Friday, September 14, 2018

പൂണൂലും കൊന്തയും

വിമോചനസമരത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ ഈ ബ്ലോഗിൽത്തന്നെ പരിശോധിച്ചിട്ടുള്ളതാണ്. ശ്രീ. തോമസ് ഐസക്, ഏ. ജയശങ്കർ എന്നിവരുടെ കൃതികൾ അതിൽ പ്രഥമ പരിഗണന അർഹിക്കുന്നു. എങ്കിലും ഇന്ത്യൻ ജനായത്തവ്യവസ്ഥയുടെ മാറ്റ് ആദ്യമായി ഒന്നുരച്ചുനോക്കിയ സന്ദർഭം എന്ന നിലയിൽ ആ പ്രക്ഷോഭത്തിന്റെ എല്ലാ വശങ്ങളും ജനാധിപത്യവിശ്വാസികൾ വിലയിരുത്തേണ്ടതാണ്. ആറു പതിറ്റാണ്ടുകളുടെ ചാരം വകഞ്ഞുമാറ്റി എൻ. എം. പിയേഴ്‌സൺ ഒരു പുനർവിചാരണ നടത്തുകയാണീ പുസ്തകത്തിൽ ചെയ്യുന്നത്. ഗ്രന്ഥകാരന്റെ പേര് ആശയക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. പ്രമുഖ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന സ: എൻ. കെ. മാധവന്റെ മകനായ അദ്ദേഹം വടക്കൻ പറവൂരിലെ ലക്ഷ്മി കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ വർഗ്ഗീയശക്തികൾ അവരുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി ഉറഞ്ഞുതുള്ളിയ പ്രക്ഷോഭമാണ് വിമോചനസമരം എന്നറിയപ്പെടുന്നത്. ഒന്നാം ഇ.എം.എസ് സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസമേഖലയിലെ നവീകരണം എന്നിവക്കെതിരെ നായർ ഭൂസ്വാമിമാരും വിദ്യാഭ്യാസക്കച്ചവടത്തിന് നേതൃത്വം നൽകുന്ന ക്രിസ്തീയസഭയും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഭൂതകാല അധികാരശക്തി പുരോഗമനജനാധിപത്യ ശക്തിയുമായി ഏറ്റുമുട്ടിയ രംഗവേദിയാണ് വിമോചനസമരം എന്നാണ് ഗ്രന്ഥകർത്താവ് വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ വർഗ്ഗീയശക്തികൾ അവരുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി ഉറഞ്ഞുതുള്ളിയ പ്രക്ഷോഭമാണ് വിമോചനസമരം എന്നറിയപ്പെടുന്നത്. തിരു-കൊച്ചിയിൽ മാത്രം സമരം ഒതുങ്ങിനിന്നു. എന്തിനും തയാറായി ഗോദയിലിറക്കിയ 15 സമരഭടന്മാരാണ് പോലീസ് വെടിവെപ്പുകളിൽ ജീവൻ ഹോമിച്ചത്. അക്രമത്തിലൂടെ പൊതുസമാധാനം തടസപ്പെടുത്തി കേന്ദ്രസർക്കാരിനെ ഇടപെടീക്കുക എന്ന സമരനേതാക്കളുടെ പദ്ധതിക്ക് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിന്റെ പച്ചക്കൊടി കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് സർക്കാർ തൂത്തെറിയപ്പെട്ടു.

വിമോചനസമരം കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും സൃഷ്ടിച്ച ശാശ്വതമായ വഴിപിരിയലുകൾ പിയേഴ്‌സൺ വ്യക്തമായി തിരിച്ചറിയുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഒറ്റക്ക് ഭരണത്തിലിരുന്ന നാളുകൾ പിന്നീടൊരിക്കലും ഉണ്ടായില്ല. അധികാരത്തിനുവേണ്ടി മുസ്ലിം ലീഗ് പോലുള്ള വർഗീയശക്തികളുമായിപ്പോലും കൂട്ടുചേരാൻ മടിയില്ലാത്ത ഒരു കമ്യൂണിസ്റ്റ് പാർട്ടിയെയാണ് പിന്നീട് നാം കണ്ടത്. അതിനാൽത്തന്നെ പിന്തിരിപ്പൻ ശക്തികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേർക്ക് അന്നുണ്ടായിരുന്ന ഭയം നിശേഷം നീങ്ങിപ്പോവുകയും കോൺഗ്രസ്സിനെപ്പോലെ ആവശ്യം വന്നാൽ തങ്ങളുടെ ചട്ടുകമാവാൻ തയ്യാറുള്ളവരാണ് അവരും എന്ന നില വരികയും ചെയ്തു. വിദ്യാഭ്യാസമേഖലയെ ഈ സമരം പിന്നോട്ടടിച്ചു. എഴുപതുകൾക്കുശേഷം സ്വാശ്രയസ്ഥാപനങ്ങൾ ഉയരുന്നതുവരെ വളർന്നുവന്ന സമാന്തരവിദ്യാഭ്യാസമേഖലയാണ് വ്യത്യസ്തമായ വിദ്യാഭ്യാസസംസ്കാരം കേരളത്തിൽ ഉത്പാദിപ്പിച്ചത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. സാധാരണക്കാരുടെ ശാന്തിനികേതനങ്ങൾ എന്നാണവയെ വിശേഷിപ്പിക്കുന്നത്. അത്തരമൊരു സമാന്തരസ്ഥാപനത്തിലെ അദ്ധ്യാപകനാണ് ഗ്രന്ഥകർത്താവ് എന്ന വസ്തുത അൽപ്പം കൗതുകത്തോടെ നമുക്കോർമ്മിക്കാം.

