Sunday, May 16, 2021

ടിപ്പു സുൽത്താൻ

ദക്ഷിണേന്ത്യൻ ചരിത്രത്തിലെ വിവാദങ്ങൾ നിറഞ്ഞ ഒരദ്ധ്യായമാണ് മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ ഭരണകാലം. ബ്രിട്ടീഷുകാരോട് പൊരുതിമരിച്ച അദ്ദേഹത്തെ സ്വാതന്ത്ര്യസമരസേനാനി എന്നുപോലും വിശേഷിപ്പിക്കുന്നവർ ഒരു വശത്ത്. എന്നാൽ ബ്രിട്ടീഷ്-ഫ്രഞ്ച് സാമ്രാജ്യങ്ങൾ തമ്മിൽ യൂറോപ്പിൽ നിലനിന്നിരുന്ന കലഹം ഇന്ത്യയിലേക്കും വ്യാപിച്ചപ്പോൾ ഫ്രഞ്ചുകാരുമായി സഖ്യമുണ്ടാക്കി ബ്രിട്ടീഷുകാരെ എതിർത്ത ടിപ്പു എങ്ങനെ ദേശീയസ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പടയാളിയാകും എന്ന ചോദ്യം മറുവശത്ത്. മുസ്ലിം സുൽത്താന്മാരിൽപോലും അധികമൊന്നും കാണാത്ത മതാന്ധതയും അന്യമതധ്വംസനവും ടിപ്പു സുൽത്താൻ പതിവാക്കിയിരുന്നു എന്നതിനും തെളിവുകളുണ്ട്. പ്രത്യേകിച്ചും മലബാറുമായി സമ്പർക്കത്തിൽ വന്നപ്പോഴെല്ലാം കേരളത്തിന് അക്രമത്തിന്റെ ഭാഷയിലാണ് ടിപ്പുവിൽനിന്ന് മറുപടി ലഭിച്ചിട്ടുള്ളത്. എന്നിരിക്കിലും സുൽത്താന്റെ ഭരണ-സൈനികതലങ്ങളിൽ നിരവധി ഹിന്ദുക്കൾ ഉണ്ടായിരുന്നുവെന്നും മൈസൂരിലെ നിരവധി ക്ഷേത്രങ്ങൾക്ക് അദ്ദേഹം സഹായങ്ങൾ ചെയ്തുവെന്നുള്ളതും വസ്തുതയാണ്. ഈയൊരു സന്ദിഗ്ദ്ധഘട്ടത്തിൽ പ്രമുഖ നോവലിസ്റ്റും പത്രപ്രവർത്തകനുമായ പി. കെ. ബാലകൃഷ്ണൻ ടിപ്പുവിനെ എങ്ങനെ വിലയിരുത്തുന്നു എന്നു മനസ്സിലാക്കാനാണ് ഈ കൃതി വായിച്ചത്. 1957-ൽ പ്രസിദ്ധീകൃതമായ ഇത് ടിപ്പുവിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപുസ്തകമാണെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു.

