Thursday, May 24, 2018

പ്രാചീനകേരളത്തിന്റെ ചരിത്രം

ചരിത്രം ഐച്ഛികവിഷയമായെടുത്ത് ബിരുദം നേടാതെതന്നെ വിഖ്യാത ചരിത്രകാരനായി മാറിയ ഒരു പണ്ഡിതനായിരുന്നു ദാമോദർ ധർമാനന്ദ് കൊസാംബി എന്ന ഡി. ഡി. കൊസാംബി. ഗണിതശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ഭാരതീയ ചരിത്രകാരന്മാരിൽ പ്രഥമഗണനീയരിൽ ഒരാളാണ്. ആ പാത പിന്തുടരുന്ന ഒരു മാന്യദേഹമാണ് ഈ പുസ്തകം രചിച്ച ശ്രീ. കെ. ശിവശങ്കരൻ നായർ. എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദത്തോടെ പൊതുമരാമത്തുവകുപ്പിൽ 32 വർഷത്തെ സേവനം അനുഷ്ഠിച്ച അദ്ദേഹം ചരിത്രത്തിൽ അതീവതല്പരനും നിരവധി ചരിത്രപ്രബന്ധങ്ങൾ സൃഷ്ടിച്ചയാളുമാണ്. ആദിമകാലം മുതൽ പോർച്ചുഗീസുകാരുടെ ആഗമനം വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രമാണ് ഈ കൃതിയിൽ നാം കാണുന്നത്.

പ്രാചീനകേരളത്തിന്റെ ചരിത്രം അടിസ്ഥാനപരമായിത്തന്നെ തമിഴകചരിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്രസിദ്ധമായ തമിഴ് രാജവംശങ്ങളിൽ ഏറ്റവും ദുർബലമായത് ചേരന്മാരാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. കോയമ്പത്തൂർ, ഈറോഡ്, കരൂർ എന്നിവിടങ്ങളിൽ അധിവസിച്ചിരുന്നവരും മറവവീരന്മാരുമായിരുന്നു ആദിചേരർ. കേരളത്തിന്റെ ആധിപത്യം കയ്യിൽവന്നപ്പോഴൊക്കെ ചോളന്റെയോ പാണ്ഡ്യന്റെയോ സാമന്തപദവിയേ ഇവർക്കുണ്ടായിരുന്നുള്ളൂ. കേരളത്തിൽ ജൈനമതത്തിന്റെ അസ്തമയവും ആധുനികഹിന്ദുമതത്തിന്റെ ഉയർച്ചയും വിവരിക്കുന്നതിൽ പുസ്തകം പിശുക്കൊന്നും പുലർത്തുന്നില്ലെങ്കിലും അതിന്റെ വിശ്വാസ്യത സംശയാസ്പദമാണ്. ജൈനവിഹാരങ്ങൾ ക്രമേണ വൈഷ്ണവദേവാലയങ്ങളായി മാറിയത്രേ. എന്നാൽ ജനങ്ങൾ എന്തുകൊണ്ട് ജൈനമതം ഉപേക്ഷിച്ചു എന്ന ചോദ്യം ലേഖകൻ ഉത്തരം നൽകാതെ വിട്ടുകളയുന്നു. ജൈനരുടെ ശലാകപുരുഷന്മാരാണ് ശ്രീരാമനും ബലരാമനും ശ്രീകൃഷ്ണനും ഭരതനുമെല്ലാം. മറ്റൊരു ശലാകപുരുഷനായ ആനന്ദനാണ് ക്രമേണ അനന്തനും അനന്തശായിയായ വിഷ്ണുവുമായി മാറിയത്.പത്മൻ ബ്രഹ്‌മാവായപ്പോൾ ജൈനയക്ഷികളായ പത്മാവതി ലക്ഷ്മീദേവിയും അംബിക ദുർഗ്ഗയുമായി മാറിയെന്ന് ശിവശങ്കരൻ നായർ സമർത്ഥിക്കുന്നു. മുരുകന് സ്കന്ദൻ എന്നൊരു പേരുകൂടിയുണ്ടല്ലോ. അത് പേർഷ്യൻ ഭാഷയിൽ അലക്സാണ്ടർ ചക്രവർത്തിയുടെ നാമധേയമായ 'സിക്കന്ദർ' ലോപിച്ചുണ്ടായതാണെന്നും അതുകൊണ്ടാണ് സ്കന്ദനെ ദേവസേനാനായകനായി കണക്കാക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു.

