Tuesday, March 23, 2021

മലബാർ കലാപവും ഖിലാഫത് പ്രസ്ഥാനവും

ഇരുപതാം നൂറ്റാണ്ടിൽ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ഭീകരദുരന്തമായിരുന്നു 1921-ൽ നടമാടിയ മാപ്പിള ലഹള. ഖിലാഫത് പ്രസ്ഥാനം അക്രമത്തിലേക്ക് വഴിമാറിയതോടെ കേരളം കണ്ട ഏറ്റവും ദാരുണമായ വംശഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങി. ആയിരക്കണക്കിന് ഹിന്ദുക്കളെ മാപ്പിളമാർ വധിക്കുകയും നിർബന്ധിത മതപരിവർത്തനം, ബലാൽസംഗം, കൊള്ള എന്നീ ക്രൂരകൃത്യങ്ങൾക്കിരയാക്കുകയും ചെയ്തു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സ്വാധീനഫലമായി ലഹളക്കാരായ ക്രിമിനലുകൾക്ക് അൻപതു വർഷത്തിനുശേഷം സ്വാതന്ത്ര്യസമര പെൻഷൻ നൽകുകയും ലഹളയെ കാർഷികസമരമായി അംഗീകരിക്കുകയും ചെയ്തു. ഇരകളുടെ മനസ്സിൽനിന്നുപോലും അവർക്കെതിരായ അതിക്രമങ്ങളെ പ്രക്ഷാളനം ചെയ്യുക എന്ന ഹീനവും ഏകാധിപത്യപരവുമായ നടപടിയായിരുന്നു ഇത്. എന്നാൽ സത്യത്തെ എക്കാലവും മൂടിവെക്കാൻ പറ്റുകയില്ലല്ലോ. രാഷ്ട്രീയരംഗത്ത് മാറ്റങ്ങൾ വന്നതോടെ ലഹളയെ കുറേക്കൂടെ തുറന്ന മനസ്സോടെ വിശകലനം ചെയ്യാൻ വിദഗ്ദ്ധർ തയ്യാറായി. അതോടെ നിരവധി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊതുവേദിയിലെത്തി. നിരവധി പുസ്തകങ്ങളും വ്യാഖ്യാനങ്ങളും ഇതിന്റെ ഭാഗമായി നമ്മുടെ മുന്നിൽ വന്നു. ഈ കൃതിയുടെ രചയിതാവായ പുറത്തൂർ ശ്രീധരൻ അനേകം ഗ്രന്ഥങ്ങളുടെ കർത്താവും കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് കൺട്രോളർ തസ്തികയിൽനിന്ന് വിരമിച്ച വ്യക്തിയുമാണ്.

മറ്റു കൃതികളിൽനിന്നു വ്യത്യസ്തമായി 1921-നു മുമ്പുനടന്ന അനവധി മാപ്പിള ലഹളകളുടെ വിശദവിവരങ്ങൾ ഇതിൽ കാണാം. പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രം 32 വലിയ കലാപങ്ങൾ നടന്നു, അതിലെല്ലാം കൂടി 336 പേർ കൊല്ലപ്പെട്ടു. ഹിന്ദുക്കളെ വധിക്കലും മതം മാറ്റലുമൊക്കെ അപ്പോഴും നിർബാധം നടന്നിരുന്നു. ഇവയിൽത്തന്നെ 1841, 1843, 1849, 1873, 1884 എന്നീ വർഷങ്ങളിലെ ലഹളകൾ പ്രത്യേകിച്ചും രക്തരൂഷിതമായിരുന്നു. ഇതിൽ 14 കലാപങ്ങൾക്ക് കാർഷികപ്രശ്നങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മതാന്ധരായ പുരോഹിതർ എരിതീയിൽ എണ്ണയുമൊഴിച്ചിരുന്നു. അതിലൊരാളായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ ബ്രിട്ടീഷ് ഭരണകൂടം അറേബിയയിലേക്ക് നാടുകടത്തി. അതിനുപിന്നിൽ പ്രവർത്തിച്ച കനോലി എന്ന കളക്ടറെ തങ്ങളുടെ അനുയായികൾ ഔദ്യോഗികവസതിയിൽ വെച്ച് കൊലപ്പെടുത്തി. തുടരെയുണ്ടാകുന്ന കലാപങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് സ്ട്രേഞ്ച് റിപ്പോർട്ട് ചെയ്‌തത്‌ ജന്മിമാരുടെ ഉപദ്രവമല്ല, മാപ്പിളമാരുടെ മതഭ്രാന്താണ് കാരണമെന്നാണ്. മിതവാദികളായ മുസ്ലിം പണ്ഡിതരും ഇതിനെ പിന്താങ്ങി. അന്യജനത്തെ കൊലപ്പെടുത്തി താൻ കൊല്ലപ്പെടുന്നതിൽ മോക്ഷമുണ്ടെന്ന ഉണ്ടാക്കിത്തീർത്ത വിശ്വാസമാണ് മാപ്പിള ലഹളകൾക്ക് കാരണമായതെന്ന് സയ്യിദ് സനാ ഉല്ല മക്തി തങ്ങൾ സംശയലേശമെന്യേ പ്രഖ്യാപിച്ചു.