'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന വിഖ്യാതമായ നോവലിൽ ഒരു വലിയ കഥയെ വ്യക്തിപരമായ കാഴ്ചപ്പാടുകളിലൂടെ മനോഹരമായി അവതരിപ്പിച്ച ഗ്രന്ഥകർത്താവ് ഏതാണ്ടിതേ നിലപാടുതന്നെയാണ് ചരിത്രമെന്ന പേരിലും കാഴ്ച വെക്കുന്നത്. അലിഗഡ് മുസ്ലിം സർവകലാശാലയിലും ദില്ലി ജാമിയ മിലിയയിലും അദ്ധ്യാപകനായിരുന്ന മൊഹീബുൽ ഹസൻ ഖാന്റെ 'History of Tipu Sultan' എന്ന കൃതിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തീർത്തും ഏകപക്ഷീയമായ ഇതിനെ 'സമഗ്രമായ ആധികാരികഗ്രന്ഥം' എന്നാണ് ബാലകൃഷ്ണൻ വിലയിരുത്തുന്നത്. ഉപ്പും എരിവും കൂട്ടുന്നതിനായി ടിപ്പുവിന്റെ കൊട്ടാരത്തിലെ അന്തേവാസിയായിരുന്ന ഏതോ ഒരു കിർമാനിയുടെ ഗ്രന്ഥത്തിന്റെ തർജ്ജമയേയും ഇടയ്ക്കിടെ ആശ്രയിക്കുന്നു. എന്നാൽ 'ഒരു വലിയ ഇസ്ലാം മതഭ്രാന്തൻ' എന്നാണ് കിർമാനിയെ അദ്ദേഹം തന്നെ അളന്നിരിക്കുന്നത്. ടിപ്പുവിനെക്കുറിച്ചുള്ള ബ്രിട്ടീഷ് രചനകളിൽ സുൽത്താനെ പ്രകീർത്തിക്കുന്ന ഭാഗങ്ങളും ധാരാളമായി സ്വീകരിച്ചിരിക്കുന്നു. ഇത്തരത്തിൽ നിഷ്പക്ഷമായ ചരിത്രരചനയുടെ ബാലപാഠങ്ങൾ പോലും ഈ കൃതി സ്വാംശീകരിച്ചിട്ടില്ല എന്നു കാണാം. ദേശീയതയെ ഈ പുസ്തകം നിശിതമായി കടന്നാക്രമിക്കുന്നു. 'ഇസ്‌ലാമിക സാഹസികതയുടേയും ഭരണവൈഭവത്തിന്റേയും ഭാരം ചുമന്നുചുമന്നു മരവിച്ച സനാതനത്തിന്റെ പൃഷ്ഠം മുതുകിലിരുപ്പുകാരൻ മരണാലസ്യത്തിലായപ്പോൾ അറിയാപ്പുറത്തൊന്നു മൂരിനിവർന്നതാണ് ശിവജി എന്ന മനുഷ്യൻ' എന്ന നിരീക്ഷണത്തോടൊപ്പം 'ഹൈദർ പാശ്ചാത്യ സംഘർഷത്തിൽ പാറിയ തീപ്പൊരിയാണെന്നും' ഉള്ള കാഴ്ചപ്പാടും ചേർത്തുവെക്കുമ്പോൾത്തന്നെ ബാലകൃഷ്ണന്റെ വസ്തുനിഷ്ഠബോധം വേണ്ടപോലെ വെളിവാകും.

സൂഫിവര്യൻ ടിപ്പു മസ്താൻ ഓലിയയുടെ സ്മരണാർത്ഥമാണ് ഹൈദർ തന്റെ മകന് ആ പേരു നൽകിയത്. പലരും കരുതുന്നതുപോലെ ടിപ്പുവും പുലിയുമായി യാതൊരു ബന്ധവുമില്ല. സുൽത്താൻ എന്നത് പേരിന്റെ ഭാഗമാണ്, അല്ലാതെ സ്ഥാനാരോഹണത്തിനുശേഷം ചാർത്തിക്കൊടുത്ത പദവിയല്ല. ഖരീം സുൽത്താൻ എന്നായിരുന്നു ടിപ്പുവിന്റെ അനുജന്റെ പേര്. ഇത്തരം സൂചനകൾ നല്കുന്നുവെങ്കിലും ചരിത്രരചനയിൽ പാലിക്കേണ്ട സമതുലനം ഈ പുസ്തകത്തിൽ ഒരിടത്തും കാണുന്നില്ല. ശിവജി കൊള്ളക്കാരനാണെന്നു സ്ഥാപിക്കുന്നതിൽ ഒരു പ്രത്യേക ആനന്ദം തന്നെ അദ്ദേഹം കണ്ടെത്തുന്നു. എന്നാൽ അതേ പ്രവൃത്തി തന്നെ ഹൈദരാലിയും ചെയ്യുന്നുണ്ട്. തക്കം കിട്ടിയപ്പോഴെല്ലാം, പ്രത്യേകിച്ചും നൈസാം കിരീടാവകാശിയായ നാസർ ജംഗിനുവേണ്ടി യുദ്ധം ചെയ്യുമ്പോൾപോലും ജംഗ് ചതിപ്രയോഗത്താൽ വധിക്കപ്പെട്ടതോടെ ഹൈദറും കൂട്ടാളികളും തന്റെ മരിച്ച സുഹൃത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്! (പേജ് 23). 'എന്തും എങ്ങനെ ഉപയോഗിക്കണമെന്നറിയാമായിരുന്ന ഹൈദറിന്റെ ജീവിതസൗഭാഗ്യങ്ങളുടെ അസ്ഥിവാരമായിരുന്നു ആ നിധി' എന്നാണീ കൊള്ളയെ ന്യായീകരിച്ചുവെക്കുന്നത്. കൊള്ളമുതൽ 'നിധി' ആകുന്നതു ശ്രദ്ധിക്കുക. ഹൈദരുടെ തോൽവി പോലും വിശേഷിപ്പിക്കപ്പെടുന്നത് 'എപ്പോൾ പത്തി ചുരുട്ടണമെന്ന് ഹൈദർക്ക് നിശ്ചയമുണ്ടായിരുന്നു' എന്നാണ് (പേജ് 36).