നയങ്ങളിലും ഭരണത്തിലും മിതത്വം പുലർത്താനുള്ള ശ്രമം കമ്യൂണിസ്റ്റുകളുടെ ഭാഗത്തും ഉണ്ടായില്ല എന്ന് പുസ്തകം തെളിവുസഹിതം ഉദാഹരിക്കുന്നു. തർക്കങ്ങൾ പരിഹരിക്കാനായി പൊതുജനങ്ങളെ പാർട്ടി ഓഫീസിലേക്ക് കൽപ്പന നൽകി വരുത്തിയിരുന്നതിന്റെ രേഖകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വ്യവസായസ്ഥാപനങ്ങളിൽ കമ്യൂണിസ്റ്റ് തൊഴിലാളി യൂണിയനുകളെ വളർത്താനുള്ള നിന്ദ്യമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. അതിനെ നേരിടാൻ മറ്റു യൂണിയനുകൾ ന്യായീകരിക്കാനാവാത്ത ഡിമാന്റുകൾ മുന്നോട്ടുവെച്ചു. ഇത് കേരളത്തിലെ തൊഴിൽരംഗത്തിന്റെ താളം തെറ്റിച്ചു. ഒത്തുതീർപ്പുകൾക്ക് ഇ.എം.എസ് തയ്യാറല്ലായിരുന്നുവെന്നതും എതിരാളികളെ അടിച്ചമർത്തുന്ന രീതിയും എരിതീയിൽ എണ്ണ പകർന്നു. അമേരിക്കൻ ചാരസംഘടന പോലും പ്രക്ഷോഭകാരികൾക്ക് സാമ്പത്തികസഹായം നൽകിയിരുന്നു എന്ന് അനുമാനിക്കാവുന്ന വിധത്തിൽ അന്താരാഷ്ട്രശ്രദ്ധ കേരളത്തിലേക്കാകർഷിക്കാൻ വിമോചനസമരം ഇടയാക്കി.

പൊതുവെ ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന ഒരു സമീപനമാണ് പിയേഴ്‌സൺ സ്വീകരിച്ചിരിക്കുന്നത്. സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയ വോട്ട് കൂടിയത് ജനപിന്തുണയായാണ് അദ്ദേഹം വിലയിരുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവർ തോറ്റമ്പുകയും ചെയ്തു. മുൻ മുഖ്യമന്ത്രി നായനാർ പണ്ടൊരിക്കൽ യു.ഡി.എഫിന്റെ ജയം സാങ്കേതികം മാത്രമാണെന്ന് വിലയിരുത്തിയതാണ് ഇവിടെ ഓർമ്മവരുന്നത്. പുസ്തകത്തിന്റെ ആദ്യ നാലിലൊന്നോളം ഭാഗം ഗ്രന്ഥകർത്താവിന്റെ സ്വതന്ത്രചിന്തകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏതോ ചലച്ചിത്രത്തിൽ മഞ്ജു വാര്യർ കീടനാശിനി തളിച്ച പച്ചക്കറികൾക്കെതിരെ പോരാടുന്നതുകണ്ട് പിയേഴ്‌സൺ രോമാഞ്ചകഞ്ചുകിതനാവുന്ന പരിഹാസ്യമായ കാഴ്ചയും നമുക്കിതിൽ കാണാം. എങ്കിലും വിമോചനസമരത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹം വസ്തുനിഷ്ഠമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ആദ്യ കമ്യൂണിസ്റ്റ് ഭരണകൂടം അഴിമതിയുടെ കാര്യത്തിൽ ആർക്കും പിന്നിലായിരുന്നില്ലെന്ന് തെളിയിച്ച ആന്ധ്ര അരി കുംഭകോണത്തെക്കുറിച്ച് എന്തുകൊണ്ടോ ലേഖകൻ പരാമർശിക്കുന്നതേയില്ല.

'പൂണൂലും കൊന്തയും' എന്ന ഈ പുസ്തകത്തിന്റെ ശീർഷകം വയലാർ രാമവർമ്മയുടെ 'കൊന്തയും പൂണൂലും' എന്ന കവിതയുടെ ആത്മാവിൽനിന്നുള്ള ഊർജത്താൽ ഉയിർക്കൊണ്ടതാണ്. പുതുയുഗത്തിന്റെ ചേതനയെ തടഞ്ഞുനിർത്തുന്ന യാഥാസ്ഥിതികത്വത്തിന്റെ മുന്നണിപ്പോരാളികളായ പുരോഹിതവർഗ്ഗത്തെയാണ് ആ കാവ്യത്തിൽ വയലാർ ചുരുട്ടിക്കെട്ടുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ വിമോചനസമരവും അത്തരം എതിരാളികൾ തമ്മിലാണ് പൊരുതിയൊടുങ്ങിയത്. സമരവിജയം നേടിയ പിന്തിരിപ്പന്മാരുടെ വിജയാഹ്ലാദം കാണുമ്പോൾ ഗ്രന്ഥകാരന്റെ മനസ്സിൽ വയലാറിന്റെ ഈ വരികൾ രോഷത്തോടെ ജ്വലിച്ചുയരുന്നുണ്ടാകാം.

"വഴിവക്കിൽവീണ മതത്തിന്റെ കയ്യിലെ
വഴുകയും താരുമെടുത്തുകൊണ്ടേ,
മനുജസംസ്കാരത്തെക്കുറ്റിയിൽ കെട്ടുവാൻ
വരികയുണ്ടായീ പുരോഹിതന്മാർ!
അവരുടെ പിന്നിലിരുട്ടിന്റെ കോട്ടകൾ,
അരമനക്കെട്ടുകൾ പൊന്തിവന്നു
മരവിച്ചുചത്ത യുഗങ്ങൾ തൻ പ്രേതങ്ങൾ
മരണനൃത്തങ്ങൾ നടത്തിവന്നു
അവയുടെ ചുറ്റിലും ദൈവചൈതന്യങ്ങൾ
അവതരിപ്പിച്ച പുരോഹിതന്മാർ,
വളരുന്ന കാലത്തിൻ നിർമാണശക്തിതൻ
മുളകളെ നുള്ളുകയായിരുന്നു" (കൊന്തയും പൂണൂലും)

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Poonoolum Konthayum' by N M Pearson
ISBN 9789386560933

Friday, September 7, 2018

2018-ലെ പ്രളയസ്മരണകൾ

ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് കേരളത്തിനുണ്ടായിട്ടുള്ള നേട്ടം കാലാവസ്ഥയിലെ മിതത്വമാണ്. താപനിലയിലും വർഷപാതത്തിലും കാറ്റിന്റെ വേഗതയിലുമെല്ലാം ഒരു മദ്ധ്യനില. മലയാളിയുടെ സംസാരഭാഷയിൽ 'കുഴപ്പമില്ല' എന്നു പറയാവുന്ന അവസ്ഥ. ഒരു വസ്തുവും 'കൊള്ളാമെന്ന്' നമ്മൾ പറയാറില്ലല്ലോ. അതിനാൽത്തന്നെ 99-ലെ വെള്ളപ്പൊക്കവും 16-ലെ കൊടുങ്കാറ്റും കേരളത്തിന് ഒരു മുന്നറിയിപ്പെന്നതിനേക്കാൾ കൗതുകകരമായ ഒരു വസ്തുത മാത്രമായിരുന്നു - കഴിഞ്ഞ മാസം വരെ.

