Tuesday, March 15, 2022

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ

ജീവശാസ്ത്രം ഐഛികവിഷയമായി പഠിക്കുവാൻ കോളജിൽ ചേർന്നതിനുശേഷം സുവോളജി ലാബിലെ 'കാഴ്ചകളിൽ' മനസ്സുമടുത്ത് ചരിത്രത്തിലേക്കു വഴിമാറിയ ഒരു വിദ്യാർത്ഥിയാണ് പിൽക്കാലത്ത് കേരളത്തിലെ എണ്ണപ്പെട്ട ചരിത്രകാരന്മാരിലൊരാളായി വളർന്ന എം.ജി.എസ് നാരായണൻ. രാഷ്ട്രങ്ങളുടെ വീര്യമുണർത്താനും അവയെ വീര്യം കെടുത്തി മയക്കാനും പ്രസ്ഥാനങ്ങളെ വളർത്താനും തളർത്താനും മതങ്ങളെ പ്രചരിപ്പിക്കാനും ചരിത്രം ഉപകരിക്കുന്നുവെന്നതിനാൽ അതിന്റെ നിർമ്മാണത്തിലും വിജ്ഞാനപ്രസരണത്തിലും സമൂഹം കാര്യമായ ശ്രദ്ധ വെക്കേണ്ടതാണ്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ കേറി മേയേണ്ട ഒരിടമല്ല അത്. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം ഭരിച്ചത് നെഹ്രുവും ഇന്ദിരയുമൊക്കെയായിരുന്നെങ്കിലും ചരിത്രപഠനവും ഗവേഷണവും ഇടതുചരിത്രകാരന്മാരുടെ കർശനനിയന്ത്രണത്തിലായിത്തീർന്നു. മറ്റൊരാളേയും അകത്തുകടക്കാനാവാത്തവിധം വിചിത്രങ്ങളായ വ്യവസ്ഥകൾ പരസ്പരം താങ്ങിക്കൊണ്ടുള്ള ഒരു പുതിയ ആവാസവ്യവസ്ഥ പടർന്നുപന്തലിക്കാനിടയാക്കി. കേരളത്തിലും ചരിത്രത്തെ വളച്ചൊടിക്കുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ഭാരതീയ ചരിത്രപഠനത്തിലെ സ്ഥാപിതതാല്പര്യങ്ങളെ തുറന്നുകാണിക്കുന്നതിനും ചില വസ്തുതകളെ സ്വന്തം നിലയിൽ പുതുതായി വിശകലനം ചെയ്യുന്നതുമാണ് എം.ജി.എസ്സിന്റെ ഈ പുസ്തകം.
 
ഇന്ത്യൻ ചരിത്രഗവേഷണസമിതിയുടെ (ICHR) നേതൃനിരയിൽ നിരവധി വർഷങ്ങൾ ചെലവഴിച്ച പരിചയം ഗ്രന്ഥകാരനുണ്ട്. അവിടങ്ങളിലെ ഇടതുസ്വാധീനവും ചരടുവലികളും കുതികാൽവെട്ടുമൊക്കെ അനേകം അദ്ധ്യായങ്ങളിൽ അദ്ദേഹം നിരത്തുന്നു. ആ സമിതിയുടെ രാഷ്ട്രീയച്ചായ്‌വ് വ്യക്തമാക്കുന്ന ഒരുദാഹരണം ഇവിടെ ചേർക്കാം. ലേഖകൻ ICHR-ന്റെ മെമ്പർ സെക്രട്ടറിയായി ദില്ലിയിൽ കഴിയവേ ബാബരി മസ്ജിദ് കമ്മറ്റിയുടെ ഒരു യോഗം ചേരുന്നത് ICHR ചെയർമാനും മാർക്സിസ്റ്റുമായ പ്രൊഫ. ഇർഫാൻ ഹബീബിന്റെ ചേംബറിൽ വെച്ചാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് മസ്ജിദ് കമ്മറ്റിക്കാർ തങ്ങളുടെ ഭാഗത്തുനിന്നുള്ള ചരിത്രപണ്ഡിതന്മാരുടെ പേരുകൾ അവരോടാലോചിക്കുകപോലും ചെയ്യാതെ പട്ടികയിൽ പെടുത്തിയത്. ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും ICHR ചെയർമാന്റെ താല്പര്യം ആ പണ്ഡിതർക്ക് തള്ളിക്കളയാൻ സാധിക്കുമായിരുന്നില്ലല്ലോ. കാര്യങ്ങളുടെ യഥാർത്ഥനില അറിയുവാനായി സർക്കാരും പൊതുസമൂഹവും ആശ്രയിക്കുന്ന ICHR ആണ് ഭാരതത്തിലെ ഏറ്റവും പ്രധാന തർക്കത്തിനിടയിൽ ഒരു കക്ഷിയുടെ ഭാഗത്ത് രഹസ്യമായി ചേർന്നത്. ഇർഫാൻ ഹബീബിന്റെ സാമുദായിക താല്പര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ആർക്കിയോളജിക്കൽ സർവേ ഡയറക്ടറായി വിരമിച്ച കെ. കെ. മുഹമ്മദിന്റെ 'ഞാനെന്ന ഭാരതീയൻ' എന്ന കൃതിയിലും കാണാം.
 
