Saturday, July 20, 2019

സി. കേശവൻ എന്ന പോരാളി



കേരളത്തിന്റെ ആധുനികവൽക്കരണത്തിലേക്കു നയിച്ച ഒരു സുപ്രധാന നടപടിയായിരുന്നു 1936-ലെ ക്ഷേത്രപ്രവേശന വിളംബരം. ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് തിരുവിതാംകൂർ മഹാരാജാവിനെ നയിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 1933-ൽ തുടങ്ങിയ നിവർത്തന പ്രക്ഷോഭണം. ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ഈഴവ-ക്രിസ്ത്യൻ-മുസ്ലീം സമുദായങ്ങൾ ഒന്നിച്ചു നിന്ന് സംഘടിപ്പിച്ച ഈ പ്രക്ഷോഭസമരം അടഞ്ഞ പല കണ്ണുകളേയും തുറപ്പിച്ചു, പല ബധിരകർണങ്ങളേയും ശ്രവണയുക്തമാക്കി. മതം മാറിയാൽ തങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങളെങ്കിലും മതം മാറാതെ തന്നെ അനുവദിക്കണം എന്ന പിന്നോക്കജാതിക്കാരുടെ ദയനീയമായ അപേക്ഷകൾ പോലും സവർണ്ണവർഗ്ഗം പുച്ഛത്തോടെ തള്ളിക്കളഞ്ഞിരുന്ന കാലം! ഈഴവർ മതം മാറണം എന്ന ആവശ്യം ആ സമുദായത്തിൽ ഉയർന്നുവന്നുകൊണ്ടിരുന്നു. എന്നാൽ ഇതൊരു പൊള്ളയായ ഭീഷണി മാത്രമാണെന്ന് അധികാരി വർഗത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. മതം മാറാൻ സമുദായാംഗങ്ങൾക്കും സത്യത്തിൽ താൽപര്യമുണ്ടായിരുന്നില്ല. 'പഴകിയാൽ പാമ്പും നന്ന്' എന്നാണല്ലോ പ്രമാണം. എന്നാൽ നിവർത്തനപ്രസ്ഥാനം പഴഞ്ചൻ ധാരണകളെ അപ്പാടെ തൂത്തെറിഞ്ഞു. ഹൈന്ദവേതര സമുദായങ്ങളുമായി അടുത്തിടപഴകിയതുവഴി ഈഴവർ വൻതോതിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയേക്കും എന്ന നില സംജാതമായി. ഈ കാലഘട്ടത്തിലാണ് ക്രാന്തദർശിയായ സി. പി. രാമസ്വാമി അയ്യരുടെ ഉപദേശപ്രകാരം മഹാരാജാവ് ശ്രീചിത്തിരതിരുനാൾ എല്ലാ ഹൈന്ദവജാതികൾക്കും സർക്കാർ വക ക്ഷേത്രങ്ങൾ തുറന്നുകൊടുത്തത്. നിവർത്തന പ്രക്ഷോഭണത്തിന്റെ നെടുനായകനായിരുന്നു പിന്നീട് തിരുക്കൊച്ചിയിൽ മന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന ശ്രീ. സി. കേശവൻ. അദ്ദേഹത്തിന്റെ പോരാട്ടവീര്യം വിശദമാക്കുന്നതാണ് ഈ പുസ്തകം. സർക്കാർ സർവീസിൽ ദീർഘകാലം മനോരോഗവിദഗ്ധനായി ജോലി ചെയ്തതിനു ശേഷം വിരമിച്ച ഡോ. പി. കെ. സുകുമാരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