2018-ൽ കാലവർഷം സാധാരണയിലും വളരെ കൂടുതലായി പെയ്തു. ആഗസ്റ്റ് രണ്ടാം വാരമായപ്പോഴേക്കും അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ആഗസ്റ്റ് 9-ന് രാവിലെ അഞ്ചുമണിക്ക് ഇടമലയാറിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ സെക്കൻഡിൽ 600 ഘനമീറ്റർ എന്ന തോതിൽ ജലം ഒഴുകി രണ്ടുമണിക്കൂറിനുള്ളിൽ ആലുവയിലെ ജലനിരപ്പ് ഉയർന്നു - ഒപ്പം തന്നെ പ്രളയത്തിന്റെ തിരശീലയും. ആഗസ്റ്റ് 13-ന് ഒഡീഷയുടെ വടക്കൻ തീരത്ത് ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു. പതിനഞ്ചാം തീയതി ആയപ്പോഴേക്കും അത് തീവ്രന്യൂനമർദ്ദം (depression) എന്ന ഘട്ടത്തിലേക്ക് കടക്കുകയും കേരളത്തിൽ വ്യാപകമായ കനത്ത മഴ പെയ്യാൻ ആരംഭിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളെല്ലാം മഴയിൽ കുതിർന്നു. ഉച്ച വരെ മഴ നിർത്താതെ തകർത്തുപെയ്തു. അന്നുതന്നെ ഇടുക്കി, ഇടമലയാർ അണകളിൽനിന്ന് സെക്കൻഡിൽ 2400 ഘനമീറ്റർ എന്ന തോതിൽ ജലം തുറന്നുവിടാനും തുടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറിയതിനാൽ പ്രവർത്തനം നാലുദിവസത്തേക്ക് നിർത്തിവെച്ചു. വൈകുന്നേരമായപ്പോഴേക്കും ആലുവാപ്പുഴയിലെ വെള്ളം വീണ്ടും ഉയർന്ന് തീരങ്ങളിലെ വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുവാൻ ഇടയാക്കി.

ആഗസ്റ്റ് 16, വ്യാഴാഴ്ച്ച

വീടിനുപുറകിലെ ജലനിരപ്പ്
എന്നാൽ ആഗസ്റ്റ് 16-ന് അതിരാവിലെതന്നെ പെരിയാർ ഏതാണ്ട് നാലുകിലോമീറ്റർ അകലേക്കുവരെ കരകവിഞ്ഞൊഴുകാൻ തുടങ്ങി. രാവിലെ അഞ്ചരക്ക് ഞാൻ ഉറക്കമുണരുന്നതുതന്നെ അരകിലോമീറ്റർ അകലെയുള്ള സഹോദരീഭവനത്തിന്റെ വളപ്പിലേക്ക് വെള്ളം കയറിത്തുടങ്ങി എന്ന വാർത്തയുമായാണ്. അവിടേക്കുള്ള വഴിയിൽ മുട്ടിനുമുകളിൽ വരെ വെള്ളം ഉയർന്നിരുന്നു, ഒപ്പം ശക്തമായ ഒഴുക്കും. അത്യാവശ്യം ചില വൈദ്യുതഉപകരണങ്ങൾ അഴിച്ച് ഉയർന്ന പ്രതലത്തിലേക്ക് മാറ്റി വീടുപൂട്ടിയിറങ്ങിയപ്പോഴേക്കും വെള്ളം വീടിന്റെ ചവിട്ടുപടിയിൽ എത്തിയിരുന്നു. എന്തുകൊണ്ടോ, അത് വീണ്ടും ഉയർന്നേക്കുമെന്നും വീട്ടിനുള്ളിൽ കടക്കുമെന്നും ആ സമയം ഞങ്ങൾക്ക് തോന്നിയതേയില്ല. അന്നേ ദിവസം ജോലിക്കുപോകാൻ കഴിയാത്ത വിധത്തിൽ റോഡിലും ജലനിരപ്പ് ഉയർന്നുനിന്നു.

ഗേറ്റിലേക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുന്ന പ്രളയജലം
രാവിലെ പത്തുമണിയോടെ സ്ഥിതി വീണ്ടും വഷളാകാൻ തുടങ്ങി. സഹോദരിയും കുടുംബവും എന്റെ വീട്ടിൽ എത്തിയിരുന്നെങ്കിലും അതിന്റെ പിറകിലെ താഴ്ന്ന പ്രദേശങ്ങൾ നോക്കിനിൽക്കേ വെള്ളത്തിലാകാൻ തുടങ്ങി. ജലം ഇഞ്ചിഞ്ചായി അടുത്തെത്തുന്ന അവസ്ഥ ഭീതിദമാണ്. ഇപ്പോഴത്തെ നിരപ്പ് ഒരു കുറ്റിയടിച്ച് രേഖപ്പെടുത്തിയാൽ പതിനഞ്ചു മിനിറ്റിനുശേഷം അത് വീണ്ടും ഒരടികൂടി മുന്നോട്ടു കയറിയിട്ടുണ്ടാകും. അപ്പോഴേക്കും ഗേറ്റിന്റെ പത്തുമീറ്റർ അകലെ വരെ ജലനിരപ്പ് എത്തിയിരുന്നു. വീടുവിട്ട് എങ്ങോട്ടേങ്കിലും മാറേണ്ടിവരുമെന്ന കാര്യം ഉറപ്പായതോടെ ഏതെങ്കിലും ഹോട്ടലിൽ മുറി കിട്ടുമോ എന്നു തിരക്കാമെന്നു കരുതി.

എന്നാൽ അങ്കമാലിയിൽ ഒരിടത്തും മൂന്നുമുറികൾ (ഞങ്ങൾ അപ്പോഴേക്കും ഒൻപതുപേർ ആയിക്കഴിഞ്ഞിരുന്നു) ഒത്തുകിട്ടിയില്ല. എയർപോർട്ടിന് സമീപത്തുള്ള ചില ഹോട്ടലുകളിൽ വൈദ്യുതി രാവിലെ മുതൽ ഇല്ലാതിരുന്നതിനാൽ മുറികൾ നൽകുന്നുമുണ്ടായിരുന്നില്ല. ഒടുക്കം ഒരിടത്ത് സൗകര്യമുള്ള ഒരു വലിയമുറി നാലാം നിലയിൽ ഒത്തുകിട്ടി. ഉടൻതന്നെ വീട്ടിലേക്കുപോയി എല്ലാവരെയും കൂട്ടിവന്നു. വീടുപേക്ഷിച്ച് അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് വാതിൽ പൂട്ടിയിറങ്ങുമ്പോഴുള്ള വൈകാരിക അവസ്ഥ അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഹോട്ടലിൽ ചെക്കിൻ ചെയ്തു. ഇനി രക്ഷയായെന്ന തോന്നൽ എല്ലാവരിലുമുണ്ടായി.  അൽപ്പം മയങ്ങിയും പുസ്തകം വായിച്ചും സമയം തള്ളിനീക്കി.

