Tuesday, May 7, 2019

പറയർ - കുലം, ഗോത്രം, സാമൂഹികജീവിതം



സമൂഹത്തിലെ കരുത്തർ അവരിലെ ദുർബലരുടെ മേൽ കുതിര കയറുന്ന സമ്പ്രദായം ലോകമെങ്ങുമുണ്ട്. എന്നാൽ അവരെ പലപല ജാതികളായി തിരിച്ച് ക്രമാനുഗതമായി മുകളിലെ ജാതിക്കാർ താഴ്ന്നവരെ ചവിട്ടിമെതിക്കുന്ന രീതി തികച്ചും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. വിദൂര ഭൂതകാലത്തിലെങ്ങോ തങ്ങൾ പോലുമറിയാതെ ജാതിശ്രേണിയുടെ അടിത്തട്ടിൽ നിപതിച്ചുപോയ ഒരു ജനതയാണ് പറയർ. ആഘോഷങ്ങൾക്കോ രാജശാസനം അറിയിക്കുന്നതിനോ ഉള്ള പറ, അഥവാ പെരുമ്പറ, മുഴക്കുവാൻ അവകാശം സിദ്ധിച്ചവർ എന്ന മട്ടിലാണ് പറയ എന്ന നാമം ഇവർക്കു വന്നുചേർന്നത്. കാലാന്തരത്തിൽ ഈറ്റ, ചൂരൽ എന്നിവകൊണ്ട് കുട്ട, മുറം, പനമ്പ് മുതലായവയുടെ വിദഗ്ധമായ നെയ്ത്തും ഈ സമൂഹം സ്വായത്തമാക്കി. ഒരുകാലത്ത് ഉന്നതജാതിക്കാർ അടിമകളാക്കിവെച്ചു കൊണ്ടിരുന്ന പറയ ഇന്ന് പല അവകാശങ്ങളും നേടിയെടുത്ത് ജാതിയിൽ തങ്ങൾ ആർക്കും പിറകിലല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. കലാ-സാംസ്കാരിക-സാമൂഹ്യരംഗങ്ങളിലെല്ലാം ഈ സമുദായാംഗങ്ങൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ആ സമുദായത്തെ പൂർണ്ണതോതിൽ വിലയിരുത്തുന്ന ഒരു ഗ്രന്ഥത്തിന്റെ അഭാവം മലയാളസാഹിത്യത്തിന് അപൂർണ്ണതയുടെ കളങ്കം ചാർത്തിക്കൊടുക്കുമെന്ന ആശങ്ക ഉന്മൂലനം ചെയ്യുന്ന ഒരു കൃതിയാണ് ആണ് ഓർണ കൃഷ്ണൻകുട്ടിയുടെ ഈ പുസ്തകം.

