Monday, December 18, 2017

ഗ്രീൻസോണിനു വെളിയിൽനിന്ന് എഴുതുമ്പോൾ

'ആടുജീവിതം' എന്ന ഒറ്റകൃതിയിലൂടെ മലയാളസാഹിത്യനഭസ്സിൽ ജ്വലിച്ചുയർന്ന നക്ഷത്രമാണ് ബെന്യാമിൻ. പ്രവാസജീവിതത്തിന്റെ കയ്പ്പും ചവർപ്പും, തെളിഞ്ഞ ഭാഷയിലൂടെ പറഞ്ഞ ആ ഗ്രന്ഥം ഗൾഫ് സാഹിത്യത്തിന്റെ ഒരനിവാര്യതയായിരുന്നു. 'ആടുജീവിതം' ഇതുവരെ വായിച്ചിട്ടില്ലാത്തതുകൊണ്ട് കൂടുതൽ അലങ്കാരങ്ങളൊന്നും എനിക്കു നൽകാനാവില്ല. എങ്കിലും അതിന്റെ കർത്താവ് ഒരു ലേഖനസമാഹാരമിറക്കിയതു കണ്ടപ്പോൾ അത് തീർച്ചയായും വായിക്കണമെന്നും തോന്നി. പുസ്തകം നിരാശപ്പെടുത്തിയില്ല.

മലയാളിയുടെ ഗൾഫ് വാസം പ്രവാസമല്ല, മറിച്ച് കുടിയേറ്റമാണ് എന്ന് ബെന്യാമിൻ നമുക്കു കാണിച്ചുതരുന്നു. സ്വന്തം നാട് എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ നിർബന്ധിതരായി അന്യനാടുകളിൽ എത്തിപ്പെട്ട് അവിടെ സ്വന്തം വേരുകൾ ഉറപ്പിക്കാൻ വിധിക്കപ്പെട്ടവരാണ് യഥാർത്ഥത്തിൽ പ്രവാസികൾ. എന്നാൽ മലയാളി കേരളത്തിലുള്ള സ്വന്തം വേരുകൾ ഒരിക്കലും അറുത്തെറിയുന്നില്ല, അവനെ ഗൾഫ് രാജ്യങ്ങളിലെ പൗരനായി ആ നാടുകൾ ഒരിക്കലും സ്വീകരിക്കാൻ പോകുന്നുമില്ല. മൂലധനത്തിന്റെ പ്രയാണത്തെ തൊഴിൽസമൂഹം പിന്തുടരുന്ന പ്രവണതയുടെ ഒരു മൂർത്തീകരണം മാത്രമാണ് ഗൾഫിലേക്കുള്ള മലയാളിയുടെ കുടിയേറ്റം. കേരളത്തോടുള്ള ഈ പൊക്കിൾക്കൊടിബന്ധം മുറിക്കാത്തതുകൊണ്ടാവണം പ്രവാസിസാഹിത്യത്തിന് ഗൾഫിൽ കാര്യമായ നാമ്പുകൾ സൃഷ്ടിക്കാൻ കഴിയാതെ പോയത്. ജോലിസ്ഥിരത ഇല്ലാതിരുന്നതിനാലും നാട്ടിലേക്ക് എപ്പോൾവേണമെങ്കിലും മടങ്ങേണ്ടിവരുമെന്നതിനാലും അവന്റെ സർഗാത്മകത കേരളത്തിലെ എഴുത്തുകാരുടെ സ്ഥിരം ഭൂമികകളിൽ വീണ്ടും വീണ്ടും അലഞ്ഞുനടന്നു.

