Saturday, June 17, 2023

രവിവംശം

പരമ്പരാഗതകലകളുടെ കാര്യത്തിൽ കേരളം ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ടെങ്കിലും ആധുനികകലകളിൽ അത്രതന്നെ പ്രാവീണ്യവും വിശ്വപ്രചാരവും ആർജിച്ച കലാകാരന്മാർ നമുക്ക് വളരെ കുറച്ചേയുള്ളൂ. ആധുനിക ചിത്രകലയിൽ അത്തരമൊരു പ്രകാശമാനമായ നക്ഷത്രമാണ് രാജാ രവിവർമ്മ. രാജ്യാധികാരമില്ലാത്ത കിളിമാനൂർ കോവിലകത്തെ രാജകുമാരന് ആദരപൂർവ്വം ജനങ്ങൾ ചാർത്തിക്കൊടുത്ത രാജാ എന്ന പദവി പോലും അക്കാലത്തെ അധികാരകേന്ദ്രങ്ങളെ എപ്രകാരം ചൊടിപ്പിച്ചു എന്നും ചിത്രകാരൻ അതിനെ എങ്ങനെ നേരിട്ടു എന്നുമൊക്കെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. രവിവർമ്മയുടെ കുടുംബത്തിന്റെ ഉത്പത്തി മുതൽ അദ്ദേഹത്തിന്റെ ചിത്രസപര്യയുടെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് ഭാരതീയദർശനങ്ങളേയും സംസ്കൃതിയേയും ഇതിവൃത്തമാക്കി, യൂറോപ്യൻ രീതിയിലുള്ള ആലേഖ്യസമ്പ്രദായത്തിലൂടെ തന്റേതായ രചനാശൈലി രവിവർമ്മ പാകപ്പെടുത്തിയതെങ്ങനെ എന്ന് ലഘുവിവരണങ്ങളിലൂടെ നൽകുകയാണ് ഈ കൃതി ചെയ്യുന്നത്. ശില്പകലയിൽ വിദ്യാഭ്യാസം നേടിയതിനുശേഷം പുരാവസ്തു വകുപ്പിൽ ദീർഘകാലം ജോലി നോക്കിയ എസ്. ഓമനക്കുട്ടൻ തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിൽ രവിവർമ്മച്ചിത്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്.
 
തിരുവിതാംകൂർ രാജവംശം പതിനാലാം നൂറ്റാണ്ടിൽ സ്ഥാണുരവിയുടെ കാലം മുതൽ മരുമക്കത്തായം സ്വീകരിച്ചിരുന്നവരാണ്. അവിടത്തെ രാജകുമാരിമാരുടെ ഭർത്താക്കന്മാരായി കിളിമാനൂർ, മാവേലിക്കര കോവിലകങ്ങളിലെ പുരുഷന്മാരെയാണ് സ്വീകരിച്ചിരുന്നത്. ഈ ദാമ്പത്യങ്ങളിൽ ജനിക്കുന്ന ആൺകുട്ടികൾ പലരും രാജപദവിയിലെത്തിയിരുന്നുവെങ്കിലും കോയിത്തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന രാജപിതാവിന് അണിയറയിൽത്തന്നെ കഴിയാനായിരുന്നു വിധി. മലബാറിലെ കോലത്തിരി രാജവംശത്തിലെ രണ്ടു താവഴികൾ പല കാരണങ്ങളാൽ നാടുവിട്ട് തിരുവിതാംകൂറിലെത്തി സ്ഥാപിച്ചവയാണ് കിളിമാനൂർ, മാവേലിക്കര കോവിലകങ്ങൾ. അതിനാൽത്തന്നെ വേണാടിന്റെ ചരിത്രത്തിലും തിരുവിതാംകൂറിലേക്കുള്ള വളർച്ചയിലും കോലത്തിരി രാജവംശത്തിന്റെ പങ്ക് നിഷേധാവഹമല്ല. ആ വംശത്തിന്റെ പൂർവ്വചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും സ്പർശിക്കാതെ രവിവർമ്മയുടെ ജീവചരിത്രം പൂർത്തീകരിക്കാനാവില്ല എന്നതിനാൽ ഗ്രന്ഥത്തിന്റെ ആദ്യഭാഗം അതിനായി നീക്കിവെച്ചിരിക്കുന്നു. അതിനായി മലബാറിലെ അവരുടെ മൂലകുടുംബങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗ്രന്ഥകാരൻ അവിടത്തെ ഇപ്പോഴത്തെ നിവാസികളുമായി സംസാരിക്കുന്നുമുണ്ട്. ചരിത്രപരമായ താല്പര്യങ്ങളേക്കാൾ ഒരു യാത്രാബ്ലോഗിന്റെ ഭാവഹാവാദികളാണ് ഇവിടെ കാണാൻ കഴിയുന്നത്. രവിവർമ്മയുടെ പിതാവ് എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിയുടെ തറവാടും ഇത്തരത്തിൽ സന്ദർശിക്കുന്നുണ്ട്.

