Friday, April 21, 2017

കേരളം - മലയാളികളുടെ മാതൃഭൂമി

കേരളമുഖ്യമന്ത്രിയും മാർക്സിസ്റ്റ് - കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനേതാവുമായിരുന്ന ശ്രീ. ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് ഒരു തികഞ്ഞ പണ്ഡിതനുമായിരുന്നു. പൊതുവെ വിവരദോഷികളായ രാഷ്ട്രീയക്കാരുള്ള കേരളത്തിൽ ഇ. എം. എസ്സ് കാര്യവിവരത്തിലും ലോകപരിചയത്തിലും തിളങ്ങുന്ന ഒരു നക്ഷത്രമായിരുന്നു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്നു കഷണങ്ങളായി വിഘടിച്ചുകിടന്നിരുന്ന മലയാളികളുടെ മാതൃഭൂമിയെ കേരളം എന്ന പേരിൽ ഏകോപിപ്പിക്കുന്നതിനുള്ള അശ്രാന്തപരിശ്രമം രണ്ടാം ലോകയുദ്ധത്തിനൊടുവിൽ ആരംഭിക്കുകയും പതിനൊന്നുവർഷത്തിനുശേഷം 1956-ൽ സഫലീകൃതമാവുകയും ചെയ്തു. ഏതാണ്ട് ഒരു സഹസ്രാബ്ദം മുൻപ് പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തുമാത്രമാണ് കേരളത്തിന് രാഷ്ട്രീയ ഏകത ഉണ്ടായിരുന്നത്. സാംസ്കാരികമായ ഐക്യം അഭംഗുരം തുടർന്നിരുന്നുവെങ്കിലും വിഘടിച്ചുപോയ രാഷ്ട്രീയഭാഗധേയത്തെ വീണ്ടും കൂട്ടിവിളക്കുന്നതിന് മലയാളികളുടെ പൊതുവായ സാമൂഹിക, സാംസ്കാരിക, സാഹിത്യപരമായ സവിശേഷതകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതായി വന്നു. അങ്ങനെയൊരാവശ്യം മുൻനിർത്തി 1948-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിന് നിരവധി പതിപ്പുകൾ പിന്നീടുണ്ടായി.

കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നെങ്കിലും മാർക്സ് - ഏംഗൽസ് പ്രഭൃതികളുടെ ഉദ്ധരണികളും സിദ്ധാന്തങ്ങളും 1948-ലിറങ്ങിയ ആദ്യ പതിപ്പിൽ അത്ഭുതകരമാംവണ്ണം കുറച്ചേയുള്ളൂ. എന്നാൽ 60-കളിലിറങ്ങിയ രണ്ടാം പതിപ്പിന്റെ മുഖവുരയെന്ന പേരിൽ കൊടുത്തിരിക്കുന്ന അദ്ധ്യായത്തിൽ വിപ്ലവഉദ്ധരണികൾ നിറഞ്ഞിരിക്കുന്നു - ഇ. എം. എസ്സ് തന്നെ തീവ്ര ഇടതുപക്ഷത്തേക്ക് നീങ്ങിയത് 48-നു ശേഷമാണോ എന്ന് വായനക്കാരൻ ചിന്തിച്ചുപോകത്തക്ക വിധത്തിൽ! കേരളത്തിന്റെ പ്രാചിനമായ സവിശേഷതകൾ പരിശോധിക്കുന്നതിൽ ഗ്രന്ഥകാരൻ തികച്ചും സാമ്പ്രദായികമായ രീതിബോധമാണ് പ്രദർശിപ്പിക്കുന്നത്. സംസ്കൃതത്തിലും ചെന്തമിഴിലും എഴുതപ്പെട്ട കൃതികൾ നമുക്കു ലഭിച്ചിട്ടുണ്ടെങ്കിലും സംസ്കൃതകൃതികളാണ് കൂടുതൽ സമ്പന്നം എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. ജാതിസമ്പ്രദായം ഉണ്ടായിരുന്നില്ലെങ്കിൽ മലയാളികളുടെ അഭിമാനപാത്രമായ കേരളസംസ്കാരവും ഉണ്ടാകുമായിരുന്നില്ല എന്ന് ഇ. എം. എസ്സ് പറയുമ്പോൾ (പേജ് 67) നാമൊന്നു ഞെട്ടുമെങ്കിലും വളർന്നുവരുന്ന ഒരു സമുദായത്തിനാവശ്യമായ പ്രവൃത്തിവിഭജനം (ജാതി വ്യവസ്ഥ), സ്വകാര്യസ്വത്തുസമ്പ്രദായം (ജന്മിവ്യവസ്ഥ), കാര്യക്ഷമമായ ഭരണസമ്പ്രദായം (നാടുവാഴി ഭരണം) എന്നിവ കേരളത്തിൽ പണ്ടേ നിലവിൽ വന്നു എന്നദ്ദേഹം അടിവരയിട്ടു പ്രസ്താവിക്കുന്നു.