ഏതാണ്ട് നാലുമണിയോടെ ജനലിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച്ച മരവിപ്പിക്കുന്നതായിരുന്നു. ഹോട്ടലിനുമുന്നിലെ റോഡിൽ വെള്ളം നിറയുന്നു, സമീപത്തുള്ള കടകൾ അടച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും അവിടെ പിടിച്ചുനിൽക്കാം എന്നതായിരുന്നു പ്രതീക്ഷ. പിറ്റേ ദിവസം ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുണ്ടായേക്കുമെന്നതിനാൽ ബ്രഡോ മറ്റോ വാങ്ങാമെന്നുകരുതി അടച്ചുകൊണ്ടിരിക്കുന്ന ഒരു ബേക്കറിയിൽ ചെന്നുകയറി. അതെല്ലാം അവിടെ മുൻപേതന്നെ തീർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തരമൊരവസ്ഥ ഏതാനും ദിവസങ്ങൾ നീണ്ടുനിന്നാൽ എന്തുചെയ്യുമെന്ന ചിന്ത ഒരുൾക്കിടിലത്തോടെ മനസ്സിലേക്ക് കടന്നുവന്നു. പതിമൂന്നു കിലോമീറ്റർ അകലെ കൊരട്ടിക്കടുത്തുള്ള ഭാര്യാസദനം മാത്രമേ ഇനി എത്തിപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയൂ, കാരണം ആലുവ വഴിയുള്ള പാതകളിലെല്ലാം വെള്ളം കയറിക്കിടക്കുകയാണ്.

ഹോട്ടലിനു മുന്നിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞുകഴിഞ്ഞു, പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ടയറിന്റെ പകുതിയും വെള്ളത്തിലാവുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ഇവിടെ പെട്ടുപോയോ എന്ന ആശങ്ക ശക്തമായി. അപ്പോഴാണ് ഒരു നൂറുമീറ്റർ പുറകോട്ടുമാറി അങ്കമാലിയിലേക്ക് ഒരു ചെറിയ റോഡ് ഉള്ള കാര്യം ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരോട് അന്വേഷിച്ചപ്പോൾ ആ റോഡിൽ ഇതുവരെ വെള്ളം കയറിയിട്ടില്ലെന്നും അറിഞ്ഞു. ഒട്ടും സമയം കളയാതെ അതുവഴി നേരെ അങ്കമാലിയിലെത്തി. അവിടെ ഹൈവേയിൽ കോതകുളങ്ങര ഭാഗത്ത് റോഡിൽ രണ്ടടിയോളം വെള്ളം പൊങ്ങിനിൽക്കുന്നുണ്ട്. നിർത്താതെ പോകാമെങ്കിൽ വണ്ടി മുന്നോട്ടെടുക്കാമെന്ന അവസ്ഥ. വെള്ളത്തെ വകഞ്ഞുമാറ്റി കാർ മുന്നോട്ടുനീങ്ങി. വഴിയിൽ നിൽക്കുന്നവരുടെ ആകാംക്ഷാഭരിതമായ മുഖഭാവം എത്ര വലിയ റിസ്കാണ് ഞങ്ങൾ എടുക്കുന്നതെന്ന് കാട്ടിത്തന്നു. അപ്പുറത്ത് എത്തിയപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കുക വയ്യ. ഉടനെ അടുത്തുള്ള ഒരു റസ്റ്റോറന്റിൽ കയറി ചായ കുടിച്ചു. ഭക്ഷണത്തെപ്പറ്റി മണിക്കൂറുകളായി മറന്നിരിക്കുകയായിരുന്നല്ലോ. പിന്നീട് നേരെ കൊരട്ടിയിലേക്ക് വെച്ചുപിടിച്ചു. അതിനപ്പുറം മുരിങ്ങൂരിൽ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി റോഡ് തടസ്സപ്പെട്ടുകിടക്കുകയാണ്. ഇരുളിന് കനം വെച്ചുതുടങ്ങിയപ്പോഴേക്കും ഭാര്യാഗൃഹത്തിലെത്തി. രാത്രി മുഴുവനും ഇടവിട്ട് കനത്ത മഴ പെയ്തുകൊണ്ടിരുന്നു. ഉപേക്ഷിച്ചുപോന്ന വീടിന്റെ അവസ്ഥ എല്ലാവരുടേയും ഉറക്കം കെടുത്തിയിരുന്നു. ഇപ്പോൾ വീട്ടിനകത്ത് വെള്ളം കയറിയിട്ടുണ്ടായിരിക്കുമോ എന്ന ചിന്ത ആ തണുപ്പിലും ഞങ്ങളെ പൊള്ളിച്ചുകൊണ്ടിരുന്നു.