പ്രവർത്തനകാലത്ത് ഉജ്ജ്വലതേജസ്സോടെ ജ്വലിച്ചു നിന്ന സി. കേശവൻ എന്ന താരകം രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിക്കൽ നടത്തിയത് 1950-കളിലാണ്. അതിനാൽത്തന്നെ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യമനസ്സിലില്ലാത്ത ഒരു നേതാവിനെ ഇപ്പോൾ അവതരിപ്പിക്കുന്നതിന്റെ സാംഗത്യം എന്ത് എന്നതാണ് പ്രാഥമികമായി ഉയരുന്ന ചോദ്യം. ഗ്രന്ഥകാരനു നേരെ നീളുന്ന ഈ ശരത്തിന്റെ വഴിയിൽ നിന്ന് അദ്ദേഹം വഴുതി മാറുന്നു. ‘ജീവിതസമരം’ എന്ന മാതൃകാപരമായ ഒരു ആത്മകഥ കേശവൻ രചിച്ചിട്ടുള്ളതിനാൽ വളരെയധികം വ്യക്തിപരമായ വിവരങ്ങൾ നമുക്കു ലഭ്യമാകുകയും ചെയ്യുന്നു.  ഈ പുസ്തകത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും ‘ജീവിതസമര’ത്തിൽ നിന്ന് കടം കൊണ്ടവയാണ് . മൂലഗ്രന്ഥം അപൂർണ്ണമായതിനാൽ 1938-നു ശേഷമുള്ള ജീവിതകഥ ഈ ഗ്രന്ഥത്തിലും ഇല്ല. ‘സി. കേശവന്റെ പ്രസംഗങ്ങൾ’ എന്ന മറ്റൊരു കൃതി കൂടി ആധാരമാക്കിയിട്ടുണ്ടെങ്കിലും പ്രാഥമിക റഫറൻസുകൾ ഒന്നും തന്നെ പരിശോധിച്ചിട്ടില്ലാത്തതിനാൽ ഗവേഷണപരമായി ഈ കൃതി യാതൊരു മൂല്യവും പുലർത്തുന്നില്ല. സർക്കാർ ഉത്തരവുകളോ രേഖകളോ പഴയ വർത്തമാനപത്രങ്ങൾ പോലുമോ ലേഖകൻ കണക്കിലെടുത്തിട്ടില്ല. ഇത്തരമൊരു ജീവചരിത്രരചനയുടെ രൂപകൽപ്പന പോലും ശരിയല്ലെന്നേ പറയേണ്ടതുള്ളൂ.

‘ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു’ എന്ന ക്രൂരമെങ്കിലും വിഖ്യാതമായ അഭിപ്രായം സി. കേശവന്റേതാണ്. നൂറ്റാണ്ടുകളായി തുടർന്നിരുന്ന നിന്ദ്യമായ ജാതി വിവേചനത്തിന്റെ മുറിപ്പാടുകൾ ആത്മാവിൽ ഏറ്റുവാങ്ങിയിരുന്ന ഒരു തലമുറയുടെ വികാരം മുറ്റിനിൽക്കുന്ന ഒരു പ്രതിഷേധപ്രകടനം എന്ന നിലയിൽ മാത്രം ഇതിനെ കണ്ടാൽ മതി. കേശവൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എസ്.എൻ.ഡി.പിയിലും പ്രവർത്തിച്ചിരുന്നു. എന്നാൽ അതിനുപരിയായി ജാതിപരിഗണന മൂലം നേട്ടമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നോ എന്ന സംശയം ഉണർത്തുന്ന വിധത്തിൽ ഒരു സംഭവം ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി നേതാവായിരുന്ന എം. ഗോവിന്ദൻ തിരുവനന്തപുരത്ത് മുൻസിഫായിരിക്കുന്ന കാലം. നിയമനാധികാരം ഉണ്ട്. അവിടെ ഒരു ഗുമസ്തജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ച കേശവന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുത്തില്ല. മാത്രവുമല്ല, ഒരു നായരെയാണ് ആ സ്ഥാനത്ത് നിയമിച്ചതും. ദാരിദ്ര്യമുള്ള തനിക്ക് ആ ജോലി തരാതിരുന്നതിലുള്ള രോഷം കേശവൻ അദ്ദേഹത്തോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു (പേജ് 88).

‘ജീവിതസമരം’ വായിച്ചിട്ടുള്ളവർ ഈ പുസ്തകം വായിക്കണമെന്നില്ല. പുതുതായി ഒന്നും ഇതിലില്ല. സി. കേശവന്റെ ജീവിതത്തിലെ സംഭവബഹുലവും ജനമധ്യത്തിലുള്ളതുമായ പതിനാറു വർഷങ്ങൾ പരാമർശിക്കാൻ വിട്ടുപോയത് അക്ഷന്തവ്യമായ തെറ്റാണ്. അതിനുപകരം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സതീർഥ്യരുടെ പേരുകൾ എഴുതിവച്ചിരിക്കുന്നത് ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. ഇതു നോക്കൂ.! “കേശവന്റെ സഹപാഠികൾ വറീത്, കൃഷ്ണൻ, കെ. കെ. പൽപ്പു, കാക്കു, ടി. ഇ. കേശവൻ, രണ്ടു മുസ്ലിം കുട്ടികൾ, നാരായണി എന്ന പെൺകുട്ടി എന്നിവരായിരുന്നു” (പേജ് 29). മുസ്ലിം കുട്ടികൾക്കു മാത്രം പേരില്ല! ഇത്തരമൊരു പുസ്തകമാണ് സാഹിത്യപ്രവർത്തക സഹകരണ സംഘം ‘നവോത്ഥാന നായകർ’ എന്ന പരമ്പരയിൽ പ്രസിദ്ധീകരിക്കുന്നത് എന്നോർക്കുമ്പോൾ നാം ലജ്ജകൊണ്ട് തലകുനിക്കുക തന്നെ വേണം.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book review of C. Kesavan Enna Porali by Dr. P K Sukumaran
ISBN 9789388163231