യൂറോപ്യൻ ശക്തികളുടെ ആഗമനവും അതിനെത്തുടർന്നുള്ള കേരളരാജാക്കന്മാരുടെ പരിഹാസ്യമായ ദാസ്യവും ലേഖകന്റെ നിശിതവിമർശനത്തിനു പാത്രമാവുന്നു - പ്രത്യേകിച്ചും കൊച്ചിയുടെ നട്ടെല്ലില്ലാത്ത രാഷ്ട്രീയനയങ്ങൾ. ശക്തൻ തമ്പുരാൻ പോലും 'കുമ്പഞ്ഞി'യുടെ ദയാവായ്‌പിനായി യാചിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിൽ കാണാം. എങ്കിലും കാലം മാറിയതോടെ പുത്തൻകൂറ്റുകാരായ പണക്കാർ ഉണ്ടാവുകയും അവരുമായി തട്ടിച്ചുനോക്കുമ്പോൾ ഇ. എം. എസ്സിന്റെ അനുഭാവം പഴയ നാടുവാഴികളോടാവുകയും ചെയ്യുന്നു. സാമൂതിരിയേയും സാമുവൽ ആരോണിനേയും താരതമ്യം ചെയ്യുന്നതിങ്ങനെയാണ്. "രണ്ടോ മൂന്നോ തലമുറക്കുമുമ്പ് സാമൂതിരിപ്പാടിന്റെ അനവധി കുടിയാന്മാരുടെ കൂട്ടത്തിൽമാത്രം കണക്കാക്കപ്പെട്ടിരുന്ന ഒരു സാധാരണക്കാരനായിരുന്ന ഒരാൾ വളർന്നുവളർന്ന് ഇന്ന് സാമൂതിരിപ്പാടിനേക്കാൾ എത്രയോ അധികം വാർഷികാദായമുള്ള ഒരു പണക്കാരനായിത്തീർന്നിരിക്കുന്നു. മാത്രമോ? ഓരോ ദിവസം കഴിയുന്തോറും ഈ പുതിയ പണക്കാരന്റെ സ്വത്ത് അധികമധികം വർദ്ധിച്ചുവരികയാണ്. സാമൂതിരിപ്പാടിന്റേതാകട്ടെ, പഴയപടി നിൽക്കുകയോ അങ്ങേയറ്റം പറഞ്ഞാൽ ഏറ്റവും ചുരുങ്ങിയതോതിൽ മാത്രം വളരുകയോ ആണ്. നിത്യജീവിതത്തിലാകട്ടെ, സാമൂതിരികുടുംബത്തിലെ അനന്തരവന്മാരുടെ ഭക്ഷണവും മറ്റു ജീവിതാവശ്യങ്ങളും ഈ പുതിയ പണക്കാരന്റെ ഒരു ക്ലാർക്കിന്റേതിനേക്കാൾ ഉയർന്നതല്ല" (പേജ് 200). ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ഇടതുപക്ഷസ്വാധീനം തെളിയിക്കാൻ നല്ലൊരു ഞാണിന്മേൽക്കളി അദ്ദേഹം നടത്തുന്നുണ്ടെങ്കിലും ബ്രിട്ടന്റെ കൂടെച്ചേർന്ന് 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത സംഭവം കമ്യൂണിസ്റ്റുകൾക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് വൈമനസ്യത്തോടെ സമ്മതിക്കുന്നു. എന്നാൽ ബാലഗംഗാധരതിലകൻ ഇടതുപക്ഷ നേതാവാണെന്ന പ്രസ്താവന അല്പം അതിരുകടന്നതായിപ്പോയി. പുന്നപ്ര - വയലാർ സമരങ്ങൾ നടന്നതിന് ഒരു വർഷത്തിനുശേഷം എഴുതപ്പെട്ടതാണെങ്കിലും കാര്യമായ പരിഗണനയെന്നും അവയ്ക്ക് ലഭിച്ചിട്ടില്ല. യന്ത്രത്തോക്കുകൾക്ക് മുന്നിലേക്ക് വാരിക്കുന്തങ്ങളുമായി അണികളെ തള്ളിവിട്ട ഇ. എം. എസ്സ് ഉൾപ്പെട്ട നേതൃത്വം ആ വങ്കത്തരത്തിനെ ഇതിൽ വിശേഷിപ്പിക്കുന്നത് 'തൊഴിലാളികൾ ഐതിഹാസികമായ ധൈര്യത്തോടെ സൈന്യത്തെ നേരിട്ടു' എന്നാണ്.