ആഗസ്റ്റ് 17, വെള്ളിയാഴ്ച്ച

ഒൻപതുപേരടങ്ങിയ ഞങ്ങളുടെ സംഘത്തെ ഉൾക്കൊള്ളാനുള്ള വലിപ്പം ആ കൊച്ചുഭവനത്തിനുണ്ടായിരുന്നില്ല. മാത്രവുമല്ല, നേരം വെളുത്തപ്പോഴേക്കും ആ വീട്ടിലേക്കുള്ള വഴിയുടെ ഒരു ഭാഗത്തും വെള്ളം കയറിയിരുന്നു. എത്ര പെട്ടെന്നാണ് വെള്ളം പേടിപ്പെടുത്തുന്ന ഒരു വസ്തുവായി മാറിയത്! അപ്പോഴാണ് അവിടെയടുത്തുള്ള ഒരു ക്ലബ്ബിന്റെ കെട്ടിടത്തിൽ ഏതാനും മുറികൾ ഉള്ള വസ്തുത ശ്രദ്ധയിൽ വന്നത്.ഒരു സ്‌കൂട്ടറിൽ അങ്ങോട്ടേക്ക്‌പാഞ്ഞു. വഴിയിൽവെച്ചുതന്നെ ക്ലബ്ബിന്റെ ഒരു ഭാരവാഹി എതിരെ വരുന്നതുകണ്ടു. 'മുറി ഒഴിവുണ്ടോ' എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം 'ഇല്ല, എല്ലാ മുറികളിലും മെമ്പർമാർ തന്നെ താമസിക്കുകയാണ്' എന്നായിരുന്നു. എന്നാൽ നിരാശ ഞങ്ങളിലേക്ക് പടർന്നുകയറുന്നതിനുമുമ്പുതന്നെ ക്ലബ്ബിന്റെ ചെറിയ കോൺഫറൻസ് ഹാൾ വേണമെങ്കിൽ തരാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കട്ടിലുകളൊന്നും അവിടെ കാണില്ല, അതിനുപകരം കുറച്ചു കിടക്കകൾ നൽകാം എന്നൊരുറപ്പും കിട്ടി. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് അത് തിരഞ്ഞെടുത്തു. ഉടനെത്തന്നെ എല്ലാവരേയും ഹാളിലേക്ക് മാറ്റി.

ടൈൽസ് വിരിച്ച വൃത്തിയുള്ള മുറി. ക്ലബ്ബിൽ ജനറേറ്റർ ഉള്ളതുകൊണ്ട് വൈദ്യുതി ഉണ്ട്. പക്ഷേ ഡീസൽ കുറവായതുമൂലം രാത്രി മാത്രമേ ഓൺ ചെയ്യൂ. ഏറ്റവും പ്രധാനപ്പെട്ട ചില പ്ലഗ് പോയിന്റുകളിൽ ഇൻവെർട്ടറിൽ നിന്ന് വൈദ്യുതി നൽകും. ഭാഗ്യവശാൽ അതിലൊരെണ്ണം ഞങ്ങളുടെ ഹാളിൽ ഉണ്ടായിരുന്നതുകൊണ്ട് മൊബൈൽ ചാർജിങ് കുഴപ്പമില്ലാതെ നടന്നു. ക്ലബ്ബിന്റെ നടത്തിപ്പുകാരെല്ലാം ബിസിനസ്സുകാരായിരുന്നതുകൊണ്ട് അരിയും മറ്റു ഭക്ഷണസാധനങ്ങളും അവർ എങ്ങനെയോ എത്തിച്ചുകൊണ്ടിരുന്നു. അവിടെ കഴിഞ്ഞുകൂടിയ രണ്ടു ദിവസങ്ങളിലും ചിക്കൻ 65 പോലും കിട്ടിയിരുന്നു എന്ന് അൽപ്പം കുറ്റബോധത്തോടെ തന്നെ ഓർക്കുന്നു. സാമ്പാർ ഉണ്ടാക്കാൻ പച്ചക്കറികൾ കിട്ടാനില്ലാതിരുന്നതുകൊണ്ടാണ് ചിക്കനിൽ അഭയം തേടേണ്ടിവന്നത് എന്നൊരു വസ്തുത ഞങ്ങളുടെ പാപഭാരം ലഘൂകരിച്ചു.

അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയിലെ വെള്ളക്കെട്ട്
വൈകുന്നേരമായപ്പോഴേക്കും വീട്ടിലെ അവസ്ഥ ഒന്നു കണ്ടുവരാമെന്നു തീരുമാനിച്ചു. പക്ഷേ അങ്കമാലിയിലെ കോതകുളങ്ങരയിൽ നെഞ്ചോളം ഉയരത്തിൽ വെള്ളം റോഡിൽ കയറിക്കിടക്കുകയാണ്. അത്യാവശ്യക്കാരെ ആശുപത്രിയിലെത്തിക്കാൻ ഒരു വഞ്ചിയും അവിടെ പ്രവർത്തനനിരതമാണ്. ഏതാനും ലോറികൾ പച്ചക്കറികളും കയറ്റി വന്നിട്ടുണ്ട്. അതിലെ ഡ്രൈവർമാർ രണ്ടും കൽപ്പിച്ച് വണ്ടി മുന്നോട്ടെടുക്കുന്നു. അവരുടെ മുഖങ്ങളിലെ വലിഞ്ഞുമുറുകിയ പേശികൾ ആ ജോലിയിലെ സമ്മർദം വിളിച്ചറിയിച്ചു. ഞങ്ങളുടെ കാർ ആ വെള്ളം കടക്കുമായിരുന്നില്ല. അതിനാൽ തിരികെ ക്ലബ്ബിലേക്കുതന്നെ പോന്നു.

എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ഒന്നും ചെയ്യാനില്ലാതെ ആനന്ദമില്ലാത്ത ഒരു കുട്ടിക്കാലത്തേക്ക് തിരിച്ചുപോകുന്ന ഒരു പ്രതീതിയാണ് ഈ ക്യാമ്പ് വാസം ഉണ്ടാക്കിയത്. രണ്ടുദിവസം മുൻപുവരെ വളരെ ബുദ്ധിമുട്ടി ജോലിസ്ഥലത്തേക്ക് നടത്തിയിരുന്ന അറുപതു കിലോമീറ്റർ യാത്രകൾ പോലും അപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന സ്മരണയായി. "There is no greater sorrow than to recall happiness in times of misery" എന്നല്ലേ ഇറ്റാലിയൻ ഇതിഹാസകവി ഡാന്റെ പാടിയിരിക്കുന്നത്!
There is no greater sorrow than to recall happiness in times of misery
Read more at: https://www.brainyquote.com/quotes/dante_alighieri_381202

ആഗസ്റ്റ് 18, ശനിയാഴ്ച്ച

മൂന്നുദിവസത്തെ അഭയകേന്ദ്രം
നേരം വെളുത്തത് നേരിയ ചൂടുള്ള വെയിലുമായാണ്. മഴ കുറയുകയാണെന്നുള്ള റിപ്പോർട്ടുകളെ നിസ്സാരവൽക്കരിക്കുന്ന മട്ടിൽ ഇടക്കൊക്കെ കനത്ത മഴയും പെയ്തു. ഹെലികോപ്റ്ററുകൾ ആകാശത്ത് ചുറ്റിപ്പറന്നുകൊണ്ടിരുന്നു. രാവിലെ തന്നെ ചാലക്കുടി പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു എന്ന വാർത്ത പരക്കെ ആശ്വാസം നൽകി. അങ്കമാലിയിലേയും വെള്ളക്കെട്ട് വളരെ കുറഞ്ഞുവെന്നും പറഞ്ഞുകേട്ടു. ഫോൺ ചെയ്തുചോദിച്ചപ്പോൾ നാട്ടിലും വെള്ളം വളരെ താഴ്ന്നു എന്ന ആശാവഹമായ മറുപടിയാണ് ലഭിച്ചത്. ക്ലബ്ബിൽ തന്നെ താമസമുണ്ടായിരുന്ന ഏതാനും നാട്ടുകാർ രാവിലെതന്നെ വീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ ഒരു ദിവസം കൂടി നോക്കിയിട്ടാകാം വീട്ടിലേക്ക് മടങ്ങിച്ചെല്ലുന്നത് എന്ന് ഞങ്ങൾ തീരുമാനിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം രണ്ടുദിവസമായി വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നല്ലോ.