ഇടതു ചരിത്രകാരന്മാരുടെ മറ്റൊരു വാദം ഹിന്ദുക്കൾ ബ്രിട്ടീഷ് പോലീസിനെയും പട്ടാളത്തേയും സഹായിച്ചതിനാലാണ് മാപ്പിളമാർ അവർക്കെതിരെ തിരിഞ്ഞതെന്നാണ്. എന്നാൽപ്പോലും അവരെ കൊല്ലുകയോ കൊള്ളയടിക്കുകയോ ചെയ്യുകയല്ലാതെ ബലം പ്രയോഗിച്ച് മതം മാറ്റുന്നതെന്തിനാണ്? തങ്ങളുടെ മതത്തിലേക്ക് ചേർത്തുകൊണ്ടാണോ എതിരാളികളോട് പ്രതികാരം ചെയ്യുന്നത്? ഈ വാദത്തിന്റെ മുനയൊടിക്കുന്ന തെളിവുകൾ ഈ കൃതിയിൽ കാണാം. 1921 ആഗസ്റ്റ് 20-ന് ലഹളയാരംഭിച്ച് അഞ്ചു ദിവസം വരെ ഉൾനാടുകളിൽ പൊലീസോ പട്ടാളമോ ഉണ്ടായിരുന്നില്ല. എങ്കിലും പിറ്റേന്നുതന്നെ ഏറനാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഹിന്ദുക്കളുടെ വീടുകൾ കൊള്ള ചെയ്യാൻ തുടങ്ങി. മാത്രവുമല്ല, ഇസ്ളാമിലേക്ക് മതം മാറാൻ തയാറായവരുടെ ഭവനങ്ങൾ കൊള്ളയിൽനിന്ന് ഒഴിവാക്കപ്പെട്ടു (പേജ് 51). ഇസ്ളാമികരാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടു എന്നും അതോടെ മറ്റു സമുദായക്കാർ രണ്ടാം കിടക്കാരായി എന്നും നല്ലൊരു വിഭാഗം മാപ്പിളമാർ വിശ്വസിച്ചു. മഞ്ചേരിയിലെ ഒരു വക്കീലിന്റെ വീട്ടിൽ കന്നുകാലികളെ പരിപാലിച്ചിരുന്ന ഒരു മുസ്ലിം യുവാവ് വക്കീലിന്റെ ചാരുകസേരയിൽ കയറിയിരുന്ന് പരുഷസ്വരത്തിൽ പണം വെക്കാൻ അദ്ദേഹത്തോടാവശ്യപ്പെട്ടു (പേജ് 76). അരാജകത്വം നാട്ടിലെങ്ങും നടമാടി. ഹിന്ദുവെന്നും മുസൽമാനെന്നും രണ്ടുമതങ്ങൾ വേണ്ടെന്ന് ലഹളക്കാർ തീർച്ചപ്പെടുത്തി. മതം മാറാത്ത ഒരൊറ്റ ഹിന്ദുവിനേയും രാജ്യത്ത് വെച്ചേക്കില്ലെന്ന് കോന്നാറെ തങ്ങൾ പ്രതിജ്ഞ ചെയ്തു (പേജ് 102). നിരായുധരായ ഇരകളുടെ മേൽ ലഹളക്കാർ ക്രൂരവിനോദങ്ങളിൽ ഏർപ്പെട്ടു. പുഴവക്കത്തുകൊണ്ടുപോയി കഴുത്തറുക്കുന്നതിന് 'കുളിപ്പിക്കുക' എന്നാണ് നേരമ്പോക്കായി കലാപകാരികൾ പറഞ്ഞിരുന്നത് (പേജ് 101). മതം മാറിയവരിൽ അധികം പേരും താഴ്ന്ന ജാതിക്കാരായിരുന്നു (പേജ് 79). വാരിയംകുന്നത്ത് ഹാജിയും അക്രമങ്ങളിൽ മുൻപന്തിയിലായിരുന്നു. ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ തല മുറിച്ചെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു (പേജ് 82). അണികളെ അക്രമോൽസുകരാക്കുന്നതിന് നേതാക്കൾ എല്ലാ തന്ത്രങ്ങളും നിർലോഭം പയറ്റി. ജിഹാദികൾക്ക് വെടിയേൽക്കുകയില്ലെന്നും ഉണ്ട വെള്ളമായിപ്പോകുമെന്നുമാണ് ലഹളക്കാരെ വിശ്വസിപ്പിച്ചിരുന്നത് (പേജ് 96). എന്നാൽ അവസരം ഒത്തുകിട്ടിയപ്പോൾ എല്ലാ പ്രമുഖ നേതാക്കളും - ആലി മുസലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, സീതിക്കോയ തങ്ങൾ - നിരുപാധികം ആയുധം വെച്ച് ബ്രിട്ടീഷുകാർക്കുമുന്നിൽ കീഴടങ്ങിയെന്നത് ഒരു വിരോധാഭാസമാണ്. പക്ഷേ നേതാക്കൾ പ്രതീക്ഷിച്ച ആനുകൂല്യങ്ങളൊന്നും അവരിൽ നിന്ന് ലഭിച്ചതുമില്ല. വിചാരണക്കുശേഷം എല്ലാവരേയും തൂക്കുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്തു. ലഹളക്കിടയിലെ ഏറ്റവും ഭീകരമായ അക്രമം തുവ്വൂരിലേതായിരുന്നു. പോലീസിനെ സഹായിച്ചു എന്ന കുറ്റം ചുമത്തി പേരിനൊരു വിചാരണയും ഉടനടി വിധികല്പനയും കഴിച്ച് അവിടത്തെ കിണറിനടുത്തു കൊണ്ടുപോയി ഓരോരുത്തരെയായി വെട്ടിക്കൊന്ന് കിണറ്റിലിട്ടു. ഏതാനും ദിവസങ്ങൾക്കുശേഷവും കിണറ്റിൽനിന്ന് ഞരക്കങ്ങൾ കേട്ടിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. യാതൊരു ഉപചാരങ്ങളും കൂടാതെ ആ മൃതശരീരങ്ങൾ കിണറ്റിൽ കിടന്നു. മാസങ്ങൾക്കുശേഷം ആ കിണറ്റിൽ ചെന്നുനോക്കിയ തനിക്ക് ഇരുപതോളം തലകൾ എണ്ണാൻ കഴിഞ്ഞുവെന്ന് കോൺഗ്രസ് നേതാവായിരുന്ന മാധവൻ നായർ സാക്ഷ്യപ്പെടുത്തുന്നു.