കിളിമാനൂർ കോവിലകത്ത് ചിത്രകലാവൈദഗ്ധ്യത്തിന്റേതായ ഒരു ജനിതകസവിശേഷത ഉണ്ടായിരുന്നതായി അവിടത്തെ തലമുറകളെ പരിശോധിച്ചാൽ കാണാൻ കഴിയും. രവിവർമ്മയുടെ മുത്തശ്ശി രോഹിണി തിരുനാൾ തമ്പുരാട്ടി കോവിലകത്ത് ഒളിച്ചുതാമസിച്ചിരുന്ന രണ്ടു ചിത്രകാരന്മാരിൽനിന്ന് ചിത്രകല അഭ്യസിച്ചു. പിന്നീടവർ സഹോദരീപുത്രനായ രാജരാജവർമ്മയിലേക്ക് ആ പാടവം കൈമാറി. തഞ്ചാവൂർ, കേരളശൈലികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതി വികസിപ്പിച്ചെടുത്ത അദ്ദേഹം സ്വാതിതിരുനാളിന്റെ ആസ്ഥാനചിത്രകാരനായും പ്രവർത്തിച്ചിട്ടുണ്ട്. രവിവർമ്മയുടെ മാതുലനായിരുന്നു അദ്ദേഹം. കൂടാതെ രവിവർമ്മയുടെ സഹോദരൻ രാജരാജവർമ്മയും അനുഗ്രഹീതനായ ഒരു ചിത്രകാരനായിരുന്നു. രവിവർമ്മയുടെ പുത്രൻ രാമവർമ്മയും ഈ മേഖലയിൽ കഴിവുതെളിയിച്ചിട്ടുള്ളയാളാണ്. എന്നാൽ തുടക്കത്തിൽ ചിത്ര-ശില്പകലകൾ ഒരു മൂന്നാം കിട തൊഴിലായി കരുതിയിരുന്ന സമൂഹം ഒരു ക്ഷത്രിയരാജകുമാരൻ തന്റെ ജീവിതം തന്നെ അതിനായി ഉഴിഞ്ഞുവെക്കുന്നതുകണ്ട് അതിശയിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ സാഹിത്യപരമായ പ്രവർത്തനങ്ങൾ മാന്യമാണെന്നവർ കരുതി. മാവേലിക്കര ശാഖ അതിനാൽ ആ വഴിക്കാണ് പോയത്. കേരളകാളിദാസനും കേരളപാണിനിയുമെല്ലാം ആ ശൃംഖലയിലെ കണ്ണികളാണ്. യൂറോപ്യൻ ആലേഖനരീതിയിൽ പ്രാവീണ്യം നേടിയ രവിവർമ്മ ഭാരതീയദർശനവും സംസ്കൃതിയും മാത്രമല്ല ചിത്രീകരിച്ചിരുന്നത്. ദരിദ്രരായ നാടോടിഗായകരും അവരുടെ സംഗീതത്തിനൊപ്പം നൃത്തമാടുന്ന നർത്തകികളുമെല്ലാം അദ്ദേഹത്തിന്റെ ചിത്രപ്രതലത്തിൽ സന്നിവേശിക്കപ്പെട്ടു.

ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങളാണ് കേരളീയചിത്രകലയുടെ പരമ്പരാഗത മാതൃകകൾ. എന്നാൽ അവയിലെ അതിഭാവുകത്വവും കൃത്രിമത്വവും നിറഞ്ഞ ശൈലി ഒരിക്കലും രവിവർമ്മ സ്വീകരിച്ചില്ല. ദേവീദേവന്മാരുടെ രൂപനിർമ്മിതികളിൽ ഇതിഹാസസമാനമായ അമാനുഷഭാവം സൃഷ്ടിച്ചുമില്ല. ഏതു ദൈവത്തേയും മാനുഷികപരിവേഷത്തോടെ അദ്ദേഹം അവതരിപ്പിച്ചു. അതിന്റെ പേരിലുമുണ്ടായി വേണ്ടുവോളം വിമർശനങ്ങൾ. പരമ്പരാഗത തദ്ദേശീയ അധികാരസ്ഥാനങ്ങൾ രവിവർമ്മയെ അർഹിക്കുന്ന വിധത്തിൽ പ്രോത്സാഹിപ്പിക്കാതിരുന്നതാണ് പുത്തനും കാലികവുമായ വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചിത്രകാരനെ സഹായിച്ച ഒരു ഘടകം എന്ന് അസന്നിഗ്ദ്ധമായി പറയാവുന്നതാണ്. രാജാവായിരുന്ന ആയില്യം തിരുനാളിന്റെ വാത്സല്യഭാജനമായിരുന്നു രവിവർമ്മയെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സ്ഥാനമേറ്റ സഹോദരൻ വിശാഖം തിരുനാളിന് അദ്ദേഹത്തെ ചതുർത്ഥിയായിരുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് സഹോദരിയുടെ വിവാഹാലോചനക്കിടയിൽ നിറം കുറവാണെന്ന കാരണത്താൽ രവിവർമ്മയെ വിശാഖം തിരുനാൾ പരിഗണിക്കാതെ വിട്ടിരുന്നതാണത്രേ. ബ്രിട്ടീഷുകാരുമായുള്ള ചിത്രകാരന്റെ അടുത്ത ഇടപഴകലുകളും രാജാവിനെ അലോസരപ്പെടുത്തി. വെള്ളക്കാരനായ മദ്രാസ് ഗവർണറുമായി ചർച്ച നടത്തിക്കൊണ്ടിരിക്കവേ രവിവർമ്മയെ അകത്തേക്കുവിളിച്ച വേളയിൽ ഗവർണർ എഴുന്നേറ്റുനിന്നപ്പോൾ വിശാഖം തിരുനാളിനും എഴുന്നേൽക്കേണ്ടിവന്നു. തന്റെ ഒരു പ്രജയുടെ മുൻപിൽ എഴുന്നേറ്റുനിൽക്കേണ്ടിവന്നത് രാജാവിന്റെ അഹന്തയെ പ്രകോപിപ്പിച്ചു. തൽഫലമായി രവിവർമ്മ കൊട്ടാരത്തിൽനിന്നും ഏറെ വൈകാതെ തിരുവിതാംകൂറിൽനിന്നും നിഷ്കാസിതനാവുകയും മൈസൂർ, ബറോഡ, ഉദയ്‌പൂർ തുടങ്ങിയ രാജാക്കന്മാരുടെ ക്ഷണപ്രകാരം ഭാരതം ഒട്ടുക്കും സഞ്ചരിച്ച് ചിത്രരചനയിൽ ഏർപ്പെടുകയും ചെയ്തു. സ്വാഭാവികമായും ആധുനികത ആ ശൈലിയിൽ കടന്നുവന്നു.

പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രഭാത് ബുക്ക് ഹൗസ് ആയതിനാൽ രാഷ്ട്രീയഅജണ്ട എവിടെയെങ്കിലും ഒളിഞ്ഞിരിക്കാതെ വയ്യല്ലോ! ഗ്രന്ഥകാരന്റെ ഇടതുചായ്‌വ്‌ പ്രകടമാകുന്നത് ഹൈദരാലിയുടേയും ടിപ്പു സുൽത്താന്റേയും മലബാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ്. കോലത്തിരി കുടുംബക്കാർ മലബാർ വിടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൈസൂരിന്റെ ആക്രമണമായിരുന്നു. ഹൈദരാലിയെ തിരുവിതാംകൂർ രാജാവ് ക്ഷണിച്ചു എന്നാണ് ആരോപണം. 1753-ലെ കരപ്പുറം യുദ്ധത്തിൽ നാട്ടുകാരുടെ എതിർപ്പുണ്ടാവുകയും കലാപം അവസാനിപ്പിക്കുന്നതിനായി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മൈസൂർ സുൽത്താനായ ഹൈദരാലിയുടെ സഹായം ആവശ്യപ്പെടുകയും ചെയ്തു (പേജ് 81). എന്നാൽ 1753-ൽ ഹൈദരാലി മൈസൂരിലെ വോഡയാർ രാജാവിന്റെ ദിണ്ടിഗൽ സേനാദളത്തിന്റെ തലവൻ മാത്രമായിരുന്നു. നാടുവാഴികളുടേയും പ്രഭുക്കന്മാരുടേയും ദുർഭരണത്തിൽ വീർപ്പുമുട്ടിയിരുന്ന ജനതയുടെ മുന്നിൽ ടിപ്പുവിന് ലഭിച്ചത് വീരപരിവേഷമായിരുന്നുവത്രേ. രാജാക്കന്മാർ ചുമത്തിയിരുന്ന നികുതിസമ്പ്രദായങ്ങൾ ലഘൂകരിച്ച് ടിപ്പു ജനങ്ങളുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു (പേജ് 27). മുസ്ലിം ആക്രമണകാരികളെ നാട്ടുരാജാക്കന്മാർ ക്ഷണിച്ചുവരുത്തിയതാണെന്നും ആ ആക്രമണങ്ങൾക്കുപിന്നിൽ മതപരമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സാമ്പത്തികതാല്പര്യങ്ങൾ മാത്രമേയുള്ളൂവെന്നും സ്ഥാപിച്ചെടുക്കാൻ ഇടതു-ഇസ്ലാമിസ്റ്റ് ചരിത്രകാരന്മാർ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു തരികിട മാത്രമാണിത്. നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണപുരോഹിതരും ഇംഗ്ളീഷുകാരോട് കൂറ് പുലർത്തുന്നവരായിട്ടാണ് ടിപ്പു കണ്ടത്. അതിനാൽ അവരോടെല്ലാം കടുത്ത ശത്രുത പുലർത്തുകയും പരമാവധി പ്രതികാരനടപടികൾ സ്വീകരിക്കുകയും ചെയ്തു. അല്ലാതെ മതവിദ്വേഷമൊന്നുമല്ലെന്നാണ് ഓമനക്കുട്ടന്റെ അഭിപ്രായം. 'പാവം ടിപ്പു' എന്ന് വായനക്കാർ അറിയാതെ പറഞ്ഞുപോകില്ലേ? അവിടെയാണ് ഈ കുൽസിതതന്ത്രം വിജയിക്കുന്നത്.