കോഴിക്കോട് സർവകലാശാലയിലെ ചരിത്രാദ്ധ്യാപകനായിരുന്ന എം.ജി.എസ് കേരളത്തിലെ അക്കാദമിക നിലവാരം രാഷ്ട്രീയാതിപ്രസരം നിമിത്തം താഴ്‌ന്നുപോകുന്നതിനെതിരെ ശബ്ദിക്കുന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം വ്യാജചരിത്ര നിർമ്മിതിക്ക് കൂട്ടുനിൽക്കുന്നതുവഴി സത്യം വഴിയാധാരമാവുകയും ചെയ്യുന്നു. കേരളത്തിലെ സാമൂഹിക-ചരിത്ര ഗവേഷണരംഗത്തെ ദൂഷിതമാക്കിയ പ്രവണതകൾ 60-കളിൽത്തന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു.സർക്കാർ ധനസഹായത്തോടെ രചിച്ച കേരളചരിത്രം സാമുദായികാടിസ്ഥാനത്തിലാണ് അദ്ധ്യായങ്ങൾ സംഘടിപ്പിച്ചതുതന്നെ. ചരിത്രരചനയെന്ന പേരിൽ ഇ.എം.എസ് എഴുതിയ പല കൃതികളും അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് അടിവരയിടുംവിധം വസ്തുതകളെ മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്നതായി കാണുന്നു.
 
സ്വാതന്ത്ര്യസമരത്തിന്റെ രണ്ട് അദ്ധ്യായങ്ങൾ എന്ന പേരിൽ കേരളത്തിൽ അവതരിപ്പിക്കുന്ന രണ്ട് വഞ്ചനകളാണ് 1921-ലെ മാപ്പിള ലഹളയും 1946-ലെ പുന്നപ്ര-വയലാർ സമരവും. ആദ്യത്തേത് അതിഭീകരമായ ഒരു വർഗ്ഗീയകലാപം മാത്രമായിരുന്നു. ഹിന്ദുക്കളെയാകെ ശത്രുക്കളായിക്കണ്ട് ചില മതനേതാക്കളുടെ നേതൃത്വത്തിൽ ഇസ്ലാമിന്റെ രാജ്യം സ്ഥാപിക്കാൻ നടത്തിയ ആ നീക്കം ദേശീയപ്രസ്ഥാനത്തിനെ പിന്നോട്ടടിച്ചു. പതിറ്റാണ്ടുകളോളം ഏറനാട്ടിലെ മുസ്ലീങ്ങളുടെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസവികസനത്തെ മുഴുവൻ തടഞ്ഞുനിർത്താനേ അതു സഹായകമായുള്ളൂ. പുന്നപ്ര-വയലാർ സംഘട്ടനസമയത്ത് സ്വാതന്ത്ര്യലബ്ധി ഉറപ്പാവുകയും നെഹ്‌റു ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. സമാധാനപരമായ അധികാരക്കൈമാറ്റം തകരാറിലാക്കാൻവേണ്ടി കമ്യൂണിസ്റ്റുകൾ ഇന്ത്യയിലാകമാനം ആസൂത്രണം ചെയ്ത ആക്രമണപരിപാടികളുടെ ഭാഗമായിരുന്നു അത്.
 
സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ ഉന്നതങ്ങളിൽ വിഹരിക്കുമ്പോഴും കേരളത്തിൽ ഉന്നതനിലവാരത്തിലുള്ള ഒരു സർവകലാശാലാ ചരിത്രവിഭാഗം പ്രവർത്തനമാരംഭിക്കുന്നത് കേരള സർവകലാശാലയിൽ 1970-ൽ മാത്രമാണെന്നത് നമ്മെ അമ്പരപ്പിക്കുന്നു. എന്നാൽ മദ്രാസ് സർവകലാശാലയുടെ മാതൃകയിൽ സ്ഥാപിച്ചതായിരുന്നതിനാൽ അവിടെ ഭാഷാസാഹിത്യ വിദ്യാർത്ഥികൾ തമിഴ്‌നാട് ചരിത്രം പഠിക്കണമെന്ന നിയമം വന്നപ്പോൾ ഇവിടെയും മലയാളസാഹിത്യ വിദ്യാർത്ഥികൾ ബിരുദാനന്തരബിരുദത്തിന്റെ ഭാഗമായി കേരളചരിത്രവും പഠിക്കണമെന്നു വന്നു. അതുകൊണ്ടാണ് പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഭാഷാദ്ധ്യാപകനായിരുന്ന പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള ചരിത്രകാരനായി മാറിയത്. ചരിത്രരചനയിൽ ഇളംകുളത്തിന്റെ സംഭാവന എം.ജി.എസ് പ്രത്യേകാദരവോടെ രേഖപ്പെടുത്തുന്നു.
 
ചിലപ്പതികാരം എന്ന സംഘകാലകൃതിയുടെ രചനാകാലം ക്രി.വ രണ്ടാം നൂറ്റാണ്ടിലാണെന്നാണ് സാർവത്രികമായി കരുതിയിരുന്നത്. എന്നാൽ അത് എട്ടോ ഒൻപതോ നൂറ്റാണ്ടിലെയാണെന്ന് എം.ജി.എസ് സമർത്ഥിക്കുന്നു. അദ്ദേഹം ഈ നിരീക്ഷണത്തിലെത്താൻ കാരണമായ തെളിവുകളും രേഖകളും വിശദമായി പ്രതിപാദിക്കുന്നു. ജൈനമത പ്രചരണാർത്ഥം ഒരു പിൽക്കാലകവി പ്രാചീന സംഘകാലത്തെ ഭാഷ കൃത്രിമമായി അനുകരിച്ച് നിർമ്മിച്ചതാണ് ചിലപ്പതികാരമെന്ന വാദം പണ്ഡിതസദസ്സുകളിൽ നിലനിൽക്കുമോ എന്ന് കണ്ടുതന്നെ അറിയണം. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ സാന്നിദ്ധ്യവും സ്വാധീനവും വിശദീകരിക്കവേ വാസ്തവങ്ങളിൽനിന്നു തെന്നിമാറി വികാരങ്ങൾക്കു കീഴ്പ്പെടുന്ന ഒരു രീതിയും ഇതിൽ കാണുന്നു. സ്‌കൂൾ കുട്ടികളെ പഠിപ്പിക്കുന്ന വിധത്തിൽ ഗാന്ധിയുടെ നേതൃത്വഗുണങ്ങളും പ്രവർത്തനരീതികളും മാത്രമാണ് സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന എം.ജി.എസ്സിന്റെ അഭിപ്രായം കുറെയൊക്കെ ബാലിശമാണെന്നു പറയേണ്ടിവരും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Charithra Sathyangalilekku Thirinjunokkumbol' by M G S Narayanan
Publisher: Mathrubhumi Books, 2021
ISBN: 9789355491732
Pages: 320