ഒന്നരനൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് ഭരണം കേരളസമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്യിച്ചു എന്നുള്ള വിശകലനം വളരെ വിജ്ഞാനപ്രദവും തെളിമയാർന്നതുമാണ്. നാടുവാഴികളുടെ മേധാവിത്വത്തിൽനിന്ന് ഉദ്യോഗസ്ഥരുടെ മേധാവിത്വത്തിലേക്കുള്ള അനുക്രമമായ മാറ്റത്തിന്റെ യഥാതഥമായ ഒരു വിവരണം ഈ പുസ്തകത്തിലുണ്ട്. മാപ്പിള ലഹളയെക്കുറിച്ചുള്ള വിലയിരുത്തലുകൾ ചെറിയൊരു രാഷ്ട്രീയച്ചായ്‌വോടുകൂടിയതാണ്. കേരളത്തിൽ ഒരു വൻനഗരം ഇല്ലാതിരുന്നതുകൊണ്ടാണ് ഇവിടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ വളരാൻ താമസിച്ചത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. മറ്റു വൻ നഗരങ്ങളിൽ ജോലിക്കും മറ്റുമായിപ്പോയ മലയാളികൾ അവിടെ സ്വന്തം കാര്യങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്തു. വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യമേഖല ഇന്ന് കേരളത്തിലുണ്ടെങ്കിലും വെറും 70 വർഷങ്ങൾക്കുമുൻപ് എത്ര ദയനീയമായിരുന്നു അവസ്ഥ എന്ന് ഈ ഗ്രന്ഥത്തിൽ കാണാം. 43-ലെ കോളറ, 44-ലെ വസൂരി, തുടർന്നു പടർന്നുപിടിച്ച പകർച്ചവ്യാധികൾ എന്നിവമൂലം ഒരു ലക്ഷത്തിലേറെപ്പേർ കേരളത്തിൽ കൊല്ലപ്പെട്ടുവത്രേ! ആധുനികവൈദ്യശാസ്ത്രത്തിന്റെ സംഭാവനകളെ തട്ടിയെറിഞ്ഞുകൊണ്ട് 'നാച്വറൽ' ആകാനായി ആയുർവേദത്തിന്റെ പിന്നാലെ പായുന്ന ഇന്നത്തെ മണ്ടശിരോമണികൾ ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുന്നതു നന്ന്.

