Thursday, June 15, 2017

കൈരളിയുടെ കഥ

ഈ ഉദ്യമം ഒരു നിരൂപണമായി കരുതേണ്ടതില്ല. കേരളത്തിന്റേയും മലയാളഭാഷയുടേയും ചരിത്രം ഇത്രയും വിശാലമായും വാചാലമായും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥകാരനെ നിരൂപണം ചെയ്തുകളയാം എന്നു കരുതുന്നതിൽ ഒരർത്ഥവുമില്ല. ആ വാഗ്ധോരണിയും ആശയസമ്പന്നതയും തൊട്ടറിഞ്ഞ ഒരു വായനാനുഭവം എന്ന രീതിയിൽ മാത്രം ഈ കുറിപ്പിനെ കണ്ടാൽ മതി. ഈ കൃതിയിൽ പരാമർശിക്കാത്ത സാഹിത്യകാരനോ ഗ്രന്ഥമോ മലയാളത്തിൽ തലയുയർത്തി നിൽക്കുന്നുമില്ല. 1958-ൽ പുറത്തിറങ്ങിയ ഈ പുസ്തകം അന്നുവരെയുള്ള കൈരളിയുടെ കഥ പൂർണ്ണമായും വസ്തുനിഷ്ഠമായും കൈകാര്യം ചെയ്യുന്നു.

നമുക്കറിയുന്നതുപോലെ തമിഴിന്റെ ഒരു പ്രാദേശികരൂപവ്യതിയാനം എന്ന നിലയിലാണ് കൈരളി ഹരിശ്രീ കുറിച്ചത്. സംഘകൃതികളിലും അക്കാലത്തെ സമൂഹത്തിലും കേരളം വഹിച്ചിരുന്ന പങ്ക് സുവിദിതമാണ്. പതിറ്റുപ്പത്തിലെ ഓരോ പത്തും ഓരോ ചേരരാജാവിനെക്കുറിച്ചുള്ള പ്രശസ്തിയാണ്. അക്കാലത്തെ ഭക്തിപ്രസ്ഥാനനായകരായ 63 നായനാർമാരിൽ രണ്ടുപേർ കേരളീയരാണ് - ചേരമാൻ പെരുമാൾ നായനാരും വിറൾ മീണ്ട നായനാരും. എന്നാൽ വൈഷ്ണവഭക്തരായ 274 ആഴ്വാർമാരിൽ ഒരാളേയുള്ളൂ - കുലശേഖര ആഴ്വാർ. തമിഴകത്തെ 274 പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഒന്നുമാത്രം കേരളത്തിലുള്ളപ്പോൾ 108 വൈഷ്ണവക്ഷേത്രങ്ങളിൽ പതിമൂന്നെണ്ണം ഇവിടെയുണ്ട്. ശിവഭക്തിയും ശിവക്ഷേത്രങ്ങളും പിൽക്കാലത്ത് കേരളത്തിൽ വളർന്നുവെങ്കിലും സംഘകാലത്ത് അങ്ങനെയായിരുന്നില്ല എന്നാണ് കാണുന്നത്. പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതം നാശത്തെ നേരിട്ടപ്പോൾ ബുദ്ധക്ഷേത്രങ്ങൾ പരിവർത്തനം ചെയ്യപ്പെട്ട് ശിവക്ഷേത്രങ്ങളായി മാറിയതാണോ എന്നും പരിഗണിക്കണം.

മലയാളഭാഷയും സാഹിത്യവും തമിഴുമായി വഴിപിരിയുന്നത് നൂറ്റാണ്ടുകളിലൂടെ സ്ഥാപിതമായ ബ്രാഹ്മണകുടിയേറ്റം വഴിയായിരിക്കാമെന്നാണ് കൃഷ്ണപിള്ളയുടെ വിവക്ഷ. പ്രാകൃതം മാതൃഭാഷയായ നമ്പൂതിരിമാർ വരുത്തിയ മാറ്റങ്ങളാണ് മലയാളത്തിന്റെ സ്വതന്ത്രവളർച്ചക്ക് വിത്തുപാകിയതെന്ന നിഗമനം സാമാന്യേന അംഗീകരിക്കപ്പെടുന്ന ഒന്നല്ല. ബ്രാഹ്മണാഗമനത്തിനുകാരണം സിന്ധിലെ അറബി ആക്രമണമാണെന്ന കണ്ടെത്തൽ തെറ്റാകാനാണ് സാധ്യത. എന്തായാലും ആ സാംസ്കാരിക അധിനിവേശം തമിഴിനോടിടകലർന്ന് പന്ത്രണ്ടാം നൂറ്റാണ്ടോടെ കേരളത്തിൽ വേരുറച്ചു. എന്നാൽ സംഘകാലത്തുതന്നെ നിലനിന്നിരുന്ന ഭാഷാപ്രയോഗവ്യത്യാസങ്ങൾ 'മലനാട്ടുവഴക്കം' എന്ന പേരിൽ അറിയപ്പെട്ടിരുന്നതിനെ ഗ്രന്ഥകാരൻ പരാമർശിക്കുന്നില്ല.