മാപ്പിളകലാപത്തോട് ചേർത്തു പ്രചരിപ്പിക്കുന്ന മറ്റൊരു വാദമാണ് ഭൂവുടമകളായ സവർണ്ണ ജാതിക്കാർക്കുനേരെ മാത്രമായിരുന്നു കലാപകാരികളുടെ ആക്രമണങ്ങൾ എന്നത്. ശ്രീധരൻ ഇതിനെയും തകർക്കുന്നതിനുവേണ്ട ധാരാളം തെളിവുകൾ നൽകുന്നുണ്ട്. 1884-ൽ ഉണ്ടായ ഒരു കലാപം മതപരിവർത്തനം ചെയ്ത തീയ്യ സമുദായക്കാരനായ രാമൻ എന്നൊരാൾ സ്വമതത്തിലേക്ക് തിരിച്ചുപോയതിനെത്തുടർന്ന് ഉടലെടുത്തതാണ്. 1921-ൽ തേഞ്ഞിപ്പലത്തും തീയ്യ സമുദായക്കാർക്കുനേരെ തീവ്രമായ ആക്രമണങ്ങൾ നടന്നു. താനൂരിൽ ചാലിയർക്കുനേരെയും കൊടയ്ക്കലിൽ ക്രിസ്ത്യാനികൾക്കെതിരെപ്പോലും നടന്ന ഹീനമായ ആക്രമണങ്ങൾ ജാതിവ്യത്യാസമല്ല, മറിച്ച് മതവെറിയായിരുന്നു കലാപത്തിന്റെ യഥാർത്ഥ സ്രോതസ്സ് എന്നു വ്യക്തമാക്കുന്നു. ഒന്നിപ്പിച്ചു നിർത്താനുള്ള ഒരു സംഘടനാസംവിധാനത്തിന്റെ അഭാവമാണ് ഹിന്ദു സമുദായം നേരിട്ട കനത്ത നാശനഷ്ടങ്ങൾക്കു കാരണം. ജാതിസമ്പ്രദായവും തീണ്ടൽ മുതലായ അനാചാരങ്ങളും ഹിന്ദുക്കളെ തമ്മിൽത്തമ്മിൽ അകറ്റിയിരുന്നു. ആപത്തുകളിൽ അവരുടെയിടയിൽ ഏകോപനം സാധിച്ചിരുന്നില്ല. തുടക്കത്തിൽ നാട്ടിലുള്ള സകല ആയുധങ്ങളും ലഹളക്കാർ കയ്യടക്കിയിരുന്നതിനാൽ കൊള്ളയും കൊള്ളിവെപ്പും തുടങ്ങിയപ്പോൾ ഹിന്ദുക്കൾ നിരായുധരായിപ്പോയി. ഒരുമിച്ചു ചേരാനോ ഒത്തൊരുമിച്ചു പ്രവർത്തിക്കാനോ ഉള്ള അവസരം ഹിന്ദുക്കൾക്കുണ്ടായിരുന്നില്ല. എങ്കിലും ചിലയിടങ്ങളിൽ ശക്തമായി പ്രതിരോധിക്കാൻ വ്യക്തിപരമായി കായികമികവുള്ളവർക്ക് സാധിച്ചിരുന്നു.