നിലവിൽ സ്ഥാപിതമായിരിക്കുന്ന പല സിദ്ധാന്തങ്ങളേയും സർവ്വസമ്മതചിന്താഗതിയേയും പാടേ എതിർക്കുക എന്നതാണ് ഗ്രന്ഥകർത്താവിന്റെ ശൈലി. സുവ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ തന്റെ വാദങ്ങളെ സാധൂകരിക്കാൻ ഊഹാപോഹങ്ങൾ മാത്രമാണ് നായർക്ക് കൂട്ടിനുള്ളത്. ഇതുവഴി വിവാദങ്ങൾ എളുപ്പം സൃഷ്ടിക്കാൻ കഴിഞ്ഞേക്കും, അതുവഴി പുസ്തകത്തിന്റെ വിൽപ്പന കൂട്ടുകയും ചെയ്യാം. എങ്കിലും ചരിത്രത്തിന്റെ രീതിശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ അദ്ധ്വാനം പ്രേക്ഷകബഹുമാനം പിടിച്ചുപറ്റുന്നില്ല. സംഘകൃതികളിലെ നന്നൻമാർ മൗര്യവംശസ്ഥാപനത്തോടെ കുറ്റിയറ്റ മഗധയിലെ നന്ദവംശക്കാർ കർണാടകയിലേക്ക് കുടിയേറിയവരാണെന്നാണ് ഒരു വാദം. തെളിവൊന്നും ചോദിച്ചേക്കരുത്! ചരിത്രം മൗനം പാലിക്കുന്ന സന്ധികളിൽ സ്വന്തം തോന്നലുകൾ വെളിപാടുകളായി അവതരിപ്പിക്കുന്നത് ശരിയല്ല. അത് വിവിധസംഖ്യകളെ പൂജ്യം കൊണ്ടുഹരിച്ചതിനുശേഷം തുടർക്രിയകൾ നടത്തുന്നതുപോലുള്ള ഒരു നയവൈകല്യം മാത്രമാണ്. അഞ്ചും ആറും നൂറ്റാണ്ടുകളിലെ കളഭ്രരുടെ ഭരണം ഒരു ഇരുണ്ട കാലഘട്ടമാണെന്ന് ചരിത്രകാരന്മാർ കരുതുമ്പോൾ അത് സമാധാനം നിലനിന്നതിന്റെ ലക്ഷണമാണെന്ന വിചിത്രവാദം ലേഖകൻ ഉയർത്തുന്നു. യുദ്ധങ്ങൾ ഇല്ലാതിരുന്നതിനാൽ കൊള്ളയും കൊള്ളമുതലും നേടാൻ സാധിക്കാതിരുന്നതുകൊണ്ട് ഇതിനെ രണ്ടിനേയും ആശ്രയിക്കുന്ന കവികൾ ആ രാജാക്കന്മാരെ പുകഴ്ത്തിപ്പാടിയില്ല എന്നാണ് നായരുടെ അഭിപ്രായം.