Saturday, July 6, 2019

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം

ശാസ്ത്രീയമായ കുറ്റാന്വേഷണം എല്ലായ്പ്പോഴും വലിയതോതിൽ ജനശ്രദ്ധയെ ആകർഷിക്കുന്നു. പലപ്പോഴും കുറ്റാരോപിതരെ കണ്ടെത്തുന്നതുവരെയുള്ള സംഭവങ്ങളേ വർത്തമാനപ്പത്രങ്ങളും ദൃശ്യമാധ്യമങ്ങളും കൈകാര്യം ചെയ്യുകയുള്ളൂ. തെളിവുകൾ വിദഗ്ദ്ധമായി കണ്ടെത്തുന്നതും അവ തീരെ പ്രതീക്ഷിക്കാത്ത ഒരാളെ കുറ്റവാളിയാക്കുന്നതുമെല്ലാം ആ രംഗത്തെ സാങ്കേതികവിദഗ്ദ്ധരുടെ ഓർമ്മക്കുറിപ്പുകളിലൂടെ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാവുകയുള്ളൂ. മലയാളത്തിൽ അത്തരം വിദഗ്ദ്ധരിൽ അഗ്രഗണ്യനാണ് ഫോറൻസിക് രംഗത്ത് ഉന്നതമായ പദവികൾ വഹിച്ചിരുന്ന ഡോ. ബി. ഉമാദത്തൻ. രണ്ടുദിവസം മുൻപാണ് അദ്ദേഹം നിര്യാതനായത്. ഫോറൻസിക് വിഭാഗത്തിലെ പതിറ്റാണ്ടുകളായ പ്രവൃത്തിപരിചയം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിവരാൻ ഇടയാക്കിയിട്ടുണ്ട്. കേരളപ്പിറവിയുടെ അറുപതാം വാർഷികവേളയിൽ 'നാം എവിടെ നിൽക്കുന്നു' എന്ന ചോദ്യത്തിനുത്തരമായി നിരവധി മേഖലകളിലെ പ്രവീണരുടെ ലേഖനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച 'കേരളം @ 60' എന്ന പരമ്പരയിലെ ഒരു ലക്കമാണ് ഈ പുസ്തകം.

കുറ്റാന്വേഷണത്തെക്കുറിച്ചു പറയുമ്പോൾ പോലീസ് വകുപ്പിന്റെ ഉത്ഭവത്തെക്കുറിച്ചും പറയാതെ വയ്യല്ലോ. പൊതുജനങ്ങളുമായി ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന പോലീസിനെ മാത്രമേ നമുക്കു പരിചയമുള്ളൂ. എന്നാൽ അത് മഞ്ഞുമലയുടെ അഗ്രം മാത്രമേ ആകുന്നുള്ളൂവെന്നും ക്രമസമാധാനപാലനപ്രക്രിയയുടെ അനുബന്ധസേവനങ്ങളായ കുറ്റാന്വേഷണം, ശാസ്ത്രീയ പരീക്ഷണശാലകൾ, ആശയവിനിമയം, വാഹനസൗകര്യങ്ങൾ, പരിശീലനം എന്നിങ്ങനെ ഓരോ മേഖലയിലും കർമ്മനിരതരായ നിരവധി ഉദ്യോഗസ്ഥർ പ്രവൃത്തിയെടുക്കുന്നുവെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു. പോലീസിന്റെ തലപ്പത്ത് മാറിമാറിവരുന്ന ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ പ്രധാനസംഭാവനകളും വിവരിക്കുന്നു. ഗ്രന്ഥകാരന് ഉന്നത ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം ചിലരെയെങ്കിലും വെള്ളപൂശാനും ഉപയോഗിക്കുന്നുവോ എന്ന സംശയം വായനക്കാരിൽ ഉണ്ടാകുന്നു. അടിയന്തരാവസ്ഥയോടടുപ്പിച്ച് വ്യാപകമായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയ ചില ഉദ്യോഗസ്ഥർ പോലും ഈ കൃതിയിൽ വീരനായകരായി പാടിപ്പുകഴ്ത്തപ്പെടുന്നതു കാണാം. പൊലീസിലെ ബ്യൂറോക്രസിയുമായുള്ള അടുപ്പം അതിലെ സ്ഥാനചലനങ്ങളും സ്ഥാനക്കയറ്റങ്ങളും വരെ വിശദമായി വിവരിക്കുന്നതരത്തിൽ പ്രകടമാണ്.