ബാലകൃഷ്ണന്റെ ചരിത്രാവബോധത്തിലെ വീഴ്ചകളുടെ ഏതാനും ഉദാഹരണങ്ങൾ കൂടി ചൂണ്ടിക്കാണിക്കാം. ടിപ്പുവിന്റെ ആശ്രിതനെന്ന വിധത്തിൽ നട്ടെല്ലു വളച്ചും മുട്ടുകുത്തിയുമാണ് അദ്ദേഹത്തിന്റെ നില. ബ്രിട്ടീഷ് സൈനികമേധാവി 'ശുംഭനാ'യിരുന്നുവത്രേ! മറാത്താ സേനാനായകരെ അയാൾ, ഇയാൾ എന്നൊക്കെയാണ് സംബോധന ചെയ്യുന്നത്. പണത്തിനോടുള്ള ആർത്തി മറാത്തകളുടെ ജന്മസ്വഭാവമാണെന്ന് അടച്ചാക്ഷേപിക്കുന്ന ഇദ്ദേഹം എവിടുത്തെ ചരിത്രകാരനാണ്? മറാത്താ നേതാവ് നാനാ ഫദ്‌നാവീസ് 'കലർപ്പില്ലാത്ത സ്വാർത്ഥിയും, ഭീരുവായ തട്ടിപ്പറിക്കാരനും, ലൈംഗിക അസാന്മാർഗിയുമാണ്' (പേജ് 59). മറാത്താ സൈന്യത്തെക്കുറിച്ചുള്ള ടിപ്പുവിന്റെ പുച്ഛത്തിനു തുല്യമായി എന്തെങ്കിലുമുണ്ടെങ്കിൽ അത് സ്വന്തം ശക്തിയിലുള്ള വിശ്വാസം മാത്രമായിരുന്നുവത്രേ. ടിപ്പു അന്യസ്ത്രീകളുടെ മുഖത്തുനോക്കാത്ത സന്മാർഗിയായിരുന്നുവെന്നൊക്കെ ബാലകൃഷ്ണൻ അടിച്ചുവിടുന്നുണ്ട്. ടിപ്പുവിന്റെ സ്വഭാവത്തിലെ അഹംഭാവം ഇങ്ങനെ ന്യായീകരിക്കുന്നു - 'ഫലത്തിൽ അഹംഭാവം തന്നെയെങ്കിലും ആത്മാർത്ഥതാജന്യമായ ഒരു നൈസർഗ്ഗികത അതിന്റെ കൂർത്ത മുനകളെ മിനുസപ്പെടുത്തുന്നു' (പേജ് 114). നിന്ദ്യമായ പ്രവൃത്തികളെ വെള്ളപൂശുന്നിടത്താണ് ഗ്രന്ഥകാരന്റെ ആത്മവഞ്ചന പ്രകടമാകുന്നത്. സമാധാനസന്ധി ലംഘിച്ച് കീഴടങ്ങിയവരെ ടിപ്പു ചങ്ങലയിടീച്ചതിനെ സാധൂകരിക്കുന്നത് 'സാമന്തനെ മാതൃകാപരമായി ശിക്ഷിച്ചതാണെന്നാണ്' (പേജ് 54). ഹൈദർ യുദ്ധത്തിൽ തോറ്റ് കപ്പം നൽകിയതിനെ 'പണം കണ്ടാൽ ശത്രുക്കൾ മുന്നോട്ടു നീങ്ങില്ലെന്ന ബുദ്ധി പ്രയോഗിച്ചതായി' വ്യാഖ്യാനിക്കുന്നു (പേജ് 50).