ഒരു ചരിത്രകാരന്റെ ആശയവിപുലതയും രാഷ്ട്രീയക്കാരന്റെ കൗശലവും ഒത്തിണങ്ങുന്ന ഒരുത്തമകൃതി. ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Keralam - Malayalikalude Mathrubhumi' by EMS Namboodirippad
ISBN: 9789385045776

Thursday, April 13, 2017

തിരുവിതാംകൂർ മഹാരാജാക്കന്മാർ

പുരോഗമനാത്മകമായ നിരവധി നടപടികൾ കാലത്തിനുമുമ്പേ നടപ്പിൽ വരുത്തിയ ഒരു രാജവംശമായിരുന്നു തിരുവിതാംകൂറിലേത്. വിദ്യാഭ്യാസരംഗത്തെ ജനകീയവൽക്കരണം, അടിമസമ്പ്രദായം നിർത്തൽ ചെയ്തത്, ശ്രീമൂലം പ്രജാസഭയുടെ രൂപീകരണം, അയിത്താചരണത്തിനെതിരായ നീക്കങ്ങൾ, ക്ഷേത്രപ്രവേശനവിളംബരം എന്നിവയൊക്കെ തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടത്തിന് ഖ്യാതിയേറ്റുന്നവയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആവിർഭാവത്തോടെ രാജാക്കന്മാർ അപ്രത്യക്ഷരായെങ്കിലും കേരളത്തിന്റെ സാമൂഹ്യ-മതപരമായ രംഗങ്ങളിൽ തിരുവിതാംകൂർ രാജവംശം സൗമ്യമായ ഒരു സ്വാധീനം നിലനിർത്തുന്നു. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ അളവറ്റ നിധിശേഖരം പടുത്തുയർത്തിയവർ എന്ന നിലയിലും ഈ രാജവംശം നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മുതൽ അവസാനരാജാവായിരുന്ന ചിത്തിരതിരുനാളിന്റെ ഇളയസഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വരെയെത്തിനിൽക്കുന്ന രാജവംശത്തിന്റെ സംക്ഷിപ്തചരിത്രം നമുക്കു നൽകുന്നത് ദീർഘകാലം ഹൈസ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ. കൊട്ടാരക്കര കൃഷ്ണൻകുട്ടിയാണ്.

ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണെന്നത് നിസ്തർക്കമായ വസ്തുതയാണ്. തന്റെ സിംഹാസനം ഉറപ്പിക്കുകയെന്ന ദുഷ്കരമായ കൃത്യം നിർവഹിക്കുന്നതിന് വിലങ്ങുതടിയായി നിന്ന ഇടപ്രഭുക്കളെ നിഷ്കരുണം അരിഞ്ഞുതള്ളാൻ ആ ഉരുക്കുമനുഷ്യൻ മടി കാണിച്ചില്ല. അതിനുശേഷം രാജ്യവിസ്തൃതി വിപുലപ്പെടുത്തി വിദേശശക്തികളെ വരുതിയിലാക്കിയ അനിഴം തിരുനാളിനോളം പോന്ന ഒരു രാജാവും അതിനുശേഷമുണ്ടായിട്ടില്ല. എന്നാൽ എട്ടുവീട്ടിൽ പിള്ളമാരെ കൊലപ്പെടുത്തിയതിനുശേഷം അവരുടെ സ്ത്രീകളേയും കുട്ടികളേയും മുക്കുവർക്ക് ദാനം ചെയ്തത് രാജാവിന്റെ കരുണയായി വ്യാഖ്യാനിക്കാനുള്ള ഗ്രന്ഥകാരന്റെ പ്രയത്നം അസ്ഥാനത്താണ്. തികഞ്ഞ രാജഭക്തി കൃഷ്ണൻകുട്ടി പുലർത്തുന്നതുകൊണ്ടാകാം 'രാജാക്കന്മാരുടെ നിസ്സീമമായ നിഷ്കളങ്കത നവകാല ഭരണാധികാരികൾക്ക് മാതൃകയാണെന്ന' മട്ടിലുള്ള വൃഥാപ്രശംസകൾ അദ്ദേഹം ഉരുവിടുന്നത്. നിഷ്കളങ്കനായ ഒരാൾക്ക് രാജാവായിരിക്കാൻ സാദ്ധ്യമാണോ? അമാനുഷികസിദ്ധികളും രാജാക്കന്മാർക്ക് ലേഖകൻ പതിച്ചുനല്കുന്നുണ്ട്. മദം പൊട്ടി ഓടിയ ഒരു ആന സ്വാതിതിരുനാളിനെ ദർശിച്ച മാത്രയിൽ ശാന്തനായ കഥ ഈ ഗണത്തിൽ പെടുന്നതാണ്. ആയില്യം തിരുനാൾ നല്ലരീതിയിൽ പ്രോത്സാഹനം നൽകിയ ചിത്രകാരൻ രാജാ രവിവർമ്മയെ പിന്നീട് അധികാരത്തിലെത്തിയ വിശാഖം തിരുനാൾ പലരീതിയിലും ബുദ്ധിമുട്ടിച്ചിരുന്നു. അദ്ദേഹം കേരളം വിട്ടുപോകാൻ കാരണമായതുപോലും ഈ ശല്യപ്പെടുത്തലായിരുന്നു. എന്നാൽ അത്തരം കഥകളൊന്നും ഈ പുസ്തകത്തിൽ പരാമർശിക്കുന്നതേയില്ല. സർ. സി. പിക്കുനേരെ നടന്ന വധശ്രമം തിരുവിതാംകൂർ ചരിത്രത്തിലെ ഒരു നിർണായക സംഭവമാണെങ്കിലും അതും ലേഖകൻ തമസ്കരിക്കുന്നു. രാജാക്കന്മാരുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ അവരെല്ലാവരും മറ്റു പ്രമുഖഭാഷകൾ കൂടാതെ മറാഠി, കന്നഡ, തെലുഗ് എന്നിവയും അഭ്യസിക്കുന്നതായി കാണുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല.