ആകെ 36 ലേഖനങ്ങളുള്ള ഈ പുസ്തകത്തിൽ ബെന്യാമിൻ തന്റെ സാഹിത്യജീവിതത്തിന്റെ ഉയർച്ചകൾ വിശദമായി വിവരിക്കുന്നു. ഗൾഫിലെ ജോലി വായനക്ക് ഒരു തടസ്സമാകേണ്ടതില്ലെന്നുമാത്രമല്ല, ഒരാൾക്ക് ജീവിതത്തിൽ വായിക്കാൻ സമയം കിട്ടുന്നില്ല എന്നുപറഞ്ഞാൽ അയാൾ അത്രത്തോളം പ്രാധാന്യമേ അതിനുകൊടുക്കുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തീർത്തും തനതായ ഒട്ടേറെ അഭിപ്രായങ്ങൾ നമുക്കിതിൽ നിരീക്ഷിക്കാം. പൂർണ്ണതൃപ്തിയോടെയും സൗഖ്യത്തോടെയും കഴിയുന്ന ഒരാൾക്ക് എഴുതാൻ കഴിയില്ല. 'വരുംവരായ്കകളെക്കുറിച്ച് ആലോചിച്ചുറപ്പിച്ച് ഗ്രീൻസോൺ എന്നുവിളിക്കാവുന്ന ഒരു സുരക്ഷിത ഇടത്തിലേക്ക് കയറിനിന്ന് ആർക്കും അവന്റെ ആത്മാവിന് തൃപ്തികരമായ രീതിയിൽ എഴുതാനാവില്ല' എന്ന ബെന്യാമിന്റെ നിരീക്ഷണം പൂർണ്ണമായും ശരിയാണ്. എന്നാൽ ഗൾഫ് നാടുകളിൽ സ്വതവേതന്നെ നിലനിൽക്കുന്ന ചില നിയന്ത്രണങ്ങൾ മലയാളിയുടെ എഴുത്തിനും തടസ്സം സൃഷ്ടിക്കുന്നില്ലേ? ഉണ്ട്, എന്നുതന്നെയാണ് അദ്ദേഹത്തിന്റെ നിഗമനവും. 'സ്വന്തം മനസ്സിനെ വിലങ്ങണിയിക്കുന്നതോടെ എഴുത്തിൽ നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവല്ലാതെ മറ്റൊന്നുമല്ലെന്നും, ആ ആത്മനഷ്ടമാണ് ഗൾഫിലെ എഴുത്തിൽ കാണുന്ന ശൂന്യയിടമെന്നും' അദ്ദേഹം പറഞ്ഞുവെക്കുന്നു.

ലേഖനങ്ങൾ, നിരീക്ഷണങ്ങൾ, സാഹിത്യവിചാരങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ സമാഹാരം വളരെ വിശാലമായ ഒരു ധൈഷണികമേഖലയുടെ സ്ഫുലിംഗങ്ങൾ വെളിവാക്കുന്നുണ്ട്. ഗൾഫുകാരനെ പിഴിയാൻ കച്ചകെട്ടിയിറങ്ങുന്ന മതനേതാക്കൾ മുതൽ, വർഗ്ഗീയമായി ചേരിതിരിഞ്ഞുനടത്തുന്ന വിദ്യാരംഭങ്ങളിലൂടെ, അത് സിനിമാറ്റിക് ഡാൻസ് നൃത്തത്തിലെ ഉത്തരാധുനികതയാണെന്ന കണ്ടെത്തലിൽ എത്തിനിൽക്കുന്നു. ഓർമ്മക്കുറിപ്പുകൾ, മലയാളത്തിലെ കഴിഞ്ഞ അരനൂറ്റാണ്ടിലെ സാഹിത്യസരണികൾ, കൂടെയെഴുതുന്നവരുടെ കിതപ്പും തളർച്ചയുമെല്ലാം നമുക്കിതിൽ വായിക്കാം. ആത്മവിശ്വാസമുള്ള ഒരു എഴുത്തുകാരൻ ഈ പേജുകളിൽ നിറഞ്ഞുനിൽക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Green Zoninu Veliyilninnu Ezhuthumbol' by Benyamin
ISBN: 9788182663060


Friday, December 8, 2017

കാമസുരഭി

കുരുത്തംകെട്ട പിള്ളേർ നിറഞ്ഞ ഒൻപതാം ക്ലാസ്സ്.