ബ്രിട്ടീഷുകാരെ എതിർത്തതിന്റെ പേരിൽ ടിപ്പുവിനെ വിമോചനപ്പോരാളി എന്നു വിശേഷിപ്പിക്കുന്നത് ചരിത്രപരമായ വീണ്ടുവിചാരമില്ലായ്മയും പ്രായോഗികമായി ശുദ്ധ ഭോഷ്കുമാണ്. ബ്രിട്ടനും ഫ്രാൻസും തങ്ങളുടെ സാമ്രാജ്യങ്ങൾ വികസിപ്പിക്കുന്നതിനായി പരസ്പരസംഘട്ടനത്തിൽ ഏർപ്പെട്ടതിന്റെ ഭാഗമായി ഇന്ത്യയിലും തമ്മൽ പോരടിച്ചു. ഇന്ത്യൻ നാട്ടുരാജാക്കന്മാർ ഈ രണ്ടുചേരികളിലുമായി നിലയുറപ്പിച്ചു. ടിപ്പു സുൽത്താൻ പരാജിതരായ ഫ്രഞ്ച് ചേരിയിലായിരുന്നു നിലകൊണ്ടത്. ഫ്രാൻസ് ജയിച്ചിരുന്നുവെങ്കിൽ ഇന്ത്യ അവരുടെ കാൽക്കീഴിൽ അമർന്നുപോയേനെ. ഈ സാഹചര്യത്തിൽ ടിപ്പുവിന്റെ യുദ്ധങ്ങൾ അവസരവാദപരമായ തന്ത്രങ്ങളായി അധഃപതിക്കുന്നു. ഫ്രഞ്ച് സേനാനായകനായിരുന്ന ലാലിയുടെ സൈന്യം മൈസൂർ പടയെ പല യുദ്ധങ്ങളിലും സഹായിച്ചിരുന്നതായും നാം കാണുന്നു. മാത്രവുമല്ല, സൈനികസഹായം തേടി 1785-ലും 87-ലും പാരീസിലേക്ക് നിവേദകസംഘത്തെ അയക്കുന്നുമുണ്ട്. ഇന്ത്യയിൽ പിടിച്ചെടുക്കുന്ന പ്രദേശങ്ങൾ തുല്യമായി പങ്കിടാം എന്നതായിരുന്നു വ്യവസ്ഥ. ഇതാണോ സ്വദേശാഭിമാനം? എന്നാൽ 'ആ നിർദേശങ്ങളിലെ അന്തസ്സും കാര്യക്ഷമതയും പ്രശംസിക്കാതെ തരമില്ല' എന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ! ഇതുകൂടാതെ തുർക്കി, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സുൽത്താന്മാരുമായും സഖ്യശ്രമത്തിന്റെ ഭാഗമായി ടിപ്പു നിരവധി തവണ ജിഹാദ് ആഹ്വാനങ്ങൾ നൽകിയിരുന്നു. ഇത് മതഭ്രാന്തല്ല, രാജ്യതന്ത്രജ്ഞതയത്രേ!

സുൽത്താന്റെ ചരിത്രം ഗ്രന്ഥത്തിന്റെ ഏതാണ്ട് പകുതി ഭാഗം മാത്രമേയുള്ളൂ. ബാക്കി പകുതി അദ്ദേഹത്തിന്റെ മലബാർ ആക്രമണത്തിന്റെ കാരണങ്ങളും ഫലങ്ങളുമാണ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. ടിപ്പുവിന്റെ ആക്രമണം മലബാറിനെ രാഷ്ട്രീയമായി തകർത്തു. ഇന്നും മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് ഒരു കാരണം ഈ രാഷ്ട്രീയമായ സന്ദിഗ്ധാവസ്ഥ തുടർന്നുള്ള മലബാർ ചരിത്രത്തിൽ വഹിച്ച പങ്കാണ്. ഏതാനും റോഡുകൾ നിർമ്മിച്ചത് ദീർഘദൃഷ്ടിയോടെയുള്ള നടപടിയാണെന്നു വ്യാഖ്യാനിക്കാമെങ്കിലും ക്ഷേത്രധ്വംസനം, മതപരിവർത്തനം മുതലായ അക്രമങ്ങളെ അത് നീതീകരിക്കില്ല. എന്നാൽ ഇവയെ ബാലകൃഷ്ണൻ തികഞ്ഞ ലാഘവത്തോടെ തള്ളിക്കളയുന്നു. കുറ്റിപ്പുറത്ത് 2000 ഹിന്ദുക്കളെ വളഞ്ഞുപിടിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മാർക്കം കൂട്ടിയ ഹീനമായ സംഭവത്തെപ്പോലും 'വലിയ ക്രൂരതയായി ഗണിക്കാൻ കടുത്ത മതഭ്രാന്തന്മാർക്കേ കഴിയൂ' എന്ന വിചിത്രമായ നിരീക്ഷണത്തോടെയാണ് അവതരിപ്പിക്കുന്നത് (പേജ് 103).

ചരിത്രപരമായ യാതൊരു ലക്ഷ്യങ്ങളും നിറവേറ്റാത്തതും മൂല്യങ്ങൾക്ക് നിരക്കാത്തതുമായ ഈ കൃതി ശുപാർശ ചെയ്യുന്നില്ല.

Book Review of 'Tipu Sultan'
Author: P K Balakrishnan
Publisher: DC Books, 2007 (first published 1957)
ISBN: 9788126414703
Pages: 210