ഉമാദത്തൻ ഒരു ചരിത്രകാരനല്ല. അദ്ദേഹം തന്നെ പ്രസ്താവിക്കുന്നത് താൻ ചരിത്രം ഗൗരവമായി വായിച്ചത് ഈ ഗ്രന്ഥത്തിന്റെ രചനക്കുവേണ്ടിയാണെന്നാണ്. എങ്കിലും കേരളത്തിന്റെ സാമാന്യം വിശദമായ ഒരു വിവരണം ഇതിൽ നൽകുന്നുണ്ട്. അത് വിഷയവുമായി വളരെ അടുത്ത ഒരു പൊക്കിൾക്കൊടി ബന്ധം പുലർത്തുന്നുമില്ല. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ഘടകങ്ങളുടെ ചരിത്രം വെവ്വേറെ പ്രതിപാദിക്കുന്നതുവഴി ആവർത്തനങ്ങളും ചരിത്രപരമായ അബദ്ധങ്ങളും വൃഥാസ്ഥൂലതയും ഉണ്ടാകുന്നു. ഏകദേശം 90 പേജുകളാണ് - പുസ്തകത്തിന്റെ മൂന്നിലൊന്നോളം - ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിനായി ഏതോ ഇടതുപക്ഷ പ്രസിദ്ധീകരണത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്നു തോന്നുന്നു. കോൺഗ്രസ്സിനേയും അത് നേതൃത്വം നൽകുന്ന മുന്നണിയേയും പ്രതിപാദിക്കാൻ വലതുമുന്നണി എന്ന പദമാണ് ഉടനീളം ഉപയോഗിക്കുന്നത്.  കഴിഞ്ഞകാലങ്ങളിലെ ജനശ്രദ്ധ നേടിയ ഏതാനും കേസുകളുടെ വിവരങ്ങൾ ഇതിലും നല്കിയിട്ടുണ്ടെന്നത് വായനക്കാരെ ആകർഷിക്കും. കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പത്രങ്ങൾ വായിച്ചിട്ടുള്ളവർക്ക് അവ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നു. പക്ഷേ ഈ കഥകൾ പുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യവുമായി എങ്ങനെ യോജിച്ചുപോകും എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിന് ലക്ഷണമൊത്ത ഒരു ഘടന ഇല്ല എന്നുതന്നെ മനസ്സിലാക്കേണ്ടി വരും.

അനായാസമായ വായന മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിൽ ഈ പുസ്തകം നല്ലൊരു തെരഞ്ഞെടുപ്പായിരിക്കും. വിശകലനം ഇതിന്റെ നിഘണ്ടുവിലില്ല. വിമർശനാത്മകമായ യാതൊരു വീക്ഷണവും ഗ്രന്ഥകർത്താവ് വെച്ചുപുലർത്തുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഗൗരവപൂർണ്ണമായ വായന ആഗ്രഹിക്കുന്നവർ ഈ കൃതിയെ ഒഴിവാക്കുന്നതായിരിക്കും ഉചിതം.