ആഴത്തിലുള്ള ഗവേഷണമൊന്നുമില്ലെങ്കിലും വിരസത കൂടാതെ വായിച്ചുപോകാവുന്നതാണ് ഈ പുസ്തകം. രവിവർമ്മയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ മുൻപിവിടെ നിരൂപണം ചെയ്തിട്ടുണ്ട്. ദീപാഞ്ജനാ പാലിന്റെ The Painter, നേമം പുഷ്പരാജിന്റെ 'രാജാ രവിവർമ്മ: കല, കാലം, ജീവിതം', കിളിമാനൂർ ചന്ദ്രന്റെ 'രാജാ രവിവർമ്മയും ചിത്രകലയും' എന്നിവയിൽനിന്ന് ലഭിച്ചതിൽ കൂടുതലോ അവയിൽനിന്നു കിട്ടാത്ത എന്തെങ്കിലുമോ ഈ പുസ്തകത്തിലില്ല. കോലത്തിരി താവഴികളെക്കുറിച്ചുള്ള അന്വേഷണം പുതിയൊരു ചിന്താധാര എന്ന നിലയിൽ താല്പര്യമുണർത്തുന്നു. പുസ്തകത്തിന്റെ ശീർഷകം 'രവിവംശം' എന്നായതിനാലാകാം രാജവംശങ്ങളിലെ 'രവി' നാമധാരികളെ ക്രോഡീകരിക്കാൻ ഗ്രന്ഥകർത്താവ് ശ്രമിക്കുന്നു. പുരാവസ്തുവകുപ്പിൽ ജോലി ചെയ്തിരുന്ന ഗ്രന്ഥകാരൻ തന്റെ ഔദ്യോഗിക കർത്തവ്യത്തോട് നീതി പുലർത്താത്ത ചില അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്. രവിവർമ്മ രചിച്ച വെള്ളക്കാരായ ചില ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും സർക്കാർ സംരക്ഷിക്കുന്നുണ്ട്. 'പൂച്ചക്കണ്ണന്മാരുടെ അടിമകളായിരുന്നു നാം എന്ന് ഓർമ്മിപ്പിക്കുന്നതിനാൽ ഈ ചിത്രങ്ങൾ സംരക്ഷിക്കുവാനുള്ള ചുമതല ദൗർഭാഗ്യമായി നേരിട്ടു' എന്നാണദ്ദേഹത്തിന്റെ ആത്മഗതം. ആ ചിത്രങ്ങൾ ബ്രിട്ടീഷുകാർ നാടുവിട്ടപ്പോൾ അവരുടെ കയ്യിൽ കൊടുത്തുവിടണമായിരുന്നു എന്നാണോ ഇദ്ദേഹത്തിന്റെ അഭിപ്രായം? ആരുടെ ചിത്രമാണെങ്കിലും അവ വരച്ചത് രവിവർമ്മയല്ലേ? പൂച്ചക്കണ്ണന്മാർ എന്ന വിശേഷണത്തിലെ വംശീയ അധിക്ഷേപം എത്ര നിന്ദ്യമാണ്! മറ്റൊരിടത്ത് ഇങ്ങനെ കാണുന്നു: "ഏറെനാൾ തളർന്നിരിക്കാൻ രവിവർമ്മയിലെ ക്ഷത്രിയരക്തം അനുവദിച്ചില്ല" (പേജ് 162). ക്ഷത്രിയരക്തത്തിന് എന്തോ പ്രത്യേകതയോ മഹത്വമോ ഉണ്ടെന്നാണോ ഇടതുപക്ഷ അനുഭാവിയായ ഈ ഗ്രന്ഥകാരൻ കരുതിവെച്ചിരിക്കുന്നത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ravivamsham - Charithram, Jeevacharithram'
Author: S Omanakkuttan
Publisher: Prabhath Book House, 2020 (First)
ISBN: 9789389903935
Pages: 232