ഉച്ച കഴിഞ്ഞതോടെ തൊട്ട് വടക്കുവശത്തുള്ള അയൽക്കാർ വീട്ടിൽ തിരിച്ചെത്തി എന്ന വിവരം ലഭിച്ചു. വൈകുന്നേരത്തോടെ അവിടെ വൈദ്യുതിയും പുനഃസ്ഥാപിക്കപ്പെട്ടു. അതോടെ അപ്പോൾത്തന്നെ മടങ്ങിപ്പോയാലോ എന്ന തോന്നൽ ശക്തമായി. എന്തായാലും പിറ്റേന്നു രാവിലെതന്നെ മടങ്ങാൻ തീരുമാനമായി.

ആഗസ്റ്റ് 19, ഞായറാഴ്ച്ച

രാവിലെ ഏഴുമണിക്കുതന്നെ ക്ലബ്ബിൽ നിന്ന് മടങ്ങി. തലേന്നു വൈകിട്ടുതന്നെ ഒരു കുടുംബമൊഴികെ മറ്റെല്ലാവരും സ്ഥലം വിട്ടിരുന്നു. വഴിയരികിൽ ഒരിടത്ത് ചായകുടിക്കാൻ നിർത്തി. കഴിഞ്ഞ മൂന്നുദിവസമായി പാലില്ലാത്ത ചായയാണ് കുടിച്ചുകൊണ്ടിരുന്നത്. എന്നാൽ ഹോട്ടലിലെ സ്ഥിതിയും അതുതന്നെയായിരുന്നു. പാൽ എങ്ങും കിട്ടാനില്ലാത്ത അവസ്ഥ.

തിരികെയെത്തിയ ഉടൻ തന്നെ വീടിന്റെ അവസ്ഥ പരിശോധിച്ചു. ഭാഗ്യമെന്നുതന്നെ പറയട്ടെ, ആദ്യത്തെ ചവിട്ടുപടിയുടെ പകുതിവരെ മാത്രമേ വെള്ളം കയറിയിരുന്നുള്ളൂ. പോർട്ടിക്കോയിൽ വെച്ചിരുന്ന ബൈക്ക് സുരക്ഷിതമായി ഇരിക്കുന്നു. ഊരിയിട്ടിരുന്ന ചെരുപ്പുകളെല്ലാം ഒഴുകി പറമ്പിന്റെ ഒരു മൂലയിൽ കിടക്കുന്നുണ്ടായിരുന്നു, എന്നാൽ ആദ്യത്തെ പടിയിൽ ഇട്ടിരുന്ന ചവിട്ടി നനഞ്ഞിട്ടുമില്ല. പക്ഷേ ചുറ്റുപാടും വെള്ളം നിറഞ്ഞതുകൊണ്ടാണോ എന്തോ അകത്തെ വാതിലുകളുടെ മരപ്പലകകളിൽ പലയിടത്തും ചിതൽ പിടിച്ചുതുടങ്ങിയിരുന്നു. വേണ്ട ഭക്ഷണവും ഒരുക്കിക്കൊടുത്ത് ഞങ്ങൾ ടെറസ്സിൽ വിട്ടിട്ടുപോയിരുന്ന പ്രസവമടുത്തിരുന്ന കറുത്ത പൂച്ച അല്പം പരിഭവത്തോടെ ഞങ്ങളെ എതിരേറ്റു. വെള്ളം ഒരിക്കലും അകത്തുകയറില്ലെന്ന യുക്തിരഹിതമായ തോന്നൽ മൂലം പ്രധാനപ്പെട്ട വസ്തുക്കളൊന്നുംതന്നെ ഉയർന്ന പ്രതലത്തിലേക്ക് മാറ്റിയിരുന്നില്ല. അവയെല്ലാം നഷ്ടം കൂടാതെ തിരിച്ചുകിട്ടിയത് വെറും ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. ഒരു ദിവസം കൂടി മഴ ശക്തിയായി തുടർന്നിരുന്നെങ്കിൽ അകത്തേക്കും വെള്ളം കയറി അവയെല്ലാം നശിച്ചുപോകുമായിരുന്നു. ഒരിക്കലും മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന ശക്തമായ താക്കീതായി അത്. വൈദ്യുതി ഉണ്ടായിരുന്നതുകൊണ്ട് ജീവിതം അതിവേഗത്തിൽ പൂർവസ്ഥിതിയിലായി.

ജലത്തിന്റെ കുത്തൊഴുക്കിൽ തകർന്ന മതിലുകൾ
എന്നാൽ സഹോദരീഭവനത്തിൽ വളരെ നാശനഷ്ടങ്ങൾ നേരിട്ടു. മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ മൂന്നുവശത്തും മതിലുകൾ തകർന്നുവീണു. വീടിനകത്തും ഏകദേശം നാലടി ഉയരത്തിൽ വെള്ളം കയറിയതിനാൽ ശുചീകരണം ഒരു ഭഗീരഥപ്രയത്നമായി. നട്ടുച്ചനേരത്തും പ്രളയജലത്തിന്റെ ശ്രദ്ധേയമായ തണുപ്പ് മറക്കാനാവാത്ത ഒരു പോറലായി നിലനിൽക്കുന്നു. പത്തുദിവസത്തെ ശുചീകരണ, റിപ്പയർ ജോലികൾക്കുശേഷം മാത്രമാണ് അവർക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനായത്. എന്നാൽ, മറ്റു പലരുടെയും സ്ഥിതി വെച്ചുനോക്കിയാൽ അതുപോലും ഭാഗ്യാതിരേകം പോലെയാണ് അനുഭവപ്പെട്ടത്. സന്നദ്ധപ്രവർത്തകർ ഉദാരമായി സഹായിച്ചു. നേരിയ പരിചയം മാത്രം ഉള്ളവരും കണ്ടിട്ടുപോലും ഇല്ലാത്തവരും ആപത്തിൽ തുണയായി. രാഷ്ട്രീയ, മത വൈരങ്ങൾ കേരളം മറന്ന രണ്ടു ദിവസങ്ങളായിരുന്നു അത്.