Book Review of 'Keralathinte Kuttanweshana Charithram' by Dr. B Umadathan
ISBN: 9788126474103



Tuesday, July 2, 2019

ആത്മകഥ

മലയാളസാഹിത്യത്തറവാട്ടിലെ കാരണവരാണ് തകഴി എന്ന ശിവശങ്കരപ്പിള്ള. ജ്ഞാനപീഠത്തിന്റെ തിളക്കം കേരളത്തിന്റെ നാലതിരുകൾക്കുള്ളിലെത്തിച്ച വിരലിലെണ്ണാവുന്നവരിൽ ഒരാൾ. കാലത്തിന്റെ നാൽക്കവലയിൽ മലയാള സാഹിത്യം സന്ദേഹിച്ചുനിന്ന ഒരു വേളയിൽ സംശയലേശമെന്യേ നോവലിന്റെ വഴിയേ അതിനെ തിരിച്ചുവിട്ട പ്രഗത്ഭരിൽ പ്രമുഖൻ. ജനസാമാന്യത്തിന്റെ കൗതുകം സിനിമയിലേക്കുതിരിയുന്ന ഘട്ടമെത്തിയപ്പോൾ യാതൊരു മടിയും കൂടാതെ തന്റെ കൃതികളെ പുതിയ മാധ്യമത്തിനു യോജിച്ച രീതിയിൽ മാറ്റാനനുവദിച്ച ക്രാന്തദർശി. അങ്ങനെ ഒട്ടൊരു വിശേഷണങ്ങൾ അർഹിക്കുന്ന കൈരളിയുടെ മഹാനായ ഒരു പുത്രനാണ് തകഴി ശിവശങ്കരപ്പിള്ള. അദ്ദേഹത്തിന്റെ ജീവിതകഥ സ്വയം വിവരിക്കുന്ന ഈ പുസ്തകം ആധുനികസാഹിത്യത്തിന്റെ വികാസപരിണാമത്തിന്റേയും കൂടി കഥ പറയുന്നുണ്ട്. തകഴി ഒരു വക്കീലായിരുന്നു എന്ന വാസ്തവം ഒരുപക്ഷേ പലർക്കും അജ്ഞാതമായിരിക്കാം. ആ അനശ്വര കഥാകാരനിലെ വ്യക്തിയേയും, അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ ആ സമൂഹത്തേയും തുറന്നുകാണിക്കുന്ന ഈ പുസ്തകം ഏവർക്കും താല്പര്യമുണർത്തുന്ന ഒന്നാണ്.