പ്രമുഖചരിത്രകാരന്മാർക്കെല്ലാം തെറ്റുപറ്റിയെന്നാണ് അമേച്വർ ചരിത്രകാരനായ ശിവശങ്കരൻ നായരുടെ കൗതുകമുണർത്തുന്ന വാദം. ആ ആത്മവിശ്വാസത്തെ നാം അഭിനന്ദിക്കേണ്ടതുണ്ടെങ്കിലും സ്വന്തം തോന്നലുകളെ ചരിത്രമാക്കി അവതരിപ്പിക്കുന്നതിനെ പൊളിച്ചടുക്കേണ്ടതുണ്ട്. അടിസ്ഥാനമില്ലാതെ സ്ഥാപിച്ചെടുക്കുന്ന സിദ്ധാന്തങ്ങളിൽ പെട്ടതാണ് മൂഷികവംശം എന്നറിയപ്പെടുന്ന കോലത്തുനാട്ടിലെ രാജവംശത്തിന്റെ ഭരണകാലം. 'മൂഷികവംശം' എന്ന കാല്പനികകൃതി അദ്ദേഹം ആധികാരികമായി എണ്ണുന്നു. ആ വംശത്തിലെ നൂറാമത്തെ രാജാവായ ഈശാനവർമ്മന്റെ കാലം ഒൻപതാം നൂറ്റാണ്ടാണെന്ന് കണ്ണിമചിമ്മാതെ അംഗീകരിക്കുകയും ചെയ്യുന്നു (പേജ് 166). 1225-ലെ വീരരാഘവപ്പട്ടയത്തിൽ ചില അവകാശങ്ങൾ കൈപ്പറ്റുന്ന ഇരവി ഗോവർദ്ധൻ പേരുകൊണ്ട് കൃസ്ത്യാനിയല്ല എന്ന ഗ്രന്ഥകർത്താവിന്റെ കണ്ടെത്തൽ നമ്മെ ഞെട്ടിക്കുന്നു (പേജ് 178). ഇരിങ്ങാലക്കുട ശിലാശാസനത്തിൽ പരാമർശിച്ചിരിക്കുന്ന ഇരവി ചാത്തൻ, ചാത്തൻ വടുകൻ എന്നീ പ്രമാണികൾ ചരിത്രകാരന്മാർ കരുതുന്നതുപോലെ കൃസ്ത്യാനികളല്ല എന്ന് വ്യക്തമല്ലേ എന്നദ്ദേഹം ചോദിക്കുന്നു. എന്നാൽ കേരളത്തിലെ ആദിമകൃസ്ത്യാനികൾ ഹൈന്ദവനാമങ്ങൾ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും 1599-ലെ ഉദയംപേരൂർ സുനഹദോസിന്റെ തീരുമാനങ്ങളെത്തുടർന്നാണ് അവർ വ്യതിരിക്തമായ കൃസ്തീയനാമങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതെന്നും ലേഖകന് അറിയാതെപോയതാണോ എന്നു സംശയിക്കേണ്ടിവരും.

ഇളംകുളം കുഞ്ഞൻപിള്ള എന്ന അഭിവന്ദ്യ ഭാഷാ, ചരിത്രപണ്ഡിതനെ ശിവശങ്കരൻ നായർ പ്രതിപക്ഷബഹുമാനം പോലും പ്രദർശിപ്പിക്കാതെ കടന്നാക്രമിക്കുന്നു. ഇളംകുളം വിഭാവന ചെയ്ത രണ്ടാം ചേരസാമ്രാജ്യം ഇല്ലായിരുന്നെന്നും ചോളരും ചേരരും തമ്മിൽ നടന്നുവെന്ന് പറയപ്പെടുന്ന നൂറ്റാണ്ടുയുദ്ധം ഇളംകുളത്തിന്റെ ഭാവന മാത്രമായിരുന്നെന്നും ലേഖകൻ പറഞ്ഞുവെക്കുന്നു. പ്രാചീനസാഹിത്യകൃതികളെ ഇളംകുളം അവലോകനം ചെയ്തിരിക്കുന്നതും തെറ്റിപ്പോയെന്നാണ് ആരോപണം. തെളിവുകളുടെ കാര്യത്തിൽ നായർ കണിശക്കാരനല്ലാത്തതുകൊണ്ട് എന്തും വാദിച്ചുനിർത്തുന്നതിന് സാധിക്കും. ഒരേ വസ്തുതകൾ തന്നെ പലഭാഗങ്ങളിലായി നിരവധി തവണ ആവർത്തിക്കുന്നത് വൈരസ്യം ജനിപ്പിക്കുന്നു. രാജനാമങ്ങളും ശാസനങ്ങളും നിരന്തരം ഉദ്ധരിക്കുന്നത് വായനക്കാരെ കഷ്ടത്തിലാക്കാനേ ഉപകരിക്കുന്നുള്ളൂ. 'പെരുമാൾവാഴ്ചയിലെ ഭരണസംവിധാനം' എന്ന അദ്ധ്യായത്തിലും വംശാവലിയിലെ പേരുകൾ മാത്രമാണ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. സ്തോഭജനകമായ ചില വസ്തുതകൾ ഈ പുസ്തകം നമുക്കു മുന്നിൽ വെയ്ക്കുന്നുണ്ടെങ്കിലും ചിട്ടയായ രീതിയിൽ ചരിത്രപഠനം നടത്താത്തതിന്റെ കുറവുകൾ ഈ ഗ്രന്ഥത്തിന്റെ കണ്ടെത്തലുകൾക്കിടയിൽ നീണ്ട വിടവുകൾ സൃഷ്ടിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pracheena Keralathinte Charithram' by K. Sivasankaran Nair
ISBN: 9788126450299