ആലുവ പട്ടണം ഒരു പ്രേതനഗരം പോലെയായി. ആഴ്ചകൾ കഴിഞ്ഞിട്ടും മുപ്പതുശതമാനത്തോളം കടകൾ തുറക്കാനാവാത്ത അവസ്ഥ. താഴ്ന്ന പ്രദേശങ്ങളിലെ കടകളിൽ സമ്പൂർണനാശം നേരിട്ടു. കാർ, ബൈക്ക് ഷോറൂമുകളിൽ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിനശിച്ചു. പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളുടെ റോളിങ്ങ് ഷട്ടറുകൾ വളഞ്ഞുകുത്തി നിൽക്കുന്ന കാഴ്ച വെള്ളത്തിന്റെ ഭീകരശക്തി വെളിവാക്കി.

ബാക്കിപത്രം

ശുചീകരണത്തിലൂടെ പുതിയൊരു ജീവിതത്തിന്റെ വേണുഗാനം...
മനുഷ്യരിലെ നന്മ നശിച്ചിട്ടില്ലെന്നു തെളിയിക്കപ്പെട്ട നാളുകളയായിരുന്നു അത്. ഒരു പക്ഷേ കൊടുംദുരിതത്തിനിടയിലും നമുക്ക് ആശ്വസിക്കാൻ പറ്റിയ ഒരേയൊരു വസ്തുത. അവശ്യവസ്തുക്കളും സഹായധനവും നീളെ പ്രവഹിച്ചു. യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഒറ്റപ്പെട്ടുപോയവരുടെ വിവരങ്ങൾ കൈമാറി, അവർക്ക് സഹായങ്ങൾ എത്തിച്ചുകൊടുത്തു. നൂറുകണക്കായി പ്രവർത്തനമാരംഭിച്ച ക്യാംപുകൾ കൂട്ടായ ജീവിതം എന്താണെന്നു കാണിച്ചുതന്നു.

നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ നമുക്ക് അന്വേഷിച്ചേ തീരൂ. കനത്ത മഴ തന്നെയാണ് പ്രഥമവും പ്രധാനവുമായ കാരണം എന്നതിൽ തർക്കമില്ല. എങ്കിലും കേരളത്തിലെ നദികളും അണകളും കുത്തകയാക്കിയിരിക്കുന്ന KSEB എന്ന കമ്പനിയുടെ ലാഭേച്ഛ ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടോ എന്നു കൂടി ചർച്ച ചെയ്യപ്പെടണം. ഇടുക്കി അണക്കെട്ട് മഴക്കാലത്ത് KSEB ഒരു മഴവെള്ളസംഭരണി മാത്രമായിട്ടാണ് ഉപയോഗിക്കുന്നത്. പൊതുവെ മഴക്കാലത്ത് വൈദ്യുതിയുടെ വില കുറവായതിനാൽ കൂടുതൽ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കാതെ പുറത്തുനിന്ന് വാങ്ങുകയും, അങ്ങനെ ലാഭിക്കുന്ന ജലം കൊണ്ട് വേനൽക്കാലത്ത് കൂടുതൽ ഉത്പാദനം നടത്തുകയും ചെയ്യുക എന്നതാണ് ആ കമ്പനിയുടെ രീതി. ഇടുക്കി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി മഴക്കാലത്താണ് നടത്തുന്നത് എന്നോർക്കുക. പക്ഷേ 2018-ലെ മൺസൂൺ പതിവിലധികം ശക്തമായിരുന്നതിനാൽ അണകളെല്ലാം നിറഞ്ഞുകിടക്കുമ്പോഴാണ് അതിതീവ്ര ന്യൂനമർദ്ദവും പെയ്തിറങ്ങിയത് എന്നതിനാൽ അണക്കെട്ടുകളുടെ പ്രയോജനം ജനതയ്ക്കു ലഭിച്ചില്ല. എന്നാൽ ഇത് മുൻകൂട്ടിക്കാണാൻ ആർക്കും കഴിയുമായിരുന്നില്ല. പക്ഷേ ഒരനുഭവം ഉണ്ടായ സ്ഥിതിക്ക് ഇനിയൊരിക്കലും ജൂൺ - സെപ്റ്റംബർ കാലയളവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിൽ കൂടുതൽ ഉയർത്താതിരിക്കാനുള്ള ജാഗ്രത അധികൃതർ എടുക്കണം. അണ നിറക്കുന്നത് തുലാവർഷക്കാലത്ത് ലഭിക്കുന്ന മഴയെ ആശ്രയിച്ചായിരിക്കണം. തുലാമഴ ലഭിച്ചില്ലെങ്കിൽ അടുത്ത വേനലിൽ ചെലവുകൂടിയ താപവൈദ്യുതി വാങ്ങി കാര്യം കാണണം. KSEB-ക്ക് ചെലവായ തുക മുഴുവൻ നിരക്കുവർദ്ധനയിലൂടെ ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ സമ്മതിക്കുമെന്നിരിക്കേ ജനങ്ങളുടെ ജീവനും സ്വത്തും കൊണ്ട് പന്താടേണ്ട കാര്യമില്ലല്ലോ.

പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മൂന്നുദിവസങ്ങൾ കൊണ്ട് പ്രളയജലത്തിൽ ഒലിച്ചുപോയത്. കേരളത്തിൽ ഏറ്റവും അവസാനമായി നടന്ന യുദ്ധം 226 വർഷങ്ങൾക്കുമുമ്പ് 1792-ൽ ടിപ്പു സുൽത്താനുമായിട്ടായിരുന്നു. സമാധാനത്തിന്റെ ഇത്രയും നീണ്ട ഒരിടവേള മറ്റേത് രാജ്യത്തിന് സ്വന്തമായുണ്ട്? എന്നാലിപ്പോൾ ഓഖിക്കും നിപ്പാ വൈറസിനും പുറമേ വെള്ളപ്പൊക്കവും കൂടി ആയപ്പോൾ ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ ദുരന്തമാണ് നാം നേരിട്ടത്. ഇനിയെന്താണ് വരാനിരിക്കുന്നത്? 16-ലെ കാറ്റ് വീണ്ടും നമ്മളെ തേടിയെത്തുമോ? എത്തിയാൽ നാം വേണ്ടത്ര മുൻകരുതലോടെയാകുമോ അതിനെ നേരിടുക? ഇതെല്ലാം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ്. ഇത്തവണ ഉറങ്ങിക്കിടന്നവരെ വെള്ളം തട്ടിയുണർത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെയുള്ള ഒരു മുന്നറിയിപ്പു സംവിധാനം നാം ഒരുക്കണം.