തകഴിയുടെ ബാല്യം കേരളത്തിൽ വൻതോതിലുള്ള സാമൂഹ്യമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന ഒരു ഇടവേളയായിരുന്നു. സാധനങ്ങളുടേയും സേവനങ്ങളുടേയും കൈമാറ്റത്തിനുവേണ്ടി പണം ഉപയോഗിച്ചുതുടങ്ങിയ കാലമായിരുന്നു അത്. നെൽകൃഷി മാത്രമായിരുന്നു അതുവരെ എല്ലാ കുടുംബങ്ങളുടേയും ഉപജീവനമാർഗം. ഭൂമി കയ്യിലുണ്ടായിരുന്ന സവർണ്ണജാതിക്കാർ കൃഷി നടത്തിച്ചു. അവരുടെ നെൽപ്പാടങ്ങളിൽ താഴ്ന്ന ജാതിക്കാർ അടിമകളെപ്പോലെ  പണിയെടുത്ത് ജീവൻ നിലനിർത്താൻ മാത്രം ആവശ്യമായ നെല്ല് പകരം വാങ്ങി. ഇത് കൂലിയായിരുന്നില്ല എന്നു മാത്രമല്ല, അത് അളക്കുമ്പോൾ അവരെ വ്യാപകമായി വഞ്ചിക്കുകയും ചെയ്യുമായിരുന്നു. പച്ചക്കറികൾ മിക്കവയും സ്വയം ഉൽപ്പാദിപ്പിക്കുന്നവയായിരുന്നു. അവ കടകളിൽ വാങ്ങാൻ കിട്ടുന്നതോ, ഓണമോ മറ്റു ഉത്സവദിനങ്ങളോടടുപ്പിച്ചോ മാത്രവും. വീടുകളിൽ വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത് പുന്നക്കയെണ്ണയായിരുന്നു. അങ്ങനെ പുറമേനിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങേണ്ട അവസരങ്ങൾ വളരെ കുറവായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ നെല്ലു കൊടുത്താണ് അവ വാങ്ങിയിരുന്നത്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സാവധാനത്തിലാണെങ്കിലും ഗ്രാമങ്ങളിലേക്ക് അരിച്ചെത്തിയിരുന്നു. മണ്ണെണ്ണ വീടുകളിൽ ഉജ്വലപ്രകാശം പരത്തി. ബോട്ടുകളും ബസ്സുകളും പ്രത്യക്ഷപ്പെട്ടത് യാത്രാസമയം കുത്തനെ വെട്ടിച്ചുരുക്കി. കുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചുകളയാൻ മൂന്നാഴ്ച്ചയോളം ചക്രം ചവിട്ടേണ്ടിയിരുന്നിടത്ത് എൻജിൻ ഘടിപ്പിച്ച പമ്പുകൾ രണ്ടുദിവസം കൊണ്ട് ആ പണി നിറവേറ്റി. എന്നാൽ ഇവക്കെല്ലാം കൂലി പണമായിത്തന്നെ കൊടുക്കേണ്ടിവന്നു. ഇത് മിച്ചമുള്ള നെല്ല് കമ്പോളത്തിൽ വിൽക്കാൻ കർഷകരെ നിർബന്ധിതരാക്കി. അങ്ങനെ വിറ്റുകിട്ടുന്ന പണം കൊണ്ട് അടുത്ത കൊയ്ത്തുവരെയുള്ള ചെലവുകൾ നിർവഹിക്കണമായിരുന്നു. പണം കയ്യിൽവന്നത് അത് സ്വരുക്കൂട്ടിവെക്കാനുള്ള പ്രവണതക്കു വളമേകി. നല്ല തുണിത്തരങ്ങളും ജീവിതസൗകര്യങ്ങളും പണം മുടക്കിയാൽ കിട്ടുമെന്നിരിക്കേ കൂട്ടുകുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഏവരും വിസമ്മതിച്ചു. 'നാം പണിയെടുത്ത് മറ്റു വല്ലവരുടേയും സന്തതികളെ പോറ്റണോ?' എന്ന മന്നത്തു പദ്മനാഭന്റെ ചോദ്യം കാട്ടുതീ പോലെ പടർന്നുപിടിച്ചു. സ്വന്തം സഹോദരിയുടെ മക്കളായ അനന്തരവരാണ് ഈ സന്തതികൾ എന്ന വസ്തുത തറവാട്ടംഗങ്ങൾ സൗകര്യപൂർവം വിസ്മരിച്ചു. തറവാടുകളെല്ലാം അന്തഃഛിദ്രവും കോടതിവഴക്കുകളും മൂലം തകർന്നടിഞ്ഞു. ആളോഹരി വീതംവെക്കൽ നിയമപ്രകാരം നടപ്പായതോടെ ഇന്നത്തെ അണുകുടുംബങ്ങൾ പിറവിയെടുത്തു. തനിക്കു പ്രിയപ്പെട്ട അമ്മാവന്മാർ എത്ര പെട്ടെന്നാണ് ശത്രുക്കളായി മാറിയതെന്ന് തകഴി ഈ ഓർമ്മക്കുറിപ്പിലൂടെ വിവരിക്കുന്നു.

പുതിയ തലമുറ സുന്ദരന്മാരുടേയും സുന്ദരികളുടേയുമാണെന്ന് തകഴി അത്ഭുതപൂർവ്വം രേഖപ്പെടുത്തുന്നു. തനിക്കു പരിചയമുണ്ടായിരുന്നവരുടെ മക്കളും ചെറുമക്കളുമാണോ ഇവർ എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. നാടിന്റെ സാമൂഹ്യ, സാമ്പത്തികത്തലങ്ങളിൽ വന്നുചേർന്ന കുതിച്ചുചാട്ടം തന്നെയാണിതിന്റെ കാരണം. അന്നൊക്കെ ധനികരും ദരിദ്രരും തമ്മിൽ കാഴ്ച്ചയിൽ വലിയ അന്തരമില്ലായിരുന്നു. അരയിൽ ഒരു കോണകമോ ഒറ്റമുണ്ടോ തന്നെയായിരുന്നു പൊതുവായ വേഷവിധാനം. ഭക്ഷണവും എല്ലാവരും മിതമായിത്തന്നെ കഴിച്ചു. ധനികരുടെ കയ്യിൽ കൂടുതലായി ഉണ്ടായിരുന്നത് പത്തായത്തിൽ ധാരാളമായി കിടന്നിരുന്ന നെല്ലു മാത്രമായിരുന്നു. അതുകൊടുത്താൽ വാങ്ങാൻ കിട്ടുന്ന സാധനങ്ങൾ വളരെ പരിമിതവും. താഴ്ന്ന ജാതിക്കാരുടെ കൈവശം ഉണ്ടായിരുന്നത് അവരുടെ അദ്ധ്വാനശേഷി മാത്രമായിരുന്നു. എങ്കിലും അത് തമ്പുരാന്റെ പാടത്തുമാത്രം ഉപയോഗിക്കേണ്ട ആവശ്യമില്ലാതായി. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മികച്ച പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതിനും, നല്ല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനും, സൗന്ദര്യവർദ്ധക വസ്തുക്കൾ കൈക്കലാക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കി. ശാരീരികവും ഭൗതികവുമായി കൈവരിച്ച ശ്രേഷ്ഠതക്ക് ഇതുതന്നെയായിരുന്നു കാരണം.

വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യരംഗത്തേക്കു കാലെടുത്തുകുത്തിയിരുന്ന തകഴിയുടെ ഭാവനക്ക് സുലഭമായി അസംസ്കൃതവസ്തുക്കൾ നൽകിയത് അമ്പലപ്പുഴയിൽ അദ്ദേഹം വക്കീലായിരുന്ന കാലഘട്ടമാണ്. തൊഴിലാളിപ്രസ്ഥാനവുമായി ആഭിമുഖ്യം പുലർത്തിയിരുന്നതിനാൽ അവരെ പ്രതിയാക്കിയുള്ളതും അവർക്കിടയിലുള്ളതുമായ നിരവധി കേസുകളും രേഖകളും പഠിക്കാനിടവന്നതാണ് കയർ, രണ്ടിടങ്ങഴി മുതലായ മാസ്റ്റർപീസുകളിലേക്ക് നയിച്ചത്.ആഹാരത്തിനായുള്ള കൃഷി എന്ന മുൻകാല സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഉപജീവനത്തിനായി വക്കീൽപ്പണി എന്ന ആധുനികവ്യവസ്ഥയിലേക്ക് നീന്തിക്കയറാനായെങ്കിലും സാഹിത്യരചന ഒരു കുടുംബത്തെ നയിച്ചുകൊണ്ടുപോകുന്നതിനുള്ള ഉറപ്പായ മാർഗ്ഗം ഒരിക്കലുമായിരുന്നില്ല. ധാരാളം എഴുതാനാഗ്രഹിക്കുന്ന ഒരു സാഹിത്യകാരൻ യാന്ത്രികമായ കോടതിനടപടികളുടെ മടുപ്പിക്കുന്ന നൈരന്തര്യത്തിൽ ശ്വാസം മുട്ടുന്നത് ഇവിടെ നമുക്കു കാണാവുന്നതാണ്. ഭാഷാസാഹിത്യത്തിൽ ഒരു വസന്തപ്പകർച്ചയുടെ സൗരഭ്യം കടന്നുവന്ന ഘട്ടമായിരുന്നു അത്. ചെറുതെങ്കിലും കൃതികൾ സ്ഥിരമായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്താൻ പാങ്ങുള്ള സഹൃദയരും പ്രസ്സുകളും രംഗത്തുവന്നുകഴിഞ്ഞിരുന്നു. പുസ്തകപ്രസാധനം ഒരു കച്ചവടമായി മാറുന്നത് ഡി. സി. കിഴക്കേമുറിയുടെ രംഗപ്രവേശത്തോടെയാണ്. ഏറെക്കാലം എഴുത്തുകാരുടെ പ്രസിദ്ധീകരണശാലയുമായി സഹകരിച്ചു പ്രവർത്തിച്ചതിനുശേഷം അതിന്റെ പരാജയങ്ങൾ പൂർണമായി മനസ്സിലാക്കിയതിനെത്തുടർന്നാണ് ഡി. സി. പ്രസാധനത്തിലേക്കു തിരിഞ്ഞത്. വ്യാവസായികമായും സാംസ്കാരികമായും തീർത്തും ശരിയായിരുന്ന ആ നടപടി ഇന്ന് ഡി. സി. ബുക്സിനെ കേരളത്തിലെ ഏറ്റവും വലിയ പ്രസാധകരാക്കിത്തീർത്തു. അതുകൊണ്ടാണോ കിഴക്കേമുറിയെ പേരിനുപോലും വിമർശിച്ചുകൊണ്ടുള്ള ഒരു പ്രസ്താവം പോലും ഒരു പുസ്തകത്തിലും കാണാനില്ലാത്തത്?

കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുക്കിയിട്ടില്ലെങ്കിലും അനായാസമായി വായിച്ചുപോകാവുന്ന ഒരു നല്ല പുസ്തകമാണിത്. ബാല്യം, വക്കീൽക്കാലം, സാഹിത്യരചന എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്ന ആ ജീവിതം ഒരു കാലഘട്ടത്തിന്റെ നേർദർപ്പണമാണെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. മരുമക്കത്തായത്തിൽനിന്ന് ആളോഹരി വീതംവെപ്പിലേക്കുപോയ തറവാടുകളുടെ ജീവരക്തം ഈ വരികൾക്കിടയിൽ തുള്ളിതുള്ളിയായി വീഴുന്നതുപോലെ തോന്നും. പിശുക്കനെന്ന പേരുണ്ടായിരുന്നുവെങ്കിലും ഉദാരത പുലർത്തേണ്ടിടത്ത് അദ്ദേഹം അതുതന്നെ ചെയ്തു. നാലു പെൺമക്കളുള്ള ഒരാൾ പിശുക്കനാകാതിരിക്കുന്നത് എങ്ങനെയാണ്? കമ്യൂണിസ്റ്റ് അനുഭാവം ഒരു സമയത്ത് തകഴി പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സാഹിത്യകാരന്മാരുടെ സംഘടന പിടിച്ചെടുക്കാൻ പാർട്ടി ശ്രമിച്ചപ്പോൾ അതിനെ എതിർക്കുകയും ചെയ്തു. ഭാര്യയായ കമലാക്ഷിയമ്മ എന്ന കാത്തക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന ഒരദ്ധ്യായം ഒരായുഷ്കാലത്തിന്റെ നിസ്വാർത്ഥസ്നേഹത്തിനായി അർപ്പിച്ചിരിക്കുന്ന ഒരു പനിനീർ പുഷ്പമാണ്.

തകഴിയുടെ ബാല്യകാലത്തു സംഭവിച്ച ദായക്രമപരിഷ്കരണം വരുത്തിയ സാമൂഹ്യമാറ്റങ്ങളെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചുവല്ലോ. അങ്ങനെ ഒരു വലിയ പരിണാമം തനിക്കു ചുറ്റും നൃത്തം വെക്കുന്നതുകണ്ടും പഠിച്ചും വളർന്ന തകഴി പക്ഷേ ആധുനികകാലത്തിന്റെ മാറ്റങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവാത്തതുപോലെ തോന്നിപ്പിക്കുന്നു. ഈ മാറ്റങ്ങളെ നയിക്കുന്ന ചാലകശക്തി എന്തെന്ന് തിരിച്ചറിയാനും അദ്ദേഹം ശ്രമിക്കുന്നില്ല. യുവത്വവുമായി ഇപ്പോഴും ഇടപഴകിക്കഴിയാനാണ് തനിക്കിഷ്ടമെന്നു പ്രഖ്യാപിക്കുമ്പോഴും, തലമുറകളുടെ വിടവ് തന്നെ സംബന്ധിച്ചിടത്തോളം ഇല്ലെന്ന് സ്വയം വിശ്വസിക്കുമ്പോഴും, തകഴി ക്രമേണ പുതിയ തലമുറയുടെ ചക്രവാളത്തിനു താഴേക്കുപോകുന്നത് അദ്ദേഹം മനസ്സിലാക്കിയിരുന്നെന്നുവേണം കരുതാൻ. കീഴാളജനതയുടെ വിചാരങ്ങളും വികാരങ്ങളും കാച്ചിക്കുറുക്കി അവതരിപ്പിച്ച തകഴി അതേ സാമ്പത്തികകാരണങ്ങൾ അവരുടെ ജീവിതനിലവാരം വർദ്ധിപ്പിച്ചുകൊണ്ട് ആഡംബരഭ്രമം വർദ്ധിപ്പിക്കുന്നതുകണ്ട് അസ്വസ്ഥനാകുന്നു. ഇതാണ് ഒരാൾക്ക് എന്തെല്ലാം ജീവിതസൗകര്യങ്ങൾ വേണമെന്ന് സ്റ്റേറ്റ് തീരുമാനിക്കണമെന്നുള്ള അഭിപ്രായങ്ങളിലേക്കു നയിക്കുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Athmakatha' by Thakazhi
ISBN: 9798184230597