1921-നു ശേഷം മലബാറിൽ പിന്നീടൊരിക്കലും കലാപങ്ങളുണ്ടായില്ല. ഇതിനുപിന്നിലെ കാരണങ്ങൾ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നില്ലെങ്കിലും സർക്കാരിന്റെ നിശിതമായ അടിച്ചമർത്തലായിരുന്നു അതിനുപിന്നിലെന്ന് നമുക്കു കാണാൻ കഴിയും. 1859-ലെ മാപ്പിള ആക്ട് ലഹളകളിൽ പങ്കെടുത്തവരെന്ന് സംശയിക്കപ്പെടുന്ന ആരേയും വിചാരണ കൂടാതെ നാടുകടത്താനും, ലഹളക്കാരുടെ സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടാനും, അരക്ഷിതപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മേൽ കൂട്ടപ്പിഴ ചുമത്താനും സർക്കാരിന് അധികാരം നൽകി. വെള്ളപ്പട്ടാളക്കാരെക്കൊണ്ട് കലാപകാരികളെ ഫലപ്രദമായി ഒതുക്കാൻ സാധിക്കുന്നില്ലെന്നു കണ്ടപ്പോൾ ഗൂർഖാ സൈനികരേയും ആസാമിലെ ഗോത്രവർഗ്ഗക്കാരായ ചിൻ-കചിൻ സൈനികരേയും രംഗത്തിറക്കി. അവർ ലഹളക്കാരെ ഈയാംപാറ്റകളെപ്പോലെ കൊന്നുതള്ളി. ഒരിക്കൽ മൂവായിരത്തോളം വരുന്ന അക്രമിസംഘം പാണ്ടിക്കാട് വെറും എൺപതുപേർ മാത്രമുള്ള ഒരു ഗൂർഖാ വിഭാഗത്തെ ചുമർ പൊളിച്ച് അകത്തുകടന്ന് തോക്കുപയോഗിക്കാനാവാത്ത വിധത്തിൽ നേരിട്ടു. ഗൂർഖാ കത്തിയായ ഖുക്രികൾ ഉപയോഗിച്ച് സൈനികർ 230 ലഹളക്കാരെ അരിഞ്ഞുവീഴ്ത്തിയപ്പോൾ നാലു ഗൂർഖകൾ മാത്രമാണ് അവരുടെയിടയിൽ കൊല്ലപ്പെട്ടത്.

ഈയടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും സത്യസന്ധമായ വിധത്തിൽ വസ്തുതകൾ വിവരിക്കുന്ന ഒരു കൃതിയാണിത്. എങ്കിലും സ്വന്തം നിഗമനങ്ങൾ വെളിപ്പെടുത്തുന്നതിൽ ഗ്രന്ഥകർത്താവ് അല്പം മടി കാണിക്കുന്നതായി നമുക്കുതോന്നും. 1921-നു മുൻപുള്ള കലാപങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വളരെയധികം കാലിക പ്രസക്തി കലാപത്തിന് നൂറ്റാണ്ടു തികയുന്ന ഈ വർഷത്തിൽ ഈ പുസ്തകത്തിന്  ഉണ്ട്. മാപ്പിള ലഹള ഏകപക്ഷീയമായ ഒരു വലിയ വർഗീയലഹള മാത്രമായിരുന്നുവെന്ന സത്യം അംഗീകരിക്കാതെ അന്തിമമായ സാമുദായിക അനുരഞ്ജനം സാധ്യമാവില്ല. അക്രമങ്ങളിൽ ഒട്ടനവധി മാപ്പിളമാർ അവരുടെ അയൽക്കാരായ ഹിന്ദുക്കളെ സഹായിച്ചിരുന്നു. പക്ഷേ ലഹളക്കാർ അവരെയും മതത്തിന്റെ ശത്രുക്കൾ എന്ന നിലയിലാണ് നേരിട്ടത്. മതം മനുഷ്യത്വവുമായി ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Malabar Kalapavum Khilafat Prasthaanavum' by Purathoor Sridharan
H&C Books, 2019
ISBN: 9789388952828
Pages: 124
 

