Thursday, May 19, 2016

ഹിമവാന്റെ മുകൾത്തട്ടിൽ

പ്രസിദ്ധ സാഹിത്യകാരനായിരുന്ന കാക്കനാടന്റെ ഇളയ സഹോദരനും ചിത്രകാരനുമായിരുന്ന ശ്രീ രാജൻ കാക്കനാടൻ 1975-ൽ ഒറ്റയ്ക്ക് ഹിമാലയത്തിലേക്കു നടത്തിയ കാൽനടയാത്രയാണ് ഈ പുസ്തകത്തിന്റെ ആധാരശില. തുച്ഛമായ പണം മാത്രം കയ്യിൽ കരുതിക്കൊണ്ട് നാടും മേടും അദ്ദേഹം താണ്ടി. കാടുകളും മഞ്ഞണിഞ്ഞ മേടുകളും മഞ്ഞുറഞ്ഞ അരുവികളും നടന്നു കയറി കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ ലേഖകൻ എത്തിച്ചേർന്നു. ബദരിയിലെത്തുമ്പോഴേക്കും കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു കഴിഞ്ഞിരുന്നു. തിരിച്ച് ദില്ലിയിലേക്കു പോകുവാൻ ഹരിദ്വാറിൽ നിന്ന് കയറാമെന്നായിരുന്നു അതിനദ്ദേഹം കണ്ടെത്തിയ പ്രതിവിധി. ആഡംബരം എന്ന വാക്കിന് ഈ യാത്രാവിവരണത്തിൽ യാതൊരു പ്രസക്തിയുമില്ല. ധർമ്മശാലകളിലെ തിരക്കുകളിൽ നിന്നൊഴിയുന്നത് കാട്ടിനുള്ളിലെ ഗുഹകളിലൊന്നിൽ രാത്രി കഴിചുകൂട്ടാമെന്നു കരുതുമ്പോൾ മാത്രമാണ്. അഗതികളും ഭിക്ഷാംദേഹികളുമായി രാജൻ കാക്കനാടൻ ധർമ്മശാലകളിലെ പരുക്കൻ സിമന്റ് തറ പങ്കുവെച്ചു, സന്യാസികളോടൊപ്പം കഞ്ചാവും ഭാംഗും വലിച്ചു, ഒന്നും കിട്ടാതിരുന്നപ്പോൾ പരാതികളില്ലാതെ പച്ചവെള്ളം മാത്രം കുടിച്ചു വിശപ്പടക്കി. അത്തരമൊരു വ്യക്തിയിൽ നിന്ന് മിനുസമേറിയ വാക്കുകളും മൃദുവായ അനുഭവങ്ങളും പ്രതീക്ഷിക്കുന്നത് അനവസരത്തിലായിത്തീരും. ശ്രീ. എം. കെ. രാമചന്ദ്രന്റെ പൊങ്ങച്ചം നിറഞ്ഞ ആഖ്യാനശൈലിയിൽ നിന്ന് തുലോം വ്യത്യസ്തമാണ് പച്ചയായ അനുഭവങ്ങൾ നിറഞ്ഞ ഈ ഗ്രന്ഥത്തിലെ ഉത്തരാഖണ്ഡ് വിവരണങ്ങൾ.

ആരും ഗ്രന്ഥകർത്താവിനു വേണ്ടി മലമുകളിൽ കാത്തിരിക്കുന്നുണ്ടായിരുന്നില്ല - വെയിലും മഴയും നിമിഷങ്ങൾക്കുള്ളിൽ മാറി മാറി ഒളിച്ചുകളി നടത്തിയിരുന്ന പ്രകൃതിയല്ലാതെ. അദ്ദേഹവും ആരെയും കാത്തിരുന്നില്ല. പ്രയാണമദ്ധ്യേ വീണുകിട്ടുന്ന സൗഹൃദങ്ങളെ അടുത്ത ദിവസം തന്നെ വിസ്മൃതിയിലേക്കു മുതൽക്കൂട്ടി രാജൻ കാക്കനാടൻ എപ്പോഴും മുമ്പേ നടന്നു. കൂരിരുട്ടിൽ മലമ്പാതകളിലൂടെ നടക്കുമ്പോൾ കാലൊന്നു തെറ്റിയാൽ അഗാധഗർത്തത്തിലേക്കു പതിക്കുമെന്ന വസ്തുത അദ്ദേഹത്തെ തടഞ്ഞില്ല. ഹിമാലയസാനുക്കളെ അക്ഷരാർത്ഥത്തിൽ തൊട്ടറിഞ്ഞ ലേഖകൻ ആ വികാരങ്ങളെ ചൂടുമാറാതെ അക്ഷരങ്ങളിലേക്കു പകർത്തി വെച്ചു.

ഗ്രന്ഥകാരൻ ചെയ്തതുപോലെ സാഹസികവും അപകടം നിറഞ്ഞതുമായ ഒരു യാത്ര നമ്മളൊരിക്കലും നടത്താൻ സാദ്ധ്യതയില്ല. അപ്പോൾ എന്തു സന്ദേശമാണ് ഈ പുസ്തകത്തിന്‌ നമുക്കു നല്കാനാവുന്നത്? പ്രകൃതിയുടെ സ്പന്ദനങ്ങളുടെ താളവും പേറി, തുളച്ചുകയറുന്ന മഞ്ഞിലും, എപ്പോഴെന്നില്ലാതെ പെയ്യുന്ന മഴയിലും പ്രകൃതിശക്തികൾക്കു വിധേയനായി നടത്തിയ ഈ യാത്ര, നാഗരികതയുടെ മുഖപടത്തിനുള്ളിലും മനുഷ്യൻ ആത്യന്തികമായി ഈ പ്രപഞ്ചത്തിലെ ഒരു കണിക മാത്രമാണെന്ന സത്യം അനാവരണം ചെയ്യപ്പെടുന്നു. സാമ്പത്തികമായ യാതൊരു താല്പര്യങ്ങളും കൂടാതെ ആത്മാർത്ഥമായ മനുഷ്യബന്ധങ്ങളും സാദ്ധ്യമാണെന്ന് രാജൻ കാക്കനാടന്റെ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

Book Review of 'Himavante Mukalthattil' by Rajan Kakkanadan,
ISBN 9788130000039