Thursday, May 10, 2018

പള്ളിയും പാർട്ടിയും കേരളത്തിൽ

കൃസ്തീയസഭ ലോകമെമ്പാടും കമ്യൂണിസ്റ്റ് പാർട്ടികളെ ശക്തിയായി എതിർത്തുപോന്നിരുന്നു. പോളണ്ടിൽ പാർട്ടിയുടെ പതനത്തിന് വേഗം കൂട്ടിയതിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പങ്ക് ചെറുതല്ല. വിദ്യയിലും സമ്പത്തിലും ഒരുപോലെ മുന്നിൽ നിൽക്കുന്ന കേരളത്തിലെ കൃസ്ത്യാനികളും പൊതുവെ ഇടതുവിരുദ്ധത ഉയർത്തിപ്പിടിച്ചവരാണ്. റബർ കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നീ മേഖലകളിൽ കേരളത്തിലെ സഭ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നുള്ളതുകൊണ്ടുതന്നെ ഈ രംഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ തിരുകിക്കയറ്റുന്നതിന് അവർ എന്നും ശക്തിയുക്തം എതിരുനിന്നു. തിരഞ്ഞെടുപ്പിലൂടെ ലോകത്തിലാദ്യമായി അധികാരത്തിലേറിയ 1957-ലെ കമ്യൂണിസ്റ്റ് സർക്കാരിനെ രണ്ടുവർഷത്തിനുള്ളിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ പിരിച്ചുവിടലിലേക്ക് വഴിതെളിച്ച വിമോചനസമരത്തിന്റെ തിരക്കഥയും സംവിധാനവുമെല്ലാം മെത്രാന്മാരുടെ അരമനകളിലായിരുന്നു. എങ്കിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ കൃസ്തീയവിശ്വാസികൾ കമ്യൂണിസ്റ്റുകാരോടുള്ള എതിർപ്പിന്റെ രൂക്ഷത തെല്ലൊന്നു കുറച്ചിട്ടുണ്ട്. ഇതുപക്ഷേ പാർട്ടിയുടെ നയപരിപാടികളിലുണ്ടായ വ്യതിയാനം കൊണ്ടൊന്നുമായിരുന്നില്ല, മറിച്ച് ബി.ജെ.പിയുടെ ശക്തമായ വളർച്ചയിലുണ്ടായ ഭീതി നിമിത്തമായിരുന്നു. കൃസ്തീയസഭയും വിശ്വാസികളും ഒരുവശത്തും കമ്യൂണിസ്റ്റ് പാർട്ടി മറുവശത്തും അണിനിരന്നുകൊണ്ട് അവർക്കിടയിൽ രൂപമെടുത്ത ആദാന-പ്രദാന നടപടികളുടെ ഒരു സംക്ഷിപ്തരൂപമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുന്നത്. ഗ്രന്ഥകാരനായ ശ്രീ. നൈനാൻ കോശി സഭയുമായി അടുത്തുപ്രവർത്തിച്ചിരുന്ന ഒരു കോളേജ് അദ്ധ്യാപകനും, 1999-ൽ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട ആളുമാണ്.

