Sunday, September 8, 2019

സ്വാതി തിരുനാൾ

കഴിഞ്ഞ നൂറ്റാണ്ടിനുമുന്നിലേക്കു നോക്കിയാൽ കേരളത്തിന് കലാപരമായി ദേശീയനിരയിൽ പ്രാമുഖ്യം ലഭിക്കത്തക്ക സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞിരുന്നില്ല എന്നുകാണാൻ കഴിയും. ഒരു കാളിദാസനോ, തുളസീദാസോ, തുക്കാറാമോ ഈ മണ്ണിൽ ജന്മമെടുത്തില്ല. കേരളത്തിന്റെ ഭാഗധേയം പുനർനിർവചിക്കപ്പെട്ടത് പത്തൊൻപതാം നൂറ്റാണ്ടിലാണ്, അതിൽത്തന്നെ തിരുവിതാംകൂറിലുമാണ്. ആ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സംഗീതത്തിൽ സ്വാതി തിരുനാൾ രാമവർമ്മ രാജാവും ചിത്രരചനയിൽ രവിവർമ്മയും കേരളത്തിന്റെ യശസ്സുയർത്തി. കർണാടക സംഗീതത്തിൽ തന്റേതായ പാത വെട്ടിത്തുറന്ന സ്വാതി തിരുനാൾ മുപ്പത്തിനാലാമത്തെ വയസ്സിൽ ദിവംഗതനായെങ്കിലും സംഗീതത്തിലെ ത്രിമൂർത്തികളായ ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രി എന്നിവരുടെ സമകാലീനനുമായിരുന്നു. ജനനത്തിനുമുമ്പേ രാജത്വം ഉറപ്പിച്ചിരുന്ന അദ്ദേഹം പതിനെട്ടുവർഷക്കാലത്തെ ഭരണത്തിലൂടെ രാജ്യത്തിന്റെ ആധുനികവൽക്കരണത്തിന്റെ ആധാരശിലകളും പാകി. സംസ്ഥാന പബ്ലിക് റിലേഷൻസ് ഡയറക്ടർ എന്ന നിലയിൽ വിരമിച്ചതിനുശേഷം എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ. കെ. അശോകനാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.

നാനൂറില്പരം സംഗീതകൃതികൾ രചിച്ചുവെങ്കിലും സ്വാതി തിരുനാളിന് അദ്ദേഹം അർഹിച്ചിരുന്ന കീർത്തി ലഭിച്ചിരുന്നില്ല. ഇതിനൊരു പ്രധാനകാരണമായി ഗ്രന്ഥകാരൻ കാണുന്നത് സംഗീതത്രിമൂർത്തികളെപ്പോലെ വിപുലമായ ഒരു ശിഷ്യസഞ്ചയം അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതാണ്. രാജാവ് എന്ന നിലയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലും മറ്റധികാര സ്ഥാനങ്ങളിലും തന്റെ കൃതികൾ ആലപിക്കാൻ ചട്ടം കെട്ടിയ സ്വാതി തിരുനാൾ രാജ്യത്തിനുപുറത്തേക്ക് അവ വ്യാപിപ്പിക്കാൻ വേണ്ടവിധം ശ്രദ്ധിച്ചില്ല. അവസാനമാകുമ്പോഴേക്കും രാജ്യകാര്യങ്ങൾ അദ്ദേഹത്തിന്റെ മനോനിലയെ ഉലക്കാനും തുടങ്ങിയിരുന്നു. മറ്റുഭാഷകൾ അഭ്യസിക്കുന്നതിൽ അദ്ദേഹം കാണിച്ച ഉത്സാഹം അമ്പരപ്പിക്കുന്നതായിരുന്നു. ഹിന്ദിയിൽ നടത്തിയ സ്വാതി രചനകൾ ഇന്നും സംഗീതകാരന്മാർ ഉത്തരേന്ത്യയിൽ ആലപിച്ചുവരുന്നു. സംഗീതകൃതികളെക്കുറിച്ചുള്ള സാമാന്യം ദീർഘവും, സാങ്കേതികപദങ്ങൾ നിർലോഭം ഉപയോഗിച്ചുകൊണ്ടുമുള്ള വിവരണം സാധാരണവായനക്കാരെ കുഴപ്പത്തിലാക്കുമെങ്കിലും ഇത്തരമൊരു പുസ്തകത്തിൽ അതിന്റെ കടമ കൃത്യമായും, പൂർണ്ണമായും നിർവഹിക്കുന്നു.