പുസ്തകത്തിലെ വളരെ ഗുരുതരമായ ഒരു തെറ്റുകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മാവേലിക്കര കൊട്ടാരത്തിൽനിന്ന് ദത്തെടുക്കപ്പെട്ട സേതുലക്ഷ്മീഭായി, സേതുപാർവ്വതീഭായി എന്നീ രാജകുമാരിമാർ സഹോദരീപുത്രിമാരായിരുന്നു. ശ്രീമൂലം തിരുനാളിന്റെ അകാലനിര്യാണസമയത്ത് സേതുപാർവ്വതീഭായിയുടെ മകനും, കിരീടാവകാശിയുമായിരുന്ന ചിത്തിര തിരുനാളിന് പ്രായപൂർത്തിയായിരുന്നില്ല. തുടർന്ന് ഏഴുവർഷം റീജന്റായി ഭരിച്ചത് അദ്ദേഹത്തിന്റെ വല്യമ്മയായിരുന്ന സേതുലക്ഷ്മീഭായിയാണ്. ഇതിനെച്ചൊല്ലി രണ്ടുറാണിമാരും തമ്മിൽ നിരന്തരമായ അഭിപ്രായവ്യത്യാസവും കലഹവും പതിവായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ കൃഷ്ണൻകുട്ടി റീജന്റായിരുന്ന സേതുലക്ഷ്മീഭായിയെയാണ് ചിത്തിരതിരുനാളിന്റെ മാതാവായി അവതരിപ്പിക്കുന്നത് (പേജ് 120).

വിമർശനബുദ്ധി പടിപ്പുരക്കകത്തുപോലും കടത്താത്ത ഈ പുസ്തകം താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികൾക്കുമാത്രം പ്രയോജനപ്പെടുന്ന ഒന്നാണ്. ഒരു സ്‌കൂൾ ടെക്സ്റ്റ് ബുക്ക് എന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതും. ആധുനികകേരളസമൂഹത്തിന് തമാശ തോന്നാവുന്ന വിധത്തിലാണ് ഗ്രന്ഥകാരന്റെ രാജഭക്തി വരികൾക്കിടയിലൂടെ നൃത്തം ചെയ്യുന്നത്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Thirvithamkoor Maharajakkanmar' by Kottarakkara Krishnankutty
Published by Saindhava Books, Kollam