ഓരോ അദ്ധ്യായത്തിന്റെ ആരംഭത്തിലും അതിൽ കൈകാര്യം ചെയ്യുന്ന സാഹിത്യഭാഗത്തിന്റെ പല മാതൃകകൾ നൽകിയിരിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. തമിഴ്, സംസ്കൃതം എന്നിവ വൻതോതിൽ ഇടകലർത്തിയിരിക്കുന്ന മണിപ്രവാളകവിതകൾ നമുക്കിന്ന് വായിച്ചർത്ഥം മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. പ്രാചീന മലയാളത്തിനെ വലയം ചെയ്തിരുന്ന ഗാഢതമസ്സിനെ തുരന്ന് പ്രകാശം പരത്തിയ പുസ്തകമാണ് പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ലീലാതിലകം. മണിപ്രവാളകവികൾ ഭാവാവിഷ്കരണത്തിൽ കാണിക്കുന്നതിനേക്കാൾ പരിഗണനയും പാടവവും പ്രദർശിപ്പിച്ചിരുന്നത് വർണ്ണനകളിലായിരുന്നു. ഇന്നു നമ്മൾ അശ്ലീലമെന്നു മുദ്രകുത്തിയേക്കാവുന്ന ചാലുകളിലായിരുന്നു വർണ്ണനയുടെ ശീഘ്രഗതി. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ പാട്ടുകൃതികൾ സാഹിത്യം സാധാരണക്കാരിലെത്തുന്നതിന്റെ ആദ്യ ചവിട്ടുപടിയായിരുന്നു. എഴുത്തച്ഛനെ എന്തുകൊണ്ടാണ് ഭാഷയുടെ പിതാവായി കരുതുന്നതെന്ന് സംശയമുള്ളവർക്കുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. ഒരു കാര്യത്തിൽ മലയാളത്തിന് അഭിമാനിക്കാൻ വകയുണ്ട്. ഭാഷയിൽ ആദ്യമായുണ്ടായ ഗദ്യകൃതി പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ എഴുതപ്പെട്ട കൗടലീയം എന്ന കൗടില്യന്റെ അർത്ഥശാസ്ത്രത്തിന്റെ വ്യാഖ്യാനമാണ്. മറ്റൊരു ഭാഷയിലും ഇത്രയും പ്രാചീനമായ കൗടില്യവ്യാഖ്യാനങ്ങൾ കാണപ്പെടുന്നില്ല. ക്രി. പി. 1200 - 1500 കാലഘട്ടത്തിൽ മണിപ്രവാളവും പാട്ടുസാഹിത്യവും, 1500-നു ശേഷം 150 കൊല്ലക്കാലത്തെ ചമ്പുസാഹിത്യം എന്നിങ്ങനെ പോകുന്നു കൈരളിയുടെ കൈവഴികൾ.

ടിപ്പു സുൽത്താന്റെ ആക്രമണം, ബ്രിട്ടീഷ് ഭരണത്തിനെതിരായ പഴശ്ശിയുടേയും വേലുത്തമ്പി ദളവയുടേയും പടയോട്ടങ്ങൾ എന്നിവ മലയാളത്തിലെ സർഗ്ഗശക്തിയെ താൽക്കാലികമായി തളർത്തി എന്ന് ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നു. അതിനുശേഷം സ്വാതിതിരുനാളിന്റെ ഭരണത്തോടെയാണ് ആധുനികത കേരളസാഹിത്യത്തിൽ പൊൻതിരി നീട്ടുന്നത്. നോവൽ, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം എന്നിങ്ങനെ പാശ്ചാത്യമാതൃകകളെ പ്രചോദനമാക്കി ഒട്ടേറെ പുസ്തകങ്ങൾ പുറത്തുവന്നു. ഈ ഗ്രന്ഥത്തിന്റെ നാലിലൊന്നും നീക്കിവെച്ചിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യശാഖകളെ വിവരിക്കുവാനാണ്. നല്ലൊരു നാടകകൃത്തുകൂടിയായ കൃഷ്ണപിള്ള തന്റെ നാടകങ്ങളേയും എണ്ണപ്പെട്ടവയായി എടുത്തുകാട്ടുന്നു.

പരാമർശവിഷയകമായ കവിതകളുടേയും പാട്ടിന്റേയും മാതൃകകൾ അവതരിപ്പിക്കുന്നു എന്നത് ഈ ധന്യഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ലേഖകന്റെ വാഗ്വിലാസം വിസ്മയിപ്പിക്കുംവിധം വിശാലവും ഗഹനവുമാണ്. ഇടക്കെപ്പോഴോ അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതുപോലൊരു മഹദ്ഗ്രന്ഥം ജീവിതത്തിലൊരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന നിർബന്ധമാണ് വായന തുടരാൻ ഈയുള്ളവനെ പ്രേരിപ്പിച്ചത്. പുസ്തകത്തിലെ ചില നുറുങ്ങുദൗർബല്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഭാഷാവികാസത്തിന് മിഷനറിമാർ നൽകിയ സംഭാവനകളെ അൽപ്പം കൂടി വിശദീകരിക്കേണ്ടത് ആവശ്യമായിരുന്നു. ഭാഷയുടെ ലിപിയുടെ വികാസം പുസ്തകത്തിൽ വിവരിക്കുന്നില്ല എന്നതാണ് മറ്റൊരു ന്യൂനത. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം എന്നിവയുടെ ഉത്ഭവവും വികാസവും പരിഗണിക്കപ്പെടുന്നില്ല. 1958-ൽ നിലച്ചു പോയ സാഹിത്യവിശകലനം പിന്നീടുള്ള കാലം കൂടി ഉൾപ്പെടുത്തി ഉത്കൃഷ്ട പണ്ഡിതർ പുസ്തകം വിപുലീകരിക്കേണ്ടതാവശ്യമാണ്.

Book Review of 'Kairaliyude Katha' by N Krishna Pillai
ISBN: 9788126405091