ്ങൾ വർഷങ്ങൾ കഴിയുന്തോറും കൂടുന്നതായി കാണുന്നില്ല. ചിത്രം 2 കാണുക. 1967 മുതൽ 1980 വരെയുള്ള കുതിപ്പിനുശേഷം 2003 കഴിയുമ്പോഴേക്ക് തീരെ പരിതാപകരമാകുന്നു അവസ്ഥ. ഏറ്റവുമധികം നല്ല ഗാനങ്ങൾ പുറത്തുവന്നത് 1973-ലാണ് - 87 എണ്ണം.

ചിത്രം 3 - നല്ല ഗാനരചയിതാക്കൾ
ഗാനരചയിതാക്കളിൽ മുമ്പൻ വയലാർ രാമവർമ തന്നെ. 45 വർഷത്തിനുമുമ്പ് നിര്യാതനായെങ്കിലും വയലാറിന്റെ വരികൾ ഇന്നും ഉന്നതസ്ഥാനത്തുതന്നെ വിരാജിക്കുന്നു. 1628 നല്ല ഗാനങ്ങളിൽ 331 എണ്ണവും അദ്ദേഹത്തിന്റേതാണ്. ചിത്രം 3 നോക്കുക. ശ്രീകുമാരൻ തമ്പി (209), പി. ഭാസ്കരൻ (174), ഒ.എൻ.വി (143), കൈതപ്രം (136) എന്നിവർ പുറകിലുണ്ട്. ആധുനിക രചയിതാക്കളിൽ ശരത് വയലാറും (21), റഫീഖ് അഹമ്മദും (19) മുന്നിട്ടുനിൽക്കുന്നു.

ചിത്രം 4 - മികച്ച സംഗീത സംവിധായകർ
സംഗീതസംവിധായകരിൽ അഗ്രഗണ്യൻ ദേവരാജൻ തന്നെ (ചിത്രം 4). 381 ഗാനങ്ങളുമായി അദ്ദേഹം രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാമൂർത്തി (93)യേക്കാൾ വളരെ മുന്നിലാണ്. 88 ഗാനങ്ങളുമായി ജോൺസൺ തൊട്ടുപിറകെ മൂന്നാം സ്ഥാനത്തുണ്ട്. ഏതാനും വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയേനെ. എം. കെ. അർജുനൻ (81), രവീന്ദ്രൻ (79) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ചിത്രം 5 - മികച്ച ഗാനങ്ങൾ ഉൾക്കൊള്ളിച്ച ചലച്ചിത്രങ്ങൾ
ഏറ്റവും കൂടുതൽ നല്ല ഗാനങ്ങൾ ഉൾക്കൊള്ളിച്ച ചിത്രം 'സ്വാമി അയ്യപ്പൻ' (1975) ആണ്. ചിത്രം 5 കാണുക. അതിലെ എട്ടു ഗാനങ്ങളും മികച്ചവയാണ്. എല്ലാം വയലാർ - ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നവ. ആറു മികച്ച ഗാനങ്ങൾ വഹിച്ച നദി (1969), വാഴ്വേ മായം (1970), ആഭിജാത്യം (1971), ആരോമലുണ്ണി (1972), ചന്ദ്രകാന്തം (1974), കണ്ണപ്പനുണ്ണി (1977), മദനോത്സവം (1978), സർഗ്ഗം (1992) എന്നീ ചിത്രങ്ങൾ രണ്ടാമതു നിൽക്കുന്നു.

ചിത്രം 6 - ലിംഗപരമായ ക്രമീകരണം
പുരുഷ ശബ്ദത്തിന് ഘനഗാംഭീര്യം കൂടുതലാണെങ്കിലും നല്ല ഗാനങ്ങളിൽ പകുതിയും പുരുഷ ശബ്ദത്തിലാണ് - 843 എണ്ണം, അഥവാ 52 ശതമാനം. സ്ത്രീശബ്ദത്തിലുള്ള 399 ഗാനങ്ങളും 386 യുഗ്മഗാനങ്ങളും പട്ടികയിൽ ഇടം പിടിച്ചു (ചിത്രം 6). ഇതിൽ ഫെമിനിസ്റ്റുകൾ ബേജാറാകേണ്ടതില്ല. ഗാനഗന്ധർവൻ പാടിയതുകൊണ്ടാകാം ഇത്രയധികം പുരുഷഗാനങ്ങൾ നാം കേൾക്കാൻ കൊതിക്കുന്നത്.

ചിത്രം 7 - മികച്ച ഗായികമാർ
ഇനി മികച്ച ഗായികയെ നോക്കാം. കേരളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്ര 158 ഗാനങ്ങളുമായി ഒന്നാമതെത്തി. എസ്. ജാനകി 136 പാട്ടുകളുമായി രണ്ടാം സ്ഥാനത്തും പി. സുശീല 125 ഗാനങ്ങളുമായി മൂന്നാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. പി. മാധുരി (73), സുജാത മോഹൻ (59) എന്നിവർ നാലും അഞ്ചും ഇടങ്ങളിൽ (ചിത്രം 7).

ചിത്രം 8 - മികച്ച ഗായകർ
മികച്ച ഗായകന്റെ തെരഞ്ഞെടുപ്പ് അവസാനത്തേക്കു വെച്ചത് ബോധപൂർവം തന്നെയാണ്. കാരണം, അവിടെ മത്സരമില്ല. ഗായികമാരുടെ മേഖല താമരപ്പൂക്കൾ നിറഞ്ഞ ഒരു പൊയ്‌കയോടുപമിക്കാമെങ്കിൽ ഗായകരുടെ കാര്യത്തിൽ അത് സൗരയൂഥം പോലെയാണ്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനുചുറ്റും കറങ്ങുന്ന കുറെ ഗ്രഹങ്ങൾ. ആ സൂര്യൻ ഗാനഗന്ധർവനായ കെ. ജെ. യേശുദാസ് തന്നെയാണ്. 883 ഗാനങ്ങളുമായി (54 ശതമാനം) അദ്ദേഹം ഉത്തുംഗതയിൽ വിരാജിക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തുകൂടിയായ പി. ജയചന്ദ്രൻ 126 ഗാനങ്ങളുമായി വിദൂരമായ രണ്ടാം സ്ഥാനത്തെത്തുന്നു. എം. ജി. ശ്രീകുമാർ (40), ജി. വേണുഗോപാൽ (20), വിജയ് യേശുദാസ് (15) എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ചിത്രം 8 കാണുക.

ഗാനഗന്ധർവന് എൺപതു തികയുന്ന ഇന്ന് ഈ കൊച്ചുഗവേഷണമായിരിക്കട്ടെ അദ്ദേഹത്തിനുള്ള ജന്മദിന ശുഭാശംസകൾ.