Monday, March 22, 2021

മാമാങ്കം - ചാവേറുകളുടെ ചരിത്രം

സ്വന്തം നാടിനുവേണ്ടി, അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി, ശത്രുവിനോടേറ്റുമുട്ടി മരണം വരിക്കുന്നത് പരമമായ ധീരതയുടെ ദൃഷ്ടാന്തമായാണ് ലോകമെങ്ങും കരുതിവരുന്നത്. എന്നാൽ നൂറ്റാണ്ടുകളായി രക്തരൂഷിതമായ യുദ്ധങ്ങൾ അധികമൊന്നും നടന്നിട്ടില്ലാത്ത കൊച്ചുകേരളത്തിലും ഈ ക്ഷാത്രവീര്യം തെളിഞ്ഞുകത്തിയ നിരവധി അവസരങ്ങളുണ്ടായിരുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കേരളത്തിലെ നാടുവാഴികൾ ഒത്തുചേർന്നിരുന്ന മഹോത്സവമായിരുന്നു ഭാരതപ്പുഴയുടെ തീരമായ തിരുനാവായയിൽ കൊണ്ടാടിയിരുന്ന മാമാങ്കമഹോത്സവം. ചടങ്ങുകളുടെ രക്ഷാപുരുഷനായിരുന്ന വള്ളുവക്കോനാതിരിയെന്ന വള്ളുവനാട് രാജാവിന് ക്രമേണ രാജ്യാധികാരം കോഴിക്കോട് രാജാവായിരുന്ന സാമൂതിരിക്ക് അടിയറ വെക്കേണ്ടിവന്നു. അതോടെ മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനവും ആചാരപരമായി 'നിലപാട് നിൽക്കുന്നതിനുമുള്ള' അവകാശം സാമൂതിരിക്കായി. ഇത് വള്ളുവനാട്ട് രാജാവിന്റെ വിശ്വസ്തസേവകർക്ക് സഹിക്കാനായില്ല. ശക്തമായ സുരക്ഷാസൈന്യത്തിനു നടുവിൽ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയെ വധിച്ച് ആ പദവി തങ്ങളുടെ യജമാനനിൽ തിരിച്ചേൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച യോദ്ധാക്കളായിരുന്നു ചാവേറുകൾ. ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും പോരിനിറങ്ങിയ അവരെല്ലാവരും സാമൂതിരിയുടെ അംഗരക്ഷകരുടെ വാൾത്തലയ്ക്കൽ സ്വന്തം ജീവിതം ഹോമിച്ചു. ഈ നിസ്വാർത്ഥത്യാഗത്തിന്റെ സ്മരണകളും വീരഗാനങ്ങളും മാമാങ്കത്തെ വർണോജ്വലമാക്കി. ആ സംഭവപരമ്പരകളെയാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്. കോഴിക്കോട് സർവകലാശാലയിലെ ചരിത്രാദ്ധ്യാപകനായ വി. വി. ഹരിദാസ് നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ്.

ചാവേറുകളുടെ ജീവത്യാഗത്തിലുള്ള ഊന്നൽ നിമിത്തം ഉത്സവത്തിന്റെ മറ്റുവശങ്ങളും സാമൂതിരിക്കും മറ്റു നാടുവാഴികൾക്കും അതിലുള്ള പങ്കും സവിശേഷശ്രദ്ധയാകർഷിച്ചിട്ടില്ല. ഗോത്രപരമായ ശത്രുതയായിരുന്നു ചാവേറുകളെ നയിച്ചിരുന്നതെന്നും നമുക്കൂഹിക്കാം. സാമൂതിരിയെ ഒരിക്കൽ വധിക്കാൻ സാധിച്ചാൽപ്പോലും നിലപാട് നിൽക്കുന്നതിനുള്ള അവകാശം രാജ്യാധിപത്യം നഷ്ടപ്പെട്ട വള്ളുവക്കോന് എങ്ങനെ സ്വായത്തമാകാനാണ്? വിദേശ സഞ്ചാരികളുടെ വിവരണങ്ങളും ചാവേറുകളെക്കുറിച്ചുള്ള വീരഗാഥകളും സാമൂതിരിയുടെ കൊട്ടാരം രേഖയായ കോഴിക്കോടൻ ഗ്രന്ഥവരിയുമാണ് മാമാങ്കത്തെക്കുറിച്ച് അറിവുകൾ ലഭിക്കാൻ വിദഗ്ദ്ധർ ആശ്രയിക്കുന്ന പ്രമാണങ്ങൾ. ഈ ഗ്രന്ഥത്തിൽ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് കോഴിക്കോടൻ ഗ്രന്ഥവരിയാണ്. സഞ്ചാരികളുടെ വിവരണങ്ങളിൽ ചിലത് വളരെ അതിശയോക്തിപരമാണ്. പന്ത്രണ്ടു വർഷം കൂടുമ്പോൾ രാജാവിനെ ആചാരപരമായി വധിക്കുന്ന ചടങ്ങാണ് മാമാങ്കമെന്നാണ് അലക്സാണ്ടർ ഹാമിൽട്ടനെപ്പോലുള്ള യൂറോപ്യൻമാർ കേട്ടുകേൾവി മാത്രം ആധാരമാക്കി എഴുതിവെച്ചിരിക്കുന്നത്. ഒരു സാമൂതിരി രാജാവും ചാവേറുകളുടെ കയ്യാൽ വധിക്കപ്പെട്ടിട്ടില്ല. പ്രധാനമായും നാല് ചാവേർ തറവാടുകളാണ് വള്ളുവനാട്ടിൽ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ ആൺകുട്ടികൾ ജനിച്ചാൽ കുട്ടിയെ കൊണ്ടുപോയി ചാവേർത്തറമേൽ കിടത്തുന്നതുമുതൽ തുടങ്ങി അവനെ ജീവത്യാഗത്തിന് മാനസികമായി തയ്യാറെടുപ്പിക്കുന്നു. ചാവേർ ഗാഥകളായ കണ്ടർ മേനോൻ പാട്ടും ചെങ്ങഴി നമ്പ്യാർ പാട്ടും ഇതിൽ വിവരിക്കുന്നുണ്ട്. ഈ പാട്ടുകളുടെ പൂർണരൂപം അനുബന്ധമായും നൽകിയിരിക്കുന്നു.