പ്രാചീനചരിത്രത്തെ വിലയിരുത്തുമ്പോൾ കൃഷ്ണൻകുട്ടി മറ്റെഴുത്തുകാരിൽ നിന്ന് വ്യത്യസ്തനാകുന്നില്ല. ചരിത്രത്തിന്റേയും, ഐതിഹ്യങ്ങളുടെയും രേഖകൾ പരിശോധിക്കുകയാണെങ്കിൽ പറയർ അഥവാ സാംബവർ ബ്രാഹ്മണരായിരുന്നുവെന്ന് അവിതർക്കിതമായി പറയുവാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ മതം (പേജ് 41). എന്നാൽ മറ്റൊരു പേജിൽ അദ്ദേഹം പറയുന്നത് അവർ ക്ഷത്രിയരിൽനിന്ന് ഉളവായതെന്നാണ് (പേജ് 56). സുറിയാനി ക്രിസ്ത്യാനികൾ അഭിമാനപൂർവ്വം അവകാശപ്പെടുന്ന നമ്പൂതിരിബന്ധം നമ്മൾ ഇവിടെ ഓർക്കണം. ജാതിശ്രേണിയിൽ എവിടെ സ്ഥിതി ചെയ്താലും നമ്പൂതിരിമാരുമായി ഒരു ജനിതകബന്ധം സ്ഥാപിച്ചില്ലെങ്കിൽ തങ്ങളുടെ സ്വത്വം അംഗീകരിപ്പിച്ചെടുക്കാൻ കഴിയില്ല എന്ന അധമബോധം എന്നാണ് നമ്മുടെ സമൂഹം വലിച്ചെറിയുക? കേരളത്തിലെ ജനസമൂഹം ഏതു ജാതിയിൽ പെട്ടതായാലും, ഏതു മതത്തിൽ പെട്ടതായാലും, ഒരൊറ്റ മനുഷ്യവംശം (race) ആണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അങ്ങനെയിരിക്കേ, ഒരു പറയനെ കണ്ടാൽ മറ്റൊരു പറയന് തിരിച്ചറിയാൻ സാധിക്കുമെന്ന ഗ്രന്ഥകാരന്റെ പ്രസ്താവന (പേജ് 56) ശാസ്ത്രത്തെ പിന്നാക്കം നടത്തുന്ന ഒന്നാണ്. മറ്റു സമുദായങ്ങളുമായി ഇടകലർന്നുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം ഇടയ്ക്കെപ്പോഴോ പറയർക്ക് കൈമോശം വന്നുവെങ്കിലും ലിപിയില്ലാത്ത പാളോൻ എന്ന ഭാഷ അവർ വികസിപ്പിച്ചെടുത്തു. ഭാഷയിലെ ഏതാനും പദങ്ങളും വാക്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കേരളത്തിൽ അടിമവ്യവസ്ഥ പത്തൊമ്പതാം നൂറ്റാണ്ടിൽ അവസാനിപ്പിക്കപ്പെട്ടതിനു പിന്നിൽ വിദേശക്രിസ്ത്യൻ മിഷണറിമാരുടെ നിർണായകസ്വാധീനം ഉണ്ടായിരുന്നു. എങ്കിലും ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനു പകരമായി അവർ ചോദിച്ച വില അവരുടെ വിശ്വാസപ്രമാണങ്ങൾ ആയിരുന്നു. വെളുത്ത പുണ്യാളൻമാരും പുണ്യാളത്തികളും കറുത്ത ആത്മാവുകളിൽനിന്ന് കരുത്തുറ്റ ദൈവങ്ങളെ കുടിയിറക്കി. നീലി, കരിങ്കുട്ടി ചാത്തൻ മുതലായ ദേവതകളുടെ ആരാധനയും കാളികെട്ട്, കാക്കാച്ചിക്കളി എന്നീ അനുഷ്ഠാനങ്ങളും അവർ വിലക്കി. എന്നാൽ തങ്ങൾ പിന്നെയും അടിമകൾ തന്നെയായി അവശേഷിച്ചു എന്ന പരമാർത്ഥം അടിയാളർ മനസ്സിലാക്കുന്നത് പുതിയ ആരാധനാസമ്പ്രദായങ്ങളിലും, ദേവാലയങ്ങളിലും ക്രിസ്ത്യാനികളും തങ്ങളെ അവഗണിക്കുന്നു എന്ന തിരിച്ചറിവിലൂടെയാണ്. പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന പൊയ്കയിൽ അപ്പച്ചന്റെ ജീവിതകഥ ഇത് അടിവരയിട്ടു സമർത്ഥിക്കുന്നു. മാർത്തോമാ സഭയിൽ ചേർന്നു കൊണ്ട് സുവിശേഷവേല ആരംഭിച്ച അപ്പച്ചൻ വളരെ പെട്ടെന്നുതന്നെ സുപ്രസിദ്ധനായെങ്കിലും താൻ ജനിച്ച ജാതി ക്രിസ്ത്യാനികളായ സഹപ്രവർത്തകർക്കും ഒരു തലവേദനയാണെന്നതിൽ അതിയായി ഖേദിച്ചു. മാമോദിസ മുങ്ങിയാലും പറയൻ പറയനായും പുലയൻ പുലയനായും നിലനിൽക്കുമെന്ന സവർണ്ണക്രിസ്ത്യൻ നിലപാട് ആ സ്വാതന്ത്ര്യദാഹിക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. പുലയക്രിസ്ത്യാനി മരിച്ചപ്പോൾ ദേഹം മറവുചെയ്യാൻ വിസമ്മതിച്ച പുലരിക്കാട്ടുപള്ളി സംഭവം ഇത്തരുണത്തിലാണ് ഉണ്ടായത്. നമ്പൂതിരിമാർ മതംമാറിയ സവർണ്ണക്രിസ്ത്യാനികൾ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിൽ മതം മാറിയാൽ പോലും പുലയരെ അടക്കം ചെയ്യാൻ സാദ്ധ്യമല്ല എന്നായിരുന്നു പൗരോഹിത്യത്തിന്റെ ഉറച്ച നിലപാട്. ഇത്തരം നിലപാടുകൾ ഇന്നും നിലകൊള്ളുന്നു. സവർണ്ണക്രിസ്ത്യൻ സമുദായത്തിൽ നിന്ന് പ്രേമവിവാഹം നടത്തി എന്ന കുറ്റം ആരോപിച്ച് കെവിൻ എന്നൊരു അധഃകൃതക്രിസ്ത്യൻ യുവാവിനെ ഈടുത്ത കാലത്ത് കൊലപ്പെടുത്തിയത് നാം മറക്കാറായിട്ടില്ലല്ലോ! എന്നാൽ പൊയ്കയിൽ അപ്പച്ചൻ അങ്ങനെ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. മാരാമണ്ണിൽ വിളിച്ചുകൂട്ടിയ പരിവർത്തിതക്രൈസ്തവരുടെ സമ്മേളനത്തിൽ വച്ച് അദ്ദേഹം വേദഗ്രന്ഥം അഗ്നിക്കിരയാക്കുകയും മിഷനറിമാർ നിങ്ങളുടെ തലയിൽ ഒഴിച്ച മാമോദിസവെള്ളം ഞാൻ കഴുകിക്കളയുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടാണദ്ദേഹം പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ പറയ നേടിയിരുന്ന സ്ഥാനം തിരിച്ചറിയുവാൻ കുഞ്ചൻ നമ്പ്യാർ തുള്ളൽ രീതികളിൽ ഒന്നിന് പറയൻ തുള്ളൽ എന്ന പേരുനൽകിയതിൽ നിന്ന് സാധിക്കുമെന്ന് ഗ്രന്ഥകർത്താവ് അഭിപ്രായപ്പെടുന്നു. മാത്രവുമല്ല, വരരുചി എന്ന ബ്രാഹ്മണന് ഒരു പറയസ്ത്രീയിൽ ജനിച്ച പന്തിരുകുലം എന്ന സങ്കൽപ്പം കേരളത്തിന്റെ ഒരു ഉൽപ്പത്തിമിത്തായി കണക്കാക്കുകയും വേണം. എന്നാൽ പറയരിൽ സിംഹഭാഗവും മതം മാറിപ്പോയതോടെ ഈ ജനതയുടെ വർദ്ധനവിൽ ഉലച്ചിൽ തട്ടി. കലാഭവൻ മണി, നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങി ജാതിമതഭേദമെന്യേ കേരളീയസമൂഹത്തിന്റെ ആദരങ്ങൾ പിടിച്ചുപറ്റിയ സമുദായാംഗങ്ങളെ കൃഷ്ണൻകുട്ടി പരിചയപ്പെടുത്തിത്തരുന്നു. പറയസമുദായ സംഘടനകളിലെ ഐക്യമില്ലായ്മയെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്യുന്നു.