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെ പലയിടത്തും നാട്ടുകാർ എതിർക്കുന്നത് കാണുന്നുണ്ട്. എന്നാൽ അവരെല്ലാം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണെന്നതാണ് അതിലെ പരിഹാസ്യമായ ഇരട്ടത്താപ്പ്. ഇത്തവണത്തെ ദുരന്തത്തിൽ മൊബൈൽ ഫോണുകൾ പലയിടത്തും തടസ്സമില്ലാതെ പ്രവർത്തിച്ചതാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹായകമായത് എന്നത് വിസ്മരിച്ചുകൂടാ.

ദേശീയപാതയിൽ പലയിടത്തും ഒരു മീറ്ററോളം പൊക്കത്തിൽ വെള്ളം കയറിയ ഭാഗങ്ങൾ ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണം. ദുരിതാശ്വാസസാമഗ്രികൾ തടസ്സമില്ലാതെ വിതരണം ചെയ്യാൻ ഇതുപകരിക്കും. കേരളം പെരിയാറിനു വടക്കും തെക്കുമായി മുറിഞ്ഞുപോയതുപോലുള്ള സ്ഥിതിവിശേഷം ഇനി ഉണ്ടാകരുത്. തീവണ്ടികൾ പോലും ഓടാതായതോടെ ഈ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ടു പോയിരുന്നു.

വാഹനങ്ങളിൽ ആവശ്യമുള്ള ഇന്ധനം ഇപ്പോഴും നിറച്ചിടണം എന്നതാണ് ഞാൻ പഠിച്ച മറ്റൊരു പാഠം. സ്വാതന്ത്ര്യദിനം അവധിയായതിനാൽ തലേന്ന് ഇന്ധനം നിറയ്ക്കാതെ പോന്നതിനാൽ വളരെയധികം അലയേണ്ടി വന്നു. 16-ന് അങ്കമാലി മേഖലയിലെ പമ്പുകളിലെല്ലാം നീണ്ട വരി രൂപപ്പെട്ടിരുന്നു. ഒരാവശ്യവുമില്ലെങ്കിലും മിക്കവാറും എല്ലാവരും ഫുൾ ടാങ്ക് അടിക്കാൻ നിൽക്കുന്നതായതുകൊണ്ട് പെട്രോളും ഡീസലും ഉടനെത്തന്നെ തീർന്നു. അവിടെയും അല്പം ഭാഗ്യവും കൂടുതൽ കൗശലവും കൊണ്ടുമാത്രമാണ് ഇന്ധനം നിറക്കാനായത്. മറ്റൊരു നീണ്ടനിര എടിഎമ്മുകളുടെ മുന്നിലായിരുന്നു. കുറച്ചു തുക നോട്ടുകളായിത്തന്നെ എപ്പോഴും കയ്യിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന ഒരു വസ്തുതയും ഇവിടെ പഠിച്ചു. തിരക്കു പിടിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ കടക്കാരും തയ്യാറാകണമെന്നില്ല. സാധാരണ സമയങ്ങളിൽ ഡിജിറ്റൽ, അടിയന്തിര ഘട്ടങ്ങളിൽ ക്യാഷ് എന്നതാണ് പ്രായോഗികമായ സമീപനം.

വെള്ളപ്പൊക്കത്തിനുശേഷം മൂന്നാഴ്ച്ച കടന്നുപോയി. ആയിരങ്ങൾ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചെത്താനാവാതെ ബുദ്ധിമുട്ടുന്നു. ഭാഗ്യവശാൽ ഈ മേഖലയിലെങ്കിലും ആൾനാശം കുറവായതിനാൽ സമൂഹം വലിയ മുറിവുകളില്ലാതെ പഴയ തുടിപ്പുകൾ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. പ്രകൃതിസംരക്ഷണം അവശ്യം വേണ്ടതുതന്നെയാണെങ്കിലും അണക്കെട്ടുകൾക്കും താഴ്ന്ന പ്രദേശങ്ങളിലെ കുടിവയ്പുകൾക്കും എതിരെ ഉയരുന്ന അഭിപ്രായങ്ങൾ മരമൗലികവാദത്തിന്റെ തികട്ടൽ മാത്രമായി കരുതിയാൽ മതി. 1924-ലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് വനനശീകരണമോ, മണൽക്കൊള്ളയോ, പാടം നികത്തലോ ഒന്നും ഉണ്ടായിരുന്നില്ല. വല്ലപ്പോഴുമൊരിക്കൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാധാരണജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുന്നത് ഉൽക്ക വന്നിടിക്കുമെന്ന ഭീതിയിൽ ഹെൽമെറ്റ് ധരിച്ച് പുറത്തിറങ്ങുന്നതുപോലെയേ ഉള്ളൂ.

പ്രളയത്തിനുശേഷം ഒരു മാസം കടന്നുപോയെങ്കിലും ഒരൊറ്റ നിമിഷത്തിൽ വീടുവിട്ടിറങ്ങാൻ നിർബന്ധിതനായവന്റെ നിസ്സഹായത ഏൽപ്പിച്ച മുറിവ് കരിഞ്ഞിട്ടില്ല. ധനനഷ്ടത്തേക്കാളുമൊക്കെ ആഴത്തിൽ സ്പർശിക്കുന്നത് മറ്റൊരാളുടെ കാരുണ്യം സ്വീകരിക്കേണ്ടിവരുമ്പോഴുള്ള ആന്തരികമായ ഇല്ലാതാകൽ ആണ്. ഒരിക്കൽക്കൂടി ഡാന്റേയെ സ്മരിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം.

You shall leave everything you love most dearly:
this is the arrow that the bow of exile shoots first.

You are to know the bitter taste of others’ bread,
how salt it is, and know

How hard a path it is for one who goes
descending and ascending others’ stairs.  (Divine Comedy, Paradise 17:55-60)

ഈ ദുരന്തവും കടന്നു പോകും, കേരളം ഇനിയും മുന്നോട്ടുപോകും.