മാമാങ്കം എന്നാണ് തുടങ്ങിയതെന്ന വിവരങ്ങൾ ഇന്നു ലഭ്യമല്ല. കോഴിക്കോടൻ ഗ്രന്ഥവരിയിലെ വിവരങ്ങൾ പോലും പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലേതു മാത്രമേയുള്ളൂ. 1755-ലാണ് അവസാനമായി മാമാങ്കം നടന്നത്. 1766-ൽ മൈസൂർ സുൽത്താൻ ഹൈദരാലിയുടെ ആക്രമണത്തെത്തുടർന്ന് 1767-ൽ നടക്കേണ്ടിയിരുന്ന ഉത്സവം നടന്നില്ല. സാമൂതിരി വംശത്തിന് അധികാരം നഷ്ടപ്പെട്ടതിനാൽ പിന്നീടൊരിക്കലും അതു നടന്നതുമില്ല. പന്ത്രണ്ടുവർഷത്തെ ഇടവേള പോലും ചിലപ്പോഴൊക്കെ പാലിക്കപ്പെട്ടിരുന്നില്ല എന്നതിനുദാഹരണം ഈ കൃതിയിലുണ്ട്. കൊച്ചി രാജാവുമായുണ്ടായ ഒരു സംഘർഷത്തെത്തുടർന്ന് ഒരു വർഷം നടക്കേണ്ടിയിരുന്ന മാമാങ്കം ഉപേക്ഷിക്കുകയും തൊട്ടടുത്ത വർഷം കൊണ്ടാടുകയും ചെയ്തുവത്രേ. മൂന്നര നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഉത്സവചടങ്ങുകളെയും അവയിലെ സാധാരണ ജനങ്ങളുടെ പങ്കാളിത്തത്തേയും കുറിച്ചുള്ള കൗതുകകരമായ അറിവുകളും നമുക്കിവിടെ ലഭിക്കുന്നു. ആക്രമണത്തിനിറങ്ങുന്നതിനു മുമ്പ് ചാവേറുകൾ ഉത്സവപ്രദർശനങ്ങൾ കാണുന്നതും വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന പഴം, അവിൽ, അലുവ, നൂലപ്പം എന്നീ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതും കേരളത്തിലെ ഉത്സവങ്ങളുടെ സാമൂഹ്യപരമായ തുടർച്ച നിലനിർത്തപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.