മതമേലദ്ധ്യക്ഷന്മാർ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ ലേഖകൻ ന്യായീകരിക്കുന്നത് സഭയെന്ന നിലയിൽ രാഷ്ട്രീയത്തിൽ നേരിട്ടിടപെടേണ്ട സന്ദർഭങ്ങൾ വിശാലമായ സമൂഹത്തിന്റേയും രാഷ്ട്രത്തിന്റെ പൊതുവേയുമുള്ള താല്പര്യങ്ങൾക്കു വേണ്ടിയാകാമെന്നാണ്. നിലവിലുള്ള വ്യവസ്ഥിതിയുമായി ഉറ്റബന്ധം പുലർത്തി വ്യതിയാനങ്ങളെ ശക്തമായി എതിർക്കുന്നതാണ് സഭയുടെ പ്രകൃതം. മാറ്റത്തിനു മാത്രമാണ് മാറ്റമില്ലാത്തത് എന്നു വിശ്വസിക്കുന്ന ഇടതുപക്ഷക്കാർ ഇവിടെ വഴിപിരിയേണ്ടി വരും. കൃസ്തുമതത്തെ ഏറ്റവും വാചാലമായി കേരളത്തിൽ പ്രതിനിധീകരിക്കുന്നത് കത്തോലിക്കാസഭയാണെങ്കിലും സുവ്യക്തമായി, കൃസ്തീയദർശനത്തോടെ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുള്ളത് മാർത്തോമാ സഭ മാത്രമാണെന്നാണ് കോശിയുടെ പക്ഷം. അതിനദ്ദേഹം ഉദാഹരണങ്ങളും നിരത്തുന്നു. പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് സഭ ഊന്നൽ നൽകേണ്ടതെന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു - മതനിരപേക്ഷത, സാമ്പത്തികനീതി, ലോകസമാധാനം. അത്ഭുതമെന്നുതന്നെ പറയട്ടെ, സാമൂഹ്യനീതി (social justice) സഭയുടെ ശ്രദ്ധ പോലും അർഹിക്കുന്ന വിഷയമല്ല! നമ്പൂതിരിമാർ മതം മാറി കൃസ്ത്യാനികളായവരാണ് തങ്ങളുടെ പൂർവികർ എന്നഹങ്കരിക്കുന്നവരുടെ മുൻഗണനാപട്ടിക ഇങ്ങനെയായില്ലെങ്കിലേ ആശ്ചര്യത്തിന്നവകാശമുള്ളൂ.

കമ്യൂണിസത്തിന്റെ ആചാര്യനായ കാൾ മാർക്സിനേയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തേയും കൃസ്തീയവിശ്വാസികൾക്ക് ബോധിക്കത്തക്കവിധത്തിൽ പല മുഖംമൂടികളും കോശി ചാർത്തിക്കൊടുക്കുന്നു. മാർക്സിന്റെ നിരീശ്വരവാദമെന്നത് വിഗ്രഹാരാധനയെ മാത്രം എതിർക്കുന്ന ഒന്നാണെന്നും മാനവികത നശിപ്പിക്കുന്ന മതത്തെ മാത്രമാണ് അത് കടന്നാക്രമിക്കുന്നതെന്നും വാദം പുരോഗമിക്കുന്നു. മാർക്സിന്റെ മതനിഷേധത്തിന്റെ പൊരുൾ ദൈവനിഷേധമല്ല, പ്രത്യുത മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്നുള്ള സ്ഥാപിക്കൽ വിശ്വാസികളെ ആശ്വസിപ്പിക്കാൻ പോന്നതാണ്. ഗ്രന്ഥകർത്താവ് നല്ലൊരു സെയിൽസ്മാൻ ആണെന്നു പറയേണ്ടിവരും. യേശു കൃസ്തു ഉയർത്തിക്കാട്ടിയ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും മൂല്യങ്ങൾ സാമൂഹ്യപ്രതിബദ്ധതയുടെ അടിസ്ഥാനമാക്കുമ്പോഴേ മതമേധാവികൾ ആനുകാലികമായി പ്രസിദ്ധീകരിക്കുന്ന ഇടയലേഖനങ്ങൾ യഥാർത്ഥ വഴികാട്ടികളാകൂ. വിമോചനസമരം നടന്ന 1957-ലെ ലേഖനങ്ങൾ വെറും സമരാഹ്വാനങ്ങൾ മാത്രമായിരുന്നെന്ന നിരീക്ഷണവുമുണ്ട് ഇക്കൂട്ടത്തിൽ.