ചരിത്രപരമായ പരാമർശങ്ങൾ ചിലപ്പോഴെങ്കിലും വസ്തുതകൾക്കു നിരക്കുന്നതല്ല എന്നൊരു കുറവ് ഈ പുസ്തകത്തിനെപ്പറ്റി ചൂണ്ടിക്കാണിക്കേണ്ടതാണ്. സംഘകാലകൃതികളിൽ ബ്രാഹ്മണരെ ഒരിടത്തും കാണുന്നില്ല (പേജ് 9) എന്ന പ്രസ്താവന അത്തരത്തിലൊന്നാണ്. എന്നാൽ മിക്കവാറും കൃതികളിലും ബ്രാഹ്മണരെയും വൈദികദൈവങ്ങളെയും പരാമർശിക്കുന്നു എന്നതാണ് സത്യം. ചരിത്രരചനക്കായി കെ. പി. ചോന്റെ പുസ്തകങ്ങളെ ആശ്രയിക്കുന്നത് ആശയപരമായ പാപ്പരത്തമാണ്. വാചകങ്ങളുടെ കുത്തൊഴുക്കിൽ ഗ്രന്ഥകാരൻ വാചകഘടനയിൽ ചിലയിടങ്ങളിലൊക്കെ അൽപ്പംകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്നു തോന്നിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.



Book review of Parayar - Kulam, Gothram, Samoohika jeevitham by Orna Krishnankutty
ISBN 9788120044159

No comments:

Post a Comment