ആശങ്കകളോടെയാണ് സീന ടീച്ചർ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 'കാമസുരഭി' എന്ന കാവ്യഭാഗം പഠിപ്പിക്കാനെഴുന്നേറ്റത്.

"കാമസുരഭി എന്നാൽ കാമധേനു. ധേനു എന്നുവെച്ചാൽ പശു. പുരാണങ്ങളിലെ ജമദഗ്നി മഹർഷിയുടെ ഈ പശു ഉടമസ്ഥൻ ആവശ്യപ്പെടുന്നതെന്തും നൽകും", ടീച്ചർ വ്യക്തമാക്കി.

ക്ലാസ്സിലെ 'പെറുക്കി'കളിൽ പ്രമുഖനായ ജിഷ്ണു ചോദ്യവുമായി എഴുന്നേറ്റു.

"ധേനു എന്നാൽ പശുവാണെങ്കിൽ കാമം എന്നാൽ എന്താ ടീച്ചറേ?", അവന്റെ ചോദ്യം.

സംശയം ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതുകഴിഞ്ഞ് അവൻ ഒരു വിജയിയുടെ ചിരിയോടെ പെൺകുട്ടികൾ കൂടി ഉൾക്കൊള്ളുന്ന ക്ലാസ്സിനെ നോക്കിയതാണ് ടീച്ചറെ അസ്വസ്ഥയാക്കിയത്.

ഒരു ദീർഘനിശ്വാസത്തോടെ ടീച്ചർ ശബ്ദതാരാവലിയിലെ പ്രസക്തഭാഗങ്ങൾ ഓർത്തെടുത്തു.

"കാമം എന്നാൽ സ്നേഹം, പ്രേമം, ആഗ്രഹം, അഭിലാഷം, ഇച്ഛ, വിഷയേച്ഛ എന്നൊക്കെയാണ് അർത്ഥം". ടീച്ചർ തളർച്ചയോടെയാണെങ്കിലും പറഞ്ഞൊപ്പിച്ചു.

ഒരു നിമിഷം ടീച്ചറും ജിഷ്ണുവും മുഖാമുഖം നോക്കിനിന്നു.

പെട്ടെന്ന് ടീച്ചറുടെ മനസ്സിലൊരു ബൾബ് തെളിഞ്ഞു.

"മോനേ, നീ ഉദ്ദേശിച്ച അർത്ഥം കിട്ടിയോ?", ഒരു പുഞ്ചിരിയോടെ അവർ ചോദിച്ചു.

ഉവ്വെന്ന മട്ടിൽ ദുർബലമായി തലയാട്ടിക്കൊണ്ട് ജിഷ്ണു തളർച്ചയോടെ ബെഞ്ചിലേക്ക് ഊർന്നുവീണു.

Saturday, December 2, 2017

ഹേ റാം!

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം കഥപോലെ പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങൾ നിലവിലുണ്ട്. 1920-ലെ ഗാന്ധിജിയുടെ കേരളസന്ദർശനം മുതൽ 1948-ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള ജീവിതം ഇന്ത്യാചരിത്രവുമായി അഭേദ്യമായി ബന്ധപ്പെടുന്നതിനാൽ രണ്ടും ഇടകലർന്നുള്ള ഒരു പ്രതിപാദ്യരീതിയാണ് ഈ കൃതിയിൽ അവലംബിച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ കാൽ ശതാബ്ദത്തിലെ ലോകചരിത്രവും ഈ താളുകളിലൂടെ ഊർന്നുവീഴുന്നു. ഫ്ലാഷ്ബാക്കുകളും ദൃക്‌സാക്ഷിവിവരണം പോലെ തോന്നിപ്പിക്കുന്ന വിവരണശൈലിയും ഇടകലർത്തിയുള്ള കഥനം വളരെ പ്രത്യേകതകൾ ഉള്ളതാണ്. മഹാത്മജിയുടെ സാന്നിദ്ധ്യം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെ ഏതെല്ലാം വിധത്തിൽ നിറപ്പകിട്ടുള്ളതാക്കി എന്ന് നമുക്കിവിടെ കാണാൻ സാധിക്കും. മാതൃഭൂമി പത്രത്തിലെ എഡിറ്ററായ ശ്രീ. മലയിൻകീഴ് ഗോപാലകൃഷ്ണൻ ചരിത്രലേഖനങ്ങളുടെ കാര്യത്തിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു വ്യക്തിത്വവുമാണ്.

ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണതേടി മലബാറിലെത്തുന്ന ഗാന്ധിജിയിൽ ഊന്നിക്കൊണ്ടാണ് ഗ്രന്ഥകാരൻ തുടങ്ങിവെക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരായ ആ സമരം പിന്നീട് ദിശ മാറി കേരളം കണ്ട ഏറ്റവും വലിയ വർഗ്ഗീയകലാപമായ മാപ്പിള ലഹളയായി പരിണമിച്ചത് നമുക്കറിയാം. വംശീയശുദ്ധീകരണം (ethnic cleansing) എന്നുപോലും വിശേഷിപ്പിക്കാവുന്ന ഈ ഭീകരമായ നരനായാട്ട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു വാദിക്കുന്നവർ അതിനെതിരെ ഗാന്ധിജി നടത്തിയ തൃശ്ശിനാപ്പള്ളി പ്രസംഗം ഒന്നു വായിക്കുന്നതു നന്നായിരിക്കും (പേജ് 33). അക്കാലയളവിൽ അരങ്ങേറിയ ഭീതിദമായ അക്രമങ്ങളുടെ വിശദവിവരങ്ങൾ പുസ്തകത്തിൽ പിന്നെയും ഉണ്ട്. രാഷ്ട്രപിതാവിന്റെ സമരങ്ങൾ അക്രമരഹിതമെന്നു വിശേഷിപ്പിക്കുമെങ്കിലും തുടങ്ങിയതിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ട് അക്രമത്തിലും വെടിവെപ്പിലും കൂട്ടമരണങ്ങളിലും കലാശിക്കുകയായിരുന്നു പതിവ്. റൗലറ്റ് നിയമത്തിനെതിരെയുള്ള സമരം, ഖിലാഫത്ത്, സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധം, ക്വിറ്റ് ഇന്ത്യാ സമരം അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!

തന്റെ രാഷ്ട്രീയചിന്താഗതിക്കെതിരായ പാതയിൽ പ്രവർത്തിക്കുന്നവരെ ഗാന്ധിജി അവഗണിച്ചിരുന്നതായിട്ടാണ് കാണുന്നത്. വൈസ്രോയി ഇർവിൻ പ്രഭുവുമായി സന്ധി ചെയ്ത അദ്ദേഹം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഭഗത് സിംഗിന്റെ ശിക്ഷ ഇളവു ചെയ്യിക്കാനുള്ള വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയില്ല. ഇന്ത്യയിലെ യുവാക്കളുടെ രോഷം ഗാന്ധിജിയുടെ നേരെ അണപൊട്ടിയൊഴുകാൻ ഇടയാക്കിയ സംഭവമായിരുന്നു അത്. അക്രമരാഹിത്യം പ്രായോഗികമാണോ അല്ലയോ എന്നുപോലും നോക്കാതെ അതിൽ മുറുകെ പിടിക്കുന്ന ആളായിരുന്നു മഹാത്മജി. മരിക്കാൻ ആളുകൾ സ്വയം തയ്യാറായാൽ അധികം പേരെ കൊല്ലാൻ ഹിറ്റ്‌ലർ, മുസോളിനി എന്നീ സ്വേച്ഛാധിപതികൾ തയാറാവുകയില്ല എന്നാണദ്ദേഹം വിശ്വസിച്ചിരുന്നത്. ആയുധം ഉപേക്ഷിച്ച് ആത്മീയശക്തി കൊണ്ട് ബ്രിട്ടീഷ് ജനത ഹിറ്റ്‌ലറെ നേരിടാൻ തയാറാകണമെന്ന ഉപദേശം കേട്ട് വൈസ്രോയി പൊട്ടിച്ചിരിച്ചുപോയി!