കേരളവും സഭയും ചർച്ചാവിഷയമാകുമ്പോൾ വിമോചനസമരം ഒഴിവാക്കപ്പെടാവുന്നതല്ലാത്തതുകൊണ്ടുതന്നെ സാമാന്യം വിശദമായ ഒരു വിവരണം ഉൾക്കൊള്ളിച്ചിരിക്കുന്നു. 2008-ലെ സാമ്പത്തികപ്രതിസന്ധി മുതലാളിത്തത്തിന്റെ തകർച്ചയുടെ ആദ്യസൂചകമാണെന്ന തെറ്റായ ധാരണ നൈനാൻ കോശി വെച്ചുപുലർത്തുന്നു. 1991-ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഒരു നീണ്ട ഞെട്ടലിൽ ആണ്ടുപോയ കമ്യൂണിസ്റ്റ് അനുഭാവികൾക്ക് അല്പമൊരു ജീവൻ വെച്ചത് 2008-ലെ സാമ്പത്തികമാന്ദ്യത്തോടെയാണ്. എന്നാൽ അമേരിക്കയും പാശ്ചാത്യലോകവും സാവധാനത്തിൽ ആ തിരിച്ചടിയെ മറികടന്നതോടെ അവർ വീണ്ടും നിരാശയിലമർന്നു. ആഗോളവൽക്കരണത്തിനെതിരെയും ലേഖകൻ അലറിവിളിക്കുന്നുണ്ട്. പുത്തൻ നയങ്ങളുടെ ഫലമായി ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്തുവ്യക്തികളുടെ പട്ടികയിൽ രണ്ട് ഇന്ത്യാക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് കോശിയെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്നത് (പേജ് 38). ഇന്ത്യ ആണവായുധം നിർമ്മിക്കാൻ പാടില്ല എന്നു വാദിക്കുന്ന ലേഖകൻ നമ്മുടെ അയൽരാജ്യമായ ചൈന വൻതോതിൽ ആണവായുധങ്ങൾ ശേഖരിച്ചുവെച്ചിരിക്കുന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങൾ ആണവശക്തികളാകുന്നതിൽ കുഴപ്പമില്ലെന്നായിരിക്കും അദ്ദേഹത്തിന്റെ മനോഗതി!

അനായാസവായന സാദ്ധ്യമാക്കുന്ന രീതിയിലല്ല ഈ കൃതിയുടെ രചനാരീതി. ഗ്രന്ഥകാരന്റെ വാദങ്ങൾ മിക്കവയും കൃത്രിമവും ഏച്ചുകെട്ടിയതുമാണ്. കൃസ്തുവിന്റെ ദർശനങ്ങൾ തന്നെയാണ് മാർക്സും പ്രസംഗിച്ചത് എന്നു പറഞ്ഞാൽ ജനം അത് തൊണ്ടതൊടാതെ വിഴുങ്ങുമെന്നാണോ അദ്ദേഹം കരുതിയത്? ബിഷപ്പ് പൗലോസ് മാർ പൗലോസ്, എം. എം. തോമസ് എന്നീ കമ്യൂണിസ്റ്റ് പക്ഷപാതികളായ കൃസ്തീയപണ്ഡിതരുടെ അഭിപ്രായങ്ങൾ ഉടനീളം ഉദ്ധരിക്കുന്നുണ്ടെങ്കിലും പള്ളിക്കും പാർട്ടിക്കും യോജിച്ചുപ്രവർത്തിക്കാൻ യോഗ്യമായ മേഖലകൾ നിർദേശിക്കുന്നതിൽ പുസ്തകം തീർത്തും പരാജയപ്പെടുന്നു.

Book Review of 'Palliyum Partyum Keralathil' by Ninan Koshi
ISBN: 9788126434657