രാഷ്ട്രീയ, ഭരണരംഗങ്ങളിൽ സ്വാതി തിരുനാളിന്റെ സംഭാവനകളുടെ വിമർശനപരമായ ഒരവലോകനം ഈ കൃതിയിൽ കാണുന്നില്ല. പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയെങ്കിലും ആചാരവിശ്വാസങ്ങൾക്കുവേണ്ടി പൊതുധനം ധൂർത്തടിക്കുന്നതിൽ ആക്ഷേപാർഹമായി ഒന്നുംതന്നെ കണ്ടില്ല. വൻതോതിൽ പണം ചെലവിട്ടുനടത്തിയ തുലാപുരുഷദാനം, ഹിരണ്യഗർഭം എന്നീ ക്രിയകൾ ക്ഷേത്രസ്വത്ത് വർദ്ധിപ്പിച്ചുവെങ്കിലും രാജ്യത്തിന് യാതൊരു നേട്ടവും വാഗ്ദാനം ചെയ്തില്ല. രാജ്യം രാജാവിന്റെ സ്വകാര്യസ്വത്താണെന്ന ധാരണ പൂർണ്ണമായും അസ്തമിച്ചിരുന്നിട്ടില്ലാത്ത ആ കാലത്തെയോർത്ത് പിൽക്കാലം അദ്ദേഹത്തിന് മാപ്പുനൽകും. രാജാവിന്റെ പ്രതിനിധി എന്ന നിലയിൽ ദിവാൻ ദൈനംദിന ഭരണം ഏറ്റെടുക്കുന്നതിനു മുമ്പുള്ള ഘട്ടമായതിനാൽ ബ്രിട്ടീഷ് റെസിഡന്റുമായി സ്വാതി തിരുനാളിന് നേരിട്ടേറ്റുമുട്ടേണ്ടി വന്നു. ഇതദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം പ്രദാനം ചെയ്തതിനോടൊപ്പം അദ്ദേഹത്തിന്റെ ആയുസ്സിനേയും കാർന്നുതിന്നിരിക്കണം. വിഷാദരോഗം രാജാവിനെ വല്ലാതെ അലട്ടിയിരുന്നു. 

സ്വാതി തിരുനാൾ കൃതികൾ അദ്ദേഹം രചിച്ചതല്ലെന്നും, രാജസദസ്സിനെ അലങ്കരിച്ചിരുന്ന തഞ്ചാവൂർ ചതുഷ്ടയം എന്നറിയപ്പെട്ടിരുന്ന നാലു സഹോദരന്മാരാണ് അതിന്റെ യഥാർത്ഥ കർത്താക്കൾ എന്നൊരു വിവാദപരമായ ലേഖനം പ്രസിദ്ധ തമിഴ്‌ വാരികയായ കുമുദം 1982-ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രചാരം വർദ്ധിപ്പിക്കുന്നതിനായി ഇത്തരം വിവാദങ്ങൾ കൊഴുപ്പിക്കുന്നത് പത്ര-മാസികകളുടെ ജന്മസ്വഭാവമാണല്ലോ! മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ലെന്നും, ഷേക്‌സ്‌പിയർ കൃതികൾ മറ്റാരോ രചിച്ചതാണെന്നും, 2004-ലെ സുനാമി അണുവിസ്ഫോടനത്തിന്റെ ഫലമായുണ്ടായതാണെന്നുമൊക്കെയുള്ള അവകാശവാദങ്ങളുടെ കൂട്ടത്തിൽ ഇതിനെയും കണ്ടാൽ മതി. എങ്കിലും സുപ്രസിദ്ധ കവിയും, ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മയായിരുന്നു ഈ ദുഷ്പ്രചാരണത്തിന് തുടക്കം കുറിച്ചത് എന്നറിയുന്നത് മലയാളികളെ ആകെ വേദനിപ്പിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Swathi Thirunal' by K Ashokan
ISBN: 9788184231229