കേരളത്തിലെ ചരിത്രപഠനരംഗം ഇടതുപക്ഷ ചരിത്രകാരന്മാർ കയ്യടക്കിവെച്ചിരിക്കുന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഇതിലുണ്ട്. ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ച് നിരവധി ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന ചരിത്രസത്യത്തെ വെള്ളപൂശാൻ ഇക്കൂട്ടർ കയ്യിൽ കിട്ടുന്നതെന്തും എടുത്തുപയോഗിക്കും. പിൻവാതിലിലൂടെയും അല്ലാതെയും തന്ത്രപ്രധാനമായ ഉദ്യോഗങ്ങളിലെല്ലാം പാർട്ടിദാസന്മാരെ കുത്തിനിറക്കുന്നത് ചുമ്മാതല്ലല്ലോ. 1634-ലെ തൈപ്പൂയത്തോടനുബന്ധിച്ച് വള്ളുവക്കോനാതിരി തിരുനാവായ തേവരുടെ 'വിളക്കും ചിലവും' നശിപ്പിച്ചതായി ഗ്രന്ഥവരിയിൽ പരാമർശിക്കുന്നു. ഉത്സവത്തിന്റെ നടത്തിപ്പിനായുള്ള നിലങ്ങളിലെ കൃഷി നശിപ്പിച്ചതാണോ, വാച്യാർത്ഥത്തിൽത്തന്നെ ക്ഷേത്രത്തിലെ വിളക്ക് നശിപ്പിച്ചതാണോ എന്നൊന്നും വ്യക്തമല്ലെന്ന് ഗ്രന്ഥകാരൻ തന്നെ സമ്മതിക്കുന്നു. എങ്കിലും തുടർന്നദ്ദേഹം കെട്ടിയുയർത്തുന്ന സിദ്ധാന്തം പ്രത്യയശാസ്ത്രപരമായ അടിമത്തത്തെ സൂചിപ്പിക്കുന്നതാണ്. 'രാഷ്ട്രീയാധികാരഭിന്നത ആരാധനാലയത്തിനുമേലുള്ള അതിക്രമത്തിലേക്കു നയിച്ചതിന്റെ തെളിവാണിതെന്നും മദ്ധ്യകാല കേരളത്തിലെ നാടുവാഴികൾ ക്ഷേത്രസംരക്ഷകർ ആയിരിക്കുമ്പോൾത്തന്നെ എതിരാളിയുടെ ക്ഷേത്രധ്വംസനത്തിനും മടിച്ചിരുന്നില്ലെന്ന് ഇതു വ്യക്തമാക്കുന്നു'വെന്നുമാണ് ഹരിദാസിന്റെ അവകാശവാദം (പേജ് 79). ക്ഷേത്രധ്വംസനത്തിനുള്ള കുത്തകാവകാശം ടിപ്പു സുൽത്താന് ചാർത്തിക്കൊടുക്കുന്നത് ശരിയല്ലെന്നും ക്ഷേത്രധ്വംസനം മതപരമെന്നതിനേക്കാൾ രാഷ്ട്രീയമാണെന്നും അദ്ദേഹം വാദിക്കുന്നു. മതഭ്രാന്ത് മൂക്കുമ്പോൾ നടത്തുന്ന പരമതഹിംസയെപ്പോലും വെള്ളപൂശുന്ന, വാലാട്ടികളായ ചരിത്രപണ്ഡിതന്മാരാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ഇന്ത്യയിലെ മുതൽക്കൂട്ട്.

പ്രധാനമായും കോഴിക്കോടൻ ഗ്രന്ഥവരിയെ മാത്രം ആശ്രയിക്കുന്ന ഈ കൃതി ഒരു ഉത്തമമായ വായനാനുഭവം നൽകുന്നില്ല. പലപ്പോഴും ഒരു ഹാൻഡ്‌ബുക് പോലെയാണ് ഇതനുഭവപ്പെടുന്നത്. ഉറച്ച ഘടനയോ തുടർച്ചയുള്ള ആഖ്യാനശൈലിയോ ഇതിൽ കണികാണാൻ പോലും കിട്ടില്ല. ആവർത്തിക്കുന്ന വിവരണങ്ങളും ഇതിന്റെ വായനാക്ഷമതയ്ക്ക് കോട്ടമേൽപ്പിക്കുന്നു.

ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Mamankam - Chaverukalude Charithram' by V V Haridas
DC Books, 2019
ISBN: 9789353900724
Pages: 144