വിവിധദേശങ്ങളിലെ ചരിത്രസംഭവങ്ങളെ തീയതികളുടെ അടിസ്ഥാനത്തിൽ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു നൂതനരീതിയാണ് ഗോപാലകൃഷ്ണൻ അവലംബിച്ചിരിക്കുന്നത്. എങ്കിലും ചിലയിടത്തൊക്കെ സ്വന്തം തൊഴിൽ കൂടിയായ പത്രറിപ്പോർട്ടിംഗ് ശൈലിയിലേക്ക് തെന്നിവീഴുന്നുമുണ്ട്. ഒരു സംഘമോ കമ്മറ്റിയോ രൂപീകരിച്ചതിനെക്കുറിച്ച് പറയുമ്പോൾ അതിലെ എല്ലാ അംഗങ്ങളുടേയും പേരുകൾ നിരത്തിവെക്കാതിരിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. 1931-ൽ തിരുവനന്തപുരത്തു നടന്ന മദ്യഷാപ്പ് പിക്കറ്റിങ്ങിൽ കെ. ജി. കുഞ്ഞുകൃഷ്ണപിള്ള, സി. നാരായണപിള്ള, സി. ഐ. പരമേശ്വരൻ പിള്ള, പി. എൻ. കൃഷ്ണപിള്ള, ടി. എസ്. കൊച്ചുകൃഷ്ണപിള്ള, കോട്ടൂർ കുഞ്ഞുകൃഷ്ണപിള്ള, ടി. കെ. നാരായണപിള്ള, വി. കെ. ഗോപാലകൃഷ്ണപിള്ള എന്നീ 'പിള്ളമാർ' സംബന്ധിച്ചുവെന്ന വസ്തുതക്ക് (പേജ് 139) ചരിത്രത്തിന്റെ വിശാലമായ കാൻവാസിൽ എന്താണ് പ്രസക്തി?

താൻ ജോലിചെയ്യുന്ന മാതൃഭൂമി പത്രത്തിന്റെ വികാസഘട്ടങ്ങളേയും ഈ പേജുകളിലൂടെ ഗ്രന്ഥകാരൻ പരാമർശിക്കുന്നുണ്ട്. പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയ എം. പി. വീരേന്ദ്രകുമാർ ആണ് പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത്. തന്റെ പത്രമുതലാളിയുടെ കുടുംബമാഹാത്മ്യവും ഗ്രന്ഥകർത്താവ് സൂത്രത്തിൽ എടുത്തു പുറത്തിടുന്നുണ്ട്. സ്വർണാഭരണങ്ങൾ ഗാന്ധിജിയുടെ ഹരിജനോദ്ധാരണഫണ്ടിലേക്ക് സംഭാവന ചെയ്തതായി രേഖപ്പെടുത്തുന്ന (പേജ് 174) മണിയംകോട് കൃഷ്ണഗൗണ്ടർ വീരേന്ദ്രകുമാറിന്റെ മുത്തച്ഛനാണ്. രാഷ്ട്രപിതാവിന്റെ മരണം സ്വന്തം കാറിൽ സഞ്ചരിച്ച് നാട്ടുകാരോട് വിളിച്ചുപറഞ്ഞുവെന്ന് സൂചിപ്പിച്ചിരിക്കുന്ന (പേജ് 399) എം. കെ. ജിനചന്ദ്രനാവട്ടെ അദ്ദേഹത്തിന്റെ പിതൃസഹോദരനും! പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് മാതൃഭൂമി തന്നെയാകുമ്പോൾ അൽപ്പം കൈമണി അസ്ഥാനത്തല്ല!

Book Review of 'Hey Ram!' by Malayinkeezhu Gopalakrishnan
ISBN: 9788182644915